അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 23 ജനുവരി 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്തതിനു ശേഷം ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്മദ് ഇപ്രകാരം അരുളി: മുൻപത്തെ ഖുതുബകളിൽ തിരുനബി(സ)ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹത്തെക്കുറിച്ചാണ് ഞാൻ പരാമർശിച്ചുകൊണ്ടിരുന്നത്. തിരുനബി(സ)യുടെ ഏറ്റവും വലിയ അനുരാഗിയായ വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) ഈ വിഷയത്തെക്കുറിച്ച് എഴുതിയ പരാമർശങ്ങളും ഹദീസുകളും മുൻനിർത്തിക്കൊണ്ട് ഇന്നും ആ വിഷയം തന്നെ തുടരുകയാണ്.
പ്രാർത്ഥനയിൽ തിരുമേനി(സ) കാണിച്ചുതന്ന മാതൃക
തിരുനബി(സ)യുടെ നമസ്കാരത്തെക്കുറിച്ച് ഒരു അനുചരൻ വിവരിച്ച സംഭവം ഖലീഫ തിരുമനസ്സ് ഇപ്രകാരം ഉദ്ധരിച്ചു:
ഒരു രാത്രി അദ്ദേഹം തിരുനബി(സ)യോടൊപ്പം നമസ്കരിക്കാനായി നിന്നു. തിരുനബി(സ) പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായമായ സൂറത്തുൽ ബഖറ പാരായണം ചെയ്യാൻ ആരംഭിച്ചു. നൂറ് ആയത്തുകൾ (സൂക്തങ്ങൾ) കഴിയുമ്പോൾ തിരുമേനി(സ) റുകൂഇലേക്ക് പോകുമെന്ന് ആ അനുചരൻ കരുതി; എന്നാൽ തിരുമേനി(സ) പാരായണം തുടർന്നു. ആ അധ്യായം മുഴുവൻ പാരായണം ചെയ്ത ശേഷം തിരുമേനി(സ) റുകൂഇലേക്ക് പോകുമെന്ന് അദ്ദേഹം കരുതിയെങ്കിലും സൂറത്ത് പൂർത്തിയായിട്ടും പാരായണം തുടർന്നു. തിരുമേനി(സ) എവിടെയെങ്കിലും വെച്ച് നിർത്തുമെന്ന് അദ്ദേഹം കരുതിയെങ്കിലും മൂന്നാം അധ്യായം (സൂറത്ത് ആലു ഇംറാൻ) പൂർത്തിയാക്കി നാലാം അധ്യായത്തിലേക്ക് (സൂറത്തുന്നിസാഅ്) പ്രവേശിച്ചു. തിരുനബി(സ) വേഗത്തിലല്ല പാരായണം ചെയ്തിരുന്നത്; മറിച്ച് വളരെ ശ്രദ്ധയോടും സാവകാശത്തോടും കൂടിയായിരുന്നു അത്. നാലാം അധ്യായം കൂടി പൂർത്തിയാക്കിയ ശേഷമാണ് തിരുമേനി(സ) റുകൂഇലേക്ക് പോയത്. അദ്ദേഹത്തിന്റെ റുകൂഅ് ആകട്ടെ, നിന്നിരുന്ന അത്രയും തന്നെ ദീർഘമുള്ളതായിരുന്നു. പിന്നീട് റുകൂഇൽ നിന്ന് എഴുന്നേറ്റു ദീർഘനേരം നിന്നു. അതിനുശേഷമാണ് സുജൂദിലേക്ക് (സാഷ്ടാംഗ പ്രണാമം) പോയത്; ആ സുജൂദും അദ്ദേഹം നിന്നിരുന്ന അത്രയും തന്നെ ദൈർഘ്യമുള്ളതായിരുന്നു.
ഹദ്റത്ത് ആയിശ (റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബി(സ) നമസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹയ്ക്ക് ശേഷം ഖുർആനിലെ ഒരു അധ്യായം തന്നെ ആവർത്തിച്ച് പാരായണം ചെയ്യുകയുണ്ടായി. തിരുമേനി(സ) എത്രത്തോളം ദീർഘനേരം നമസ്കാരത്തിൽ നിന്നു എന്നതിനെക്കുറിച്ച് ഹദ്റത്ത് ആയിശ (റ) പറയുന്നത്, തിരുനബി(സ)യുടെ നമസ്കാരത്തിന്റെ ദൈർഘ്യത്തെയും അതിന്റെ സൗന്ദര്യത്തെയും കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് സാധ്യമല്ല എന്നാണ്. മറ്റൊരു അനുചരൻ വിവരിക്കുന്നത്, പ്രവാചകൻ(സ) ഒരു രാത്രി മുഴുവൻ പുലരുവോളം ഒരേയൊരു ആയത്ത് ആവർത്തിച്ച് പാരായണം ചെയ്തുകൊണ്ട് നമസ്കരിച്ചു എന്നാണ്. ആ ആയത്ത് ഇതായിരുന്നു:
اِنۡ تُعَذِّبۡہُمۡ فَاِنَّہُمۡ عِبَادُکَ ۚ وَ اِنۡ تَغۡفِرۡ لَہُمۡ فَاِنَّکَ اَنۡتَ الۡعَزِیۡزُ الۡحَکِیۡمُ
“നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ അവർ നിന്റെ ദാസന്മാരാണല്ലോ; ഇനി നീ അവർക്ക് പൊറുത്തുകൊടുക്കുകയാണെങ്കിലോ, തീർച്ചയായും നീ പ്രതാപശാലിയും ജ്ഞാനിയുമാകുന്നു.” (പരിശുദ്ധ ഖുർആൻ, 5:119)
തിരുനബി(സ)യുടെ കാലഘട്ടത്തിൽ സൂര്യഗ്രഹണം ഉണ്ടായപ്പോൾ, അദ്ദേഹം ഗ്രഹണ നമസ്കാരം നിർവ്വഹിക്കുകയും അതുവഴി ഗ്രഹണ സമയത്ത് എങ്ങനെയാണ് നമസ്കരിക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം പ്രവാചകൻ(സ) ഒരു പ്രസംഗം (ഖുതുബ) നിർവ്വഹിച്ചു. സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളിൽപ്പെട്ടതാണെന്നും, അതിനാൽ അവ (ഗ്രഹണം) കാണുമ്പോൾ അല്ലാഹുവിനെ മഹത്വപ്പെടുത്താനും അവനോട് പ്രാർത്ഥിക്കാനും ദാനധർമ്മങ്ങൾ നൽകാനും അദ്ദേഹം കൽപ്പിച്ചു. തുടർന്ന്, തനിക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾ അല്ലാഹുവിന്റെ മുൻപിൽ അത്യധികം കരയുമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങളെ ആരാധനകളിലും അല്ലാഹുവിലേക്ക് തിരിയുന്നതിലും ശ്രദ്ധാലുക്കളാകാൻ അദ്ദേഹം ഉപദേശിച്ചു.
അല്ലാഹു ആരാധിക്കപ്പെടണമെന്ന പ്രവാചകന്റെ (സ) അതിയായ ആഗ്രഹം
ബദർ യുദ്ധവേളയിൽ, തിരുനബി(സ) കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞുനിന്ന് അല്ലാഹു തനിക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പ്രാർത്ഥിച്ചു. അന്ന് മുസ്ലീങ്ങൾ നശിപ്പിക്കപ്പെടുകയാണെങ്കിൽ, ഈ ഭൂമുഖത്ത് അല്ലാഹുവിനെ ആരാധിക്കാൻ മറ്റാരും അവശേഷിക്കുകയില്ല എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. തിരുമേനി(സ) അത്യധികം വികാരാധീനനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശരീരം വിറയ്ക്കുകയും തോളിൽ നിന്ന് പുതപ്പ് താഴെ വീഴുകയും ചെയ്തു. ഇത് കണ്ട ഹദ്റത്ത് അബൂബക്കർ (റ) ആ പുതപ്പ് എടുത്ത് തിരുമേനി(സ)യുടെ തോളിൽ വീണ്ടും പുതപ്പിക്കുകയും അദ്ദേഹത്തെ ചേർത്തുപിടിച്ചുകൊണ്ട് അല്ലാഹു തീർച്ചയായും അവന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് പറയുകയും ചെയ്തു. ആ സന്ദർഭത്തിലാണ് പരിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തം അവതരിക്കപ്പെട്ടത്:
اِذۡ تَسۡتَغِیۡثُوۡنَ رَبَّکُمۡ فَاسۡتَجَابَ لَکُمۡ اَنِّیۡ مُمِدُّکُمۡ بِاَلۡفٍ مِّنَ الۡمَلٰٓئِکَۃِ مُرۡدِفِیۡنَ
“നിങ്ങൾ നിങ്ങളുടെ നാഥനോട് സഹായമഭ്യർത്ഥിച്ച സന്ദർഭം (ഓർക്കുക); അപ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകി: തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം മലക്കുകളെക്കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായമേകുന്നതാണ്.” (പരിശുദ്ധ ഖുർആൻ, 8:10)
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) ഇപ്രകാരം എഴുതി:
“സത്യനിഷേധികളുടെ മേൽ വിജയം നൽകുമെന്ന് പരിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി തിരുനബി(സ)ക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്നു. എന്നാൽ ഇസ്‌ലാമിലെ ആദ്യ യുദ്ധമായ ബദർ യുദ്ധം ആരംഭിച്ചപ്പോൾ തിരുനബി(സ) പ്രാർത്ഥിക്കാനും വിനീതനായി അപേക്ഷിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ നാവിൽ നിന്ന് ഉതിർന്നുവീണ വാക്കുകൾ ഇതായിരുന്നു:
‘എന്റെ നാഥാ! നീ ഈ ചെറിയ സംഘത്തെ (അവർ വെറും മുന്നൂറ്റി പതിമൂന്ന് പേരായിരുന്നു) നശിപ്പിക്കുകയാണെങ്കിൽ, അന്ത്യനാൾ വരെ നിന്നെ ആരാധിക്കാൻ ആരും ഉണ്ടാവുകയില്ല.’
തിരുനബി(സ)യുടെ നാവിൽ നിന്ന് ഈ വാക്കുകൾ കേട്ടപ്പോൾ ഹദ്റത്ത് അബൂബക്കർ (റ) ഇപ്രകാരം ഉണർത്തിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് എന്തിനാണ് ഇത്രയധികം വ്യാകുലപ്പെടുന്നത്? അങ്ങേയ്ക്ക് വിജയം നൽകുമെന്ന് അല്ലാഹു ദൃഢമായ വാഗ്ദാനം നൽകിയിട്ടുണ്ടല്ലോ.’ അപ്പോൾ തിരുമേനി(സ) അരുളി: ‘അത് സത്യമാണ്, എങ്കിലും അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനാണെന്ന (ബേനിയാസ്) വസ്‌തുതയിലാണ് ഞാൻ എന്റെ ദൃഷ്ടി പതിപ്പിക്കുന്നത്.’ അതായത്, ഒരു വാഗ്ദാനം നിറവേറ്റാൻ അല്ലാഹു ആരോടും ബാധ്യസ്ഥനല്ല എന്ന് സാരം. തിരുനബി(സ) അല്ലാഹുവിനോടുള്ള ആദരവിന്റെയും മര്യാദയുടെയും കാര്യത്തിൽ ഇത്രയധികം സൂക്ഷ്മത പാലിച്ചിരുന്നുവെങ്കിൽ, അല്ലാഹുവിന്റെ പ്രവചനങ്ങൾ ചിലപ്പോൾ അക്ഷരാർത്ഥത്തിലും മറ്റു ചിലപ്പോൾ രൂപകമായും (Metaphorically) നിറവേറ്റപ്പെടാം എന്ന പ്രവാചകന്മാരുടെ പൊതുവായ വിശ്വാസത്തിൽ നിന്ന് ഒരാൾ എന്തിനാണ് മാറിനിൽക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ്.”
(ബറാഹീനെ അഹ്മദിയ്യ, ഭാഗം 5, പേജ്: 343-344)
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) മറ്റൊരിടത്ത് ഇപ്രകാരം എഴുതി:
“യഥാർത്ഥ ഏകദൈവ വിശ്വാസികൾ തങ്ങളുടെ പുണ്യങ്ങൾ ഒട്ടും തന്നെ പ്രദർശിപ്പിക്കാത്തവരും സത്യം സ്വീകരിക്കുന്നതിൽ ലോകത്തെ ഒട്ടും ഭയപ്പെടാത്തവരുമാണെന്ന് നിങ്ങൾ നന്നായി മനസ്സിലാക്കുക. തങ്ങളുടെ പ്രവൃത്തികൾ കണ്ട് ലോകം പരിഭ്രാന്തരാകുമോ എന്ന് അവർ ഭയപ്പെടുന്നില്ല. ചിലർ പറയാറുണ്ട്, സ്വഹാബികൾ (റ) അനുഷ്ഠിച്ചിരുന്ന അത്രയും കഠിനമായ വ്രതങ്ങളോ പ്രയത്നങ്ങളോ തിരുനബി(സ)യുടെ കാര്യത്തിൽ തെളിയിക്കപ്പെട്ടിട്ടില്ല എന്ന്. ചില സ്വഹാബികൾ ഏതാണ്ട് സന്ന്യാസതുല്യമായ ജീവിതത്തിലേക്ക് വരെ എത്തിയിരുന്നു.
ഇതിനർത്ഥം അവർ തിരുനബി(സ)യെക്കാൾ ഉന്നതരായിരുന്നു എന്നല്ല. മറിച്ച്, യഥാർത്ഥ വസ്‌തുത എന്തെന്നാൽ അല്ലാഹു തിരുനബി(സ)യെ ലോകത്തിന് മുൻപിലേക്ക് കൊണ്ടുവന്നത് നിർബന്ധിതാവസ്ഥയിലൂടെയാണ് (അദ്ദേഹത്തിന് ജനമധ്യത്തിൽ വരുന്നത് അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല). തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞുനിൽക്കാനായിരുന്നു അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം രഹസ്യമായി എത്രത്തോളം ആരാധനകളിലും പ്രയത്നങ്ങളിലും മുഴുകിയിരുന്നു എന്ന് ആർക്കറിയാം?
ഒരിക്കൽ ഹദ്റത്ത് ആയിശ (റ) ഇപ്രകാരം പറയുകയുണ്ടായി: തിരുനബി(സ) തന്റെ വീട്ടിൽ താമസിക്കേണ്ട ദിവസമായിരുന്നു അന്ന്. രാത്രിയിൽ അവർ കണ്ണ് തുറന്നപ്പോൾ തിരുനബി(സ) അവിടെയില്ല എന്ന് കണ്ടു. അവർ അതിശയിക്കുകയും അദ്ദേഹത്തെ അന്വേഷിക്കുകയും ചെയ്തു. എവിടെയും കാണാതിരുന്നപ്പോൾ, ഒടുവിൽ അദ്ദേഹം ഒരു ഖബറിസ്ഥാനിൽ (ശ്മശാനം) അത്യധികം വികാരാധീനനായി ഇപ്രകാരം പ്രാർത്ഥിക്കുന്നത് അവർ കണ്ടു: ‘എന്റെ ദൈവമേ! എന്റെ ആത്മാവും ജീവനും അസ്ഥികളും എന്റെ ഓരോ രോമകൂപങ്ങളും നിനക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു.’
ഹദ്റത്ത് ആയിശ (റ) ഈ സംഭവം അറിഞ്ഞില്ലായിരുന്നുവെങ്കിൽ, അദ്ദേഹത്തിന് തന്റെ നാഥനുമായുള്ള ആ ആത്മബന്ധം മറ്റാര് ഗ്രഹിക്കുമായിരുന്നു? അദ്ദേഹത്തിന്റെ ആരാധനകളുടെയും പ്രയത്നങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ഇത്തരം ഉന്നത വ്യക്തിത്വങ്ങൾ എപ്പോഴും തങ്ങളെത്തന്നെ ഒളിപ്പിച്ചു വെക്കാൻ ആഗ്രഹിക്കുന്നവരായതുകൊണ്ട് ലോകത്തിന് അവരുടെ എല്ലാ അവസ്ഥകളും അറിയാൻ സാധിക്കില്ല. അവർ ലോകത്തിന് വേണ്ടിയല്ല ഒന്നും ചെയ്യുന്നത്. ആരുമായാണോ അവരുടെ ഇടപാടും ബന്ധവും (അല്ലാഹു), അവൻ എല്ലാ സ്ഥലങ്ങളെയും അറിയുന്നവനും കാണുന്നവനുമാണ്.” (മൽഫൂസാത്ത്, വാല്യം 8, പേജ്: 317-318)
ശിർക്ക് (ബഹുദൈവ വിശ്വാസം) ഉപേക്ഷിക്കാൻ ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ അതിയായ ആഗ്രഹം
ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്മദ് (അയ്യദഹുല്ലാഹു ബിനസ്രിഹിൽ അസീസ്) ഇപ്രകാരം അരുളി: തിരുനബി(സ)ക്ക് അല്ലാഹുവിനോടുണ്ടായിരുന്ന സ്നേഹത്തിന് മറ്റൊരു ഉദാഹരണമാണ് അദ്ദേഹം ത്വാഇഫിലെ ജനങ്ങൾക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കാൻ പോയ സംഭവം. എന്നാൽ, അവിടുത്തെ ജനങ്ങൾ തിരുനബി(സ)യെ കല്ലെറിയുകയും അദ്ദേഹത്തെ മുറിവേൽപ്പിക്കുകയുമാണ് ചെയ്തത്. ഒരിക്കൽ തിരുനബി(സ)യുടെ പത്നിമാരിൽ ഒരാൾ (ഹദ്റത്ത് ആയിശ (റ)), ഉഹുദ് യുദ്ധത്തേക്കാൾ വേദനാജനകമായ ഒരു ദിവസം അങ്ങയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. താൻ കല്ലെറിയപ്പെടുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത ത്വാഇഫിലെ ആ ദിവസമാണ് ഏറ്റവും കഠിനമെന്ന് തിരുനബി(സ) മറുപടി നൽകി.
ത്വാഇഫിൽ നിന്ന് മടങ്ങിയ തിരുനബി(സ) ഒരു മലയുടെ അരികിലെത്തിയപ്പോൾ, ഒരു മേഘം തനിക്ക് തണലേകുന്നത് കണ്ടു. അപ്പോൾ ജിബ്‌രീൽ (അ) പ്രത്യക്ഷപ്പെട്ട് തിരുനബി(സ)യോട് പറഞ്ഞു: അവിടെ സംഭവിച്ചതെല്ലാം അല്ലാഹു കണ്ടിരിക്കുന്നു. ത്വാഇഫിലെ ജനങ്ങളുടെ കാര്യത്തിൽ അങ്ങേക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം. അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ ഈ ജനതയെ രണ്ട് മലകൾക്കിടയിൽ ഇട്ട് തകർക്കാമെന്ന് പോലും തിരുനബി(സ)യോട് പറയപ്പെട്ടു. എന്നാൽ തിരുനബി(സ) മറുപടി നൽകിയത് ‘വേണ്ട’ എന്നാണ്. കാരണം, ആ ജനതയുടെ പിൻഗാമികൾ അല്ലാഹുവിൽ വിശ്വസിക്കാനും അവനിൽ പങ്കുചേർക്കുന്നതിൽ (ശിർക്ക്) നിന്ന് വിട്ടുനിൽക്കാനും സാധ്യതയുണ്ട് എന്ന് അദ്ദേഹം അരുളി.
തിരുനബി(സ)യുടെ ഏറ്റവും വലിയ ആനന്ദം
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) പറയുന്നു:
“മനുഷ്യന്—അതായത് പരിപൂർണ്ണ മനുഷ്യന്—നൽകപ്പെട്ട ആ ഉന്നതമായ പ്രകാശം മലക്കുകളിലോ നക്ഷത്രങ്ങളിലോ ചന്ദ്രനിലോ സൂര്യനിലോ ഉണ്ടായിരുന്നില്ല; സമുദ്രങ്ങളിലോ നദികളിലോ ഭൂമിയിലെ മാണിക്യം, മരതകം, വൈഡൂര്യം, വജ്രം, മുത്ത് തുടങ്ങിയവയിലോ അത് ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ, ഭൗതികമോ സ്വർഗ്ഗീയമോ ആയ ഒരു വസ്തുവിലും ആ പ്രകാശം ഉണ്ടായിരുന്നില്ല. അത് മനുഷ്യനിൽ മാത്രമായിരുന്നു; അതായത് ആ പരിപൂർണ്ണ മനുഷ്യനിൽ, അദ്ദേഹത്തിന്റെ ഏറ്റവും സമ്പൂർണ്ണവും ഉന്നതവും ഉദാത്തവുമായ മാതൃക നമ്മുടെ നേതാവും യജമാനനും പ്രവാചകശ്രേഷ്ഠനും സർവ്വ ചരാചരങ്ങളുടെയും നായകനുമായ മുഹമ്മദ് മുസ്തഫ (സ) ആയിരുന്നു. ആ പ്രകാശം ആ പരിപൂർണ്ണ മനുഷ്യന് നൽകപ്പെട്ടു, അതോടൊപ്പം അദ്ദേഹത്തിന്റെ സ്വഭാവത്തോടും പ്രകൃതിയോടും സാമ്യമുള്ളവർക്ക് അവരുടെ പദവികൾക്കനുസരിച്ചും അത് ലഭിച്ചു.
‘അമാനത്ത്’ (ഏല്പിക്കപ്പെട്ട ഉത്തരവാദിത്തം) എന്നത് ബുദ്ധി, അറിവ്, മനസ്സ്, ജീവൻ, ഇന്ദ്രിയങ്ങൾ, ഭയം, സ്നേഹം, അന്തസ്സ്, മഹത്വം തുടങ്ങി സർവ്വശക്തനായ ദൈവം പരിപൂർണ്ണ മനുഷ്യന് നൽകുന്ന എല്ലാ ഭൗതികവും ആത്മീയവുമായ അനുഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു. തുടർന്ന്, താഴെ പറയുന്ന സൂക്തം അനുസരിച്ച് പരിപൂർണ്ണ മനുഷ്യൻ ഇതെല്ലാം ദൈവത്തിന് തന്നെ തിരിച്ചേൽപ്പിക്കുന്നു:
അതായത്, അദ്ദേഹം തന്റെ ആത്മാവിനെ (സ്വത്വത്തെ) അല്ലാഹുവിൽ പൂർണ്ണമായും ലയിപ്പിക്കുകയും (ഫനാ) അവന്റെ പാതയിൽ പൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ സത്തയെക്കുറിച്ച് വിവരിച്ചപ്പോൾ ഞാൻ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ മഹത്തായ പദവി അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ ദർശിക്കാനായത് നമ്മുടെ നേതാവും മാർഗ്ഗദർശിയുമായ മുഹമ്മദ് (സ) മുസ്തഫയിലാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു: ‘നീ പറയുക: എന്റെ നമസ്കാരവും എന്റെ ആരാധനകളും എന്റെ ജീവിതവും എന്റെ മരണവും എല്ലാം ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരില്ല. അപ്രകാരമാണ് ഞാൻ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. മുസ്ലീങ്ങളിൽ ആദ്യത്തെ ആളും ഞാനാകുന്നു.’
അതായത്, ലോകത്തിന്റെ ആരംഭം മുതൽ അവസാനം വരെ തന്നെപ്പോലെ അല്ലാഹുവിൽ പൂർണ്ണമായി ലയിക്കുകയും അല്ലാഹു നൽകിയ എല്ലാ ഉത്തരവാദിത്തങ്ങളും അവന് തന്നെ തിരിച്ചേൽപ്പിക്കുകയും ചെയ്ത മറ്റൊരു പരിപൂർണ്ണ മനുഷ്യൻ ഇല്ല എന്ന് സാരം. തിരുനബി(സ)ക്ക് മറ്റ് പ്രവാചകന്മാരേക്കാൾ ശ്രേഷ്ഠതയില്ലെന്ന് വാദിക്കുന്ന അറിവില്ലാത്തവർക്കുള്ള മറുപടി കൂടിയാണിത്. ‘യൂനുസ് ബിൻ മത്തയേക്കാൾ എനിക്ക് ശ്രേഷ്ഠത നൽകരുത്’ എന്ന് തിരുനബി(സ) പറഞ്ഞതായി ദുർബലമായ ചില ഹദീസുകൾ ഉദ്ധരിച്ച് അവർ സംസാരിക്കാറുണ്ട്. തിരുനബി(സ)യുടെ വിനയത്തിന്റെയും എളിമയുടെയും ഭാഗമായാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഈ വിഡ്ഢികൾ മനസ്സിലാക്കുന്നില്ല. ഒരു ഭക്തൻ തന്റെ കത്തിൽ ‘ഞാൻ അല്ലാഹുവിന്റെ ദാസന്മാരിൽ ഏറ്റവും എളിയവനാണ്’ എന്ന് എഴുതിയാൽ, അദ്ദേഹം ലോകത്തിലെ ഏറ്റവും മോശപ്പെട്ടവനാണെന്ന് അതിനർത്ഥമില്ലല്ലോ!
ചിന്തിച്ചു നോക്കുക, അല്ലാഹു തിരുനബി(സ)യെ ‘ആദ്യത്തെ മുസ്ലീം’ എന്നാണ് വിളിക്കുന്നത്. അനുസരണത്തിലും സമർപ്പണത്തിലും അദ്ദേഹം എല്ലാവരുടെയും തലവനാണെന്നും അമാനത്ത് നിറവേറ്റിയവരിൽ ഒന്നാമനാണെന്നും ഖുർആൻ വ്യക്തമാക്കുന്നു. ഇതിനുശേഷം തിരുനബി(സ)യുടെ ആത്മീയ പദവിയെക്കുറിച്ച് സംശയിക്കാൻ ഒരു വിശ്വാസിക്ക് എന്ത് പഴുതാണുള്ളത്?
അല്ലാഹു തന്റെ ദൂതനെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: ‘പറയുക, എന്റെ പാത മാത്രമാണ് നേരായ പാത, അതിനാൽ നിങ്ങൾ അത് പിന്തുടരുക, മറ്റു വഴികളിലൂടെ സഞ്ചരിക്കരുത്. പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക, എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരുകയും ചെയ്യും.’
എന്റെ പാത എന്നത് എന്റെ മുഴുവൻ അസ്തിത്വത്തെയും അല്ലാഹുവിനായി സമർപ്പിക്കുക എന്നതാണ്. ലോകരക്ഷിതാവായ അല്ലാഹുവിന്റെ ദാസനായിക്കൊണ്ട് സർവ്വ ലോകങ്ങൾക്കും സേവകനായിത്തീരുക എന്നതാണ്. എന്റെ സർവ്വസ്വവും ഞാൻ അല്ലാഹുവിന് കൈമാറിക്കഴിഞ്ഞു; ഇപ്പോൾ എന്റേതായി ഒന്നുമില്ല, എല്ലാം അവന്റേതാണ് (ആയീനയെ കമാലാത്തെ ഇസ്‌ലാം, പേജ്: 142-146)
ഏകദൈവ വിശ്വാസം (തൗഹീദ്) പ്രചരിപ്പിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) എഴുതി:
“ഈ അറബി പ്രവാചകൻ എത്രത്തോളം മഹാനായ പ്രവാചകനാണെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ നാമം മുഹമ്മദ് (അദ്ദേഹത്തിന്മേൽ ആയിരമായിരം അനുഗ്രഹങ്ങളും സമാധാനവും ഉണ്ടാവട്ടെ) എന്നാണ്. അദ്ദേഹത്തിന്റെ ഉന്നതമായ പദവിയുടെ അതിരുകൾ ഗ്രഹിക്കാനോ, അദ്ദേഹത്തിന്റെ ആത്മീയ സ്വാധീനത്തിന്റെ വ്യാപ്തി അളക്കാനോ ഒരു മനുഷ്യനും സാധ്യമല്ല. ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പദവി അർഹിക്കുന്ന രീതിയിൽ തിരിച്ചറിയപ്പെട്ടിട്ടില്ല. ലോകത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തൗഹീദിനെ (ഏകദൈവ വിശ്വാസം) പുനഃസ്ഥാപിച്ച പോരാളിയാണ് അദ്ദേഹം. അദ്ദേഹം ദൈവത്തെ അങ്ങേയറ്റം സ്നേഹിച്ചു; മനുഷ്യരോടുള്ള സഹതാപം കൊണ്ട് അദ്ദേഹത്തിന്റെ ആത്മാവ് അങ്ങേയറ്റം ഉരുകിത്തീർന്നു. അതിനാൽ, അദ്ദേഹത്തിന്റെ ഹൃദയരഹസ്യം അറിയുന്ന ദൈവം, മുൻപും പിൻപും വന്ന എല്ലാ പ്രവാചകന്മാരെക്കാളും അദ്ദേഹത്തെ ഉയർത്തുകയും അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം ആഗ്രഹിച്ചതെല്ലാം നൽകുകയും ചെയ്തു.
സകല അനുഗ്രഹങ്ങളുടെയും ഉറവിടം അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം അംഗീകരിക്കാതെ ശ്രേഷ്ഠത അവകാശപ്പെടുന്നവൻ മനുഷ്യനല്ല, മറിച്ച് സാത്താന്റെ സന്തതിയാണ്. കാരണം, എല്ലാ ഉന്നതികളുടെയും താക്കോലും എല്ലാ വിവേകത്തിന്റെയും നിധിശേഖരവും അദ്ദേഹത്തിന് നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിലൂടെ ലഭിക്കാത്തവൻ എന്നെന്നേക്കുമായി വഞ്ചിതനാണ്. ഞാൻ ഒന്നുമല്ല, എനിക്ക് ഒന്നുമില്ല. ഞാൻ എന്താണ്? എന്റെ വിലയെന്താണ്? ഈ പ്രവാചകനിലൂടെയാണ് എനിക്ക് യഥാർത്ഥ തൗഹീദ് ലഭിച്ചതെന്ന് ഞാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ നന്ദികെട്ടവനായിത്തീരും. ജീവിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞതും അവന്റെ പ്രകാശത്തെ പ്രാപിച്ചതും ഈ പരിപൂർണ്ണ പ്രവാചകനിലൂടെയാണ്. ദൈവവുമായുള്ള സംസാരത്തിന്റെയും സംസർഗത്തിന്റെയും ബഹുമതി എനിക്ക് ലഭിച്ചത് ഈ മഹാനായ പ്രവാചകനിലൂടെയാണ്. മാർഗ്ഗദർശനത്തിന്റെ ഈ സൂര്യനിൽ നിന്നുള്ള കിരണങ്ങൾ സൂര്യപ്രകാശത്തെപ്പോലെ എന്റെ മേൽ പതിക്കുന്നു; അതിന് നേരെ അഭിമുഖമായി നിൽക്കുന്നിടത്തോളം കാലം ഞാൻ പ്രകാശിച്ചുകൊണ്ടേയിരിക്കും.
പരിശുദ്ധ പ്രവാചകനിൽ (സ) വിശ്വസിക്കാത്തവരോ അല്ലെങ്കിൽ വിശ്വാസത്യാഗം ചെയ്തവരോ ആയ ഒരാൾ തൗഹീദിൽ ഉറച്ചുനിൽക്കുകയും ദൈവത്തെ ഏകനായി കരുതുകയും ചെയ്താൽ മോക്ഷം ലഭിക്കുമെന്ന് കരുതുന്നവർ (അബ്ദുൽ ഹക്കീം ഖാനെപ്പോലുള്ളവർ) തൗഹീദിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് അജ്ഞരാണ്. സാത്താൻ പോലും ദൈവത്തെ ഏകനായാണ് കാണുന്നതെന്ന് ഞാൻ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൈവം ഏകനാണെന്ന കേവലമായ വിശ്വാസം മോക്ഷത്തിന് പര്യാപ്തമല്ല; മറിച്ച് മോക്ഷം രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:
* ദൈവത്തിന്റെ അസ്തിത്വത്തിലും ഏകത്വത്തിലുമുള്ള പൂർണ്ണമായ ദൃഢവിശ്വാസം.
* ആ മഹാനായ ഏകദൈവത്തോടുള്ള പരിപൂർണ്ണ സ്നേഹം ഹൃദയത്തിൽ പതിഞ്ഞിരിക്കണം. അതിന്റെ സ്വാധീനം കാരണം ദൈവത്തോടുള്ള അനുസരണം ഹൃദയത്തിന് ആനന്ദം നൽകുന്നതായി മാറണം; ആ സ്നേഹമില്ലാതെ ഒരാൾക്ക് ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥ വരണം. ദൈവത്തോടുള്ള സ്നേഹം മറ്റെല്ലാ സ്നേഹങ്ങളെയും ഇല്ലാതാക്കണം.
നമ്മുടെ യജമാനനും നേതാവുമായ മുഹമ്മദ് (സ) തിരുമേനിയെ പിന്തുടരുന്നതിലൂടെയല്ലാതെ ഈ യഥാർത്ഥ തൗഹീദ് ഒരിക്കലും കൈവരിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ, ദൈവത്തിന്റെ അസ്തിത്വം അദൃശ്യങ്ങൾക്കും അപ്പുറം അങ്ങേയറ്റം മറഞ്ഞിരിക്കുന്ന ഒന്നാണ്. മനുഷ്യന്റെ യുക്തിചിന്തയ്ക്ക് സ്വയം അവനെ കണ്ടെത്താനാവില്ല. യുക്തിപരമായ വാദങ്ങൾക്കൊന്നും അവന്റെ അസ്തിത്വത്തിന് അനിഷേധ്യമായ തെളിവ് നൽകാൻ കഴിയില്ല. യുക്തിയുടെ പരിധി പ്രപഞ്ചത്തിലെ സൃഷ്ടികളെ നോക്കി ഒരു സ്രഷ്ടാവിന്റെ ആവശ്യം തിരിച്ചറിയുക എന്നത് മാത്രമാണ്. എന്നാൽ അത്തരമൊരു സ്രഷ്ടാവിന്റെ ആവശ്യം ഉണ്ടെന്ന് അംഗീകരിക്കുന്നതും, അവൻ യഥാർത്ഥത്തിൽ നിലനിൽക്കുന്നു എന്ന് കണ്ണ് കൊണ്ട് കണ്ടതുപോലെ ഉറപ്പിക്കുന്നതും (ഐനുൽ യഖീൻ) രണ്ട് കാര്യമാണ്.
യുക്തിയുടെ വഴി അപൂർണ്ണവും സംശയാസ്പദവുമായതുകൊണ്ട് കേവലം യുക്തിയിലൂടെ മാത്രം ആർക്കും ദൈവത്തെ കണ്ടെത്താനാവില്ല. മറിച്ച്, യുക്തിയിലൂടെ മാത്രം ദൈവത്തെ തിരയുന്നവർ ഒടുവിൽ നിരീശ്വരവാദികളായി മാറാനാണ് സാധ്യത. അവർ അല്ലാഹുവിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ പരിഹസിക്കുന്നു. ഭൂമിയിലെയും ആകാശത്തിലെയും സൃഷ്ടികളെക്കുറിച്ചുള്ള അവരുടെ ഗവേഷണങ്ങൾ അവരെ ദൈവത്തിലേക്ക് നയിക്കുന്നില്ല. എന്നാൽ അജ്ഞരായ ഈ ആളുകൾ മനസ്സിലാക്കുന്നില്ല, അറിവില്ലായ്മ എന്നത് ഒന്നില്ല എന്നതിന് തെളിവല്ല എന്ന്.
ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന തത്വചിന്തകരുടെ കപ്പലിൽ സഞ്ചരിച്ചാൽ ആരും സംശയങ്ങളുടെ കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടില്ല; മറിച്ച് മുങ്ങിപ്പോവുകയും ശുദ്ധമായ തൗഹീദിന്റെ അമൃത് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും. പ്രവാചകനിലൂടെയല്ലാതെ തൗഹീദ് ലഭിക്കുമെന്ന ചിന്ത എത്ര അശുദ്ധമാണ്! ഓ അജ്ഞരായ മനുഷ്യരേ, ദൈവത്തിന്റെ അസ്തിത്വത്തിൽ പൂർണ്ണമായ ഉറപ്പില്ലാതെ എങ്ങനെയാണ് അവന്റെ തൗഹീദിൽ വിശ്വാസമുണ്ടാകുക? അതുകൊണ്ട് ഉറപ്പിച്ചു മനസ്സിലാക്കുക, ഒരു പ്രവാചകനിലൂടെ മാത്രമേ തൗഹീദിൽ ദൃഢത ലഭിക്കുകയുള്ളൂ. നമ്മുടെ പ്രവാചകൻ (സ) ആയിരക്കണക്കിന് സ്വർഗ്ഗീയ അടയാളങ്ങൾ കാണിച്ചുകൊണ്ടാണ് അറേബ്യയിലെ നിരീശ്വരവാദികളെയും ബഹുദൈവാരാധകരെയും ദൈവവിശ്വാസത്തിലേക്ക് കൊണ്ടുവന്നത്. ഇന്നും പ്രവാചകന്റെ സത്യസന്ധരായ അനുയായികൾ അത്തരം അടയാളങ്ങൾ നിരീശ്വരവാദികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ജീവിക്കുന്ന ദൈവത്തിന്റെ ജീവസ്സുറ്റ ശക്തികൾ ദർശിക്കുന്നത് വരെ ഹൃദയത്തിൽ നിന്ന് സാത്താൻ ഒഴിഞ്ഞുപോവുകയില്ല, അവിടെ യഥാർത്ഥ തൗഹീദ് പ്രവേശിക്കുകയുമില്ല. ഈ പരിശുദ്ധമായ തൗഹീദ് മുഹമ്മദ് നബി(സ)യിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.”
(ഹഖീഖത്തുൽ വഹ് യ്, പേജ്: 137-141)
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) പറയുന്നു:
“അറേബ്യയിലെ വിജനഭൂമിയിൽ സംഭവിച്ച ആ അത്ഭുതകരമായ സംഭവം എന്താണെന്ന് നിങ്ങൾക്ക് വല്ല ധാരണയുമുണ്ടോ? ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് മൃതശരീരങ്ങൾക്ക് (ആത്മീയമായി മരിച്ചവർക്ക്) ജീവൻ ലഭിച്ചു. തലമുറകളായി വഴിപിഴച്ചുപോയവർ ദൈവിക നിറം കൈവരിച്ചു, അന്ധന്മാർക്ക് കാഴ്ച ലഭിച്ചു, മൂകരായിരുന്നവർ ദൈവിക ജ്ഞാനത്തിന്റെ വചനങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. മുമ്പൊരിക്കലും ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതുമായ ഒരു വിപ്ലവത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് നിങ്ങൾക്കറിയാമോ? അല്ലാഹുവിൽ ലയിച്ചുചേർന്ന ഒരാൾ ഇരുളടഞ്ഞ രാത്രികളിൽ നടത്തിയ പ്രാർത്ഥനകളായിരുന്നു ലോകത്ത് ആ വിപ്ലവം സൃഷ്ടിച്ചത്. അക്ഷരജ്ഞാനമില്ലാത്തവനും നിസ്സഹായനുമെന്ന് കരുതപ്പെട്ട ആ മനുഷ്യനിൽ (തിരുനബി സ.) നിന്ന് ആർക്കും പ്രതീക്ഷിക്കാൻ കഴിയാത്ത അത്ഭുതങ്ങൾ അത് വെളിപ്പെടുത്തി. അല്ലാഹുവേ, തന്റെ ഉമ്മത്തിന് വേണ്ടി അദ്ദേഹം അനുഭവിച്ച വേദനയ്ക്കും മനോവിഷമത്തിനും അനുസൃതമായി അദ്ദേഹത്തിന്റെ മേലും അദ്ദേഹത്തിന്റെ അനുയായികളുടെ മേലും നിന്റെ അനുഗ്രഹങ്ങളും സമാധാനവും ചൊരിയേണമേ, നിന്റെ കാരുണ്യത്തിന്റെ പ്രകാശം എന്നെന്നേക്കുമായി അദ്ദേഹത്തിന്മേൽ വർഷിക്കേണമേ!
പ്രാർത്ഥനയുടെ ഫലം വെള്ളത്തേക്കാളും തീയേക്കാളും എത്രയോ മടങ്ങ് വലുതാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഞാനും മനസ്സിലാക്കിയിട്ടുണ്ട്. വാസ്തവത്തിൽ, പ്രകൃതിദത്തമായ കാരണങ്ങളുടെ ശൃംഖലയിൽ പ്രാർത്ഥനയോളം ശക്തമായ മറ്റൊന്നുമില്ല.”(ബറക്കാത്തുദ്ദുആ, പേജ്: 17-18)
ഖലീഫ തിരുമനസ്സ് അവസാനം ഇപ്രകാരം പ്രാർത്ഥിച്ചു:
അല്ലാഹു നമുക്ക് സ്വീകാര്യമായ രീതിയിൽ ആരാധനകൾ നിർവ്വഹിക്കാൻ തൗഫീഖ് നൽകട്ടെ. പ്രാർത്ഥനകളോട് നീതി പുലർത്തുന്ന യഥാർത്ഥ വിശ്വാസികളായി അല്ലാഹു നമ്മെ മാറ്റട്ടെ. കൂടാതെ തിരുനബി(സ)യുടെ മാതൃക പിന്തുടരാൻ പരിശ്രമിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ.
സൈഡ് ഹെഡിംഗ്
പാരഗ്രാഫ്


0 Comments