മതമോ രാഷ്ട്രീയമോ? തീവ്രവാദത്തിന് വളം നല്കുന്നതാര്?

മതം ഒരിക്കലും ചൂഷകനല്ല. തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തികള്‍ മതത്തെ ചൂഷണം ചെയ്യുന്നതാണെന്ന് ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാം.

മതമോ രാഷ്ട്രീയമോ? തീവ്രവാദത്തിന് വളം നല്കുന്നതാര്?

മതം ഒരിക്കലും ചൂഷകനല്ല. തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തികള്‍ മതത്തെ ചൂഷണം ചെയ്യുന്നതാണെന്ന് ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാം.

നിലോഫര്‍ ടി. എ., പള്ളുരുത്തി

ലോകത്ത് ഏറ്റവും അക്രമോത്സുകമായ മതം ഇസ്‌ലാമാണെന്ന് അവകാശപ്പെടുന്ന ഒരു ഗ്രാഫ്, എക്സ് മുസ്‌ലിമും (ex-Muslim) കടുത്ത ഇസ്‌ലാം വിരോധിയുമായ ആരിഫ് ഹുസൈൻ പുറത്തിറക്കിയത് ഈയിടെ നമ്മൾ കണ്ടതാണല്ലോ. Chatgpt o3-യുടെ സഹായത്തോടെ ചെയ്തെടുത്തതാണെന്ന് ആരിഫ് അവകാശപ്പെട്ട ഈ ഗ്രാഫ്, ഇസ്‌ലാം, കമ്മ്യൂണിസം, നാസിസം, ക്രിസ്തുമതം തുടങ്ങി വിവിധ ആശയസംഹിതകളെ അതിലെ വയലന്‍സിന്‍റെ അടിസ്ഥാനത്തില്‍ അളക്കുകയും, അവയില്‍ ഏറ്റവുമധികം ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന ആശയധാര ഇസ്‌ലാമാണെന്നാണ് കാണിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.

എന്നാല്‍, മുന്‍വിധിയോടെയുള്ള ചോദ്യങ്ങളുടെയും പ്രോംട്ടുകളുടെയും ഫലമായി കൃത്രിമമായി തയ്യാറാക്കപ്പെട്ട ഒരു ഗ്രാഫാണ് ഇതെന്നും, ഇത്തരമൊരു ഗ്രാഫിലേക്കെത്താന്‍ ആരിഫ് Chatgpt-യുമായി നടത്തിയ നീണ്ട സംഭാഷണത്തിനിടയില്‍, ഈ ഫലം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് Chatgpt തന്നെ ആരിഫിനോട്‌ പറഞ്ഞതും പിന്നീടുള്ള സംഭവങ്ങളില്‍ തെളിഞ്ഞിരുന്നു.[1]

ഇത്, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനെ (artificial intelligence) ദുരുപയോഗം ചെയ്ത ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട സംഭവം മാത്രമല്ല. മറിച്ച്,  AI യുഗത്തിന് മുന്നേ, കാലാകാലങ്ങളായി, ഇസ്‌ലാമിനെതിരെ നടത്തപ്പെടുന്ന കുപ്രചരണങ്ങളുടെയും വളച്ചൊടിക്കലിന്‍റെയും പുതുകാല രീതി കൂടിയാണ്.

ദൗർഭാഗ്യവശാൽ, ഇസ്‌ലാം പലപ്പോഴും ക്രൂശിക്കപ്പെടുന്നത്, നാമധാരികളായ ഒരു ന്യൂനപക്ഷത്തിന്‍റെ ചെയ്തികൾ കാരണത്താലാണ്. എന്നാൽ, യഥാർഥത്തിൽ ഇസ്‌ലാം അക്രമത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന മതമാണോ? ഇസ്‌ലാമിക അധ്യാപനങ്ങൾ സമൂഹത്തിൽ അസഹിഷ്ണുത നാട്ടുന്നവയാണോ? ഇസ്‌ലാം വിരോധികൾ പറയുന്നത് പോലെ, മുസ്‌ലീങ്ങൾ നിഷ്കളങ്കരും, ഇസ്‌ലാം കുറ്റവാളിയുമാണോ?

തീവ്രവാദത്തിനു പിന്നിലെ ഭൗമരാഷ്ട്ര പ്രതിസന്ധികൾ

ലോകത്ത് അവതീർണമായ എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ അധ്യാപനങ്ങൾ സ്നേഹം, സമാധാനം, സഹിഷ്ണുത, പരസ്പര ധാരണ, ഐക്യം എന്നിവയിലാണ് വേരുറച്ചിരിക്കുന്നത്.

സമകാലിക ലോകത്തിൽ, മതത്തിന്‍റെ പേരിൽ നടമാടുന്ന എല്ലാ അക്രമങ്ങളും അടിസ്ഥാനപരമായി രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടിയുള്ളവയാണെന്ന് അവയെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാകും. മതം ഒരിക്കലും ചൂഷകനല്ല. എന്നാൽ, നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങളുടെ മറവിൽ അവയ്ക്ക് വേണ്ടി മതം ചൂഷണം ചെയ്യപ്പെടുന്നതായാണ് നാം കണ്ടുവരുന്നത്.

ഗ്ലോബൽ ടെററിസം ഇൻഡക്‌സ് (Global Terrorism Index) അനുസരിച്ച്  തീവ്രവാദത്തിന് വഴിമരുന്നിടുന്ന അടിസ്ഥാന കാരണങ്ങൾ രാഷ്ട്രീയ അസന്തുലിതാവസ്ഥ, അഴിമതി, മോശമായ ഭരണം തുടങ്ങിയവയാണ്.[2] 2007 മുതൽ 2023 വരെയുള്ള കാലയളവിൽ നടന്ന 98 ശതമാനം തീവ്രവാദ അക്രമങ്ങളും രാഷ്ട്രീയ അസ്ഥിരതയുള്ള രാജ്യങ്ങളിലാണ് സംഭവിച്ചത് എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇതനുസരിച്ച് മതമല്ല മറിച്ച്, നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങൾക്ക്  പരിഹാരം കാണുന്നതിന് തീവ്രവാദികൾ മതത്തെ ദുരുപയോഗം ചെയ്യുന്നു എന്ന യാഥാർത്ഥ്യമാണ് പുറത്ത് വരുന്നത് .

1990 മുതൽ 2009 വരെ സജീവമായിരുന്ന ശ്രീലങ്കയിലെ തമിഴ് പുലികൾ,  കുർദിഷ് സ്വയംഭരണത്തിനായി തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന  ഇടതുപക്ഷ ദേശീയവാദികളായ PKK തുടങ്ങി അനവധി തീവ്രവാദ സംഘടനകൾ തങ്ങളുടെ ലക്ഷ്യപ്രാപ്തിയ്ക്കായി  വലിയ തോതിലുള്ള ക്രൂരതകളാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്.[3]

ഇനി, മുസ്‌ലിം രാജ്യങ്ങളിലേക്ക് നോക്കിയാൽ, പല പേരുകളിൽ നടത്തപ്പെടുന്ന പാശ്ചാത്യ ശക്തികളുടെ അധിനിവേശ ശ്രമങ്ങൾക്ക് തിരിച്ചടിയും പ്രതികാരവുമായാണ് തീവ്രവാദ സംഘടനകൾ ഉത്ഭവിച്ചത് എന്ന് കാണാം.

ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപങ്ങൾ,  അതിന് പിന്നാലെ വൻശക്തികൾ ഇടപെട്ടുകൊണ്ട് അവിടെ നടത്തിയ നീതിരഹിതമായ സമാധാന സംസ്ഥാപന ശ്രമങ്ങൾ, ഭരണമാറ്റം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യത എന്നിങ്ങനെയുള്ള തികച്ചും രാഷ്ട്രീയപരമായ പ്രതിസന്ധികളുടെ ഉൽപ്പന്നമായാണ് തീവ്രവാദം സൃഷ്ടിക്കപ്പെട്ടത്.

ചുരുക്കത്തിൽ, ആഗോളതലത്തിൽ മതപരമായ ഒരു അജണ്ട നടപ്പാക്കുകയല്ല തീവ്രവാദികളുടെ ലക്ഷ്യം. മറിച്ച് തികച്ചും സാമ്പത്തികവും രാഷ്ട്രീയപരവുമായ ലക്ഷ്യങ്ങൾക്കായാണ് ഇവർ മതത്തെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത്.

Dying to Win: The Strategic Logic of Suicide Terrorism എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവായ റോബര്‍ട്ട് പെയ്പ്പിന്‍റെ നിരീക്ഷണത്തിൽ, “1980-ല്‍ തുടങ്ങിയ ചാവേറാക്രമണങ്ങളിൽ 95 ശതമാനത്തിലധികവും ഒരു രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് ആസൂത്രിതമായിട്ടുള്ളത്. തങ്ങളുടെ സ്വദേശത്തുനിന്നും വിദേശ രാജ്യങ്ങളുടെ സൈനിക ശക്തികളെ പിൻവലിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇവയെല്ലാം നടന്നിരിക്കുന്നത്… 1982 ജൂണില്‍, ഇസ്രായേൽ ലബനോനിലേക്ക് അധിനിവേശം നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് ഹിസ്ബുല്ല ഉടലെടുത്തത്; ഇതിന് മുമ്പ് അവർ നിലവിലില്ലായിരുന്നു. തുടർന്ന്, മാസങ്ങൾക്ക് ശേഷം, ഹിസ്ബുല്ല ചാവേറാക്രമണങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. ഇത് അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളെ ലബനോനിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിച്ചു. വിദേശ സൈനിക ശക്തികൾ പോയതിന് ശേഷം ചാവേറാക്രമണങ്ങൾ നിലയ്ക്കുകയും ചെയ്തു”.[4]

പെയ്പ്പിന്‍റെ നിരീക്ഷണം പ്രകാരം, 1980-കളിലാണ് ചാവേര്‍ സ്ഫോടനങ്ങള്‍ കണ്ടുവരുന്നത്. എന്നാല്‍ ഇസ്‌ലാം 1400 വർഷമായി ലോകത്ത് നിലനില്ക്കുന്നുണ്ട്. അപ്പോൾ, തീവ്രവാദികളുടെ ഇത്തരം സൂയിസൈഡ് ആക്രമണങ്ങളെ എങ്ങനെയാണ് ഇസ്‌ലാമിന്‍റെ പേരിൽ ചേർത്ത് വിളിക്കാന്‍ സാധിക്കുക?

മുസ്‌ലിം നാമധാരികൾ തങ്ങളുടെ രാഷ്ട്രീയമായ രഹസ്യ  അജണ്ടയുടെ ഭാഗമായി ദുർവ്യാഖ്യാനം ചെയ്ത് ഇസ്‌ലാമിക അധ്യാപനങ്ങൾ പ്രചരിപ്പിക്കുമ്പോൾ, ഇസ്‌ലാമിന്‍റെ യഥാർഥ അധ്യാപനങ്ങൾ മറഞ്ഞു പോകുകയാണ് ചെയ്യുന്നത്.

സമാധാനത്തെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ

അധിനിവേശവും അക്രമവും ഉണ്ടാകുമ്പോൾ മർദ്ദിതരെയും മർദ്ദകരെയും സഹായിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മർദ്ദിതരെയും മർദ്ദകരെയും സഹായിക്കണമെന്ന് നബി(സ)  ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്‍റെ അനുയായിവൃന്ദം ആരായുകയുണ്ടായി, “ മർദ്ദിതർക്ക് നീതി ലഭ്യമാക്കി കൊണ്ട് സഹായിക്കാം. എന്നാൽ മർദ്ദകരെ സഹായിക്കുന്നത് എങ്ങനെയാണ്?” നബി(സ) മറുപടിയായി പറഞ്ഞത്, “മനുഷ്യരെ മർദ്ദിക്കുന്നതിൽ നിന്നും അവനെ തടഞ്ഞുകൊണ്ട്” എന്നാണ്.[5]

എന്നാൽ ഇത് എല്ലാത്തരം സ്വാർഥ താല്പര്യങ്ങളിൽ നിന്നും ശത്രുതയിൽ നിന്നും മുക്തമായി കൊണ്ടാണ് ചെയ്യേണ്ടത്. കാരണം, നിങ്ങളോട് ശത്രുത വെച്ചുപുലർത്തുന്നവരുമായുള്ള ഇടപാടുകളിൽ പോലും നിങ്ങൾ ന്യായവും നീതിയും പുലർത്തണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്. 

വിശുദ്ധ ഖുർആനിൽ അഞ്ചാമത്തെ അധ്യായത്തിൽ ഒമ്പതാം വചനത്തിൽ അല്ലാഹു പറയുന്നു: “വിശ്വസിച്ചവരെ, നിങ്ങൾ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരായി അല്ലാഹുവിനുവേണ്ടി നിലകൊള്ളുക. ഒരു സമുദായത്തോടുള്ള വിരോധം അവരോട് നീതി പാലിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങൾ എപ്പോഴും നീതി പാലിക്കുക. അത് ദൈവഭക്തിയുമായി ഏറ്റവും അടുത്തതാണ്. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിവുള്ളവനാണ്.”

മുസ്‌ലീങ്ങള്‍ എന്ന് സ്വയം വിളിക്കുകയും ഇസ്‌ലാമിന്‍റെ പേരിൽ ഏറ്റവും പൈശാചികവും മൃഗീയവുമായ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക്, ഈ ഖുർആനിക കല്പന ഒരു വിധത്തിലുള്ള പിന്തുണയും നല്കുന്നില്ല. ഇസ്‌ലാമിനെ അക്രമത്തിന്‍റെയും തീവ്രവാദത്തിന്‍റെയും മതമായി മനപൂർവം വരച്ചുകാട്ടുവാൻ ആഹ്ലാദിക്കുന്നവർക്കും ഈ കല്പന വിമർശനത്തിനുള്ള യാതൊരു ഇടവും നൽകുന്നില്ല.

വാസ്തവത്തിൽ, സമാധാനവും  നീതിയും കല്പിക്കുകയും, ഓരോ ജീവന്‍റെയും മൂല്യത്തെയും  പവിത്രതയെയും  ആദരിക്കുകയും ചെയ്യുന്ന ഒരു മതത്തിന്‍റെ ആത്മാവിൽ നിന്ന് ഇത്തരം ചെയ്തികളും അവകാശവാദങ്ങളും വളരെ വിദൂരമാണ്. വിശുദ്ധ ഖുർആൻ മുസ്‌ലീങ്ങളോട് ഉത്ബോധിപ്പിക്കുന്നത് കൊലയും അക്രമവുമല്ല; മറിച്ച് മുഴുവൻ മനുഷ്യകുലത്തേയും സ്നേഹിക്കുവാനാണ്.

വിശുദ്ധ ഖുർആന്‍റെ ആദ്യ അധ്യായത്തിൽ തന്നെ , അല്ലാഹു സർവലോകപരിപാലകനും കരുണാമയനും പരമകാരുണികനും ആണെന്നാണ് പറഞ്ഞിരിക്കുന്നത്.[6]

ഇവിടെ സർവലോകപരിപാലകൻ എന്നതുകൊണ്ട് അർഥമാക്കുന്നത്, സകലരെയും—തന്നിൽ വിശ്വസിക്കുന്നവരെയും തന്നെ നിരാകരിക്കുന്നവരെയും—ഒരുപോലെ ദൈവം പരിപാലിക്കുന്നു എന്നാണ്. ഇത്തരത്തിൽ ജാതിമത വർണ വർഗ ഭേദമന്യേ എല്ലാവരെയും പരിപാലിക്കുന്ന ദൈവത്തിന്‍റെ പേരിൽ അവന്‍റെ തന്നെ സൃഷ്ടികളെ നിഷ്ക്കരുണം കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? കരുണാമയനായ ദൈവം തന്‍റെ സൃഷ്ടികൾക്ക് മേൽ അക്രമം ചെയ്യുവാൻ പ്രേരിപ്പിക്കുന്നു എന്ന്  എങ്ങനെയാണ് പറയാന്‍ സാധിക്കുക?

ഒരു ഭാഗത്ത് കരുണാമയനും സർവലോക പരിപാലകനുമായ ഒരു ദൈവത്തിൽ വിശ്വസിക്കുകയും, മറുഭാഗത്ത് അവന്‍റെ  നിരപരാധികളായ സൃഷ്ടികളെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക?

ആരെങ്കിലും നിരപരാധിയായ ഒരാളെ വധിച്ചാൽ അത് മനുഷ്യകുലത്തെ മുഴുവൻ വധിച്ചതിന് തുല്യമാണെന്നാണ് വിശുദ്ധ ഖുർആന്‍ പറയുന്നത്.[7](5:33)

മാനവികതയുടെ ഈ തത്വത്തെ  ഊട്ടിയുറപ്പിച്ചുകൊണ്ട്, പ്രവാചകൻ മുഹമ്മദ്(സ) ഇപ്രകാരം അരുളി:

“ആരുടെ കൈയിൽ നിന്നും നാവിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാകുന്നുവോ, അവനാണ് മുസ്‌ലിം.”[8](ബുഖാരി, നസായി)

ഇതിനര്‍ഥം ക്രൂരകൃത്യങ്ങളിലും മർദന നയങ്ങളിലും ഒരു കാരണവശാലും ഒരു മുസ്‌ലിം പങ്കാളിയാകരുതെന്നാണ്.

ഇത്തരം അധ്യാപനങ്ങൾ വ്യക്തമാക്കുന്നത്, ഇസ്‌ലാം കൊലയും അക്രമവും വാക്കാൽ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, മറിച്ച് മനുഷ്യകുലത്തെ സംരക്ഷിക്കാനും സമാധാനത്തെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും  കാരുണ്യവും സഹാനുഭൂതിയും പ്രകടിപ്പിക്കുവാനും  ശക്തമായി ഉത്ബോധിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.

ഇസ്‌ലാമിന്‍റെ യഥാർഥ ആത്മാവിനെ വിശദീകരിച്ചു കൊണ്ട്, അഹ്‍മദിയ്യാ മുസ്‌ലിം പ്രസ്ഥാനസ്ഥാപകൻ, ഹദ്റത്ത് മിർസാ ഗുലാം അഹ്‍മദ്(അ) പറയുന്നു:

“ഇസ്‌ലാമിന്‍റെ യഥാർഥ അധ്യാപനങ്ങൾ അനുസരിച്ച്, മതത്തിന് രണ്ട് ഭാഗങ്ങൾ മാത്രമേ ഉള്ളൂ, അല്ലെങ്കിൽ  രണ്ട് പ്രധാന ലക്ഷ്യങ്ങളിലാണ് ഇസ്‌ലാമിക അധ്യാപനങ്ങൾ അടിയുറച്ചിരിക്കുന്നതെന്ന് പറയാം. ഒന്നാമതായി, ഏക ദൈവത്തെ തികഞ്ഞ ഉറപ്പോടെ അറിയുകയും അവനെ നിഷ്കളങ്കമായി സ്നേഹിക്കുകയും സ്നേഹത്തിന്‍റെയും വിധേയത്വത്തിന്‍റെയും തേട്ടമനുസരിച്ച് പൂർണമായും അവന്‍റെ അനുസരണത്തിൽ മുഴുകുകയും ചെയ്യുക. രണ്ടാമത്തെ ലക്ഷ്യം, അവന്‍റെ സൃഷ്ടികളെ സേവിക്കുകയും നിങ്ങളുടെ എല്ലാ കഴിവുകളും ശേഷികളും മറ്റുള്ളവരുടെ സ്നേഹപൂർവമായ സേവനത്തിനായി വിനിയോഗിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളോട് ആരെങ്കിലും ദയാപൂർവമായി പെരുമാറുകയാണെങ്കിൽ, അവരോട് ആത്മാർഥമായ നന്ദി പ്രകടിപ്പിക്കുകയും തിരിച്ച് സ്നേഹം നല്കുകയും ചെയ്യുക. നിങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആൾ ഒരു രാജാവോ ഭരണാധികാരിയോ ഏറ്റവും നിസ്സാരനും നിരാലംബനുമായ ആളോ ആയിക്കൊള്ളട്ടെ, അയാളുമായി നിങ്ങളെപ്പോഴും സ്നേഹബന്ധം പുലർത്തുകയും വേണം.”[9]

ഇത്തരത്തിൽ, ജാതിമത വർണ ഭേദമന്യേ  സ്നേഹം, സഹാനുഭൂതി, കാരുണ്യം എന്നീ സൽഗുണങ്ങൾ അനുവർത്തിക്കണമെന്നാണ് പരിശുദ്ധ ഖുർആൻ ആവർത്തിച്ചാവർത്തിച്ച് കല്പിക്കുന്നത്.

വിശുദ്ധ ഖുർആനിലെ  16-ാം അദ്ധ്യായത്തിലെ 91-ാം വചനത്തിൽ അല്ലാഹു പറയുന്നു:

“നീതിപുലർത്തുന്നതിനും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനും അടുത്ത ബന്ധുക്കൾക്ക് എന്നപോലെ അന്യർക്കും സഹായം നല്കുന്നതിനും അല്ലാഹു കല്പിക്കുന്നു.”

ഈ ഖുർആനിക വചനം,  സർവ മനുഷ്യരോടും നീതിയും സഹാനുഭൂതിയും അനുവർത്തിക്കുവാനാണ് മുസ്‌ലീങ്ങളോട് കല്പിക്കുന്നത്. നമ്മോട് ദയ കാണിച്ചവരോട് മാത്രമല്ല, മറിച്ച്, നമുക്ക് യാതൊരു ഉപകാരം ചെയ്യാത്തവരോടും, സഹാനുഭൂതി കാണിക്കാത്തവരോടും ഈ ദയ പ്രകടിപ്പിക്കണം.

മാത്രമല്ല, ലോകത്തിലെ ഓരോ വ്യക്തിയെയും സ്വന്തം കുടുംബാംഗമായി കാണാനും ദൈവത്തിന്‍റെ സൃഷ്ടികളെ അത്രമേൽ സ്നേഹിക്കാനും ആണ് ഈ വചനം ഒരു മുസ്‌ലിമിനോട് ആവശ്യപ്പെടുന്നത്.

മതമോ, തീവ്രവാദികളോ: കുറ്റവാളി ആര്?

ഇത്രയധികം സാർവത്രിക കാരുണ്യവും നീതിയും കല്പിക്കുന്ന ഒരു മതത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്തു കൊണ്ട്, ഭീതിജനകമായ അക്രമങ്ങൾ തീവ്രവാദികൾ ചെയ്ത് കൂട്ടുമ്പോൾ, കുറ്റവാളിയാക്കേണ്ടത് മതത്തെയാണോ അതോ ഇത്തരം ഗ്രൂപ്പുകൾക്ക് പിന്നിലുള്ളവരെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാം വിരോധികൾ ഇസ്‌ലാമിനെ കുറ്റവാളിയായി അവതരിപ്പിക്കുമ്പോൾ, ഇത്തരം ഗ്രൂപ്പുകൾക്ക് വേണ്ടി പണം ഒഴുക്കുന്നത് ആരാണെന്നും ഇവർക്ക് ആയുധങ്ങൾ നല്കുന്ന കരങ്ങൾ ആരുടേതാണെന്നും ഇവര്‍ മനപ്പൂർവം വിസ്മരിക്കുന്നു.

സ്റ്റോക്ക് ഹോം പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (Stockholm Peace Research Institute) റിപ്പോർട്ട് പ്രകാരം, 2019-23 കാലയളവിൽ, അമേരിക്ക ഏറ്റവും അധികം ആയുധങ്ങൾ (38%) വിറ്റഴിച്ചിട്ടുള്ളത് മധ്യ പൗരസ്ത്യ രാജ്യങ്ങളിലാണ്. 2014-18 കാലയളവിലാകട്ടെ, അമേരിക്കയുടെ ആയുധങ്ങളിൽ പകുതിയോളം (50%) ഇതേ രാഷ്ട്രങ്ങളിലാണ് ഉപയോഗിക്കപ്പെട്ടത്. ഇതിനനുസൃതമായി സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിൽ യുദ്ധങ്ങൾ ആളിക്കത്തുകയുമുണ്ടായി.[10]

2011-ൽ തുടങ്ങിയ സിറിയൻ ആഭ്യന്തര കലാപത്തിൽ, ബശർ അൽ അസദിനെതിരെ പോരാടുന്ന വിമതർക്ക് നല്കിയ ആയുധങ്ങളാണ് പിന്നീട് ഐസിസിന്‍റെ (ISIS) കരങ്ങളിൽ എത്തിയതെന്ന്  കോൺഫ്ലിക്റ്റ്  ആർമമെന്‍റ് റിസർച്ച് (Conflict Armament Research) പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കുന്നു.[11]

തങ്ങളുടെ സ്വാർഥ ലാഭങ്ങൾ മുന്നിൽ കണ്ടുകൊണ്ട് മാത്രം വൻശക്തികൾ ഇത്തരത്തിലുള്ള ആയുധക്കച്ചവടം നടത്തിയാൽ പിന്നെ, തീവ്രവാദത്തെ എങ്ങനെയാണ് ഉന്മൂലനം ചെയ്യുവാൻ സാധിക്കുക? ഇത്തരത്തിലുള്ള ഇടപാടുകളെ എന്തുകൊണ്ടാണ് സമഗ്രമായി നിരോധിക്കുവാൻ സാധിക്കാത്തത്?

കാര്യങ്ങളുടെ നിജസ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും, തീവ്രവാദത്തിനുള്ള അടിസ്ഥാന കാരണമായി മതത്തെ അഥവാ ഇസ്‌ലാമിനെ കുറ്റവാളിയാക്കാനാണ് പലര്‍ക്കും താല്പര്യം.

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള ആത്മീയ നേതാവ്, ഹദ്റത്ത് മിർസാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്), പ്രസ്താവിക്കുന്നു:

“വ്യക്തിപരമായി, ഇസ്‌ലാമിന്‍റെ പാവനമായ അധ്യാപനങ്ങളെ ലംഘിക്കുകയും ഇസ്‌ലാമിനുമേൽ കരിവാരി തേക്കുകയും ചെയ്യുന്ന തീവ്രവാദികൾക്ക്, അവരുടെ വിദ്വേഷപൂർണമായ പ്രവൃത്തികളെ ഇസ്‌ലാമിന്‍റെ പേരിൽ എങ്ങനെ ന്യായീകരിക്കാൻ കഴിയുന്നുവെന്ന്  എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇസ്‌ലാമിന്‍റെ സമാധാനത്തെ കുറിച്ചുള്ള അധ്യാപനങ്ങൾ  എല്ലാത്തരത്തിലുള്ള ഭീകരവാദത്തെയും എതിർക്കുന്നു. തികച്ചും ന്യായമായ ഒരു യുദ്ധസാഹചര്യത്തിൽ പോലും, അല്ലാഹു കല്പ്പിച്ചിരിക്കുന്നത് ശിക്ഷാ നടപടികൾ  കുറ്റത്തിന് ആനുപാതികമായിരിക്കണമെന്നും,  ക്ഷമയും മാപ്പും കാണിക്കുന്നതാണ് കൂടുതൽ  ഉത്തമം എന്നുമാണ്. ആയതിനാൽ, അക്രമത്തിലും അനീതിയിലും ക്രൂരതയിലും ഏർപ്പെട്ടിരിക്കുന്ന നാമധാരികളായ എല്ലാ മുസ്‌ലീങ്ങളും  അല്ലാഹുവിന്‍റെ കോപവും ശിക്ഷയുമാണ് വിളിച്ചുവരുത്തുന്നത്.”[12]

ഇത്തരത്തിൽ, തീവ്രവാദത്തെ അപലപിച്ചു കൊണ്ട് മുസ്‌ലിം നേതാക്കളും മുസ്‌ലീങ്ങൾ സ്വയവും സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നുണ്ടെങ്കിലും, മാധ്യമങ്ങളില്‍ വൈറലാക്കപ്പെടുന്നത് ഭീതിയും വിദ്വേഷവും മാത്രമാണ്. പൊതുവിൽ, പല മുഖ്യധാരാ മാധ്യമങ്ങളും ഭീകരരുടെ അതിമൃഗീയമായ കൊലപാതക രീതികളെയും സ്‌ഫോടനങ്ങളെയും പ്രക്ഷേപണം ചെയ്യുന്നതിലും ഓരോ ആക്രമണവും സൃഷ്ടിക്കുന്ന ഭീതിയെ ഇരട്ടിയാക്കുന്നതിലും ആഹ്ലാദിക്കുന്നതായാണ് കണ്ടുവരുന്നത്.

മീഡിയ ടെനർ (Media Tenor) എന്ന പ്രമുഖ മാധ്യമ ഗവേഷണ കമ്പനി, 2001 മുതൽ 2021 വരെയുള്ള അമേരിക്കൻ ന്യൂസ് ചാനലുകളെ നിരീക്ഷണവിധേയമാക്കുകയുണ്ടായി. അവർ കണ്ടെത്തിയത്, ഒരു ലക്ഷത്തിലധികം വരുന്ന വാർത്താ റിപ്പോർട്ടുകളിലെല്ലാം, ഇസ്‌ലാം ലോകത്തിനൊരു ഭീഷണിയാണെന്ന് പ്രബലപ്പെടുത്തുന്ന തരത്തിൽ മുസ്‌ലിം നാമധാരികൾ നടത്തുന്ന തീവ്രവാദസംഭവങ്ങളെ തുടർച്ചയായി സംപ്രേഷണം ചെയ്യപ്പെടുന്നതായാണ്.[13]

ഇവിടെ,  യുദ്ധങ്ങൾ നടത്തുന്നതും നിയന്ത്രിക്കുന്നതും ആഗോള വൻ ശക്തികൾ ആണെങ്കിലും, അവരുടെ പ്രവർത്തനങ്ങൾ ഒന്നും തന്നെ ഏതെങ്കിലും ഒരു മതമോ വിശ്വാസമോ ആയി ബന്ധിപ്പിക്കപ്പെടുന്നില്ല. എന്നാൽ മുസ്‌ലിം നാമധാരികളായ ആളുകള്‍  നടത്തുന്ന എല്ലാ ഹിംസകളെയും അക്രമങ്ങളെയും, ഉടൻ തന്നെ ഇസ്‌ലാമിന്‍റെ അധ്യാപനങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.

നിലവിൽ, ലോകത്തിലെ 1.9 ബില്യൺ മുസ്‌ലീങ്ങളിൽ വെച്ച് ഒരു ന്യൂനപക്ഷം മാത്രമാണ് ഇസ്‌ലാമിന്‍റെ പേരിൽ അക്രമങ്ങൾ നടത്തുന്നത്. എന്നാൽ ഈ തീവ്രവാദികളുടെ ചെയ്തികൾക്ക് അന്യായമായ പബ്ലിസിറ്റി കൊടുക്കുവാനും ഇവർ ദുർവ്യാഖ്യാനം ചെയ്തെടുത്ത ഖുർആനിക സൂക്തങ്ങളെപ്പറ്റി ഘോരഘോരം ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുവാനും മാധ്യമലോകം മത്സരിക്കുമ്പോൾ, ഇസ്‌ലാമിന്‍റെ യഥാർഥവും ശാന്ത സുന്ദരവുമായ അധ്യാപനങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന ആളുകളുടെ ശബ്ദം ആരാലും കേൾക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് വ്യാപകമായ പ്രചരണം നല്കപ്പെടുന്നുമില്ല.

തീവ്രവാദ ഗ്രൂപ്പുകളുടെ ഓക്സിജൻ അവരുടെ ചെയ്തികൾക്ക് ലഭിക്കുന്ന പബ്ലിസിറ്റി ആയിരിക്കെ, മാധ്യമങ്ങൾ റേറ്റിങ്ങിനെക്കാൾ ഉപരി സമാധാനത്തിന് പ്രാമുഖ്യം കൊടുത്താൽ മാത്രമേ, പരസ്പരമുള്ള ഭയവും തെറ്റിദ്ധാരണകളും ഇല്ലായ്മ ചെയ്യപ്പെടുകയുള്ളൂ.

ആഗോളാടിസ്ഥാനത്തിൽ, സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഇന്നത്തെ കാലാവസ്ഥയിൽ, തിന്മകളും ക്രൂരതകളും അടിച്ചമർത്തുന്നതിനോടൊപ്പം, എല്ലാ തരത്തിലുള്ള മനുഷ്യത്വവും നന്മയും അംഗീകരിക്കപ്പെടുകയും വേണം. അപ്പോൾ മാത്രമേ, സാമൂഹിക ഐക്യത്തെയും മാനവികതയുടെ ഉദാത്ത മൂല്യങ്ങളെയും തകർക്കുന്നവരെ നമുക്ക് മറികടക്കാനാകൂ.

മതാധ്യാപനങ്ങള്‍ വ്യക്തിതാല്പര്യങ്ങള്‍ക്ക് അതീതം

ചുരുക്കത്തിൽ, പരസ്പരമുള്ള ഭയവും വിദ്വേഷവുമെല്ലാം സ്നേഹത്തിലേക്കും സാഹോദര്യത്തിലേക്കും വഴിമാറണമെങ്കില്‍ ഇസ്‌ലാമിന്‍റെ യഥാർഥ അധ്യാപനങ്ങളെ പ്രചരിപ്പിക്കുകയാണ് വേണ്ടത്. ഖുർആനിലേക്ക് തിരിഞ്ഞ് കൊണ്ട് അത് സമർപിക്കുന്ന അധ്യാപനങ്ങളെ സ്വയം അറിയുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയുമാണ് ചെയ്യേണ്ടത്. അപ്പോൾ മാത്രമേ, മനുഷ്യമനസ്സുകൾ തമ്മിലുള്ള അകലങ്ങളെ ദൂരീകരിക്കുവാൻ സാധിക്കുകയുള്ളൂ.

ആരിഫ് ഹുസൈനെ പോലെ ഇസ്‌ലാമിനോട് അന്ധമായ വിരോധം പുലർത്തുന്നവർ ചുരുങ്ങിയ പക്ഷം, നീതിക്കെങ്കിലും പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.

യഥാർഥ നീതി നമ്മോട് ആവശ്യപ്പെടുന്നത്, വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ നിക്ഷിപ്ത താല്പര്യങ്ങൾ മതാധ്യാപനങ്ങളുടെ മേൽ ചാർത്താതിരിക്കുക എന്നതാണ്. അത്തരം ആക്രമണങ്ങളെ ഒരു മതത്തെയോ അതല്ലെങ്കിൽ  ഒരു സമുദായത്തെയോ കണ്ണടച്ചു  വിമർശിക്കുവാനുള്ള ഒഴിവു കഴിവായി നാം ഉപയോഗിക്കരുത്. കാരണം, ആഗോള ഗ്രാമമായി മാറിയ ഈ ലോകത്ത് ഒരു വ്യക്തിയുടെ ഹെയ്റ്റ് പോസ്റ്റുകളും ഹെയ്റ്റ് കമന്‍റുകളും, ഒരു പ്രദേശത്തെയോ ഒരു നഗരത്തെയോ ഒരു രാജ്യത്തെയോ മാത്രമല്ല അപായപ്പെടുത്തുക; മറിച്ച് ലോകത്തിന്‍റെ തന്നെ സമാധാനത്തെയാണ് അവ അപകടത്തിലാക്കുന്നത്.

മതത്തിന്‍റെ പേരിൽ മനുഷ്യഹത്യ എന്ന ഗ്രന്ഥത്തിൽ ഹദ്റത്ത് മിർസാ താഹിർ അഹ്‍മദ്(റഹ്) എഴുതുന്നു:

“മതങ്ങളെല്ലാം തന്നെ അവയുടെ നാമങ്ങൾ എന്തുമാകട്ടെ, നിരപരാധികളായ മനുഷ്യരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദൈവത്തിന്‍റെ പേരിൽ ചോരയിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ല എന്നത് എന്‍റെ അഗാധസ്പർശിയായ വിശ്വാസമാകുന്നു.

“ദൈവം സ്നേഹമാണ്, സമാധാനമാണ്. സ്നേഹം ഒരിക്കലും വിദ്വേഷം ജനിപ്പിക്കില്ല. സമാധാനം ഒരിക്കലും യുദ്ധത്തിലേക്ക് നയിക്കുന്നുമില്ല.”[14]

നിലോഫര്‍ ഫിസിക്സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിലവില്‍ ലൈറ്റ് ഓഫ് ഇസ്‌ലാം ഇംഗ്ലീഷിന്‍റെ സബ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കുറിപ്പുകള്‍

[1] രാഹുല്‍ ഈശ്വര്‍ ആരിഫ് ഹുസൈന് നല്കിയ മറുപടി

[2] Global Terrorism Index 2024, Institute for Economics & Peace

[3] Conflict Between Turkey and Armed Kurdish Groups, Center for Preventive Action, Council on Foreign Relations, 27 May 2025

[4] Dying to Win: The Strategic Logic of Suicide Terrorism, Robert Pape (2005), Random House, New York

[5] സഹീഹുല്‍ ബുഖാരി, കിതാബുല്‍ മളാലിം (അക്രമങ്ങളെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)

[6] വിശുദ്ധ ഖുര്‍ആണ് 1:2-3

[7] വിശുദ്ധ ഖുര്‍ആന്‍ 5:33

[8] സുനന്‍ അന്‍-നസാഈ, കിതാബുല്‍ ഈമാന്‍ വ ശറാഇ’ഇഹ് (വിശ്വാസവും അതിന്‍റെ അടയാളങ്ങളും സംബന്ധിച്ച അദ്ധ്യായങ്ങള്‍)

[9] Terrorism Was Never Justified by the Prophet Muhammad(sa), 13-ാമത് യുകെ പീസ്‌ സിംപോസിയത്തില്‍ നിര്‍വഹിച്ച പ്രഭാഷണം, മാര്‍ച്ച്‌ 19, 2016

[10] Trends in International Arms Transfer, Stockholm International Peace Research Institute (2024)

[11] Weapons of the Islamic State, Conflict Armament Research

[12] Terrorism Was Never Justified by the Prophet Muhammad(sa), 13-ാമത് യുകെ പീസ്‌ സിംപോസിയത്തില്‍ നിര്‍വഹിച്ച പ്രഭാഷണം, മാര്‍ച്ച്‌ 19, 2016

[13] 20 Years After 9/11: The Media Still Reduce Muslims to Terror, Media Tenor, 10 September 2021

[14] മതത്തിന്‍റെ പേരില്‍ മനുഷ്യഹത്യ, ഹദ്റത്ത് മിര്‍സാ താഹിര്‍ അഹ്‍മദ്, പേജ്. 132

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed