അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 27 ഫെബ്രുവരി 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുഹമ്മദ് സ്വാലിഹ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവയുടെ പാരായണത്തിന് ശേഷം ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു തആലാ ബിനസ്രിഹിൽ അസീസ്) പ്രസ്താവിച്ചു: എല്ലാ പ്രവാചകന്മാരും ലോകത്തിലേക്ക് വന്നത് അവരുടെ ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ ഏകത്വം എന്ന ആശയം സ്ഥാപിക്കാനാണ് എന്നാൽ നിർഭാഗ്യവശാൽ പലരും ഈ ആശയം ഉപേക്ഷിച്ചു.
തൗഹീദ് അഥവാ ദൈവത്തിൻ്റെ ഏകത്വം സ്ഥാപിക്കുന്നതിൽ സമാനതകളില്ലാത്ത മാതൃക
അതുപോലെതന്നെ, പരിശുദ്ധ പ്രവാചകനും (സ) ഏകദൈവ സന്ദേശം കൊണ്ടുവരികയും അത് തന്റെ ജനങ്ങൾക്കിടയിൽ സ്ഥാപിക്കുകയും ചെയ്തു. ഈ കാര്യത്തിലുള്ള തിരുനബി(സ)യുടെ മാതൃക സമാനതകളില്ലാത്തതാണ്. പരിശുദ്ധ പ്രവാചകൻ (സ) ഏകദൈവവിശ്വാസം സ്വീകരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുക മാത്രമല്ല, മറിച്ച് യുക്തിഭദ്രമായ തെളിവുകളിലൂടെ അത് സ്ഥാപിച്ചെടുക്കുകയും ചെയ്തു. അല്ലാഹുവിൽ പങ്കുചേർക്കുന്നതിനെ (ശിർക്ക്) അദ്ദേഹം വിലക്കുക മാത്രമല്ല ചെയ്തത്, മറിച്ച് അതിന്റെ ദൂഷ്യഫലങ്ങൾ തെളിവുസഹിതം വിവരിച്ചുകൊടുക്കുകയും ജനമനസ്സുകളിൽ അതിനോടുള്ള വിരക്തി വളർത്തുകയും ചെയ്തു. അദ്ദേഹത്തിന് ഇത് സാധ്യമായത്, അല്ലാഹു പ്രവാചകന് (സ) നൽകിയ സന്ദേശം അത്രമേൽ സ്വാധീനമുള്ളതും പൂർണ്ണവുമായതിനാലാണ്. അത് ശരിയായി മനസ്സിലാക്കിയ ഒരാൾക്ക് പിന്നീട് അത് നിരസിക്കുക അസാധ്യമായിരുന്നു. ഇസ്‌ലാമിക അധ്യാപനങ്ങൾ മറ്റുള്ളവരിൽ വലിയ സ്വാധീനം ചെലുത്താൻ കാരണം, പരിശുദ്ധ പ്രവാചകൻ (സ) ആ അധ്യാപനങ്ങളുടെ ജീവിക്കുന്ന മാതൃകയായിരുന്നു എന്നതും അവ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നു എന്നതുമാണ്. മറ്റു മതവിശ്വാസികൾ അവരുടെ പ്രവാചകന്മാരെ ആരാധിക്കാൻ തുടങ്ങിയതുപോലെ തന്റെ കാര്യത്തിൽ ഒരിക്കലും സംഭവിക്കരുതെന്ന കാര്യത്തിൽ അദ്ദേഹം അതീവ ജാഗ്രത പുലർത്തിയിരുന്നു. തന്നെ ഒരിക്കലും അല്ലാഹുവിൽ പങ്കുചേർക്കുന്നതിനുള്ള (ശിർക്ക്) ഒരു കാരണമാക്കരുതെന്നും പകരം, ഒരാളുടെ ശ്രദ്ധ എപ്പോഴും ഏകനായ സത്യദൈവത്തിലേക്ക് മാത്രമായിരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
മുൻപത്തെ ഖുതുബകളിൽ, പരിശുദ്ധ പ്രവാചകന് (സ) ദൈവത്തോടുണ്ടായിരുന്ന സ്നേഹത്തെയും ആരാധനകളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയെയും കുറിച്ചുള്ള സംഭവങ്ങൾ വിവരിക്കുകയുണ്ടായി. തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നും അവതരിപ്പിക്കപ്പെട്ട ഓരോ സംഭവവും വിരൽ ചൂണ്ടുന്നത് ഏകദൈവവിശ്വാസം (തൗഹീദ്) സ്ഥാപിക്കുന്നതിലേക്കായിരുന്നു. ഏകദൈവവിശ്വാസം പ്രചരിപ്പിക്കുവാനായി വലിയൊരു അഭിനിവേശവും ആഗ്രഹവും പ്രവാചകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാല്യം മുതൽ അല്ലാഹുവിൽ നിന്നുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ ലഭിച്ച കാലം വരെ നോക്കിയാൽ, തിരുനബി(സ)യുടെ ജീവിതം മുഴുവൻ ഏകദൈവവിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും.
ഏകദൈവവിശ്വാസത്തെ കുറിച്ച് ഖുർആനിക അധ്യാപനം
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു,
“ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല; അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കുക എന്ന് ദിവ്യ ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുൻപ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (വിശുദ്ധ ഖുർആൻ, 21:26)
മറ്റൊരു മതത്തിലും കാണാൻ കഴിയാത്ത വിധത്തിൽ, ഏകനായ ദൈവത്തെ ആരാധിക്കുന്നതിൽ നീതി പുലർത്താൻ ആവശ്യമായ ആരാധനാക്രമങ്ങൾ അല്ലാഹു തിരുനബി(സ)ക്ക് പഠിപ്പിച്ചു കൊടുത്തു തുടർന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:
പറയുക ‘ അനുസരണം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കണമെന്ന് ഞാൻ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു.
(39:12)
യഥാർത്ഥ മുസ്ലിം ഇത് കാണുമ്പോൾ, താനും ദൈവത്തെ ആരാധിക്കുന്നതിൽ ആത്മാർത്ഥതയുള്ളവനാകണമെന്നും പരിശുദ്ധ പ്രവാചകൻ (സ) കാണിച്ചുതന്ന മാതൃക പിന്തുടർന്നുകൊണ്ട് അത് നിർവഹിക്കണമെന്നും മനസ്സിലാക്കും. ഏകദൈവവിശ്വാസം (തൗഹീദ്) തികഞ്ഞ നിഷ്കളങ്കതയോടെ മുറുകെപ്പിടിച്ചുകൊണ്ട് നാം നമ്മുടെ ആരാധനകൾ അർപ്പിക്കുകയാണെങ്കിൽ, യഥാർത്ഥ അർത്ഥത്തിലുള്ള ഏകദൈവവിശ്വാസികളായി മാറുവാനും വലിയൊരു വിപ്ലവകരമായ മാറ്റം കൊണ്ടുവരുവാനും നമുക്ക് സാധിക്കും.
വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു:
“നിങ്ങൾ അല്ലാഹുവെ ആരാധിക്കുക; അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്.” (4:37)
വിശുദ്ധ ഖുർആനിൽ മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
“നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. പരമകാരുണികനും കരുണാമയനായ അവനല്ലാതെ വേറെയൊരു ആരാധ്യനുമില്ല.” (2:164)
വിശുദ്ധ ഖുർആന്റെ അവസാന ഭാഗത്ത് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള ഒരു വിളംബരമുണ്ട്
“പറയുക: അവൻ അല്ലാഹുവാകുന്നു; ഏകൻ. അല്ലാഹു സർവാധിനാഥനാകുന്നു.(സ്വാശ്രയനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാണ്) അവൻ സന്താനോൽപാദനം ചെയ്തിട്ടില്ല അവൻ (ആരുടെയും സന്താനമായി ഉൽപാദിപ്പിക്കപ്പെട്ടിട്ടുമില്ല; ജനിക്കപ്പെട്ടിട്ടുമില്ല. അവന് തുല്യമായി ആരും തന്നെയില്ല.” (112:2-5)
ഇവിടെ, അല്ലാഹു എല്ലാവിധത്തിലുള്ള പങ്കുചേർക്കലുകളെയും (ശിർക്ക്) നിരാകരിക്കുകയും, ഇത് ലോകത്തോട് മുഴുവൻ വിളിച്ചുപറയാൻ പരിശുദ്ധ പ്രവാചകനോട് (സ) കൽപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി, ഈ അധ്യായത്തിലെ സന്ദേശം ലോകത്തിന് കൈമാറുകയും അത് നിരന്തരം പ്രഖ്യാപിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ അനുയായികളുടെ കടമയായി മാറുന്നു. മുൻപത്തെ മതങ്ങളിൽ വന്ന എല്ലാത്തരം കലർപ്പുകളെയും തിരുത്തലുകളെയും ഈ പ്രഖ്യാപനം ഖണ്ഡിക്കുന്നു. ദൈവസാമീപ്യം സിദ്ധിക്കാൻ ഈ സന്ദേശം ഒരാളെ സഹായിക്കുന്നു. ഇതിന്റെ ഏറ്റവും നിർമ്മലവും പൂർണ്ണവുമായ മാതൃക പരിശുദ്ധ പ്രവാചകൻ (സ) തന്നെയാണ്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം ഏകദൈവവിശ്വാസം (തൗഹീദ്) സ്ഥാപിക്കുന്നതിനായി വിനിയോഗിച്ചു. അല്ലാഹു നേരിട്ട് അദ്ദേഹത്തിന്റെ വളർച്ചയിൽ മേൽനോട്ടം വഹിച്ച ബാല്യകാലം മുതൽക്കേ ഇത് ആരംഭിച്ചിരുന്നു.
പരിശുദ്ധ പ്രവാചകൻ (സ) ഏകദൈവവിശ്വാസം എങ്ങനെയാണ് സ്ഥാപിച്ചതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ബാല്യകാലം മുതലുള്ള സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിവരിക്കാമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തിരുനബി (സ) അത്രമേൽ പരിശുദ്ധമായ ഒരു പ്രകൃതത്തിന് ഉടമയായിരുന്നു; അതിനാൽത്തന്നെ ഏകദൈവവിശ്വാസത്തോടുള്ള സ്നേഹവും, ബഹുദൈവവിശ്വാസത്തോടും അല്ലാഹുവിൽ പങ്കുചേർക്കുന്നതിനോടുമുള്ള വിരക്തിയും സ്വാഭാവികമായിത്തന്നെ അദ്ദേഹത്തിൽ ഉണ്ടായിരുന്നു.
കുട്ടിക്കാലത്ത് പോലും ഏകദൈവവിശ്വാസം മുറുകെപ്പിടിച്ച പ്രവാചകൻ(സ)
ഖുറൈശികൾക്കിടയിൽ വളരെയധികം ആദരിക്കപ്പെട്ടിരുന്ന ഒരു വിഗ്രഹമായിരുന്നു ‘ബുവാന’ ഖുറൈശികൾ ഇതിനെ ആരാധിക്കുകയും ബലികർമ്മങ്ങൾ അർപ്പിക്കുകയും ചെയ്തിരുന്നു. വർഷത്തിൽ ഒരു ദിവസം മുഴുവനായി ഈ വിഗ്രഹത്തിനായുള്ള ആരാധനയ്ക്കായി അവർ മാറ്റിവെക്കുമായിരുന്നു.
അബൂത്വാലിബും അവിടെ ആരാധനയ്ക്കായി പോകാറുണ്ടായിരുന്നു. അദ്ദേഹം ബാലനായ മുഹമ്മദ് നബി(സ)യെയും കൂടെ കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തിരുനബി(സ) അത് എപ്പോഴും നിരസിക്കുമായിരുന്നു. ഒരിക്കൽ, തന്റെ ജനതയോടൊപ്പം ചേർന്ന് ഈ വിഗ്രഹത്തെ ആരാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ട് അബൂത്വാലിബും നബി(സ)യുടെ പിതൃസഹോദരിമാരും അദ്ദേഹത്തോട് കോപിച്ചു.
ഒടുവിൽ, പിതൃസഹോദരിമാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അവർക്കൊപ്പം പോയി. എന്നാൽ അവിടെ എത്തിയ ഉടനെ പരിഭ്രാന്തനായി അദ്ദേഹം വേഗത്തിൽ തിരിച്ചുവന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, വിഗ്രഹത്തിന് അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം വെളുത്ത വസ്ത്രം ധരിച്ച ഒരാൾ പ്രത്യക്ഷപ്പെട്ട് “ഓ മുഹമ്മദ്, പിന്നോട്ട് നിൽക്കൂ, ഈ വിഗ്രഹത്തിന്റെ അടുത്തേക്ക് പോകരുത്” എന്ന് പറയുന്നത് താൻ കണ്ടതായി ബാലനായ മുഹമ്മദ് നബി(സ) പറഞ്ഞു. ആ ദിവസത്തിന് ശേഷം മുഹമ്മദ് നബി(സ) ഒരിക്കലും ഇത്തരം വിഗ്രഹാരാധനകളിൽ പങ്കെടുത്തിട്ടില്ല.
ഒരിക്കൽ, തന്റെ പിതാമഹനോടൊപ്പം സിറിയയിലേക്ക് നടത്തിയ ഒരു യാത്രയ്ക്കിടെ, ബാലനായ മുഹമ്മദ് നബി(സ) ബഹീറ എന്ന ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടി. ബഹീറ ഒരു ചോദ്യം ചോദിച്ചപ്പോൾ ബാലനായ മുഹമ്മദ് നബി(സ) ഇപ്രകാരം മറുപടി നൽകി: “ലാത്തയെക്കുറിച്ചോ ഉസ്സയെക്കുറിച്ചോ എന്നോട് സംസാരിക്കരുത്. ദൈവമാണെ സത്യം, അവയേക്കാൾ അധികമായി ഞാൻ മറ്റൊന്നിനെയും വെറുക്കുന്നില്ല.”
ഒരിക്കൽ, ഹദ്റത്ത് ഖദീജ(റ)യുടെ കച്ചവടസാമഗ്രികളുമായി മുഹമ്മദ് നബി(സ) സിറിയയിലേക്ക് പോയി. ഈ യാത്രയ്ക്കിടെ, ഒരു പ്രത്യേക കാര്യത്തെച്ചൊല്ലി നബിയും മറ്റൊരാളും തമ്മിൽ തർക്കമുണ്ടായി. അപ്പോൾ ആ വ്യക്തി നബി(സ)യോട് ലാത്തയുടെയും ഉസ്സയുടെയും നാമത്തിൽ സത്യം ചെയ്യാൻ ആവശ്യപ്പെട്ടു. അതിന് മറുപടിയായി നബി(സ) ഇപ്രകാരം പറഞ്ഞു: “ഞാൻ ഒരിക്കലും ഈ വിഗ്രഹങ്ങളുടെ നാമത്തിൽ സത്യം ചെയ്തിട്ടില്ല. സത്യത്തിൽ, ഞാൻ അവയുടെ അരികിലൂടെ കടന്നുപോകുമ്പോൾ മുഖം തിരിക്കാറാണ് പതിവ്.”
ഏകദൈവ സന്ദേശം വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു
ദൈവത്തിന്റെ ഏകത്വവും ആരാധനയും തേടിയുള്ള അന്വേഷണത്തിനിടയിലാണ് മുഹമ്മദ് നബി(സ) ഹിറ ഗുഹയിലേക്ക് പോയിരുന്നത്. മക്കയിൽ നിന്നും മൂന്ന് മൈൽ അകലെയുള്ള ആ ഗുഹയിൽ അദ്ദേഹം ഏകാന്തനായി ഇരിക്കുമായിരുന്നു. അവിടെ വെച്ചാണ്, അദ്ദേഹത്തിന് 40 വയസ്സുള്ളപ്പോൾ ആദ്യത്തെ ഖുർആൻ വചനങ്ങൾ അവതരിക്കപ്പെട്ടത്. അതിന്റെ സത്തയാകട്ടെ ലോകത്തിന് ദൈവത്തിന്റെ യഥാർത്ഥ ഏകത്വം മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു.
ഏകദൈവ സന്ദേശത്തിലൂടെ മുഹമ്മദ് നബി(സ) കൊണ്ടുവന്ന മഹത്തരവും വിപ്ലവകരവുമായ മാറ്റത്തെക്കുറിച്ച് വാഗ്ദത്ത മസീഹ്(അ) ഇപ്രകാരം വിവരിക്കുന്നു. പൂർണ്ണമായും അധർമ്മത്തിൽ മുഴുകിയിരുന്ന ഒരു സമൂഹത്തെ അദ്ദേഹം ഏറ്റെടുക്കുകയും, മറ്റു ദൈവങ്ങളെ ഉപേക്ഷിച്ച് ഏകദൈവത്തിലേക്ക് പൂർണ്ണമായി തിരിയുന്ന ഒരു സമൂഹമാക്കി അവരെ മാറ്റുകയും ചെയ്തു. അവർ ദൈവത്തിലേക്ക് തിരിയുക മാത്രമല്ല, ചരിത്രത്തിൽ മറ്റൊരു പ്രവാചകന്റെ അനുയായികളിലും കാണാത്ത വിധത്തിലുള്ള ത്യാഗങ്ങളും ഭക്തിയും അവർ കാഴ്ചവെക്കുകയും ചെയ്തു. യഥാർത്ഥത്തിൽ, വന്യമൃഗങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ഒരു ജനതയെ അദ്ദേഹം സഭ്യരായ മനുഷ്യരാക്കി മാറ്റി; ആ സഭ്യരായ മനുഷ്യരെ വിദ്യസമ്പന്നരാക്കി മാറ്റുകയും, പിന്നീട് ആ വിദ്യസമ്പന്നരെ ദൈവഭക്തരായ മനുഷ്യരാക്കി മാറ്റുകയും ചെയ്തു. ദൈവമാർഗ്ഗത്തിൽ വധിക്കപ്പെടാൻ പോലും അവർ തയ്യാറായി, എങ്കിലും ഒരിക്കൽ പോലും അവരുടെ വിശ്വാസത്തിൽ അവർ തളരുകയോ പരാജയപ്പെടുകയോ ചെയ്തില്ല. അങ്ങനെ, ഏകദൈവവിശ്വാസം സ്ഥാപിക്കുന്ന കാര്യത്തിൽ മുഹമ്മദ് നബി(സ) മറ്റൊരു ആദമിനെപ്പോലെയായിരുന്നു. കൂടാതെ മുഹമ്മദ് നബി(സ) എല്ലാ പ്രവാചകരെക്കാളും ശ്രേഷ്ഠനായിരുന്നു.
ഇസ്‌ലാം മതം അവതരിപ്പിച്ചത് പോലെ ഇത്ര പൂർണ്ണമായ രീതിയിൽ മറ്റൊരു മതവും ഏകദൈവവിശ്വാസത്തെ അവതരിപ്പിച്ചിട്ടില്ല എന്ന് വാഗ്ദത്ത മസീഹ്(അ) മറ്റൊരിടത്ത് എഴുതുന്നു
ഇന്ന് മുസ്‌ലിംകൾക്കിടയിൽ പോലും ഏകദൈവവിശ്വാസത്തെക്കുറിച്ചുള്ള ഈ പൂർണ്ണമായ അധ്യാപനങ്ങൾ കൈവിട്ടുപോയവർ അനേകരുണ്ട് എന്നത് ഖേദകരമാണ്. അതിനാൽ, വിശുദ്ധ പ്രവാചകൻ(സ)യുടെ ഏറ്റവും വലിയ ദാസനും വാഗ്ദത്ത മസീഹുമായ ഹദ്റത്ത് മീർസാ ഗുലാം അഹ്‌മദ് (അ)ന്റെ അനുയായികൾ എന്ന നിലയിൽ, ഏകദൈവത്തെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ ഉയർത്തിപ്പിടിക്കാനും അത് ലോകമെമ്പാടും പ്രചരിപ്പിക്കാനും ഓരോ അഹ്‌മദി മുസ്‌ലിമിനും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ച് റമദാൻ മാസത്തിൽ, ഇതിനായി കൂടുതൽ പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും വേണം. അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുന്നതിനായി വിശുദ്ധ പ്രവാചകൻ(സ) തന്റെ ജീവിതകാലം മുഴുവൻ പരിശ്രമിക്കുകയും വലിയ പ്രയാസങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, നാം പ്രവാചകൻ(സ)യെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ, ഏകദൈവവിശ്വാസം മുറുകെപ്പിടിക്കുന്നതിൽ നാം അദ്ദേഹത്തെ പിന്തുടരുകയും നമ്മുടെ പരമാവധി പരിശ്രമിക്കുകയും വേണം.
ദാനം വീട്ടിൽ നിന്ന് തുടങ്ങണം
അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫയായ ഹദ്റത്ത് മീർസ ബശീറുദ്ദീൻ മഹ്മൂദ് അഹ്‌മദ് (റ) വിശുദ്ധ ഖുർആനിലെ “നിന്റെ അടുത്ത ബന്ധുക്കൾക്ക് നീ മുന്നറിയിപ്പ് നൽകുക.” (26:215) എന്ന വചനത്തെ ഇപ്രകാരം വിശദീകരിക്കുന്നു:
പരിശുദ്ധ പ്രവാചകന് (സ) ലഭിച്ചത് മുഴുലോകത്തിന് വേണ്ടിയുള്ള സന്ദേശമായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇവിടെ, ആ സന്ദേശം കൈമാറുന്ന വേളയിൽ തന്റെ സ്വന്തം വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും തുടങ്ങണമെന്ന് അല്ലാഹു അദ്ദേഹത്തെ ഉപദേശിക്കുന്നു. കാരണം മറ്റുള്ളവരെപ്പോലെ അവരും വഴിതെറ്റിപ്പോയിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബം എന്ന നിലയിൽ അവരുടെ പൂർവ്വികർ പ്രവാചകനോട് (സ) ചില നന്മകൾ ചെയ്തിരുന്നു. അതിനാൽ, ജീവരക്ഷാകരമായ ഈ സന്ദേശം അവർക്ക് എത്തിച്ചുകൊടുക്കുക എന്നത് തികച്ചും ഉചിതമായിരുന്നു. “ദാനം വീട്ടിൽ നിന്ന് തുടങ്ങണം” എന്ന ചൊല്ല് പോലെ, പ്രവാചകനോട് (സ) തന്റെ സന്ദേശം ആദ്യം സ്വന്തം കുടുംബത്തിന് നൽകാൻ അല്ലാഹു നിർദ്ദേശിച്ചു. അങ്ങനെ പരിശുദ്ധ പ്രവാചകൻ(സ) സഫാ മലയിൽ കയറി നിന്ന് ഖുറൈശികളിലെ വിവിധ ഗോത്രങ്ങളെ , തന്റെ ബന്ധുക്കളെ തനിക്ക് ലഭിച്ച സന്ദേശത്തിലേക്ക് ക്ഷണിച്ചു. താൻ നിൽക്കുന്ന ഈ മലയ്ക്ക് പിന്നിൽ അവരെ ആക്രമിക്കാൻ തയ്യാറായി ഒരു സൈന്യമുണ്ടെന്ന് പറഞ്ഞാൽ അവർ അത് വിശ്വസിക്കുമോ എന്ന് അദ്ദേഹം അവരോട് ചോദിച്ചു. അദ്ദേഹം എപ്പോഴും സത്യം പറയുന്നവനാണെന്ന് അറിയാമായിരുന്നതുകൊണ്ട് തങ്ങൾ തീർച്ചയായും അത് വിശ്വസിക്കുമെന്ന് അവർ മറുപടി നൽകി. ഇതിനെത്തുടർന്ന്, താൻ അല്ലാഹുവിന്റെ ദൂതനായി അയക്കപ്പെട്ടവനാണെന്നും, അവർക്ക് മോക്ഷം വേണമെന്നുണ്ടെങ്കിൽ തന്നെ പിന്തുടരണമെന്നും പ്രവാചകൻ(സ) പ്രഖ്യാപിച്ചു. ഇത് കേട്ട മക്കക്കാർ പ്രവാചകൻ(സ)യെ പരിഹസിക്കാൻ തുടങ്ങി.
ഈ എതിർപ്പുകൾക്കിടയിലും പരിശുദ്ധ പ്രവാചകൻ(സ) പതറാതെ ഉറച്ചുനിന്നു. വിശുദ്ധ പ്രവാചകൻ(സ)യുടെ സന്ദേശം എത്രത്തോളം സത്യസന്ധമായിരുന്നുവോ, അത്രതന്നെ ശക്തമായ എതിർപ്പുകളായിരുന്നു നേരിടേണ്ടി വന്നത്.
കഠിനമായ എതിർപ്പുകൾക്കിടയിലും പതറാത്ത നിശ്ചയദാർഢ്യം
ഹദ്റത്ത് മീർസാ ബഷീർ അഹ്‌മദ് (റ) തന്റെ ‘സീറത്ത് ഖാത്തമുന്നബിയ്യിൻ’ (പ്രവാചകശ്രേഷ്ഠന്റെ ജീവചരിത്രം) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതുന്നു:
“അദ്ദേഹത്തിന്റെ നിയോഗം എത്രത്തോളം മഹത്തരമായിരുന്നുവോ, അതിന് ആനുപാതികമായ എതിർപ്പുകളും അദ്ദേഹത്തിന് നേരിടേണ്ടിയിരുന്നു. അന്ധകാരം ഏറ്റവും കൂടുതൽ വ്യാപിച്ചിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു പരിശുദ്ധ പ്രവാചകൻ(സ) നിയോഗിക്കപ്പെട്ടത്. പ്രകാശം ഉദിക്കുമ്പോൾ അന്ധകാരത്തിന്റെ സൈന്യങ്ങൾ തങ്ങളുടെ പരമാവധി ശക്തിയോടെ അതിനെ തീർച്ചയായും ചെറുക്കുന്നതാണ്. അതുതന്നെയാണ് അവിടെ സംഭവിച്ചതും; മുൻകാല പ്രവാചകന്മാരെക്കാൾ ഏറ്റവും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത് പരിശുദ്ധ പ്രവാചകനായിരുന്നു (സ). ഈ എതിർപ്പുകളുടെ പ്രധാന കാരണങ്ങളായി കാണപ്പെടുന്നത് താഴെ പറയുന്നവയാണ്:”
1) ഖുറൈശികൾ കടുത്ത വിഗ്രഹാരാധകരായിരുന്നു. വിഗ്രഹങ്ങളോടുള്ള ബഹുമാനവും സ്നേഹവും അവരുടെ ഹൃദയങ്ങളിൽ അത്രമേൽ ആഴ്ന്നിറങ്ങിയിരുന്നു; അവയ്ക്കെതിരെയുള്ള ഒരു വാക്കുപോലും കേൾക്കുന്നത് അവർക്ക് സഹിക്കാനാവുമായിരുന്നില്ല. സർവ്വശക്തനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട കഅ്ബയിൽ ഈ അക്രമികൾ നൂറുകണക്കിന് വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമായി അവർ ഈ വിഗ്രഹങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇസ്‌ലാം വന്നപ്പോൾ, അതിന്റെ അടിസ്ഥാനപരമായ പ്രമാണം ഏകദൈവവിശ്വാസമായിരുന്നു; യാതൊരു മനുഷ്യന്റെയോ മരത്തിന്റെയോ കല്ലിന്റെയോ നക്ഷത്രത്തിന്റെയോ മുന്നിൽ തലകുനിക്കരുത് എന്നതായിരുന്നു അതിന്റെ വ്യക്തമായ കൽപ്പന. പകരം:
“അവയെ സൃഷ്ടിച്ച ആ സത്തയുടെ [അല്ലാഹുവിന്റെ] മുമ്പിൽ മാത്രം നിങ്ങൾ സാഷ്ടാംഗം പ്രണമിക്കുക.”
“മാത്രമല്ല, വിശുദ്ധ ഖുർആനിൽ ഖുറൈശികളുടെ വിഗ്രഹങ്ങളെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകൾ അവർക്ക് വലിയ അപമാനമായി തോന്നി; കാരണം ആ വിഗ്രഹങ്ങൾ നരകത്തിലെ ഇന്ധനമാണെന്നായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്.”
(സീറത്ത് ഖാത്തമുന്നബിയ്യിൻ വാല്യം 1, പേജ് 186)
ഇസ്‌ലാമിന്റെ ആഗമനത്തോടെ മറ്റു മതവിശ്വാസികളും പണ്ഡിതന്മാരും ഇസ്‌ലാമിന് കടുത്ത ശത്രുക്കളായി മാറിയതിനെക്കുറിച്ച് വാഗ്ദത്ത മസീഹ്(അ) വിവരിക്കുന്നുണ്ട്. 13 ദീർഘമായ വർഷങ്ങളിൽ മുസ്ലീങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ക്രൂരതകളാണ് അനുഭവിച്ചത്. സ്ത്രീകളെയും കുട്ടികളെയും വരെ തെരുവിലൂടെ വലിച്ചിഴയ്ക്കുകയും കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ, ഈ ക്രൂരതകൾക്കെതിരെ തിരിച്ചടിക്കരുതെന്ന് അല്ലാഹു നിർദ്ദേശിച്ചിരുന്നു. അതിനാൽ, ആ ഉറച്ച വിശ്വാസികൾ ദൈവത്തിന് വേണ്ടി ഇതെല്ലാം സഹിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസത്തിൽ അചഞ്ചലരായി നിലകൊണ്ടു.
കല്ലുകൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾക്ക് അവർക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് പ്രവാചകൻ(സ) വിഗ്രഹാരാധകർക്ക് എങ്ങനെയാണ് ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ചു കൊടുത്തതെന്ന് ഹദ്റത്ത് മീർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ് (റ) വിവരിക്കുന്നു. ആ വിഗ്രഹങ്ങൾക്ക് അവരുടെ വിളികൾക്ക് ഉത്തരം നൽകാനോ, അവർക്ക് ആവശ്യമുള്ളപ്പോൾ സഹായിക്കാനോ, അവരുടെ വേദനകളോ പരീക്ഷണങ്ങളോ ലഘൂകരിക്കാനോ കഴിയില്ല. ഇതിന് പകരമായി, പരിശുദ്ധ പ്രവാചകൻ(സ) അവർക്ക് മുന്നിൽ അവതരിപ്പിച്ചത് തങ്ങളെ കേൾക്കുക മാത്രമല്ല, തങ്ങൾക്ക് ഉത്തരം നൽകുകയും തന്റെ പ്രകാശം ചൊരിയുകയും ചെയ്യുന്ന ഏകദൈവത്തെയാണ്. വിഗ്രഹാരാധന അവർക്ക് യാതൊരു ഗുണവും നൽകുന്നില്ലെന്നും പകരം അവർ എല്ലാത്തരം അധാർമ്മികതകളിലും മുഴുകിയിരിക്കുകയാണെന്നും പ്രവാചകൻ(സ) അവർക്ക് കാണിച്ചുകൊടുത്തു. ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. എന്നാൽ, ദൈവത്തിലേക്ക് തിരിയുന്നതിലൂടെ എങ്ങനെ ഈ അവസ്ഥയിൽ നിന്ന് പുറത്തുവരാമെന്ന് പ്രവാചകൻ(സ) പഠിപ്പിച്ചു. ദൈവത്തിന്റെ അവകാശങ്ങൾ നിറവേറ്റുക എന്നതിനർത്ഥം പരസ്പരമുള്ള അവകാശങ്ങൾ നിറവേറ്റുക എന്നതുകൂടിയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരാൾക്ക് ദൈവം സമ്പത്ത് നൽകിയിട്ടുണ്ടെങ്കിൽ, അത് തന്റെ ജനതയ്ക്കും ദരിദ്രർക്കും വേണ്ടി ചിലവഴിക്കണം. സ്ത്രീകളോട് ആദരവോടും മാന്യതയോടെയും പെരുമാറണം; അനാഥരെയും വിധവകളെയും സംരക്ഷിക്കണം. നീതി മാത്രമല്ല, കാരുണ്യവും ദയയുമായിരിക്കണം ദൈവത്തിൽ വിശ്വസിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിയുടെ അടയാളം. ദൈവത്തിന്റെ സാമീപ്യം നേടുന്നതിനും അവന്റെ അവകാശങ്ങൾ നിറവേറ്റുന്നതിനുമായി പ്രവാചകൻ(സ) പഠിപ്പിച്ചുതന്ന മാർഗ്ഗങ്ങൾ ഇവയായിരുന്നു. ഒരു യഥാർത്ഥ ഏകദൈവവിശ്വാസി ഇങ്ങനെയൊക്കെ ആയിരിക്കണം.
ഒരിക്കൽ മക്കയിലെ പ്രമുഖർ വിശുദ്ധ പ്രവാചകൻ(സ)യുടെ പിതൃവ്യനെ സമീപിക്കുകയും തന്റെ അനന്തരവനെ ഇതിൽ നിന്നും പിന്തിരിപ്പിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തു. ഇതിന് പകരമായി അദ്ദേഹം ആവശ്യപ്പെടുന്ന എന്ത് വിലയും നൽകാൻ തങ്ങൾ തയ്യാറാണെന്നും, വിഗ്രഹങ്ങളെ നിന്ദിക്കുന്നത് അവസാനിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്യേണ്ടതില്ലെന്നും അവർ പറഞ്ഞു. ഏകദൈവസന്ദേശം പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന് തുടരാമെന്നും, എന്നാൽ തങ്ങളുടെ വിഗ്രഹങ്ങളെ അധിക്ഷേപിക്കുന്നത് നിർത്തണമെന്നുമാണ് അവർ ആഗ്രഹിച്ചത്. അല്ലാത്തപക്ഷം, ഒന്നുകിൽ അദ്ദേഹത്തിന് തന്റെ അനന്തരവനെ ഉപേക്ഷിക്കേണ്ടി വരുമെന്നും, അല്ലെങ്കിൽ ഖുറൈശികൾക്കിടയിൽ അദ്ദേഹം ഏറെ ആദരിച്ചിരുന്ന തന്റെ നേതൃസ്ഥാനം അവർ നിഷേധിക്കുമെന്നും അവർ പ്രവാചകൻ(സ)യുടെ പിതൃവ്യനോട് പറഞ്ഞു.
ഈ സന്ദേശവുമായി അദ്ദേഹം വിശുദ്ധ പ്രവാചകൻ(സ)യെ സമീപിച്ചപ്പോൾ, കണ്ണുകളിൽ കണ്ണുനീരോടെ പ്രവാചകൻ(സ) ഇപ്രകാരം മറുപടി നൽകി: “അങ്ങേയ്ക്ക് എന്നെ ഉപേക്ഷിക്കണമെന്നുണ്ടെങ്കിൽ അത് ചെയ്യാം, എന്നാൽ അവർ എന്റെ വലതുകൈയ്യിൽ സൂര്യനെയും ഇടതുകൈയ്യിൽ ചന്ദ്രനെയും വെച്ചുതന്നാലും, അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുന്നതിൽ നിന്നും അതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നും ഞാൻ ഒരിക്കലും പിന്മാറില്ല.”
അതുകൊണ്ട്, ഏകദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്, അതിനായി നമ്മുടെ കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും വേണം.








0 Comments