അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 5 ജൂൺ 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം, വാഗ്ദത്ത മസീഹ് (അ) ന്റെ ജീവിതത്തിലെ വിനയത്തിന്റെയും എളിമയുടെയും ഉന്നത ഗുണങ്ങൾ പ്രകടമാക്കുന്ന സംഭവങ്ങൾ വിവരിക്കുന്നത് തുടരുകയാണെന്ന് ഹദ്‌റത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പ്രസ്താവിച്ചു.
അന്യരോടുള്ള ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ പെരുമാറ്റം
ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ ഏറ്റവും കടുത്ത ശത്രുക്കൾ പോലും അദ്ദേഹത്തിന്റെ വീട്ടുവാതിൽക്കൽ എത്തുമ്പോൾ, വളരെ ദയയോടും ആതിഥ്യമര്യാദയോടും കൂടിയാണ് അദ്ദേഹം അവരെ സ്വീകരിച്ചിരുന്നത്. അവർക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ, അവർ ചോദിച്ചതിലും കൂടുതൽ ഹദ്റത്ത് മസീഹ് മൗഊദ് (അ) നല്കിയിരുന്നു. അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കളോടുള്ള പെരുമാറ്റം പോലും അപ്രകാരമായിരുന്നു.
മാനസികാരോഗിയായ ഒരാൾ ഒരിക്കൽ ഹദ്റത് മസീഹ് മൗഊദ് (അ) നെ വളരെ മോശമായ രീതിയിൽ പേരെടുത്തു വിളിച്ചു. എന്നാൽ മസീഹ് മൗഊദ് (അ) അത് കാര്യമാക്കാതെ ഉടൻ തന്നെ മറുപടി നൽകി. തന്നെ സലാം പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അപ്രകാരം തന്നെ ചെയ്തു. അയാൾക്ക് കുറച്ച് പണം നല്കുകയും ചെയ്തു, സന്തോഷത്തോടെ അയാൾ മടങ്ങിപ്പോയി. അത്തരം ആളുകളോട് പോലും ഹദ്‌റത്ത് മസീഹ് മൗഊദ് (അ) വലിയ ദയ കാണിച്ചിരുന്നു.
ഹദ്‌റത്ത് മസീഹ് മൗഊദ് (അ) നെ കാണാൻ ഏതെങ്കിലും അതിഥി വന്നാൽ, അവരെ സ്വീകരിക്കാൻ അദ്ദേഹം പലപ്പോഴും എഴുന്നേറ്റ് നിൽക്കാറുണ്ടായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ കാണാൻ എത്തുമ്പോൾ അദ്ദേഹം ഏതെങ്കിലും കാര്യത്തിൽ വ്യാപൃതനാണെങ്കിൽ, ഉടൻ തന്നെ തന്റെ ശ്രദ്ധ അവരിലേക്ക് മാറ്റുമായിരുന്നു.
ഒരിക്കൽ ഹദ്‌റത്ത് മുഫ്തി മുഹമ്മദ് സാദിഖ് സാഹിബ് (റ) ഹദ്‌റത്ത് മസീഹ് മൗഊദ് (അ) നെ സന്ദർശിക്കാൻ ചെന്നപ്പോൾ അദ്ദേഹം വളരെ ഊഷ്മളമായാണ് സ്വീകരിച്ചത്. മുഫ്തി മുഹമ്മദ് സാദിഖ് സാഹിബ് (റ) നെ ഇരിക്കാൻ ക്ഷണിച്ച ശേഷം അദ്ദേഹത്തിന് ഭക്ഷണം ക്രമീകരിക്കാൻ ഹദ്റത് മസീഹ് മൗഊദ് (അ) പോയി. മറ്റാരെയെങ്കിലും വിളിച്ച് ഭക്ഷണം കൊണ്ടുവരാൻ പറയുമെന്ന് മുഫ്തി സാദിഖ് സാഹിബ് കരുതി. എന്നാൽ അല്പസമയത്തിന് ശേഷം, ഹദ്റത് മസീഹ് മൗഊദ് (അ) തന്നെ നേരിട്ട് ഭക്ഷണത്തളികയുമായി വരുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. താൻ പോയി വെള്ളം കൊണ്ടുവരാമെന്നും അതുവരെ ഭക്ഷണം കഴിക്കാനും ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അദ്ദേഹത്തോട് പറഞ്ഞു. ഹദ്‌റത്ത് മസീഹ് മൗഊദ് (അ) തന്നെ പരിചരിക്കുന്ന രീതി കണ്ട് മുഫ്തി മുഹമ്മദ് സാദിഖ് സാഹിബ് (റ) കണ്ണുനീർ വാർത്തുപോയി. ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ഇത്രയധികം കരുതൽ കാണിക്കുന്നുവെങ്കിൽ, നമ്മൾ പരസ്പരം എത്രമാത്രം ദയയും അനുകമ്പയും കാണിക്കണമെന്ന് ആലോചിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ കാര്യത്തിനുള്ള പരിഗണന
ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ കൂടെ കോടതി കേസുകൾക്കായി പോകാറുണ്ടായിരുന്ന ഒരു സഹായി പറയുന്നത്, യാത്രയിൽ കുതിരപ്പുറത്ത് കയറാൻ ആദ്യം അവസരം നല്കിയിരുന്നത് ആ സഹായിക്കായിരുന്നു എന്നാണ്. ഹദ്‌റത്ത് മസീഹ് മൗഊദ് (അ) നടന്നുപോകുമ്പോൾ സഹായി കുതിരപ്പുറത്ത് ഇരിക്കുന്നത് അദ്ദേഹത്തിന് അസ്വാസ്ഥ്യമുണ്ടാക്കി. തനിക്ക് നടക്കാൻ ബുദ്ധിമുട്ടില്ലെന്നും അതിനാൽ സഹായി കുതിരപ്പുറത്ത് ഇരിക്കുന്നതിൽ ബുദ്ധിമുട്ടേണ്ടതില്ലെന്നും അദ്ദേഹം മറുപടി നല്കുമായിരുന്നു.
നടക്കാൻ പോകുമ്പോൾ ആരെങ്കിലും മുന്നിൽ നടന്നാൽ ഹദ്‌റത് മസീഹ് മൗഊദ് (അ) അത് ശ്രദ്ധിക്കാറില്ലായിരുന്നു. കൂടെയുള്ളവർ അദ്ദേഹത്തിന്റെ മേൽ പൊടി വീഴാതിരിക്കാൻ മുന്നിൽ നടക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അത് ഒരിക്കലും കാര്യമാക്കിയിരുന്നില്ല, തന്റെ സ്ഥാനം എടുത്തു കാണിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.
ഒരിക്കൽ ഒരു ശവസംസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ഖബറടക്കത്തിനായി കാത്തിരിക്കുമ്പോൾ, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ഒരുകോണിൽ തറയിൽ ഇരുന്നു. അദ്ദേഹത്തിന്റെ ഒരു അനുയായി ഉടൻ തന്നെ ഒരു തുണി മരത്തണലിൽ വിരിക്കുകയും അവിടെ ഇരിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം അവിടെ പോയി ഇരുന്നു. ആളുകൾ അദ്ദേഹത്തിന്റെ അടുത്തേക്ക് വരാൻ തുടങ്ങി. അവിടെ വരുന്നുവർക്കെല്ലാം ആ തുണിയിൽ ഇരിക്കാൻ അദ്ദേഹം അവസരം നല്കി. ഒടുവിൽ, അനുയായികൾ തണലിൽ സുഖമായി ഇരിക്കുകയും മസീഹ് മൗഊദ് (അ) മണ്ണിൽ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.
ഹദ്‌റത്ത് മൗലവി അബ്ദുൽ കരീം സാഹിബ് സിയാൽകോട്ടി (റ) വിവരിക്കുന്നത്, ഒരിക്കൽ ജൂൺ മാസത്തിൽ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ കുടുംബം ലുധിയാനയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരു ദിവസം മൗലവി അബ്ദുൽ കരീം സാഹിബ് ഒരു കട്ടിലിൽ കിടന്നുറങ്ങി. ഉണർന്നപ്പോൾ കണ്ടത്, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) തന്റെ അരികിൽ തറയിൽ കിടക്കുന്നതാണ്. മൗലവി അബ്ദുൽ കരീം സാഹിബിന്റെ ഉറക്കത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ കുട്ടികൾ ബഹളം വെക്കാതെ താൻ കാവൽ നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹദ്‌റത്ത് മുൻശി സഫർ അഹ്‌മദ് സാഹിബ് (റ) അദ്ദേഹത്തെ കപൂർത്തലയിലേക്ക് ക്ഷണിച്ചിരുന്നു. ഒരിക്കൽ ട്രെയിൻ നിർത്താത്തതുകൊണ്ട് കുതിരവണ്ടിയിലാണ് അദ്ദേഹം അവിടേക്ക് എത്തിയത്. അവിടെ ഒരു അനഹ്‌മദി പള്ളിയിൽ പോയി അദ്ദേഹം അവിടുത്തെ മൗലവിയെക്കൊണ്ട് മുൻശി സഫർ സാഹിബിനെയും (റ) മുൻഷി അറോറ സാഹിബിനെയും (റ) അറിയിപ്പിച്ചു. പള്ളിയിൽ എത്തി നോക്കുമ്പോൾ ഹദ്‌റത് മസീഹ് മൗഊദ് (അ) തറയിൽ കിടക്കുന്നത് കണ്ടു. അറിയിക്കാതിരുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ, താൻ നൽകിയ വാക്ക് പാലിക്കാൻ വന്നതാണെന്നും അത് അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മറുപടി നല്കി.
നമസ്ക്കരിക്കുമ്പോൾ പോലും ആരുടെയെങ്കിലും കരച്ചിൽ കേട്ടാൽ, നമസ്ക്കാരം മുറിച്ച് അവർക്ക് സഹായം നൽകാൻ താൻ ആഗ്രഹിക്കുമെന്ന് മസീഹ് മൗഊദ് (അ) പറഞ്ഞതായി ഹുസൂർ തിരുമനസ്സ് ഉദ്ധരിച്ചു. ആർക്കെങ്കിലും സഹായം ആവശ്യമുള്ളപ്പോൾ അത് ചെയ്യാതിരിക്കുന്നത് അധാർമികമാണ്. ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ അവർക്കായി പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണം.
മറ്റുള്ളവരുമായുള്ള സംഭാഷണത്തിൽ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ വിനയം
ആരെ കണ്ടാലും ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പുഞ്ചിരിയോടെ സംസാരിക്കുമായിരുന്നു. എല്ലാവരും അദ്ദേഹത്തോട് തങ്ങളുടെ സങ്കടങ്ങൾ തുറന്നു പറയാറുണ്ടായിരുന്നു. എല്ലാവരുടെയും കാര്യങ്ങൾ അദ്ദേഹം ക്ഷമയോടെ കേൾക്കുമായിരുന്നു. ആരെയും സംസാരിക്കുന്നത് നിർത്താൻ അദ്ദേഹം പറയുമായിരുന്നില്ല. ഒരിക്കൽ ഒരാൾ അദ്ദേഹത്തിന്റെ കാൽക്കൽ തലവെക്കാൻ ശ്രമിച്ചപ്പോൾ, അത് ശരിയായ രീതിയല്ലെന്നും സലാം പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരമാണ് ഏറ്റവും വലിയ ശിർക്കെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിഷാദരോഗം ബാധിച്ച ഒരാൾ തന്റെ സങ്കടങ്ങൾ എല്ലാവരോടും മണിക്കൂറുകളോളം പറയുമായിരുന്നു. ആളുകൾ മടുത്ത് മാറിപ്പോകുമായിരുന്നെങ്കിലും, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ദീർഘനേരം ക്ഷമയോടെ അത് കേൾക്കുകയും ഒടുവിൽ ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആ പെരുമാറ്റം കൊണ്ട് അയാൾ പിന്നീട് അഹ്‌മദിയ്യത്ത് സ്വീകരിച്ചു.
സ്വന്തം അവകാശവാദങ്ങളിലെ കാർക്കശ്യം ഒഴിവാക്കൽ
താൻ ഒരു രാജാവിനെയോ മുഗൾ ചക്രവർത്തിയെയോ പോലെ ജീവിക്കുന്നില്ലെന്നും പരിമിതമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരിക്കൽ ബട്ടാലയിലേക്ക് പോകാൻ വണ്ടി ഏർപ്പാട് ചെയ്തെങ്കിലും, മസീഹ് മൗഊദ് (അ) ഒരു കാര്യം എടുക്കാൻ വീട്ടിലേക്ക് മടങ്ങിയപ്പോൾ വണ്ടിക്കാരൻ പോയിക്കഴിഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം നടന്ന് ബട്ടാലയിലേക്ക് പോകുകയായിരുന്നു.
വിനയത്തെക്കുറിച്ച് മസീഹ് മൗഊദ് (അ) ന്റെ ഉപദേശം:
“ഭക്തർ വിനയത്തിന്റെയും എളിമയുടെയും ജീവിതം നയിക്കേണ്ടത് അത്യാവശ്യമാണ്. അമിതമായ ദേഷ്യത്തെ നിയന്ത്രിക്കാനുള്ള മാർഗ്ഗമാണിത്… ഒരാൾ മറ്റൊരാളെക്കാൾ ശ്രേഷ്ഠനാണെന്ന് ചിന്തിക്കുമ്പോഴാണ് ദേഷ്യം വരുന്നത്. എന്റെ ജമാഅത്തിലെ അംഗങ്ങൾ അഹങ്കരിക്കുകയോ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയോ ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരാണ് ശ്രേഷ്ഠനെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ശീലം ആ വ്യക്തിയെ നശിപ്പിക്കും… നിങ്ങളെക്കാൾ താഴ്ന്നവർ എന്ന് കരുതാതെ, അവരോട് വിനയത്തോടെ പെരുമാറുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠൻ.”
“നിങ്ങൾ അപരനെ പരിഹസിക്കരുത്… അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ ഏറ്റവും ദൈവഭയമുള്ളവനാണ്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നമുക്കെല്ലാവർക്കും ഈ വിനയവും എളിമയും ജീവിതത്തിൽ പകർത്താൻ സാധിക്കട്ടെ എന്ന് ഹുസൂർ തിരുമനസ്സ് ദുആ ചെയ്തു
0 Comments