അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 6 മാർച്ച് 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പ്രസ്താവിച്ചു: പരിശുദ്ധ പ്രവാചകൻ (സ) കൊണ്ടുവന്ന സന്ദേശത്തിന്റെ ലക്ഷ്യം മനുഷ്യരെ ഏകദൈവ വിശ്വാസത്തിലേക്കും അവന്റെ ആരാധനയിലേക്കും തൗഹീദ് സ്ഥാപിക്കുന്നതിലേക്കും അതിനായി പ്രയത്‌നിക്കുന്നതിലേക്കും നയിക്കുക എന്നതും, സാഹോദര്യ ബന്ധത്തോടെ ജീവിക്കുന്നതിനായി സഹജീവികളോടുള്ള കടമകൾ നിറവേറ്റുക എന്നതുമാണ്.
ലോകസമാധാനവും മുസ്‌ലിം രാജ്യങ്ങളുടെ പങ്കും
മുസ്‌ലിംകൾ ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവർക്കിടയിൽ ഭിന്നതയും ഐക്യമില്ലായ്മയും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. മുസ്‌ലിംകളുടെ പ്രവൃത്തികൾ അവർ അവകാശപ്പെടുന്ന അധ്യാപനങ്ങൾക്ക് അനുസൃതമല്ല. മുസ്‌ലിം ലോകത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചാൽ അത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. അവർക്ക് സമ്പത്തും വിഭവങ്ങളും ഉണ്ടെങ്കിലും അവരുടെ രാജ്യങ്ങൾക്ക് ലോകവേദിയിൽ നല്ലൊരു സ്ഥാനമില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ അടുക്കലും അവർക്ക് സ്ഥാനമില്ല. ഇസ്‌ലാമിക അധ്യാപനങ്ങളനുസരിച്ച് പ്രവർത്തിക്കാൻ അവർ പരിശ്രമിക്കുന്നില്ല. ഇതിന്റെ ഫലമായി ഇസ്‌ലാമേതര ശക്തികൾ അത് മുതലെടുക്കുന്നു. അതുകൊണ്ട്, മുസ്‌ലിം നേതാക്കൾ ഐക്യപ്പെടണമെന്നും അതിനായി പരിശ്രമിക്കണമെന്നുമുള്ള തിരിച്ചറിവ് അവരിൽ ഉണ്ടാകണം. എന്നാൽ മാത്രമേ ഇസ്‌ലാമിക വിരുദ്ധ ശക്തികൾ മുസ്‌ലിംകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നത് തടയാനും ലോകത്തിന്റെ കടന്നാക്രമണങ്ങളിൽ നിന്ന് തങ്ങളെത്തന്നെ രക്ഷിക്കാനും അന്തസ്സ് പുനസ്ഥാപിക്കാനും സാധിക്കുകയുള്ളു.
ഇക്കാര്യത്തിൽ, മുസ്‌ലിം ലോകത്തിന് ഒന്നായിത്തീരാൻ ദൈവികമായി സ്ഥാപിതമായ വ്യവസ്ഥയെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. അത് ഈ യുഗത്തിൽ മുസ്‌ലിം ലോകത്തെ ഒന്നിപ്പിക്കാൻ ദൈവം നിയോഗിച്ച വാഗ്ദത്ത മസീഹ്(അ)ന്റെ വരവാണ്. അതുകൊണ്ട് മുസ്‌ലിം ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തിനായി പരിശ്രമിക്കേണ്ടത് അഹ്‌മദീ മുസ്‌ലിംകളുടെ ഉത്തരവാദിത്തമാണ്.
ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കുറച്ചുകാലമായി ഞാൻ മുന്നറിയിപ്പുകൾ നൽകിവരികയാണ്. മുമ്പ് പാശ്ചാത്യ രാഷ്ട്രങ്ങളോ അല്ലെങ്കിൽ യൂറോപ്യൻ രാഷ്ട്രങ്ങളോ ആണ് ഇത്തരം ആപൽക്കരമായ സാഹചര്യങ്ങൾക്ക് കാരണമാകുക എന്ന് കരുതിയിരുന്നെങ്കിലും, തീർച്ചയായും അവർ കാരണക്കാർ തന്നെയാണ്, എന്നാൽ മുസ്‌ലിം രാഷ്ട്രങ്ങളും ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട് എന്നതാണ് സത്യം. പാശ്ചാത്യ രാജ്യങ്ങളാണ് മുസ്‌ലിം രാജ്യങ്ങളിൽ ഭിന്നത സൃഷ്ടിച്ചത്, അത് പിന്നീട് ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് പടർന്നു. ഈ ഇസ്‌ലാമിക പ്രദേശങ്ങളിൽ കാണപ്പെടുന്ന വിഭവങ്ങൾ സ്വന്തമാക്കാനും അവ തങ്ങളുടെ നിയന്ത്രണത്തിലാക്കാനും പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്.
കുറച്ചുകാലമായി ഞാൻ നൽകിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പുകൾ ഇപ്പോൾ അതേപടി പ്രകടമായി കൊണ്ടിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, ദജ്ജാലി ശക്തികൾ നമ്മെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുകയില്ല. ലോകത്ത് നിരന്തരമായ കലഹങ്ങൾ ഉണ്ടാകുന്നതിലൂടെയാണ് അവർ അഭിവൃദ്ധി പ്രാപിക്കുന്നത്. അത്തരം രാജ്യങ്ങൾ സമാധാനം എന്ന പേരിൻ്റെ മറവിൽ സമാധാന ഉടമ്പടികൾ സ്ഥാപിക്കും. എന്നാൽ അവരുടെ ലക്ഷ്യം എണ്ണയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ സ്വന്തമാക്കുക എന്നതായിരിക്കും.
സൈനിക താവളങ്ങൾ ഉയർത്തുന്ന ഭീഷണി
അറബ് രാജ്യങ്ങളിൽ ഇപ്പോഴത്തെ യുദ്ധം വ്യക്തമാക്കുന്നത് അമേരിക്ക വിവിധ സ്ഥലങ്ങളിൽ സൈനിക താവളങ്ങൾ സ്ഥാപിച്ചിരിക്കുന്നു എന്നതാണ്. എന്നാൽ ഇതെന്തിന് വേണ്ടിയാണ്? ആ രാജ്യങ്ങളെ സംരക്ഷിക്കാനാണോ? വാസ്തവത്തിൽ മധ്യേഷ്യൻ രാജ്യങ്ങൾക്ക് എന്ത് ഭീഷണിയായിരുന്നു ഉണ്ടായിരുന്നത്? അവർ തന്നെ ഭീഷണി സൃഷ്ടിക്കുകയും അതിൽ നിന്ന് രക്ഷനേടാൻ സൈനിക താവളങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം.
അല്ലെങ്കിൽ, വ്യാപാര-വാണിജ്യ മേഖലകളിൽ സഹായിക്കാമെന്ന വാഗ്ദാനം നൽകി സൈനിക താവളങ്ങൾ നൽകാൻ മുസ്‌ലിം രാജ്യങ്ങളെ പ്രേരിപ്പിച്ചു. എന്നാൽ അവരുടെ യഥാർത്ഥ ലക്ഷ്യം സഹായിക്കുക എന്നതല്ല, മറിച്ച് സ്വന്തം ശക്തി വർദ്ധിപ്പിക്കുക എന്നതായിരുന്നു. അറബ് രാജ്യങ്ങൾക്ക് ഭീഷണികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ അമേരിക്ക തന്നെ സൃഷ്ടിച്ച ഭീഷണികളായിരുന്നു. ആത്യന്തികമായി അവരുടെ ലക്ഷ്യം ഈ രാഷ്ട്രങ്ങൾക്ക് മേൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു
ഇറാനെ സംബന്ധിച്ചിടത്തോളം, അത് എപ്പോഴും ഈ രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്, മാത്രമല്ല തീർച്ചയായും ചില മുസ്‌ലിം രാഷ്ട്രങ്ങൾ പോലും വിശ്വാസപരമായ വ്യത്യാസങ്ങൾ കാരണം ഇറാനെ എതിർത്തിട്ടുമുണ്ട്. ഈ ഭിന്നത പാശ്ചാത്യ രാജ്യങ്ങൾ മുതലെടുത്തു. ഇസ്രായേലിനെതിരെ ഇറാൻ കർശനമായ നയം സ്വീകരിച്ചത് കണ്ടപ്പോൾ, ഇസ്രായേലിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഇറാന്റെ മേൽ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാനും വേണ്ടി തങ്ങളുടെ സൈനിക താവളങ്ങൾ സ്ഥാപിച്ച് കൊണ്ട് അറബ് ലോകത്തെ അവർക്കെതിരിൽ അണിനിരത്താൻ അമേരിക്ക ഉദ്ദേശിച്ചു. ഈ താവളങ്ങൾ അറബ് ലോകത്തിന് ഭീഷണി ആയിരിക്കുന്നുവെന്നും ആ ഭീഷണികൾ അവരുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്ന തരത്തിൽ ആക്രമണങ്ങളുടെ രൂപത്തിൽ യാഥാർത്ഥ്യമായെന്നും ഇപ്പോൾ വ്യക്തമാണ്. ഇത് എണ്ണപ്പണത്തെയോ ടൂറിസത്തെയോ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയുള്ള മേഖലകളിൽ ദോഷകരമായ ആഘാതങ്ങൾ ഉണ്ടാക്കി. പാശ്ചാത്യ ശക്തികൾക്ക് മാത്രമാണ് ഇത് ഗുണം ചെയ്തത്, അത് അവർക്ക് ഗുണം ചെയ്തുകൊണ്ടേയിരിക്കും. കാരണം യുദ്ധമുണ്ടാകുമ്പോൾ എതിർശക്തികളും ആക്രമണങ്ങൾ നടത്തും. അമേരിക്ക ഇറാനുമായി യുദ്ധത്തിലേർപ്പെട്ടതിനാൽ, അത് അറബ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെയും എംബസികളെയും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയുടെ വിത്തുപാകൽ
അറബികൾ ജാഗ്രത പാലിക്കണമെന്ന് ഒരു അറബ് പത്രപ്രവർത്തകൻ എഴുതി. ഇറാനാണ് അറബ് രാജ്യങ്ങളിലേക്ക് ആക്രമണങ്ങൾ നടത്തുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ ഈ ആക്രമണങ്ങൾ അമേരിക്കയും ഇസ്രായേലും നടത്താനുള്ള സാധ്യതയുമുണ്ട്. ഇറാൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടാകാമെങ്കിലും, അമേരിക്കയും ഇസ്രായേലും അത് മുതലെടുക്കുകയും അവർ തന്നെ കൂടുതൽ ആക്രമണങ്ങൾ നടത്തുകയും ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. ആത്യന്തികമായി, മുസ്‌ലിം ലോകം തമ്മിൽ തല്ലുമ്പോൾ അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ സാധ്യതയുണ്ടെന്ന് പത്രപ്രവർത്തകൻ തുടരുന്നു.
ഇറാഖ് യുദ്ധസമയത്ത് ഈ ഭിന്നത പടരുകയേയുള്ളൂ എന്ന് നാലാം ഖലീഫ (റ) മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്‌ലിം ലോകം അത് ശ്രദ്ധിച്ചിരുന്നുവെങ്കിൽ. ഇറാഖിലെ യുദ്ധത്തോടൊപ്പം മറ്റ് മുസ്‌ലിം രാജ്യങ്ങളിലും ഭിന്നതയുണ്ടാക്കാൻ ശ്രമങ്ങൾ നടന്നുവെന്ന് വ്യക്തമാണ്. ഇത് ഈ മുസ്‌ലിം രാജ്യങ്ങളിൽ തുടർച്ചയായ അശാന്തിക്ക് കാരണമായി. ഇത് ആർക്കും നിഷേധിക്കാനാവില്ല. മുസ്‌ലിം രാജ്യങ്ങൾ തമ്മിൽ പോരടിക്കുന്നത് നാം കാണുന്നു. ഈ ഭിന്നത പാശ്ചാത്യ ലോകമാണ് ഉണ്ടാക്കിയത്. ദൈവം വിധിച്ചില്ലെങ്കിൽ ഇതിന് അന്ത്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
അതുകൊണ്ട് ലോകത്തെ കലഹങ്ങളിൽ നിന്നും അശാന്തിയിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് നാം പ്രാർത്ഥിക്കണം. മുസ്‌ലിം ലോകം സമാധാനം കൈവരിക്കുകയും ഐക്യത്തോടെയും സ്നേഹത്തോടെയും ജീവിതം നയിക്കണം. ഇതാണ് ഇസ്‌ലാം അവരെ പഠിപ്പിക്കുന്നത്. പരസ്പരം കഴുത്തറുക്കാൻ അത് അവരെ പഠിപ്പിക്കുന്നില്ല. അഹ്‌മദി എന്ന നിലയിൽ, അനീതികൾ ചെയ്യുന്നതിനെതിരെ അവർക്ക് മുന്നറിയിപ്പ് നൽകുന്നത് എല്ലായ്പ്പോഴും നമ്മുടെ ദൗത്യമായിരിക്കണം. ഈ ക്രൂരതകൾ അനുദിനം വർധിച്ചുവരുന്നത് കാണുമ്പോൾ വ്യാപകമായ ലോകമഹായുദ്ധം ഉണ്ടാകുമെന്ന് മനസ്സിലാകുന്നു. വാസ്തവത്തിൽ, ലോകമഹായുദ്ധം ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്ന് ചില പാശ്ചാത്യ നിരീക്ഷകർ വിശ്വസിക്കുന്നു. ലോകമഹായുദ്ധം തുടങ്ങിയതായി ഖലീഫ തിരുമനസ്സും അരുൾചെയ്തിട്ടുണ്ട്. ഇപ്പോഴെങ്കിലും മുസ്‌ലിം ലോകം ഒന്നിക്കുകയും ഐക്യപ്പെടുകയും ചെയ്താൽ ദജ്ജാലിന്റെ ആക്രമണങ്ങളിൽ നിന്ന് അവർക്ക് സ്വയം രക്ഷപ്പെടാൻ സാധിക്കും.
നീതിയുടെ ആവശ്യകതയും അവകാശങ്ങളുടെ സംരക്ഷണവും
ഇന്നത്തെ ഭീഷണി ലോകത്തിന് വളരെ വലുതാണ്. എല്ലാവരും അവരവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളിലും നേട്ടങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഒരാൾ സ്വാർത്ഥനാകുമ്പോൾ അവർക്ക് തന്നെക്കുറിച്ച് അല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാൻ കഴിയില്ല. ഇന്നത്തെ ലോകത്ത് സ്വന്തം അവകാശങ്ങൾ തേടുക മാത്രമല്ല ചെയ്യേണ്ടത്, മറിച്ച് മറ്റുള്ളവരുടെ അവകാശങ്ങളെയും മനുഷ്യർ ബഹുമാനിക്കണം. അതുകൊണ്ട് മുസ്‌ലിം ലോകത്തോട് നീതി പുലർത്താൻ പറയണം, എങ്കിൽ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കാൻ കഴിയൂ
ഈ പരിസമാപ്തിയെക്കുറിച്ച് ഞാൻ വളരെക്കാലമായി ലോകത്തിന് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്. ഖലീഫ തിരുമനസ്സിന് ലോകത്തെക്കുറിച്ച് വളരെ അശുഭകരമായ കാഴ്ചപ്പാടാണുള്ളതെന്ന് പറയുകയോ പരിഹസിക്കുകയോ ചെയ്തവർ തന്നെ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസാധ്യമെന്ന് അവർ കരുതിയത് യാഥാർത്ഥ്യമായി മാറുന്നു എന്ന് ഇപ്പോൾ ഈ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അംഗീകരിക്കുന്നു. ലോകമഹായുദ്ധം ആരംഭിച്ചുവെന്നും അത് തീവ്രമാകുകയേയുള്ളൂവെന്നും അമേരിക്കൻ, യൂറോപ്യൻ നിരീക്ഷകരും പറയുന്നു. ഈ രാഷ്ട്രങ്ങൾ സ്വന്തം താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിടുന്നത് തുടരുകയാണെങ്കിൽ ഈ യുദ്ധങ്ങൾ വർദ്ധിക്കുകയേയുള്ളൂ.
പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധത്തെ സംബന്ധിച്ച് അത് ഇറാനെ അമേരിക്ക ആക്രമിച്ചതോടെയാണ് ആരംഭിച്ചതെന്ന് പറയുന്നു. തങ്ങൾ ആക്രമിക്കപ്പെട്ടാൽ അറബ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്ക ഇറാനെ ആക്രമിക്കാനും അവരുടെ ഉപജീവനമാർഗം നശിപ്പിക്കാനും നിരപരാധികളെ കൊല്ലാനും അവരുടെ ആത്മീയ നേതാവിനെ കൊല്ലാനും മുതിർന്നു. നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനും ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകാനുമാണ് തങ്ങൾ ഇത് ചെയ്തതെന്ന് അമേരിക്ക പറഞ്ഞു. എന്നാൽ ഇറാനെ അല്പമെങ്കിലും എതിർത്തിരുന്നവർ പോലും അതിന് അനുകൂലമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഫലം. അവരുടെ കാഴ്ചപ്പാടിൽ ഖാംനയിയെ ഒരു രക്തസാക്ഷിയാക്കി മാറ്റുകയും രാജ്യത്ത് അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കൾ കൊല്ലപ്പെട്ടു, വാസ്തവത്തിൽ അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു. ഒരു ഭരണമാറ്റത്തിന് പകരം അത് ജനങ്ങളുടെ കണ്ണിൽ അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിന് മറുപടിയായി അറബ് രാജ്യങ്ങളിലെ പാശ്ചാത്യ താവളങ്ങളെ ഇറാൻ ആക്രമിച്ചു. സൗദി അറേബ്യയിലെ എണ്ണക്കിണറുകൾ ഇറാൻ ആക്രമിച്ചാൽ കൂടുതൽ നടപടിയെടുക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചില എണ്ണക്കിണറുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ തങ്ങൾ ഒരിക്കലും ആ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്നും അതിന് ഉദ്ദേശമില്ലെന്നും ഇറാൻ പ്രതികരിക്കുകയും വ്യക്തമാക്കുകയും ചെയ്തു.
ഇവയെല്ലാം മുസ്‌ലിംകളോട് കൂടുതൽ വിദ്വേഷം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളാണ്. നേരത്തെ പറഞ്ഞതുപോലെ, അമേരിക്കയും ഇസ്രായേലും ഈ ആക്രമണങ്ങൾ സ്വയം നടത്തുകയും പിന്നീട് ഇറാന്റെ മേൽ കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ഒരു അറബ് പത്രപ്രവർത്തകൻ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ മുസ്‌ലിം ലോകം വളരെ ജാഗ്രതയോടെ നീങ്ങണം. ഈ സാഹചര്യങ്ങളിൽ വേദനിക്കുന്ന അഹ്മദികൾ എന്ന നിലയിൽ, ആളുകൾക്ക് മുന്നറിയിപ്പ് നൽകാനും അവർക്കായി പ്രാർത്ഥിക്കാനുമല്ലാതെ മറ്റൊന്നിനുമുള്ള ശക്തി നമുക്കില്ല. സംഭവിക്കുന്നതെല്ലാം തെറ്റാണെന്ന് നാം അവർക്ക് വിശദീകരിച്ചുകൊടുക്കണം. ഇസ്‌ലാമിക ഭരണകൂടങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലാക്കുകയും സ്വന്തം നേട്ടം മാത്രം നോക്കാതെ മുസ്‌ലിം ലോകത്തിന്റെ മുഴുവൻ നേട്ടത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ അവർക്ക് ഇപ്പോഴും രക്ഷപ്പെടാം.
ഈ യുദ്ധത്തിൽ ഉണ്ടായ നഷ്ടം
ഈ യുദ്ധം അപകടകരമായ തലത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. ഇറാൻ മിസൈലുകൾ പ്രയോഗിക്കുന്നു. ഈ മിസൈലുകൾ തടയാൻ അമേരിക്കയ്ക്ക് സംവിധാനമുണ്ടെങ്കിലും, ഇറാൻ 50,000 ഡോളറിന്റെ മിസൈൽ തൊടുത്താൽ അത് തടയാൻ അമേരിക്കയ്ക്ക് ദശലക്ഷക്കണക്കിന് ഡോളർ ചിലവാക്കേണ്ടി വരുന്നുവെന്നും അതുകൊണ്ട്തന്നെ ഈ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം അമേരിക്ക അനുഭവിക്കുകയാണെന്നും ചില വിദഗ്ധർ പറയുന്നു. എന്നാൽ ഇതൊരു സിദ്ധാന്തം മാത്രമാണ്. കാരണം ഇത്തരം ചിലവുകൾ ഈ പാശ്ചാത്യ രാജ്യങ്ങൾ സാധാരണയായി മുൻകൂട്ടി കണക്കാക്കിയിട്ടുണ്ടാകും.
അമേരിക്ക ഈ ചിലവ് സ്വന്തമായി വഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് തങ്ങൾ അവരുടെ പ്രതിരോധത്തിനായി വരികയാണെന്ന് പറഞ്ഞ് അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുവാനാണ് സാധ്യത. ഒരു വശത്ത് വില വർദ്ധിക്കുകയും ഉത്പാദിപ്പിക്കുന്ന എണ്ണയുടെ അളവ് കുറയുകയും ചെയ്യുന്നു. മറുവശത്ത് അവർക്ക് അവരുടെ കരുതൽ ശേഖരണത്തിൻ്റെ നഷ്ടം നികത്തേണ്ടിയും വരും. ആത്യന്തികമായി അറബ് സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ താറുമാറാകും. തീർച്ചയായും പാശ്ചാത്യ രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥ കഷ്ടത്തിലാകുമെങ്കിലും ഏറ്റവും വലിയ നഷ്ടം അറബ് രാജ്യങ്ങൾക്കായിരിക്കും സംഭവിക്കുക.
ഇന്നത്തെ അമേരിക്കൻ പ്രസിഡന്റിന്റെ നയം മുൻ ഭരണകൂടങ്ങൾക്ക് സമാനമായത് തന്നെയാണ്. ഇതൊരു പുതിയ നയമല്ല. അവർ ആഗ്രഹിക്കുന്നത് ഏത് രാജ്യത്തിന്റെയും വിഭവങ്ങൾ പിടിച്ചെടുക്കുകയും അതിനായി ചില ന്യായീകരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ്. അമേരിക്കയുടെ നിലവിലെ വൈസ് പ്രസിഡന്റ് പറഞ്ഞത്, ഒരു രാജ്യം തങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, തങ്ങളെ പിന്തുണയ്ക്കാൻ സമ്മതിക്കുന്നത് വരെ അതിന്റെ വിഭവങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നാണ്. അങ്ങനെ തങ്ങളോടൊപ്പം ചേരാത്തവർക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നു. അടുത്തിടെ സ്‌പെയിൻ പ്രസിഡന്റ് ഈ യുദ്ധത്തിൽ സ്‌പെയിൻ പങ്കെടുക്കില്ലെന്ന് ധീരമായി പറഞ്ഞപ്പോൾ, അമേരിക്ക അവരുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ രാജ്യങ്ങൾ ഈ യുദ്ധങ്ങളിൽ ചേരാൻ നിർബന്ധിതരാകുന്നു. അവിടെ നീതിയുടെ കണിക പോലുമില്ല. നീതി ഇല്ലാതാകുമ്പോൾ നാശം സംഭവിക്കുന്നു. അത് ഇന്ന് കാണാൻ കഴിയുന്നു. വാസ്തവത്തിൽ ഇത്തരം അനീതികൾ തുടർന്നാൽ ഇതിലും മോശമായ സാഹചര്യങ്ങൾ ഉണ്ടാകും.
അമേരിക്കൻ യുദ്ധത്തിന്റെ ഫലമായി സ്ത്രീകൾക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പാർലമെന്റ് അംഗമായ ഒരു യൂറോപ്യൻ വനിതാ പറയുകയുണ്ടായി. ഇറാനിയൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും ഈ അവകാശവാദം തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഈ യുദ്ധത്തിന്റെ ഫലമായി ഇറാനിയൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കില്ല, കാരണം അമേരിക്ക ഒരിക്കലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടില്ല.
ഈ രാജ്യങ്ങൾക്ക് മേൽ അമേരിക്കയ്ക്ക് നേരത്തെ തന്നെ കുത്തകാവകാശം ഉണ്ടായിരുന്നെങ്കിലും, ഇസ്രായേലിനെ ഉൾപ്പെടുത്തിയതിലൂടെ അവർ ഈ അവകാശം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. അറബ് രാജ്യങ്ങളാണെങ്കിൽ തങ്ങളെ പരസ്പരം പോരടിപ്പിക്കുകയാണെന്ന് തിരിച്ചറിയുന്നില്ല. ഇപ്പോൾ റഷ്യയും ചൈനയും അവരുടെ ബ്ലോക്കുകൾ രൂപീകരിക്കുന്നു, അത് വർദ്ധിക്കുകയേയുള്ളൂ. മുസ്‌ലിം ലോകം, ലോകത്തിന് ഒരു യുദ്ധക്കളമായി തുടരും. കാരണം മറ്റു രാജ്യങ്ങൾ തേടുന്ന ഉപാധികളും വിഭവങ്ങളും അവർക്കുണ്ട്. മുസ്‌ലിം ലോകം ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ.
അനുമാനത്തിന്റെ അടിസ്ഥാനത്തിൽ യുദ്ധം
ഇറാൻ ഒരു ആണവ ബോംബ് നിർമ്മിച്ചിട്ടുണ്ടാകാം എന്നോ അല്ലെങ്കിൽ അവർ നടത്തിയേക്കാവുന്ന ഏതെങ്കിലും ആക്രമണത്തെ മുൻകൂട്ടി തടയാൻ വേണ്ടിയാണ് തങ്ങൾ ഇറാനെ ആക്രമിച്ചതെന്ന് അമേരിക്കയും സഖ്യകക്ഷികളും പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഉണ്ടായേക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യുദ്ധം ആരംഭിച്ചത്. ഇറാനുമായി യുദ്ധത്തിന് പോകുന്നത് അമേരിക്ക ആദ്യം വിചാരിച്ചത്ര എളുപ്പമല്ലെന്നും ഈ യുദ്ധം ദീർഘകാലം നീണ്ടുനിന്നേക്കാമെന്നും അത് മുസ്‌ലിം ലോകത്തെ തീർച്ചയായും ദോഷകരമായി ബാധിക്കുമെന്നും പാശ്ചാത്യ നിരീക്ഷകർ പറയുന്നു. ഏറ്റവും സങ്കടകരമായ കാര്യം മുസ്‌ലിംകൾ തന്നെ മറ്റ് മുസ്‌ലിംകളെ കൊല്ലുന്നു എന്നതാണ്. നിരവധി നിരപരാധികളും കുട്ടികളും കൊല്ലപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിലാണ് കുറച്ച് കുട്ടികൾ കൊല്ലപ്പെട്ടിരുന്നതെങ്കിൽ അതിനെക്കുറിച്ച് ദിവസങ്ങളോളം എഴുതപ്പെടുമായിരുന്നു എന്ന് അമേരിക്കൻ ലേഖകർ എഴുതി. എന്നാൽ പശ്ചിമേഷ്യയിൽ ഒരു സ്കൂൾ ബോംബിട്ട് തകർക്കപ്പെട്ടപ്പോൾ ഒന്നും പറയപ്പെട്ടില്ല. ഫലസ്തീനിലെ സ്ഥിതി ഇതായിരുന്നു, ഇപ്പോൾ ഇറാന്റെ കാര്യത്തിലും അത് തന്നെ. അവരുടെ കണ്ണിൽ മുസ്‌ലിം ജീവന് യാതൊരു വിലയുമില്ലെന്നാണ് ഇത് കാണിക്കുന്നത്.
മുസ്‌ലിം ഉമ്മത്ത് ഐക്യപ്പെടണം
മുസ്‌ലിം ലോകത്തിന് അല്ലാഹു വിവേകം നൽകട്ടെ എന്നും ഐക്യപ്പെട്ടുകൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരെ പ്രാപ്തരാക്കട്ടെ എന്നും ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു. അവർ ഏകദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ, ഭൂമിയിൽ ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്നതിന് അവർ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്. വിശ്വാസങ്ങളിലെ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ തർക്കങ്ങൾ തുടങ്ങി വെക്കേണ്ട ആവശ്യമില്ല, കാരണം ചിലപ്പോൾ അത് സംഘർഷങ്ങൾക്ക് കാരണമാകുന്നു. നബിതിരുമേനി(സ) എത്രയധികം ജാഗ്രത പുലർത്തുകയും ദയ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു വ്യക്തി കപടവിശ്വാസിയാണെന്ന് അനുചരന്മാർ പറഞ്ഞപ്പോൾ, ആ വ്യക്തി ഇസ്‌ലാമിക സത്യസാക്ഷ്യം പ്രഖ്യാപിക്കുന്നിടത്തോളം താൻ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് നബിതിരുമേനി(സ) മറുപടി നൽകി. അതുകൊണ്ട് തികച്ചും നിസ്സാരമായ കാര്യങ്ങളിൽ തർക്കങ്ങൾ തുടങ്ങുന്നത് അവർക്ക് തന്നെ ദോഷം ചെയ്യും.
മുസ്‌ലിം ലോകത്തിന് അല്ലാഹു വിവേകം നൽകുമാറാകട്ടെ. ഇപ്പോഴെങ്കിലും വിശ്വാസപരമായ വ്യത്യാസങ്ങളുടെ പേരിൽ മാത്രം ഇറാന് വിരുദ്ധരാകാൻ പാടില്ലെന്ന് അവർ തിരിച്ചറിയട്ടെ. ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കാനാണ് ഇസ്‌ലാം വന്നത്, അതിനാൽ എല്ലാവരും ഈ ലക്ഷ്യത്തിനായി പരിശ്രമിക്കണം. ലോകത്തിലെ വൻശക്തികളെ അവർ തങ്ങളുടെ ദൈവങ്ങളാക്കരുത്. കാരണം യഥാർത്ഥവും ശാശ്വതവുമായ അധികാരം അല്ലാഹുവിന്റേതാണ്. ഉണരാനും ദൈവത്തിലേക്ക് മടങ്ങാനും ഇനിയും സമയമുണ്ട്. ഭൗതികവാദികൾ ലോകത്തിന്റെ സമാധാനം നശിപ്പിച്ചു. അത് തുടരുകയും ചെയ്യും.
വിശുദ്ധ ഖുർആനിൽ അല്ലാഹു പ്രസ്താവിക്കുന്നു:
വിശ്വാസികളിൽപ്പെട്ട രണ്ടു വിഭാഗങ്ങൾ തമ്മിൽ യുദ്ധത്തിലേർപെട്ടാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക. എന്നിട്ടു അവരിലൊരുവിഭാഗം മറുവിഭാഗത്തെ ആക്രമിക്കുന്നതായാൽ ആക്രമിക്കുന്ന വിഭാഗത്തോട് അവർ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ നിങ്ങൾ യുദ്ധംചെയ്യുക. അങ്ങനെ അവർ മടങ്ങിയാൽ അവരുടെയിടയിൽ ന്യായപൂർവം നിങ്ങൾ രഞ്ജിപ്പുണ്ടാക്കുകയും നീതിപാലിക്കുകയും ചെയ്യുക. നീതി പാലിക്കുന്നവരെ അല്ലാഹു തീർച്ചയായും സ്നേഹിക്കുന്നു.’ (വിശുദ്ധ ഖുർആൻ, 49:10)
നീതിയുടെ താല്പര്യങ്ങൾ നിറവേറ്റപ്പെടണമെന്നും മുസ്‌ലിം ഗവൺമെന്റുകൾ തങ്ങളുടെ പങ്ക് വഹിക്കണമെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ നിക്ഷിപ്ത താല്പര്യങ്ങൾക്കായിരിക്കരുത് മുൻഗണന, മറിച്ച് നിലവിലുള്ള യഥാർത്ഥ പ്രശ്നം പരിഹരിക്കപ്പെടണം എന്നതായിരിക്കണം ലക്ഷ്യം. ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ദജ്ജാലാണ് യഥാർത്ഥ പ്രശ്നം. ഇതുവരെ സമാധാനം സ്ഥാപിക്കുന്നതിൽ യുഎൻ അതിന്റെ പങ്ക് വഹിച്ചിട്ടില്ല. നിക്ഷിപ്ത താല്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കുമ്പോൾ മാത്രമേ നമുക്ക് സമാധാനം സ്ഥാപിക്കാൻ കഴിയുകയുള്ളൂ.
അല്ലാഹു വീണ്ടും പറയുന്നു:
“സത്യവിശ്വാസികൾ [പരസ്പരം] സഹോദരങ്ങൾ തന്നെയാണ്. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക; നിങ്ങൾക്ക് കരുണ ചെയ്യപ്പെടുന്നതിനുവേണ്ടി.” (വിശുദ്ധ ഖുർആൻ, 49:11)
രണ്ട് മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയോ തർക്കമോ ഉണ്ടായാൽ പോലും, തങ്ങൾ അന്തർലീനമായി സഹോദരങ്ങളാണെന്ന് അവർ ഓർക്കണമെന്നും നിസ്സാര തർക്കങ്ങൾ ഈ സാഹോദര്യത്തെ ഇല്ലാതാക്കാൻ പാടില്ലെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. മുസ്‌ലിം ലോകം ഇതിൽ പ്രത്യേക ശ്രദ്ധ പാലിക്കണം. അല്ലാത്തപക്ഷം ഇസ്‌ലാം വിരുദ്ധ ശക്തികൾ അത് മുതലെടുക്കുന്നതാണ്. മുസ്‌ലിം ലോകം ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ. അതിന് അവർക്ക് അല്ലാഹു വിവേകം നൽകട്ടെ. എന്തായാലും മുസ്‌ലിം ലോകത്തിന് വേണ്ടിയും, പ്രത്യേകിച്ച് നിരപരാധികൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണ്ടത് ഓരോ അഹ്‌മദിയുടെയും കടമയാണ്. റമദാനിൽ ഒരാൾ തനിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മുസ്‌ലിം ലോകത്തിന് വേണ്ടിയും, സമാധാനവും ഐക്യവും സ്ഥാപിതമാകുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണം. മുസ്‌ലിംകൾ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവത്തിന്റെ അപ്രീതി ക്ഷണിച്ചുവരുത്തികൊണ്ട് ഈ ലോകത്തും പരലോകത്തും നഷ്ടങ്ങൾ വരുത്തിവെക്കുന്നു. മുസ്‌ലിം ലോകത്തിന് ഇത് തിരിച്ചറിയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. യഥാർത്ഥ അർത്ഥത്തിൽ നമസ്കാരങ്ങൾ അനുഷ്ഠിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.
ജനാസ നമസ്കാരം (അനുസ്മരണങ്ങൾ)
സാഹിബ്സാദി അമത്തുൽ ജമീൽ:
ഒന്നാമതായി രണ്ടാം ഖലീഫ(റ)യുടെ ഇളയ മകളും പരേതനായ നാസിർ മുഹമ്മദ് സിയാൽ സാഹിബിന്റെ ഭാര്യയുമായിരുന്ന സാഹിബ്സാദി അമത്തുൽ ജമീൽ സാഹിബയുടെതാണ്. ഹദ്റത്ത് സയ്യിദ ഉമ്മു താഹിറായിരുന്നു അവരുടെ മാതാവ്. രണ്ടാം ഖലീഫ(റ)യാണ് അവരുടെ വിവാഹ പ്രഖ്യാപനം നടത്തിയത്. ഒരു മകനും മൂന്ന് മകളുമടക്കം നാല് മക്കളാണ് അവർക്ക്. അവർ പാവപ്പെട്ടവരെയും ദരിദ്രരെയും പരിചരിച്ചിരുന്നു. രണ്ടാം ഖലീഫ(റ)യുടെ ജീവിതത്തിൽ നിന്നുള്ള പല കാര്യങ്ങളും അവർ വിവരിക്കാറുണ്ടായിരുന്നു. ഒരിക്കൽ, അവർ തന്റെ ഷൂസ് രണ്ടാം ഖലീഫ(റ)യുടെ ഷൂസിന് അരികിൽ വെച്ചു. കാരണം സാധാരണയായി അദ്ദേഹം ഷൂസ് പുറത്ത് വെക്കുമ്പോൾ ആരെങ്കിലും അത് വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ രണ്ടാം ഖലീഫ (റ) മറ്റൊരു ജോഡി ഷൂസ് കണ്ടപ്പോൾ അത് ആരുടേതാണെന്ന് ചോദിച്ചു. അത് തന്റേതാണെന്ന് പറഞ്ഞപ്പോൾ, സ്വന്തം ഷൂസ് പോളിഷ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് തനിക്ക് തരണമെന്നും താൻ അവ പോളിഷ് ചെയ്തുതരാമെന്നും പറഞ്ഞു. എന്നാൽ ജമാഅത്തിലെ ഒരു പ്രവർത്തകനെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രവർത്തകരോട് രണ്ടാം ഖലീഫ(റ)യ്ക്ക് ഉണ്ടായിരുന്ന ബഹുമാനവും ആദരവുമാണ് ഈ സംഭവം കാണിക്കുന്നത്. അവർക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് മാതാവ് അന്തരിച്ചത്. തന്റെ ഏഴ് വയസ്സുള്ള മകൾ സങ്കടത്താൽ വിലപിക്കുന്നത് കണ്ട് രണ്ടാം ഖലീഫ (റ) അവളുടെ അടുത്ത് ചെന്ന് മാതാവ് അല്ലാഹുവിന്റെ വീട്ടിലേക്കാണ് പോയതെന്നും അവിടെ അവർക്ക് വിശ്രമം ലഭിക്കുമെന്നും ഇത് അല്ലാഹുവിന്റെ ഹിതമാണെന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. അദ്ദേഹം വിശദീകരിച്ചുകൊണ്ട് പറഞ്ഞു, നബിതിരുമേനി(സ)യും അവളുടെ മുത്തച്ഛനായ വാഗ്ദത്ത മസീഹും (അ) അന്തരിച്ചു. അവളുടെ മാതാവ് അവരെക്കാൾ വലിയ പദവിയിലാണോ എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് ദൈവത്തിന്റെ തണൽ തന്റെ മകളെ ഒരു നിമിഷം പോലും വിട്ടുപോകാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു. ഈ പ്രാർത്ഥനയ്ക്ക് ശേഷം അവൾ പിന്നീട് ഒരിക്കലും സങ്കടത്താൽ കരഞ്ഞില്ല. പിറ്റേദിവസം അവരുടെ മൂത്ത സഹോദരി കരയുമ്പോൾ, ഇത് അല്ലാഹുവിന്റെ ഹിതമാണെന്ന് പിതാവ് നേരത്തെ വിശദീകരിച്ചിട്ടും സഹോദരി കരയുന്നത് എന്തിനാണെന്ന് അമത്തുൽ ജമീൽ സാഹിബ ചോദിച്ചു.
അവർ സാമ്പത്തിക ത്യാഗങ്ങൾ പതിവായി ചെയ്യുന്നവരും അയൽക്കാരോട് ദയയുള്ളവരുമായിരുന്നു. പരിസമാപ്തി ശുഭകരമാകാൻ അവർ എപ്പോഴും പ്രാർത്ഥനകൾക്ക് അഭ്യർത്ഥിക്കുമായിരുന്നു. പ്രാർത്ഥനയിൽ ധാരാളം സമയം ചെലവഴിക്കുകയും മറ്റുള്ളവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു അവർക്ക് പാപമോചനവും കരുണയും നൽകട്ടെ എന്ന് ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.
ഡോക്ടർ റാഷിദ് അഹ്‌മദ് ഖാൻ:
ഹോളണ്ടിലെ ഡോക്ടർ റാഷിദ് അഹ്‌മദ് ഖാൻ സാഹിബിന്റെതാണ് അടുത്തത്. അദ്ദേഹത്തിന് നാല് ആൺമക്കളും നാല് പെൺമക്കളുമാണ് ഉള്ളത്. അദ്ദേഹം ഭക്തനും ദൈവഭയമുള്ള ആളും കുടുംബത്തോട് നല്ല രീതിയിൽ പെരുമാറുന്ന ധീരനും പൗരുഷമുള്ള വ്യക്തിയുമായിരുന്നു. ഖിലാഫത്തിനോട് അങ്ങേയറ്റം കൂറുപുലർത്തുന്ന, ഏത് ത്യാഗത്തിനും സന്നദ്ധനായിരുന്ന വ്യക്തിയായിരുന്നു. പാവപ്പെട്ടവരും അശരണരുമായ നിരവധി ആളുകളെ അദ്ദേഹം നിശബ്ദമായി സഹായിച്ചു. സർഹദ് പ്രവിശ്യയിലെ അഹ്‌മദികളുമായി ബന്ധം സ്ഥാപിക്കാൻ രണ്ടാം ഖലീഫ (റ) അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇസ്‌ലാം അഹ്‌മദിയ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമുണ്ടായിരുന്നു. അതിന്റെ ഫലമായി അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചുമത്തപ്പെടുകയും വിവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ ഒരു ജനക്കൂട്ടം അദ്ദേഹത്തെ മർദിക്കുകയും ശരീരത്തിലെ മിക്കവാറും എല്ലുകളും ഒടിക്കുകയും മരണപ്പെട്ടു എന്ന് കരുതി ഒഴിവാക്കുകയും ചെയ്തു. അദ്ദേഹത്തിന് എങ്ങനെ ജീവൻ നിലനിർത്താൻ സാധിച്ചു എന്നതിൽ ഡോക്ടർമാർ അത്ഭുതപ്പെട്ടു. അദ്ദേഹത്തെ മോർച്ചറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ ജീവനോടെ നിലനിർത്താൻ ഉദ്ദേശിക്കുകയും അദ്ദേഹത്തിന് ഒരു പുതിയ ജീവിതം നൽകുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കരുണയും നൽകട്ടെ എന്നും സ്വർഗത്തിൽ അദ്ദേഹത്തിന്റെ പദവി ഉയർത്തട്ടെ എന്നും അദ്ദേഹത്തിന്റെ സൽഗുണങ്ങളുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ മക്കളെ പ്രാപ്തരാക്കട്ടെ എന്നും ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.
സൈനബ് ബീവി:
പരേതനായ ബഷീർ അഹ്‌മദ് സാഹിബിന്റെ ഭാര്യയായിരുന്ന സൈനബ് ബീവിയുടേതാണ് അടുത്തത്. അവർ പതിവായി നമസ്കരിക്കുകയും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും ചെയ്തിരുന്നു. ഖിലാഫത്തിനോട് അഗാധമായ സ്നേഹമുണ്ടായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുമായിരുന്നു. അവർക്ക് മൂന്ന് ആൺമക്കളും നാല് പെൺമക്കളുമാണുള്ളത്. അവരുടെ പെൺമക്കളിൽ ഒരാൾ സാംബിയയിൽ സേവനമനുഷ്ഠിക്കുന്ന ഒരു മിഷനറിയുടെ ഭാര്യയാണ്. അവർക്ക് മാതാവിന്റെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അല്ലാഹു അവർക്ക് ക്ഷമ നൽകട്ടെ എന്നും പരേതയ്ക്ക് പാപമോചനവും കരുണയും നൽകട്ടെ എന്നും ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.








0 Comments