അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല് മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്സാ മസ്റൂര് അഹ്മദ് (അയ്യദഹുല്ലാഹ്) 3 ഏപ്രിൽ 2026ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്ഫോര്ഡില് വച്ച് നിര്വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്ത്തനം: കെ.ഐ ഗുലാം അഹ്മദ്
ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ്(അബ) പ്രസ്താവിച്ചു, കഴിഞ്ഞ ഖുതുബയിൽ ലോകത്തിൽ ദൈവത്തിൻ്റെ ഏകത്വം സ്ഥാപിക്കുന്നതിനായി നബിതിരുമേനി(സ) അനുഭവിച്ച മനോവേദനയെയും പരിശ്രമങ്ങളെയും ധീരതയെയും കുറിച്ച് വിവരിക്കുകയും എങ്ങനെയാണ് ദൈവത്തോട് പങ്കുചേർക്കുന്ന എല്ലാ രൂപങ്ങൾക്കും എതിരായി ഉറച്ച തൂണായി ആ മഹാത്മാവ് നിലകൊണ്ടത് എന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
ഏകദൈവ വിശ്വാസത്തിനായുള്ള നബിതിരുമേനി(സ)യുടെ അത്യുൽക്കടമായ താല്പര്യം
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ്(അ) എഴുതുന്നു:
അനേകം ശത്രുക്കൾക്കും വിമർശകർക്കുമിടയിൽ തൻ്റെ അവസാന ശ്വാസം വരെ ഭീഷണികളും അപകടങ്ങളും വകവെക്കാതെ നബിതിരുമേനി(സ) എങ്ങനെയാണ് തൻ്റെ പ്രവാചകത്വ വാദത്തിൽ ദൃഢമായി ഉറച്ചുനിന്നതെന്ന് ചിന്തിച്ചു നോക്കുക. വർഷങ്ങളോളം അദ്ദേഹം സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും, വിജയത്തിനുള്ള എല്ലാ സാധ്യതകളെയും തടയുന്നതായി തോന്നിപ്പിക്കുകയും അവ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയുമായിരുന്നു അവയോടുള്ള അദ്ദേഹത്തിൻ്റെ ക്ഷമയോടെയുള്ള പ്രതികരണം, അത് ഭൗതികമായ നേട്ടങ്ങൾക്കായുള്ള പദ്ധതികളല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാൽ തൻ്റെ പ്രവാചകത്വവാദം ഉന്നയിച്ച ആ നിമിഷം തന്നെ അദ്ദേഹത്തിന് അതുവരെ ഉണ്ടായിരുന്ന ചെറിയ പിന്തുണകൾ പോലും നഷ്ടപ്പെട്ടു. ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അദ്ദേഹം എണ്ണമറ്റ ശത്രുക്കളെ സമ്പാദിക്കുകയും തനിക്ക് മേൽ അനന്തമായ ദുരിതങ്ങൾ വിളിച്ചുവരുത്തുകയും ചെയ്തു. സ്വന്തം നാട്ടിൽ നിന്ന് അദ്ദേഹം പുറന്തള്ളപ്പെട്ടു, രക്തദാഹികളായ ശത്രുക്കളാൽ വേട്ടയാടപ്പെട്ടു, അദ്ദേഹത്തിൻ്റെ വീടും സ്വത്തും നശിപ്പിക്കപ്പെട്ടു, അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നു. ഒരുകാലത്ത് അദ്ദേഹത്തിൻ്റെ ഗുണകാംക്ഷികളായിരുന്നവർ അദ്ദേഹത്തിന് എതിരായി മാറുകയും സുഹൃത്തുക്കൾ ശത്രുക്കളാവുകയും ചെയ്തു. അത്രയും കാലം അത്യധികം മനോധൈര്യത്തോടെ അദ്ദേഹം അനുഭവിച്ച കഠിനമായ കഷ്ടപ്പാടുകൾ ഒരു വഞ്ചകനായ കപടവിശ്വാസിക്ക് ഒരിക്കലും സഹിക്കാനാവില്ല. ഒടുവിൽ ഇസ്ലാം വിജയിക്കുകയും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും കാലം ആഗതമാവുകയും ചെയ്തപ്പോൾ അദ്ദേഹം ഒരു സമ്പത്തും സമ്പാദിച്ചില്ല, തനിക്കായി കോട്ടകളോ കൊട്ടാരങ്ങളോ പണിതില്ല, ആഡംബരപൂർണ്ണമായ ജീവിതത്തിനായി വിഭവങ്ങൾ ശേഖരിച്ചില്ല, വ്യക്തിപരമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയതുമില്ല. പകരം, അദ്ദേഹം എല്ലാം അനാഥർക്കും ദരിദ്രർക്കും വിധവകൾക്കും കടബാധ്യതയുള്ളവർക്കും നൽകി, അതേസമയം അദ്ദേഹം ഒരിക്കൽ പോലും വയറു നിറയെ ഭക്ഷണം കഴിച്ചില്ല. സകല മനുഷ്യരെയും ഗോത്രങ്ങളെയും, എന്തിനേറെ മുഴുലോകത്തെ ബഹുദൈവാരാധകരെയും എതിർത്തുകൊണ്ട് തൗഹീദ് പ്രഖ്യാപിക്കാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. ഇത് ആ മഹാത്മാവിന്റെ സത്യസന്ധതക്കും ആത്മാർത്ഥതക്കും ഉള്ള വലിയ തെളിവാണ്. വിഗ്രഹാരാധനയിൽ നിന്ന് അവരെ വിലക്കിയപ്പോൾ അദ്ദേഹത്തിൻ്റെ സ്വന്തം ബന്ധുക്കളും കുടുംബക്കാരുമാണ് ആദ്യം എതിർത്തത്. വിവിധ രൂപത്തിലുള്ള സൃഷ്ടി പൂജകളിൽ നിന്നും അനാചാരങ്ങളിൽ നിന്നും അവരെ തടയുകയും സന്യാസിമാരെ അന്ധമായി പിന്തുടരുന്നതിൽ നിന്നും ഈസാ മസീഹിനെ അവഹേളിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ജൂത സമൂഹം അദ്ദേഹത്തിൻ്റെ കടുത്ത ശത്രുവായി മാറുകയും അദ്ദേഹത്തെ വധിക്കാൻ നിരന്തരം ഗൂഢാലോചനകൾ നടത്തുകയും ചെയ്തു. തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി ഈസാ നബി ദൈവമോ ദൈവപുത്രനോ അല്ലെന്നും ക്രൂശീകരണത്തിലൂടെ അദ്ദേഹം അവരുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തിട്ടില്ലെന്നും പ്രഖ്യാപിച്ചപ്പോൾ ക്രിസ്ത്യാനികളും സമാനമായ രീതിയിൽ ശത്രുക്കളായി മാറി. അഗ്നി ആരാധകരെയും നക്ഷത്ര ആരാധകരെയും അവരുടെ ആരാധ്യരിൽ നിന്ന് വിലക്കുകയും മോക്ഷത്തിനായി ഏകദൈവത്തിലേക്ക് തിരിയാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തപ്പോൾ അവരും പ്രകോപിതരായി. സത്യസന്ധമായി പറയുകയാണെങ്കിൽ, ഈ ലോകത്ത് വിജയം നേടുന്നതിന് ആരെങ്കിലും സ്വീകരിക്കുന്ന മാർഗ്ഗങ്ങളാണോ ഇവ? അദ്ദേഹത്തിന് ഭൗതികമായ അഭിലാഷങ്ങൾ ഉണ്ടായിരുന്നെങ്കിൽ, എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും അവരെയെല്ലാം മനോവിഷമത്തിലാക്കി തനിക്കെതിരെ ആക്കിതീർക്കുകയും ചെയ്യുന്നത് വിവേകപൂർണ്ണമായ കാര്യമാണോ? അവരൊക്കെയും അദ്ദേഹത്തിൻ്റെ രക്തത്തിനായി ദാഹിക്കുന്ന തരത്തിൽ അസ്വസ്ഥരായിരുന്നു, അതേസമയം അവരുടെ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കാൻ പറയത്തക്ക അനുയായികളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നുമില്ല. ശത്രുക്കളുള്ളിടത്ത് കുറച്ചെങ്കിലും സുഹൃത്തുക്കൾ ഉണ്ടാകത്തക്ക രീതിയിൽ ചിലരെ വിമർശിക്കുകയും മറ്റു ചിലരെ പുകഴ്ത്തുകയും ചെയ്യുന്നത് ലൗകിക കാര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാകുമായിരുന്നില്ലേ? ഉദാഹരണത്തിന്, ലാത്തും ഉസ്സയും സത്യദൈവങ്ങളാണെന്ന് അദ്ദേഹം അറബികളോട് സമ്മതിച്ചിരുന്നെങ്കിൽ അവർ അദ്ദേഹത്തെ അനുസരിക്കുകയും ചോദ്യം ചെയ്യാതെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുമായിരുന്നു, കാരണം കുടുംബബന്ധങ്ങൾക്കും ഗോത്രബന്ധങ്ങൾക്കും രാജ്യത്തിൻറെ അന്തസ്സിനും വലിയ പ്രാധാന്യം നൽകുന്നവരായിരുന്നു അവർ. അവർ [നബിതിരുമേനി(സ) പഠിപ്പിച്ച] മറ്റെല്ലാ കാര്യങ്ങളോടും യോജിച്ചിരുന്നു. വിഗ്രഹാരാധന അനുവദിക്കുന്നതിലൂടെ മാത്രം അവരുടെ ഹൃദയം നിറഞ്ഞ അനുസരണം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അക്കാലഘട്ടത്ത് ഒട്ടും പ്രചാരമില്ലാത്തതും അത് അംഗീകരിക്കുന്നത് മുഖേന അനേകം കഷ്ടപ്പാടുകൾക്കും മരണസാധ്യതയ്ക്കും കാരണമാകുന്നതുമായ തൗഹീദ് എന്ന വിശ്വാസപ്രമാണത്തിൽ മുറുകെ പിടിക്കുന്നതിനുവേണ്ടി ഏവരോടും ശത്രുത പുലർത്താൻ നബിതിരുമേനി(സ)യെ പ്രേരിപ്പിച്ചത് എന്ത് ഭൗതിക താൽപ്പര്യങ്ങളാണ്? തന്നിൽ നിന്ന് എല്ലാം കവർന്നെടുക്കുന്നതും ഇസ്ലാമിലേക്ക് പുതുതായി പരിവർത്തനം ചെയ്തവർക്ക് തടവിനും പീഡനങ്ങൾക്കും കാരണമായിത്തീരുന്നതുമായ ഒരു സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തെ എന്ത് ലൗകിക ലക്ഷ്യമാണ് പ്രേരിപ്പിച്ചത്? ജനങ്ങളുടെ സ്വഭാവത്തിനും ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമായ കാര്യങ്ങൾ പറയുകയും അതിലൂടെ അവരെ തൻ്റെ കടുത്ത ശത്രുക്കളാക്കി മാറ്റുകയും ആരോടും ബന്ധം പുലർത്താതിരിക്കുകയും ചെയ്യുന്നതിലൂടെ ഭൗതിക വിജയം കൈവരിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? വഞ്ചകരും കള്ളം പറയുന്നവരും ഇങ്ങനെയുള്ള പദ്ധതികളാണോ ആസൂത്രണം ചെയ്യുന്നത്? തന്ത്രശാലികൾ തങ്ങളുടെ സുഹൃത്തുക്കളെ ശത്രുക്കളാക്കുമോ? തങ്ങളുടെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർ ഒരേസമയം ലോകത്തെ മുഴുവൻ വെല്ലുവിളിക്കുകയും സ്വന്തം ജീവനെക്കുറിച്ച് നിരന്തരമായ ഭയത്തിൽ കഴിയുകയും ചെയ്യുമോ?
ഒരിക്കലുമില്ല, അത്തരക്കാർ എല്ലാവരെയും പ്രീതിപ്പെടുത്താനും എല്ലാ മതങ്ങൾക്കും സത്യത്തിൻ്റെ സർട്ടിഫിക്കറ്റ് നൽകാനും താല്പര്യമുള്ളവരായിരിക്കും. ദൈവത്തിനുവേണ്ടി മനോധൈര്യം കാണിക്കുന്നതും അവൻ്റെ ഏകത്വത്തെയും മഹത്വത്തെയും ഉയർത്തിപ്പിടിക്കുന്നതും അവരുടെ രീതിയല്ല. ഇരയെ ഏറ്റവും എളുപ്പത്തിൽ പിടിക്കാൻ കഴിയുന്നിടത്ത് വല വിരിക്കുകയും കുറഞ്ഞ അധ്വാനത്തിൽ വലിയ ഭൗതിക നേട്ടങ്ങൾ കൊണ്ടുവരുന്ന തന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്യുക എന്നതാണ് അവരുടെ രീതി എന്നിരിക്കെ അവർ എന്തിന് അങ്ങനെ ചെയ്യണം? കാപട്യമാണ് അവരുടെ തൊഴിൽ, മുഖസ്തുതിയാണ് അവരുടെ ആചാരം. മധുരമായി സംസാരിക്കുകയും ഇരുപക്ഷത്തിൻ്റെയും പ്രീതി സമ്പാദിക്കുകയും ചെയ്യുക എന്നതാണ് അവരുടെ അടിസ്ഥാന തത്വം. അവർ ഹിന്ദുക്കളോട് ‘റാം റാം’ എന്ന് ജപിക്കുന്നതുപോലെ അനായാസം മുസ്ലിംകളോട് ‘അല്ലാഹ് അല്ലാഹ്’ എന്ന് പറയുകയും ചെയ്യും. അവർ എല്ലാവരോടും പെട്ടെന്ന് യോജിക്കുകയും അധികാരമുള്ള ഒരാൾ പകലിനെ രാത്രി എന്ന് വിളിച്ചാൽ പോലും, അയാളെ പ്രീതിപ്പെടുത്താൻ അവർ ആകാശത്ത് ചന്ദ്രനെയും നക്ഷത്രങ്ങളെയും ചൂണ്ടിക്കാണിച്ചുകൊടുക്കും. അവർക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല, ദൈവത്തോട് വിശ്വസ്തത കാണിക്കാൻ അവർക്ക് താൽപ്പര്യവുമില്ല. തങ്ങളുടെ സന്തോഷകരമായ ജീവിതത്തിലേക്ക് വേദനയും വേവലാതിയും കൊണ്ടുവരികയും പരീക്ഷണങ്ങളെയും ദുരിതങ്ങളെയും ക്ഷണിച്ചുവരുത്തുകയും ചെയ്യുകയില്ല. എല്ലാവരോടും അവരുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ധാരണകളെയും തങ്ങൾ അംഗീകരിക്കുന്നു എന്ന് പറയാൻ മാത്രമാണ് അവരുടെ ഗുരു അവരെ പഠിപ്പിക്കുന്നത്. ശരിയോ തെറ്റോ, സത്യമോ അസത്യമോ, ഗുണമോ ദോഷമോ എന്നതിൽ അവർക്ക് യാതൊരു ഉത്കണ്ഠയുമില്ല. ആര് അവർക്ക് കൈക്കൂലി നൽകുന്നുവോ അവർ നല്ലവരും പുണ്യവാന്മാരും മാന്യരുമായിരിക്കും. തങ്ങളുടെ അഹന്തയെ തൃപ്തിപ്പെടുത്താൻ ആരാണോ അവരെ പുകഴ്ത്തുന്നത് അവർക്ക് മോക്ഷത്തിൻ്റെയും സ്വർഗ്ഗത്തിൻ്റെയും നിത്യജീവിതത്തിൻ്റെയും സുവാർത്തകൾ നൽകുന്നു. മറുഭാഗത്ത് ഹദ്റത്ത് ഖാതമുൽ അൻബിയായുടെ [ശ്രേഷ്ഠ പ്രവാചകന്റെ] ജീവിതം പഠിക്കുമ്പോൾ അദ്ദേഹം ഉന്നതമായ സത്യസന്ധതയും അഖണ്ഡതയും പുലർത്തിയിരുന്നുവെന്ന് വ്യക്തമാണ്. അല്ലാഹുവിൻ്റെ സമാധാനവും അനുഗ്രഹവും അദ്ദേഹത്തിന്മേൽ ഉണ്ടാകട്ടെ. ദൈവത്തിനുവേണ്ടി തൻ്റെ ജീവൻ ബലിയർപ്പിക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. അദ്ദേഹം ജനങ്ങളിൽ നിന്നുള്ള ഭയപ്പെടുത്തലിൽ നിന്നോ പ്രതീക്ഷകളിൽ നിന്നോ പൂർണ്ണമായും മുക്തനായിരുന്നു എന്ന് മാത്രമല്ല തൻ്റെ രക്ഷിതാവിൽ മാത്രം അദ്ദേഹം ഭരമേൽപ്പിച്ചു. ദൈവഹിതത്തോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണവും ഭക്തിയും അത്രത്തോളം പൂർണ്ണമായിരുന്നു. തനിക്ക് സംഭവിക്കാനിടയുള്ള വിപത്തുകളെയോ വിഗ്രഹാരാധകരുടെ കൈകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന വേദനകളെയോ കഷ്ടപ്പാടുകളെയോ ഭയപ്പെടാതെ അദ്ദേഹം ദൈവത്തിൻ്റെ ഏകത്വം പ്രചരിപ്പിച്ചു. തന്റെ രക്ഷിതാവിന്റെ കല്പന നടപ്പിലാക്കുന്നതിനായി അദ്ദേഹം എല്ലാ ക്ലേശങ്ങളെയും പ്രയാസങ്ങളെയും യാതനകളും ഏറ്റുവാങ്ങി. ഭീഷണികളിൽ പതറാതെ അദ്ദേഹം ആത്മീയ ശിക്ഷണവും മതപ്രബോധനവും ഉൽബോധനവും അതിന്റെ പൂർണ്ണതയിൽ നിർവ്വഹിച്ചു. മറ്റ് എല്ലാ പ്രവാചകന്മാരുടെയും ചരിത്രത്തിൽ ഉടനീളം, ഇത്രയധികം അപകടങ്ങൾക്കിടയിലും ദൈവത്തിൽ ഇത്രയേറെ വിശ്വാസം അർപ്പിക്കുകയും ഏകത്വം പ്രചരിപ്പിക്കുകയും വിഗ്രഹാരാധനയെ വിലക്കുകയും ചെയ്ത ഒരാളുമില്ലെന്ന് ഞാൻ നിങ്ങളോട് സത്യമായും പറയുന്നു. ഇത്രയധികം ശത്രുക്കളെ അഭിമുഖീകരിക്കുമ്പോഴും ഏകത്വത്തിൽ എപ്പോഴും ദൃഢമായും അചഞ്ചലമായും നിലകൊണ്ടു. ഏതൊരു വ്യക്തിയും അല്പമെങ്കിലും സത്യസന്ധതയോടെ ഈ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അവർ നബിതിരുമേനി(സ)യുടെ പരമമായ സത്യത്തിന് സാക്ഷ്യം വഹിക്കുന്നതായി കാണാൻ കഴിയും. ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ വിവേകമുള്ള ഏതൊരാൾക്കും മനസ്സിലാകും, നബിതിരുമേനി(സ) ആഗതരായ കാലഘട്ടം ഒരു സ്വർഗ്ഗീയ പരിഷ്കർത്താവിൻ്റെയും ആത്മീയ വഴികാട്ടിയുടെയും കടുത്ത ആവശ്യകതയിലായിരുന്നു. അദ്ദേഹം കൊണ്ടുവന്ന പ്രബോധനങ്ങൾ തീർച്ചയായും സത്യമാണെന്നും ആ കാലഘട്ടത്തിൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവയായിരുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിൻ്റെ അധ്യാപനങ്ങൾ എത്രത്തോളം ഫലപ്രദവും ശക്തവുമായിരുന്നു എന്നാൽ ആയിരക്കണക്കിന് ആളുകൾ സത്യത്തിലേക്ക് ആകർഷിക്കപ്പെടുകയും [അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല] എന്ന വചനങ്ങൾ അവരുടെ ഹൃദയങ്ങളിൽ കൊത്തിവെക്കപ്പെടുകയും ചെയ്തു. പ്രവാചകത്വത്തിൻ്റെ പരമമായ ലക്ഷ്യം അതായത് മോക്ഷത്തിലേക്ക് നയിക്കുന്ന പ്രബോധനങ്ങൾ പകരുക എന്നത് [നബിതിരുമേനി(സ)യിലൂടെ] പരിപൂർണ്ണമായി നിർവ്വഹിക്കപ്പെട്ടു. മറ്റേതൊരു പ്രവാചകനും കൈവരിച്ചതിനേക്കാൾ വളരെ ഉന്നതമാണിത്. ഇതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും നബിതിരുമേനി(സ) ദൈവത്താൽ അയക്കപ്പെട്ട സത്യവാനായ വഴികാട്ടിയാണെന്ന് സ്വമേധയാ സാക്ഷ്യപ്പെടുത്തും. മുൻവിധിയും ധിക്കാരവും കാരണം നിഷേധത്തിൽ ഉറച്ചുനിൽക്കുന്നവർക്ക് ഒരു പ്രതിവിധിയുമില്ല. അത്തരം ആളുകൾ ദൈവത്തിൻ്റെ അസ്തിത്വത്തെപ്പോലും നിഷേധിക്കുന്നു. എന്നാൽ നബിതിരുമേനി(സ)യിൽ നിറഞ്ഞുനിൽക്കുന്നതുപോലുള്ള സത്യത്തിൻ്റെ അടയാളങ്ങൾ മറ്റ് പ്രവാചകന്മാരുടെ ജീവിതത്തിൽ കാണിച്ചുതരാൻ സാധ്യമല്ല. ആരെങ്കിലും മറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ അയാൾ മുന്നോട്ട് വരട്ടെ.’ (ബറാഹീനെ അഹ്മദിയ്യ ഭാഗം I & II, ഇംഗ്ലീഷ് പരിഭാഷ, പേജ്. 127-136)
ഖുർആൻ മാത്രമാണ് ദൈവത്തിൻ്റെ യഥാർത്ഥ ഏകത്വം അവതരിപ്പിക്കുന്നത്
വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:
‘വേദങ്ങൾ എല്ലാ മാർഗനിർദ്ദേശങ്ങളുടെയും ആകെത്തുകയാണെന്ന് കരുതി ഹിന്ദുക്കൾ അവയെ പുകഴ്ത്തുന്നു. അതേസമയം മറ്റ് എല്ലാ വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും സത്യസന്ധതയെ അവർ നിഷേധിക്കുകയും ചെയ്യുന്നു. അതുപോലെ, സുവിശേഷങ്ങളാണ് അവസാന വാക്ക് എന്ന് ക്രിസ്ത്യാനികളും കരുതുന്നു. ഒരു വേദഗ്രന്ഥത്തിൻ്റെ ഗുണമേന്മ അളക്കാൻ കഴിയുന്നത് അത് എത്രത്തോളം ദൈവത്തിൻ്റെ ഏകത്വം സ്ഥാപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന കാര്യം അവർ മറന്നുപോകുന്നു. ദൈവത്തിൻ്റെ ഏകത്വം സ്ഥാപിക്കുന്നതിൽ മികച്ചു നിൽക്കുന്ന ഒരു പുസ്തകത്തെ മാത്രമേ ഉയർന്ന പദവിയിലുള്ളതായി കണക്കാക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് തൗഹീദിനെ നിഷേധിക്കുന്ന ഒരാൾക്ക്, അയാൾ എത്ര തന്നെ സൽഗുണങ്ങൾ ഉള്ള വ്യക്തിയാണെങ്കിൽ പോലും മോക്ഷം പ്രാപിക്കാൻ സാധിക്കാത്തത്. അതുകൊണ്ട് ഇവർ ആദ്യം സ്വയം ചോദിക്കണം, മോക്ഷം ഏതൊന്നിനെ ആശ്രയിച്ചിരിക്കുന്നുവോ ആ ദൈവിക ഏകത്വമെന്ന സങ്കൽപ്പത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പുസ്തകങ്ങളിൽ ഏതാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് എന്ന്. വേദങ്ങൾ കാരണം ദൈവത്തിൻറെ ഏകത്വം മുന്നിൽ വയ്ക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തെ എങ്കിലും അവർക്ക് അവകാശപ്പെടാൻ സാധിക്കുമോ? ഒരൊറ്റ ദേശമെങ്കിലും തൗഹീദ് പ്രവചരിപ്പിക്കുന്നതായി മാറിയിട്ടില്ല. നേരെമറിച്ച്, ഏകദൈവ വിശ്വാസികൾ മോക്ഷത്തിന് അർഹരല്ലെന്നാണ് അതിൻ്റെ അനുയായികൾ കരുതുന്നത്. ഏകദൈവ വിശ്വാസികൾക്ക് വേദങ്ങളുടെ പുരോഹിതന്മാർ നൽകുന്ന വാർത്തകൾ, വലിയ വിലാപമോ ക്രോധമോ ഉണ്ടാകുന്ന ഇരുണ്ട നരകത്തെക്കുറിച്ചാണ്. അവരുടെ വിശ്വാസം ദൈവം മരണം, കഷ്ടപ്പാട്, വിശപ്പ്, ദാഹം, വേദന എന്നിവ അനുഭവിക്കുന്നുണ്ടെന്നും അവൻ ഒരു നശ്വരമായ ശരീരത്തിൽ പ്രവേശിച്ച് മാംസമായി മാറിയെന്നും വിശ്വസിക്കുന്നവർ മാത്രമേ അതിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ എന്നും അല്ലാത്തപക്ഷം മോക്ഷത്തിന് യാതൊരു പ്രതീക്ഷയുമില്ല എന്നുമാണ്. മറ്റൊരു കൂട്ടരുടെ അഭിപ്രായം പറയുകയാണെങ്കിൽ, അവരുടെ സങ്കൽപ്പത്തിലെ സ്വർഗ്ഗം യൂറോപ്പിലെ രണ്ട് വലിയ രാഷ്ട്രങ്ങളായ ബ്രിട്ടീഷുകാർക്കും റഷ്യക്കാർക്കും ഇടയിൽ വിഭജിക്കപ്പെടുമെന്നും, ദൈവത്തെ എല്ലാ കുറവുകളിൽ നിന്നും പോരായ്മകളിൽ നിന്നും മുക്തനായി കണക്കാക്കുന്ന കുറ്റത്തിന് എല്ലാ ഏകദൈവ വിശ്വാസികളെയും നരകത്തിലേക്ക് തള്ളപ്പെടുമെന്നുമാണ്. ഇതെല്ലാം എഴുതുന്നതിലൂടെ ഞാൻ തെളിയിക്കാൻ ശ്രമിക്കുന്നത്, തൗഹീദ് അതിൻ്റെ ശുദ്ധമായ രൂപത്തിൽ നബിതിരുമേനി(സ)യുടെ അനുയായികളിലല്ലാതെ ഭൂമുഖത്തെ മറ്റൊരു ജനതയിലും കാണാൻ സാധിക്കുകയില്ല എന്നതാണ്. ദശലക്ഷക്കണക്കിന് ആളുകളെ ഈ പരിശുദ്ധമായ സിദ്ധാന്തത്തിൽ ഉറപ്പിച്ചു നിർത്തുകയും മനുഷ്യവർഗത്തെ യഥാർത്ഥ ഏകദൈവത്തിലേക്ക് ഇത്രമാത്രം ഭക്തിപൂർവ്വം നയിക്കുകയും ചെയ്യുന്നത് പരിശുദ്ധ ഖുർആൻ അല്ലാതെ മറ്റൊരു ഗ്രന്ഥവുമല്ല. എല്ലാ മതങ്ങളിലെയും ആളുകൾ തങ്ങൾക്കായി കൃത്രിമ ദൈവങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ മുസ്ലിംകളുടെ ദൈവം ഏകനും അനശ്വരനും മാറ്റമില്ലാത്തവനുമാണ്. അവിടുത്തെ ഗുണവിശേഷങ്ങൾ പണ്ടത്തെതു പോലെ ഇന്നും നിലനിൽക്കുന്നു. ഇതെല്ലാം ഇസ്ലാം മതസ്ഥാപകൻ്റെ പ്രവാചകത്വം യാതൊരു സംശയവുമില്ലാതെ സത്യമാണെന്ന് തെളിയിക്കുന്നു. കാരണം അദ്ദേഹത്തിൻ്റെ അനുഗൃഹീത വ്യക്തിത്വത്തിൽ മാത്രമാണ് പ്രവാചകത്വത്തിൻ്റെ സത്തയും ഉദ്ദേശ്യവും തെളിയിക്കത്തക്ക രീതിയിൽ നിറവേറ്റപ്പെട്ടിട്ടുള്ളത്. ഒരു സ്രഷ്ടാവ് തൻ്റെ സൃഷ്ടിയിലൂടെ തിരിച്ചറിയപ്പെടുന്നതുപോലെ ജ്ഞാനികളും വിവേകികളും ഈ ദിവ്യ പരിഷ്കർത്താവിനെ അദ്ദേഹം കൊണ്ടുവന്ന പരിഷ്കരണത്തിലൂടെ തിരിച്ചറിയുന്നു. നബിതിരുമേനി(സ)ക്ക് ദിവ്യസഹായം ലഭിച്ചിരുന്നു എന്ന് തെളിയിക്കുന്ന എണ്ണമറ്റ മറ്റ് അടയാളങ്ങളുമുണ്ട്. ഉദാഹരണത്തിന്, ശക്തരായ രാഷ്ട്രങ്ങൾ തങ്ങളുടെ സാമ്പത്തികവും സൈനികവും ബൗദ്ധികവുമായ കരുത്തിൽ അഭിമാനം കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ദരിദ്രനും നിസ്സഹായനും നിരക്ഷരനുമായ ഒരു അനാഥൻ എത്രത്തോളം പ്രബുദ്ധമായ ഒരു പ്രബോധനവുമായി വരികയും തൻ്റെ യുക്തിയും വാദങ്ങളും ഉപയോഗിച്ച് അവരെ നിശബ്ദരാക്കുകയും അവരുടെ പണ്ഡിതന്മാരുടെയും തത്വചിന്തകരുടെയും പിഴവുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത് ഒരു അത്ഭുതത്തേക്കാൾ കുറഞ്ഞതാണൊ? തൻ്റെ ദുർബലമായ അവസ്ഥയിലും അദ്ദേഹം കരുത്തരായ ഭരണാധികാരികളെ താഴെയിറക്കുകയും അവർക്ക് പകരം സാധാരണക്കാരെ നിയമിക്കുകയും ചെയ്തില്ലേ? ഇത് ദിവ്യസഹായത്തിൻ്റെ അടയാളമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ആർക്കെങ്കിലും യുക്തിയിലും അറിവിലും അധികാരത്തിലും കരുത്തിലും ലോകത്തെ മുഴുവൻ കീഴടക്കാൻ സാധിക്കുമോ?’ (ബറാഹീനെ അഹ്മദിയ്യ ഭാഗം I & II, ഇംഗ്ലീഷ് പരിഭാഷ, പേജ്. 136-138)
ഏകദൈവ വിശ്വാസവും വർത്തമാനകാലവും
ലോകത്തിൽ ദൈവത്തിൻ്റെ ഏകത്വം സ്ഥാപിക്കാൻ നബിതിരുമേനി(സ) എങ്ങനെ പരിശ്രമിച്ചു എന്നതിനെക്കുറിച്ചുള്ള വിവിധ സംഭവങ്ങൾ കഴിഞ്ഞ ഖുതബകളിൽ വിവരിച്ചിരുന്നു. ഈ കാലഘട്ടത്തിൽ നബിതിരുമേനി(സ)യുടെ അതേ ദൗത്യം തുടരുന്നതിനായി ദൈവം വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ്(അ)നെ അയച്ചു. വാഗ്ദത്ത മസീഹ്(അ) നബിതിരുമേനി(സ)യുടെയും അദ്ദേഹം സ്ഥാപിച്ച മാതൃകയുടെയും യഥാർത്ഥമായ പ്രതിഫലനമായിരുന്നു. അതുകൊണ്ട്, നബിതിരുമേനി(സ) നമുക്കായി കൊണ്ടുവന്ന മാതൃകകളും അധ്യാപനങ്ങളും പിന്തുടരുന്നതിനായി വാഗ്ദത്ത മസീഹി(അ)ൻ്റെ മാതൃകയും അനുകരിക്കേണ്ടതുണ്ട്
ഖലീഫ തിരുമനസ്സ് വാഗ്ദത്ത മസീഹ്(അ) എഴുതിയ വരികൾ ഉദ്ധരിച്ചു:
‘ഒരു വിശ്വാസി ശിർക്കിൽ നിന്ന് [ദൈവത്തോട് പങ്കുചേർക്കുന്നതിൽ നിന്ന്] വിട്ടുനിൽക്കണം, സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ വായുവിനെയോ അഗ്നിയെയോ വെള്ളത്തെയോ മറ്റേതെങ്കിലും വസ്തുക്കളെയോ ആരാധിക്കരുത്. ഭൗതിക മാർഗങ്ങൾ ദൈവത്തിൻ്റെ പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞ് അവയിൽ വിശ്വാസം അർപ്പിക്കാതിരിക്കുക. തൻ്റെ സ്വന്തം കഴിവിൽ ആശ്രയിക്കാനും പാടില്ല, കാരണം ഇതും വിഗ്രഹാരാധനയ്ക്ക് (ശിർക്കിന്) തുല്യമാണ്. തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തുകഴിഞ്ഞാൽ, അത് നിസ്സാരമായി കരുതുകയും തൻ്റെ അറിവിലോ പരിശ്രമങ്ങളിലോ അഭിമാനിക്കാതെ, തന്നെ അറിവില്ലാത്തവനായും നിസ്സാരനായും കരുതുകയും വേണം. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും അവിടുത്തെ അനുഗ്രഹം തേടിക്കൊണ്ട് അവൻ്റെ ആത്മാവ് എപ്പോഴും സർവ്വശക്തൻ്റെ സന്നിധിയിൽ സാഷ്ടാംഗം പ്രണമിക്കണം… മനുഷ്യൻ തൻ്റെ അറിവിനായി ഒരു ഉപദേഷ്ടാവിനെ ആശ്രയിക്കുന്നു. എന്നിട്ടും അവൻ്റെ അറിവ് അപൂർണ്ണമായി തുടരുന്നു. എന്നാൽ ദൈവത്തിന് വഴികാട്ടിയുടെ ആവശ്യമില്ല, കാരണം അവൻറെ അറിവിന് അതിരുകളില്ല. കേൾവിക്കായി മനുഷ്യൻ പരിമിതമായ വായുവിനെ ആശ്രയിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ കേൾവി സഹജവും പരിധിയില്ലാത്തതുമാണ്. കാഴ്ച്ചക്കായി മനുഷ്യൻ സൂര്യപ്രകാശത്തെയോ മറ്റ് പ്രകാശ സ്രോതസ്സുകളെയോ ആശ്രയിക്കുന്നു. അവൻ്റെ കാഴ്ച പരിമിതമാണ്. എന്നാൽ ദൈവം തൻ്റെ സ്വന്തം പ്രകാശത്താൽ എല്ലാം കാണുന്നു. എന്തെങ്കിലും നിർമ്മിക്കുന്നതിനായി മനുഷ്യന് ദ്രവ്യവും സമയവും അത്യന്താപേക്ഷിതമാണ് മാത്രമല്ല അവൻ്റെ കഴിവ് പരിമിതമാണ്, എന്നാൽ ദൈവത്തിൻ്റെ സൃഷ്ടിപരമായ കഴിവ് ദ്രവ്യത്തെയോ സമയത്തെയോ ആശ്രയിക്കുന്നില്ല, അത് ഒരു തരത്തിലും പരിമിതവുമല്ല. കാരണം അവൻ്റെ എല്ലാ ഗുണങ്ങളും അവനെപ്പോലെ തന്നെ അതുല്യമാണ്. അവയിൽ ഒന്നിൽ പോലും ന്യൂനതയുണ്ടെങ്കിൽ അവയെല്ലാം ന്യൂനതകൾ ഉള്ളതായി കണക്കാക്കപ്പെടും. അവിടുത്തെ വ്യക്തിത്വത്തിലും ഗുണങ്ങളിലും അദ്വിതീയനായി കാണപ്പെടാത്ത പക്ഷം അവിടുത്തെ ഏകത്വം സ്ഥാപിക്കാനാവില്ല.’ (ലക്ചർ ലാഹോർ, പേജ്. 10-12)
ഇന്നും പല യുവാക്കളും ‘ആരാണ് ദൈവത്തെ സൃഷ്ടിച്ചത്?’ എന്ന ചോദ്യം ഉന്നയിക്കുന്നു.
വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചത് ദൈവം വാസ്തവത്തിൽ എല്ലാ വസ്തുക്കളുടെയും പ്രാഥമികവും അന്തിമവുമായ സ്രോതസ്സാണെന്നാണ്. അവൻ തന്നെയാണ് സ്രഷ്ടാവ്. അവൻറെ ഗുണങ്ങൾ അനന്തമായതിനാൽ അവൻ സൃഷ്ടിക്കപ്പെട്ടവനല്ല.
ഏകദൈവത്വത്തിന്റെ മൂന്ന് വശങ്ങൾ
വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:
‘ഓർക്കുക, നമ്മൾ പിൻപറ്റണം എന്ന് ദൈവം ആഗ്രഹിക്കുന്നതും മോക്ഷം നൽകുന്നതുമായ യഥാർത്ഥ തൗഹീദ് എന്നത്, അവനു പങ്കുകാരൻ ആരുമില്ല എന്ന് വിശ്വസിക്കലാണ്. അവനെ കൂടാതെയുള്ള ഒരു രൂപമോ, മനുഷ്യനോ, സൂര്യനോ, ചന്ദ്രനോ, നമ്മുടെ തന്നെ വ്യക്തിത്വമോ, നമ്മുടെ തന്ത്രങ്ങളോ ബുദ്ധിയോ എന്തുതന്നെ ആയിക്കോട്ടെ, അവയെല്ലാം അവൻറെ സൃഷ്ടികളാണെന്ന് വിശ്വസിക്കലാണ്. കൂടാതെ അവനെ മാത്രം എല്ലാ ശക്തിയുടെയും ഉപജീവനത്തിൻ്റെയും, ബഹുമാനത്തിൻ്റെയും അപമാനത്തിൻ്റെയും, സഹായത്തിൻ്റെയും തുണയുടെയും ഉറവിടമായി കരുതുകയും അവനെ മാത്രം നമ്മുടെ എല്ലാ സ്നേഹത്തിൻ്റെയും ആരാധനയുടെയും അപേക്ഷയുടെയും പ്രതീക്ഷയുടെയും ഭയത്തിൻ്റെയും കേന്ദ്രമാക്കുകയും ചെയ്യുക എന്നതുമാണ്. അതുകൊണ്ട് തന്നെ, താഴെ പറയുന്ന മൂന്ന് വശങ്ങളില്ലാതെ തൗഹീദ് എന്ന സങ്കൽപ്പം പൂർണ്ണമാവുകയില്ല:
(1) ദൈവത്തിൻ്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ട തൗഹീദ്:
അവനെ കൂടാതെയുള്ള മറ്റെല്ലാറ്റിനെയും അത് ഇല്ലാത്തതിന് തുല്യവും നശ്വരവും നിസ്സാരവുമായി കരുതുക.
(2) ദൈവത്തിൻ്റെ ഗുണവിശേഷങ്ങളുമായി ബന്ധപ്പെട്ട തൗഹീദ്:
സർവ്വശക്തനായ അല്ലാഹുവിൻറെ അസ്തിത്വത്തിനല്ലാതെ മറ്റാർക്കും പരിപാലനത്തിൻ്റെയും ദൈവികതയുടെയും ഗുണങ്ങളില്ലെന്ന് വിശ്വസിക്കുക. സൃഷ്ടികളെ പരിപാലിക്കുന്നവരായും ഉപകരിക്കുന്നവരുമായി കാണപ്പെടുന്നവരെല്ലാം ദൈവിക പദ്ധതിയുടെ ഒരു ഭാഗം മാത്രമാണെന്ന് കരുതുക.
(3) സ്നേഹം, ആത്മാർത്ഥത, ഭക്തി എന്നിവയുമായി ബന്ധപ്പെട്ട തൗഹീദ്:
സ്നേഹത്തിൻ്റെയും ഭക്തിയുടെയും കാര്യത്തിൽ ദൈവത്തോടൊപ്പം മറ്റാരെയും പങ്കുചേർക്കാതിരിക്കുകയും അവിടുത്തെ സ്നേഹത്തിൽ പൂർണ്ണമായും മുഴുകുകയും ചെയ്യുക.
മോക്ഷത്തിൻ്റെ അടിസ്ഥാനമായ ഈ മൂന്ന് വശങ്ങൾ ഉൾക്കൊള്ളുന്ന തൗഹീദിൻ്റെ യഥാർത്ഥ സങ്കൽപ്പം ജൂതന്മാർക്ക് നഷ്ടപ്പെട്ടിരുന്നു.
അവരുടെ മോശം പെരുമാറ്റം വ്യക്തമായി സാക്ഷ്യപ്പെടുത്തിയത് ദൈവത്തിലുള്ള അവരുടെ വിശ്വാസം വെറും വാക്കുകളിൽ മാത്രമാണെന്നും ഹൃദയത്തിൻ്റെ ഉള്ളിൽ അവനെ വിശ്വസിച്ചിരുന്നില്ലെന്നുമാണ്.’ (സിറാജുദ്ദീൻ ഈസായിയുടെ നാല് ചോദ്യങ്ങളും അതിൻ്റെ മറുപടികളും, പേജ്. 26-27)
ഖലീഫ തിരുമനസ്സ് പറയുന്നു, ദൈവത്തിൻ്റെ ഏകത്വം പ്രചരിപ്പിക്കുവാൻ നാം നമ്മുടെ പരമാവധി പരിശ്രമിക്കണം. നബിതിരുമേനി(സ)യിലൂടെ അയക്കപ്പെട്ട ഏകദൈവത്വത്തിന്റെ സന്ദേശം പൂർത്തിയാക്കാൻ നിയോഗിതരായ വാഗ്ദത്ത മസീഹ്(അ)ൻ്റെ ദൗത്യം നിറവേറ്റുന്നവരാകാനും ലോകമെങ്ങും അത് പ്രചരിപ്പിക്കുന്നവരായി മാറാനും നമുക്ക് സാധിക്കട്ടെ. ലോകത്തിൻ്റെ മോക്ഷത്തിനുള്ള ഏക മാർഗ്ഗം ഇതല്ലാതെ മറ്റൊന്നുമല്ല.
അനുസ്മരണം
താഴെ പറയുന്നവർക്കായി ജനാസ നമസ്കാരം അനുഷ്ഠിക്കുന്നതാണെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു:
സീയാൽകോട്ടിലെ മുൻ അമീർ ആയിരുന്ന ഖാജാ സഫർ അഹ്മദ് സാഹിബ്. അദ്ദേഹം അമേരിക്കയിൽ താമസിച്ചുവരികയായിരുന്നു, അവിടെ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹം എപ്പോഴും ജമാഅത്ത് സേവനത്തിൽ അർപ്പണബോധമുള്ള വ്യക്തിയായിരുന്നു. ഖിലാഫത്തുമായി ശക്തമായ ബന്ധം പുലർത്തുകയും അത് തൻ്റെ മക്കളിൽ വളർത്തിയെടുക്കുകയും ചെയ്തു. അദ്ദേഹം ജമാഅത്തിനോട് തികച്ചും ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തിയിരുന്നുവെന്ന് ഖലീഫ തിരുമനസ്സ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തൻ്റെ ജീവിതത്തിലുടനീളം അദ്ദേഹം വിവിധ പദവികളിൽ ജമാഅത്തിനെ സേവിച്ചു. വാഗ്ദത്ത മസീഹ്(അ)ൻ്റെ അതിഥികളെ സേവിക്കുന്നതിൽ അദ്ദേഹം അതീവ താല്പര്യം കാണിച്ചിരുന്നു. ഭാരവാഹികളെക്കുറിച്ച് അദ്ദേഹം ഒരിക്കലും അനുചിതമായ രീതിയിൽ സംസാരിച്ചിരുന്നില്ല, മറ്റുള്ളവരെ അതിന് അനുവദിച്ചിരുന്നുമില്ല. സേവനത്തിനായുള്ള വിളിക്ക് ഉത്തരം നൽകാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹം അല്ലാഹുവിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തിരുന്നു. അദ്ദേഹം വർഷങ്ങളോളം സ്വന്തം മാതാവിനെ ശുശ്രൂഷിച്ചു. ഭാര്യയും മൂന്ന് പുത്രിമാരും അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകട്ടെ എന്ന് ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.
ബുർക്കിനാ ഫാസോയിലെ ഇസ്രാഗോ ഹലീദോ.
അദ്ദേഹം സൈന്യത്തിലായിരുന്നു, അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ഗ്രാമത്തിൽ ഭീകരർ ആക്രമിച്ചപ്പോൾ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ഇദ്ദേഹത്തിന് 40 വയസ്സായിരുന്നു. അദ്ദേഹം അർപ്പണബോധമുള്ള ഒരു സേവകനായിരുന്നു. 2007-ൽ അദ്ദേഹവും ഭാര്യയും അഹ്മദിയ്യത്ത് സ്വീകരിച്ചു. അവരുടെ കുടുംബത്തിൽ നിന്ന് അവർ മാത്രമാണ് ജമാഅത്ത് സ്വീകരിച്ചത്. സാമ്പത്തിക ചന്ദകൾ നൽകുന്നതിലും ജമാഅത്ത് പ്രവർത്തനങ്ങളിൽ പങ്കുചേരുന്നതിലും അദ്ദേഹം നിഷ്ഠയുള്ള വ്യക്തിയായിരുന്നു. അദ്ദേഹം വളരെ ബഹുമാന്യനും ഏത് സമയത്തും സഹായിക്കാൻ തയ്യാറായിട്ടുള്ള വ്യക്തിയുമായിരുന്നു. 2008-ൽ ഖലീഫ തിരുമനസ്സ് സന്ദർശനം നടത്തിയപ്പോൾ ബുർക്കിനാ ഫാസോയിൽ നിന്ന് ഘാനയിലേക്ക് ആയിരത്തിലധികം കിലോമീറ്റർ സൈക്കിൾ സവാരി ചെയ്ത സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. സേവനത്തിനായുള്ള ഏത് വിളിക്കും അദ്ദേഹം എപ്പോഴും ഉത്തരം നൽകുകയും ആവശ്യമുള്ളപ്പോഴെല്ലാം ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്തിരുന്നു.അദ്ദേഹം അത്യന്തം അർപ്പണബോധമുള്ള വ്യക്തിയായിരുന്നു. തനിക്ക് ജോലിയില്ലാതിരുന്നപ്പോൾ പോലും ജമാഅത്തിനെ എങ്ങനെ തുടർന്നും സേവിക്കാം എന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ ഉത്കണ്ഠ. അദ്ദേഹത്തിൻ്റെ മാതാവ്, ഭാര്യ, ഒരു മകൻ, രണ്ട് പുത്രിമാർ എന്നിവരാണ് അദ്ദേഹത്തിൻറെ കുടുംബം.
അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകട്ടെ എന്ന് ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.
0 Comments