അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 2 ജനുവരി 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുഹമ്മദ് സാലിഹ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) കഴിഞ്ഞ ഖുതുബയിൽ തിരുനബി(സ)യുടെ മാതൃകയെക്കുറിച്ചും അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തെക്കുറിച്ചും പരാമർശിച്ചതായി പ്രസ്താവിച്ചു. ഈ കാലഘട്ടത്തിൽ, തിരുനബി(സ)യോടുള്ള പരിപൂർണമായ അനുസരണത്തിലൂടെ, അദ്ദേഹത്തിന്‍റെ യഥാർത്ഥ പ്രേമിയായ വാഗ്ദത്ത മസീഹിലൂടെ(അ) ആ സ്നേഹത്തിന്‍റെ ഒരു മിന്നലാട്ടം നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദൈവത്തോട് തനിക്ക് സ്വാഭാവികമായ ഒരു ആകർഷണം ഉണ്ടായിരുന്നുവെന്നും, അത് തന്നിൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹത്തിന്‍റെ ഫലമാണെന്നും വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ചതായി ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു. കൂടാതെ, താൻ നേടിയതെല്ലാം തിരുനബി(സ)യോടുള്ള പൂർണ്ണമായ അനുസരണത്തിന്‍റെ ഫലമാണെന്ന വസ്തുത വിവിധ സന്ദർഭങ്ങളിൽ വാഗ്ദത്ത മസീഹ്(അ) എടുത്തുപറഞ്ഞിട്ടുണ്ട്. ഇതാണ് അല്ലാഹുവിന്‍റെ സ്നേഹത്തിന്‍റെയും അനുഗ്രഹങ്ങളുടെയും വാതിലുകൾ അദ്ദേഹത്തിന് മുന്നിൽ തുറക്കപ്പെടാൻ കാരണമായത്.
പ്രയാസകരമായ സമയങ്ങളിൽ അല്ലാഹുവിന്‍റെ സഹായം
താൻ ചെയ്യുന്ന ഓരോ കാര്യവും, തന്‍റെ കുടുംബവുമായുള്ള ബന്ധമുൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും അല്ലാഹുവിനു വേണ്ടിയുള്ളതാണെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു. കൂടാതെ, സത്യവിശ്വാസികൾ പ്രയാസസമയങ്ങളിൽ അചഞ്ചലരായി നിലകൊള്ളുമെന്നും, കാരണം അല്ലാഹു തങ്ങളെ അന്തിമമായി സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും വാഗ്ദത്ത മസീഹ്(അ) പറഞ്ഞു. എല്ലാവരും തങ്ങളെ ഉപേക്ഷിച്ചാലും ദൈവം ഒരിക്കലും തങ്ങളെ കൈവിടില്ലെന്ന് അവർ വിശ്വസിക്കുന്നു. താൻ ഈ ലോകത്ത് ഒറ്റപ്പെടുകയും ശത്രുക്കളിൽ നിന്ന് അതിക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വരികയും ചെയ്താലും, ദൈവം തന്നോടൊപ്പമുണ്ടെന്നും താൻ അന്തിമ വിജയം നേടുമെന്നും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ചു.
വാഗ്ദത്ത മസീഹ് പറയുന്നു, “അല്ലയോ മൂഢരും അന്ധരുമായവരേ! എനിക്ക് മുമ്പ് ഏതെങ്കിലും ഒരു പുണ്യവാളൻ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ, ഞാൻ നശിപ്പിക്കപ്പെടാൻ? ഏതെങ്കിലും ഒരു യഥാർത്ഥ വിശ്വാസി ദൈവത്താൽ അപമാനിതനായി നശിപ്പിക്കപ്പെട്ടിട്ടുണ്ടോ, എന്നെ നശിപ്പിക്കാൻ? എന്‍റെ ആത്മാവ് നാശത്തിന് വിധേയമല്ലെന്നും എന്‍റെ പ്രകൃതം പരാജയപ്പെടുന്ന ഒന്നല്ലെന്നും ഓർക്കുക. പർവതങ്ങൾ പോലും നിസ്സാരമായിത്തീരുന്ന അത്രയും ധൈര്യവും സത്യസന്ധതയും എനിക്ക് നൽകപ്പെട്ടിട്ടുണ്ട്. ഞാൻ ആരെയും ഭയപ്പെടുന്നില്ല. ഞാൻ തനിച്ചായിരുന്നു, ആ ഏകാന്തതയിൽ ഞാൻ ദുഃഖിതനുമായിരുന്നില്ല. എന്നിരിക്കെ ദൈവം എന്നെ കൈവിടുമോ? ഒരിക്കലുമില്ല. ഞാന്‍ നശിപ്പിക്കപ്പെടുമോ? ഒരിക്കലുമില്ല. എന്‍റെ ശത്രുക്കൾ അപമാനിതരാകും, എന്നോട് അസൂയയുള്ളവർ ലജ്ജിതരാകും, ദൈവം തന്‍റെ ദാസന് എല്ലാ മേഖലകളിലും വിജയം നൽകും. ഞാൻ അവനോടൊപ്പമാണ്, അവന്‍ എന്നോടൊപ്പവുമാണ്. ഒരു ശക്തിക്കും ഞങ്ങളുടെ ബന്ധത്തെ തകർക്കാൻ കഴിയില്ല. അവന്‍റെ മഹത്വത്തിലും പ്രതാപത്തിലും സത്യം ചെയ്ത് ഞാൻ പറയുന്നു, അവന്‍റെ മതത്തിന്‍റെ മഹത്വം വെളിപ്പെടുന്നതിനേക്കാളും, അവന്‍റെ തേജസ്സ് ഉദിച്ചുയരുന്നതിനേക്കാളും, അവന്‍റെ വചനം ഉന്നതമാകുന്നതിനേക്കാളും പ്രിയപ്പെട്ടതായി മറ്റൊന്നും എനിക്ക് ഈ ലോകത്തോ പരലോകത്തോ ഇല്ല. അവന്‍റെ കൃപയാൽ, ഒന്നല്ല പത്തുലക്ഷം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും ഞാൻ ഭയപ്പെടുകയില്ല. പരീക്ഷണങ്ങളുടെ വേദിയിലും കഠിനമായ പീഡനങ്ങളുടെ വനങ്ങളിലും എനിക്ക് കരുത്ത് നൽകപ്പെട്ടിട്ടുണ്ട്. യുദ്ധക്കളത്തിൽ നിങ്ങൾ പുറം കാണുന്നവരിലൊരാളല്ല ഞാൻ; മറിച്ച് പൊടിപടലങ്ങൾക്കും രക്തത്തിനുമിടയിൽ തലയുയർത്തി നിൽക്കുന്നവനായിരിക്കും ഞാൻ. എന്നെ പിന്തുടരാൻ ആഗ്രഹിക്കാത്തവർക്ക് എന്നെ വിട്ടുപോകാൻ സ്വാതന്ത്ര്യമുണ്ട്. ഇനിയും എത്രമാത്രം ഭയാനകവും മുള്ളുകൾ നിറഞ്ഞതുമായ മരുഭൂമികൾ എനിക്ക് താണ്ടേണ്ടതുണ്ടെന്ന് എനിക്കറിയില്ല.”
അല്ലാഹു തന്‍റെ പ്രിയപ്പെട്ടവർക്ക് നൽകുന്ന സംരക്ഷണം
വാഗ്ദത്ത മസീഹ്(അ)ന്‍റെ കടുത്ത എതിരാളിയായിരുന്ന ലേഖ്റാമിന്‍റെ മരണം അന്വേഷിക്കുന്ന വേളയിൽ, ഒരിക്കൽ പോലീസ് സൂപ്രണ്ട് അറസ്റ്റ് വാറണ്ടും വിലങ്ങുകളുമായി ഖാദിയാനിലേക്ക് പുറപ്പെട്ടു. ഒരാൾ പരിഭ്രാന്തിയോടെ ഈ വിവരം വാഗ്ദത്ത മസീഹ്(അ)നെ അറിയിച്ചു. എന്നാൽ ഇതുകേട്ട് അദ്ദേഹം പുഞ്ചിരിക്കുകയാണുണ്ടായത്. സന്തോഷകരമായ സന്ദർഭങ്ങളിൽ ആളുകൾ സ്വർണത്തിന്‍റെയും വെള്ളിയുടെയും വളകൾ ധരിക്കാറുണ്ടെന്നും, അതിനാൽ തെറ്റായ ആരോപണത്തിന്‍റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അല്ലാഹുവിനുവേണ്ടി ഇരുമ്പ് വളകൾ (വിലങ്ങുകൾ) ധരിച്ചതായി താൻ കരുതുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ദൈവത്തിന്‍റെ സംരക്ഷണം ഉള്ളതിനാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവിൽ അദ്ദേഹം പറഞ്ഞത് പോലെ തന്നെ നടന്നു. വാഗ്ദത്ത മസീഹിന്(അ) യാതൊരു ഉപദ്രവവും ഏൽക്കാതെ ആ അന്വേഷണം കടന്നുപോവുകയും ചെയ്തു.
താൻ അപമാനിക്കപ്പെടുമെന്നോ പരാജയം നേരിടേണ്ടി വരുമെന്നോ ആരെങ്കിലും അറിയിച്ചാൽ പോലും, ദൈവത്തോടുള്ള തന്‍റെ സ്നേഹത്തിനോ അവന്‍റെ മതത്തിന് വേണ്ടിയുള്ള തന്‍റെ സേവനത്തിനോ ലവലേശം കുറവു സംഭവിക്കില്ലെന്ന് വാഗ്ദത്ത മസീഹ്(അ) മറ്റൊരു സന്ദർഭത്തിൽ പറയുകയുണ്ടായി. കാരണം, അല്ലാഹുവിനെക്കുറിച്ച് തനിക്കുണ്ടായ അനുഭവങ്ങൾ അവനോടുള്ള പൂർണ്ണമായ സ്നേഹത്തിലും ദൃഢവിശ്വാസത്തിലും തന്നെ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നമസ്കാരത്തിന് പുറമെയും, വാഗ്ദത്ത മസീഹ്(അ) “എന്‍റെ പ്രിയപ്പെട്ട അല്ലാഹുവേ” എന്ന് ഹൃദയസ്പർശിയായി പ്രാർത്ഥിക്കുന്നത് കേൾക്കാമായിരുന്നു. ദൈവത്തിന്‍റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം വലിയ അഭിമാനം കൊണ്ടിരുന്നു. ഒരിക്കൽ, വാഗ്ദത്ത മസീഹ്(അ)ന്‍റെ കുടുംബത്തിലെ ഒരാളുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ ഒരാൾ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. വാസ്തവത്തിൽ മരിച്ച ആൾ ഇസ്‌ലാമിന്‍റെ ശത്രുവും നിരീശ്വരവാദിയുമായിരുന്നു. മിർസാ ഇമാമുദ്ദീൻ ഒരു നല്ല മനുഷ്യനായിരുന്നു എന്ന് ആഗതൻ അനുശോചനത്തിനിടെ പറഞ്ഞപ്പോൾ, വാഗ്ദത്ത മസീഹിന്(അ) അത് സഹിക്കാനായില്ല. ദൈവത്തിന്‍റെ ശത്രുവിനെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹം കർശനമായി ചോദിച്ചു. മീർസാ ഇമാമുദ്ദീൻ ദൈവത്തെ പരസ്യമായി പരിഹസിച്ചിരുന്ന വ്യക്തിയായിരുന്നു. അതിനാൽ തന്‍റെ സ്വന്തം വീട്ടിലിരുന്ന് അത്തരമൊരാളെ പുകഴ്ത്തുന്നത് കേൾക്കാൻ ദൈവത്തോടുള്ള അദ്ദേഹത്തിന്‍റെ ആദരവ് അനുവദിച്ചില്ല.
കുട്ടിക്കാലം മുതൽ ദൈവത്തോടുള്ള സ്നേഹം വളർത്തിയെടുക്കൽ
വാഗ്ദത്ത മസീഹ്(അ) ബാല്യകാലം മുതൽക്കേ അല്ലാഹുവിനെ അതിയായി സ്നേഹിച്ചിരുന്നു. ഒരിക്കൽ ഒരാൾ വാഗ്ദത്ത മസീഹ്(അ)ന്‍റെ പിതാവിനെ സമീപിച്ച്, അദ്ദേഹത്തിന് ഒരു ചെറിയ മകനുണ്ടെന്ന് കേട്ടതായും എന്നാൽ താൻ അവനെ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. തനിക്ക് ഒരു ചെറിയ മകനുണ്ടെന്നത് ശരിയാണെന്നും അവനെ പുറത്ത് അധികം കാണാറില്ലെന്നത് സത്യമാണെന്നും പിതാവ് മറുപടി നൽകി. ആർക്കെങ്കിലും അവനെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പള്ളിയുടെ ഏതെങ്കിലും മൂലയിൽ പോയി തിരഞ്ഞാൽ മതിയെന്നും, കാരണം അവൻ ഒരു ‘മസീതഡ്’ (പള്ളിയോട് ചേർന്നുനിൽക്കുന്ന വ്യക്തി) ആണെന്നും അദ്ദേഹം പറഞ്ഞു. ബാല്യത്തിൽ പോലും വാഗ്ദത്ത മസീഹ്(അ) അല്ലാഹുവിനോട് അത്രമേൽ ഭക്തിയുള്ളവനും പ്രാർത്ഥനയിൽ മുഴുകുന്നവനുമായിരുന്നുവെന്ന് മറ്റൊരാളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പള്ളിയിലെ പായകൾ ചുരുട്ടുകയും അതിനൊപ്പം അദ്ദേഹം ചുരുട്ടപ്പെടുകയും ചെയ്താൽ പോലും ആരും അറിയുകയില്ല; കാരണം അത്രമാത്രം നിശ്ചലനായി പ്രാർത്ഥനയിൽ ലയിച്ചായിരിക്കും അദ്ദേഹം ഇരിക്കുന്നത്. അത്രയും ചെറിയ പ്രായത്തിൽ തന്നെ ദൈവത്തിന് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന ഏകാഗ്രതയും ഭക്തിയും അത്രമേൽ വലുതായിരുന്നു.
ദൈവത്തോടുള്ള വാഗ്ദത്ത മസീഹ്(അ)ന്‍റെ അഭിമാനബോധം
ഖലീഫാ തിരുമനസ്സ് പറഞ്ഞു, അഹ്‍മദിയ്യത്ത് സ്വീകരിച്ച ഒരാളുണ്ടായിരുന്നു; എന്നാൽ അദ്ദേഹം അത് സ്വീകരിക്കുന്നതിന് മുമ്പുള്ള ഇരുപത് വർഷക്കാലം വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തോട് അതൃപ്തിയിലായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ മരണപ്പെട്ടപ്പോൾ അനുശോചനം അറിയിക്കാൻ പോയതായിരുന്നു വാഗ്ദത്ത മസീഹ്(അ). ആ സമയത്ത്, തന്‍റെ ദുഃഖത്തിനിടയിൽ ദൈവം തന്നോട് അനീതി കാണിച്ചു എന്ന് ആ മനുഷ്യൻ പറയുകയുണ്ടായി. ഇത് കേട്ടപ്പോൾ വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം അസ്വസ്ഥനാവുകയും ആ വ്യക്തിയെ കാണാൻ പോലും ആഗ്രഹിക്കാത്ത വിധം അത് അദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്തു. പിന്നീട് അത്തരം ചിന്തകളിൽ നിന്ന് മോചിതനാകാനും സത്യത്തിലേക്ക് വരാനും ദൈവം ആ മനുഷ്യന് തൗഫീഖ് നൽകി.
ഒരിക്കൽ വാഗ്ദത്ത മസീഹ്(അ)ന് തലകറക്കം അനുഭവപ്പെട്ടപ്പോൾ, അദ്ദേഹത്തെ പരിശോധിക്കാൻ ഒരു വിദഗ്ധ ഡോക്ടറെ കൊണ്ടുവന്നു. വാഗ്ദത്ത മസീഹ്(അ)നെ പരിശോധിച്ച ശേഷം, രണ്ട് ദിവസത്തിനുള്ളിൽ താൻ അദ്ദേഹത്തെ സുഖപ്പെടുത്തുമെന്ന് ഡോക്ടർ പറഞ്ഞു. ഉടൻ തന്നെ വാഗ്ദത്ത മസീഹ്(അ) അകത്തേക്ക് പോയി ഹദ്റത്ത് ഹക്കീം മൗലവി നൂറുദ്ദീൻ(റ)ന് ഒരു കുറിപ്പെഴുതി: “ഞാൻ ഇനി ഒരിക്കലും ഈ ഡോക്ടറെക്കൊണ്ട് ചികിത്സിക്കില്ല. താൻ ദൈവമാണെന്നാണോ അയാൾ വിചാരിക്കുന്നത്?”
ദൈവപ്രീതിക്കായുള്ള അദ്ദേഹത്തിന്‍റെ അതിയായ ആഗ്രഹം
വാഗ്ദത്ത മസീഹ്(അ)ന്‍റെ ചെറിയ മകൻ മിർസാ മുബാറക് അഹ്‍മദ് അന്തരിച്ചപ്പോൾ, അനുശോചനം അറിയിക്കാനായി ആളുകൾ പള്ളിയിൽ അദ്ദേഹത്തെ കാണാൻ ചെന്നു. എന്നാൽ, വാഗ്ദത്ത മസീഹ്(അ) സാധാരണയേക്കാൾ സന്തോഷവാനായിട്ടാണ് അവർക്ക് അനുഭവപ്പെട്ടത്. മകന്‍റെ മരണത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ, ഈ കുട്ടി ഒന്നുകിൽ ചെറുപ്പത്തിൽ തന്നെ മരിക്കുമെന്നോ അല്ലെങ്കിൽ ദൈവഭക്തനായി വളരുമെന്നോ ദൈവം തന്നെ നേരത്തെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ദൈവം അവനെ തന്‍റെ അടുത്തേക്ക് വിളിച്ചു. തനിക്ക് ആയിരം പുത്രന്മാരുണ്ടായിരിക്കുകയും അവർ എല്ലാവരും മരണപ്പെടുകയും ചെയ്താലും, അത് ദൈവത്തിന്‍റെ പ്രീതിക്കും അവന്‍റെ ഇഷ്ടത്തിനും വേണ്ടിയാണെങ്കിൽ അതിനേക്കാൾ വലിയ സന്തോഷം തനിക്ക് മറ്റൊന്നുമില്ലെന്ന് വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ചു.
ഒരിക്കൽ ഒരാൾ ഹജ്ജ് കർമ്മത്തിന് പോയപ്പോൾ, വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തിന് ഒരു കത്തെഴുതുകയും അതിൽ ഇപ്രകാരം അഭ്യർത്ഥിക്കുകയും ചെയ്തു: “താങ്കൾ ആദ്യമായി വിശുദ്ധ കഅ്ബ കാണുമ്പോൾ, പരമകാരുണികനായ അല്ലാഹു തന്നിൽ തൃപ്തനാകുന്നതിനും, തന്‍റെ പോരായ്മകൾ പൊറുത്തുതരാനും, അവന്‍റെ പ്രീതി കൈവരിക്കാൻ തന്നെ പ്രാപ്തനാക്കാനും, അല്ലാഹുവിനോടുള്ള സ്നേഹത്തിൽ ജീവിക്കാനും മരിക്കാനും, ഇസ്‌ലാമിന്‍റെ ശ്രേഷ്ഠത തെളിയിച്ചുകൊണ്ട് അല്ലാഹു തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാനും വേണ്ടി പ്രാർത്ഥിക്കണം.”
അല്ലാഹുവിന്‍റെ സ്നേഹം ലഭിക്കാനാണെങ്കിൽ, ഏത് തരത്തിലുള്ള കഷ്ടപ്പാടുകളും പ്രയാസങ്ങളും സഹിക്കാൻ താൻ തയ്യാറാണെന്ന് വാഗ്ദത്ത മസീഹ്(അ) എഴുതിയതായി ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു.
വാഗ്ദത്ത മസീഹ് അലൈഹിസ്സലാം എഴുതുന്നു: “സർവശക്തനായൊരു ദൈവം ഉണ്ടെന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്തവൻ എത്രമാത്രം ഭാഗ്യദോഷിയാണ്. നമ്മുടെ സ്വർഗം നമ്മുടെ ദൈവമത്രെ. നമ്മുടെ ഉന്നതമായ ആനന്ദാനുഭൂതികൾ നമ്മുടെ ദൈവത്തിങ്കലാകുന്നു. എന്തുകൊണ്ടെന്നാൽ ഞാൻ അവനെ കണ്ടിരിക്കുന്നു. എല്ലാ സൗന്ദര്യങ്ങളും അവനിൽ കണ്ടെത്തിയിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടാലും സ്വന്തമാക്കേണ്ട സമ്പത്താണവൻ. ജീവനും സർവസ്വവും നഷ്‌ടപ്പെട്ടാലേ ലഭ്യമാകൂ എന്നു വന്നാലും വിലകൊടുത്തു വാങ്ങേണ്ട രത്നമാകുന്നു അവൻ. അല്ലയോ ഹതഭാഗ്യരേ! ഇതാ ഈ നിർഝരിയിലേക്ക് ഓടിയടുക്കുവിൻ. അത് നിങ്ങളെ സംതൃപ്തിയുള്ളതാക്കിത്തീർക്കും. നിങ്ങളെ രക്ഷിക്കുന്ന ജീവിതസ്രോതസ്സാണത്. ഞാൻ എന്തു ചെയ്യുവാനാണ്. ഈ സന്തോഷവാർത്ത ഹൃദയങ്ങളിൽ കുടിയിരുത്താൻ ഞാനെന്താണ് ചെയ്യേണ്ടത്. ഇതാ നിങ്ങളുടെ ദൈവം! എന്ന് ഏത് ചെണ്ട കൊട്ടിയാണ് ഞാൻ വിളംബരം ചെയ്യേണ്ടത്? ലോകർ കേൾക്കുമാറാകാൻ, ലോകരുടെ കാത് തുറപ്പിക്കുവാൻ ഏത് ഔഷധം കൊണ്ടാണ് ഞാൻ ചികിത്സിക്കേണ്ടത്? നിങ്ങൾ ദൈവത്തിന്‍റേതായിത്തീരുമെങ്കിൽ ദൈവം നിങ്ങളുടേതായിത്തീരുന്നതാണ്. നിങ്ങൾ ഉറങ്ങുമ്പോൾ അവൻ നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുമെന്നു തീർച്ചയായും മനസ്സിലാക്കുക. നിങ്ങൾ ശത്രുവിനെക്കുറിച്ച് അശ്രദ്ധരായിരിക്കുമ്പോൾ അവൻ ശത്രുവിനെ നോക്കിപ്പാർക്കും. നിങ്ങളുടെ ശത്രുവിന്‍റെ ആസുത്രണങ്ങളെ അവൻ തകർത്തുകൊള്ളും. നിങ്ങളുടെ ദൈവത്തിൽ എന്തെല്ലാം അത്ഭുതങ്ങളാണുഉളതെന്ന് നിങ്ങൾ അറിയുന്നില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഈ ദുൻയാവിനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങൾ നിങ്ങൾക്കുണ്ടാവില്ല. തന്‍റെ പക്കൽ ഒരു വൻനിധി ഉണ്ടായിരിക്കെ ചില്ലിക്കാശ് നഷ്‌ടപ്പെട്ടതിനെച്ചൊല്ലി ആരെങ്കിലും കരയുകയും അലമുറകൂട്ടുകയും നശിക്കാനൊരുങ്ങുകയും ചെയ്യുമോ? നിങ്ങൾക്ക് ഈ നിധിയെക്കുറിച്ചറിയാമെങ്കിൽ, നിങ്ങളുടെ ഓരോ ആവശ്യത്തിന്‍റെയും അവസരത്തിൽ സഹായത്തിനായി ദൈവം ഉണ്ടെന്നറിഞ്ഞെങ്കിൽ, നിങ്ങൾ ദുൻയാവിനുവേണ്ടി അവനെ മറക്കുന്നതെങ്ങനെ? അല്ലാഹു ഏറ്റവും പ്രിയപ്പെട്ട നിധിയാകുന്നു. അതിനെ വിലമതിക്കുവിൻ. ഓരോ കാൽവെയ്പിലും അവൻ നിങ്ങളുടെ സഹായകനാകുന്നു. അവനെ കൂടാതെ നിങ്ങളൊന്നുമല്ല. നിങ്ങളുടെ ഉപകരണങ്ങളും ഉപായങ്ങളും ഒരു വസ്‌തുവുമല്ല.”
ഇത്തരത്തിൽ ദൈവത്തെ സ്നേഹിക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.
പുതുവർഷത്തിനായുള്ള പ്രാർത്ഥനകൾ
പുതുവർഷം ഇന്നലെയാണ് ആരംഭിച്ചത്; ഈ പുതുവർഷം അളവറ്റ അനുഗ്രഹങ്ങൾ നിറഞ്ഞതാകട്ടെ. എതിരാളികളുടെ കുതന്ത്രങ്ങളെയും ഗൂഢാലോചനകളെയും അല്ലാഹു പരാജയപ്പെടുത്തുകയും ജമാഅത്തിന് തുടർച്ചയായ വിജയം നൽകുകയും ചെയ്യട്ടെ. ഇത്തരത്തിലുള്ള ആഘോഷ വേളകളിൽ, അന്യായമായി തടവിലാക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ ഓർമിക്കേണ്ടത് പ്രധാനമാണ്. പാക്കിസ്താനിലെ അഹ്‍മദികൾ, ഉദാഹരണത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുബാറക് സാനിയെപ്പോലെയുള്ളവർ, നിലവിൽ ജയിലിലും പ്രയാസങ്ങളിലുമാണ്. എന്നിരുന്നാലും, അവർ പരാതികളില്ലാതെ നന്ദിയോടെയാണ് ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്. അവർ ദൈവത്തിന് വേണ്ടി ഇരുമ്പ് വളകൾ (വിലങ്ങുകൾ) ധരിച്ചിരിക്കുകയാണ്. അവരുടെ മോചനത്തിനുള്ള മാർഗങ്ങൾ അല്ലാഹു ഒരുക്കട്ടെ.
പ്രതിസന്ധികളിലും പ്രയാസങ്ങളിലും ദൈവത്തെ സ്നേഹിക്കുക എന്നതിന്‍റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ എല്ലാ അഹ്‍മദികൾക്കും സാധിക്കട്ടെ എന്നും, ദൈവത്തോടുള്ള നമ്മുടെ സ്നേഹം വർധിച്ചുകൊണ്ടിരിക്കട്ടെ എന്നും ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു. ലോകത്തിലെ മർദ്ദിതരായ എല്ലാവരും അനീതികളിൽ നിന്ന് മോചിതരാകാനും ലോകത്ത് സമാധാനം പുലരാനും വേണ്ടി ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.
ജനാസ നമസ്കാരം
രിഹാന ബാസിമ സാഹിബ:
സയ്യിദ് അഹ്‍മദ് നസീര്‍ സാഹിബിന്‍റെ പത്നിയായിരുന്നു രിഹാന ബാസിമ സാഹിബ. അവർ വാഗ്ദത്ത മസീഹ്(അ)ന്‍റെ പൗത്രിയുടെ മകളായിരുന്നു. ഭർത്താവിന്‍റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് അവർ കെനിയയിൽ താമസിപ്പിച്ചിരുന്നു. അവിടെ ലജ്‌ന ഇമായില്ലായുടെ (അഹ്‍മദിയ്യാ വനിതാ സംഘടന) വിവിധ ചുമതലകൾ അവർ നിർവഹിച്ചു. അവരുടെ രണ്ട് പുത്രന്മാരായ സയ്യിദ് താഹിർ അഹ്‌മദ് സാഹിബും സയ്യിദ് മുസഫർ അഹ്‌മദ് സാഹിബും ജമാഅത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്ന വഖ്‌ഫെ സിന്ദഗികളാണ് (ജീവിതം സമർപ്പിച്ചവർ). വിശുദ്ധ ഖുർആനോട് അവർക്ക് അഗാധമായ സ്നേഹമുണ്ടായിരുന്നു. ആ സ്നേഹം തന്‍റെ മക്കളിലും വളർത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. എപ്പോഴും മറ്റുള്ളവരെ സഹായിച്ചിരുന്ന അവർ, സാമ്പത്തിക വിഹിതങ്ങൾ (ചന്ദ) നൽകാൻ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. തഹജ്ജുദ് നമസ്കാരത്തിലും അഞ്ച് നേരത്തെ നമസ്കാരങ്ങൾ കൃത്യസമയത്ത് നിർവഹിക്കുന്നതിലും അവർ അതീവ ശ്രദ്ധാലുവായിരുന്നു.
അതിഥികളെ സൽക്കരിക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു. ഖലീഫത്തുല്‍ മസീഹ് നാലാമന്‍(റഹ്) ഇതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഇവരുടെ രാജ്യത്ത് സന്ദര്‍ശനത്തിന് പോയ വേളയിൽ, ഹുദൂറിന് വുളു എടുക്കുന്നതിനായി ചൂടുവെള്ളം എത്തിക്കാൻ അവർ നേരിട്ട് പോകുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജമാഅത്തിന്‍റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അവർ എപ്പോഴും പരിശ്രമിച്ചിരുന്നു. അല്ലാഹു അവർക്ക് മഗ്ഫിറത്തും കാരുണ്യവും നൽകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.
ഇഫത്ത് ഹലീം സാഹിബ:
ഡോക്ടർ അബ്ദുൽ ഹലീം സാഹിബിന്‍റെ പത്നിയും ലൈബീരിയയിലെ ലജന ഇമായില്ലായുടെ (അഹ്‍മദിയ്യ വനിതാ സംഘടന) മുൻ നാഷണൽ പ്രസിഡന്‍റുമായിരുന്നു ഇഫത്ത് ഹലീം സാഹിബ. നമസ്കാരം, നോമ്പ്, വിശുദ്ധ ഖുർആൻ പാരായണം എന്നിവയിൽ അവർ അതീവ നിഷ്ഠയുള്ളവളായിരുന്നു. ഖിലാഫത്തിനോട് അവർക്ക് അഗാധമായ സ്നേഹമുണ്ടായിരുന്നു. തന്‍റെ ഉത്തരവാദിത്തങ്ങൾ വളരെ ഉത്തരവാദിത്തബോധത്തോടെയാണ് അവർ നിർവഹിച്ചത്. വളരെ ഉദാരമതിയായിരുന്ന അവർ പാവപ്പെട്ടവരെയും ദരിദ്രരെയും സംരക്ഷിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതിനായി അവർ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിഥി സൽക്കാരത്തിൽ തത്പരയായിരുന്ന അവർ ദീർഘകാലത്തേക്ക് അതിഥികളെ താമസിപ്പിക്കുകയും സൽക്കരിക്കുകയും ചെയ്തിരുന്നു. എല്ലാവരോടും അങ്ങേയറ്റം സ്നേഹത്തോടും കരുതലോടെയുമാണ് അവർ പെരുമാറിയിരുന്നത്. ഭർത്താവും ദത്തെടുത്ത രണ്ട് കുട്ടികളുമാണ് അവർക്കുള്ളത്. ആ കുട്ടികൾക്ക് വേണ്ടിയുള്ള അവരുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ എന്നും അവർക്ക് മഗ്ഫിറത്തും കാരുണ്യവും നൽകട്ടെ എന്നും ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.
അബ്ദുൽ അലീം അൽ-ബർബരി സാഹിബ്:
ഈജിപ്തിൽ നിന്നുള്ള അബ്ദുൽ അലീം അൽ-ബർബരി സാഹിബ് ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഒരു അഹ്‍മദിയായിരുന്നു. ദൈവത്തെ സ്മരിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനാണ് അദ്ദേഹം എന്ന് തോന്നിപ്പിക്കുന്ന വിധം അല്ലാഹുവിനെ അദ്ദേഹം സ്നേഹിച്ചിരുന്നു. അദ്ദേഹം ഒരു ഉത്തമനായ ഭർത്താവായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പത്നി സാക്ഷ്യപ്പെടുത്തുന്നു. 2008-ൽ MTA (അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള ടെലിവിഷന്‍ ചാനല്‍) കണ്ടതിനെത്തുടർന്ന് തന്‍റെ മകളോടൊപ്പം അദ്ദേഹം അഹ്‍മദിയ്യത്ത് സ്വീകരിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന്‍റെ പത്നി ശക്തമായി എതിർത്തിരുന്നെങ്കിലും, പിന്നീട് അവരും അഹ്‍മദിയ്യത്ത് സ്വീകരിച്ചു. സഹോദരങ്ങളിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിട്ടിട്ടും അദ്ദേഹം തന്‍റെ വിശ്വാസത്തിൽ ഉറച്ചുനിന്നു. ധാരാളം അമുസ്‌ലീങ്ങൾ അദ്ദേഹത്തിന്‍റെ ജനാസ നമസ്കാരത്തിൽ പങ്കെടുത്തു. തന്‍റെ മരണശേഷം ജനാസ നമസ്കാരം ഒരു അഹ്‍മദി തന്നെ നയിക്കണമെന്ന് അദ്ദേഹം തന്‍റെ മകനോട് പ്രത്യേകം പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മകനും ഇപ്പോൾ അഹ്‍മദിയ്യത്തിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹു പരേതന് മഗ്ഫിറത്തും കാരുണ്യവും നൽകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.


0 Comments