പരിശുദ്ധ പ്രവാചകന് (സ) അല്ലാഹുവിനോടുണ്ടായിരുന്ന സ്നേഹം

യുദ്ധത്തിന് പുറപ്പെടുകയും അവിശ്വാസികളെ വധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പുണ്യം എന്ന് ഇന്ന് മുസ്ലിങ്ങൾ തെറ്റായി ചിന്തിക്കുന്നു. എന്നാൽ, ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുക എന്നതാണെന്ന് പരിശുദ്ധ പ്രവാചകൻ(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് പറഞ്ഞു.

പരിശുദ്ധ പ്രവാചകന് (സ) അല്ലാഹുവിനോടുണ്ടായിരുന്ന സ്നേഹം

യുദ്ധത്തിന് പുറപ്പെടുകയും അവിശ്വാസികളെ വധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പുണ്യം എന്ന് ഇന്ന് മുസ്ലിങ്ങൾ തെറ്റായി ചിന്തിക്കുന്നു. എന്നാൽ, ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുക എന്നതാണെന്ന് പരിശുദ്ധ പ്രവാചകൻ(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് പറഞ്ഞു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 30 ജനുവരി 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: മുഹമ്മദ്‌ സ്വാലിഹ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറ അൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മീർസാ മസ്റൂർ അഹ്‌മദ് പരിശുദ്ധ പ്രവാചകന് (സ) ദൈവത്തോടുള്ള സ്നേഹത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി. ദൈവ സ്നേഹം പ്രകടമാക്കുന്ന അനേകം സംഭവങ്ങളുണ്ട്. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ ദൈവത്തോടുള്ള സ്നേഹത്തിന്റെ ഒരു സമുദ്രം പോലെയായിരുന്നു.

അല്ലാഹുവിനെ അവഹേളിക്കുന്നതിനോടുള്ള പരിശുദ്ധ പ്രവാചകന്റെ(സ) അതൃപ്തി

പരിശുദ്ധ പ്രവാചകന്(സ) ദൈവത്തോടുള്ള സ്നേഹത്തിൻ്റെ ഒരു ഉദാഹരണമായി ഉഹ്ദ് യുദ്ധത്തെക്കുറിച്ച് ഖലീഫാ തിരുമനസ്സ് പരാമർശിച്ചു. ഉഹ്ദ് ദിനത്തിൽ പ്രവാചകൻ(സ) ഒരു അമ്പെയ്ത്ത് സംഘത്തെ നിയോഗിക്കുകയും, യുദ്ധത്തിൽ മുസ്ലീങ്ങൾ വിജയിച്ചാലും പരാജയപ്പെട്ടാലും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് മാറരുതെന്ന് അവരോട് കർശനമായി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, മുസ്ലീങ്ങൾ അവിശ്വാസികളെ പരാജയപ്പെടുത്തിയപ്പോൾ, യുദ്ധമുതലുകളിൽ ആകൃഷ്ടരായ അമ്പെയ്ത്ത് സംഘം അവ ശേഖരിക്കാനായി തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചു. ആ നിമിഷം അല്ലാഹുവിന്റെ സഹായം പിൻവലിക്കപ്പെടുകയും, വിജയമെന്ന് തോന്നിച്ച സാഹചര്യം പരാജയത്തിലേക്ക് മാറുകയും ചെയ്തു. ശത്രു സൈന്യം പിന്നിലൂടെ വന്ന് ആക്രമിക്കുകയും 70 മുസ്ലീങ്ങൾ രക്തസാക്ഷികളാവുകയും ചെയ്തു.

ഈ സമയത്ത് അബൂ സുഫിയാൻ ഉറക്കെ വിളിച്ചു ചോദിച്ചു, പരിശുദ്ധ പ്രവാചകൻ(സ) എവിടെയാണെന്ന്. കൂടെയുള്ള അനുചരന്മാരോട് നിശബ്ദരായിരിക്കാൻ പ്രവാചകൻ(സ) നിർദ്ദേശിച്ചു. അതുപോലെ അബൂ സുഫിയാൻ ഹദ്റത്ത് അബൂബക്കറിനെയും(റ) ഹദ്റത്ത് ഉമറിനെയും(റ) കുറിച്ച് ചോദിച്ചു; അപ്പോഴും ഒന്നും പറയരുതെന്ന് പ്രവാചകൻ(സ) നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന്, അവർ എല്ലാവരും മരിച്ചിട്ടുണ്ടാകുമെന്നും അല്ലെങ്കിൽ അവർ മറുപടി നൽകിയേനെ എന്നും അബൂ സുഫിയാൻ പറഞ്ഞു. ഇത് കേട്ട് സഹിക്കാനാവാതെ ഹദ്റത്ത് ഉമർ(റ) പ്രതികരിച്ചു. പ്രവാചകൻ(സ) ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. മറുപടിയായി അബൂ സുഫിയാൻ തങ്ങളുടെ വിഗ്രഹമായ ‘ഹുബലിനെ’ പുകഴ്ത്തി മുദ്രാവാക്യം മുഴക്കി. ദൈവത്തിന് നേരെയുള്ള ഈ വെല്ലുവിളി സഹിക്കാൻ പ്രവാചകനായില്ല. ഉടൻ തന്നെ ‘അല്ലാഹുവാണ് അത്യുന്നതനും മഹത്വമുള്ളവനും’ എന്ന് മറുപടി നൽകാൻ അദ്ദേഹം അനുചരന്മാരോട് നിർദ്ദേശിച്ചു.

അബൂ സുഫിയാൻ പറഞ്ഞു, “ഞങ്ങൾക്ക് ഉസ്സ (വിഗ്രഹം) ഉണ്ട്, നിങ്ങൾക്ക് ഉസ്സയില്ല.” അപ്പോൾ പ്രവാചകൻ(സ) പറഞ്ഞു, “അല്ലാഹുവാണ് ഞങ്ങളുടെ സഹായി, നിങ്ങൾക്ക് സഹായിയുമില്ല” എന്ന് മറുപടി നൽകാൻ. ചുരുക്കത്തിൽ, അല്ലാഹുവിന്റെ സ്ഥാനത്തെ ബാധിക്കുന്ന കാര്യമായപ്പോൾ പ്രവാചകൻ(സ) സ്വന്തം ജീവനെപ്പോലും ചിന്തിച്ചില്ല. തന്റെ മരണം ശത്രുക്കൾ ആഘോഷിക്കുമ്പോഴും നിശബ്ദത പാലിക്കാൻ നിർദ്ദേശിച്ച അദ്ദേഹം, ദൈവത്തിന്റെ മഹത്വത്തിന് കളങ്കം ഏൽക്കുന്ന സന്ദർഭം വന്നപ്പോൾ മറുപടി നൽകാൻ കൽപ്പിച്ചു.

അഹ്‌മദിയ്യ മുസ്ലീം ജമാഅത്തിന്റെ രണ്ടാം ഖലീഫ ഹദ്റത്ത് മീർസ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദിൻ്റെ (റ) വാക്കുകൾ ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു: “പ്രവാചകന് ചുറ്റും വലയം തീർത്ത മുസ്ലീങ്ങൾ ശത്രുക്കൾ പിൻവാങ്ങുന്നത് കണ്ടപ്പോൾ മുന്നോട്ട് കുതിച്ചു. അവർ രക്തസാക്ഷികൾക്കിടയിൽ നിന്ന് പ്രവാചകന്റെ ശരീരം ഉയർത്തി. പ്രവാചകന്റെ കവിളിൽ തറച്ച ചങ്ങലയുടെ കണ്ണികൾ അബൂ ഉബൈദ ബിൻ അൽ-ജറാഹ് തന്റെ പല്ലുകൾ കൊണ്ട് കടിച്ചുപിടിച്ച് പുറത്തെടുത്തു; ഈ ശ്രമത്തിനിടയിൽ അദ്ദേഹത്തിന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. അല്പസമയത്തിന് ശേഷം പ്രവാചകന് ബോധം തിരികെ ലഭിച്ചു. ചിതറിപ്പോയ മുസ്ലീങ്ങൾ പ്രവാചകനെ മലയടിവാരത്തേക്ക് കൊണ്ടുപോയി. മുസ്ലീങ്ങളുടെ അവശേഷിച്ച ചെറിയ സംഘത്തെ കണ്ട് അബൂ സുഫിയാൻ വിളിച്ചുപറഞ്ഞു, ‘ഞങ്ങൾ മുഹമ്മദിനെ കൊന്നു.’ പ്രവാചകൻ ആ അഹങ്കാരത്തോടെയുള്ള വിളികൾ കേട്ടെങ്കിലും മുസ്ലിങ്ങളോട് മറുപടി നൽകരുതെന്ന് വിലക്കി. സത്യം ശത്രുക്കൾ അറിഞ്ഞാൽ അവർ വീണ്ടും ആക്രമിച്ചേക്കുമെന്നും, തളർന്നവശരായ മുസ്ലിങ്ങൾക്ക് ആ ക്രൂരമായ സംഘത്തോടു വീണ്ടും യുദ്ധം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഭയപ്പെട്ടു. മുസ്ലിങ്ങളിൽ നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാൽ പ്രവാചകൻ മരിച്ചുവെന്ന് അബൂസുഫിയാൻ ഉറപ്പിച്ചു. അയാൾ തന്റെ ആദ്യത്തെ വിളിയെത്തുടർന്ന് രണ്ടാമതും വിളിച്ചു പറഞ്ഞു: “ഞങ്ങൾ അബൂബക്കറിനെയും കൊന്നിരിക്കുന്നു.” മറുപടി പറയുന്നതിൽ നിന്ന് പ്രവാചകൻ അബൂബക്കറിനെയും വിലക്കി. അബൂസുഫിയാൻ മൂന്നാമതും വിളിച്ചു പറഞ്ഞു: “ഞങ്ങൾ ഉമറിനെയും കൊന്നിരിക്കുന്നു.” മറുപടി നൽകുന്നതിൽ നിന്ന് ഉമറിനെയും പ്രവാചകൻ തടഞ്ഞു. ഇതോടെ, മൂന്നുപേരെയും തങ്ങൾ കൊന്നു കഴിഞ്ഞു എന്ന് അബൂസുഫിയാൻ ആർത്തുവിളിച്ചു.

ഇപ്പോൾ ഉമറിന് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “ഞങ്ങളെല്ലാവരും ജീവനോടെയുണ്ട്, ദൈവാനുഗ്രഹത്താൽ നിങ്ങളോട് പോരാടാനും നിങ്ങളുടെ തല തകർക്കാനും ഞങ്ങൾ സജ്ജരാണ്.” അപ്പോൾ അബൂസുഫിയാൻ അവരുടെ ഗോത്രപരമായ മുദ്രാവാക്യം മുഴക്കി: “ഹുബലിന് സ്തുതി! ഹുബലിന് സ്തുതി! ഹുബൽ ഇസ്‌ലാമിനെ അവസാനിപ്പിച്ചിരിക്കുന്നു.” (മക്കക്കാരുടെ ദേശീയ വിഗ്രഹമായിരുന്നു ഹുബൽ). ഏകദൈവമായ അല്ലാഹുവിനെതിരെയുള്ള ഈ അഹങ്കാരം സഹിക്കാൻ പ്രവാചകനായില്ല; ആ ദൈവത്തിനു വേണ്ടിയാണല്ലോ തങ്ങളുടെ സർവ്വസ്വവും ത്യാഗം ചെയ്യാൻ പ്രവാചകനും മുസ്ലിങ്ങളും തയ്യാറായത്. തന്റെ മരണവാർത്ത തിരുത്താൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. സൈനികമായ കാരണങ്ങളാൽ അബൂബക്കറിന്റെയും ഉമറിന്റെയും മരണവാർത്തകൾ തിരുത്തുന്നതിനും അദ്ദേഹം വിസമ്മതിച്ചിരുന്നു. അദ്ദേഹത്തിന്റെ ചെറിയ സൈന്യത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ശത്രുസൈന്യമാകട്ടെ വലുതും ആവേശത്തിലുമായിരുന്നു.

എന്നാൽ ഇപ്പോൾ ശത്രു അല്ലാഹുവിനെ അപമാനിച്ചിരിക്കുന്നു. അത്തരമൊരു അപമാനം സഹിക്കാൻ പ്രവാചകന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആത്മാവ് ജ്വലിച്ചു. ചുറ്റുമുള്ള മുസ്ലിങ്ങളെ ദേഷ്യത്തോടെ നോക്കി അദ്ദേഹം ചോദിച്ചു: “ഏകദൈവമായ അല്ലാഹുവിനെതിരെയുള്ള ഈ അപമാനത്തിന് മറുപടി നൽകാതെ നിങ്ങൾ എന്താണ് നിശബ്ദരായി നിൽക്കുന്നത്?” മുസ്ലിങ്ങൾ ചോദിച്ചു: “പ്രവാചകരെ, ഞങ്ങൾ എന്താണ് പറയേണ്ടത്?” അദ്ദേഹം പറഞ്ഞു: “പറയുക, ‘അല്ലാഹു മാത്രമാണ് മഹാനും ശക്തനും. അല്ലാഹു മാത്രമാണ് മഹാനും ശക്തനും. അവൻ മാത്രമാണ് ഉന്നതനും ആദരണീയനും. അവൻ മാത്രമാണ് ഉന്നതനും ആദരണീയനും’.”

മുസ്ലിങ്ങൾ അതനുസരിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു. ഈ വിളികേട്ട് ശത്രുക്കൾ സ്തംഭിച്ചുപോയി. പ്രവാചകൻ മരിച്ചിട്ടില്ലെന്ന തിരിച്ചറിവിൽ അവർ ലജ്ജിതരായി നിന്നു. അവരുടെ മുന്നിൽ മുറിവേറ്റവരും തളർന്നവരുമായ ഒരുപിടി മുസ്ലിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ നശിപ്പിക്കുക എന്നത് എളുപ്പമായിരുന്നു. എന്നാൽ വീണ്ടും ആക്രമിക്കാൻ അവർ ധൈര്യപ്പെട്ടില്ല. തങ്ങൾക്ക് ലഭിച്ച വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ച്, വലിയ ആഘോഷത്തോടെ അവർ മടങ്ങിപ്പോയി.”

പരിശുദ്ധ പ്രവാചകൻ(സ) അല്ലാഹുവിൽ പങ്കുചേർക്കുന്നതിനെ (ശിർക്ക്) അങ്ങേയറ്റം വെറുത്തിരുന്നു. ഒരിക്കൽ ഒരാൾ പ്രവാചകനോട് പറഞ്ഞു, “അല്ലാഹുവും താങ്കളും ആഗ്രഹിക്കുന്നത് പോലെ നടക്കട്ടെ.” അപ്പോൾ പ്രവാചകൻ(സ) ചോദിച്ചു, “നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ? അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന് മാത്രം പറയുക.”

ഖബറുകളെ ആരാധനാ കേന്ദ്രമാക്കുന്നതിനോടുള്ള വിമുഖത

ഖബറുകൾ ആരാധനാ കേന്ദ്രങ്ങളായി മാറുന്നതിനെക്കുറിച്ച് പ്രവാചകൻ(സ) ആശങ്കാകുലനായിരുന്നു. ഇന്ന് മുസ്ലീങ്ങൾ തങ്ങളുടെ പുരോഹിതന്മാരുടെയും നേതാക്കളുടെയും ഖബറുകളിൽ പോയി പ്രണമിക്കുന്നത് നിർഭാഗ്യകരമാണ്. തന്റെ അവസാന രോഗശയ്യയിലായിരുന്നപ്പോൾ പോലും പ്രവാചകൻ(സ) പ്രാർത്ഥിച്ചത്, പ്രവാചകന്മാരുടെ ഖബറുകളെ ആരാധനാലയമാക്കിയവരെ അല്ലാഹു ശപിക്കട്ടെ എന്നാണ്.

ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്

ഒരിക്കൽ അവിശ്വാസികൾ പ്രവാചകനോട് ദൈവത്തിന്റെ വംശാവലിയെക്കുറിച്ച് ചോദിച്ചു. അപ്പോൾ അല്ലാഹു വെളിപ്പെടുത്തി: “പറയുക, അവൻ അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും സർവ്വരും ആശ്രയിക്കുന്നവനുമാണ്. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, ആരിൽ നിന്നും ജനിച്ചിട്ടുമില്ല.” ദൈവത്തിന്റെ ഏകത്വം പ്രബോധനം ചെയ്യാൻ ലഭിച്ച എല്ലാ അവസരങ്ങളും പ്രവാചകൻ(സ) വിനിയോഗിച്ചു.

മഴ പെയ്യുമ്പോൾ ചില അവിശ്വാസികൾ നക്ഷത്രങ്ങൾ കാരണമാണ് മഴ പെയ്തതെന്ന് പറയാറുണ്ടായിരുന്നു.ഒരിക്കൽ മഴ പെയ്തപ്പോൾ പരിശുദ്ധ പ്രവാചകൻ(സ) ഇപ്രകാരം പറഞ്ഞു: ദൈവത്തിന്റെ അനുഗ്രഹം (കൃപ) കൊണ്ടാണ് മഴ പെയ്യുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ അവർ തന്റെ ജനതയിൽ പെട്ടവരാണ്; എന്നാൽ ഒരു നക്ഷത്രം കാരണമാണ് മഴ പെയ്തതെന്ന് പറയുന്നവർ തന്റെ ജനതയിൽ പെട്ടവരല്ലെന്നും അവർ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെത്തുടർന്ന്, ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും പരിശുദ്ധ പ്രവാചകനോളം(സ) ആഴത്തിലുള്ള അറിവ് മറ്റാർക്കുമില്ലെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തി.

സ്വർഗ്ഗത്തിലേക്ക് നയിക്കുന്നതും നരകത്തിലേക്ക് കൊണ്ടുപോകുന്നതും എന്താണെന്ന് ചോദിച്ചപ്പോൾ പ്രവാചകൻ(സ) പറഞ്ഞു, ദൈവത്തിൽ ആരെയും പങ്കുചേർക്കാത്തവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. ദൈവത്തിൽ പങ്കുചേർക്കുന്നവർ (ശിർക്ക് ചെയ്യുന്നവർ) നരകത്തിൽ പ്രവേശിക്കും. ഇതേ തത്വം തന്നെയാണ് ഇന്നും ബാധകമാകുന്നത്. ലൗകിക മാർഗ്ഗങ്ങളിലോ, സ്വന്തം കഴിവുകളിലോ, കുടുംബത്തിലോ അല്ലെങ്കിൽ മക്കളിലോ മാത്രം അമിതമായി വിശ്വസിക്കുന്നവർ ദൈവത്തിൽ പങ്കുചേർക്കുകയാണ് (ശിർക്ക്). ലൗകികമായ ഈ ഉപാധികൾ പരലോകത്ത് യാതൊരു ഗുണവും ചെയ്യില്ല; മറിച്ച്, ദൈവത്തിന്റെ അനുഗ്രഹം (കൃപ) മാത്രമാണ് അവിടെ ഉപകരിക്കുക. ആ അനുഗ്രഹം ലഭിക്കുന്നതിനായി, പരിശുദ്ധ പ്രവാചകന്റെ(സ) മാതൃക പിന്തുടരാൻ ദൈവം എല്ലാവരോടും കൽപ്പിച്ചിരിക്കുന്നു.

ദൈവത്തിന് വേണ്ടി വലിയ ത്യാഗം ചെയ്യാനുള്ള ആഗ്രഹം

ദൈവത്തിലും അവന്റെ ദൂതനിലും ഉറച്ച വിശ്വാസമുള്ളടത്തോളം കാലം, തന്റെ മാർഗ്ഗത്തിൽ ഇറങ്ങിത്തിരിക്കുന്നവർക്ക് ഒന്നുകിൽ വിജയം ലഭിക്കുമെന്നും അല്ലെങ്കിൽ രക്തസാക്ഷിയായാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രവാചകൻ(സ) ഒരിക്കൽ പറഞ്ഞു. തനിക്ക് സാധിക്കുമായിരുന്നെങ്കിൽ ദൈവമാർഗ്ഗത്തിൽ രക്തസാക്ഷിയാവുകയും വീണ്ടും ജനിച്ചു വീണ്ടും രക്തസാക്ഷിയാവുകയും ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രവാചകൻ(സ) പറഞ്ഞു.

ബദർ യുദ്ധത്തിന് പോകുന്ന വഴിയിൽ “യുദ്ധനൈപുണ്യത്തിനും ധീരതയ്ക്കും അറേബ്യയിൽ പ്രസിദ്ധനായ ഒരാൾ യാത്രാമധ്യേ മുസ്ലിം സൈന്യത്തെ കണ്ടുമുട്ടി. ഒരു അവിശ്വാസിയായിരുന്നിട്ടും മുസ്ലിം സൈന്യത്തോടൊപ്പം ചേരാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ഇത്തരമൊരു ആൾ സൈന്യത്തിന് കരുത്തുപകരാൻ എത്തുന്നു എന്നറിഞ്ഞപ്പോൾ അനുചരന്മാർ (സ്വഹാബികൾ) വളരെയധികം സന്തോഷിച്ചു. എന്നാൽ, അയാൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് പരിശുദ്ധ പ്രവാചകൻ(സ) ചോദിച്ചു. ഇല്ലെന്നായിരുന്നു അയാളുടെ മറുപടി. എങ്കിൽ അയാൾ മടങ്ങിപ്പോകണമെന്നും അയാളുടെ സഹായം തങ്ങൾക്ക് ആവശ്യമില്ലെന്നും പ്രവാചകൻ(സ) പറഞ്ഞു. മുസ്ലിം സൈന്യം മുന്നോട്ട് നീങ്ങിയപ്പോൾ അതേ വ്യക്തി വീണ്ടും പ്രവാചകനെ(സ) കണ്ടുമുട്ടി; എന്നാൽ ഇത്തവണയും മടങ്ങിപ്പോകാനാണ് പ്രവാചകൻ അദ്ദേഹത്തോട് പറഞ്ഞത്. അല്പം കൂടി മുന്നോട്ട് പോയപ്പോൾ അദ്ദേഹം വീണ്ടും പ്രവാചകനെ(സ) കണ്ടു. ഇത്തവണ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനുശേഷം മാത്രമാണ് മുസ്ലിം സൈന്യത്തോടൊപ്പം ചേരാൻ പ്രവാചകൻ(സ) അദ്ദേഹത്തെ അനുവദിച്ചത്. അങ്ങനെ, സാഹചര്യം എന്തുതന്നെയായാലും ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തിന് (തൗഹീദ്) വേണം എപ്പോഴും മുൻഗണന നൽകാൻ.

ദൈവത്തെ എപ്പോഴും സ്മരിക്കൽ

“പരിശുദ്ധ പ്രവാചകൻ(സ) എപ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുമായിരുന്നു. മറ്റെല്ലാ സംസാരങ്ങളെക്കാളും ഉത്തമമായ നാല് കാര്യങ്ങൾ ഒരാൾ പറയേണ്ടതുണ്ടെന്നും, അവയിലൊന്ന് ചൊല്ലിക്കൊണ്ട് ഒരാൾ എന്തെങ്കിലും ആരംഭിക്കുകയാണെങ്കിൽ അത് അനുഗ്രഹിക്കപ്പെട്ടതാകുമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.” ഏറ്റവും ഉത്തമമായ ആ നാല് വാക്കുകൾ ഇവയാണ്: സുബ്ഹാനല്ലാഹ് (അല്ലാഹു പരിശുദ്ധനാണ്), അൽഹംദുലില്ലാഹ് (എല്ലാ സ്തുതിയും അല്ലാഹുവിനാണ്), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല), അല്ലാഹു അക്ബർ (അല്ലാഹു ഏറ്റവും വലിയവനാണ്).

“ഒരിക്കൽ ഒരാൾ പരിശുദ്ധ പ്രവാചകന്റെ(സ) അടുക്കൽ വന്ന് ഇസ്‌ലാമിലെ നിയമങ്ങൾ തനിക്ക് താങ്ങാനാവുന്നതിലപ്പുറമാണെന്നും അവയെല്ലാം കൃത്യമായി പാലിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും പറഞ്ഞു. താൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ചുരുക്കം ചില കാര്യങ്ങൾ പറഞ്ഞുതരാൻ അദ്ദേഹം പ്രവാചകനോട്(സ) അഭ്യർത്ഥിച്ചു. അപ്പോൾ, എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കാൻ പ്രവാചകൻ(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചു. മറ്റൊരു നിവേദനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല’ (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന് പറയുന്നതാണ് ഏറ്റവും ഉത്തമമായ വചനമെന്നും, ‘എല്ലാ സ്തുതിയും അല്ലാഹുവിനാണ്’ (അൽഹംദുലില്ലാഹ്) എന്ന് പറയുന്നതാണ് ഏറ്റവും മഹത്തായ പ്രാർത്ഥനയെന്നും പ്രവാചകൻ(സ) അരുളിച്ചെയ്തു.”
ഏതെങ്കിലും സന്തോഷവാർത്ത കേട്ടാൽ ഉടൻ തന്നെ പ്രവാചകൻ(സ) അല്ലാഹുവിന് നന്ദിസൂചകമായി സുജൂദ് ചെയ്യുമായിരുന്നു.

ഉറങ്ങുന്നതിന് മുൻപ് നമസ്കാരത്തിന് വുദു (ശുദ്ധി) വരുത്തുന്നതുപോലെ വുദു ചെയ്യണമെന്നും, തുടർന്ന് വലതുവശം ചരിഞ്ഞു കിടന്നുകൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കണമെന്നും പരിശുദ്ധ പ്രവാചകൻ(സ) പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്: ‘അല്ലാഹുവേ, ഞാൻ എന്നെത്തന്നെ നിനക്ക് സമർപ്പിച്ചിരിക്കുന്നു, എന്റെ കാര്യങ്ങൾ ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു, നിന്നെ എന്റെ അവലംബമാക്കിയിരിക്കുന്നു. ഞാൻ നിന്നെ ഭയപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നു. നീയല്ലാതെ എനിക്ക് മറ്റൊരു അഭയസ്ഥാനമില്ല, രക്ഷാകേന്ദ്രവുമില്ല. രക്ഷ എന്നത് നിന്നിൽ മാത്രമാണ്. നീ അവതരിപ്പിച്ച വേദഗ്രന്ഥത്തിലും നീ അയച്ച പ്രവാചകനിലും ഞാൻ വിശ്വസിക്കുന്നു.’ ഉറങ്ങുന്നതിന് മുൻപ് ഒരാൾ പറയുന്ന അവസാന വാക്കുകൾ ഇതയിരിക്കണമെന്ന് പ്രവാചകൻ(സ) അരുളിച്ചെയ്തു; അങ്ങനെ ഉറക്കത്തിൽ അദ്ദേഹം മരണപ്പെടുകയാണെങ്കിൽ, ഈ വചനങ്ങൾ അദ്ദേഹത്തിന്റെ അവസാന വാക്കുകളായി മാറുന്നതാണ്.

പരിശുദ്ധ പ്രവാചകൻ(സ) ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ വലതു കൈ വലതു കവിളിന് താഴെ വെച്ചുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു: ‘എന്റെ നാഥാ, എന്റെ ജീവിതവും മരണവും നിനക്ക് വേണ്ടി മാത്രമായിരിക്കട്ടെ.’ അദ്ദേഹം ഉണരുമ്പോൾ പറയുമായിരുന്നു: ‘മരണത്തിന് (ഉറക്കത്തിന്) ശേഷം ഞങ്ങൾക്ക് ജീവൻ നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും, അവനിലേക്കാണ് ഞങ്ങളുടെ മടക്കം.’ ചുരുക്കത്തിൽ, ഉറങ്ങുന്നതിന് മുൻപ് തന്റെ ജീവിതവും മരണവും ദൈവത്തിന് വേണ്ടിയാണെന്ന് പ്രാർത്ഥിച്ചുകൊണ്ട് തന്റെ കാര്യങ്ങൾ അദ്ദേഹം ക്രമപ്പെടുത്തിയിരുന്നു; ഉണരുമ്പോൾ തന്റെ ജീവിതത്തിൽ അനുഗ്രഹം നൽകിയതിനും വീണ്ടും ഉണരാൻ അനുവദിച്ചതിനും അദ്ദേഹം ദൈവത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. ഒരാൾ മരണപ്പെടുന്ന സമയത്ത് അല്ലാഹുവെ സ്മരിച്ചുകൊണ്ടിരിക്കുന്നത് (ദിക്ർ) ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കാര്യമാണെന്നും പരിശുദ്ധ പ്രവാചകൻ(സ) പറഞ്ഞു.

യുദ്ധത്തിന് പുറപ്പെടുകയും അവിശ്വാസികളെ വധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പുണ്യം എന്ന് ഇന്ന് മുസ്ലിങ്ങൾ തെറ്റായി ചിന്തിക്കുന്നു. എന്നാൽ, ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുക എന്നതാണെന്ന് പരിശുദ്ധ പ്രവാചകൻ(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് പറഞ്ഞു. ഇതാണ് ജിഹാദിന്റെ ഏറ്റവും മഹത്തായ രൂപം. ദൈവസ്മരണയോളം മറ്റൊന്നിനും ഒരാളെ ദൈവശിക്ഷയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്നും പരിശുദ്ധ പ്രവാചകൻ(സ) പറഞ്ഞു.

പരിശുദ്ധ പ്രവാചകന്റെ(സ) പത്നി ഹദ്റത്ത് ആയിഷ(റ) രേഖപ്പെടുത്തുന്നു: തന്റെ അവസാന നിമിഷങ്ങളിൽ, ദൈവത്തിന്റെ അടുത്തേക്ക് വരാനും ഈ ലോകത്ത് തന്നെ തുടരാനും ഉള്ള തെരഞ്ഞെടുപ്പിനുള്ള അവസരം അല്ലാഹു പ്രവാചകന്(സ) നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞു, അല്ലാഹുവാണ് ഏറ്റവും ഉത്തമനായ കൂട്ടുകാരൻ.’ ഇവയായിരുന്നു പരിശുദ്ധ പ്രവാചകന്റെ(സ) അവസാന വാക്കുകൾ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed