തിരുനബി(സ)യുടെ വിനയത്തിന്റെ മാതൃക പിൻപറ്റുന്നതിൽ വാഗ്ദത്ത മസീഹ്(അ) കാണിച്ച ഉജ്ജ്വലമായ രീതി

ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

തിരുനബി(സ)യുടെ വിനയത്തിന്റെ മാതൃക പിൻപറ്റുന്നതിൽ വാഗ്ദത്ത മസീഹ്(അ) കാണിച്ച ഉജ്ജ്വലമായ രീതി

ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 29 മെയ് 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്‌

ശാഹിദ്

തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞു, തന്റെ ആത്മീയ നേതാവായ നബിതിരുമേനി(സ)യുടെ അധ്യാപനങ്ങളെയും ചര്യകളെയും പിൻപറ്റിക്കൊണ്ട് വാഗ്ദത്ത മസീഹ്(അ) വിനയത്തിന്റെയും അച്ചടക്കത്തിന്റെയും അത്ഭുതാവഹമായ നിലവാരമാണ് പ്രകടമാക്കിയത്. അത് അദ്ദേഹം  ജീവിതത്തിൽ പകർത്തുക മാത്രമല്ല സ്വന്തം സമൂഹത്തോട് അങ്ങനെ ചെയ്യാൻ ഉപദേശിക്കുകയും ചെയ്തു. വാഗ്ദത്ത മസീഹ്(അ)ന്റെ ജീവിതത്തിലെ ഈ വശത്തെ വിശദീകരിക്കുന്ന സംഭവങ്ങൾ വിവരിക്കുന്നത്.

1907 മാർച്ച് 18-ന് സർവ്വശക്തനായ അല്ലാഹു സ്വയം സാക്ഷ്യം വഹിച്ചു കൊണ്ട് വാഗ്ദത്ത മസീഹ്(അ)ന് വെളിപാട് നൽകി “താങ്കളുടെ വിനയാന്വിതമായ രീതികളിൽ അവൻ സംപ്രീതനായിരിക്കുന്നു”.

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു: 

“എൻ്റെ എളിമത്വത്തിലും, വിനയത്തിലും, ദൈവത്തിലുള്ള വിശ്വാസത്തിലും, ആത്മാർത്ഥതയിലും, അടയാളങ്ങളിലും, ആത്മീയ്യ പ്രകാശത്തിലും എല്ലാം മുൻകാല മസീഹിനോട് എനിക്ക് സാമ്യതയുണ്ടെന്ന് ഈയുള്ളവന് വെളിപാട് ലഭിച്ചിരിക്കുന്നു. ഈ വിനീതന്റെ പ്രകൃതവും ഈസാ മസീഹിന്റെ പ്രകൃതവും ഒരേ രത്നത്തിന്റെ രണ്ട് ഭാഗങ്ങളോ അല്ലെങ്കിൽ ഒരേ വൃക്ഷത്തിലെ രണ്ട് ഫലങ്ങളോ പോലെ പരസ്പരം സാമ്യതയുള്ളതാണ്. ഞങ്ങൾക്കിടയിലുള്ള പൊരുത്തം എത്രത്തോളം വലുതാണെന്നാൽ, ആത്മീയ ദൃഷ്ടിക്ക് ഞങ്ങൾക്കിടയിൽ ഉള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസകരമാണ്. ഇതിനുപുറമെ മറ്റൊരു വ്യക്തമായ സാമ്യം കൂടിയുണ്ട്. ഈസാ മസീഹ് ഉന്നതനും വിശിഷ്ഠനുമായ ഒരു പ്രവാചകൻ്റെ, അതായത് മൂസാ നബി(അ)യുടെ അനുയായിയും സേവകനുമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സുവിശേഷം തൗറാത്തിൻ്റെ ഒരു ശാഖയുമാണ്. സമാനമായി ഈ വിനീതൻ, എല്ലാ പ്രവാചകന്മാരുടെയും നേതാവും രാജാവുമായ മഹാനായ മുഹമ്മദ് നബി(സ)യുടെ ഏറ്റവും എളിയ സേവകരിൽ ഒരാളാണ്.

(ബറാഹീനെ അഹ്‌മദിയ്യ ഭാഗം നാല്, ഉപ അടിക്കുറിപ്പ് മൂന്ന്, പേജ് 374-375)

പ്രശംസയോ അംഗീകാരമോ ഒരിക്കലും ആഗ്രഹിക്കരുത്

ഒരിക്കൽ ഒരാൾ വാഗ്ദത്ത മസീഹ്(അ)ന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോട് അഭിപ്രായപ്പെട്ടു, ദ ഫിലോസഫി ഓഫ് ഡിവൈൻ റെവലേഷൻ (ഹഖീഖതുൽ വഹ്‌യി) എന്ന പുസ്തകം അത്യന്തം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി അങ്ങെഴുതിയതിനാൽ അങ്ങേക്ക് ശാരീരിക അസ്വസ്ഥതകൾ വരെ ഉണ്ടായി. അങ്ങ് കുറച്ചു ദിവസത്തേക്ക് വിശ്രമിക്കേണ്ടതാണ്. ഇതിന് മറുപടിയായി വാഗ്ദത്ത മസീഹ്(അ) പറഞ്ഞു, ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായ നബിതിരുമേനി(സ)യുടെ അനുചരന്മാർ കാഴ്ചവെച്ച പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും മുന്നിൽ എൻ്റെ പ്രയത്നങ്ങൾ ഒന്നുമല്ല.

വാഗ്ദത്ത മസീഹ് (അ) സ്വന്തം പദവിയെ അതിശയോക്തിയോടെ അവതരിപ്പിച്ചു എന്ന ആരോപണത്തിന് മറുപടിയായി ദൈവത്തെ മുൻനിർത്തി സത്യം ചെയ്തുകൊണ്ട് ആ മഹാത്മാവ് പറഞ്ഞു, ഏതെങ്കിലും തരത്തിലുള്ള അംഗീകാരമോ പ്രശംസയോ ആഗ്രഹിക്കുന്നത് എൻ്റെ പ്രകൃതത്തിൽ തന്നെ ഇല്ലാത്ത കാര്യമാണ്.

വിനയാന്വിതമായ ഒരു ജീവിതം നയിക്കാനും ആരാലും അറിയപ്പെടാതിരിക്കാനുമാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. എന്നിട്ടും, ആ അജ്ഞാതവാസ്ഥയിൽ നിന്ന് അദ്ദേഹത്തെ പുറത്തുകൊണ്ടുവന്നതും അംഗീകാരത്തിന്റെ തലത്തിലേക്ക് ഉയർത്തിയതും ദൈവം തന്നെയായിരുന്നു.

ലാളിത്യമാർന്ന ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നു

ഒരിക്കൽ ഒരാൾ വാഗ്ദത്ത മസീഹ്(അ)നെ സന്ദർശിച്ചപ്പോൾ, യൂറോപ്യൻ സംസ്കാരം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്ന അമിതമായ ആർഭാടങ്ങളില്ലാത്ത ലളിതമായ ഒരു ജീവിതമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അനാവശ്യമായ ആഡംബരങ്ങളിൽ പങ്കുചേരാതെ ലളിതമായ ഒരു ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദത്ത മസീഹ്(അ) ജമാഅത്തിനെ ഉപദേശിച്ചുകൊണ്ട് പറയുന്നു: 

വിനയാന്വിതരാവുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, കാരണം മനുഷ്യർ അടിസ്ഥാനപരമായി തന്നെ വിനീതരായ സൃഷ്ടികളാണ്. അഹങ്കാരം വേരൂന്നിയിരിക്കുന്നത് പ്രകടനപരതയിലാണ്, അതിനാൽ ഒരാൾ തന്നിൽ നിന്ന് പ്രകടനപരതയുടെ വസ്ത്രം അഴിച്ചുമാറ്റിക്കഴിഞ്ഞാൽ, അവർക്ക് വിനയം കൈവരിക്കുന്നത് പഠിക്കാനാകും.

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:

തങ്ങളെത്തന്നെ ഏറ്റവും വിനയാന്വിതരും എളിമയുള്ളവരുമായി കണക്കാക്കുകയും, സൗമ്യമായി സംസാരിക്കുകയും, ദരിദ്രരെയും ആവശ്യക്കാരെയും ബഹുമാനിക്കുകയും, നിസ്സഹായരായവരെ ആദരവോടെ പരിഗണിക്കുകയും ഗർവ്വ് കൊണ്ടോ ദ്രോഹചിന്തകൾ കാരണമോ അവരെ പരിഹസിക്കാതിരിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതരാകുന്നു. അവർ കാരുണ്യവാനായ തങ്ങളുടെ രക്ഷിതാവിനെ സ്മരിക്കുകയും ഭൂമിയിൽ വിനയത്തോടെ നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ ആവർത്തിച്ച് പറയുകയാണ്, അത്തരക്കാർക്ക് വേണ്ടിയാണ് മോക്ഷം ഒരുക്കിവെച്ചിട്ടുള്ളത്. ഈ ലോകത്തുവെച്ചുതന്നെ ദുഷ്ടത, അഹങ്കാരം, ആത്മപ്രശംസ, ഗർവ്വ്, ലൗകികാസക്തി, അത്യാഗ്രഹം, അധർമ്മം എന്നിവയുടെ നരകത്തിൽ നിന്ന് മോചിതരാകാത്തവർ തീർച്ചയായും പരലോകത്തും അതിൽനിന്ന് മോചിതരകുകയില്ല. ഈ കൂട്ടരുടെ ഹൃദയങ്ങളെ സ്വാധീനിക്കാൻ തക്കവണ്ണമുള്ള വാക്കുകൾക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്, എവിടെ നിന്നാണ് ഞാൻ അത് കൊണ്ടുവരേണ്ടത്? എൻ്റെ ദൈവമേ! ഈ ഹൃദയങ്ങളെ പ്രകാശം കൊണ്ട് ജ്വലിപ്പിക്കാൻ  കഴിയുന്ന അത്തരം വാക്കുകൾ എനിക്ക് നൽകുകയും അവയുടെ ഔഷധഗുണങ്ങളാൽ അവരുടെ ഉള്ളിലെ വിഷം ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ എനിക്ക് വെളിപ്പെടുത്തിത്തരികയും ചെയ്യേണമേ! കളവിനെ ഉപേക്ഷിക്കുമെന്നും, എല്ലാവിധ തിന്മകളിൽ നിന്നും തങ്ങളെ കാത്തുസൂക്ഷിക്കുമെന്നും, സർവ്വ കുഴപ്പങ്ങളുടെയും അടിസ്ഥാനമായ അഹങ്കാരത്തിൽ നിന്ന് പൂർണ്ണമായും അകന്നുനിൽക്കുമെന്നും, തങ്ങളുടെ രക്ഷിതാവിനോട് ഭക്തിയുള്ളവരായിത്തീരുമെന്നും തങ്ങളുടെ നാഥനോട് ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്ത ധാരാളം ആളുകൾ  എൻ്റെ സമുദായത്തിൽ അണിചേരുന്ന ആ ദിവസം എപ്പോഴെങ്കിലും വന്നെത്തുമെന്ന അഗാധമായ ആഗ്രഹത്താൽ എൻ്റെ സർവ്വസ്വവും തുടിക്കുകയാണ്.

(ടെസ്റ്റിമണി ഓഫ് ദി ഹോളി ഖുർആൻ, പേജ് 156)

അഹങ്കാരത്തെ നുഴഞ്ഞുകയറാൻ അനുവദിക്കരുത്

വാർഷിക സമ്മേളനത്തിലും (ജൽസ സാലാന) സമാനമായ മറ്റ് പരിപാടികളിലും ചില ആളുകൾ ഹാളിന്റെ ഏറ്റവും മുൻനിരയിലുള്ള കസേരകളിലോ ഗ്രീൻ ഏരിയയിലോ ഇരിക്കാൻ ആഗ്രഹിക്കാറുണ്ട്. കാലത്തിന്റെ ഖലീഫയുടെ വാക്കുകൾ കേൾക്കാൻ അദ്ദേഹത്തിന്റെ സാമീപ്യത്തിൽ ഇരിക്കാൻ ആഗ്രഹിക്കുന്നത് നല്ല കാര്യമാണെങ്കിലും, ചിലർ സ്വന്തം അഹങ്കാരം കാരണം ഈ സ്ഥലങ്ങളിൽ ഇരിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവരെ ഉപദേശിച്ചുകൊണ്ട് വാഗ്ദത്ത മസീഹ്(അ) പറയുന്നു, ഒരാൾ എവിടെയെങ്കിലും പോകുമ്പോൾ അവർക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും താഴ്ന്ന സ്ഥലം ആയിരിക്കണം സ്വയം അവർക്കായി തിരഞ്ഞെടുക്കേണ്ടത്. ഇനി കൂടുതൽ പ്രാധാന്യമുള്ള മറ്റൊരിടത്ത് ഇരിക്കാൻ അവർ അർഹരാണെങ്കിൽ, ആതിഥേയർ തന്നെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊള്ളും.

ദൈവത്തോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് വിനയം അനിവാര്യമാണ്. ഇക്കാര്യത്തിൽ, വാഗ്ദത്ത മസീഹ്(അ) ഇങ്ങനെ എഴുതുന്നു:

രണ്ട് ഗുണങ്ങൾ ഉൾക്കൊള്ളുന്നത് വരെ ആർക്കും അല്ലാഹുവിന്റെ സ്നേഹവും പ്രീതിയും നേടിയെടുക്കാൻ കഴിയില്ല. ഒന്നാമതായി, ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ,  തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

എളിമയും വിനയവും സ്വന്തമാക്കുക

രണ്ടാമതായി, ഒരു പർവ്വതം നിലംപതിച്ച് ഛിന്നഭിന്നമാകുന്നത് പോലെ, ഒരാൾ തന്റെ എല്ലാ ലൗകിക ബന്ധങ്ങളും വിച്ഛേദിക്കണം. മാത്രമല്ല അശുദ്ധിയിലേക്ക് നയിക്കുകയും ദൈവകോപം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന മുൻകാല ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണം. കൂടാതെ ഒരാളുടെ ഇടപാടുകളും സൗഹൃദങ്ങളും സ്നേഹവും ശത്രുതയുമെല്ലാം പൂർണ്ണമായും സർവ്വശക്തനായ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമുള്ളതായിരിക്കണം.

(മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാല്യം 3, പേജ് 189)

വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുന്നു: 

ആദം(അ) പോലും പാപം ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും, അദ്ദേഹം വിനയം കാണിക്കുകയും തന്റെ പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും അങ്ങനെ അദ്ദേഹത്തിന് പാപമോചനം ലഭിക്കുകയും ചെയ്തു. ഈ രീതിയിൽ, വിനയം പ്രകടിപ്പിക്കുകയാണെങ്കിൽ നിശ്ചയമായും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് കാണിച്ചുകൊണ്ട് പാപികൾക്കും ദൈവം പ്രത്യാശ നൽകുന്നു. ഇതിനെതിരെ പിശാച് അഹങ്കാരം കാണിച്ചതുകൊണ്ട് അവൻ ശപിക്കപ്പെട്ടവനായി മാറി. അതിനാൽ അഹങ്കാരം എന്ന പൈശാചിക ഗുണത്തെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.

അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ അഹങ്കാരം ഒഴിവാക്കുക

തങ്ങൾക്ക് യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ എന്തെങ്കിലും കേൾക്കുമ്പോൾ വികാരാധീനരാവുകയും തർക്കിച്ച് മറ്റേയാളെ പരാജയപ്പെടുത്താൻ മാത്രം ശ്രദ്ധിക്കുകയും അതിലപ്പുറം മറ്റൊരു ഉദ്ദേശവും ഇല്ലാതിരിക്കുകയും ചെയ്യുന്ന ചിലരും ഉണ്ടെന്ന് വാഗ്ദത്ത മസീഹ്(അ) പറയുന്നു. “ഇന്നും ഇത്തരം മിഥ്യാഭിമാനം പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാൽ ഒരാൾ ഇതിന് പകരമായി വിനയം സ്വീകരിക്കുകയും തന്റെ സഹോദരനെ പരാജയപ്പെടുത്താൻ ശ്രമിക്കാതിരിക്കുകയുമാണ് ചെയ്യേണ്ടത്. കാരണം മിഥ്യാഭിമാനം തർക്കങ്ങൾക്കും  വിവാദങ്ങൾക്കും വർദ്ധനവ് ഉണ്ടാക്കുക മാത്രമാണ് ചെയ്യുക. 

വിനയം സ്വർഗ്ഗത്തിലേക്ക് നയിക്കുന്നു

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു: 

മരണം എല്ലാവർക്കുമുള്ള വിധിയാണ്. ഏതെങ്കിലുമൊരു ദിവസം ഇത് എല്ലാവർക്കും സംഭവിക്കും. എന്നാൽ യേശു ലാസറിനെക്കുറിച്ച് വിവരിച്ചത് പോലെ, ദാരിദ്ര്യത്തിൽ പോലും ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ ശാന്തരും വിനയാന്വിതരുമായി മരണമടയുന്നവരെ സ്വർഗ്ഗം മുന്നോട്ടുവന്ന് സ്വീകരിക്കുന്നതാണ്. 

(മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാല്യം 8, പേജ് 428)

വാഗ്ദത്ത മസീഹ്(അ) വീണ്ടും പറയുന്നു:

അഹങ്കാരിയായ ഒരുവൻ ദൈവത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ഈ നിന്ദ്യമായ സ്വഭാവത്തിൽ നിന്ന് നിങ്ങൾ എപ്പോഴും അഭയം തേടണം. സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും നിങ്ങളോടൊപ്പമുണ്ടെങ്കിൽ പോലും നിങ്ങൾ അപ്പോഴും വിനയം കാണിക്കേണ്ടതുണ്ട്. കാരണം വിനയം കാണിക്കുന്നവൻ മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവൻ.

(മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാല്യം 10, പേജ് 326)

പറയുന്നു,വിനയവും എളിമയും മഹത്തായ സ്വഭാവഗുണങ്ങളാണ്. അശരണനായിരിക്കെത്തന്നെ അഹങ്കാരിയാകുന്ന വ്യക്തിക്ക് തന്റെ ലക്ഷ്യങ്ങൾ ഒരിക്കലും പ്രാപിക്കാനാവില്ല.അവൻ വിനയം സ്വീകരിക്കേണ്ടതുണ്ട്.

ഗാലൻ എന്ന വൈദ്യന് ഒരു രാജാവിന്റെ കീഴിൽ തൊഴിലുണ്ടായിരുന്നു എന്നൊരു കഥയുണ്ട്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം രാജാവിനുണ്ടായിരുന്നു. അദ്ദേഹത്തിന് കുഷ്ഠരോഗം വരുമെന്ന് ഗാലന് ഉറപ്പായിരുന്നു. അതുകൊണ്ട്, അദ്ദേഹം എപ്പോഴും രാജാവിനെ തടയുമായിരുന്നു. എന്നാൽ രാജാവ് അതിൽ നിന്ന് പിന്തിരിഞ്ഞില്ല. അവസാനം മനംമടുത്ത്, ഗാലൻ തന്റെ നാട്ടിലേക്ക് തന്നെ പലായനം ചെയ്തു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ രാജാവിന്റെ ശരീരത്തിൽ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അപ്പോഴാണ് അദ്ദേഹം തന്റെ തെറ്റ് തിരിച്ചറിയുകയും വിനയം സ്വീകരിക്കുകയും ചെയ്തത്. അദ്ദേഹം തന്റെ മകനെ സിംഹാസനത്തിലിരുത്തി, ലളിതമായ വസ്ത്രങ്ങൾ ധരിച്ച് അവിടംവിട്ടു. അദ്ദേഹം ഗാലന്റെ അരികിലെത്തി. ഗാലൻ അദ്ദേഹത്തെ തിരിച്ചറിയുകയും രാജാവിന്റെ വിനയത്തെ അഭിനന്ദിക്കുകയും പൂർണ്ണമായ ശ്രദ്ധയോടെ അദ്ദേഹത്തെ ചികിത്സിക്കാൻ തുടങ്ങുകയും ചെയ്തു. അതിനുശേഷം മാത്രമാണ് ദൈവം രാജാവിനെ സുഖപ്പെടുത്തിയത്.

(മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാല്യം 9, പേജ് 272)

വാഗ്ദത്ത മസീഹ്(അ) ജമാഅത്തിനെ ഉപദേശിച്ച ഇത്തരം വിനയത്തിന്റെ ഗുണങ്ങൾ അദ്ദേഹം തന്റെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ചു. ഉദാഹരണത്തിന്, വാഗ്ദത്ത മസീഹ്(അ)ന്റെ ജ്യേഷ്ഠൻ ഏതെങ്കിലും സദസ്സിൽ ഉണ്ടാകുമ്പോഴെല്ലാം അദ്ദേഹത്തിന് ഒരു കസേര നൽകുമായിരുന്നു. അതേ സദസ്സിൽ വാഗ്ദത്ത മസീഹ്(അ) ഉണ്ടെങ്കിൽ, അദ്ദേഹം എപ്പോഴും താഴെയായിരുന്നു ഇരുന്നിരുന്നത്. കസേരയിൽ ഇരിക്കാൻ തന്റെ ജ്യേഷ്ഠൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടാൽപ്പോലും, താൻ നിലത്ത് തന്നെ ഇരുന്നുകൊള്ളാമെന്ന് വാഗ്ദത്ത മസീഹ്(അ) നിർബന്ധം പിടിക്കുമായിരുന്നു.

വാക്കിലും പ്രവൃത്തിയിലും വിനയം കാണിക്കുക

വാഗ്ദത്ത മസീഹ്(അ)ന്റെ വീടിന് പുറത്ത് കാവൽ നിൽക്കാറുണ്ടായിരുന്ന ഒരാൾ സാക്ഷ്യപ്പെടുത്തിയത് ആ മഹാത്മാവ് എല്ലാവരോടും എപ്പോഴും ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത് എന്നാണ്. അദ്ദേഹം അഹങ്കാരത്തിന്റെ നേരിയൊരു ലക്ഷണം പോലും കാണിച്ചിരുന്നില്ല  മാത്രമല്ല എല്ലാവരെയും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാഗ്ദത്ത മസീഹ്(അ) മറ്റുള്ളവരെ ഒരിക്കലും “ഹേ നീ!” എന്ന് അഭിസംബോധന ചെയ്തിരുന്നില്ല, മറിച്ച് എല്ലാവരുമായും എപ്പോഴും ആദരവോടെയുള്ള സംഭാഷണം അദ്ദേഹം കാത്തുസൂക്ഷിച്ചു.

വാഗ്ദത്ത മസീഹ്(അ) ഒരിക്കലും വീട്ടുജോലികൾ ചെയ്യുന്നതിൽ ലജ്ജ കാണിച്ചു മാറി നിന്നില്ല. തറ തുടക്കുന്നതോ കിടക്ക വിരിക്കുന്നതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വീട്ട് ജോലികളിൽ ചെയ്യുന്നതോ ആയാൽ പോലും അതിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നില്ല. അതുപോലെ, തനിക്ക് നൽകിയ ഭക്ഷണത്തെക്കുറിച്ച് വാഗ്ദത്ത മസീഹ്(അ) ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. മറിച്ച് എന്താണ് ലഭിച്ചത് അത് അദ്ദേഹം ഭക്ഷിച്ചിരുന്നു.

സംവാദങ്ങളിൽ പോലും, തന്റെ കടുത്ത ശത്രുക്കളോട് പോലും, വാഗ്ദത്ത മസീഹ്(അ) ഏറ്റവും ഉയർന്ന തലത്തിലുള്ള വിനയവും ശാന്തതയും പ്രകടിപ്പിച്ചു. അഹങ്കാരം തന്നെ കീഴ്പ്പെടുത്താൻ ഒരു തരത്തിലും അദ്ദേഹം അനുവദിച്ചില്ല. അതുപോലെ, ദൈവം തനിക്ക് നൽകിയ സ്ഥാനത്തിന്റെയും പദവിയുടെയും കാര്യത്തിൽ വാഗ്ദത്ത മസീഹ്(അ) എപ്പോഴും പരമാവധി വിനയം കാണിച്ചു. തനിക്ക് ലഭിച്ചതെന്തും തന്റെ കഴിവുകൾ കൊണ്ടാണെന്ന് ചിന്തിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. വാഗ്ദത്ത മസീഹ്(അ) എപ്പോഴും സ്വയം വിനയാന്വിതനാകുകയും, താൻ ഒന്നുമല്ലെന്നും ദൈവത്തിന്റെ കാരുണ്യം മാത്രമാണ് തന്നെ ഉയർത്തിയതെന്നും പറയുകയുണ്ടായി. ചുരുക്കത്തിൽ, ഓരോ വിജയവും ഓരോ പദവിയും അദ്ദേഹം ദൈവത്തിന് മാത്രം സമർപ്പിക്കുകയും അവനോട് എപ്പോഴും വലിയ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഈസാ(അ) നബിയുടെ രണ്ടാം വരവാണ് താനെന്ന് വാഗ്ദത്ത മസീഹ്(അ) അവകാശവാദമുന്നയിച്ചപ്പോൾ കടുത്ത എതിരാളിയായ മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവി നീചമായ ഭാഷ നിറഞ്ഞ കത്തുകൾ വാഗ്ദത്ത മസീഹ്(അ)ന് അയക്കാൻ തുടങ്ങി. എന്നാൽ ഇതിന് മുന്നിൽ വാഗ്ദത്ത മസീഹ്(അ) സമാനതകളില്ലാത്ത സഹിഷ്ണുതയും വിനയവുമാണ് പ്രകടിപ്പിച്ചത്. ബട്ടാലവിക്ക് മറുപടിയായി വാഗ്ദത്ത മസീഹ്(അ) എഴുതിയ കത്തുകളിൽപ്പോലും ബട്ടാലവിയിൽ നിന്ന് തനിക്ക് ലഭിച്ച അനാദരവിന് മറുപടിയായി വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം മര്യാദയും ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്നു. ബഹുമാനം നിലനിർത്തിക്കൊണ്ട് അദ്ദേഹം തന്റെ കാഴ്ചപ്പാട് അറിയിക്കുകയും തന്റെ എതിരാളികളുടെ അധമമായ വഴിയിലേക്ക് അദ്ദേഹം ഒരിക്കലും വീണുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. 

വാഗ്ദത്ത മസീഹ്(അ)ന്റെ ഓരോ വാക്കും വിനയം നിറഞ്ഞതായിരുന്നു. അതെല്ലാം അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമായിരുന്നു. യഥാർത്ഥ വിജയം വിനയത്തിലാണെന്ന് വിശദീകരിച്ചുകൊണ്ട് വാഗ്ദത്ത മസീഹ്(അ) തന്റെ ജമാഅത്തിനോടും ഇത് തന്നെ കൽപ്പിച്ചു. അല്ലാഹു ഏവർക്കും വിനയത്തിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തൗഫീഖ് നൽകട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു