അഹ്മദിയ്യാ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് 2025 യു.കെ. ജല്‍സ സാലാനയില്‍ (വാര്‍ഷിക സമ്മേളനം) വനിതകളുടെ സെഷനില്‍ നടത്തിയ പ്രഭാഷണം.
അവലംബം: അല്‍ഹക്കം
വിവര്‍ത്തനം: ജന്നത്ത് അഫീഫ് എ. പി, തിരുവിഴാംകുന്ന്
ജൂലൈ 26, 2025ന് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) 59-ാമത് യു.കെ. ജൽസാ സലാനയുടെ രണ്ടാം ദിവസം ലജ്ന ഇമായില്ലായുടെ (വനിതകള്‍) സെഷനിൽ പ്രഭാഷണം നടത്തുകയുണ്ടായി.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, പല പെൺകുട്ടികളും ഭൗതീക വിദ്യാഭ്യാസത്തോടൊപ്പം ജമാഅത്തിന് എങ്ങനെ സേവനം ചെയ്യാമെന്ന് ചോദിക്കാറുണ്ട്. അവർ ഏത് മേഖലയിലായാലും, അല്ലെങ്കിൽ കുട്ടികളെ വളർത്തുകയും വീട് പരിപാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പോലും, ജമാഅത്തിന് മുതൽക്കൂട്ടായി മാറാൻ അവർക്കു സാധിക്കുന്നതാണ്.
സമൂഹത്തെ പരിഷ്കരിക്കേണ്ടത് അവരാണെന്ന വസ്തുത അവർ എപ്പോഴും ഓർമ്മ വെക്കേണ്ടതാണ്. ഇതിനായി അവർ അല്ലാഹുവിന്‍റെ കല്പനകൾ പാലിക്കുകയും, സ്വയം പരിഷ്കരിക്കുകയും, അവരുടെ ആത്മീയവും ധാർമികവുമായ അവസ്ഥ മെച്ചപ്പെടുത്തുകയും, തങ്ങളിൽ ഒരു വിപ്ലവം സംജാതമാക്കുകയും ചെയ്യേണ്ടതാണ്.
സർവശക്തനായ അല്ലാഹു സ്ത്രീകൾക്ക് ഒരു ഉന്നത സ്ഥാനം നൽകിയിട്ടുണ്ട്. വാഗ്ദത്ത മസീഹ്(അ) സ്ത്രീകളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് നിരവധി തവണ പ്രതിപാദിക്കുകയുണ്ടായിട്ടുണ്ട്. കാരണം, നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് എല്ലായ്പ്പോഴും അർഹമായ ബഹുമാനം ലഭിക്കുന്നില്ല, അവരുടെ അവകാശങ്ങൾ പലപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല.
ഭാര്യയോടുള്ള ദയാപരമായ പെരുമാറ്റത്തിന് നബി തിരുമേനി(സ) ഊന്നൽ നല്കിയിരുന്നുവെന്ന് വാഗ്ദത്ത മസീഹ്(അ) പറയുകയുണ്ടായി. അതിനാൽ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം സ്നേഹവും പരസ്പര ധാരണയും ഉള്ളതായിരിക്കണം. അപ്രകാരമല്ലാതെ ഒരാൾക്ക് യഥാർത്ഥത്തിൽ നല്ലവനാകാൻ സാധ്യമല്ല.
എന്നാല്‍ ഒരു സ്ത്രീ ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും ചെയ്യുന്ന പക്ഷം അത്തരം കാര്യങ്ങൾ അനുമതിക്കപ്പെടാൻ കഴിയില്ലെന്നും പുരുഷൻ കൃത്യമായി വ്യക്തമാക്കിക്കൊടുക്കേണ്ടതാണ്. എങ്കിലും, അത്തരം സന്ദർഭങ്ങളിൽ പോലും സ്ത്രീയുടെ തെറ്റുകൾക്കെതിരെ പുരുഷന്‍ പരുഷമായി പെരുമാറരുത്.
പുരുഷന്മാർ പലപ്പോഴും സമൂഹത്തിന് മുന്നിൽ വളരെ നല്ലവരായി കാണപ്പെടുന്നുണ്ടെങ്കിലും, വീട്ടിൽ അവർ ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നില്ലെന്ന് ചിലർ പരാതിപ്പെടാറുണ്ട്. എന്നാൽ, സ്ത്രീകളോട് ഏറ്റവും നല്ല രീതിയിൽ പെരുമാറണമെന്നാണ് അല്ലാഹു കല്പിച്ചിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ഭാര്യമാരോട് നല്ല രീതിയിൽ പെരുമാറുന്നില്ലെങ്കിൽ, പിന്നെ എന്ത് നന്മയാണ് ലോകത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുക എന്നാണ് വാഗ്ദത്ത മസീഹ്(അ) ചോദിക്കുന്നത്.
ഒരു സ്ത്രീ അഹിതമായി എന്തെങ്കിലും പ്രവർത്തിക്കുന്ന പക്ഷം, പുരുഷൻ അവളെ തിരുത്തി നന്നാക്കേണ്ടതാണ്. എന്നാൽ ഈ ഉത്തരവാദിത്വം പുരുഷൻ നിർവഹിക്കണമെന്നുണ്ടെങ്കിൽ, ആദ്യം അവൻ സ്വയം പരിഷ്കരിക്കപ്പെട്ടിരിക്കണം. പുരുഷൻ തന്‍റെ വിശ്വാസത്തിൽ ഉറച്ചുനില്ക്കുന്നില്ലെങ്കിൽ, പിന്നെ അയാൾക്ക് എങ്ങനെയാണ് ആ വിശ്വാസം ഭാര്യയെ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കുന്നത്?
സ്ത്രീകളെ സ്വതന്ത്രമായി ശിക്ഷിക്കാൻ ഇസ്‌ലാം അനുവദിക്കുന്നു എന്നാണ് കൂടുതൽ പുരുഷന്മാരും കരുതിയിരിക്കുന്നത്. എന്നാൽ ഇത് തെറ്റാണ്. കാരണം പരിഷ്കരണത്തിനായി പുരുഷന്മാർ പിന്തുടരേണ്ട നടപടികൾ ഇസ്‌ലാം നിർദേശിച്ചിട്ടുണ്ട്.
ഭാര്യയോട് മോശമായി പെരുമാറിയിരുന്ന തന്‍റെ ഒരു സഹാബിയെക്കുറിച്ച്, അത്തരം പ്രവൃത്തികൾ ഉചിതമല്ല എന്ന് വാഗ്ദത്ത മസീഹ്(അ)ന് വെളിപാട് പോലും ലഭിക്കുകയുണ്ടായി.
പുരുഷന്മാരും സ്ത്രീകളും ഐക്യത്തോടെ ജീവിക്കുകയും, പരസ്പരം മികച്ച രീതിയിൽ പെരുമാറുകയും വേണം എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാനതത്വം. നിക്കാഹ് ഒരു പ്രതിജ്ഞയാണ്, അതിനാൽ ഈ പ്രതിജ്ഞ നിറവേറ്റാൻ അവർ പരമാവധി ശ്രമിക്കണം. പുരുഷന്മാർ അവരുടെ ഭാര്യമാർക്ക് വേണ്ടി പ്രാർഥിക്കണം, വിവാഹമോചനത്തിന് തിടുക്കം കൂട്ടരുത്.
സ്ത്രീകൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് വാഗ്ദത്ത മസീഹ്(അ) വിശദമായി സംസാരിച്ചിട്ടുണ്ട്. പലരും ആരോപിക്കുന്നത് എന്തുതന്നെയായാലും, ഇസ്‌ലാം സ്ത്രീകൾക്ക് അർഹമായ എല്ലാ അവകാശങ്ങളും നല്കുന്നു.
തങ്ങൾ ഭാര്യമാരോട് നന്നായി പെരുമാറുന്നുണ്ടെങ്കിലും സ്ത്രീകൾ അതേ പരിഗണന നല്കാൻ വിസമ്മതിക്കുകയും, ചിലപ്പോൾ വീട്ടിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു എന്നത് ചില പുരുഷന്മാർ പരാതിപ്പെടാറുള്ള കാര്യമാണ്. സ്ത്രീകൾ ക്ഷമയും സഹിഷ്ണുതയും കൈക്കൊള്ളുകയും, ദുആ ചെയ്യുകയും, കുട്ടികളെ പരിപാലിക്കുകയും, വിശ്വാസത്തിൽ ഉറച്ചുനില്ക്കുകയും ചെയ്യേണ്ടതാണ്.
ചിലപ്പോൾ, ഇസ്‌ലാമിനെക്കുറിച്ചുള്ള വേണ്ടത്ര അറിവില്ലാത്ത സ്ത്രീകൾ, ഇസ്‌ലാമിനെതിരെയുള്ള പ്രചാരണത്തിൽ ആകൃഷ്ടരാകുന്നു. ഇസ്‌ലാം സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നല്കുന്നില്ല എന്ന് ആരോപിക്കാൻ ശ്രമിക്കുന്നു.
ഇസ്‌ലാം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതി മറ്റൊരു മതത്തിലും കാണാൻ സാധ്യമല്ല എന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു:
“(പുരുഷന്മാരിൽ) നിന്നു ചില അവകാശങ്ങൾ അവർക്ക് (സ്ത്രീകൾക്ക്) ലഭിക്കേണ്ടതുണ്ട്.”[1]
പല പുരുഷന്മാരും ഭാര്യമാരെ വളരെ വഴക്ക് പറയാറുണ്ട്. എന്നാൽ ഇസ്‌ലാം പറയുന്നത് ദമ്പതികൾ യഥാർഥ സുഹൃത്തുക്കളായി ജീവിക്കണം എന്നാണ്. അപ്പോൾ മാത്രമേ അവർക്കു പരസ്പരം കടപ്പെട്ടിരിക്കുന്ന അവകാശങ്ങൾ നിറവേറ്റാൻ കഴിയൂ. ഭർത്താവിന്‍റെ ധാർമികതയുടെ ആദ്യ സാക്ഷികൾ ഭാര്യമാരാകുന്നു. അവരുടെ ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടായാൽ അവർക്ക് അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കാൻ സാധിക്കുന്നതല്ല.
പുരുഷന്മാർ അവരുടെ പരിധികൾ ലംഘിക്കുമ്പോള്‍, ഇസ്‌ലാമിന്‍റെ അധ്യാപനങ്ങള്‍ക്ക് എതിരെ അവര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന വസ്തുത സ്ത്രീകൾ മനസ്സിലാക്കേണ്ടതാണ്. അതിനാൽ ഇസ്‌ലാം സ്ത്രീകളെ അധിക്ഷേപിക്കുന്നു എന്നാരോപിക്കുന്ന ഇസ്‌ലാമിന്‍റെ എതിരാളികളെ വിശ്വസിക്കുന്നതിന് പകരം, ഇസ്‌ലാം അനുശാസിക്കുന്ന നടപടിക്രമങ്ങൾ അവർ സ്വീകരിക്കുകയും അതനുസരിച്ച് വിഷയം കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതാണ്.
പാശ്ചാത്യ രാജ്യങ്ങൾ സാധാരണയായി ഇത്തരം പീഡന സംഭവങ്ങൾ മുതലെടുക്കാറുണ്ട്. ഇസ്‌ലാം സ്ത്രീകളെ അവരുടെ വീടുകളിൽ തളച്ചിട്ടിരിക്കുകയാണ്, അതേസമയം പുരുഷന്മാർക്ക് പുറത്തുപോകാനും ചുറ്റിനടക്കാനും, അവർക്ക് ഒന്നിലധികം തവണ വിവാഹം കഴിക്കാനും അനുമതി നല്കുന്നു എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിക്കുന്നു.
എന്നാൽ അത്തരം ആരോപണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ചെയ്യേണ്ട കടമകളെ കുറിച്ചുള്ള യഥാര്‍ഥ അവബോധം ഉണ്ടാവുകയാണെങ്കില്‍, ഒരുപക്ഷെ പുരുഷന്‍മാർ വിവാഹം കഴിക്കാൻ പോലും ആഗ്രഹിക്കുകയില്ല എന്ന് വാഗ്ദത്ത മസീഹ് മഊദ്(അ) പറഞ്ഞിട്ടുണ്ട്.
ഒന്നിലധികം തവണ വിവാഹം കഴിക്കാനുള്ള അനുമതി വ്യവസ്ഥകള്‍ക്കധിഷ്ഠിതമാണ്. പുരുഷന്മാർ അവരുടെ ഭാര്യമാരുടെ വികാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ത്യാഗങ്ങൾ ചെയ്യേണ്ടതാണ്. എത്രത്തോളമെന്നാൽ, ഒരാൾക്ക് സാധുവായ കാരണം ഉണ്ടായാലും മറ്റൊരു വിവാഹം ചെയ്യുന്നത് ഭാര്യയെ വേദനിപ്പിക്കുമെന്ന് തോന്നിയാൽ, അവളുടെ വികാരങ്ങളെ സംരക്ഷിക്കുന്നതിനായി ആ അവകാശം ഉപേക്ഷിക്കണമെന്നു വാഗ്ദത്ത മസീഹ്(അ) പ്രസ്താവിക്കുകയുണ്ടായി.
ഒരു പുരുഷന് രണ്ടാമത് വിവാഹം കഴിക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം ഒന്നിലധികം വിവാഹം കഴിക്കാം എന്നതല്ല ഇസ്‌ലാമിലെ അടിസ്ഥാന സിദ്ധാന്തം. മറിച്ച് സാധുവായ സാഹചര്യങ്ങളോ യഥാർഥ ആവശ്യങ്ങളോ ഉണ്ടെങ്കിൽ മാത്രമേ രണ്ടോ അതിലധികമോ വിവാഹങ്ങള്‍ കഴിക്കാനുള്ള അനുവാദം പുരുഷന്മാര്‍ക്ക് നല്കപ്പെട്ടിട്ടുള്ളു. വാഗ്ദത്ത മസീഹ്(അ) വ്യക്തമാക്കിയതു പോലെ, ഒരു സ്ത്രീക്ക് തന്‍റെ വിവാഹ സമയത്ത് തന്നെ ഭർത്താവ് അവരുടെ വിവാഹജീവിതത്തിനിടെ മറ്റൊരു വിവാഹം കഴിക്കില്ലെന്ന് വ്യക്തമായ നിബന്ധന വെക്കാനുള്ള അവകാശമുണ്ട്. ഭർത്താവ് അത് അംഗീകരിച്ചാൽ അവൻ അത് പാലിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാൽ, വിവാഹ സമയത്ത് അത്തരത്തിലുള്ള നിബന്ധന വെച്ചിട്ടില്ലെങ്കിൽ, ഭർത്താവ് സാധുവായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാം വിവാഹം കഴിക്കുമ്പോൾ ഭാര്യക്ക് അതിനെതിരെ പ്രതിഷേധിക്കാൻ അവകാശമില്ല.
പുരുഷന് സ്ത്രീയെക്കാൾ കൂടുതൽ പദവി നല്കിയിട്ടുണ്ടെന്നും ആക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്. എന്നാൽ ‘ഖവ്വാം’[2] എന്ന വാക്കിന്‍റെ അര്‍ഥം പുരുഷൻ സ്വയം പരിഷ്കരിക്കാനും ചുറ്റുമുള്ള സമൂഹത്തെ പരിഷ്കരിക്കാനും അതിനെ തിന്മയിൽ നിന്ന് ശുദ്ധീകരിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നു എന്നാണ്.
പുരുഷന്മാർ തങ്ങളുടെ പരിശുദ്ധ മാതൃകകൾ കാഴ്ചവെച്ച് സ്ത്രീകളെ പരിഷ്കരിക്കാൻ ശ്രമിക്കണമെന്നും ഇതിനർത്ഥമുണ്ട്. അങ്ങനെ സ്ത്രീകള്‍ പുരുഷന്‍മാരെ പിന്തുടരുമ്പോള്‍, പരിശുദ്ധമായ ഒരു സമൂഹം സൃഷ്ടിക്കാനും കഴിയും. ‘ഖവ്വാം’ എന്ന വാക്കിന്‍റെ അര്‍ഥം പുരുഷന് താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവകാശമുണ്ട് എന്നല്ല.
പുരുഷന്മാർക്ക്, സ്ത്രീകൾക്കില്ലാത്ത ചില ശക്തികളും നല്കപ്പെട്ടിട്ടുണ്ട്. കായിക മത്സരങ്ങളിലും പുരുഷന്മാരും സ്ത്രീകളും വെവ്വേറെയാണ് പങ്കെടുക്കുന്നത്. കാരണം, അവരുടെ ശാരീരിക ശക്തികളിൽ അടിസ്ഥാനപരമായ വ്യത്യാസം ഉണ്ടെന്നത് വ്യക്തമാണ്. ഖുർആൻ പുരുഷനെ ‘ഖവ്വാം’ എന്ന് വിശേഷിപ്പിക്കുന്നതും ഇതു കൊണ്ടാണ്. അതുകൊണ്ട് കുടുംബത്തിൽ സമാധാനവും നിലനിർത്തുന്നതിനായി അവര്‍ പരിശ്രമിക്കേണ്ടതാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍ ആത്മീയ ഔന്നത്യം കരസ്ഥമാക്കിയ സ്ത്രീകളുടെ ഉദാഹരണങ്ങള്‍ നമുക്ക് കാണാവുന്നതാണ്. അവരുടെ പരാതികൾ പോലും ആത്മീയമായ അവകാശങ്ങളെക്കുറിച്ചായിരുന്നു. പുരുഷന്മാർക്ക് നന്മ ചെയ്യാനും അല്ലാഹുവിൽ നിന്നും പ്രതിഫലം നേടാനും അവരെക്കാള്‍ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു എന്നതായിരുന്നു അവരുടെ ആശങ്ക.
ഇത്തരത്തില്‍ ഒരു സംഭവം ഹദീസില്‍ രേഖപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു മുസ്‌ലിം സ്ത്രീ പ്രവാചകന്‍(സ)യോടു പറഞ്ഞു, തങ്ങള്‍ക്ക് വീട്ടിനുള്ളിൽ ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ കാരണം, പുരുഷന്മാരെപ്പോലെ വലിയ പ്രതിഫലത്തിന് കാരണമാകുന്ന പ്രവൃത്തികളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. എന്നിട്ടവര്‍ ചോദിച്ചു, സത്കര്‍മ്മങ്ങളും ആരാധനകളും ചെയ്തതിന് അല്ലാഹുവിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിൽ പുരുഷന്മാരും സ്ത്രീകളും സമന്മാരല്ലേ? എന്തെന്നാല്‍, പുരുഷന്മാർക്ക് ജിഹാദിനായി പോകുന്നതിനാൽ മതത്തിനുവേണ്ടി സേവനം ചെയ്യാനും, അല്ലാഹുവിന്‍റെ സൃഷ്ടികളുടെ അവകാശങ്ങൾ നിറവേറ്റാനും അവര്‍ക്ക് എളുപ്പമാണ്.
ഖലീഫാ തിരുമനസ്സ് പറയുന്നു, അവളുടെ ചോദ്യം സ്ഥാനമഹിമയിലെ മുൻഗണനയെക്കുറിച്ചല്ലായിരുന്നു. മറിച്ച് സത്കര്‍മ്മങ്ങൾ ചെയ്യുന്നതിലെ അവസരലഭ്യതയും അതുവഴി അല്ലാഹുവിൽ നിന്നും കൂടുതൽ പ്രതിഫലം നേടുന്നതിനെ കുറിച്ചുമായിരുന്നു.
മുഹമ്മദ്(സ) അവരുടെ ചോദ്യത്തെ പ്രശംസിക്കുകയും ഇപ്രകാരം മറുപടി നല്കുകയും ചെയ്തു: ഒരു സ്ത്രീ നല്ല ഭാര്യയായിരിക്കുകയും, സന്താനങ്ങളെ നല്ലരീതിയിൽ വളർത്തുകയും ഭർത്താവിനോടൊപ്പം സമാധാനത്തോടെ ജീവിക്കുകയുമാണെങ്കിൽ വീടിന് പുറത്തുപോയി സേവനം ചെയ്യുന്ന പുരുഷന്‍റെ അതേ പ്രതിഫലത്തിന് സ്ത്രീയും അര്‍ഹയാകും. അവൾ വീട്ടിൽ കഴിയുന്നതിനാൽ പുരുഷന്മാരേക്കാൾ കുറച്ച് മാത്രം മാത്രമേ അവള്‍ക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ എന്നൊരിക്കലും സ്ത്രീ കരുതേണ്ടതില്ലെന്നും പ്രവാചകന്‍(സ) പറഞ്ഞു. സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്കുന്ന സ്ഥാനമാണിത്.
സ്ത്രീകൾക്ക് പർദ്ദ നിർദേശിച്ച് കൊണ്ട് അവരുടെ സഞ്ചാര സ്വാതന്ത്രം ഇല്ലാതാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത് എന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ജനങ്ങള്‍ പർദ്ദയുടെ യഥാർഥ യുക്തിയെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നുവെന്നും, സ്ത്രീകളെ ഒരിക്കലും വീടുകളിൽ ബന്ദികളാക്കുക എന്നതല്ല ഇതിന്‍റെ ഉദ്ദേശ്യം എന്നും വാഗ്ദത്ത മസീഹ്(അ) പറഞ്ഞിരിക്കുന്നു.
പുരുഷന്മാരും സ്ത്രീകളും ഒരുപോലെ കണ്ണുകളെ എല്ലായിടത്തും അലഞ്ഞുതിരിയാൻ അനുവദിക്കാതെ ലജ്ജാശീലരായി കണ്ണുകൾ കീഴ്പ്പോട്ടാക്കണം എന്നാണ് അല്ലാഹു കല്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾക്ക്, മറ്റുള്ളവർ അവരെ അപമാനകരമായ രീതിയിലുള്ള നോട്ടത്തെ തടയുന്നതിനായുള്ള രീതിയിലായിരിക്കണം അവരുടെ വസ്ത്രധാരണം. ഒരാൾ അശ്ലീല സാഹചര്യങ്ങളിൽ അകപ്പെടാതിരിക്കണമെങ്കിൽ, അത്തരം സാഹചര്യം സൃഷ്ടിക്കുന്ന കാരണങ്ങളിൽ നിന്നും ഇടങ്ങളിൽ നിന്നും അകന്നു നില്‍ക്കണം എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്.
പുരുഷന്മാരും സ്ത്രീകളും നിയന്ത്രണമില്ലാതെ ഇടപഴകുന്നതിൽ നിന്നു തടയുന്ന ഒരു അതിർവരമ്പാണ് പർദ്ദ എന്നു വാഗ്ദത്ത മസീഹ്(അ) പറയുന്നു. അത്തരം സന്ദർഭങ്ങളിൽ, അവർ എളുപ്പത്തിൽ ഇടറി പാപത്തിൽ വീണേക്കാം. പുരോഗമന ചിന്താഗതിക്കാരായ പല സമൂഹങ്ങളും സ്വതന്ത്രമായി ഇടപഴകുന്നത് ഒരു നല്ല കാര്യമായി കണക്കാക്കുമ്പോൾ, പുരുഷന്മാർക്ക് സ്ത്രീകളെ ദുരുപയോഗം ചെയ്യാൻ കഴിയുന്നതോ അല്ലെങ്കിൽ ഇരുവരും പാപത്തിൽ അകപ്പെടാൻ സാധ്യതയുള്ളതോ ആയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെ ഇസ്‌ലാം തടയുന്നു.
മറ്റുള്ളവർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാനും ഇത്തരം അവസരങ്ങള്‍ അനുവദിക്കുന്നു. അത്തരം സംശയങ്ങൾ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. ചിലപ്പോൾ, നിരവധി വർഷങ്ങൾക്കു ശേഷം പുരുഷന്മാർക്കെതിരെ ആരോപണങ്ങൾ ഉയർന്നുവരുന്നു; തങ്ങളോട് മോശമായി പെരുമാറുകയോ അധിക്ഷേപിക്കുകയോ ചെയ്തുവെന്ന് സ്ത്രീകൾ ആരോപിക്കുന്നു. അതേസമയം അവരും തെറ്റുകാരായിരുന്നിരിക്കാം.
പർദ്ദയുടെ കാര്യത്തിൽ അതിരുകടന്ന കടുത്ത നിലപാടുകൾ വാഗ്ദത്ത മസീഹ്(അ) തെറ്റായി കണക്കാക്കിയിരുന്നു. ഉദാഹരണമായി, ഒരു പുരുഷ ഡോക്ടർക്ക് പ്രസവം നടത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ, അതിന് അനുവദിക്കപ്പെട്ടതാണ്. ശരീഅത്തിൽ അനാവശ്യമായി കഠിനത ഉണ്ടാക്കുന്നവൻ പുതിയൊരു ശരിഅത്തിനെ സൃഷ്ടിക്കുന്നവനാണ്. അതായത്, അത്തരക്കാർ ഇസ്‌ലാമിന്‍റെ അധ്യാപനങ്ങളില്‍ നിന്ന് വഴുതിപ്പോകുന്നവരാകുന്നു.
സ്ത്രീകൾ, സമൂഹത്തിന്‍റെ അവിഭാജ്യ അംഗങ്ങളായ നിലയിൽ, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുകയും, സമൂഹത്തിന്‍റെ അവിഭാജ്യ ഘടകമായ ധാർമികഗുണമുള്ള, നന്മയിലധിഷ്ഠിതമായ ഒരു തലമുറയെ വളർത്തുകയും വേണം. ഇത്തരത്തിലുള്ള സ്ത്രീകൾക്കാണ് ഈ ലോകത്തും പരലോകത്തും സ്വർഗം ലഭിക്കുക.
സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നല്കിയതിനാൽ, നാം അല്ലാഹുവിനോട് കൃതജ്ഞത പ്രകടിപ്പിക്കണം. അതിനാൽ സ്ത്രീകൾ അവരുടെ സ്വഭാവശുദ്ധിയിലേക്കും ആത്മപരിഷ്കരണത്തിലേക്കു ശ്രദ്ധ ചെലുത്തുകയും അല്ലാഹുവിനോടുള്ള കടമകൾ നിറവേറ്റുകയും ചെയ്യണ്ടതാണ്. സ്ത്രീകള്‍ അവരുടെ അനാവശ്യ ആഗ്രഹങ്ങളെ ത്യജിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഭാവിയിൽ ധാർമികരായ പിതാക്കളും മാതാക്കളും, ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളർന്നു വരികയും, അവർ പിന്നീട് ഒരു ഇസ്‌ലാമിക സമൂഹം സ്ഥാപിക്കുന്നതിന് നേതൃത്വം നല്കുകയും, വിശ്വാസത്തിന് ഭൗതീകതയേക്കാൾ മുൻഗണന നല്കും എന്ന പ്രതിജ്ഞ നിറവേറ്റുകയും ചെയ്യൂകയുള്ളൂ.
ഹദ്റത്ത് മുഹമ്മദ് നബി(സ)യുടെ സ്ത്രീ-പുരുഷ സഹാബിമാർ എത്ര മഹത്തായ ആത്മീയ പരിവര്‍ത്തനമാണ് തങ്ങളില്‍ കൊണ്ടുവന്നത്. അവർ ഭൗതീകതയേക്കാൾ മതത്തിന് മുൻഗണന നല്കി. ഉന്നതമായ നൈതിക ഗുണങ്ങൾ വളർത്തി. നബി തിരുമേനി(സ)യുടെ കാലത്ത് സ്ത്രീകൾ മതത്തിൽ അതുല്യമായ മാതൃകകൾ സമര്‍പ്പിച്ചു.
ഇസ്‌ലാമിക അധ്യാപനങ്ങള്‍ തങ്ങളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നതെന്ന് സ്ത്രീകൾ കരുതരുത്. മറിച്ച് പുരുഷന്മാരും ഇതിൽ ഉള്‍പ്പെടുന്നു. അവർ സ്വയം പരിഷ്കരിക്കുകയും അവരുടെ മികച്ച മാതൃകൾ കാഴ്ചവെക്കുകയും വേണം; അല്ലാത്തപക്ഷം അവർ കുറ്റക്കാരാകുന്നതാണ്. വിശുദ്ധ ഖുറാനിൽ അല്ലാഹു പറയുന്നു:
“അറിഞ്ഞുകൊൾവിൻ ഐഹികജീവിതം ഒരു കളിയും വിനോദവും അലങ്കാരവും, നിങ്ങൾ പരസ്പരം വമ്പ് നടിക്കലും, ധനത്തിലും സന്തതികളിലും പെരുമ കാണിക്കലും മാത്രമാണ്”[3]
ഈ ജീവിതത്തിലെ നമ്മുടെ ലക്ഷ്യം ഭൗതിക വിനോദങ്ങളിൽ മുഴുകുക എന്നതല്ല. അവ നമ്മുടെ മഹത്തായ ഉദ്ദേശ്യത്തിൽ നിന്നു നമ്മെ അകറ്റുന്ന കാര്യങ്ങളാണ്. ഇക്കാര്യം മനസ്സിലാക്കിയാല്‍ നമുക്ക് ലോകത്ത് ഒരു വിപ്ലവം കൊണ്ടുവരാൻ സാധിക്കും. അപ്പോൾ ഈ ലോകം ഇസ്‌ലാമിന്‍റെ ഉന്നതമായ അധ്യാപനങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകും.
ഓർക്കുക, സ്ത്രീകളും തബ്‌ലീഗ് ചെയ്യേണ്ടതാണ്. എന്നാല്‍, എല്ലാത്തരം അപകർഷതാബോധം ഉപേക്ഷിക്കുകയും, ഇസ്‌ലാം തങ്ങളുടെ അവകാശങ്ങൾ പരിപൂര്‍ണമായും നല്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്‌താല്‍ മാത്രമേ അവർക്കത് ചെയ്യാൻ സാധിക്കുകയുള്ളൂ.
നിങ്ങളുടെ സ്വഭാവം മാതൃകാപരമാണെങ്കിൽ, മെച്ചപ്പെട്ട ഒരുമാറ്റം സൃഷ്ടിക്കാൻ നിങ്ങളുടെ ഭർത്താക്കന്മാരെയും നിങ്ങള്‍ക്ക് സഹായിക്കാനാകും. അതിനാൽ, നിങ്ങളുടെ ഭർത്താക്കന്മാർ നിങ്ങളുടെ എല്ലാ അവകാശങ്ങളും നിറവേറ്റിയിട്ടുണ്ടോ ഇല്ലേ എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇസ്‌ലാം നിങ്ങള്‍ക്ക് നല്കിയ അവകാശങ്ങൾക്ക് പകരമായി സമൂഹത്തിലെ വിലപ്പെട്ട അംഗങ്ങളാകുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 2 :229
[2] വിശുദ്ധ ഖുര്‍ആന്‍ 4:35
[3] വിശുദ്ധ ഖുര്‍ആന്‍ 57:21
0 Comments