പരിശുദ്ധ പ്രവാചകൻ(സ) – സത്യസന്ധതയുടെ ഉത്തമ മാതൃക

സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.

പരിശുദ്ധ പ്രവാചകൻ(സ) – സത്യസന്ധതയുടെ ഉത്തമ മാതൃക

സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 17 ഏപ്രിൽ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ് തഅവ്വുദ് സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ (അയ്യദഹുല്ലാഹു തആല ബിനസ്രിഹിൽ അസീസ്) വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തങ്ങൾ പാരായണം ചെയ്തു:

പറയുക, (ഇതല്ലാത്ത മറ്റൊരു അധ്യാപനം നൽകണമെന്ന്) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഇത് (ഖുർആൻ) നിങ്ങൾക്ക് ഞാൻ ഓതി കേൾപ്പിക്കുമായിരുന്നില്ല. അവൻ നിങ്ങൾക്ക് അതിനെ സംബന്ധിച്ച് അറിവ് തരുകയുമില്ലായിരുന്നു. ഇതിനുമുമ്പ് ഒരു ദീർഘകാലം ഞാൻ നിങ്ങളുടെ ഇടയിൽ ജീവിച്ചിട്ടുണ്ടല്ലോ? എന്നിട്ടും നിങ്ങൾ (കാര്യങ്ങൾ) ഗ്രഹിക്കുന്നില്ലേ?
അപ്പോൾ, അല്ലാഹുവിന്‍റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയോ അല്ലെങ്കിൽ അവന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയോ ചെയ്യുന്നവനേക്കാൾ വലിയ ആക്രമി മറ്റാരാണ്? തീർച്ചയായും കുറ്റവാളികൾ വിജയിക്കുകയില്ല.
(വിശുദ്ധ ഖുർആൻ 10:17-18)

പരിശുദ്ധ പ്രവാചകൻ(സ)യുടെ ജീവിതത്തിലെ വിവിധ വശങ്ങളെക്കുറിച്ച് പരാമർശിക്കുന്നതിന്‍റെ തുടർച്ചയായി, അവിടുത്തെ സൽസ്വഭാവത്തെയും സത്യസന്ധതയെയും കുറിച്ച് ഇന്ന് വിവരിക്കുമെന്ന് ഹുസൂർ(അ) അരുളിച്ചെയ്തു. തിരുനബി(സ)യുടെ സത്യസന്ധത ഏറ്റവും ഉന്നതമായ നിലവാരത്തിലുള്ളതായിരുന്നു; ശത്രുക്കൾ പോലും അത് സാക്ഷ്യപ്പെടുത്തുന്ന തരത്തിലായിരുന്നു അത്. മുകളിൽ ഉദ്ധരിച്ച ഖുർആൻ സൂക്തങ്ങൾ പ്രവാചകൻ(സ)യുടെ സത്യസന്ധതയെ സാക്ഷ്യപ്പെടുത്തുന്നവയാണ്. തന്‍റെ സത്യസന്ധതയ്ക്കുള്ള തെളിവായി ജനങ്ങളോട് ഇക്കാര്യം സംവദിക്കുവാൻ അല്ലാഹു പ്രവാചകനോട്(സ) നിർദ്ദേശിക്കുകയുണ്ടായി. അതുപോലെതന്നെ, തിരുനബി(സ)യുടെ യഥാർത്ഥ അനുയായികളായിത്തീരുന്നതിന് സത്യസന്ധതയുടെ അത്യുന്നത നിലവാരം പുലർത്തുക എന്നത് അദ്ദേഹത്തിന്‍റെ അനുയായികൾക്ക് അനിവാര്യമായിത്തീരുകയും ചെയ്തു.

ശത്രുക്കളുടെ സാക്ഷ്യപ്പെടുത്തലുകൾ

ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദ്‌(റ) എഴുതിയ ഒരു സംഭവം ഹുസൂർ(അയ്യദഹുല്ലാഹ്) ഉദ്ധരിക്കുകയുണ്ടായി. ഒരിക്കൽ മക്കയിൽ ഒരു യോഗം വിളിച്ചു കൂട്ടി. മക്കയ്ക്ക് പുറത്തുള്ളവർ വന്ന് പരിശുദ്ധ പ്രവാചകൻ(സ)യെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാവരും ഒരേപോലെ നൽകേണ്ട മറുപടി തീരുമാനിക്കാനായിരുന്നു ആ യോഗം. മുഹമ്മദ്(സ) ഒരു നുണയനാണെന്ന് ജനങ്ങളോട് പറയാമെന്ന് മക്കക്കാരിൽ ഒരാൾ നിർദ്ദേശിച്ചു. എന്നാൽ മറ്റൊരു മക്കക്കാരൻ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: “നമുക്ക് അങ്ങനെ പറയാൻ കഴിയില്ല, കാരണം ആരും അത് വിശ്വസിക്കില്ല. മുഹമ്മദ്(സ) നമുക്കിടയിലാണ് വളർന്നതെന്നും, ഏറ്റവും സത്യസന്ധനും വിശ്വസ്തനുമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതെന്നും, ആളുകൾ തങ്ങളുടെ സമ്പാദ്യങ്ങൾ അദ്ദേഹത്തെയാണ് ഏൽപ്പിച്ചിരുന്നതെന്നും ജനങ്ങൾ പറയും. ഇപ്പോൾ അദ്ദേഹം മുതിർന്നവനാകുകയും ഇസ്‌ലാമിന്‍റെ സന്ദേശം എത്തിക്കുകയും ചെയ്തപ്പോൾ നിങ്ങൾ അദ്ദേഹത്തെ നുണയനെന്ന് വിളിക്കുന്നുവോ? ഇത് ഒരിക്കലും അംഗീകരിക്കപ്പെടില്ല.” അദ്ദേഹത്തിന്‍റെ സത്യസന്ധതയെക്കുറിച്ചുള്ള ഈ സാക്ഷ്യപ്പെടുത്തൽ എത്ര മനോഹരം!

ഹിരാക്ലിയസ് ചക്രവർത്തി അബൂസുഫിയാനോട് തിരുനബി(സ)യെക്കുറിച്ച് അദ്ദേഹം എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ എന്ന് ആരായുകയുണ്ടായി. അന്ന് പ്രവാചകന്‍റെ ശത്രുവായിരുന്നിട്ടു പോലും ‘ഇതുവരെ അദ്ദേഹം ഒരു നുണപോലും പറഞ്ഞിട്ടില്ല’ എന്നാണ് അബൂസുഫിയാൻ മറുപടി നൽകിയത്. അദ്ദേഹത്തിന് ഇത് സാക്ഷ്യപ്പെടുത്തേണ്ടി വന്നു; എങ്കിലും ചെറിയൊരു സംശയമെങ്കിലും ജനിപ്പിക്കുക എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് ‘ഇതുവരെ’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്.

അതുപോലെതന്നെ, ഒരിക്കൽ പരിശുദ്ധ പ്രവാചകൻ(സ) മക്കാനിവാസികളെ ഒരു മലയടിവാരത്തിൽ വിളിച്ചുകൂട്ടി. പർവ്വതത്തിന്‍റെ മറുഭാഗത്ത് നിങ്ങളെ ആക്രമിക്കാൻ ഒരു സൈന്യം തയ്യാറായി നിൽക്കുന്നുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കുമോ എന്ന് അദ്ദേഹം അവരോട് ചോദിച്ചു. തീർച്ചയായും ഞങ്ങൾ വിശ്വസിക്കുമെന്നും, കാരണം താങ്കളെ സത്യസന്ധനായി മാത്രമേ ഞങ്ങൾക്ക് അറിവുള്ളൂ എന്നുമാണ് അവർ ഏകകണ്ഠമായി മറുപടി നൽകിയത്. പർവ്വതത്തിന്‍റെ മറുവശത്ത് ഒരു സൈന്യം ഉണ്ടാകുക എന്നത് അസാധ്യമാണെന്ന് അറിഞ്ഞിരുന്നിട്ടും അവർ അത് അംഗീകരിച്ചു. കാരണം, തിരുനബി(സ) എപ്പോഴും സത്യസന്ധനും വിശ്വസ്തനുമാണെന്നും അദ്ദേഹം ഒരിക്കലും കള്ളം പറയില്ലെന്നും അവർക്ക് ഉറപ്പായിരുന്നു.

സത്യസന്ധത പുലർത്തുന്നവർക്ക് (ദൈവികമായ) കരുത്ത് നൽകപ്പെടുന്നു

ഒരു വ്യക്തിയുടെ പെരുമാറ്റവും ധാർമ്മികതയും മറ്റുള്ളവരിൽ ഫലപ്രദമായ സ്വാധീനം ചെലുത്തുന്ന രീതിയിലായിരിക്കണം. അപ്രകാരം മാത്രമേ ദൈവത്തിന്‍റെ സന്ദേശവും സത്യമതവും പ്രചരിപ്പിക്കാനുള്ള വഴികൾ തുറക്കപ്പെടുകയുള്ളൂ. വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചതുപോലെ, തിരുനബി(സ) ധാർമ്മികതയുടെയും സത്യസന്ധതയുടെയും അത്യുന്നത നിലവാരങ്ങൾ സ്ഥാപിച്ചിരുന്നു; അതുകൊണ്ട് തന്നെ തന്‍റെ സ്വഭാവമഹിമയിലൂടെ കഠിന ശത്രുക്കളെപ്പോലും സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തീർച്ചയായും അദ്ദേഹത്തിന് അവരെ അതിജയിക്കാൻ കഴിഞ്ഞു, കാരണം രണ്ട് പക്ഷങ്ങൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ സത്യസന്ധതയും ഉന്നതമായ ധാർമ്മികതയും പുലർത്തുന്ന പക്ഷത്തിന് ശക്തിയും വിജയവും നൽകുക എന്നത് അല്ലാഹുവിന്‍റെ ചര്യയാണ്.

വാഗ്ദത്ത മസീഹ്(അ)പറയുന്നു: അല്ലാഹു തിരുനബി(സ)യെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: ‘തീർച്ചയായും നീ മഹത്തായ ധാർമ്മിക ഗുണങ്ങളുള്ളവൻ തന്നെയാണ്. ’ (വിശുദ്ധ ഖുർആൻ, 68:5). അതായത്, എല്ലാ സൽഗുണങ്ങളും അതിന്‍റെ അത്യുന്നത തലത്തിൽ തിരുനബി(സ)യിൽ ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം. സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.

സത്യസന്ധതയുടെ പാത പിന്തുടരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു

പരിശുദ്ധ പ്രവാചകൻ(സ) സ്വയം സത്യസന്ധനായിരിക്കുക മാത്രമല്ല, തന്‍റെ അനുയായികളോട് അതിനെ മുറുകെ പിടിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സത്യസന്ധത പുണ്യാതിരേകത്തിലേക്ക് നയിക്കുന്നതിനാൽ അത് ഓരോരുത്തർക്കും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ അസത്യത്തിൽ നിന്ന് വിട്ടുനിൽക്കണം; കാരണം അസത്യം തിന്മയിലേക്കും, തിന്മ നരകാഗ്നിയിലേക്കും നയിക്കുന്നു. മറ്റൊരു സന്ദർഭത്തിൽ തിരുനബി(സ) ഇപ്രകാരം അരുളി: ഗൗരവത്തിലായാലും തമാശയിലായാലും ഒരവസരത്തിലും കളവ് പറയുന്നത് അനുവദനീയമല്ല. വാസ്തവത്തിൽ, ഒരു രക്ഷിതാവ് തന്‍റെ കുട്ടിക്ക് നൽകുന്ന വാഗ്ദാനം പോലും പാലിക്കപ്പെടാതിരിക്കരുത്. ആളുകൾ ഓർമ്മിക്കപ്പെടുന്നത് അവരുടെ സത്യസന്ധതയുടെയോ അല്ലെങ്കിൽ അവരുടെ അസത്യത്തിന്‍റെയോ പേരിലായിരിക്കും.

ഒരിക്കൽ ഒരാൾ തിരുനബി(സ)യുടെ അടുക്കൽ വന്ന് തനിക്ക് മദ്യപാനം, വ്യഭിചാരം, മോഷണം, കളവ് പറയൽ എന്നീ ശീലങ്ങൾ ഉപേക്ഷിക്കാൻ പ്രയാസമുണ്ടെന്ന് പറഞ്ഞു. പുണ്യം വരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും ഈ ശീലങ്ങൾ വെടിയാൻ തനിക്ക് ശക്തിയില്ലെന്നും അതിനാൽ തനിക്ക് ഉപേക്ഷിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു ശീലത്തെക്കുറിച്ച് പറഞ്ഞുതരണമെന്നും അദ്ദേഹം അപേക്ഷിച്ചു.

കളവ് പറയുന്ന ശീലം ഉപേക്ഷിക്കാൻ തിരുനബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചു. അദ്ദേഹം അത് സമ്മതിച്ച് മടങ്ങി. പിന്നീട് അദ്ദേഹത്തിന് മദ്യം നല്‍കപ്പെട്ടപ്പോൾ, താൻ അത് കുടിച്ചാൽ തിരുനബി(സ)യോട് അത് പറയേണ്ടി വരുമെന്ന് അദ്ദേഹം ചിന്തിച്ചു; കാരണം ഒരിക്കലും കള്ളം പറയില്ലെന്ന് അദ്ദേഹം കരാർ ചെയ്തിരുന്നു. അതുപോലെ തന്നെ, വ്യഭിചാരത്തിന് തുനിഞ്ഞപ്പോഴും തിരുനബി(സ)യോട് സത്യം പറയേണ്ടി വരുമല്ലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. മോഷണം നടത്താനുള്ള അവസരം വന്നപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. അങ്ങനെ അദ്ദേഹം തിരുനബി(സ)യുടെ അടുത്തേക്ക് മടങ്ങിച്ചെന്ന്, കളവ് പറയുന്നത് ഉപേക്ഷിച്ചത് തന്‍റെ മറ്റ് തിന്മകളെയും അവസാനിപ്പിക്കാൻ സഹായിച്ചു എന്ന് സമ്മതിക്കുകയുണ്ടായി.

അവിടുത്തെ അത്യുന്നതമായ സത്യസന്ധതയ്ക്കുള്ള സാക്ഷ്യങ്ങൾ

പരിശുദ്ധ പ്രവാചകൻ(സ) തന്‍റെ പ്രവാചകത്വം പ്രഖ്യാപിക്കുമ്പോൾ ഹസ്രത്ത് അബൂബക്കർ(റ) സിറിയയിലേക്കുള്ള യാത്രയിലായിരുന്നു. തിരുനബി(സ)യുടെ പ്രവാചകത്വ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “തിരുനബി(സ) ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും സത്യമായിരിക്കും; കാരണം അദ്ദേഹം എപ്പോഴും സത്യസന്ധനായിരുന്നു.” ഉടൻതന്നെ അദ്ദേഹം ഈ അവകാശവാദം അംഗീകരിക്കുകയും മക്കയിൽ തിരിച്ചെത്തിയ ഉടനെ തിരുനബി(സ)യുടെ കരങ്ങളിൽ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുന്ന ആദ്യത്തെ വ്യക്തിയാവുകയും ചെയ്തു. ഇതൊരു അത്ഭുതത്തിൽ കുറഞ്ഞതൊന്നുമല്ലായിരുന്നു; കാരണം യാതൊരുവിധ ദൃഷ്ടാന്തങ്ങളോ മറ്റ് തെളിവുകളോ ആവശ്യപ്പെടാതെ തന്നെ ഹദ്റത്ത് അബൂബക്കർ(റ) ഇസ്‌ലാം സ്വീകരിച്ചത് തിരുനബി(സ)യുടെ സത്യസന്ധതയിലുള്ള ഉറച്ച വിശ്വാസത്തിന്‍റെ ഫലമായി മാത്രമായിരുന്നു.

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ഒന്നാം ഖലീഫയായ ഹദ്റത്ത് ഹക്കീം മൗലവി നൂറുദ്ദീൻ(റ) ഇപ്രകാരം പറയുന്നു: ആദ്യത്തെ ദിവ്യസന്ദേശം ലഭിച്ചതിനുശേഷം പരിശുദ്ധ പ്രവാചകൻ(സ) തന്‍റെ പത്നി ഹദ്റത്ത് ഖദീജ(റ)യുടെ അടുക്കൽ ചെന്ന് തന്‍റെ ജീവനിൽ ഭയമുണ്ടെന്ന് അറിയിച്ചപ്പോൾ അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ജനങ്ങൾ എന്തുതന്നെ പറഞ്ഞാലും അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കില്ലെന്ന് അവർ പറഞ്ഞു. കാരണം, അദ്ദേഹം എപ്പോഴും തന്‍റെ ബന്ധുക്കളോട് ദയയുള്ളവനും സത്യസന്ധനുമായിരുന്നു; മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ദരിദ്രരെ സഹായിക്കുകയും അതിഥികളെ സൽക്കരിക്കുകയും ചെയ്യുന്നവനായിരുന്നു. 15 വർഷം കൂടെ ജീവിച്ച തന്‍റെ പത്നിയുടെ സാക്ഷ്യപ്പെടുത്തലായിരുന്നു ഇത്. അദ്ദേഹത്തിൽ ഈ ഗുണങ്ങൾ യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഹസ്രത്ത് ഖദീജ(റ)യ്ക്ക് ഇത്തരത്തിൽ തിരുനബി(സ)യെ ആശ്വസിപ്പിക്കാൻ സാധിക്കുമായിരുന്നില്ല

ഒരിക്കൽ ഒരു വ്യക്തി തിരുനബി(സ)യുടെ ഏറ്റവും കടുത്ത ശത്രുവായ അബൂജഹലിനെ കണ്ടുമുട്ടി. അവർ രണ്ടുപേരുമല്ലാതെ മറ്റാരും അവിടെ അടുത്തുണ്ടായിരുന്നില്ലാത്ത ഒരു സമയമായിരുന്നു അത്. ആ സന്ദർഭത്തിൽ, പരിശുദ്ധ പ്രവാചകൻ(സ)യെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രവാചകത്വ വാദത്തെക്കുറിച്ചും യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നതെന്ന് ആ വ്യക്തി അബൂജഹലിനോട് ചോദിച്ചു. നിശ്ചയമായും തിരുനബി(സ) സത്യസന്ധനാണെന്നാണ് താൻ കരുതുന്നതെന്നും കാരണം അദ്ദേഹം ഒരിക്കലും ഒരു കള്ളം പോലും പറഞ്ഞിട്ടില്ലെന്നും അബൂജഹൽ മറുപടി നൽകി.
പരിശുദ്ധ പ്രവാചകൻ(സ) ആദ്യമായി മദീനയിൽ എത്തിയപ്പോൾ ഒരാൾ അദ്ദേഹത്തിന്‍റെ മുഖം കാണാനിടയായി. ഇത് തീർച്ചയായും ഒരു സത്യസന്ധന്‍റെ മുഖഭാവമാണെന്ന് കണ്ടമാത്രയിൽ തന്നെ അദ്ദേഹത്തിന് തോന്നി. തുടർന്ന്, തിരുനബി(സ) പറയുന്നതായി അദ്ദേഹം കേട്ട ആദ്യത്തെ വാക്കുകൾ ഇവയായിരുന്നു: “സലാം പ്രചരിപ്പിക്കുക, മറ്റുള്ളവർക്ക് ഭക്ഷണം നൽകുക, ബന്ധുക്കളോട് ദയ കാണിക്കുക, മറ്റുള്ളവർ ഉറങ്ങുന്ന രാത്രികാലങ്ങളിൽ പ്രാർത്ഥനകൾ അർപ്പിക്കുക; നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം.”

ഏറ്റവും നിസ്സാരമായ അസത്യത്തിനെതിരെ പോലും പരിശുദ്ധ പ്രവാചകൻ(സ) മുന്നറിയിപ്പ് നൽകിയിരുന്നു. ഒരിക്കൽ തിരുനബി(സ) ഒരാളുടെ വീട് സന്ദർശിച്ചപ്പോൾ, ഒരു മാതാവ് തന്‍റെ ചെറിയ കുഞ്ഞിനെ അടുത്തേക്ക് വിളിക്കുകയും താൻ അവന് എന്തെങ്കിലും നൽകാമെന്ന് പറയുകയും ചെയ്തു. അവന് എന്ത് നൽകാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് തിരുനബി(സ) ചോദിച്ചു. താൻ അവന് ഈന്തപ്പഴം നൽകുമെന്ന് അവർ മറുപടി നൽകി. അപ്പോൾ തിരുനബി(സ) പറഞ്ഞു: “നിങ്ങൾ അവന് ഒന്നും നൽകിയിരുന്നില്ല എങ്കിൽ, അതൊരു അസത്യമായി (കളവായി) നിങ്ങളുടെ പേരിൽ രേഖപ്പെടുത്തപ്പെടുമായിരുന്നു.” അസത്യത്തെ ഒഴിവാക്കാൻ ഇത്രത്തോളം സൂക്ഷ്മമായ തലത്തിലാണ് തിരുനബി(സ) പഠിപ്പിച്ചത്.

ഇന്ന്, അവരവരുടെ സത്യസന്ധതയുടെ നിലവാരം സ്വയം വിശകലനം ചെയ്യുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുക എന്നത് ഓരോ അഹ്മദിയുടെയും കടമയാണ്. അല്ലാഹു എല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകട്ടെ.

അനുസ്മരണം

മിർസാ നസീം അഹ്മദിന്‍റെ ഭാര്യ ശാഹിദ അഹ്മദ്. ഇവർ വാഗ്ദത്ത മസീഹ്(അ)ന്‍റെ കൊച്ചുമകളുടെ മകളായിരുന്നു. നാല് ആൺമക്കളാണ് ഇവർക്കുള്ളത്. തങ്ങൾ എല്ലാവരോടും അവർ വളരെയധികം സ്നേഹം പുലർത്തിയിരുന്നതായി മക്കൾ പറഞ്ഞു. അതിഥികളെ സൽക്കരിക്കുന്നതിൽ അവർ അതീവ താല്പര്യം കാണിച്ചിരുന്നു; കൂടുതൽ ആളുകളെ സൽക്കരിക്കുന്നതിനായി തന്‍റെ വീട് വിപുലീകരിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാവരോടും അവർ സ്നേഹം പങ്കുവെച്ചു. എല്ലാവരുടെയും ഹൃദയത്തിൽ ഒരിടം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. പ്രയാസങ്ങൾ അനുഭവിക്കുന്നവരോട് അവർ പ്രത്യേകം കരുണ കാണിക്കുകയും മക്കളോട് അപ്രകാരം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വലിയ നിശ്ചയദാർഢ്യവും ആത്മധൈര്യവും ഉള്ള വ്യക്തിയായിരുന്നു. ക്ഷമ, നിശ്ചയദാർഢ്യം, സ്നേഹം എന്നീ വാക്കുകളിലൂടെയാണ് അവരുടെ സഹോദരി അവരെ വിശേഷിപ്പിച്ചത്. തന്‍റെ അവസാന കാലത്തെ രോഗാവസ്ഥയെ യാതൊരു പരാതിയും കൂടാതെ അങ്ങേയറ്റത്തെ ക്ഷമയോടെയാണ് അവർ നേരിട്ടത്. മാസത്തിൽ രണ്ടു മൂന്നു തവണ അവർ ഖുർആൻ പാരായണം പൂർത്തിയാക്കുമായിരുന്നു. എപ്പോഴും ക്രിയാത്മകമായി ചിന്തിക്കുകയും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. അവർ എപ്പോഴും പോസിറ്റീവ് മനോഭാവം പുലർത്തുന്നതായും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നതായും മറ്റാരെയും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കാത്തതായും ഞാൻ കണ്ടിട്ടുണ്ട്. സൽകർമ്മങ്ങൾ നിശബ്ദമായി ചെയ്യുന്നവരുടെ കൂട്ടത്തിലായിരുന്നു അവർ; മറ്റുള്ളവർ അത് വെളിപ്പെടുത്തുമ്പോൾ മാത്രമാണ് അത്തരം കാര്യങ്ങൾ പുറംലോകം അറിഞ്ഞിരുന്നത്. അല്ലാഹു അവർക്ക് മാപ്പും കരുണയും നൽകട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു