അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 20 ഫെബ്രുവരി 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: എം. മുനവ്വർ അഹ്മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവയുടെ പാരായണത്തിന് ശേഷം ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു തആലാ ബിനസ്രിഹിൽ അസീസ്) പ്രസ്താവിച്ചു: അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ വിശുദ്ധ റമദാൻ മാസത്തിന് തുടക്കമായിരിക്കുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, നമ്മുടെ ആത്മീയ സംസ്കരണത്തിനുമായിട്ടാണ് വ്രതാനുഷ്ഠാനത്തിന്‍റെ ഈ മാസം അല്ലാഹു നമുക്ക് നൽകിയിട്ടുള്ളത്.
ഖലീഫ തിരുമനസ്സ് പറഞ്ഞു. ഓരോ അഹ്‌മദിക്കും ഈ മാസത്തിന്‍റെ ഗുണഫലങ്ങൾ യഥാർത്ഥ രീതിയിൽ നേടിയെടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. എന്നാൽ, റമദാൻ മാസത്തിന് ശേഷവും ദൈവത്തോടുള്ള സ്നേഹത്തിലും ആരാധനയിലുമുള്ള നിലവാരം കാത്തുസൂക്ഷിക്കാനും അതിൽ മികവ് പുലർത്താനും പരിശ്രമിച്ചാൽ മാത്രമേ ഒരാൾക്ക് യഥാർത്ഥ നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഏവരും ഓർത്തിരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ നമ്മുടെ സൃഷ്ടിപ്പിന്‍റെ ഉദ്ദേശലക്ഷ്യം പൂർത്തീകരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ
പ്രവാചകന്മാരിൽ നിന്ന് ആരാധനാക്രമങ്ങളുടെ പഠനം
കഴിഞ്ഞ ഖുതുബകളിൽ തിരുനബി(സ)യുടെ അല്ലാഹുവിനോടുള്ള സ്നേഹം, ആരാധനകളിലുള്ള അർപ്പണം എന്നിവയെക്കുറിച്ചും; തുടർന്ന് വാഗ്ദത്ത മസീഹ്(അ)ന്‍റെ അല്ലാഹുവിനോടുള്ള സ്നേഹത്തെയും ആരാധനയുടെ ഉന്നതമായ നിലവാരത്തെയും കുറിച്ചുമുള്ള സംഭവങ്ങൾ ഹുസൂർ പരാമർശിച്ചിരുന്നു. ഈ പരമ്പര തുടരുമെന്നും വാഗ്ദത്ത മസീഹ്(അ)ന്‍റെ ജീവിതത്തിൽ നിന്നുള്ള കൂടുതൽ സംഭവങ്ങൾ താൻ അവതരിപ്പിക്കുമെന്നും ഖലീഫാ തിരുമനസ്സ് പ്രസ്താവിച്ചു.
യജമാനനും (മുഹമ്മദ് നബി ﷺ) അദ്ദേഹത്തിന്‍റെ ദാസനും (വാഗ്ദത്ത മസീഹ് അ) അല്ലാഹുവിനോടുള്ള സ്നേഹത്തെക്കുറിച്ചുള്ള സംഭവങ്ങളുടെ ഈ പരമ്പര റമദാനിലേക്ക് കടന്നുവന്നത് വലിയൊരു അനുഗ്രഹമാണ്. നമ്മുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി ആ സംഭവങ്ങളുടെ വെളിച്ചത്തിൽ ആത്മ പരിശോധന നടത്താനുള്ള ഒരവസരം ഇത് നമുക്ക് നൽകുന്നു. അതിനാൽ, ഈ സംഭവങ്ങളെല്ലാം നാം മനസ്സിൽ വെക്കുകയും അവയുടെ അടിസ്ഥാനത്തിൽ നമ്മെത്തന്നെ വിലയിരുത്തുകയും നമ്മുടെ ആത്മീയ നിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയും വേണം. ഈ ചരിത്രങ്ങൾ കേട്ടു ആസ്വദിച്ചാൽ മാത്രം പോര; മറിച്ച്, അവയെ നമ്മുടെ ജീവിതത്തിന് വഴികാട്ടുന്ന തത്വങ്ങളാക്കി മാറ്റേണ്ടതാണ്.
എപ്പോഴും ദൈവത്തെക്കുറിച്ചും അവന്‍റെ കടമകളെക്കുറിച്ചും ചിന്തിക്കുക.
1907-ൽ മൗലവി മുഹമ്മദ് അബ്ദുല്ലാഹ് ഒരു കടലാസ് കഷ്ണം കളയാന്‍ തുനിയുകയായിരുന്നു. എന്നാൽ ആ കടലാസിൽ വാഗ്ദത്ത മസീഹ്(അ)ന്‍റെയും അദ്ദേഹത്തിന്‍റെ പ്രിയ പത്നിയുടെയും കൈപ്പടയിലുള്ള എഴുത്തുകൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹം അത് കളയാതെ സൂക്ഷിച്ചുവെച്ചു. പിന്നീട് എപ്പോഴോ അത് നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ആ കടലാസ് കഷണം അദ്ദേഹത്തിന് നൽകിയ അമത്തുറഹ്മാൻ അതിൽ എഴുതിയിരുന്ന കാര്യങ്ങളുടെ പശ്ചാത്തലം വിശദീകരിക്കുകയുണ്ടായി; അത് ആ കടലാസിനെ ഏറെ സവിശേഷമാക്കുന്നു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു:
ഒരിക്കൽ വാഗ്ദത്ത മസീഹും(അ) പത്നിയും ഒരു പരീക്ഷണം നടത്തി നോക്കി; കണ്ണുകൾ അടച്ചുകൊണ്ട് കടലാസിൽ എഴുതാൻ കഴിയുമോ എന്നതായിരുന്നു അത്. വാഗ്ദത്ത മസീഹ്(അ) തന്‍റെ കണ്ണുകൾ അടച്ചുകൊണ്ട് ഇപ്രകാരം എഴുതി: “മനുഷ്യൻ എപ്പോഴും ദൈവത്തെ ഭയക്കുകയും ദിവസവും അഞ്ചുനേരം അവനോട് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്.” തന്‍റെ അനുയായികളിൽ നിന്നും വാഗ്ദത്ത മസീഹ്(അ) പ്രതീക്ഷിച്ചിരുന്ന ഉന്നതമായ നിലവാരമായിരുന്നു ഇത്. വാഗ്ദത്ത മസീഹ്(അ)ന്‍റെ പ്രിയ പത്നി ഇപ്രകാരം എഴുതി: “മഹ്‌മൂദ് എന്‍റെ പ്രിയപുത്രനാണ്, ആരും അവനെ ബുദ്ധിമുട്ടിക്കരുത്.” കൂടാതെ “മുബാറക് അഹ്‌മദ് ബിസ്കറ്റ് ചോദിക്കുന്നു!” എന്നും അവർ അതിൽ കുറിച്ചു.
വാഗ്ദത്ത മസീഹ്(അ) തന്‍റെ വീടിനുള്ളിലെ തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ പോലും, മുൻകൂട്ടി ആലോചിക്കാതെ അവിചാരിതമായി എന്തെങ്കിലും എഴുതുമ്പോൾ പോലും, അത് മറ്റുള്ളവർക്ക് വഴികാട്ടുന്ന ഉപദേശങ്ങളായിരുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ദൈവ നിയോഗിതരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് ഇതാണ്. ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത എപ്പോഴും വ്യാപൃതമായിരുന്നത്.
പ്രവാചകന്‍റെ സഹവാസം ഒരു വഞ്ചിയിൽ കയറുന്നത് പോലെയാണ്
ഒരിക്കൽ ഖാദിയാന് പുറത്ത് പോയി ഏകാന്തമായി ആരാധനയിൽ മുഴുകുന്നതിനും അതോടൊപ്പം ഇന്ത്യയുടെ ചില ഭാഗങ്ങൾ സന്ദർശിക്കാനും വാഗ്ദത്ത മസീഹ്(അ) ഉദ്ദേശിച്ചു. ഇതിനായി ഗുർദാസ്പൂരിലെ സുജാൻപൂരിലേക്ക് പോകാനാണ് അദ്ദേഹം ആദ്യം തീരുമാനിച്ചത്. എന്നാൽ, ഹോശിയാർപൂരിലാണ് ഈ ഏകാന്ത വാസം നടത്തേണ്ടതെന്ന് അല്ലാഹുവിൽ നിന്ന് അദ്ദേഹത്തിന് വെളിപാടുണ്ടായി. അതനുസരിച്ച് ഹോശിയാർപൂരിലെ താമസത്തിനുള്ള സംവിധാനം ഒരുക്കിയ ശേഷം അദ്ദേഹം ഒരു ചെറിയ കാളവണ്ടിയിൽ യാത്ര തിരിച്ചു.
യാത്രയ്ക്കിടയിൽ ഒരു പുഴ കടക്കാനുണ്ടായിരുന്നു. തോണിയിൽ യാത്ര ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്ന അനുയായികളിലൊരാളോട് വാഗ്ദത്ത മസീഹ് (അ) ഇപ്രകാരം പറഞ്ഞു: ‘ദൈവത്തിനായി പൂർണ്ണമായും അർപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ സഹവാസത്തിൽ കഴിയുക എന്നത് ഈ വഞ്ചിയിൽ കയറുന്നത് പോലെയാണ്; ഇതിൽ അക്കരെയെത്തുമെന്ന പ്രതീക്ഷയുമുണ്ട്, മുങ്ങിപ്പോകാനുള്ള അപകടസാധ്യതയുമുണ്ട്.’ കൂടെയുണ്ടായിരുന്നവർ ഇത് കേട്ടെങ്കിലും അന്ന് അതിന്‍റെ ഗൗരവം അത്രത്തോളം മനസ്സിലായില്ല. എന്നാൽ, വാഗ്ദത്ത മസീഹ്(അ)നെ അനുഗമിച്ച ആ മൂന്ന് അനുയായികളിൽ ഒരാൾ പിൽക്കാലത്ത് വിശ്വാസം ഉപേക്ഷിച്ചു. അപ്പോഴാണ് ഈ പ്രസ്താവനയ്ക്ക് സാക്ഷിയായ മിയാ അബ്ദുല്ലാഹ് സനൗരി(റ) അതിന്‍റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയത്.
ഹോശിയാർപൂരിലെ നാൽപ്പത് ദിവസത്തെ ഏകാന്തവാസം
ഒരിക്കൽ ഹോശിയാർപൂരിൽ വെച്ച്, താൻ നാൽപ്പത് ദിവസം ഏകാന്ത പ്രാർത്ഥനയിൽ കഴിയാൻ പോവുകയാണെന്നും, അതിനുശേഷം അടുത്ത ഇരുപത് ദിവസങ്ങൾ ആളുകളെ കാണുന്നതിനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുമായി നീക്കിവെക്കുമെന്നും വാഗ്ദത്ത മസീഹ്(അ) അറിയിച്ചു. വിവിധ ചുമതലകൾ ഏല്പിച്ചിരുന്ന കൂടെയുള്ള മൂന്ന് അനുയായികളോട് താൻ അവരോട് സംസാരിക്കുന്ന അളവിൽ മാത്രമേ തിരിച്ച് സംസാരിക്കാവൂ എന്നും അതിലപ്പുറം യാതൊരു ഇടപെടലുകളും പാടില്ലെന്നും അദ്ദേഹം നിഷ്കർഷിച്ചു. വാഗ്ദത്ത മസീഹ് (അ) ആ വീടിന്‍റെ മുകൾ നിലയിലാണ് നമസ്കാരങ്ങൾ നിർവ്വഹിച്ചിരുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഏതെങ്കിലും പള്ളി കണ്ടെത്തണമെന്നും, അവിടെ മറ്റുള്ളവരിൽ നിന്ന് മാറി ഏകാന്തമായി ജുമുഅ നമസ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഫെബ്രുവരി 20 - ഒരു മഹത്തായ ദിനം
ഒരിക്കൽ, മിയാ അബ്ദുല്ലാഹ് സനൗരി(റ) വാഗ്ദത്ത മസീഹ് (അ)-ന്‍റെ മുറിക്ക് പുറത്ത് ഭക്ഷണം വെക്കാൻ പോയപ്പോൾ ഹുസൂർ തന്നെ അദ്ദേഹത്തോട് സംസാരം ആരംഭിച്ചു. ആ ദിവസങ്ങളിൽ അല്ലാഹു തന്‍റെ മേൽ അളവറ്റ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും, ചിലപ്പോഴൊക്കെ അല്ലാഹു തന്നോട് ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങൾ എഴുതുകയാണെങ്കിൽ അനേകം പേജുകൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഏകാന്തവാസത്തിനിടയിലാണ് വാഗ്ദത്ത പുത്രനെ സംബന്ധിച്ച പ്രവചനം വാഗ്ദത്ത മസീഹ് (അ)ന് ലഭിച്ചത്. പിൽക്കാലത്ത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായിത്തീർന്ന ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) ലൂടെ ആ പ്രവചനം എല്ലാ പ്രതാപത്തോടും കൂടി പൂർത്തീകരിക്കപ്പെട്ടു.
ഇന്ന്, ഫെബ്രുവരി 20; ഈ പ്രവചനം ചെയ്യപ്പെട്ട ദിനമാണ്. ഖലീഫ തിരുമനസ്സ് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശൃംഖലയിൽ ഈ സംഭവം ഇന്നത്തെ ദിവസം തന്നെ കടന്നുവന്നതും, വാഗ്ദത്ത പരിഷ്കർത്താവിന്‍റെ (മുസ്‌ലിഹ് മൗഊദിന്‍റെ) പ്രവചനദിനമായി ആചരിക്കപ്പെടുന്ന ഫെബ്രുവരി 20-ന് തന്നെ ഈ സംഭവവും പ്രവചനത്തിന്‍റെ പശ്ചാത്തലവും അവതരിപ്പിക്കാൻ സാധിച്ചതും അല്ലാഹുവിന്‍റെ ഒരു പ്രത്യേകമായ പ്രവർത്തനമാണ്.
ദൈവസാമീപ്യമുള്ളവർക്ക് ദർശനങ്ങൾ കാണിക്കപ്പെടുന്നു
ഹോശിയാർപൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ നടന്ന ഒരു സംഭവം ഖലീഫ തിരുമനസ്സ് വിവരിക്കുകയുണ്ടായി. യാത്രയ്ക്കിടയിൽ അല്പനേരം വിശ്രമിക്കാനായി വാഗ്ദത്ത മസീഹ് (അ) ഒരിടത്ത് നിന്നു. മഹാനായ ഒരു സൂഫി വര്യന്‍റെ കബറിടം അവിടെ ഉണ്ടായിരുന്നു. വാഗ്ദത്ത മസീഹ് (അ) ആ കബറിടത്തിനരികിൽ ചെന്ന് പരേതനുവേണ്ടി കൈകൾ ഉയർത്തി പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ആ വിശുദ്ധനെ ഒരു ദർശനത്തിലൂടെ തന്‍റെ മുന്നിലിരിക്കുന്നതായി കാണുകയുണ്ടായി. അദ്ദേഹത്തിന് വലിയ കണ്ണുകളും കറുത്ത നിറവുമായിരുന്നു. പിന്നീട് വാഗ്ദത്ത മസീഹ് (അ) അവിടെയുള്ള ഒരു പ്രദേശവാസിയെ കണ്ട് ആ വിശുദ്ധനെക്കുറിച്ച് ചോദിച്ചറിഞ്ഞു. നൂറ് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആ വ്യക്തിക്ക് വലിയ കണ്ണുകളും കറുത്ത നിറവുമാണ് ഉണ്ടായിരുന്നതെന്ന് ആ മനുഷ്യൻ പറഞ്ഞു—അതായത്, വാഗ്ദത്ത മസീഹ് (അ) തന്‍റെ ദർശനത്തിൽ കണ്ട അതേ രൂപം. അല്ലാഹുവുമായി അങ്ങേയറ്റം അടുപ്പമുള്ളവർക്ക് ഇത്തരത്തിലുള്ള ദർശനങ്ങൾ കാണിക്കപ്പെടുമെന്ന് പറയപ്പെടുന്നു.
തന്‍റെ ഏകാന്തവാസത്തിനിടയിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുമ്പോൾ വാഗ്ദത്ത മസീഹ്(അ)ന് ഒരു ദർശനം കാണിക്കപ്പെട്ടതായി ഖലീഫ തിരുമനസ്സ് വിവരിക്കുകയുണ്ടായി. “അതിനകത്തുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗൃഹീതരാകുന്നു” എന്നായിരുന്നു ആ ദർശനത്തിലെ സന്ദേശം. ഇതിൽ ‘അതിനകത്തുള്ളവർ’ എന്നത് തന്നെയും ‘അതിനു ചുറ്റുമുള്ളവർ’ എന്നത് തന്നോടൊപ്പമുള്ള അനുയായികളെയുമാണ് സൂചിപ്പിക്കുന്നതെന്ന് വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചു. ഇതിൽ വലിയൊരു പാഠം അടങ്ങിയിട്ടുണ്ട്. അന്ന് വാഗ്ദത്ത മസീഹ്(അ) നോടൊപ്പം ഉണ്ടായിരുന്നവരിൽ ഒരാളായിരുന്നു ഫത്തഹ് ഖാൻ. അക്കാലത്ത് അദ്ദേഹം ഹുസൂറിനോട് അങ്ങേയറ്റം ഭക്തിയും സമർപ്പണവുമുള്ള വ്യക്തിയായിരുന്നു. എന്നാൽ പിൽക്കാലത്ത് അദ്ദേഹത്തിന് കാലിടറുകയും അദ്ദേഹം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുകയും മാറുകയും ചെയ്തു. അതിനാൽ, എന്തുതന്നെയായാലും തന്‍റെ അന്ത്യം ശുഭകരമായിരിക്കാൻ ഓരോരുത്തരും എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കേണ്ടതാണ്.
തന്‍റെ ഏകാന്ത വാസത്തിനിടയിൽ അല്ലാഹു തന്നോട് സംസാരിച്ചുവെന്നും, തന്‍റെ ചുറ്റുമുള്ള പലർക്കും മനസ്സിലാക്കാൻ സാധിക്കാത്ത അത്രയും ഗഹനമായ കാര്യങ്ങളാണ് ദൈവം അരുൾ ചെയ്തതെന്നും വാഗ്ദത്ത മസീഹ് (അ) പറയുകയുണ്ടായി. താൻ ആ കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ അത് ഉൾക്കൊള്ളാനാവാതെ അവരുടെ വിശ്വാസം ഇടറിപ്പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഗ്ദത്ത മസീഹ്(അ)-ന്‍റെ പ്രാർത്ഥനകൾ എങ്ങനെയുള്ളതായിരുന്നു?
വാഗ്ദത്ത മസീഹ്(അ)-ന്‍റെ പ്രാർത്ഥനാ രീതി ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു: നമസ്കാരത്തിൽ നിൽക്കുമ്പോൾ അദ്ദേഹം തന്‍റെ കൈകൾ പൊക്കിളിന് മുകളിലായി കെട്ടുമായിരുന്നു; അദ്ദേഹത്തിന്‍റെ വലതു കൈയിലെ നടുവിരൽ ഇടതു കൈമുട്ടിന്‍റെ അടുത്ത് വരെ എത്തുമായിരുന്നു. സാഷ്ടാംഗം ചെയ്യുമ്പോൾ, വിരലുകൾ കഅ്ബയുടെ ദിശയിലേക്ക് അഭിമുഖമായി വെച്ചുകൊണ്ട് തന്‍റെ രണ്ട് കൈകൾക്കിടയിലായാണ് അദ്ദേഹം നെറ്റിത്തടം നിലത്ത് വെച്ചിരുന്നത്. സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അദ്ദേഹം തന്‍റെ തലപ്പാവ് ഒന്ന് ശരിയാക്കുമായിരുന്നു; കാരണം പ്രാർത്ഥനയുടെ തീക്ഷ്ണതയിൽ അത് പലപ്പോഴും അയഞ്ഞു പോകാറുണ്ടായിരുന്നു.
പ്ലേഗ് രോഗം ആദ്യമായി പടർന്നുപിടിച്ച സമയത്ത്, തുറസ്സായ സ്ഥലത്ത് കഴിയുന്നത് ഉചിതമായതുകൊണ്ട് വാഗ്ദത്ത മസീഹ് (അ) തന്‍റെ കുടുംബത്തോടൊപ്പം ഒരു തോട്ടത്തിൽ പോയി താമസിക്കുകയുണ്ടായി. രാത്രികാലങ്ങളിൽ കാവൽ നിൽക്കാൻ നിയോഗിക്കപ്പെട്ട അനുയായികൾ സാക്ഷ്യപ്പെടുത്തുന്നത്, തങ്ങളുടെ പട്രോളിംഗിനിടയിൽ പലപ്പോഴും വാഗ്ദത്ത മസീഹ് (അ) പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതാണ് അവർ കണ്ടിരുന്നത് എന്നാണ്. സത്യത്തിൽ, അദ്ദേഹം എപ്പോഴാണ് ഉറങ്ങിയിരുന്നതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും, എപ്പോൾ നോക്കിയാലും അദ്ദേഹം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതാണ് കണ്ടിരുന്നതെന്നും അവർ പറയുകയുണ്ടായി.
തഹജ്ജുദ് നമസ്കാരത്തിന്‍റെ പ്രാധാന്യം
തഹജ്ജുദ് നമസ്കാരത്തിനിടയിൽ വാഗ്ദത്ത മസീഹ് (അ) ‘ഇഹ്ദിനസ്സ്വിറാത്വൽ മുസ്തഖീം (നീ ഞങ്ങളെ നേർമാർഗത്തിൽ നയിക്കേണമേ’) എന്ന് നിരന്തരമായി ആവർത്തിച്ച് പ്രാർത്ഥിക്കുന്നത് പലപ്പോഴും കേൾക്കാമായിരുന്നു. അതിനാൽ, നാമും നേർവഴിയിൽ ഉറച്ചുനിൽക്കുന്നതിനായി ഈ പ്രാർത്ഥന എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കേണ്ടതാണ്. അതുപോലെതന്നെ ഒരു സംഭവം ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, ഒരിക്കൽ പുലർച്ചെ മൂന്ന് മണിക്ക് വാഗ്ദത്ത മസീഹ് (അ) തഹജ്ജുദ് നമസ്കരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികളിൽ ഒരാൾ ഇതുകണ്ട്, വാഗ്ദത്ത മസീഹ് (അ) എത്രനേരം നമസ്കരിക്കുന്നുവോ അത്രയും നേരം താനും നമസ്കരിക്കുന്നതാണെന്ന ഉദ്ദേശ്യത്തോടെ അല്പം മാറി നിന്ന് തഹജ്ജുദ് ആരംഭിച്ചു. എന്നാൽ വാഗ്ദത്ത മസീഹ് (അ) സുദീർഘമായി നമസ്കരിക്കുകയുണ്ടായി; രണ്ട് റക്അത്ത് കഴിഞ്ഞപ്പോഴേക്കും ആ അനുയായി ക്ഷീണിക്കുകയും അദ്ദേഹത്തിന് കൂടുതൽ നേരം നിൽക്കാൻ കഴിയാതെ വരികയും ചെയ്തു. ആരാധനയോട് അങ്ങേയറ്റത്തെ നീതി പുലർത്താൻ വാഗ്ദത്ത മസീഹ് (അ) പരിശ്രമിച്ചിരുന്നത് ഇപ്രകാരമായിരുന്നു.
ഒരിക്കൽ ഒരാൾ വാഗ്ദത്ത മസീഹ് (അ) നോട് ചോദിച്ചു, “ഒരാൾക്ക് തഹജ്ജുദ് നമസ്കാരം നിർവ്വഹിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ അയാൾ എന്താണ് ചെയ്യേണ്ടത്?” വാഗ്ദത്ത മസീഹ് (അ) മറുപടി നൽകി: അങ്ങനെയുള്ള സാഹചര്യത്തിൽ, കുറഞ്ഞപക്ഷം അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ട് ‘ഇസ്തിഗ്ഫാർ’ (പാപമോചന പ്രാർത്ഥന) ചൊല്ലുകയും നിരന്തരമായി അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുകയും വേണം. ഇപ്രകാരം ചെയ്യുന്നത് കാലക്രമേണ തഹജ്ജുദ് നമസ്കരിക്കാനുള്ള പ്രാപ്തി ആ വ്യക്തിക്ക് നൽകുന്നതാണ്. വാഗ്ദത്ത മസീഹ് (അ) ഈ മറുപടിയിലൂടെ തഹജ്ജുദ് നമസ്കാരത്തിന് ബദലായി കാര്യമല്ല പറഞ്ഞത്; മറിച്ച്, ഒരാളെ തഹജ്ജുദ് നമസ്കാരത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു മാർഗ്ഗമാണ് അദ്ദേഹം ഇതിലൂടെ കാണിച്ചുതന്നത്.
ഖലീഫ തിരുമനസ്സ് ഉപദേശിച്ചു കൊണ്ട് പറഞ്ഞു. റമദാൻ മാസത്തിൽ തഹജ്ജുദ് നമസ്കാരം നിർവ്വഹിക്കാൻ ഒരാൾ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. റമദാനിൽ തറാവീഹ് നമസ്കാരം നിർവ്വഹിക്കാറുണ്ടെങ്കിലും, അത് തഹജ്ജുദ് നമസ്കാരത്തിന് പൂർണ്ണമായും പകരമാകുന്നില്ല. അതിനാൽ, തറാവീഹ് നമസ്കരിക്കുന്നവർ പോലും കുറഞ്ഞത് രണ്ട് അല്ലെങ്കിൽ നാല് റക്അത്തെങ്കിലും തഹജ്ജുദ് നമസ്കരിക്കാൻ പരിശ്രമിക്കേണ്ടതാണ്.
വാഗ്ദത്ത മസീഹ്(അ) എപ്പോഴും വുളുവോടു കൂടി ഇരിക്കാറുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലമൂത്രവിസർജ്ജനത്തിന് ശേഷം അദ്ദേഹം എപ്പോഴും വുളു പുതുക്കുമായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ദേഹം നിരന്തരമായി ‘സുബ്ഹാനല്ലാഹി വ ബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം’ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമായിരുന്നു. കൂടാതെ, ആദ്യകാലങ്ങളിൽ വാഗ്ദത്ത മസീഹ്(അ) ആയിരിന്നു പള്ളിയിൽ ഒന്നാമതായി എത്താറുണ്ടായിരുന്നത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ, അദ്ദേഹത്തിന് മുൻപേ പള്ളിയിലെത്താൻ ഒരാൾ പ്രത്യേകം പരിശ്രമിക്കുകയുണ്ടായി; എന്നാൽ അദ്ദേഹം പള്ളിയിൽ എത്തിയപ്പോൾ വാഗ്ദത്ത മസീഹ്(അ) അവിടെ നേരത്തെ തന്നെ എത്തിയിരുന്നതായി കാണാൻ സാധിക്കുകയുണ്ടായി.
വാഗ്ദത്ത മസീഹ്(അ)-ന്‍റെ ആത്മീയ തേജസ്സ്
ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) ഒരു കേസ് സംബന്ധമായി പുറപ്പെട്ടതായിരുന്നു . യാത്രാമധ്യേ മഴ പെയ്യാൻ തുടങ്ങിയപ്പോൾ, പാതയിൽ നിന്നും അധികം ദൂരെയല്ലാതെ ആ മലയോര മേഖലയിൽ താമസിച്ചിരുന്ന ഒരാളുടെ വീട്ടിലേക്ക് അദ്ദേഹം കയറിച്ചെന്നു. വാഗ്ദത്ത മസീഹ്(അ)ന് അകത്ത് പ്രവേശിക്കാൻ അനുവാദം ചോദിക്കാനായി കൂടെയുണ്ടായിരുന്ന അനുയായി മുൻപേ ചെന്നുവെങ്കിലും വീട്ടുടമസ്ഥൻ അത് വിസമ്മതിക്കുകയുണ്ടായി. ഇത് അവർ തമ്മിലുള്ള തർക്കത്തിന് കാരണമാവുകയും ഒടുവിൽ വീട്ടുടമസ്ഥൻ അനുയായിയെ ശകാരിക്കാൻ തുടങ്ങുകയും ചെയ്തു. ഈ തർക്കം കേട്ടപ്പോൾ വാഗ്ദത്ത മസീഹ്(അ) മുന്നോട്ട് ചെന്നു. അദ്ദേഹം എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ, അദ്ദേഹത്തിന്‍റെ കണ്ണുകൾ വീട്ടുടമസ്ഥന്‍റെ കണ്ണുകളുമായി ഉടക്കുകയും ഉടനെ തന്നെ അയാൾ തല കുനിക്കുകയും തന്‍റെ വീട്ടിൽ ഒരു ചെറിയ മകൾ ഉള്ളതുകൊണ്ടാണ് അപരിചിതരെ പ്രവേശിക്കാൻ അനുവദിക്കാത്തതെന്ന് വിനയപൂർവ്വം പറയുകയും ചെയ്തു. എങ്കിലും വാഗ്ദത്ത മസീഹ്(അ) നോട് അകത്തേക്ക് പ്രവേശിച്ചുകൊള്ളാൻ അദ്ദേഹം അനുവാദം നൽകി. വാഗ്ദത്ത മസീഹ്(അ)ഉം ഈ വീട്ടുടമസ്ഥനും പരസ്പരം അപരിചിതരായിരുന്നു. എന്നാൽ വാഗ്ദത്ത മസീഹ്(അ)ന്‍റെ ദൈവത്തോടുള്ള ആരാധനയുടെയും വിധേയത്വത്തിന്‍റെയും ഫലമായി അദ്ദേഹത്തിന്‍റെ മുഖത്ത് അത്രയേറെ ശക്തമായ ഒരു പ്രഭ ഉണ്ടായിരുന്നു. ആ സാധാരണക്കാരനായ മനുഷ്യന് പോലും അദ്ദേഹത്തെ കണ്ട നിമിഷം തന്നെ അത് തിരിച്ചറിയാൻ സാധിക്കുകയുണ്ടായി.
സമാനതകളില്ലാത്ത പ്രാർത്ഥനാ സമർപ്പണം
ഏതൊരാളെ സംബന്ധിച്ചും – അത് വാദിയായാലും പ്രതിയായാലും – കോടതി കേസുകളിൽ ഏർപ്പെടുക എന്നത് തീർച്ചയായും വലിയ ആശങ്കയ്ക്കും സമ്മർദ്ദത്തിനും കാരണമാകുന്ന സമയമാണ്. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും തന്നെ പ്രാർത്ഥനകളിൽ നിന്ന് വാഗ്ദത്ത മസീഹ്(അ)നെ പിന്തിരിപ്പിച്ചിരുന്നില്ല. വാസ്തവത്തിൽ, ഒരു കോടതി കേസിന്‍റെ മധ്യത്തിലായിരിക്കുമ്പോൾ പോലും, ഏത് സമയത്തും കോടതി മുറിയിലേക്ക് വിളിക്കപ്പെട്ടേക്കാം എന്ന അവസ്ഥ നിലനിൽക്കെത്തന്നെ, തന്‍റെ നമസ്കാരങ്ങൾ കൃത്യസമയത്ത് തന്നെ നിർവ്വഹിക്കുന്നുവെന്ന് അദ്ദേഹം എപ്പോഴും ഉറപ്പുവരുത്തിയിരുന്നു.
ദൈവസാമീപ്യത്തിനായി ഭൗതികലോകത്തോടുള്ള വിരക്തി
വാഗ്ദത്ത മസീഹ് (അ) തന്‍റെ യൗവനകാലത്ത് പിതാവിന് അയച്ച ഒരു കത്തിനെക്കുറിച്ച് ഖലീഫ തിരുമനസ്സ് വിവരിക്കുകയുണ്ടായി. ആ കത്തിന്‍റെ ഒരു ഭാഗത്ത് ലോകത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളിൽ ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ (pandemic) പടർന്നുപിടിക്കുന്നത് ഞാൻ കാണുന്നുവെന്നും ഇത് അവസാനകാലത്തിന്‍റെ അടയാളങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം അതിൽ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഫലമായി തനിക്ക് ഭൗതികതയോടുള്ള താല്പര്യം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. സമാനമായ സാഹചര്യങ്ങളിലൂടെയാണ് ഇന്നും ലോകം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ദൈവവുമായി ശക്തമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ നാം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
വാഗ്ദത്ത മസീഹ് (അ) തന്‍റെ വിശ്വാസത്തിനുവേണ്ടി ലൗകികമായ അനേകം സുഖസൗകര്യങ്ങളും, അദ്ദേഹത്തിന് എളുപ്പത്തിൽ കൈവശം വയ്ക്കാമായിരുന്ന സമ്പത്തുകളും വരെ ഉപേക്ഷിക്കുകയുണ്ടായി. ഒരിക്കൽ ഖാദിയാനിൽ വെച്ച്, കർഷകനായിരുന്ന ഒരു നവ മുസ്‌ലിം വാഗ്ദത്ത മസീഹ് (അ)നോട് തനിക്ക് ധാരാളം വിളകൾ വിതരണം ചെയ്യാനുണ്ടെന്നും അതിനാൽ പോകാൻ അനുവാദം വേണമെന്നും അഭ്യർത്ഥിച്ചു. താൻ തന്നെ മതത്തിനുവേണ്ടി ലോകത്തിന്‍റെ വലിയൊരു ഭാഗം ഉപേക്ഷിച്ചവനാണെന്ന് മറുപടി നൽകിക്കൊണ്ട് വാഗ്ദത്ത മസീഹ് (അ) അദ്ദേഹത്തെ ഉപദേശിച്ചു: സ്വന്തം ആത്മീയ നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏതാനും ദിവസങ്ങൾ കൂടി ഖാദിയാനിൽ തന്നെ തുടരണമെന്നും, അതിനുശേഷം കൃഷി കാര്യങ്ങളിൽ ശ്രദ്ധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം, ഒരാൾ തന്‍റെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും, എന്നാൽ ഭൗതികലോകത്ത് പൂർണ്ണമായി മുഴുകിപ്പോകാനോ അല്ലെങ്കിൽ അതിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കാനോ പാടില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. സാഹചര്യം എന്തുതന്നെയായാലും, എപ്പോഴും ദൈവത്തെക്കുറിച്ച് ബോധവാനായിരിക്കണമെന്നും അവനെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി.
റമദാനിലെ പ്രാർത്ഥനകൾ
റമദാൻ മാസത്തിൽ യഥാർത്ഥമായ ആരാധനയോട് നീതി പുലർത്താൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ, അവന്‍റെ സ്നേഹത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കട്ടെ. അതിലൂടെ റമദാനിന്‍റെ പൂർണ്ണമായ ഫലം നേടിയെടുക്കാനും, ആ അനുഗ്രഹങ്ങൾ റമദാനിന് ശേഷവും നമ്മിൽ നിലനിൽക്കുകയും ചെയ്യട്ടെ. ഒരു യഥാർത്ഥ വിശ്വാസി എങ്ങനെയായിരിക്കണമോ അതിന്‍റെ ശരിയായ പ്രതിഫലനങ്ങളായി മാറാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
വിശ്വാസത്തിന്‍റെ പേരിൽ ചുമത്തപ്പെട്ട വ്യാജ കേസുകളിൽ അകപ്പെട്ടുപോയ അഹ്‌മദികൾക്കായി, പ്രത്യേകിച്ച് ഈ റമദാൻ ദിനങ്ങളിൽ പ്രാർത്ഥിക്കാൻ ഖലീഫ തിരുമനസ്സ് അഭ്യർത്ഥിച്ചു. അല്ലാഹു അവർക്ക് എളുപ്പമുണ്ടാക്കിക്കൊടുക്കട്ടെ. മുസ്‌ലിം ലോകത്തിന് വേണ്ടിയും, അതോടൊപ്പം എല്ലാ തരത്തിലുമുള്ള വിനാശങ്ങളിൽ നിന്നും മുഴു ലോകത്തെയും രക്ഷിക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കാൻ ഖലീഫ തിരുമനസ്സ് ആവശ്യപ്പെട്ടു. ഇത്തരം തിന്മകളിൽ നിന്നും നിരപരാധികളെ അല്ലാഹു സംരക്ഷിക്കട്ടെ. ഇനി ഒരു യുദ്ധം സംഭവിക്കാൻ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പോലും, അതിൽ നിരപരാധികളെ എപ്പോഴും അല്ലാഹു കാത്തുരക്ഷിക്കട്ടെ. അനീതി പ്രവർത്തിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകുകയും ചെയ്യട്ടെ.








0 Comments