അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 13 മാർച്ച് 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവയ്ക്ക് ശേഷം, മുൻ ഖുത്ബകളിൽ നബിതിരുമേനിﷺ യുടെ ജീവിതത്തെക്കുറിച്ചും അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുന്നതിനായുള്ള അവിടുത്തെ അഭിനിവേശത്തെക്കുറിച്ചും പരാമർശിച്ചിരുന്നുവെന്ന് ഹുസൂർ തിരുമനസ്സ് അരുളി. നബിതിരുമേനി ﷺ യുടെ നിയോഗത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ തൗഹീദ് (ദൈവത്തിന്റെ ഏകത്വം) സ്ഥാപിക്കുക എന്നതായിരുന്നു. നബിതിരുമേനി ﷺ സ്വയം അതിനായി പരിശ്രമിക്കുക മാത്രമല്ല, തന്റെ അനുചരന്മാരിലും ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്നതിനായുള്ള ആവേശം അവിടുന്ന് വളർത്തിയെടുത്തു. തൗഹീദ് ഉയർത്തിപ്പിടിക്കുന്നതിനായി അനേകം ത്യാഗങ്ങൾ സഹിക്കാൻ അവർ സന്നദ്ധരായി.
എതിർപ്പുകൾക്ക് മുന്നിലെ നബിതിരുമേനി ﷺ യുടെ ധീരത
ദൈവത്തിന്റെ ഏകത്വം ഉയർത്തിപ്പിടിക്കുന്നതിനായി നബിതിരുമേനി ﷺ അനേകം കഷ്ടപ്പാടുകൾ സഹിച്ചുവെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ഒരിക്കൽ അവിശ്വാസികൾ നബിതിരുമേനി ﷺ യെ വളയുകയും വിഗ്രഹങ്ങളെക്കുറിച്ച് അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഉന്നയിച്ച് അവിടുത്തെ ഉപദ്രവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ഹദ്റത് അബൂബക്കർ (റ) മസ്ജിദുൽ ഹറാമിലെത്തുകയും അവിശ്വാസികളോട് ഇപ്രകാരം പറയുകയും ചെയ്തു:
“എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരിലും, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവുകൾ നിങ്ങൾക്കായി കൊണ്ടുവന്നതിന്റെ പേരിലും നിങ്ങൾ ഒരാളെ കൊല്ലുകയോ?” (വിശുദ്ധ ഖുർആൻ, 40:29)
ഇതുകേട്ട അവിശ്വാസികൾ നബിതിരുമേനി ﷺ യെ വിട്ട് ഹദ്റത് അബൂബക്കർ (റ) വിനെ ക്രൂരമായി മർദ്ദിച്ചു. അദ്ദേഹത്തിന്റെ മകളുടെ വിവരണമനുസരിച്ച്, വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തലമുടികളിൽ തൊട്ടപ്പോഴേക്കും അവ കൈകളിലേക്ക് കൊഴിഞ്ഞുവീഴുകയായിരുന്നു; അത്രത്തോളം ക്രൂരമായിട്ടാണ് അവർ അദ്ദേഹത്തിന്റെ തലമുടി പിടിച്ചു വലിച്ചിരുന്നത്. എന്നിട്ടും അദ്ദേഹം “മഹത്വവും ബഹുമതിയുമുള്ള എന്റെ രക്ഷിതാവ് അനുഗൃഹീതനാണ്” എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
മറ്റൊരു നിവേദനം അനുസരിച്ച്, അവിശ്വാസികളുടെ സംഘം നബിതിരുമേനിﷺ യുടെ തലമുടിയും താടിയും അത്ര കഠിനമായി വലിച്ചു പറിച്ചു. അപ്പോൾ നബിതിരുമേനിﷺ ഹദ്റത് അബൂബക്കർ (റ) വിനോട് പറഞ്ഞു: “അബൂബക്കർ, അവരെ വിട്ടേക്കുക. എന്റെ ജീവൻ ആരുടെ കൈയിലാണോ അവൻ തന്നെ സത്യം, ഞാൻ ബലിയർപ്പിക്കപ്പെടാൻ വേണ്ടിയാണ് ഈ ജനതയിലേക്ക് അയക്കപ്പെട്ടത്.”
ഹാരിസ് ബിൻ ഹാരിസ് ഗംദി എന്ന വ്യക്തി ഒരിക്കൽ ഖുറൈശികൾ നബിതിരുമേനി ﷺ യോട് ക്രൂരതകൾ പ്രവർത്തിക്കുന്നത് കണ്ടു. ആ ജനങ്ങൾ ആരാണെന്ന് അദ്ദേഹം തന്റെ പിതാവിനോട് ചോദിച്ചു. നബിതിരുമേനി ﷺ യെ പരിഹസിക്കാൻ ഖുറൈശികൾ വിളിച്ചിരുന്ന ‘സാബി’ (പൂർവികരുടെ മതം ഉപേക്ഷിച്ചവൻ) എന്ന പേര് പരാമർശിച്ചുകൊണ്ട്, അവർ ആ സാബിക്ക് ചുറ്റും കൂടിയവരാണെന്ന് പിതാവ് മറുപടി നല്കി. ഹാരിസ് അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ കണ്ടത്, ജനങ്ങൾ ഉപദ്രവങ്ങൾ തുടരുമ്പോഴും നബിതിരുമേനി ﷺ തളരാതെ അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതാണ്.
ത്വാഇഫിലെ കഠിനമായ പീഡനങ്ങൾ
അഹ്‌മദിയ്യ മുസ്ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫ ഹദ്റത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ) -ന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നബിതിരുമേനി ﷺ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് ഹുസൂർ തിരുമനസ്സ് വിവരിച്ചു. ചന്തയിലൂടെ നടക്കുമ്പോൾ അവിശ്വാസികൾ അവിടുത്തെ ആക്രമിക്കുമായിരുന്നു. വീട്ടിലേക്ക് കല്ലുകളും മാലിന്യങ്ങളും വലിച്ചെറിയുമായിരുന്നു. നമസ്കാരത്തിനിടയിൽ അവിടുത്തെ മേൽ ഒട്ടകത്തിന്റെ കുടൽമാലകൾ ഇടുമായിരുന്നു. ഏകദൈവ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറാത്തതിനാൽ അവിടുത്തേക്ക് ഒരു വലിയ പാറയ്ക്ക് പിന്നിൽ ഒളിച്ചുനിന്ന് നമസ്കരിക്കേണ്ട സാഹചര്യം വരെയുണ്ടായി. എങ്കിലും മനുഷ്യകുലത്തോടുള്ള തന്റെ ദയയും കാരുണ്യവും കുറയ്ക്കാൻ അവിടുന്ന് ഒരിക്കലും തയ്യാറായില്ല.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് (റ) തന്റെ ‘സീറത്തു ഖാതമുന്നബിയ്യീൻ’ (നബിതിരുമേനി ﷺ യുടെ ജീവിതവും സ്വഭാവവും) എന്ന പുസ്തകത്തിൽ എഴുതിയ കാര്യങ്ങൾ ഹുസൂർ തിരുമനസ്സ് ഇപ്രകാരം ഉദ്ധരിച്ചു:
”(മക്കയിലെ സാമൂഹിക) ബഹിഷ്കരണം നീങ്ങുകയും നബിതിരുമേനി ﷺ യുടെ സഞ്ചാരത്തിന് ഒരു പരിധി വരെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തപ്പോൾ, ത്വാഇഫ് സന്ദർശിക്കാനും അവിടുത്തെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും അവിടുന്ന് തീരുമാനിച്ചു. മക്കയിൽ നിന്ന് ഏകദേശം നാല്പത് മൈൽ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥലമാണ് ത്വാഇഫ്. ആ കാലഘട്ടത്തിൽ ബനൂ തഖീഫ് ഗോത്രത്തിന്റെ ആസ്ഥാനമായിരുന്നു അത്. കഅബയുടെ പ്രത്യേകത മാറ്റിനിർത്തിയാൽ, മക്കയ്ക്ക് തുല്യമായ പ്രാധാന്യമുള്ള നഗരമായാണ് ത്വാഇഫ് അറിയപ്പെട്ടിരുന്നത്. ഒട്ടേറെ പ്രമുഖരും സ്വാധീനശക്തിയുള്ളവരും സമ്പന്നരുമായ ആളുകൾ അവിടെ വസിച്ചിരുന്നു. മക്കക്കാർ പോലും ത്വാഇഫിന്റെ ഈ പ്രാധാന്യത്തെ അംഗീകരിച്ചിരുന്നു. അതുകൊണ്ടാണ് മക്കക്കാർ തന്നെ ഇപ്രകാരം പറഞ്ഞത്:
’എന്തുകൊണ്ടാണ് അല്ലാഹുവിൽ നിന്നുള്ള ഈ ഖുർആൻ മക്കയിലെയോ ത്വാഇഫിലെയോ ഏതെങ്കിലും ഒരു വലിയ മനുഷ്യന് അവതരിപ്പിച്ചു കൊടുക്കാതിരുന്നത്?'”
അങ്ങനെ നുബുവ്വത്തിന്റെ പത്താം വർഷം നബിതിരുമേനി ﷺ ത്വാഇഫിലേക്ക് പോയി. അവിടെ പത്ത് ദിവസം താമസിച്ച് പ്രമുഖരെ കണ്ട് സംസാരിച്ചെങ്കിലും അവർ അവിടുത്തെ പരിഹസിക്കുകയും നഗരത്തിലെ വികൃതികളെ അവിടുത്തെ പിന്നാലെ വിടുകയും ചെയ്തു. ഏകദേശം മൂന്ന് മൈലോളം അവർ അവിടുത്തെ കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്തു. അവിടുത്തെ ശരീരം രക്തത്തിൽ കുളിച്ചു. ഒടുവിൽ ഉത്ബ ബിൻ റബീഅയുടെ തോട്ടത്തിൽ അവിടുന്ന് അഭയം തേടി. അവിടെ വച്ച് അവിടുന്ന് അല്ലാഹുവിനോട് ഇപ്രകാരം ദുആ ചെയ്തു:
“എന്റെ രക്ഷിതാവേ, എന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചും ജനങ്ങൾക്ക് മുന്നിലെ എന്റെ കഴിവുകേടിനെക്കുറിച്ചും ഞാൻ നിന്നോട് പരാതിപ്പെടുന്നു. നീ ഏറ്റവും കരുണയുള്ളവനാണ്, ദുർബലരുടെ സംരക്ഷകനാണ് നീ. നീ എന്റെ രക്ഷിതാവാണ്…”
ത്വാഇഫിൽ നിന്ന് മടങ്ങി വരുമ്പോൾ മലകളുടെ മാലാഖ പ്രത്യക്ഷപ്പെടുകയും നബിതിരുമേനി ﷺ ആഗ്രഹിക്കുന്നുവെങ്കിൽ ആ രണ്ട് മലകൾക്കിടയിൽ വെച്ച് അവിടുത്തെ പീഡിപ്പിച്ച ജനതയെ തകർക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ നബിതിരുമേനി ﷺ അത് നിരസിച്ചു. അവരുടെ സന്തതിപരമ്പരകളിൽ നിന്ന് ഏകദൈവത്തെ ആരാധിക്കുന്നവർ ജനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് അവിടുന്ന് മറുപടി നൽകിയത്.
നബിതിരുമേനി ﷺ യുടെ ജീവിതം മുഴുവൻ തൗഹീദ് ഉയർത്തിപ്പിടിക്കാനാണ് ചിലവഴിച്ചത്. തന്റെ മരണത്തിന് തൊട്ടുമുമ്പ് പോലും തന്റെ ശവകുടീരത്തെ വിഗ്രഹമാക്കരുതെന്ന് അവിടുന്ന് ഉപദേശിച്ചു. നബിതിരുമേനി ﷺ യുടെ ജനനത്തിന് മുമ്പ് പിതാവും കുട്ടിക്കാലത്ത് മാതാവും മരിക്കാൻ ഇടയായത് പോലും അവിടുത്തെ ജീവിതം അല്ലാഹുവിന്റെ ഏകത്വത്തിന് നേരിട്ടുള്ള സംരക്ഷണത്തിലാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായിരുന്നു എന്ന് ഖലീഫ സാനീ (റ) വിശദീകരിച്ചിട്ടുണ്ട്
നബിതിരുമേനി ﷺ മക്കയിലെ ചന്തകളിൽ പോയി “ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക, നിങ്ങൾ വിജയിക്കും” എന്ന് പ്രസംഗിക്കുമായിരുന്നു. ആരും അത് സ്വീകരിക്കാത്തപ്പോഴും അവിടുന്ന് തളരാതെ തന്റെ ദൗത്യം തുടർന്നു. വിശ്വാസികൾ നേരിട്ട പീഡനങ്ങളും ഹുദൂർ വിവരിച്ചു; പ്രത്യേകിച്ച് ഹദ്റത് ബിലാൽ (റ) കത്തുന്ന മണലിൽ കിടത്തപ്പെട്ടപ്പോഴും “അഹദ്, അഹദ്” (ദൈവം ഏകനാണ്) എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
തൗഹീദിനെതിരായ ആരോപണങ്ങൾക്ക് മറുപടി നല്കാനുള്ള ആവേശം
യുദ്ധക്കളങ്ങളിൽ പോലും നബിതിരുമേനിﷺ തൗഹീദ് ഉയർത്തിപ്പിടിച്ചു. ഉഹുദ് യുദ്ധത്തിൽ അബൂ സുഫ്‌യാൻ നബിതിരുമേനി ﷺ യും അബൂബക്കർ (റ) വിനും ഉമർ (റ) വിനും എതിരെ സംസാരിച്ചപ്പോൾ അവിടുന്ന് സ്വഹാബികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. എന്നാൽ അബൂ സുഫ്‌യാൻ വിഗ്രഹങ്ങളുടെ പേരിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയപ്പോൾ നബിതിരുമേനി ﷺ അത് സഹിക്കാനാവാതെ “അല്ലാഹുവാണ് ഏറ്റവും ഉന്നതനും മഹാനും” എന്ന് മറുപടി നൽകാൻ സ്വഹാബികളോട് നിർദ്ദേശിച്ചു.
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്‌മദ് (അ) നബിതിരുമേനി ﷺ യെക്കുറിച്ച് എഴുതിയ വരികൾ ഹുസൂർ ഉദ്ധരിച്ചു:
“ആ അറബി പ്രവാചകന്റെ പദവി എത്ര ഉന്നതമായിരുന്നു എന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട്… ലോകത്ത് നിന്ന് അപ്രത്യക്ഷമായിരുന്ന ഏകദൈവ വിശ്വാസത്തെ പുനഃസ്ഥാപിച്ച മഹാനായ പോരാളിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അല്ലാഹുവിനോട് അങ്ങേയറ്റത്തെ പ്രണയമായിരുന്നു. മനുഷ്യരാശിയോടുള്ള അനുകമ്പയാൽ അദ്ദേഹത്തിന്റെ ആത്മാവ് ഉരുകുമായിരുന്നു… ഈ പ്രവാചകനിലൂടെയാണ് ഞാൻ സത്യമായ തൗഹീദ് പഠിച്ചത് എന്ന് സമ്മതിച്ചില്ലെങ്കിൽ ഞാൻ നന്ദികെട്ടവനായി തീരും.”
തിരുനബി ﷺ യിലൂടെയല്ലാതെ തൗഹീദ് കൈവരിക്കാൻ കഴിയില്ലെന്നും, ബുദ്ധിയിൽ മാത്രം വിശ്വസിക്കുന്നവർ ദൈവത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു. ഇന്ന് മുസ്ലീങ്ങൾ പോലും നിരീശ്വരവാദികളാകുന്നത് നബിതിരുമേനി ﷺ യുടെ അധ്യാപനങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണെന്ന് ഹുസൂർ ഓർമ്മിപ്പിച്ചു.
ഇന്നത്തെ കാലഘട്ടത്തിൽ തൗഹീദിന്റെ ആവശ്യം
റമദാനിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ തൗഹീദ് സ്ഥാപിക്കുന്നതിൽ മുൻപന്തിയിലുണ്ടാകാൻ നാം പ്രത്യേകം ദുആ ചെയ്യണം. മുസ്ലീം ലോകത്തിന് തൗഹീദ് ശരിയായി മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സാധിച്ചാൽ മാത്രമേ ശത്രുക്കളുടെയും ദജ്ജാലിന്റെയും ആക്രമണങ്ങളിൽ നിന്ന് അവർക്ക് രക്ഷ ലഭിക്കുകയുള്ളൂവെന്ന് ഹുസൂർ അരുളി.
ജനാസ നമസ്കാരം
ഹുസൂർ തിരുമനസ്സ് നൈജീരിയയിൽ നിന്നുള്ള മിഷണറി സിക്രുല്ല തായോ അയ്യൂബയുടെ ജനാസ ഗാഇബ് നിർവഹിക്കുന്നതാണെന്ന് അറിയിച്ചു.
ഒരു സ്വപ്നത്തിലൂടെയാണ് അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിച്ചത്. നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം മിഷണറിയായി സേവനമനുഷ്ഠിച്ചു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം നൈജീരിയൻ ജമാഅത്തിന്റെ നാഷണൽ വൈസ് പ്രസിഡന്റായും ജാമിഅ അൽ മുബഷിരീന്റെ പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായികരംഗത്ത് താല്പര്യമുണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ ആരാധനകളിൽ ഒരു കുറവും വരുത്തിയിരുന്നില്ല. നല്ലൊരു എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം. ഭാര്യയും എട്ട് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മകൻ അബ്ദുൽ മുജീബ് നൈജീരിയയിൽ മിഷണറിയായും ‘റിവ്യൂ ഓഫ് റിലിജിയൻസ്’ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. അദ്ദേഹത്തിന് മഗ്ഫിറത്തും ഉന്നത പദവിയും ലഭിക്കാനായി ഹുസൂർ തിരുമനസ്സ് ദുആ ചെയ്തു.








0 Comments