റമദാനും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള ബന്ധം

നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തിൽ പകർത്താന്‍ ശ്രമിക്കേണ്ടതാണ്.

റമദാനും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള ബന്ധം

നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തിൽ പകർത്താന്‍ ശ്രമിക്കേണ്ടതാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച്‌ 14, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ. ഐ. ഗുലാം അഹ്‍മദ് ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, അല്ലാഹുവിന്‍റെ കൃപയാൽ നാം റമദാന്‍റെ രണ്ടാം പത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.    അല്ലാഹു പറയുന്നു, റമദാനും വിശുദ്ധ ഖുർആനും തമ്മിൽ സവിശേഷമായ ഒരു ബന്ധമുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: “സമസ്ത മനുഷ്യർക്കും സന്മാർഗദായകവും മാർഗ്ഗദർശനത്തിന്‍റെയും സത്യാസത്യ വിവേചനത്തിന്‍റെയും സ്പഷ്ടമായ തെളിവുകൾ ഉൾക്കൊള്ളുന്നതുമായ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ” (വിശുദ്ധ ഖുർആൻ 2:186)

അതിനാൽ റമദാൻ മാസത്തിൽ നാം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. നബിതിരുമേനിയുടെ ജീവിതത്തില്‍ റമദാന്‍ സമാഗതമാകുമ്പോൾ ഹദ്റത്ത് ജിബ്‌രീൽ(അ) നബിതിരുമേനി(സ)നോടൊപ്പം അതുവരെ അവതരിച്ച വിശുദ്ധ ഖുർആന്‍റെ ഭാഗങ്ങൾ പൂർണ്ണമായും ആവർത്തിക്കുമായിരുന്നു. അങ്ങയുടെ അവസാന വർഷം ജിബ്‌രീൽ(അ) രണ്ടുപ്രാവശ്യം വിശുദ്ധ ഖുർആൻ മുഴുവനും പൂർത്തിയാക്കി.

വിശുദ്ധ ഖുർആൻ മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുക

റമദാൻ മാസത്തിൽ പള്ളികളിൽ ദർസുകൾ ഉണ്ടാകാറുണ്ട്, തറാവീഹ് നമസ്കാരം അനുഷ്ഠിക്കപ്പെടുന്നു, ഖുർആൻ പാരായണത്തിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു, MTA യിൽ ദിവസവും ഖുർആൻ പാരായണം ഉണ്ടാകാറുണ്ട്, അതും കേൾക്കേണ്ടതാണ്. ഇതിൽ നിന്നെല്ലാം അനുഗ്രഹങ്ങൾ കരസ്ഥമാക്കണമെങ്കിൽ വിശുദ്ധ ഖുർആൻ മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യണം. അറബി മനസ്സിലാകാത്തവർക്ക്, ഖുർആന്‍റെ വിവർത്തനങ്ങളുണ്ട്. അതുകൂടാതെ ഖുർആൻ ദർറസുകളും ഖലീഫമാരുടെ വിശദീകരണങ്ങളുമുണ്ട്. ചുരുക്കത്തിൽ വിശുദ്ധ ഖുർആൻ അനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ അതിൽ നിന്നും യഥാർത്ഥ രീതിയിൽ പ്രയോജനം ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. അല്ലാഹു വിശുദ്ധ ഖുർആന്‍റെ തുടക്കത്തിൽ തന്നെ പറയുന്നു.“ഇതു പരിപൂർണ്ണ ഗ്രന്ഥമാണ്, ഇതിൽ യാതൊരു സംശയവുമില്ല, ദോഷബാധയെ സൂക്ഷിക്കുന്നവർക്ക് ഇത് മാർഗ്ഗദർശകമാകുന്നു.”(വിശുദ്ധ ഖുർആൻ:2:3)

ഒരു യഥാർത്ഥ വിശ്വാസിയാകുന്നതിനും ദോഷബാധയെ സൂക്ഷിക്കുന്നതിനും വിശുദ്ധ ഖുർആൻ അനുസരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ നാം യഥാർത്ഥ വിശ്വാസികളായി കണക്കാക്കപ്പെടുകയും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ കരസ്ഥമാക്കുന്നവരാവുകയും ചെയ്യുകയുള്ളൂ. അപ്പോഴാണ് നാം ധാർമികമായി നയിക്കപ്പെടുന്നത്.                            വാഗ്ദത്ത മസീഹ്(അ) പറയുന്നു: “വിശുദ്ധ ഖുർആന്‍റെ അനുഗ്രഹങ്ങൾ നബി തിരുമേനി(സ)ക്ക് ഇറക്കപ്പെട്ടത് മുതൽ ഇന്നുവരെ അങ്ങനെതന്നെ നിലനിൽക്കുന്നു. ഈ അനുഗ്രഹങ്ങൾ നിലക്കാത്തതാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. അത് പിൻപറ്റുന്നവർ വഴികേടിൽ അകപ്പെടുന്നതിൽനിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഖുർആന്‍റെ അർത്ഥം ആഴത്തിൽ മനസ്സിലാക്കേണ്ടതിന്‍റെ പ്രാധാന്യം

നബി തിരുമേനി(സ)ന്‍റെ മാതൃകയനുസരിച്ച് റമദാൻ മാസത്തിൽ ഖുർആൻ മുഴുവൻ പാരായണം ചെയ്യാൻ നാം ശ്രമിക്കണം. അറബി മനസ്സിലാകാത്തവർക്ക് പരിഭാഷകളും വ്യാഖ്യാനങ്ങളുമുണ്ട്. നാം സ്വായത്തമാക്കേണ്ട വശങ്ങൾ എന്തെല്ലാമാണ് പരിശോധിച്ചു കൊണ്ടിരിക്കുകയും വേണം. വിശുദ്ധ ഖുർആൻ കാഠിന്യമേറിയ പുസ്തകമാണെന്ന് ചിലർ കരുതുന്നു. അല്ലാഹു പറയുന്നു: “തീർച്ചയായും നാം ഖുർആനെ മനസ്സിലാക്കുന്നതിനും മനപ്പാഠമാക്കുന്നതിനും എളുപ്പമാക്കിയിരിക്കുന്നു. ഉപദേശം സ്വീകരിക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (വിശുദ്ധ ഖുർആൻ 54:18)

ഇത് അല്ലാഹുവിന്‍റെ പ്രഖ്യാപനമാണ്. മനുഷ്യന്‍റെ സ്വഭാവവും കഴിവുകളും നന്നായി അറിയുന്ന, അവനെ സൃഷ്ടിച്ച അല്ലാഹു പറയുന്നത് ‘നാം ഇതിനെ എളുപ്പമാക്കിയിരിക്കുന്നുവെന്നും അതനുസരിച്ച് പ്രവർത്തിക്കാൻ പരിശ്രമിക്കണമെന്നുമാണ്. അങ്ങനെ ചെയ്യുന്നവർ വിജയികളായി തീരുന്നു. ജീവിതത്തിൽ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾ വിവരിക്കുകയും ആരാധനാ രീതികൾ പഠിപ്പിക്കുകയും സാമൂഹികമായി എങ്ങനെ ഇടപഴകണമെന്ന് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു. ഇതു മുഖേന സമാധാനന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ കരസ്ഥമാക്കാൻ സഹായകമാവുകയും ചെയ്യുന്നു. നാം ഇതു മനസ്സിലാക്കിയാൽ നമ്മുടെ വീടും അന്തരീക്ഷവും സമാധാനപൂർണമായി തീരുന്നതാണ്.

നീതിമാനായ വിധികർത്താവായി അവതരിച്ച വാഗ്ദത്ത മസീഹ്(അ)ൽ വിശ്വസിച്ച അഹ്‌മദികളായ നാം സൗഭാഗ്യരാണ്. ആ മഹാത്മാവ് വിശുദ്ധ ഖുർആന്‍റെ സൂക്ഷ്മമായ ജ്ഞാനങ്ങൾ അനാവരണം ചെയ്തിരിക്കുന്നു. അതിൽനിന്നു നാം ഗുണമെടുക്കുന്നില്ലെങ്കിൽ, നിർഭാഗ്യരായി തീരുന്നതാണ്. എന്നാൽ അതനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ വിജയത്തിന്‍റെ മാർഗ്ഗം തീർച്ചയായും കരസ്ഥമാക്കാൻ സാധിക്കും. ഖലീഫമാരുടെ വ്യാഖ്യാനങ്ങളുമുണ്ട്. ഉദാഹരണത്തിന് അഹ്‌മദിയ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്റത്ത് മിർസാ ബഷീറുദ്ധീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ ‘തഫ്സീർ കബീർ’ പോലുള്ള വ്യാഖ്യാനങ്ങൾ വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തി വരുന്നു. അതിനാൽ നാം വിശുദ്ധ ഖുർആനിനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, ഈ ലിഖിതങ്ങളിൽ നിന്ന് പ്രയോജനം ഉൾക്കൊണ്ടുകൊണ്ട് അതിന്‍റെ പ്രാധാന്യം മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതാണ്.

വിശുദ്ധ ഖുർആനും മാതാപിതാക്കളുടെ ഉത്തരവാദിത്വവും

മാതാപിതാക്കൾ അവരുടെ കുട്ടികളെ ആമീൻ പരിപാടിക്കായി എന്‍റെ അടുത്ത് കൊണ്ടുവരുന്നു. അവർ തങ്ങളുടെ കുട്ടികൾക്ക് ഖുർആൻ മുഴുവൻ പാരായണം ചെയ്യാൻ സഹായിക്കുന്നതിലൂടെ തങ്ങളുടെ ഉത്തരവാദിത്തത്തിന്‍റെ ഒരു വശം നിറവേറ്റി. എന്നാൽ,  കുട്ടികളിൽ ഖുർആൻ വായിക്കാനുള്ള നിലക്കാത്ത ആഗ്രഹം വളർത്തിയെടുക്കണം. ഇത് സാധിക്കണമെങ്കിൽ മാതാപിതാക്കൾ സ്വയം അതിലേക്ക് ശ്രദ്ധ തിരിക്കുകയും വിശുദ്ധ ഖുർആൻ അർത്ഥത്തോടുകൂടി പാരായണം ചെയ്യുന്നത് കുട്ടികൾ കാണുകയും വേണം. ഇത് മുഖേന മാതാപിതാക്കൾക്ക് കുട്ടികളിൽ ഉണ്ടാകുന്ന അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സാധിക്കും. മാതാപിതാക്കൾ സ്വയം അവരുടെ ഉള്ളിൽ വിശുദ്ധ ഖുർആനോടുള്ള സ്നേഹം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ കുട്ടികളിലും അത് നിലനാട്ടാൻ സാധിക്കുന്നതാണ്.

വിശുദ്ധ ഖുർആനിന്‍റെ കൽപ്പനകൾ അനുസരിച്ച് പ്രവർത്തിക്കുക

വാഗ്ദത്ത മസീഹ്(അ) പറയുന്നു: ഈ കാലഘട്ടത്തിൽ അധിക മുസ്‌ലിംകളും വിശുദ്ധ ഖുർആനെ കൈവിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹുവിന്‍റെ വാഗ്ദാനം ഇതാണ്. “തീർച്ചയായും നാം തന്നെ ഈ ഉപദേശം ഇറക്കുകയും, നാം തന്നെ ഇതിനെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.” (വിശുദ്ധ ഖുർആൻ, 15:10)

വിശുദ്ധ ഖുർആന്‍റെ അനുഗ്രഹങ്ങൾ ഇന്നും പ്രകടമാണെന്ന് തെളിയിക്കുന്നതിനായി അല്ലാഹു വാഗ്ദത്ത മസീഹ്(അ)നെ അയക്കുകയുണ്ടായി. അതിനാൽ ഈ അനുഗ്രഹങ്ങളിൽ നിന്ന് ഗുണമെടുത്തുകൊണ്ട് ഖുർആൻ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. വിശുദ്ധ ഖുർആന് മാത്രമേ നിങ്ങളെ യഥാർത്ഥ വിജയത്തിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളൂ.

നബി തിരുമേനി(സ) പറയുന്നു: വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിശ്വാസി സുഗന്ധമുള്ളതും രുചികരവും ആയ ഒരു ഫലം പോലെയാണ്. ഖുർആൻ പാരായണം ചെയ്യാത്ത, എന്നാൽ അതിന്‍റെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വിശ്വാസി, രുചികരമായ ഈന്തപ്പഴം പോലെയാണ്, അതിന് സുഗന്ധമുണ്ടാവുകയില്ല. ഖുർആൻ പാരായണം ചെയ്യുന്ന ഒരു കപടവിശ്വാസി സുഗന്ധമുള്ള ഒരു ചെടി പോലെയാണ്, എന്നാൽ അത് കൈപ്പേറിയതായിരിക്കും. ഖുർആൻ വായിക്കാത്ത കപടവിശ്വാസി ദുർഗന്ധം വമിക്കുന്ന, കൈപ്പേറിയ ഒരു കായ് പോലെയാണ്.

ഖലീഫാ തിരുമനസ്സ് പറയുന്നു, വിശുദ്ധ ഖുർആൻ അനുസരിച്ചു പ്രവർത്തിക്കുന്ന മാതാപിതാക്കൾ സന്താന പരിപാലനത്തിലും നീതിപുലർത്തുന്നു. അയൽവാസികളോടും നീതിപുലർത്തുന്നു. സമൂഹത്തിലും നീതിപുലർത്തുന്നു. അവർ തങ്ങളുടെ ആരാധനയിലും നീതിപുലർത്തുന്നു. അത്തരം മാതാപിതാക്കൾ കുട്ടികൾക്ക് യഥാർത്ഥ മാതൃകയായിരിക്കും. വിശുദ്ധ ഖുർആന് അനുസൃതമായി ജീവിക്കുന്ന ഭർത്താക്കന്മാരെ, ഭാര്യമാർ മാതൃകയായി കണക്കാക്കുകയും വീടുകളിൽ ഒരു സദ്ഗുണ പരിസ്ഥിതി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. അതായത് വിശുദ്ധ ഖുർആന്‍റെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് മാർഗദർശനം ലഭിക്കുകയും ജീവിതത്തിൽ ഒരു വിപ്ലവാത്മക മാറ്റം ഉണ്ടാവുകയും ചെയ്യുകയുള്ളൂ.

വിശുദ്ധ ഖുർആൻ അനുസരിച്ച് പ്രവർത്തിക്കാതെ നമുക്ക് ഇസ്‌ലാമിക അധ്യാപനങ്ങളിൽ നിലകൊള്ളാൻ സാധിക്കുകയില്ല. നബി തിരുമേനി(സ)ന്‍റെ ഉപദേശമനുസരിച്ച് നാം സുഗന്ധം ഉൾക്കൊള്ളുന്നവർ മാത്രമാകാതെ, സുഗന്ധം പരത്തുന്നവർ കൂടി ആകണം.

വാഗ്ദത്ത മസീഹ്(അ) പറയുന്നു, യഥാർത്ഥ വിജയം വിശുദ്ധ ഖുർആനിൽ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ഖലീഫാ തിരുമനസ്സ് പറയുന്നു, ലോക മുസ്‌ലിംകളിൽ കാണപ്പെടുന്ന അസ്വസ്ഥതകൾ, മുസ്‌ലിംകൾ മുസ്‌ലിംകളാൽ കൊല്ലപ്പെടുന്നു, ഭരണകൂടങ്ങൾക്ക് ജനങ്ങളുമായി യോജിപ്പില്ല, ജനങ്ങൾ ഭരണകൂടത്തെ എതിർക്കുന്നു, കൊലപാതകങ്ങളും കലാപങ്ങളും നടക്കുന്നു, വിശുദ്ധ ഖുർആന്‍റെ ഉപദേശങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിന്‍റെ ഫലമായിട്ടാണ് ഇതെല്ലാം ഉണ്ടാകുന്നത്. അവർ വിശുദ്ധ ഖുർആന്‍റെ അധ്യാപനങ്ങൾ അനുസരിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. ഇന്നത്തെ അവസ്ഥകൾ ഇതെല്ലാം ആണെങ്കിലും, അല്ലാഹുവിനാൽ അയക്കപ്പെട്ട വ്യക്തിയെ സ്വീകരിക്കാൻ അവർ തയ്യാറാകുന്നില്ല. വാഗ്ദത്ത മസീഹ്(അ)നെ സ്വീകരിക്കാൻ അവർ തയ്യാർ ആകുന്നില്ലെങ്കിൽ വിശുദ്ധ ഖുർആനിൽ നിന്നുള്ള യഥാർത്ഥ വിജയം അവർക്ക് കണ്ടെത്താൻ സാധിക്കുകയില്ല. വാഗ്ദത്ത മസീഹ്(അ) പറയുന്നു:

“വിശുദ്ധ ഖുർആനിനെ പിൻപറ്റുന്നവർ മാത്രമേ വിജയം പ്രാപിക്കുകയുള്ളൂ. വിശുദ്ധ ഖുർആൻ ഉപേക്ഷിക്കുന്നവർക്ക് വിജയം അസാധ്യവും അസംഭവ്യവുമാണ്. വിജയത്തിനായി ആളുകൾ സാങ്കല്പിക പ്രതീക്ഷകളെ പിൻപറ്റുന്നു. സഹാബാക്കളുടെ മാതൃകകൾ മുന്നിൽ വയ്ക്കുക. സഹാബാക്കൾ നബി തിരുമേനി(സ)യെ പിൻപറ്റുകയും ആത്മീയ കാര്യങ്ങൾക്ക് ലൗകികതയെക്കാൾ മുൻഗണന നൽകുകയും ചെയ്തപ്പോൾ, അല്ലാഹു അവർക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പൂർത്തിയാക്കി. ‘സ്വാതന്ത്ര്യത്തോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തവർ തങ്ങൾക്ക് രാജ്യങ്ങൾ നൽകപ്പെടുമെന്ന് അവകാശപ്പെടുന്നു’ എന്നുപറഞ്ഞ്, തുടക്കത്തിൽ എതിരാളികൾ സഹാബാക്കളെ പരിഹസിക്കുമായിരുന്നു. എന്നാൽ, നബി തിരുമേനി(സ)നോടുള്ള അനുസരണയിൽ അവർ തങ്ങളെ തന്നെ മറന്നപ്പോൾ ദീർഘകാലമായി അവർക്ക് ലഭിക്കാതിരുന്നത് എല്ലാം ലഭിച്ചു. അവർ വിശുദ്ധ ഖുർആനിനെയും അല്ലാഹുവിന്‍റെ പ്രവാചകനെയും(സ) സ്നേഹിച്ചു, മാത്രമല്ല ആ മഹാത്മാവിനെ അനുസരിക്കുന്നതിലും പിൻപറ്റുന്നതിലും രാവും പകലും പ്രയത്നിച്ചു.”

വിശുദ്ധ ഖുർആനുമായി ദൃഢമായ ബന്ധം സ്ഥാപിക്കുക

ഖലീഫാ തിരുമനസ്സ് പറയുന്നു, പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ വിശുദ്ധ ഖുർആന്‍റെ അധ്യാപനങ്ങൾ പിന്തള്ളപ്പെട്ടിരിക്കുന്നു. അഹ്‌മദികളെ ഖുർആൻ പാരായണം ചെയ്യുന്നതിൽ നിന്ന് തടയുന്നു. അവർ മനസ്സിലാക്കേണ്ടതാണ്, എന്തുതന്നെ ചെയ്താലും അഹ്‌മദികളുടെ ഹൃദയത്തിൽ നിന്ന് വിശുദ്ധ ഖുർആനോടുള്ള സ്നേഹം ഒരിക്കലും എടുത്തുമാറ്റാൻ സാധിക്കുകയില്ല. ഈ കാര്യം അഹ്‌മദികളും ഓർത്തിരിക്കേണ്ടതാണ്, റമദാൻ മാസത്തിൽ കൂടുതൽ വിശുദ്ധ ഖുർആനുമായി ബന്ധം സ്ഥാപിക്കേണ്ടതാണ്. നബിതിരുമേനി(സ) പറഞ്ഞു, നമ്മളെയും നമ്മുടെ ഭാവി തലമുറകളെയും സംരക്ഷിക്കാൻ, നാം ഖുർആനുമായി ബന്ധം സ്ഥാപിക്കണം. വിശുദ്ധ ഖുർആൻ ജനങ്ങൾക്ക് മുന്നിൽ പാരായണം ചെയ്യുന്ന വ്യക്തി, പരസ്യമായി ദാനധർമ്മം ചെയ്യുന്നവനെ പോലെയാണ്. തനിച്ചിരുന്നു വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന വ്യക്തി, രഹസ്യമായി ദാനധർമ്മം ചെയ്യുന്നവനെ പോലെയാണ്. അതിനാൽ വിശുദ്ധ ഖുർആൻ പാരായണം ഉറപ്പുവരുത്തുക, അത് പരസ്യമായാലും രഹസ്യമായാലും ശരി.

നബി തിരുമേനി(സ) പറയുന്നു: രണ്ട് തരം ആളുകളോട് അസൂയപ്പെടാൻ അനുവാദമുണ്ട്; ഒന്ന് വിശുദ്ധ ഖുർആൻ നൽകപ്പെടുകയും അത് രാവും പകലും പാരായണം ചെയ്യുകയും ചെയ്യുന്ന വ്യക്തി, രണ്ടാമത്തേത് സമ്പത്ത് നൽകപ്പെടുകയും അത് ഉചിതമായ സ്ഥലത്ത് ചിലവഴിക്കുകയും ചെയ്യുന്ന വ്യക്തി. (അതായത് അല്ലാഹുവിന്‍റെ മാർഗത്തിൽ ചിലവഴിക്കുന്നവർ)

ഖലീഫാ തിരുമനസ്സ് പറയുന്നു: ചന്ദ(സാമ്പത്തിക സംഭാവനകൾ) നല്‍കുന്നതിന്‍റെ ആവശ്യം എന്ത് എന്ന് ചിലർ ചോദിക്കാറുണ്ട്. വിശുദ്ധ ഖുർആൻ തന്നെ സാമ്പത്തിക ത്യാഗങ്ങളുടെ ആവശ്യകതയെ കുറിച്ച് പറയുന്നു. നബി തിരുമേനി(സ) പറയുന്നു: അല്ലാഹുവിന്‍റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നത് ചിലർക്ക് അസൂയപ്പെടാൻ കാരണമാകുന്നു. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലൂടെ ഈ ചോദ്യങ്ങൾക്കുള്ള മറുപടികൾ ലഭിക്കുന്നതാണ്.

വാഗ്ദത്ത മസീഹ്(അ) പറയുന്നു: വിശുദ്ധ ഖുർആൻ ഈണത്തിലും ശ്രദ്ധാപൂർവ്വവും പാരായണം ചെയ്യാൻ ശ്രമിക്കേണ്ടതാണ്. മറ്റു വാക്കുകളിൽ പറയുകയാണെങ്കിൽ പ്രാർത്ഥനകളെക്കുറിച്ച് പറയുമ്പോൾ അവർ പ്രാർത്ഥിക്കണം. ശിക്ഷയെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽനിന്ന് സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി ദുആ ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ, നാം നിരവധി തിന്മകളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും. ഇന്നത്തെ പാശ്ചാത്യ ലോകത്തിന്‍റെ സ്വാധീനത്താൽ ചിലർ പലതരം ദുശ്ശീലങ്ങളിൽ അകപ്പെട്ടു പോകുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ശ്രദ്ധാപൂർവ്വം പാരായണം ചെയ്യുന്നതിലൂടെ, അത്തരം കാര്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാൻ ദുആ ചെയ്യുവാനുള്ള അവസരങ്ങൾ ലഭിക്കുന്നു. കഠിന ഹൃദയരായിട്ടുള്ളവർ വിശുദ്ധ ഖുർആൻ പാരായണത്തിലൂടെ സൗമ്യഹൃദയരായി തീരുന്നു. വിശുദ്ധ ഖുർആൻ അനേകം ഫലങ്ങൾ ഉൾക്കൊള്ളുന്ന തോട്ടം പോലെയാണ്, അതിൽ നിന്ന് പലതരം ഫലങ്ങൾ പെറുക്കിയെടുക്കാനാവും. അതിനാൽ നമ്മൾ വിശുദ്ധ ഖുർആനിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുന്നുണ്ടോ എന്നും അതിന്‍റെ കൽപ്പനകൾ അനുസരിക്കുന്നുണ്ടോ എന്നും അതിൽ പരാമർശിച്ചിരിക്കുന്ന ശിക്ഷകളിൽ നിന്ന് രക്ഷനേടാൻ ദുആകൾ ചെയ്യുന്നുണ്ടോ എന്നും സ്വയം വിലയിരുത്തേണ്ടതാണ്.

ഖുർആനിക അധ്യാപനങ്ങൾ നടപ്പിലാക്കുന്നത് മുഖേന നാം നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്കും പ്രയോജനം ഉൾക്കൊള്ളുകയും യഥാർത്ഥ ജീവിത ലക്ഷ്യം കരസ്ഥമാക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. റമദാന്‍റെ ഈ ദിനങ്ങളിൽ വിശുദ്ധ ഖുർആനിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തുമ്പോൾ നാം ഇതിൽ നിലനിൽക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുകയും അതിന്‍റെ അധ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. നമ്മുടെ കുട്ടികളിൽ വിശുദ്ധ ഖുർആനോട് ശാശ്വതമായ സ്നേഹം വളർത്തിയെടുക്കാൻ ശ്രമിക്കണം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ജീവിതം വിജയകരമായി തീരുന്നതാണ്.

ഖുതുബയുടെ അവസാനം ഖലീഫാ തിരുമനസ്സ് ദുആ ചെയ്തുകൊണ്ട് പറഞ്ഞു: ഈ റമദാനിൽ അല്ലാഹു നമുക്ക് വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല, അതു മനസ്സിലാക്കുവാനുമുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. നാം ഇതനുസരിച്ച് പ്രവർത്തിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുവാനും, വർഷം മുഴുവനും ആ പ്രതിജ്ഞ നിലനിർത്തുവാനും ജീവിതത്തിന്‍റെ ഭാഗമാക്കാനും സാധിക്കുമാറാകട്ടെ. ആമീൻ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed