അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 27 മാർച്ച് 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുഹമ്മദ് സാലിഹ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പ്രസ്താവിച്ചു: നബി തിരുമേനി (സ)യുടെ തിരുജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങളെക്കുറിച്ചാണ് ഞാൻ പ്രതിപാദിച്ചുകൊണ്ടിരിക്കുന്നത്; അല്ലാഹുവിന്റെ ഏകത്വത്തോടുള്ള (തൗഹീദ്) അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തെ വിളിച്ചോതുന്നവയാണ് ആ സംഭവങ്ങൾ.
ദൈവത്തിൽ പങ്കുചേർക്കുന്നതിനെതിരെയുള്ള തിരുനബി(സ)യുടെ ദൃഢനിശ്ചയം
മക്കാ വിജയവേളയിൽ പരിശുദ്ധ കഅബയിലുണ്ടായിരുന്ന വിഗ്രഹങ്ങൾ നബി തിരുമേനി (സ) തകർത്ത സംഭവം മുൻപത്തെ ഖുതുബകളിൽ വിവരിച്ചിരുന്നു. മക്കാനിവാസികൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ എത്രത്തോളം നിരർത്ഥകവും നിസ്സഹായവുമാണെന്ന് അവർക്ക് കാണിച്ചുകൊടുക്കുന്നതിനാണ് അവിടുന്ന് ഇത് ചെയ്തത്. ഇതിന്റെ ഫലമായി മക്കയ്ക്ക് ചുറ്റുമുള്ള മനാത്ത്, ഉസ്സ, സുവ്വാ തുടങ്ങിയ പ്രശസ്തമായ വിഗ്രഹങ്ങളും തകർക്കപ്പെട്ടു.
ത്വാഇഫിലെ ജനങ്ങൾ ‘ലാത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രമുഖ വിഗ്രഹത്തെയായിരുന്നു ആരാധിച്ചിരുന്നത്. ആ വിഗ്രഹം മൂന്ന് വർഷത്തേക്ക് തകർക്കരുതെന്ന് ത്വാഇഫുകാർ തിരുനബി(സ)യോട് അഭ്യർത്ഥിച്ചു; എന്നാൽ തിരുനബി(സ) അത് അംഗീകരിച്ചില്ല. തുടർന്ന് ഒരു വർഷത്തേക്ക് വിഗ്രഹം നിലനിർത്തണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും അവിടുന്ന് വീണ്ടും അത് നിരസിച്ചു. ഒടുവിൽ, ആളുകൾ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറാണെന്നും എന്നാൽ പെട്ടെന്നൊരു ദിവസം തങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹം തകർക്കപ്പെടുന്നത് കാണുമ്പോൾ ദുർബലരും അറിവില്ലാത്തവരുമായ ആളുകൾക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമാകുമെന്നും പറഞ്ഞ് ഒരു മാസത്തെ സാവകാശം അവർ ചോദിച്ചു. എന്നിട്ടും നബി തിരുമേനി (സ) അതിന് അനുവാദം നല്കിയില്ല എന്ന് മാത്രമല്ല, ആ വിഗ്രഹം ഉടനടി തകർക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ദൈവത്തിന്റെ ഏകത്വത്തോടുള്ള നബി തിരുമേനി (സ)യുടെ ഭക്തിയും അതിനോടുള്ള ആദരവും ആ വിഗ്രഹത്തെ ഒരു നിമിഷം പോലും അവിടെ നിലനിർത്താൻ അനുവദിച്ചില്ല.
അല്ലാഹുവിനെയല്ലാതെ ആരാധനാ മൂർത്തികളായി മാറിയിരുന്ന മറ്റെല്ലാ വസ്തുക്കളെയും നശിപ്പിക്കുവാൻ നബി തിരുമേനി (സ) നിർദ്ദേശിച്ചു. എന്നാൽ ഇന്ന് വലിയൊരു വിഭാഗം മുസ്ലീങ്ങൾ ഇപ്പോഴും ഖബറുകളിൽ സാഷ്ടാംഗം പ്രണമിക്കുന്നതും, ദൈവത്തോട് സഹായം ചോദിക്കുന്നതിന് പകരം ആ ഖബറുകളിൽ അടക്കം ചെയ്യപ്പെട്ടവരോട് സഹായം തേടുന്നതും നിർഭാഗ്യകരമാണ്. അല്ലാഹുവിന്റെ ഏകത്വം ഉയർത്തിപ്പിടിക്കുന്നതിനും, വിശുദ്ധ കഅബയിലുണ്ടായിരുന്ന 360 വിഗ്രഹങ്ങളിൽ നിന്ന് അതിനെ മോചിപ്പിക്കുന്നതിനുമായി നബി തിരുമേനി (സ) മക്കയിലെ ശക്തരും ആയുധധാരികളുമായ ആളുകളെ നേരിട്ടു എന്നതിൽ സംശയമില്ല. കൂടാതെ, ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ ഏകത്വം ദൃഢമായി സ്ഥാപിക്കുന്നതിനായി നബി തിരുമേനി (സ) വലിയൊരു പോരാട്ടം തന്നെ നടത്തി.
ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധയോടെയാണ് നബി തിരുമേനി (സ) തന്റെ അനുചരന്മാരെ (സഹാബികളെ) പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത്. ഇതിന്റെ ഫലമായി ആ അനുചരന്മാരിൽ അല്ലാഹുവിൽ പങ്കുചേർക്കുന്നതിന്റെ (ശിർക്കിന്റെ) ചെറിയൊരു അംശം പോലും ഉണ്ടാകുന്നത് അസാധ്യമായിരുന്നു. നബി തിരുമേനി (സ)യെ പുകഴ്ത്തുന്ന കാര്യത്തിൽ പോലും അതിശയോക്തി കലർത്തരുതെന്ന പാഠവും ഇതിൽ ഉൾപ്പെട്ടിരുന്നു. ക്രിസ്ത്യാനികൾ ഈസാ നബി(അ)യെ പുകഴ്ത്തുന്നതിൽ അതിശയോക്തി കാണിച്ചത് പോലെ, തന്നെ പുകഴ്ത്തുന്നതിലും അതിശയോക്തി കാണിക്കരുതെന്ന് നബി തിരുമേനി (സ) മുസ്ലീങ്ങളോട് നിർദ്ദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ അല്ലാഹുവിന്റെ ഒരു ദാസൻ മാത്രമാണെന്നും, അതിനാൽ തന്നെക്കുറിച്ച് പറയുമ്പോൾ ‘അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനും’ എന്ന് പറയണമെന്നും നബി തിരുമേനി (സ) നിർദേശിച്ചു.
ഒരിക്കൽ ഹദ്റത്ത് ഉമർ(റ) തന്റെ പിതാവിന്റെ നാമത്തിൽ സത്യം ചെയ്യുന്നത് നബി തിരുമേനി (സ) കേൾക്കാനിടയായി. അപ്പോൾ, പൂർവ്വികരുടെ നാമത്തിൽ സത്യം ചെയ്യുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്ന് നബി തിരുമേനി (സ) അരുളിച്ചെയ്തു. ഒരാൾ സത്യം ചെയ്യുന്നുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ആയിരിക്കണം; അല്ലെങ്കിൽ മൗനം പാലിക്കണം. ദൈവത്തിൽ പങ്കുചേർക്കുന്നതിന്റെ ചെറിയൊരു സൂചന പോലും നബി തിരുമേനി (സ)ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
മറ്റുള്ളവരുടെ വിശ്വാസത്തെ കുറിച്ച് വിധിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ്
ഒരിക്കൽ ചില അനുചരന്മാർ നബി തിരുമേനി (സ)യുടെ മുമ്പാകെ ഒരു സാങ്കൽപ്പിക സാഹചര്യം അവതരിപ്പിച്ചു. യുദ്ധത്തിൽ ഒരു അവിശ്വാസിയുമായി മുഖാമുഖം വരികയും, അയാൾ തന്റെ വാളുകൊണ്ട് അവരുടെ കൈ വെട്ടിമാറ്റുകയും ചെയ്തു എന്ന് കരുതുക. തുടർന്ന് ആ അവിശ്വാസി ഒരു മരത്തിന് പിന്നിൽ ഒളിക്കുകയും താൻ അല്ലാഹുവിന് വേണ്ടി ഇസ്ലാം സ്വീകരിക്കുന്നു എന്ന് പറയുകയും ചെയ്താൽ, ആ സാഹചര്യത്തിൽ അവനെ കൊല്ലണമോ? അത്തരമൊരു സാഹചര്യത്തിൽ ആ അവിശ്വാസിയെ കൊല്ലാൻ പാടില്ലെന്ന് നബി തിരുമേനി (സ)പറഞ്ഞു. തന്റെ കൈ വെട്ടിമാറ്റിയതിന് ശേഷമാണ് അയാൾ ഇത് പറയുന്നതെങ്കിൽ പോലും കൊല്ലരുതോ എന്ന് ഒരു അനുചരൻ ചോദിച്ചു. ആ മനുഷ്യൻ ഏകദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചാൽ അവനെ കൊല്ലാൻ പാടില്ലെന്ന് നബി തിരുമേനി (സ) പറഞ്ഞു. കാരണം അവനെ കൊന്നാൽ, അവനെ കൊന്ന മുസ്ലീം ആ അവിശ്വാസി തന്റെ വിശ്വാസ പ്രഖ്യാപനത്തിന് മുമ്പുണ്ടായിരുന്ന അതേ പദവിയിലേക്ക് താഴ്ന്നുപോകും, എന്നാൽ ആ അവിശ്വാസി ഒരു മുസ്ലീമിന്റെ പദവിയിലേക്ക് ഉയരുകയും ചെയ്യും.
ഇതായിരുന്നു തിരുനബി(സ)യുടെ പവിത്രമായ അധ്യാപനം. എന്നാൽ ഇന്ന് പാകിസ്ഥാനിൽ മുസ്ലീം പുരോഹിതന്മാർ എന്ന് വിളിക്കപ്പെടുന്നവരുടെ കൈകളാൽ അഹ്‌മദികൾ ക്രൂരമായ അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഈ പുരോഹിതന്മാരെ പിന്തുടരുന്നവർ ഉണർന്ന് പ്രവർത്തിക്കുകയും ഇതൊരു പാഠമായി ഉൾക്കൊള്ളുകയും വേണം.
ഒരിക്കൽ ഒരു യുദ്ധത്തിനിടയിൽ, പോരാട്ടത്തിനിടയിൽ ഒരു അനുചരൻ (സഹാബി) തന്റെ കുന്തം കൊണ്ട് ഒരു അവിശ്വാസിയെ കുത്തിക്കൊലപ്പെടുത്തി. അയാൾ വേഗത്തിൽ ഏകദൈവത്തിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഇത് സംഭവിച്ചത്. ഈ സംഭവം നബി തിരുമേനി (സ)യുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഏകദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചിട്ടും താങ്കൾ ആ മനുഷ്യനെ കൊന്നോ എന്ന് അവിടുന്ന് അനുചരനോട് ചോദിച്ചു. ആ മനുഷ്യൻ വാളിനെ ഭയന്നാണ് തന്റെ വിശ്വാസം പ്രകടിപ്പിച്ചതെന്ന് അനുചരൻ മറുപടി നല്കി. അപ്പോൾ, അയാളുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് കാണാൻ അയാളുടെ നെഞ്ച് തുറന്ന് ഹൃദയത്തിലേക്ക് നോക്കണമായിരുന്നു എന്ന് നബി തിരുമേനി (സ) പറഞ്ഞു. നബി തിരുമേനി (സ) ഇത് ആ അനുചരനോട് ആവർത്തിച്ചുകൊണ്ടിരുന്നു, താൻ ആ ദിവസം ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിൽ എന്നും അങ്ങനെ നബി തിരുമേനി (സ)യുടെ അപ്രീതി ഒഴിവാക്കാമായിരുന്നു എന്നും ആ അനുചരൻ ആഗ്രഹിച്ചുപോയി.
സൂക്ഷ്മമായ ശിർക്കിൽ (ദൈവത്തിൽ പങ്കുചേർക്കുന്നതിൽ) നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യം
തന്റെ അനുയായികളുടെ കാര്യത്തിൽ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ‘സൂക്ഷ്മമായ ശിർക്കിനെ’ (അദൃശ്യമായ രീതിയിൽ ദൈവത്തിൽ പങ്കുചേർക്കുന്നത്) കുറിച്ചാണെന്ന് നബി തിരുമേനി (സ) അരുളിച്ചെയ്തു. എന്താണ് സൂക്ഷ്മമായ ശിർക്ക് എന്ന് അനുചരന്മാർ ചോദിച്ചു. അത് ‘റിയാ’ അഥവാ പ്രകടനപരത (മറ്റുള്ളവരെ കാണിക്കാനുള്ള പ്രവർത്തികൾ) ആണെന്ന് നബി തിരുമേനി (സ)മറുപടി നൽകി. പുനരുത്ഥാന നാളിൽ, പ്രകടനപരത കാണിച്ചിരുന്ന ആ മനുഷ്യരോട് ദൈവം ഇപ്രകാരം കൽപ്പിക്കും: “നിങ്ങൾ ആരെ കാണിക്കാനാണോ പ്രവർത്തിച്ചിരുന്നത് അവരുടെ അടുക്കലേക്ക് തന്നെ പോവുക, അവിടെ നിങ്ങൾക്ക് വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് നോക്കുക.” മറ്റുള്ളവരുടെ പ്രീതി നേടുക എന്ന ലക്ഷ്യത്തോടെ കാര്യങ്ങൾ ചെയ്യുന്നത് ദൈവത്തിൽ പങ്കുചേർക്കുന്നതിന് തുല്യമാണെന്ന് നബി തിരുമേനി (സ) ഇതിലൂടെ പഠിപ്പിച്ചു.
താഴെ കാണുന്ന ഖുർആൻ സൂക്തം അവതരിച്ചപ്പോൾ
“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ അതിക്രമവുമായി കൂട്ടിക്കലർത്താതിരിക്കുകയും ചെയ്യുന്നവരാരോ- അവർക്കാണ് രക്ഷയുള്ളത്; നേർമാർഗം പ്രാപിക്കുന്നതും അവർ തന്നെ (വിശുദ്ധ ഖുർആൻ, 6:83)
ഇതുകേട്ട അനുചരന്മാർ പരിഭ്രമത്തോടെ നബി തിരുമേനി (സ)യോട് പറഞ്ഞു: “മനുഷ്യരെല്ലാവരും അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും തരത്തിൽ അതിക്രമം പ്രവർത്തിക്കുന്നവരാണല്ലോ.” അപ്പോൾ ദൈവം മറ്റൊരു സൂക്തം അവതരിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
‘തീർച്ചയായും ദൈവത്തിൽ പങ്കുചേർക്കുന്നത് (ശിർക്ക്) വലിയൊരു അതിക്രമമാണ്.’ (വിശുദ്ധ ഖുർആൻ, 31:14)
ദൈവത്തിൽ പങ്കുചേർക്കുക എന്നത് അതീവ ഗുരുതരമായ അതിക്രമമാണെന്നും, അതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപങ്ങളിൽ നിന്ന് പോലും വിട്ടുനിൽക്കണമെന്നുമാണ് ദൈവം ഇതിലൂടെ വിശദീകരിച്ചത്.
സ്വഹിഹ് ബുഖാരിയുടെ വ്യാഖ്യാനത്തിൽ, ഹദ്റത്ത് വലിയുല്ലാഹ് ഷാ(റഹ്) വിശദീകരിക്കുന്നത് ‘ അതിക്രമം’ (ളുൽമ്) എന്നാൽ ഒരു വസ്തുവിനെ അതിന്റെ ശരിയായ സ്ഥാനത്ത് നിന്നോ ഉപയോഗത്തിൽ നിന്നോ മാറ്റി സ്ഥാപിക്കുകയോ ദുരുപയോഗം ചെയ്യുകയോ എന്നാണ്. അവിശ്വാസത്തിന്റെ (കുഫ്ർ) വിവരണത്തിൽ, ദൈവത്തിൽ പങ്കുചേർക്കുന്നതിനെ (ശിർക്ക്) അവിശ്വാസത്തിന്റെ ഏറ്റവും വലിയ രൂപമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. അതുപോലെ, അതിക്രമത്തിന്റെ (ളുൽമ്) വിശദീകരണവും കാണിക്കുന്നത് ദൈവത്തിൽ പങ്കുചേർക്കുന്നതാണ് ഏറ്റവും വലിയ അതിക്രമം എന്നാണ്. ഓരോ വ്യക്തിയും ആഴത്തിൽ ചിന്തിക്കേണ്ടതും ആ ചിന്തകളിലൂടെ സ്വന്തം അവസ്ഥയെ വിശകലനം ചെയ്യേണ്ടതുമായ സൂക്ഷ്മമായ വശങ്ങളാണിവ.
യഥാർത്ഥ വിശ്വാസം എന്നത് എല്ലാവിധത്തിലുള്ള ശിർക്കിൽ (ദൈവത്തിൽ പങ്കുചേർക്കൽ) നിന്നും പൂർണമായും മുക്തവും സൽകർമ്മങ്ങളാൽ സമ്പുഷ്ടവുമാണെന്ന് ഇമാം ബുഖാരി വിശദീകരിച്ചിട്ടുണ്ട്. നബി തിരുമേനി (സ) പഠിപ്പിച്ച മാനദണ്ഡവും ഇതുതന്നെയാണ്. നബി തിരുമേനി (സ) അല്ലാഹുവിന്റേതായി ഇപ്രകാരം അരുളിച്ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നെ നിഷേധിക്കുന്നവൻ പരലോകത്തെയും നിഷേധിക്കുന്നു. ദൈവത്തിന് ഒരു മകനുണ്ടെന്ന് പറയുന്നവൻ യഥാർത്ഥത്തിൽ ദൈവത്തെ ശപിക്കുകയാണ് ചെയ്യുന്നത്; എന്നാൽ ദൈവം എല്ലാറ്റിൽ നിന്നും മുക്തനും സ്വയംപര്യാപ്തനുമാണ്.”
ശിർക്കിന്റെ നാല് രൂപങ്ങളും അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കലും
പരിശുദ്ധ ഖുർആനിലെ 112-ാം അധ്യായത്തിന്റെ (സൂറത്തുൽ ഇഖ്ലാസ്) വിശദീകരണത്തിൽ വാഗ്ദത്ത മസീഹ് ഹദ്റത്ത് മീർസാ ഗുലാം അഹ്‌മദ് (അ) ഇപ്രകാരം എഴുതുന്നു:
‘സ്രഷ്ടാവായ അല്ലാഹു എല്ലാത്തരം പങ്കുചേർക്കലുകളിൽ നിന്നും മുക്തനാണെന്ന് എത്രത്തോളം സംക്ഷിപ്തമായാണ് ഈ ചെറിയ പ്രസ്താവനയിലൂടെ വിവരിച്ചിരിക്കുന്നത് എന്ന് നോക്കുക. നാല് തരത്തിലുള്ള പങ്കുചേർക്കലുകൾ (ശിർക്ക്) ഉണ്ടാകാം: എണ്ണം, പദവി, വംശം, പ്രവൃത്തി അഥവാ ഫലം എന്നിവയിലാണവ. ഈ സൂറത്തിൽ അല്ലാഹു ഇവയിൽ നിന്നെല്ലാം മുക്തനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അവൻ എണ്ണത്തിൽ ഏകനാണെന്നും രണ്ടാമതോ മൂന്നാമതോ ആയ ഒന്നില്ലെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അവൻ എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനാണ് (അൽ-സ്വമദ്); അവൻ മാത്രം സ്വയം നിലനിൽക്കുന്നവനും മറ്റുള്ളവയെല്ലാം നശ്വരവും അവനെ ആശ്രയിച്ചു കഴിയുന്നവയുമാണ്. ‘ലം യലിദ്’ എന്നാൽ അവന് പങ്കുകാരനായി അവകാശപ്പെടാൻ ഒരു പുത്രനില്ല എന്നാണ് അർഥമാക്കുന്നത്; ‘വലം യൂലദ്’ എന്നാൽ അവന്റെ അധികാരത്തിൽ പങ്കുചേരാൻ അവന് ഒരു പിതാവില്ല എന്നാണ്. ‘വലം യകുൻ ലഹു കുഫുവൻ അഹദ്’ എന്നാൽ അവന്റെ പ്രവൃത്തികളിൽ അവനോട് തുല്യനായി നിൽക്കാനോ പങ്കാളിത്തം അവകാശപ്പെടാനോ ആരുമില്ല എന്നാണ് അർത്ഥം. ചുരുക്കത്തിൽ, അല്ലാഹു ഈ നാല് തരത്തിലുള്ള പങ്കുചേർക്കലുകളിൽ നിന്നും മുക്തനാണെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്ന് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
(എസൻസ് ഓഫ് ഇസ്‌ലാം, വാല്യം 1, പേജ് 86)
ഒരിക്കൽ നബിതിരുമേനി(സ) ഒരാളെ ഒരു സൈനിക നീക്കത്തിന്റെ നേതാവായി നിശ്ചയിച്ചു. അദ്ദേഹം തന്റെ സംഘത്തിന് നമസ്കാരത്തിന് നേതൃത്വം നൽകുമ്പോഴെല്ലാം സൂറത്തുൽ ഇഖ്ലാസ് (അധ്യായം 112) പാരായണം ചെയ്യുമായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അനുചരന്മാർ ഈ കാര്യം നബിതിരുമേനി(സ)യെ അറിയിച്ചു. അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിക്കാൻ നബിതിരുമേനി(സ) അവരോട് നിർദ്ദേശിച്ചു.
അതിന് അദ്ദേഹം നല്കിയ മറുപടി ഇതായിരുന്നു: “ഈ അധ്യായം കരുണാമയനായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ എടുത്തുപറയുന്ന ഒന്നാണ്, അത് പാരായണം ചെയ്യുന്നതിൽ ഞാൻ വലിയ ആനന്ദം കണ്ടെത്തുന്നു.” ഇതുകേട്ട നബിതിരുമേനി(സ) അവരോട് പറഞ്ഞു: “അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തെ സ്നേഹിക്കുന്നതുകൊണ്ട്, അല്ലാഹുവും അദ്ദേഹത്തെ സ്നേഹിക്കുന്നു എന്ന് അദ്ദേഹത്തെ അറിയിക്കുക.”
അതുപോലെതന്നെ, ഹദ്റത്ത് അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു:
അൻസാരികളിൽപ്പെട്ട ഒരാൾ മസ്ജിദ് ഖുബായിൽ നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്നു. അദ്ദേഹം ഓരോ തവണയും നമസ്കാരത്തിൽ ഒരു അധ്യായം പാരായണം ചെയ്യുമ്പോൾ “പറയുക, അല്ലാഹു ഏകനാകുന്നു” (സൂറത്തുൽ ഇഖ്ലാസ്) എന്ന് ഓതിക്കൊണ്ടാണ് തുടങ്ങിയിരുന്നത്. അത് പൂർത്തിയാക്കിയ ശേഷം മാത്രം അദ്ദേഹം മറ്റൊരു സൂറത്ത് കൂടി കൂട്ടി ഓതുമായിരുന്നു. എല്ലാ റക്അത്തുകളിലും അദ്ദേഹം ഇപ്രകാരം ചെയ്തുപോന്നു. ഇതുകണ്ട അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ഈ അധ്യായം പാരായണം ചെയ്യുന്നു, ഒന്നുകിൽ ഇത് മാത്രം ഓതുക, അല്ലെങ്കിൽ ഇത് ഒഴിവാക്കി മറ്റൊരു സൂറത്ത് ഓതുക.” അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഇത് ഉപേക്ഷിക്കുകയില്ല. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ നിങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകാം, ഇല്ലെങ്കിൽ ഞാൻ മാറി നിൽക്കാം.” എന്നാൽ അദ്ദേഹമായിരുന്നു തങ്ങളിൽ ഏറ്റവും ശ്രേഷ്ഠനെന്ന് അവർ കരുതിയിരുന്നതിനാൽ മറ്റൊരാൾ നേതൃത്വം നൽകുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു.
പിന്നീട് നബിതിരുമേനി(സ) അവരുടെ അടുക്കൽ വന്നപ്പോൾ അവർ ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. നബി തിരുമേനി (സ) ചോദിച്ചു: “താങ്കളുടെ കൂട്ടുകാർ പറഞ്ഞതുപോലെ ചെയ്യുന്നതിൽ നിന്ന് താങ്കളെ തടയുന്നത് എന്താണ്? എല്ലാ റക്അത്തിലും എന്തിനാണ് ഈ സൂറത്ത് പാരായണം ചെയ്യുന്നത്?” അദ്ദേഹം മറുപടി പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! നിശ്ചയമായും ഞാൻ ഇതിനെ സ്നേഹിക്കുന്നു.” അപ്പോൾ അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: “ഈ സൂറത്തിനോടുള്ള നിന്റെ സ്നേഹം നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.”
വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ ഏകത്വത്തെ എടുത്തുപറയുന്ന 112-ാം അധ്യായമായ ‘സൂറത്തുൽ ഇഖ്ലാസ്’, ഖുർആന്റെ മൂന്നിലൊന്നാണെന്ന് നബിതിരുമേനി(സ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർത്ഥം ഈ അധ്യായം ഖുർആനിലെ ആകെ വചനങ്ങളുടെ മൂന്നിലൊന്നാണ് എന്നല്ല, മറിച്ച് അതിലെ സന്ദേശത്തിന്റെ പ്രാധാന്യത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ലോകത്ത് വരാനിരിക്കുന്ന രണ്ട് വലിയ അധർമ്മങ്ങളെ (കുഴപ്പങ്ങളെ) ഈ അധ്യായം വെളിപ്പെടുത്തുന്നു:
ദൈവത്തിൽ പങ്കുചേർക്കൽ (ശിർക്ക്).
ദൈവത്തിന്റെ നിലനിൽപ്പിനെ പൂർണമായും നിഷേധിക്കൽ (നിരീശ്വരവാദം).
ഈ അധ്യായം ഈ രണ്ട് തെറ്റായ വിശ്വാസങ്ങളെയും പൂർണമായും ഖണ്ഡിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.
വാഗ്ദത്ത മസീഹ് (അ) ഇപ്രകാരം എഴുതുന്നു:
‘അതുകൊണ്ട് തൗഹീദിലുള്ള (ദൈവത്തിന്റെ ഏകത്വത്തിലുള്ള) ദൃഢനിശ്ചയം ഒരു പ്രവാചകനിലൂടെ മാത്രമേ കൈവരിക്കാൻ കഴിയൂ എന്ന് നന്നായി മനസ്സിലാക്കുക. നമ്മുടെ നബി തിരുമേനി (സ) ആയിരക്കണക്കിന് ദൈവികമായ അടയാളങ്ങൾ കാണിച്ചുകൊടുത്ത് അറേബ്യയിലെ നിരീശ്വരവാദികളെയും ബഹുദൈവാരാധകരെയും സർവശക്തനായ അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തി. ഇന്നും നബി തിരുമേനി (സ) യുടെ സത്യസന്ധരും ശ്രേഷ്മാഠരുമായ അനുയായികൾ നിരീശ്വരവാദികൾക്ക് മുന്നിൽ അത്തരം അടയാളങ്ങൾ അവതരിപ്പിക്കുന്നു. സത്യമെന്തെന്നാൽ, ജീവനുള്ള ദൈവത്തിന്റെ ജീവസ്സുറ്റ ശക്തികൾ ഒരാൾ ദർശിക്കുന്നത് വരെ അവന്റെ ഹൃദയത്തിൽ നിന്ന് പിശാച് അകന്നുപോകുന്നില്ല; യഥാർത്ഥ തൗഹീദ് അതിൽ പ്രവേശിക്കുകയോ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് അവന് ഉറച്ച ബോധ്യം ലഭിക്കുകയോ ചെയ്യുന്നില്ല. ഈ പരിശുദ്ധവും പൂർണവുമായ തൗഹീദ് നബി തിരുമേനി (സ) യിലൂടെ മാത്രമേ പ്രാപ്യമാകൂ.’
(ഹഖീഖത്തുൽ വഹ്യ് പേജ് 140-141)
മസീഹ് മൗഊദ് ദിനത്തിൻ്റെ പ്രാധാന്യം
ഈ കാലഘട്ടത്തിൽ, യഅ്ജൂജ് മഅ്ജൂജ് ശക്തികൾ ദൈവത്തിലുള്ള വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുക മാത്രമല്ല, നിർഭാഗ്യവശാൽ മുസ്ലിം ലോകത്ത് പോലും ദൈവത്തിന്റെ ഏകത്വം നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് നബി തിരുമേനി (സ) കൊണ്ടുവന്ന അതേ ഏകദൈവ സന്ദേശത്തെ പുനരുജ്ജീവിപ്പിക്കാനായി അല്ലാഹു വാഗ്ദത്ത മസീഹ്(അ) അവർകളെ നിയോഗിച്ചത്. നാം യഥാർത്ഥമായും ദൃഢമായും ദൈവത്തിന്റെ ഏകത്വത്തെ മുറുകെ പിടിക്കുമ്പോൾ മാത്രമേ അഹ്മദികളായ നമുക്ക് വാഗ്ദത്ത മസീഹ്(അ) അവർകളോടുള്ള ബൈഅത്തിനോട് (അനുസരണ പ്രതിജ്ഞ) നീതി പുലർത്താൻ സാധിക്കുകയുള്ളൂ.
മാർച്ച് 23 വാഗ്ദത്ത മസീഹ്(അ) ദിനമായി ആചരിക്കപ്പെടുന്നു. വാഗ്ദത്ത മസീഹ്(അ) അവർകളുടെ യഥാർത്ഥ അനുയായികളാകാൻ നാം കേവലം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചാൽ മാത്രം പോരാ, മറിച്ച് അദ്ദേഹം ഏത് ലക്ഷ്യത്തിനായാണോ വന്നത്—അതായത് നമ്മുടെ വീടുകളിലും സമൂഹങ്ങളിലും ലോകമെമ്പാടും ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുകയും അത് ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നത്—നാം നിറവേറ്റേണ്ടതുണ്ട്. മുസ്ലിംകൾക്ക് വാഗ്ദത്ത മസീഹിനെ(അ) തിരിച്ചറിയാനും അതിലൂടെ ദൈവത്തിന്റെ ഏകത്വം സ്വീകരിക്കാനും, യഅ്ജൂജ് മഅ്ജൂജ് എന്ന ദജ്ജാലി ശക്തികളെ തകർക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.
നബി തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:
“അത്യുന്നതനും അനുഗൃഹീതനുമായ അല്ലാഹു അരുൾ ചെയ്തു: ‘ഓ ആദമിൻ്റെ പുത്രാ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം, നിന്നിൽ നിന്ന് എന്തുതന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്; എനിക്കതിൽ യാതൊരു പ്രയാസവുമില്ല. ഓ ആദമിൻ്റെ പുത്രാ! നിൻ്റെ പാപങ്ങൾ ആകാശത്തിലെ മേഘങ്ങൾക്ക് സമാനമായാലും, പിന്നീട് നീ എന്നോട് മാപ്പപേക്ഷിച്ചാൽ ഞാൻ നിനക്ക് മാപ്പുനൽകുന്നതാണ്; എനിക്കതിൽ യാതൊരു പ്രയാസവുമില്ല. ഓ ആദമിൻ്റെ പുത്രാ! ഭൂമിയോളം വലിപ്പമുള്ള പാപങ്ങളുമായി നീ എൻ്റെ അടുക്കൽ വരികയും, എന്നാൽ എന്നിൽ ഒന്നിനെയും പങ്കുചേർക്കാതെ (ശിർക്ക് ചെയ്യാതെ) നീ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ, അത്രത്തോളം തന്നെ പാപമോചനവുമായി ഞാൻ നിൻ്റെ അടുത്തേക്ക് വരുന്നതാണ്.'”
വാഗ്ദത്ത മസീഹ് (അ) ഇപ്രകാരം എഴുതുന്നു:
‘നബി തിരുമേനി (സ) (സ) യുടെ അധ്യാപനമനുസരിച്ച്, താഴെ പറയുന്ന പ്രഖ്യാപനത്തിലൂടെ പാപങ്ങൾ നീക്കം ചെയ്യപ്പെടുന്നു:
“അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനില്ല, മുഹമ്മദ് അല്ലാഹുവിന്റെ റസൂലുമാണ്.”’
ഇതൊരു യാഥാർത്ഥ്യമാണ്, ആരെങ്കിലും അല്ലാഹു ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും വിശ്വസിക്കുകയും, മുഹമ്മദ് മുസ്തഫ (സ) ആ സർവ്വശക്തനായ ഏകദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നുവോ, ആ വിശ്വാസത്തിൽ അദ്ദേഹം മരിക്കുകയാണെങ്കിൽ നിസ്സംശയം അദ്ദേഹം മോക്ഷം (രക്ഷ) പ്രാപിക്കുന്നതാണ്.
ആരുടെയും ആത്മഹത്യയിലൂടെ സ്വർഗ്ഗത്തിന് കീഴിൽ ഒരിടത്തും മോക്ഷം ലഭിക്കുകയില്ല; അങ്ങനെ ചിന്തിക്കുന്നവനേക്കാൾ വലിയ ഭ്രാന്തൻ മറ്റാരുമില്ല. എന്നാൽ അല്ലാഹു ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും വിശ്വസിക്കുന്നതും, വഴിപിഴച്ച ലോകത്തെ രക്ഷിക്കാനായി തന്റെ വലിയ കാരുണ്യത്താൽ മുഹമ്മദ് മുസ്തഫ (സ) എന്ന ദൂതനെ അയച്ച അത്യധികം ദയാലുവാണ് അവൻ എന്ന് വിശ്വസിക്കുന്നതുമാണ് യഥാർത്ഥ സിദ്ധാന്തം. ഈ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിലൂടെ ആത്മാവിന്റെ ഇരുൾ നീങ്ങുകയും അഹംഭാവത്തിന് പകരം തൗഹീദ് (ദൈവത്തിന്റെ ഏകത്വം) ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഒടുവിൽ, ഏകത്വത്തിന്റെ ശക്തമായ തരംഗങ്ങൾ ഹൃദയത്തിലാകെ വ്യാപിക്കുകയും ഈ ലോകത്ത് തന്നെ ഒരു സ്വർഗീയ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. വെളിച്ചം വരുമ്പോൾ ഇരുട്ട് അപ്രത്യക്ഷമാകുന്നത് പോലെ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല) എന്നതിന്റെ പ്രകാശപൂർണമായ പ്രതിഫലനം ഒരു ഹൃദയത്തിൽ പതിക്കുമ്പോൾ, അഹംഭാവത്തിന്റെ ഇരുണ്ട വികാരങ്ങൾ അപ്രത്യക്ഷമാകുന്നു.”
അഹംഭാവത്തിന്റെ വികാരങ്ങൾക്ക് കീഴടങ്ങുന്നതാണ് പാപത്തിന്റെ അടിസ്ഥാനം; അങ്ങനെ ചെയ്യുന്ന ഒരാളെയാണ് പാപി എന്ന് വിളിക്കുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല) എന്ന വാക്യത്തിന് അറബി ഭാഷാശാസ്ത്രപരമായ വിവിധ അർത്ഥങ്ങളുണ്ട്. അല്ലാഹുവല്ലാതെ ആഗ്രഹിക്കപ്പെടേണ്ടവനോ, സ്നേഹിക്കപ്പെടേണ്ടവനോ, ആരാധിക്കപ്പെടേണ്ടവനോ അല്ലെങ്കിൽ അനുസരിക്കപ്പെടേണ്ടവനോ ആയി മറ്റാരുമില്ല എന്നതാണ് ഇതിന്റെ സാരം.”
പാപത്തിന്റെ യഥാർഥ ഉറവിടത്തിന് തികച്ചും വിപരീതമാണ് ഈ സങ്കല്പം എന്നത് വ്യക്തമാണല്ലോ. ഒരാൾ തന്റെ ഹൃദയശുദ്ധിയോടെ ഈ അർത്ഥം മനസ്സിൽ ഉറപ്പിക്കുകയാണെങ്കിൽ, അതിന് വിരുദ്ധമായ ചിന്തകൾ സ്വാഭാവികമായും ഹൃദയത്തിൽ നിന്ന് പുറത്താക്കപ്പെടും; കാരണം വിപരീത സ്വഭാവമുള്ള രണ്ട് കാര്യങ്ങൾക്ക് ഒരേസമയം ഒരിടത്ത് നിൽക്കാൻ കഴിയില്ല. അഹംഭാവത്തിന്റെ വികാരങ്ങൾ ഇല്ലാതാകുന്ന ആ അവസ്ഥയെയാണ് യഥാർത്ഥ പരിശുദ്ധിയെന്നും പുണ്യമെന്നും വിളിക്കുന്നത്.
വിശ്വാസ പ്രമാണത്തിന്റെ (കലിമയുടെ) രണ്ടാം ഭാഗമായ ‘ദൈവദൂതനിൽ വിശ്വസിക്കുക’ എന്നതിന്റെ ഉദ്ദേശ്യം, ദൈവവചനത്തിലും വിശ്വാസം ഉറപ്പിക്കുക എന്നതാണ്. താൻ ദൈവത്തിന്റെ അനുസരണയുള്ള ദാസനാകാൻ ആഗ്രഹിക്കുന്നു എന്ന് സമ്മതിക്കുന്ന ഒരാൾ ദൈവകല്പനകളിലും വിശ്വസിക്കേണ്ടത് അനിവാര്യമാണ്. ആ കല്പനകൾ എത്തിച്ചുതന്ന ദൂതനിൽ വിശ്വസിക്കാതെ ദൈവകല്പനകളിൽ വിശ്വസിക്കുക എന്നത് സാധ്യവുമല്ല. ഇതാണ് വിശ്വാസ പ്രമാണത്തിന്റെ (കലിമയുടെ) യഥാർത്ഥ അർത്ഥം.”
(എസൻസ് ഓഫ് ഇസ്‌ലാം, വാല്യം 2, പേജ് 289-291).
നബി തിരുമേനി (സ) പ്രഭാതത്തിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്: ‘ഇസ്‌ലാം എന്ന സ്വാഭാവിക മതത്തിലും, ഏകദൈവ വിശ്വാസത്തിലും, നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ദർശനത്തിലും, ബഹുദൈവാരാധകനല്ലാത്ത നേർവഴിയിലായിരുന്ന (ഹനീഫ്) നമ്മുടെ പിതാവ് ഇബ്രാഹിം നബിയുടെ മാർഗ്ഗത്തിലും ഉറച്ചുനിന്നുകൊണ്ട് നാം പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.’
നബി തിരുമേനി (സ) ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും ചൊല്ലാറുണ്ടായിരുന്ന നിരവധി പ്രാർത്ഥനകളിൽ ഒന്ന് മാത്രമാണിത്. ദൈവത്തെക്കുറിച്ചും അവന്റെ ഏകത്വത്തെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന നിരന്തരമായ ജാഗ്രതയുടെ വ്യക്തമായ പ്രതിഫലനമായിരുന്നു ഈ പ്രാർത്ഥനകൾ. ദൈവത്തിന്റെ ഏകത്വം പ്രായോഗികമായി കാണിച്ചുകൊടുക്കാനും അത് പഠിപ്പിക്കാനുമുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. നബി തിരുമേനി (സ)യുടെ ശത്രുക്കളും വിമർശകർ പോലും അദ്ദേഹം ദൈവഭക്തിയുള്ളവനായിരുന്നു എന്ന് അംഗീകരിക്കുന്ന അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ വിമർശിച്ചിരുന്ന ഒരു ഫ്രഞ്ച് ചരിത്രകാരൻ പോലും, നബിതിരുമേനിയുടെ ജീവിതത്തിലുടനീളം കണ്ടതുപോലെയുള്ള ദൈവഭക്തി മറ്റെവിടെയും കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ദൈവത്തിന്റെ ഏകത്വത്തോടുള്ള ഈ അചഞ്ചലമായ സമർപ്പണമാണ് നബി തിരുമേനി (സ)യെ ഒരു പൂർണ്ണ മനുഷ്യനായി മാറ്റിയത്. ലോകമെമ്പാടും ‘ദൈവം ഏകനാണ്’ എന്ന ഒരേയൊരു സന്ദേശം സ്ഥാപിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമായിരുന്നു അദ്ദേഹം നിയോഗിക്കപ്പെട്ടത്.
മരണത്തിന് തൊട്ടുമുമ്പ് നബി തിരുമേനി (സ) തന്റെ അനുയായികൾക്ക് നൽകിയ അവസാന സന്ദേശം പോലും തന്നെ ഒരു ആരാധനാപാത്രമാക്കരുതെന്നായിരുന്നു. മുൻകാല മതവിശ്വാസികൾ അവരുടെ പ്രവാചകന്മാരുടെ കാര്യത്തിൽ ചെയ്തതുപോലെ ദൈവത്തിൽ പങ്കുചേർക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്നെ ആരാധിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും, മറിച്ച് ആരെങ്കിലും തന്നെ ആരാധനാപാത്രമാക്കിയാൽ തന്റെ ആത്മാവ് അവർക്ക് ശാപമേകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അവസാന വാക്കുകളിൽ പോലും ദൈവത്തിൽ പങ്കുചേർക്കുന്ന (ശിർക്ക്) യാതൊരു പ്രവണതയും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് അത്രയധികം നിർബന്ധമുണ്ടായിരുന്നു.
നബി തിരുമേനി (സ) പഠിപ്പിച്ചുതന്ന ദൈവത്തിന്റെ യഥാർത്ഥ ഏകത്വം (തൗഹീദ്) മനസ്സിലാക്കാൻ നമ്മെ വഴിനയിച്ച അദ്ദേഹത്തിന്റെ സച്ചരിതനായ ദാസനെ (വാഗ്ദത്ത മസീഹ്) സ്വീകരിച്ചവർ എന്ന നിലയിൽ, ഇന്നത്തെ ലോകത്ത് ദൈവത്തിന്റെ യഥാർത്ഥ ഏകത്വം ഉയർത്തിപ്പിടിക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.
ലോകത്തിൽ വർദ്ധിച്ചുവരുന്ന ഭിന്നതയും പ്രാർത്ഥനയ്ക്കായുള്ള അഭ്യർത്ഥനയും
ഇന്നത്തെ ലോകത്തെ യുദ്ധസാഹചര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്മേൽ, പ്രത്യേകിച്ച് മുസ്ലിം ലോകത്തിന്മേൽ തങ്ങളുടെ അധികാരം സ്ഥാപിക്കാൻ അമേരിക്കയും ഇസ്രായേലും ഉറച്ചുനിൽക്കുന്നു. ഫലസ്തീൻ യുദ്ധം തുടങ്ങിയപ്പോൾ, ലോകഭൂപടത്തിൽ അറബ് രാജ്യങ്ങളുടെ മുഖച്ഛായ തന്നെ തങ്ങൾ പൂർണമായും മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് അവരുടെ അന്തിമ ലക്ഷ്യം. ഈ സാഹചര്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് മുസ്ലിം ലോകം തിരിച്ചറിയുകയും അവർ ഒന്നിക്കുകയും വേണം.ഇതിനായി വളരെയധികം പ്രാർത്ഥിക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ അല്ലാഹു എല്ലാവരെയും പ്രാപ്തരാക്കട്ടെ. മുസ്ലിം ലോകം ഒന്നാകട്ടെ.








0 Comments