വാഗ്ദത്ത മസീഹ്(അ) അല്ലാഹുവിന്‍റെ തൗഹീദ് (ഏകത്വം) ഉയർത്തിപ്പിടിച്ച രീതി

തൗഹീദിന്‍റെ സന്ദേശം സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികൾ ഇന്ന് തുടരേണ്ട ഏറ്റവും വലിയ ദൗത്യവും ഇത് തന്നെയാണ്.

വാഗ്ദത്ത മസീഹ്(അ) അല്ലാഹുവിന്‍റെ തൗഹീദ് (ഏകത്വം) ഉയർത്തിപ്പിടിച്ച രീതി

തൗഹീദിന്‍റെ സന്ദേശം സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികൾ ഇന്ന് തുടരേണ്ട ഏറ്റവും വലിയ ദൗത്യവും ഇത് തന്നെയാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 10 ഏപ്രിൽ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ ഓതിയ ശേഷം, തന്റെ യജമാനനായ മുഹമ്മദ് നബി ﷺ യോടുള്ള പൂർണ്ണമായ അനുസരണത്തിൽ നിന്നുകൊണ്ട്, വാഗ്ദത്ത മസീഹ് ഹദ്‌റത് മിർസാ ഗുലാം അഹ്‌മദ് (അ) എപ്രകാരമാണ് ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കാൻ പരിശ്രമിച്ചതെന്നും, സ്വന്തം ജീവിതത്തിലൂടെ മാതൃകകൾ കാണിച്ചുതന്നതെന്നും, തന്റെ അനുയായികൾക്ക് മാർഗനിർദ്ദേശം നൽകിയതെന്നുമുള്ള സംഭവങ്ങൾ താൻ അവതരിപ്പിക്കുകയാണെന്ന് ഹുദൂർ തിരുമനസ്സ് അരുളി.

എല്ലാ അനുഗ്രഹങ്ങളും സർവ്വശക്തനായ അല്ലാഹുവിൽ നിന്നാണെന്ന ചിന്ത

വാഗ്ദത്ത മസീഹ് (അ) പറഞ്ഞിരുന്ന ഒരു സംഭവം ഹദ്‌റത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ) വിവരിക്കുന്നു: ഒരിക്കൽ ഒരാളുടെ കുട്ടി മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അനുശോചനം അറിയിക്കാൻ ചെന്നപ്പോൾ കണ്ടത്, ആ പിതാവ് അലറിക്കരയുകയും ദൈവം തന്നോട് അനീതി കാണിച്ചുവെന്ന് പറയുന്നതുമാണ്. ദൈവം തനിക്ക് എന്തോ കടപ്പെട്ടിരിക്കുന്നു എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എന്നാൽ, ഈ സംഭവം വിവരിച്ചുകൊണ്ട് ഹദ്‌റത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ) ഒരു കവിയുടെ വരികൾ ഉദ്ധരിച്ചു. നമ്മുടെ ജീവിതവും അതിലുള്ള സകലതും അല്ലാഹു നമുക്ക് നൽകിയതാണ്. അതിനാൽ തന്നെ, അവനോട് നാം ഒരിക്കലും നന്ദികേട് കാണിക്കരുത്; മറിച്ച് നാം എപ്പോഴും അവന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നവരാകണം. അല്ലാഹു നമുക്ക് എന്തോ കടപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതിന് പകരം, എല്ലാവിധത്തിലുള്ള ശിർക്കിൽ നിന്നും നാം വിട്ടുനിൽക്കണം.

വാഗ്ദത്ത മസീഹ് (അ)ന് തന്റെ ഏറ്റവും ഇളയ മകൻ മുബാറക് അഹ്‌മദിനോട് വളരെയധികം അടുപ്പമായിരുന്നു. ആ മകൻ രോഗബാധിതനായപ്പോൾ വാഗ്ദത്ത മസീഹ് (അ) വളരെ ശ്രദ്ധയോടെ അവനെ പരിചരിച്ചു. കുട്ടി രോഗത്തിന് കീഴടങ്ങുകയും മരണപ്പെടുകയും ചെയ്താൽ വാഗ്ദത്ത മസീഹ് (അ) അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഹദ്‌റത് ഹക്കീം മൗലവി നൂറുദ്ദീൻ (റ) ആശങ്കപ്പെട്ടിരുന്നു. എന്നാൽ മുബാറക് അഹ്‌മദ് മരണപ്പെട്ടപ്പോൾ വാഗ്ദത്ത മസീഹ് (അ) അങ്ങേയറ്റത്തെ ക്ഷമയാണ് പ്രകടിപ്പിച്ചത്. തന്റെ സുഹൃത്തുക്കൾക്ക് മകന്റെ വിയോഗം അറിയിച്ചുകൊണ്ട് അദ്ദേഹം കത്തുകളെഴുതി; അവർ നിരാശപ്പെടരുതെന്നും ഇത് അല്ലാഹുവിന്റെ ഹിതമാണെന്നും ക്ഷമ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട്, മുഖത്ത് പുഞ്ചിരിയോടെ പുറത്തുവന്ന വാഗ്ദത്ത മസീഹ് (അ) ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “തന്റെ അടുത്തേക്ക് വിളിക്കുന്നവൻ (അല്ലാഹു) ആണ് ഏറ്റവും പ്രിയപ്പെട്ടവൻ; അവനുവേണ്ടിയാകണം ഒരാളുടെ ജീവിതം ബലിയർപ്പിക്കപ്പെടേണ്ടത്.”

സർവ്വശക്തനായ അല്ലാഹുവിൽ പൂർണ്ണമായി വിശ്വസിക്കുക

വാഗ്ദത്ത മസീഹ് (അ) ദൈവത്തിന്റെ ഏകത്വത്തിന്റെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമായിരുന്നുവെന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹ് (അ) ന് തലകറക്കം അനുഭവപ്പെടാറുണ്ടായിരുന്നു. ഈ രോഗം ചികിത്സിക്കുന്നതിൽ വിദഗ്ദ്ധനായ ഒരു വൈദ്യനെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തെ വരുത്തി ചികിത്സിക്കാൻ ഏർപ്പാട് ചെയ്തു. വാഗ്ദത്ത മസീഹ് (അ) നെ പരിശോധിച്ച വൈദ്യൻ പറഞ്ഞത്, രണ്ട് ദിവസത്തിനുള്ളിൽ തനിക്ക് ഇദ്ദേഹത്തെ സുഖപ്പെടുത്താൻ കഴിയുമെന്നാണ്. ഇതുകേട്ട വാഗ്ദത്ത മസീഹ് (അ) അകത്തേക്ക് പോയിട്ട് ഇപ്രകാരം പറഞ്ഞു: ‘ഈ വ്യക്തിയെക്കൊണ്ട് ഞാൻ ചികിൽസ ചെയ്യിക്കില്ല. താൻ ദൈവമാണെന്നാണോ ഇയാൾ അവകാശപ്പെടുന്നത്? ഇയാൾക്ക് തിരിച്ചുപോകാനുള്ള പണവും കൂടാതെ 25 രൂപ അധികവും നൽകി ഇയാളെ മടക്കി അയക്കുക.’

അല്ലാഹുവിന്റെ മഹത്വവും ആദരവും ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവരെ അവൻ സ്നേഹിക്കുന്നുവെന്ന് വാഗ്ദത്ത മസീഹ് (അ) പറയാറുണ്ടായിരുന്നു എന്ന് ഹദ്റത്ത് മുഫ്തി മുഹമ്മദ് സാദിഖ് (റ) വിവരിക്കുന്നു. അങ്ങനെയുള്ളവർ സഞ്ചരിക്കുന്നത് എല്ലാവർക്കും പിന്തുടരാൻ കഴിയാത്ത സങ്കീർണ്ണമായ ഒരു പാതയിലൂടെയാണ്. ദൈവത്തിന്റെ മഹത്വവും ആദരവും ഹൃദയത്തിൽ സൂക്ഷിക്കാത്ത ഒരാൾക്ക് യഥാർത്ഥ സന്തോഷം അനുഭവിക്കാൻ കഴിയില്ല. വ്യക്തിപരമായോ ഭൗതികമായോ ഉള്ള ലാഭേച്ഛയില്ലാതെ ദൈവത്തെ അന്വേഷിക്കാത്ത കാലത്തോളം ഒരാളുടെ ആരാധനകളോ ദാനധർമ്മങ്ങളോ സ്വീകരിക്കപ്പെടില്ല. അതിനാൽ, പ്രാർത്ഥനകൾ സ്വീകരിക്കപ്പെടണമെങ്കിൽ ദൈവത്തിന്റെ ഏകത്വത്തിൽ പൂർണ്ണമായ വിശ്വാസവും ഉറപ്പും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങൾ ഒരുപാട് പ്രാർത്ഥിച്ചു എന്നും എന്നാൽ ഉത്തരം ലഭിച്ചില്ല എന്നും പരാതി പറയുന്നവർ ഈ വശത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ദൈവത്തിന്റെ ഏകത്വത്തിന് വിരുദ്ധമായ വിശ്വാസങ്ങളെ ചെറുക്കൽ

വാഗ്ദത്ത മസീഹ് (അ) -ന്റെ നിയോഗത്തിന്റെ പ്രാഥമിക ലക്ഷ്യം തൗഹീദ് (ദൈവത്തിന്റെ ഏകത്വം) സ്ഥാപിക്കുക എന്നതായിരുന്നുവെന്ന് ഹദ്‌റത് മിർസാ ബഷീർ അഹ്‌മദ്‌ (റ) പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ശക്തി ഈസാനബി (അ) ദൈവമാണെന്ന ക്രിസ്തീയ സങ്കല്പമോ ത്രിത്വവാദമോ ആയിരുന്നു. ഇക്കാരണത്താലാണ് വാഗ്ദത്ത മസീഹ് (അ) -ന്റെ രചനകളിൽ വലിയൊരു ഭാഗം ഈ വിഷയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നതും ഈസാനബി (അ) -ന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള ക്രിസ്തീയ സങ്കല്പങ്ങളെ ഖണ്ഡിക്കുന്നതും. മരിച്ചവരെ ആരാധിക്കുന്നത് തനിക്ക് സഹിക്കാനാവില്ലെന്നും, ഇക്കാര്യത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള അന്തിമ വിധി എങ്ങനെയാകുമെന്നതിനെക്കുറിച്ച് താൻ എപ്പോഴും ഉത്കണ്ഠാകുലനായിരുന്നുവെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹം അനുഭവിച്ച വേദന എത്രത്തോളമായിരുന്നുവെന്നാൽ,ദൈവത്തിൻറെ ഏകത്വം അവസാനം വിജയിക്കുമെന്ന് അല്ലാഹു അദ്ദേഹത്തിന് ഉറപ്പു നൽകിയില്ലായിരുന്നുവെങ്കിൽ ‘ഈ ദുഃഖം കാരണം താൻ നശിച്ചു പോകുമായിരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു

മുഴുവൻ ലോകത്തെയും തൗഹീദിന്റെ പതാകയ്ക്ക് കീഴിൽ കൊണ്ടുവരാനുള്ള വാഗ്ദത്ത മസീഹ് (അ) ന്റെ ആഗ്രഹം

ലോകമെമ്പാടുമുള്ള ജനങ്ങളെ തൗഹീദിന്റെ പതാകയ്ക്ക് കീഴിൽ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് അല്ലാഹുവിന്റെ താല്പര്യമെന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞതായി ഹുദൂർ തിരുമനസ്സ് ഉദ്ധരിച്ചു. അതിനാൽ എല്ലാവരും ഈ ലക്ഷ്യത്തിനായി പരിശ്രമിക്കണം, എന്നാൽ അത് വളരെ സൗമ്യതയോടും ഉന്നതമായ സ്വഭാവ മഹിമയോടും കൂടി ആയിരിക്കണം. തന്റെ പരമമായ സന്തോഷവും തന്റെ നിയോഗത്തിന്റെ യഥാർത്ഥ ലക്ഷ്യവും തൗഹീദ് സ്ഥാപിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കൽ ഒരു കൂട്ടം ആളുകൾ വാഗ്ദത്ത മസീഹ് (അ) നെ കാണാൻ വന്നു. അവർ അദ്ദേഹത്തെ കാണുകയും കൈ കൊടുക്കുകയും ചെയ്തു; എന്നാൽ അവരിൽ ഒരാൾ വാഗ്ദത്ത മസീഹ് (അ) ന്റെ കാൽക്കൽ വീണു. ഉടൻ തന്നെ വാഗ്ദത്ത മസീഹ് (അ) അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു: “ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ശിർക്കുകൾ ഇല്ലാതാക്കാനാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. മറ്റൊരാളുടെ കാൽ ചുംബിക്കുന്നത് ശിർക്കാണ്.”

മറ്റൊരു സംഭവത്തിൽ, ഒരാൾ തന്റെ മകനെ വാഗ്ദത്ത മസീഹ് (അ) നെ കാണിക്കാൻ കൊണ്ടുവന്നു. കുട്ടി അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കാനായി കാലുകളിൽ തൊടാൻ ശ്രമിച്ചു. ഉടൻ തന്നെ വാഗ്ദത്ത മസീഹ് (അ) കുട്ടിയെ തടഞ്ഞുകൊണ്ട് പറഞ്ഞു: “ശിർക്ക് ഇല്ലാതാക്കാനാണ് പ്രവാചകന്മാർ വരുന്നത്, അത് തന്നെയാണ് എന്റെ ദൗത്യവും.” വിഗ്രഹാരാധകർ ചെയ്യുന്നത് പോലെ തന്റെ ഫോട്ടോ എടുക്കുന്നതിനോ അത് അച്ചടിച്ച് ആളുകൾ സൂക്ഷിക്കുന്നതിനോ താൻ എതിരാണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. വിഗ്രഹങ്ങളെയും ചിത്രങ്ങളെയും ആരാധിക്കുന്നതിനെ തന്നേക്കാൾ കൂടുതൽ എതിർക്കുന്ന മറ്റാരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, യൂറോപ്പിലെ ആളുകൾ ഒരാളുടെ രചനകൾ വായിക്കുന്നതിന് മുമ്പ് അയാളുടെ ചിത്രം കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. യഥാർത്ഥത്തിൽ, ഒരാളുടെ മുഖലക്ഷണങ്ങൾ കാണുന്നതിലൂടെ അവർക്ക് അയാളുടെ സത്യസന്ധത തിരിച്ചറിയാൻ കഴിയും. വാഗ്ദത്ത മസീഹ് (അ) -നെ നേരിട്ട് വന്നു കാണാൻ കഴിയാത്തവരായിരുന്നു അവർ, അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ ഫോട്ടോ എടുക്കാൻ അനുവാദം നൽകിയത്. അതിന്റെ ഫലമായി, യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും അദ്ദേഹത്തിന് ഒട്ടേറെ കത്തുകൾ ലഭിച്ചു; ചിത്രം കണ്ടപ്പോൾ തന്നെ ഇദ്ദേഹം സത്യസന്ധനായ വ്യക്തിയാണെന്ന് തങ്ങൾ തിരിച്ചറിഞ്ഞുവെന്ന് അവർ അതിൽ എഴുതിയിരുന്നു. അതുകൊണ്ടാണ് താൻ ഫോട്ടോ എടുക്കാൻ അനുവദിച്ചത് എന്ന് വാഗ്ദത്ത മസീഹ് (അ) വിശദീകരിച്ചു.

ഫോട്ടോകൾ പാടില്ല എന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. സുലൈമാൻ നബി (അ)ന് വേണ്ടി ഒരു കൂട്ടം ജിന്നുകൾ ചിത്രങ്ങൾ നിർമ്മിച്ചിരുന്നുവെന്ന് വിശുദ്ധ ഖുർആനിൽ നിന്ന് തെളിവുണ്ട്. അതുപോലെ ഇസ്രായീൽ സന്തതികളുടെ പക്കൽ തിരുനബി ﷺയുടേതുൾപ്പെടെയുള്ള പ്രവാചകന്മാരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ഹദ്‌റത് ആയിഷ (റ) -ന്റെ ചിത്രം ജിബ്‌രീൽ (അ) ഒരു തുണിയിൽ തിരുനബി ﷺ ക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്. ക്യാമറയും മറ്റ് ചിത്രീകരണ ഉപകരണങ്ങളും രോഗനിർണ്ണയത്തിന് പോലും ഉപയോഗിക്കാമെന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞു. “പ്രവൃത്തികൾ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ, ഉദ്ദേശ്യങ്ങൾ ശുദ്ധമാണെങ്കിൽ, അല്ലാഹുവിൽ പങ്കുചേർക്കുന്ന വശങ്ങൾ ഇല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വ്യർത്ഥമായ കാര്യങ്ങളെയും ശിർക്കിലേക്ക് നയിക്കുന്ന കാര്യങ്ങളെയുമാണ് ഇസ്‌ലാം വിലക്കിയിട്ടുള്ളത്.

ഫോട്ടോകളുടെ ദോഷകരമായ ഉപയോഗങ്ങൾ ഒഴിവാക്കണം

ഫോട്ടോ പോലെയുള്ള കാര്യങ്ങൾക്ക് പിന്നിൽ ഉത്തമമായ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്ന് വാഗ്ദത്ത മസീഹ് (അ) ഊന്നിപ്പറഞ്ഞതായി ഹുദൂർ തിരുമനസ്സ് അരുളി. മരണപ്പെട്ടവരുടെ ചിത്രങ്ങൾ വെച്ച് അവർക്കായി ആരാധനാലയങ്ങൾ നിർമ്മിക്കുന്ന ഹൈന്ദവ ആചാരങ്ങളെപ്പോലെയാകരുത് ഇത്. കുടുംബഫോട്ടോ എടുക്കുമ്പോൾ മരണപ്പെട്ട മുതിർന്നവരുടെ ചിത്രം ഫ്രെയിം ചെയ്ത് പിടിക്കാറുണ്ട്, ആ സമയത്ത് അവർ കൂടെയുണ്ടെന്ന് കാണിക്കാനെന്നോണമാണ് ഇത് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ശിർക്കായി കണക്കാക്കപ്പെടുന്നുവെന്ന് ഹുദൂർ അരുളി. എന്നാൽ ഓർമ്മയ്ക്കായി ഫോട്ടോ എടുക്കുന്നതിലും അത് ഫോട്ടോ ആൽബങ്ങളിൽ സൂക്ഷിക്കുന്നതിലും തെറ്റില്ല. ചിത്രങ്ങളെ ഒരുതരം ആചാരമാക്കി മാറ്റുന്നതും രാവിലെ ചിത്രങ്ങളോട് അഭിവാദ്യം ചെയ്യുന്നതും പോലുള്ള പ്രവൃത്തികളാണ് തെറ്റ്.

മറ്റുള്ളവർക്ക് നന്ദി പറയുന്നതിന് മുമ്പ് അല്ലാഹുവിനോട് നന്ദി പറയുക

ഒരിക്കൽ തൗഹീദിനെക്കുറിച്ച് പ്രസംഗിക്കവേ വാഗ്ദത്ത മസീഹ് (അ) ഇപ്രകാരം പറഞ്ഞു: ആരെങ്കിലും ഒരു ഉപകാരം ചെയ്താൽ ആളുകൾ ‘അൽഹംദുലില്ലാഹ്’ (എല്ലാ സ്തുതിയും അല്ലാഹുവിനാണ്) എന്ന് പറയാതെ ‘ജസാക്കള്ളാഹ്’ (അല്ലാഹു നിനക്ക് പ്രതിഫലം നൽകട്ടെ) എന്ന് മാത്രം പറയുന്നു. എന്നാൽ ഇതിൽ പോലും ശിർക്കിന്റെ ഒരംശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാരണം, ആ വ്യക്തി ഉപകാരം ചെയ്യുന്നത് അല്ലാഹു നൽകിയ വിഭവങ്ങൾ ഉപയോഗിച്ച് മാത്രമാണ്. അതിനാൽ മറ്റാരെയും നന്ദി അറിയിക്കുന്നതിന് മുമ്പ് ഒരാൾ ദൈവത്തിന് നന്ദി പറയേണ്ടതുണ്ട്.

തൗഹീദിന്റെ സന്ദേശം സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാഗ്ദത്ത മസീഹ് (അ) അങ്ങേയറ്റം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ അനുയായികൾ ഇന്ന് മുമ്പോട്ട് കൊണ്ടുപോകേണ്ട ദൗത്യവും ഇത് തന്നെയാണ്. എല്ലാവർക്കും അതിന് സാധിക്കട്ടെ എന്ന് ഹുദൂർ തിരുമനസ്സ് പ്രാർത്ഥിച്ചു.

ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രാർത്ഥനക്കുള്ള ആഹ്വാനം

ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ട്. പ്രാർത്ഥനകൾക്ക് വലിയ ആവശ്യമുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് അധികകാലം നീണ്ടുനിൽക്കുമെന്ന് തോന്നുന്നില്ല. ഇതിനകം തന്നെ വെടിനിർത്തലിൽ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. ലബനാനെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ട് ഇറാനെ പ്രകോപിപ്പിക്കാനാണ് ഇസ്രായേൽ സർക്കാർ ശ്രമിക്കുന്നത്. ചില യൂറോപ്യൻ നേതാക്കൾ ഇതിനെ അപലപിച്ചിട്ടുണ്ട്. എങ്കിലും അപലപിക്കുന്നതിലപ്പുറം ഒന്നും ചെയ്യാൻ അവർക്ക് ധൈര്യമോ കരുത്തോ ഇല്ല. എന്തായാലും മുസ്ലിം ലോകത്തോട് അല്ലാഹു കരുണ കാണിക്കട്ടെ എന്ന് നാം പ്രാർത്ഥിക്കണം.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു