അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 1 മെയ് 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അബി) പ്രസ്താവിച്ചു, വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്‌മദ്(അ) എങ്ങനെയാണ് ജീവിതത്തിന്റെ എല്ലാ തുറകളിലും സത്യസന്ധതയിൽ ഉറച്ചുനിന്നതെന്നും, തന്റെ എതിരാളികളെ വെല്ലുവിളിക്കാൻ പോലും ആ മഹാത്മാവ് എങ്ങനെയാണ് സത്യസന്ധതയെ ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ അവതരിപ്പിക്കുന്നതാണ്.
അസത്യവാദി എന്ന് വിളിക്കപ്പെട്ടതിന് വാഗ്ദത്ത മസീഹ്(അ)ന്റെ പ്രതികരണം
വാഗ്ദത്ത മസീഹ്(അ)ന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായ മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാൽവി, വാഗ്ദത്ത മസീഹ്(അ)നെ ഒരു അവിശ്വാസിയും അസത്യവാദിയുമായി പ്രഖ്യാപിച്ചിരുന്നു. വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തോട് പ്രതികരിച്ച രീതി നീതിബോധത്തോടെ ഒരാൾ വിശകലനം ചെയ്താൽ അദ്ദേഹത്തെ ഒരിക്കലും അസത്യവാനായി കണക്കാക്കാൻ സാധിക്കുകയില്ല. ഒരിക്കൽ, ബട്ടാൽവി വാഗ്ദത്ത മസീഹ്(അ)ന് ഒരു കത്തെഴുതുകയും അതിൽ അദ്ദേഹത്തെ ഇസ്‌ലാമിന്റെ ശത്രുവും അവിശ്വാസിയും നുണയനുമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് മറുപടിയായി വാഗ്ദത്ത മസീഹ്(അ) എഴുതി ,
“സത്യാന്വേഷിയായ ഒരാളുടെ ചിന്താഗതിയോടെ നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, സർവ്വശക്തനായ ദൈവം എന്നെ എപ്പോഴും കളവ് എന്ന മാലിന്യത്തിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവ് നിങ്ങൾക്ക് കാണാൻ സാധിക്കും. ബ്രിട്ടീഷ് കോടതികളിൽ എന്റെ ജീവനും മാനവും അത്യധികം അപകടസാധ്യത നേരിട്ട ചില സന്ദർഭങ്ങളിൽ, കളവ് പറയുക എന്നതല്ലാതെ മറ്റൊരു ഉപദേശവും ഒരു അഭിഭാഷകനും എനിക്ക് നല്കിയില്ല. എന്നാൽ അത്യുന്നതനും മഹത്വപൂർണ്ണനുമായ അല്ലാഹു സത്യത്തിന് വേണ്ടി സ്വന്തം ജീവനും മാനവും അവഗണിക്കാൻ എനിക്ക് കഴിവ് നല്കി. സത്യത്തിന് വേണ്ടി മാത്രം ധനസംബന്ധമായ കേസുകളിൽ എനിക്ക് പലപ്പോഴും വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. സർവ്വശക്തനായ ദൈവത്തോടുള്ള ഭയത്താൽ മാത്രം എന്റെ പിതാവിന്റെയും സഹോദരന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഞാൻ പലതവണ മൊഴികൾ നൽകിയിട്ടുമുണ്ട്. എങ്കിലും ഞാൻ സത്യം കൈവിട്ടില്ല. ഞാൻ ഒരു ആയുഷ്കാലം മുഴുവൻ ഈ ഗ്രാമത്തിലും ബട്ടാലയിലുമായി ജീവിച്ചിട്ടുണ്ട്. എന്നാൽ എന്റെ വായിൽ നിന്ന് എപ്പോഴെങ്കിലും ഒരു നുണ വന്നിട്ടുണ്ട് എന്ന് ആർക്കെങ്കിലും തെളിയിക്കാൻ സാധിക്കുമോ? ഞാൻ അല്ലാഹുവിന് വേണ്ടി മാത്രം ആരംഭം മുതൽക്കേ നുണ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും സത്യത്തിന് വേണ്ടി എന്റെ ജീവനും സ്വത്തും ആവർത്തിച്ചാവർത്തിച്ച് ത്യജിക്കുകയും ചെയ്ത നിലയ്ക്ക് സർവ്വശക്തനായ ദൈവത്തെക്കുറിച്ച് ഞാൻ എന്തിന് നുണ പറയണം?”
(ആയിനയെ കമാലാത്തെ ഇസ്‌ലാം, പേജ്. 332)
അദ്ദേഹം വീണ്ടും പറയുന്നു:
‘ശൈഖ് സാഹിബ്! ദൈവഭയമുള്ളവരും പരിശുദ്ധ ജന്മം കൊണ്ടവരുമായ ആരും തന്നെ, പൂർണ്ണമായ അന്വേഷണമില്ലാതെ തന്റെ സഹോദരനെതിരെ എന്തെങ്കിലും അതിക്രമവും അവിശ്വാസവും ആരോപിച്ച് കുറ്റപ്പെടുത്താൻ ആദ്യം തന്നെ മുതിരുകയില്ല. ഇനി അദ്ദേഹം അത്തരമൊരു ആരോപണം ഉന്നയിക്കുകയാണെങ്കിൽ, അത് വീക്ഷിക്കുന്നവർക്ക് പകൽ പോലെ വ്യക്തമാകുന്ന തരത്തിലുള്ള പൂർണ്ണമായ തെളിവുകൾ അദ്ദേഹം അത് സംബന്ധിച്ച് ഹാജരാക്കുന്നതാണ്.
അതിനാൽ, മുകളിൽ സൂചിപ്പിച്ച ഈ രണ്ട് ഗുണങ്ങളും നിങ്ങൾളിൽ ഉണ്ടെങ്കിൽ, നബിതിരുമേനി(സ) ഏത് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യപ്പെട്ടാലാണോ അവധാനതയോടെ മറുപടി നല്കിയിരുന്നത്, ആ സര്‍വ്വശക്തനായ അല്ലാഹുവിനെതൊട്ട് സത്യം ചെയ്ത് ഞാന്‍ ആവശ്യപ്പെടുന്നു, – എനിക്കുണ്ട് എന്ന് നിങ്ങൾ കരുതുന്ന ഈ രണ്ട് തരത്തിലുള്ള തിന്മകളും എന്നിലുണ്ടെന്ന് തെളിയിച്ച് കാണിക്കുക. അതായത് ഒന്നാമതായി ഞാൻ ഇസ്‌ലാം മതത്തോട് ശത്രുത പുലർത്തുന്നവനും കാഫിറുമാണെന്നതിന്നും, രണ്ടാമതായി ഞാൻ നുണ പറയുന്നവനാണെന്നതിനും.
നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട് “താൻ പറയുന്ന കാര്യങ്ങളിലെല്ലാം ഏറ്റവും സത്യസന്ധനായവന്റെ സ്വപ്നങ്ങളാണ് തീർച്ചയായും ഏറ്റവും സത്യമായിട്ടുള്ളത്.”
ഈ ഹദീസിൽ, നബിതിരുമേനി(സ) സത്യവാന്മാരുടെ ഒരു അടയാളമായി നിശ്ചയിച്ചിരിക്കുന്നത് അവരുടെ സ്വപ്നങ്ങളിൽ പോലും സത്യം പ്രബലമായിരിക്കണം എന്നതാണ്.
നബിതിരുമേനി(സ)യിൽ വിശ്വസിക്കുന്നുവെന്ന് നിങ്ങൾ അവകാശവാദം ഉന്നയിച്ചു. അതിനാൽ, നിങ്ങൾ ഇത് കാപട്യത്തിലൂടെ അല്ല പറഞ്ഞതെങ്കിൽ, നബിതിരുമേനി(സ)യിൽ നിങ്ങൾ യഥാർത്ഥമായി വിശ്വസിക്കുന്നുവെങ്കിൽ, നബിതിരുമേനി(സ)യുടെ വാക്കുകൾ സത്യമാണെന്ന് മനസ്സിലാക്കുന്നുവെങ്കിൽ, വരൂ, ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് പരസ്പരം പരിശോധിക്കാം. ആരാണ് സത്യവാനായി തെളിയിക്കപ്പെടുന്നതെന്നും ആരാണ് നൈസർഗ്ഗികമായി നുണ പറയുന്നവനെന്നും നോക്കാം.
അതുപോലെതന്നെ, അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
“അവർക്കാണ് ഐഹികജീവിതത്തിൽ സന്തോഷവാർത്തയുള്ളത്.” (വിശുദ്ധ ഖുർആൻ, 10:65)
മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, അവരുടെ സ്വപ്നങ്ങൾ സത്യമായിത്തീരുന്നു എന്നത് വിശ്വാസികളുടെ ഒരു പ്രത്യേക ഗുണമാണെന്നാണ് ഇതിനർത്ഥം.
നിങ്ങളും വിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്നുവെന്ന് ഇപ്പോൾ അവകാശപ്പെട്ടിട്ടുണ്ട്. വളരെ നല്ലത്! ഒരു വിശ്വാസിയുടെ അടയാളം ഉൾക്കൊള്ളുന്ന മഹത്തായ ഖുർആന്റെ കാഴ്ചപ്പാടിൽ നിന്ന് നമുക്കൊന്ന് പരീക്ഷിക്കാം.
ഈ രണ്ട് പരിശോധനകളും താഴെ പറയുന്ന രീതിയിൽ നടത്താവുന്നതാണ്. ഇരുപക്ഷത്തിന്റെയും സ്വപ്നങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നവർ പങ്കെടുക്കുന്ന ഒരു സമ്മേളനം ബട്ടാലയിലോ ലാഹോറിലോ അമൃത്സറിലോ നടത്താം. തുടർന്ന് നിർണ്ണായകവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമ്മളിൽ ആരാണ് തന്റെ സ്വപ്നങ്ങളിൽ ഏറ്റവും സത്യവാനെന്ന് തെളിയിക്കപ്പെടുന്നത് എന്ന് നോക്കാം. അദ്ദേഹത്തിന്റെ എതിരാളിക്ക് അവിടെ വെച്ചുതന്നെ കദ്ദാബ് [കടുത്ത നുണയൻ], ദജ്ജാൽ [വഞ്ചകൻ], കാഫിർ [അവിശ്വാസി], അക്ഫർ [ഏറ്റവും വലിയ അവിശ്വാസി], മൽഊൻ [ശപിക്കപ്പെട്ടവൻ] എന്നീ വിശേഷണങ്ങളുടെയോ, അല്ലെങ്കിൽ അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും പേരുകളുടെയോ ‘മെഡൽ’ അണിയിക്കപ്പെടുന്നതായിരിക്കും. കഴിഞ്ഞകാല [സ്വപ്നങ്ങളുടെ] സത്യത തെളിയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ, അദൃശ്യമായ വാർത്തകൾ ഉൾക്കൊള്ളുന്ന നിങ്ങളുടെ അത്തരം സ്വപ്നങ്ങൾ ചില പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ആറുമാസം വരെയുള്ള സമയം നിങ്ങൾക്ക് അനുവദിച്ചുതരാൻ ഞാൻ തയ്യാറാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ കഴിഞ്ഞകാലത്തെ [എന്റെ സ്വപ്നങ്ങളിൽ നിന്നുള്ള] തെളിവുകൾ ഹാജരാക്കുക മാത്രമല്ല, ദൈവം ഇച്ഛിച്ചാൽ നിങ്ങളുടേതിന് പകരമായി എന്റെ ഇപ്പോഴത്തെ സ്വപ്നങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.
ഖുർആനിലും നബിതിരുമേനി(സ)യിലും വിശ്വാസമുണ്ടെന്ന് നിങ്ങൾ അവകാശപ്പെടുന്നതുപോലെ, ആ പ്രിയപ്പെട്ട പ്രവാചകൻ(സ)യിലും ആ മഹത്തായ ഗ്രന്ഥമായ ഖുർആനിലും എന്റെ പൂർണ്ണഹൃദയത്തോടും ആത്മാർത്ഥതയോടും കൂടി ഞാനും വിശ്വസിക്കുന്നു. അതിനാൽ, ഈ അവകാശവാദങ്ങളിൽ ആരാണ് സത്യവാനെന്നും ആരാണ് വ്യാജനെന്നും ഈ പരിശോധനകൾ നിർണ്ണയിക്കുന്നതായിരിക്കും.
നബിതിരുമേനി(സ)യും വിശുദ്ധ ഖുർആനും നിശ്ചയിച്ച പരിശോധനയനുസരിച്ച് ഞാൻ പരാജയപ്പെടുകയാണെങ്കിൽ നിങ്ങളായിരിക്കും സത്യവാൻ. അപ്പോൾ, നിങ്ങളുടെ വീക്ഷണ പ്രകാരം ഞാൻ ഒരു കാഫിർ, ദജ്ജാൽ, കദ്ദാബ്, പിശാച്, മതനിഷേധി, കള്ളം കെട്ടിച്ചമയ്ക്കുന്നവൻ എന്നിങ്ങനെ കണക്കാക്കപ്പെടുകയും ചെയ്യും. മാത്രമല്ല, അങ്ങനെയെങ്കിൽ നിങ്ങളുടെ എല്ലാ ദുഷിച്ച സംശയങ്ങളും, സത്യവും ന്യായീകരിക്കപ്പെടുന്നതുമായി മാറും. അതായത് ഞാൻ ബറാഹീനെ അഹ്‌മദിയ്യയിലൂടെ ആളുകളെ വഞ്ചിച്ചു എന്നും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന വാഗ്ദാനങ്ങൾ നൽകി അവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നും അധാർമ്മികമായി സമ്പാദിച്ച സ്വത്ത് കൊണ്ട് ജീവിച്ചു എന്നുമുള്ള കാര്യങ്ങൾ ശരിവെക്കപ്പെടും. എന്നാൽ, വിശ്വാസികളുടെയും യഥാർത്ഥ പുണ്യാത്മാക്കളുടെയും ഒപ്പം ഉണ്ടാകുന്ന സർവ്വശക്തനായ ദൈവത്തിന്റെ ഔദാര്യം എന്റെ സത്യസന്ധത സ്ഥാപിക്കുകയാണെങ്കിൽ, മൌലവിയുടെതായ നിങ്ങളുടെ ഈ കപടമായ പദവിക്ക് ഈ വാചകങ്ങൾ എല്ലാം ബാധകമാകുകയില്ലേ? അതോ നിങ്ങൾക്ക് രക്ഷപ്പെടാൻ ഇനിയും എന്തെങ്കിലും വഴിയുണ്ടാകുമോ എന്ന് നിങ്ങൾ തന്നെ പറയുക.
നിങ്ങൾ എനിക്ക് വലിയ വേദനയും പ്രയാസവും ഉണ്ടാക്കിയെങ്കിലും ഞാൻ ക്ഷമയോടെ തുടർന്നുകൊണ്ടിരുന്നു. എന്നാൽ നിങ്ങളുടെ ഉള്ളകങ്ങൾ നന്നായി അറിയുന്നവനായ ആ സർവ്വശക്തനായ അസ്തിത്വത്തെക്കുറിച്ച് ഒട്ടും തന്നെ നിങ്ങൾ ഭയം കാണിച്ചില്ല.
നിങ്ങളെക്കുറിച്ചും നിങ്ങളുടെ പ്രകൃതമുള്ളവരെക്കുറിച്ചും ഒരു പ്രവചനത്തിലൂടെ അവൻ എന്നെ അറിയിച്ചിട്ടുണ്ട്.
“നിന്നെ അപമാനിക്കാൻ ഉദ്ദേശിക്കുന്നവരെ ഞാൻ അപമാനിക്കുന്നതാണ്.”
അതിനാൽ ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നതിൽ നിങ്ങൾ കള്ളം പറഞ്ഞിരിക്കുന്നുവെന്ന് സർവ്വശക്തനായ ദൈവം തെളിയിക്കുന്ന സമയം ഇപ്പോൾ അടുത്തിരിക്കുന്നു എന്നത് നിശ്ച്ചയമാണ്. ദുരാരോപണം നടത്തുന്നവർക്കും അസത്യം പറയുന്നവർക്കും ഇറക്കപ്പെടുന്ന അപമാനകരമായ ശിക്ഷകൾ അവൻ നിങ്ങളുടെ മേലും വർഷിക്കുന്നതാണ്.
ഖുർആനിലും നബിതിരുമേനി(സ)യിലും വിശ്വസിക്കുന്നുവെന്ന് നിങ്ങൾ അവകാശപ്പെടുന്നു. അതിനാൽ, നിങ്ങളുടെ ഈ അവകാശവാദങ്ങളിൽ നിങ്ങൾ സത്യവാനാണെങ്കിൽ, ഒരു പരീക്ഷണത്തിനായി യുദ്ധക്കളത്തിലേക്ക് വരിക. അതിലൂടെ സർവ്വശക്തനായ ദൈവം തന്നെ നിങ്ങൾക്കും എനിക്കുമിടയിൽ വിധി കൽപ്പിക്കട്ടെ. നുണയനും ദജ്ജാലുമായവൻ അപമാനിക്കപ്പെടട്ടെ.’ (ആയിനയെ കമാലാത്തെ ഇസ്‌ലാം, പേജ്. 335-338)
ഒരു വ്യക്തിയുടെ സത്യസന്ധത എങ്ങനെ പരിശോധിക്കാം
ഖലീഫ തിരുമനസ്സ് വാഗ്ദത്ത മസീഹ്(അ) എഴുതിയ വരികൾ വീണ്ടും ഉദ്ധരിച്ചു:
“സത്യസന്ധരെ പരീക്ഷിക്കുന്നതിനായി ഇതിനോടൊപ്പം മറ്റൊരു വഴി കൂടിയുണ്ട്. അത് സർവ്വശക്തനായ ദൈവം സ്വയം പ്രകടമാക്കുന്നതാണ്. അതെന്താണെന്നാൽ, ചിലപ്പോൾ ഒരു മനുഷ്യൻ നുണ പറയുക എന്നതല്ലാതെ രക്ഷപ്പെടാനോ വിജയിക്കാനോ ഉള്ള മറ്റൊരു വഴിയും കാണാൻ കഴിയാത്ത വിധത്തിലുള്ള വലിയൊരു ആപത്തിൽ അകപ്പെടുന്നു. അത്തരമൊരു സമയത്താണ് അവന്റെ പ്രകൃതത്തിൽ സത്യമാണോ അതോ അസത്യമാണോ ഉള്ളതെന്നും, അങ്ങനെയൊരു സങ്കീർണ്ണമായ സാഹചര്യത്തിൽ അവന്റെ നാവ് സത്യത്തിന്റെ വചനം ഉച്ചരിക്കുമോ അതോ ജീവനും മാനവും സ്വത്തും ഭയന്ന് അവൻ അസത്യം പറയാൻ തുടങ്ങുമോ എന്നും പരീക്ഷിക്കപ്പെടുന്നത്.
വിനീതനായ എനിക്ക് അത്തരം നിരവധി അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ ഈ വിവരണത്തെ നീട്ടുക മാത്രമേ ചെയ്യുകയുള്ളൂ. എങ്കിലും, അത്തരം മൂന്ന് ഉദാഹരണങ്ങൾ ഞാൻ വിവരിക്കാം. ഇപ്രകാരം വിവരിക്കുന്നതിൻ്റെ ലക്ഷ്യം സത്യത്തോടുള്ള നിങ്ങളുടെ സ്നേഹം പരീക്ഷിക്കാൻ വേണ്ടിയാണ്. സമാനമായ അവസരങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾ വെറുതെയൊരു അവകാശവാദം ഉന്നയിക്കുകയല്ലെന്നും, പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും പിടിയിൽ അകപ്പെട്ട അവസരങ്ങളിൽ നിങ്ങൾ സത്യം ഉപേക്ഷിച്ചിട്ടില്ലെന്നും അറിയാൻ വേണ്ടി. അവ അവയുടെ തെളിവുകളോടൊപ്പം പ്രസിദ്ധീകരിക്കാൻ മഹത്വപൂർണ്ണനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
എനിക്കുണ്ടായ ഒന്നാമത്തെ അനുഭവം ഇതാണ്. എന്റെ പിതാവിന്റെ മരണത്തിന് ശേഷം എന്റെ സഹോദരൻ പരേതനായ മിർസാ ഗുലാം ഖാദിറിനും എനിക്കുമെതിരെ, ലാഹോറിലെ മിർസാ അസം ബെയ്ഗിന്റെ പ്രേരണയാൽ ഖാദിയാൻ ഭൂസ്വത്തിൻ്റെ സംയുക്ത ഉടമസ്ഥർ ഭൂഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ജില്ലാ കോടതിയിൽ കേസുകൊടുത്തു. ഈ പാർട്ടനേഴ്സിന് ഭൂസ്വത്തിൻ്റെ ഉടമസ്ഥാവകാശവുമായി യാതൊരു ബന്ധവുമില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം അത് കുടുംബത്തിന് നഷ്ടപ്പെടുകയും സിഖുകാരുടെ കാലത്ത് ഇല്ലാതാവുകയും ചെയ്തിരുന്നു. മറ്റ് ഭൂസ്വത്തുകൾക്കൊപ്പം അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ എന്റെ പിതാവ് ഒറ്റയ്ക്ക് ഏകദേശം 8,000 രൂപയുടെ ചിലവും നഷ്ടവും സഹിച്ചിരുന്നു. അതിൽ ഈ ആളുകൾ ഒരു പൈസ പോലും പങ്കിട്ടിരുന്നില്ല. ഈ നിയമ വ്യവഹാരത്തിനിടയിൽ കേസിന്റെ വിജയത്തിനായി പ്രാർത്ഥിക്കുമ്പോൾ എനിക്ക് ഒരു വെളിപ്പാട് ഉണ്ടായി.
“നിന്റെ എല്ലാ പ്രാർത്ഥനകളും ഞാൻ സ്വീകരിക്കുന്നതാണ്, നിന്റെ പാർട്നേഴിസിൻറെ കാര്യത്തിലൊഴികെ.”
ഈ വെളിപ്പാടിന് ശേഷം, ഞാൻ എന്റെ സഹോദരനെയും, കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും ഒരിടത്ത് ഒത്തുകൂടാൻ ക്ഷണിച്ചു. സംയുക്ത ഉടമകളുടെ കേസിനെ പ്രതിരോധിക്കരുതെന്നും കാരണം അത് ദൈവഹിതത്തിന് എതിരാണെന്നും ഞാൻ അവർക്ക് വ്യക്തമായി വിശദീകരിച്ചു കൊടുത്തു. അവരിൽ പലരും ഇന്നും ജീവിച്ചിരിക്കുന്നു. അവർ എന്റെ നിർദ്ദേശം അംഗീകരിച്ചില്ലെന്ന് മാത്രമല്ല അവർ അന്തിമമായി പരാജയപ്പെടുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് രൂപയുടെ നഷ്ടം ഞാൻ ധൈര്യപൂർവ്വം സഹിച്ചു. ഇപ്പോൾ എന്റെ ശത്രുക്കളായവരെല്ലാം ഇതിന് സാക്ഷികളാണ്. ഭൂസ്വത്തുകളുടെ എല്ലാ കാര്യങ്ങളും എന്റെ സഹോദരന്റെ കൈകളിലായിരുന്നതിനാൽ ഞാൻ അദ്ദേഹത്തെ വീണ്ടും വീണ്ടും ഉപദേശിച്ചു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയും അന്തിമമായി നഷ്ടം സഹിക്കുകയും ചെയ്തു.
മറ്റൊരു സംഭവം ഇങ്ങനെയായിരുന്നു, ഏകദേശം പതിനഞ്ചോ പതിനാറോ വർഷങ്ങൾക്ക് മുമ്പ്, അല്ലെങ്കിൽ കുറച്ചുകൂടി മുമ്പായിരിക്കാം, അമൃത്സറിൽ താമസിക്കുന്ന അഭിഭാഷകനായിരുന്ന റലിയാ റാം എന്ന പേരിലുള്ള ഒരു ക്രിസ്ത്യാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രസ്സിൽ അച്ചടിക്കുന്നതിനായി വിനീതനായ ഞാൻ ഒരു ലേഖനം അയച്ചുകൊടുത്തു. അദ്ദേഹം ഒരു പത്രത്തിന്റെ ഉടമയും എഡിറ്ററുമായിരുന്നു. ഈ ലേഖനം ഇസ്‌ലാമിനെ പിന്തുണച്ചുകൊണ്ടുള്ളതും ആര്യ മതസ്ഥർക്ക് ഒരു മറുപടിയുമായിരുന്നു. ഇരുവശവും തുറന്നിരുന്ന ഒരു പോസ്റ്റൽ പാക്കറ്റിലാണ് ലേഖനം അയച്ചത്. കൂടാതെ ലേഖനത്തോടൊപ്പം ഞാൻ ഒരു കത്തും പാക്കറ്റിൽ വെച്ചിരുന്നു. ഈ കത്തിൽ ഇസ്‌ലാമിനെ പിന്തുണയ്ക്കുന്നതും മറ്റ് മതങ്ങളെ ഖണ്ഡിക്കുന്നതുമായ പ്രസ്താവനകൾ അടങ്ങിയിരുന്നതിനാലും ലേഖനം അച്ചടിക്കണമെന്ന് നിർബന്ധിച്ചിരുന്നതിനാലും, മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണവും ക്രിസ്ത്യാനിയായ അദ്ദേഹം അസ്വസ്ഥനായി. തീർത്തും അവിചാരിതമായി, വിദ്വേഷപരമായ ഒരു ആക്രമണം നടത്താൻ അദ്ദേഹത്തിന് ഈ അവസരം ലഭിച്ചു. കാരണം ഒരു പോസ്റ്റൽ പാക്കറ്റിൽ അത്തരമൊരു കത്ത് വെക്കുന്നത് നിയമപ്രകാരം കുറ്റമായിരുന്നു. അക്കാര്യം വിനീതനായ എനിക്ക് ഒട്ടും അറിവില്ലാത്തതും ആയിരുന്നു. തന്നെയുമല്ല അത്തരം ഒരു കുറ്റത്തിന് തപാൽ നിയമപ്രകാരം 500 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ ശിക്ഷയായി ലഭിക്കാവുന്നതുമാണ്. അതനുസരിച്ച്, അദ്ദേഹം വിവരമറിയിക്കുകയും തപാൽ അധികാരികളെക്കൊണ്ട് എനിക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തു.
ഈ കേസിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ, അഭിഭാഷകനായ റാലിയാ റാം എന്നെ കടിപ്പിക്കുന്നതിനായി ഒരു പാമ്പിനെ എന്റെ അടുത്തേക്ക് അയക്കുന്നതായും എന്നാൽ ഒരു മീൻ വറുക്കുന്നതുപോലെ ഞാൻ ആ പാമ്പിനെ വറുത്ത് അദ്ദേഹത്തിന് തന്നെ തിരിച്ചയക്കുന്നതായും സർവ്വശക്തനായ അല്ലാഹു എനിക്കൊരു ദർശനത്തിൽ കാണിച്ചുതന്നു.
ചുരുക്കത്തിൽ, ഈ കുറ്റത്തിന് എന്നെ ഗുരുദാസ്പൂർ ജില്ലയുടെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ച എല്ലാ അഭിഭാഷകരും നുണ പറയുകയല്ലാതെ വേറെ വഴിയില്ലെന്ന് ഉപദേശിക്കുകയും ഞാൻ പാക്കറ്റിൽ കത്ത് വെച്ചിട്ടില്ലെന്നും റലിയാ റാം തന്നെയായിരിക്കാം കത്ത് പാക്കറ്റിൽ വെച്ചതെന്നും ഒരു പ്രസ്താവന നൽകണമെന്നുമായിരുന്നു നിർദ്ദേശിച്ചത്. മാത്രമല്ല, അത്തരമൊരു പ്രസ്താവന നൽകുന്നതിലൂടെ സാക്ഷികളുടെ അടിസ്ഥാനത്തിൽ കേസ് തീരുമാനിക്കപ്പെടുമെന്നും രണ്ട് കള്ളസാക്ഷികളെ ഹാജരാക്കി എന്നെ കുറ്റവിമുക്തനാക്കുമെന്നും അഭിഭാഷകർ ഉറപ്പ് നൽകിക്കൊണ്ട് എന്നോട് പറഞ്ഞു. കേസ് വളരെ പ്രയാസകരമായിരുന്നതിനാൽ എന്റെ മോചനത്തിന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാൽ എന്തുതന്നെ സംഭവിച്ചാലും ഏത് സാഹചര്യത്തിലും സത്യം ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ലെന്ന് ഞാൻ അവരോടെല്ലാം പറഞ്ഞു.
അങ്ങനെ അന്നുതന്നെയോ അല്ലെങ്കിൽ പിറ്റേന്നോ ഒരു ഇംഗ്ലീഷ് മജിസ്‌ട്രേറ്റിന്റെ കോടതിയിൽ എന്നെ ഹാജരാക്കുകയും എനിക്കെതിരെ ഗവൺമെന്റിന് വേണ്ടി പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സ്വയം പരാതിക്കാരനായി ഹാജരാവുകയും ചെയ്തു. കോടതി മജിസ്‌ട്രേറ്റ് സ്വന്തം കൈപ്പടയിൽ എന്റെ മൊഴി രേഖപ്പെടുത്താൻ തുടങ്ങുകയും എന്നോട് ഈ ഒരൊറ്റ ചോദ്യം ചോദിക്കുകയും ചെയ്തു, ‘നിങ്ങളാണോ ഈ പാക്കറ്റിൽ കത്ത് വെച്ചത്, ഈ കത്തും ഈ പാക്കറ്റും നിങ്ങളുടേതാണോ?’ യാതൊരു മടിയും കൂടാതെ ഞാൻ മറുപടി പറഞ്ഞു, “തീർച്ചയായും ഇത് എന്റെ കത്താണ്, തീർച്ചയായും ഇത് എന്റെ പാക്കറ്റുമാണ്. കൂടാതെ പാക്കറ്റിൽ വെച്ചാണ് ഞാൻ ഈ കത്ത് അയച്ചത്, എന്നാൽ സർക്കാരിന്റെ വരുമാനത്തിന് നഷ്ടമുണ്ടാക്കണമെന്ന യാതൊരു ഉദ്ദേശ്യവും എനിക്ക് ഇതിൽ ഉണ്ടായിരുന്നില്ല. പാക്കറ്റിൽ അടങ്ങിയിരിക്കുന്ന ലേഖനത്തിൽ നിന്ന് ഈ കത്ത് വ്യത്യസ്തമായി ഞാൻ കണക്കാക്കിയിരുന്നില്ല. മാത്രമല്ല കത്തിൽ വ്യക്തിപരമായ യാതൊരു കാര്യവും അടങ്ങിയിട്ടുമില്ല.” ഈ പ്രസ്താവന കേട്ട ഉടനെ സർവ്വശക്തനായ അല്ലാഹു മജിസ്‌ട്രേറ്റിന്റെ ഹൃദയത്തെ എനിക്ക് അനുകൂലമാക്കി.
എന്റെ എതിർകക്ഷിയായ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് വലിയ ബഹളമുണ്ടാക്കുകയും ഇംഗ്ലീഷിൽ വളരെ നീണ്ട പ്രസ്താവനകൾ നടത്തുകയും ചെയ്തു. സൂപ്രണ്ട് ഓരോ കാര്യം പറയുമ്പോഴും ‘നോ, നോ’ എന്ന് പറഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റ് അത് തള്ളിക്കളഞ്ഞു എന്നത് മാത്രമല്ലാതെ എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒടുവിൽ വാദിയായ സൂപ്രണ്ട് തന്റെ വാദം അവസാനിപ്പിക്കുകയും തന്റെ ദേഷ്യം പ്രകടിപ്പിക്കുന്നത് നിർത്തുകയും ചെയ്തപ്പോൾ മജിസ്‌ട്രേറ്റ് തന്റെ ഉത്തരവ് രണ്ടുവരികളിൽ എഴുതുകയും എന്നോട് ‘നിങ്ങൾക്ക് പോകാം.’ എന്നു പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ, ഒരു യൂറോപ്യൻ ഉദ്യോഗസ്ഥനോട് എതിരിട്ടിട്ടും എനിക്ക് വിജയം നൽകിയ കാരുണ്യവാനായ എന്റെ യഥാർത്ഥ രക്ഷിതാവിനോട് അഗാധമായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഞാൻ കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങി. സത്യം മുറുകെ പിടിച്ചതുകൊണ്ടാണ് ആ സമയത്ത് സർവ്വശക്തനായ ദൈവം ആ ആപത്തിൽ നിന്ന് എന്നെ രക്ഷിച്ചതെന്ന് എനിക്ക് പൂർണ്ണമായും അറിയാം.
ഈ കേസിന് മുമ്പ് ഞാനൊരു സ്വപ്നം കണ്ടിരുന്നു. ഒരാൾ എന്റെ തൊപ്പി എടുത്തുകൊണ്ടുപോകാൻ കൈ നീട്ടിയതായും, അപ്പോൾ ‘നിങ്ങൾ എന്താണ് ചെയ്യുന്നത്?’ എന്ന് ഞാൻ ചോദിക്കുകയും ചെയ്തു. അപ്പോൾ അയാൾ തൊപ്പി എന്റെ തലയിൽ തന്നെ വെച്ചുകൊണ്ട് ‘അതൊന്നും സാരമില്ല, അതൊന്നും സാരമില്ല.’ എന്ന് പറഞ്ഞു.
മൂന്നാമത്തെ സംഭവം ഇങ്ങനെയായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ വകയായുള്ള ഭൂമിയിൽ ഒരു ഹിന്ദു നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതിനായി എന്റെ മകൻ സുൽത്താൻ അഹ്‌മദ് ഒരു കേസ് ഫയൽ ചെയ്തു. ഈ പരാതിയിൽ ഒരു വസ്തുത കൃത്യമല്ലാത്തതായി പ്രസ്താവിച്ചിരുന്നു. അത് നടപടിയെ തള്ളിക്കളയുന്നതിന് കാരണമാകുകയും, സുൽത്താൻ അഹ്‌മദിന് മാത്രമല്ല, എനിക്കും ഉടമസ്ഥാവകാശത്തിന്റെ പേരിൽ നഷ്ടം സഹിക്കേണ്ടിയും വരുമായിരുന്നു. പ്രതി ഈ അവസരം മുതലെടുത്ത് എന്നെ ഒരു സാക്ഷിയായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഞാൻ ബട്ടാലയിലേക്ക് പോകുകയും ബട്ടാല കോടതിയുടെ അടുത്തായി സബ് പോസ്റ്റ്മാസ്റ്റർ ബാബു ഫത്തേഹ് ദീനിന്റെ വസതിയിൽ താമസിക്കുകയും ചെയ്തു. കേസ് ഒരു ഹിന്ദു ജഡ്ജിയുടെ കോടതിയിലായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. പക്ഷേ അദ്ദേഹം ഒരു കാലിന് മുടന്തുള്ള ആളായിരുന്നു. സുൽത്താൻ അഹ്‌മദിന്റെ അഭിഭാഷകൻ എന്റെയടുത്ത് വന്ന് പറഞ്ഞു, ‘കേസ് ഇപ്പോൾ വിളിക്കാൻ പോവുകയാണ്. നിങ്ങൾ എന്ത് പ്രസ്താവനയാണ് നൽകാൻ പോകുന്നത്?’ ഞാൻ പറഞ്ഞു, എന്റെ മൊഴി വസ്തുതകൾക്കും സത്യത്തിനും അനുസരിച്ചായിരിക്കും. അപ്പോൾ അദ്ദേഹം പറഞ്ഞു, ‘എങ്കിൽ നിങ്ങൾ പോകേണ്ട ആവശ്യമില്ല; കേസ് പിൻവലിക്കാൻ ഞാൻ തന്നെ പൊയ്ക്കോളാം.’ അങ്ങനെ, സത്യത്തിന് വേണ്ടി മാത്രം എന്റെ സ്വന്തം കൈകൾ കൊണ്ട് ഞാൻ ആ കേസ് പിൻവലിപ്പിച്ചു. ദൈവപ്രീതി നേടുന്നതിനായി ഞാൻ സത്യം തിരഞ്ഞെടുക്കുകയും ഭൗതികമായ നഷ്ടം ഒട്ടും തന്നെ കാര്യമാക്കുകയും ചെയ്തില്ല.
ഈ രണ്ട് സംഭവങ്ങൾക്കും സാക്ഷികളുണ്ട്. ആദ്യത്തേതിന്റെ സാക്ഷികൾ ഗുരുദാസ്പൂരിലെ അഭിഭാഷകനായ ശൈഖ് അലി അഹ്‌മദും സർദാർ മുഹമ്മദ് ഹയാത്ത് ഖാൻ സി.എസ്.ഐ. യുമാണ്. മാത്രമല്ല, ആ ഫയൽ ഗുരുദാസ്പൂർ ജില്ലാ രേഖകളിൽ സൂക്ഷിച്ചിട്ടുമുണ്ടാകും. രണ്ടാമത്തെ സംഭവത്തിന്റെ സാക്ഷികൾ ബാബു ഫത്തേഹ് ദീനും ആ കേസിൻ്റെ അഭിഭാഷകൻ തന്നെയുമാണ്. അവരുടെ പേര് എനിക്കിപ്പോൾ ഓർമ്മയില്ല. കൂടാതെ ഞാൻ മുമ്പ് സൂചിപ്പിച്ചതും ഇപ്പോൾ ഒരുപക്ഷേ ലുധിയാനയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ആ ജഡ്ജിയുമാണ്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ആ കേസ് ഫയൽ ചെയ്തത്. കൂടാതെ, ബട്ടാലയിലെ പട്ട്‌വാരി [വില്ലേജ് ലാൻഡ് റെവന്യൂ അക്കൗണ്ടന്റ്] നബി ബക്ഷും ഈ കേസിൽ നടന്ന കാര്യങ്ങൾക്ക് സാക്ഷിയായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.
അതിനാൽ, ബഹുമാനപ്പെട്ട ശൈഖ് സാഹിബേ! നിങ്ങളുടെ ജീവനും മാനവും സ്വത്തും അപകടത്തിലാകുമെന്ന് നിങ്ങൾ കണ്ട, ഇത്രയധികം ഗൗരവമുള്ള ഏതെങ്കിലും പരീക്ഷണത്തിന്റെ സന്ദർഭം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടെങ്കിൽ, എന്നിട്ടും നിങ്ങളുടെ സ്വത്തോ ജീവനോ വകവെയ്ക്കാതെ നിങ്ങൾ സത്യത്തിൽ ഉറച്ചുനിന്നിട്ടുണ്ടെങ്കിൽ, ആ സംഭവം അതിന്റെ പൂർണ്ണമായ തെളിവുകളോടൊപ്പം മുന്നോട്ടുവെക്കാൻ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. എങ്കിലും, ഈ കാലഘട്ടത്തിലെ ഭൂരിഭാഗം മുല്ലമാരും മൗലവിമാരും വെറും സംസാരങ്ങളിൽ മാത്രം ഒതുങ്ങിയവരാണ് എന്നതാണ് എന്റെ വിശ്വാസം. നയാ പൈസയ്ക്ക് വേണ്ടി തങ്ങളുടെ വിശ്വാസം വിൽക്കാൻ അവർ തയ്യാറാണ്. കാരണം നമ്മുടെ ശ്രേഷ്ഠനായ നബിതിരുമേനി(സ) ഈ അവസാന കാലഘട്ടത്തിലെ മൗലവിമാരെ സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്‌ടരായി പ്രഖ്യാപിച്ചിട്ടുണ്ട്.
മാത്രമല്ല, ഒരു മുജദ്ദിദ് ആണെന്ന് [പരിഷ്കർത്താവ്] നിങ്ങൾ പോലും വിശ്വസിക്കുന്ന ഹദ്റത്ത് നവാബ് സിദ്ദീഖ് ഹസൻ ഖാൻ സാഹിബ്, അദ്ദേഹത്തിൻറെ ഹുജജുൽ കിറാമ എന്ന പുസ്തകത്തിൽ ആ അവസാന കാലഘട്ടം ഈ കാലഘട്ടം തന്നെയാണെന്ന് അംഗീകരിച്ചിട്ടുമുണ്ട്. അതിനാൽ, യാതൊരു തെളിവുമില്ലാതെ ഈ കാലഘട്ടത്തിലെ ഇത്തരം മൗലവിമാരുടെ ഭക്തിയും നീതിബോധവും അംഗീകരിക്കുകയെന്നാൽ നബിതിരുമേനി(സ)യുടെ വാക്കുകളെ വ്യാജമാക്കുക എന്നതാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട്, നിങ്ങളുടെ അനുഭവത്തിന്റെ ഉദാഹരണങ്ങൾ നമുക്കും ലഭിക്കട്ടെ. എന്നാൽ അവയൊന്നും ഹാജരാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ, ഭക്തിയുടെ അവകാശവാദം മാത്രമേ നിങ്ങളിൽ ഉള്ളൂവെന്നും അത് പരിശോധന വിധേയമാക്കാതെ ഒരു അവകാശവാദവും അംഗീകരിക്കാൻ അർഹമല്ലെന്നും സ്ഥാപിക്കപ്പെട്ടതാണ്.
താങ്കളുടെ ആന്തരിക അസ്തിത്വത്തിന്റെ അവസ്ഥ സർവ്വശക്തനായ ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ. താങ്കൾ താങ്കളെതന്നെ എപ്പോഴെങ്കിലും നുണയുടെയും കൃത്രിമത്വത്തിന്റെയും മാലിന്യം കൊണ്ട് മലിനമാക്കിയിട്ടുണ്ടോ എന്ന കാര്യം അവന് മാത്രമേ അറിയുകയുള്ളൂ. അല്ലെങ്കിൽ നിങ്ങളുടെ കാര്യങ്ങളുമായി പരിചയമുള്ളവർക്ക് അതറിയാമായിരിക്കും. പരീക്ഷണ വേളയിൽ സത്യവാനായി വെളിപ്പെടുകയും സത്യം കൈവിടാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ സത്യസന്ധതയുടെ മുദ്ര സമ്പാദിക്കുന്നു. നിങ്ങൾക്ക് ഈ മുദ്രയുണ്ടെങ്കിൽ, മുന്നോട്ടുവന്ന് അത് കാണിക്കുക. അല്ലാത്തപക്ഷം, സർവ്വശക്തനായ ദൈവം നിങ്ങളുടെ കുറവുകൾ വെളിപ്പെടുത്തിയേക്കാമെന്നതിനാൽ അവനെ ഭയപ്പെടുക.’ (ആയിനയെ കമാലാത്തെ ഇസ്‌ലാം, പേജ്. 339-344)
വാഗ്ദത്ത മസീഹ്(അ) എപ്പോഴും സത്യത്തിന് മുൻഗണന നൽകുകയും അസത്യത്തിന്റെ അടുത്തേക്ക് പോലും ഒരിക്കലും പോയിരുന്നില്ലെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. തന്റെ അനുയായികളോടും ഇതേ തത്വങ്ങൾ തന്നെയാണ് അദ്ദേഹം കല്പിച്ചിട്ടുള്ളത്. തീർച്ചയായും, ഒരാൾ അസത്യത്തെ വെറുക്കുമെന്നും സത്യത്തെ മുറുകെ പിടിക്കുമെന്നതും വാഗ്ദത്ത മസീഹ്(അ)ൽ വിശ്വാസം അർപ്പിക്കുന്നതിന് നിശ്ചയിക്കപ്പെട്ട പ്രതിജ്ഞകളിൽ (ബൈഅത്തിൻ്റെ നിബന്ധനകളിൽ) ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഇത്തരം സത്യസന്ധതയെ തങ്ങളുടെ സ്വഭാവത്തിന്റെ മുഖമുദ്രയാക്കാൻ അല്ലാഹു ഏവരെയും പ്രാപ്തരാക്കട്ടെ എന്ന് ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.
0 Comments