അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച് 21, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: Al Fazal
വിവര്‍ത്തനം: സി. എന്‍. താഹിര്‍ അഹ്‍മദ് ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു:
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ചരിത്രത്തിൽ മാർച്ച് 23 വളരെ ചരിത്ര പ്രാധാന്യമേറിയ ദിനമാണ്. ആ ദിവസമാണ് ഹദ്റത്ത് മസീഹ് മൗഊദ്(അ) അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന് അടിത്തറപാകിയത്. അദ്ദേഹത്തിന്‍റെ ആഗമനം അല്ലാഹുവിന്‍റെ വാഗ്ദാനവും നബി തിരുമേനി(സ)യുടെ പ്രവചനവുമനുസരിച്ചായിരുന്നു. തികച്ചും അധപതനാവസ്ഥയിലായിരുന്നു അന്ന് ഇസ്‌ലാം. ഇന്നും മതപരവും, രാഷ്ട്രീയപരവുമായ അവസ്ഥയിലും ഭൗതിക അടിസ്ഥാനത്തിലും മുസ്‌ലീങ്ങളുടെ അവസ്ഥ ശോചനീയമാണ്. മുസ്‌ലിം രാജ്യങ്ങൾ എണ്ണ വ്യാപാരത്താൽ സമ്പന്നമാണെങ്കിലും ആ രാജ്യങ്ങളുടെ പ്രതാപവും പ്രസക്തിയും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
വാഗ്ദത്ത മസീഹ്(അ) ബൈഅത്ത് വാങ്ങിയ സമയത്ത്, ഇസ്‌ലാമിനെതിരെ ക്രൈസ്തവർ ശക്തമായ ആക്രമണം നടത്തുകയായിരുന്നു. അവർക്ക് മറുപടി നൽകാൻ ആരുമുണ്ടായിരുന്നില്ല. ഭയചകിതരായിരുന്നു ആ സമയത്ത് മുസ്‌ലിം പണ്ഡിതന്മാർ. ലക്ഷക്കണക്കിന് മുസ്‌ലീങ്ങൾ ക്രൈസ്തവർ ആയിക്കൊണ്ടിരിക്കുകയായിരുന്നു. ആ അവസ്ഥയിൽ അല്ലാഹുവിന്‍റെ കല്പനപ്രകാരം ഇസ്‌ലാമിന്‍റെ പ്രതിരോധത്തിനായി ഹദ്റത്ത് അഹ്‍മദ്(അ) എഴുന്നേൽക്കുകയും അല്ലാഹുവിന്‍റെ പോരാളിയായി കൊണ്ട് ഇസ്‌ലാമിനെതിരെയും പ്രവാചകനെതിരെയും, പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നീചമായ അക്രമങ്ങൾ നടത്തിയവർക്ക് ശക്തമായ മറുപടി നൽകുകയും ചെയ്തു.
ബൈഅത്ത് വാങ്ങുന്നതിനു മുൻപായി തന്നെ ഹദ്റത്ത് അഹ്‍മദ്(അ) ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ വേദനിച്ചുകൊണ്ട് ബറാഹീനെ അഹ്‍മദിയ്യാ എന്ന ഗ്രന്ഥം രചിച്ചു. അതിൽ ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി. വാഗ്ദത്ത മസീഹ്(അ) അതിൽ വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നും തിരുനബി(സ) സത്യപ്രവാചകനാണെന്നും തെളിയിച്ചു. അതോടൊപ്പം തന്നെ തന്‍റെ തെളിവുകളില്‍ മൂന്നില്‍ ഒരു ഭാഗത്തിനോ നാലില്‍ ഒരു ഭാഗത്തിനോ, അല്ലെങ്കില്‍ ചുരുങ്ങിയത് അഞ്ചില്‍ ഒരു ഭാഗത്തിനോ മറുപടി എഴുതാന്‍ ഇതരമതപണ്ഡിതന്മാരെ അദ്ദേഹം വെല്ലുവിളിക്കുകയും അങ്ങനെ ചെയ്യുന്ന പക്ഷം അവര്‍ക്ക് പതിനായിരം രൂപ സമ്മാനമായി നല്‍കുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ആ കാലത്ത് വലിയൊരു തുകയായിരുന്നു.
ഇതിലൂടെ ഇസ്‌ലാം ഒരു ശക്തമായ മതമാണെന്നുള്ള ആത്മവിശ്വാസം മുസ്‌ലീങ്ങൾക്കുണ്ടായി. പണ്ഡിതന്മാരും ഹദ്റത്ത് അഹ്‍മദ്(അ)നെ വളരെയധികം പ്രശംസിച്ചു. വാഗ്ദത്ത മസീഹ്(അ)ന്‍റെ ഈ ഇസ്‌ലാമിക സേവനം കാരണത്താൽ ആളുകൾ ആ മഹാത്മാവിനോട് തങ്ങളുടെ ബൈഅത്ത് സ്വീകരിക്കാനും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അദ്ദേഹത്തിന് ആ സമയത്ത് അല്ലാഹുവിൽ നിന്ന് ബൈഅത്തിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് നിർദ്ദേശം ലഭിച്ചപ്പോൾ അദ്ദേഹം ജനങ്ങളില്‍ നിന്ന് ബൈഅത്ത് സ്വീകരിച്ചു. തുടർന്ന്, താന്‍ വാഗ്ദത്ത മസീഹും മഹ്ദിയുമാണെന്ന് വിളമ്പരപ്പെടുത്താന്‍ അദ്ദേഹത്തിന് ദൈവിക കല്പനയുണ്ടായി.
അങ്ങനെ ആ മഹാത്മാവ് 1888 ഡിസംബറിൽ “തബ്‌ലീഗ്” എന്ന പേരിൽ ബൈഅത്തിനായി ഒരു വിളംബരം പ്രസിദ്ധീകരിച്ചു.
ഹദ്റത്ത് അഹ്‍മദ്(അ)ന്‍റെ സത്യസാക്ഷ്യത്തിനായി അല്ലാഹു ദൃഷ്ടാന്തങ്ങളും പ്രകടമാക്കി. അതിൽ ആകാശീയമായ ഒരു ദൃഷ്ടാന്തം ആയിരുന്നു സൂര്യ ചന്ദ്രഗ്രഹണങ്ങൾ. അതിനെ കുറിച്ച് നബി(സ) പറഞ്ഞിരുന്നത്, മഹ്ദി ആഗതനാകുമ്പോൾ അദ്ദേഹത്തിന്‍റെ ഒരു പ്രത്യേക അടയാളം, നിശ്ചിത തീയതികളിൽ സൂര്യചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകും എന്നതാണ്. അത് 1894-ൽ കിഴക്കുഭാഗത്തും 1895ൽ പടിഞ്ഞാറും വെളിപ്പെട്ടു.
ഖലീഫാ തിരുമനസ്സ് പറയുന്നു: ഇവിടെ ഇപ്രാവശ്യത്തെ റമദാനിലും ചന്ദ്രഗ്രഹണം നടക്കാനുണ്ട്. ഇതേ നിശ്ചിത ദിവസങ്ങളിൽ തന്നെയാണ് അത് സംഭവിക്കുന്നത്. തുടർന്നും അങ്ങനെ ഉണ്ടാകാം, ഉണ്ടായി ക്കൊണ്ടിരിക്കും. എന്നാൽ വാഗ്ദത്ത മസീഹ്(അ)ന്‍റെ കാലഘട്ടത്തിൽ ഉണ്ടായ സൂര്യ ചന്ദ്രഗ്രഹണം, ആ മഹാത്മാവിന്‍റെ വാദത്തിനു ശേഷമാണ് ഉണ്ടായത്. അതിന് അതിന്‍റേതായ പ്രാധാന്യം ഉണ്ട്. ആ മഹാത്മാവ് അല്ലാഹുവിൽ നിന്ന് അടയാളം തേടുകയായിരുന്നു. അങ്ങനെ അല്ലാഹു ആ അടയാളം പ്രകടമാക്കി. ചില അഹ്‍മദികൾ ഇപ്പോൾ നടക്കാനിരിക്കുന്ന ഗ്രഹണങ്ങളെ അടയാളം എന്ന രീതിയിൽ പറയുന്നു. ഇതിനെ അടയാളമായി മനസ്സിലാക്കാൻ പറ്റുമോ ഇല്ലയോ എന്ന് അല്ലാഹുവിനു മാത്രമേ നന്നായി അറിയുകയുള്ളൂ. ഏതായിരുന്നാലും ഇതിനെ അടയാളമായി മനസ്സിലാക്കുകയാണെങ്കിൽ വാഗ്ദത്ത മസീഹിന് പുലര്‍ന്നു അടയാളങ്ങളുടെ ഒരു തുടർച്ചയാണ് ഇത്.
ആ മഹാത്മാവിന്‍റെ കാലഘട്ടത്തിൽ ഉണ്ടായ സൂര്യ ചന്ദ്രഗ്രഹണങ്ങൾ കിഴക്കും പടിഞ്ഞാറും സംഭവിച്ചിരുന്നു. എന്നാൽ ഈ വർഷം ഉണ്ടാകുന്ന ഗ്രഹണം പടിഞ്ഞാറാണ് ഉണ്ടാകുന്നത്. അതും ചെറിയൊരു ഭാഗത്തു മാത്രം. സൂര്യന് 25-30 ശതമാനം മാത്രമാണ് ഗ്രഹണം സംഭവിക്കുന്നത്. എന്നാൽ വാഗ്ദത്ത മസീഹിന്‍റെ കാലഘട്ടത്തിൽ 85-100 ശതമാനം ഗ്രഹണം സംഭവിച്ചിരുന്നു.
ഖലീഫാ തീരുമാനസ്സ് പറഞ്ഞു: ആ മഹാത്മാവ് 1889 ജനുവരി 12-ന് “തക്‌മീലെ തബ്ലീഗ്” എന്ന പേരിൽ ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അതിൽ ബൈഅത്തിന്‍റെ പത്ത് നിബന്ധനകളും പറഞ്ഞു. ഒരു അഹ്‌മദിയാകുന്നതിന് അതനുസരിച്ച് പ്രവർത്തിക്കേണ്ടതും മനസ്സു കൊണ്ട് അത് സ്വീകരിക്കേണ്ടതും നിർബന്ധമാണ്. ആ മഹാത്മാവ് പറഞ്ഞു, നിങ്ങൾ പ്രതിജ്ഞ ചെയ്യുക, ബഹുദൈവാരാധനയിൽ നിന്നും വിട്ടുനിൽക്കുന്നതാണ്, കളവ് വ്യഭിചാരം, ദുർനോട്ടം, എല്ലാവിധത്തിലുള്ള ദുഷ്കർമ്മങ്ങൾ, ചതി, പരദ്രോഹം, വിശ്വാസവഞ്ചന സമാധാനഭംഗമുണ്ടാക്കൽ, രാജ്യദ്രോഹം തുടങ്ങിയ മാർഗങ്ങളിൽ നിന്നും ദൂരപ്പെട്ട് നിൽക്കുന്നതാണ്, ശരീരേച്ചകൾക്ക് അടിപ്പെട്ട് പോകാതിരിക്കുന്നതുമാണ്, നമസ്കാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്, തഹജ്ജുദ് നമസ്കരിക്കുന്നതും അല്ലാഹുവിനോട് പാപപൊറുതി തേടുന്നതുമാണ്, മറ്റുള്ളവർക്ക് യാതൊരു ഉപദ്രവം വരുത്തുകയില്ല, അല്ലാഹുവിന്‍റെ തൃപ്തിയിൽ തൃപ്തനായിരിക്കും, വിശുദ്ധ ഖുർആന്‍റെ എല്ലാ കല്പനകളും അനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നതാണ്, വിനീതവും ലളിതവും ശാന്തവും ആയ ജീവിതം നയിക്കുന്നതാണ്, അഹംഭാവം, മിഥ്യാഭിമാനം എന്നിവ ഉപേക്ഷിക്കുന്നതാണ്, അല്ലാഹുവിന്‍റെ എല്ലാ സൃഷ്ടികളോടും സഹാനുഭൂതിയോടുകൂടി പെരുമാറുന്നതാണ്. ഈ ബൈഅത്തിന്‍റെ നിബന്ധനകൾ മരണംവരെ നിലനിർത്തുന്നതാണ്. ന്യായമായ കാര്യങ്ങൾ അനുസരിക്കുന്നതാണ്. ഭൗതികമായ ഇതര ബന്ധങ്ങളിൽ കാണപ്പെടാത്ത തരത്തിലുള്ള സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതാണ്.
ബൈഅത്തിന്‍റെ നിബന്ധനങ്ങളുടെ സംഗ്രഹം വിവരിച്ചതിനു ശേഷം ഖലീഫ തിരുമനസ്സ് പറഞ്ഞു: നിരവധി ആത്മാർത്ഥരായിട്ടുള്ള ആളുകൾ ഈ നിബന്ധനകൾ അനുസരിച്ചാണ് ബൈഅത്ത് ചെയ്തത്, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നിബന്ധനകൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് നമ്മൾ ആത്മപരിശോധന നടത്തേണ്ടതാണ്. അഹ്‍മദിയ്യാ ജമാഅത്തിൽ ആത്മാർത്ഥരായ ആളുകളുടെ ഒരു വലിയ അംഗസംഖ്യ ഈ കാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നവരാണ്. ജീവനും സമ്പത്തും സമയവും അന്തസ്സും ത്യാഗം ചെയ്യാൻ എപ്പോഴും സന്നദ്ധരായിരിക്കുന്നവരുമാണ്. ദീനിന്‍റെ അന്തസ്സ് സ്‌ഥാപിക്കുന്നതിന് വേണ്ടിയും ഇസ്‌ലാമിന്‍റെ സന്ദേശം കഴിവതും പ്രചരിപ്പിക്കുന്നതിന് വേണ്ടിയും അവർ പരിശ്രമിക്കുന്നു.
നബി തിരുമേനി(സ)യോടുള്ള വാഗ്ദത്ത മസീഹ്(അ)ന്‍റെ അനുരക്തി അദ്ദേഹത്തിന്‍റെ ഒരുദ്ധരണിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നിക്കുന്നതാണ്. അദ്ദേഹം പറയുന്നു:
“ഞാൻ എപ്പോഴും അത്ഭുതദൃഷ്‌ടികളോടെയാണ് നോക്കിക്കാണുന്നത്, മുഹമ്മദ് എന്നുപേരുള്ള ഈ അറബി പ്രവാചകൻ (ആയിരമായിരം സലാത്തും സലാമും അവിടത്തെ മേൽ വർഷിക്കപ്പെടട്ടെ) എത്രമേൽ ഉൽകൃഷ്‌ടപദവിയാർന്ന നബിയാണ്! അവിടത്തെ ഔന്നത്യത്തിന്‍റെ അറ്റം കണ്ടെത്തുക അസാധ്യമാണ്. അവിടത്തെ ദിവ്യശക്തി പ്രഭാവം കണക്കാക്കുക മനുഷ്യന്‍റെ കഴിവിൽപ്പെട്ടതല്ല. അവിടത്തെ യഥാർഥ പദവി അതർഹിക്കുംവിധം അംഗീകരിക്കപ്പെടുമാറായില്ല എന്നത് ദുഃഖകരമാണ്. ലോകത്തുനിന്നും തികച്ചും അപ്രത്യക്ഷമായി കഴിഞ്ഞിരുന്ന ആ ‘തൗഹീദ്’ അഥവാ ഏകദൈവ വിശ്വാസം വീണ്ടും ഈ ലോകത്ത് തിരിച്ചുകൊണ്ടുവന്ന വീരാത്മാവ് അവിടന്നാകുന്നു. ആ മഹാത്മാവ് ദൈവത്തോട് അങ്ങേയറ്റത്തെ സ്നേഹം പുലർത്തി. മനുഷ്യകുലത്തോടുള്ള സഹാനുഭൂതിയിൽ അദ്ദേഹം ആത്മാർപണം ചെയ്‌തു. മുമ്പുള്ളവരും പിമ്പുള്ളവരുമായ സകല പ്രവാചകന്മാരെക്കാളും ശ്രേഷ്ഠത്വം അല്ലാഹു അദ്ദേഹത്തിനു നല്‌കുകയും അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം അവിടന്നാകുന്നു. ആ മഹാത്മാവിന്‍റെ ആത്മീയ അനുഗ്രഹം കൂടാതെ തനിക്ക് അനുഗ്രഹങ്ങള്‍ ലഭിച്ചു എന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ ആ വ്യക്തി മനുഷ്യനല്ല, ശൈത്താന്‍റെ പരമ്പരയിൽ നിന്നുള്ളവനാണ്. കാരണം എല്ലാ അനുഗ്രഹത്തിന്‍റെയും താക്കോൽ ആ മഹാത്മാവിനാണ് നൽകപ്പെട്ടിട്ടുള്ളത്.”
ഖലീഫാ തിരുമനസ്സ് പറയുന്നു: പ്രവാചകനോടുള്ള ഈ അനുരക്തി കാരണമാണ് അല്ലാഹു ഈ മഹാത്മാവിനെ വാഗ്ദത്ത മസീഹായി തിരഞ്ഞെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നു, ഈ സ്നേഹവും അനുരുക്തിയും കാരണത്താൽ ഞാൻ നിന്നെ മസീഹിന്‍റെയും മഹ്ദിയുടെയും സ്ഥാനത്ത് നിയമിച്ചു എന്ന് വിളംബരപ്പെടുത്തുക. ഇസ്‌ലാമിനെ പുനരുജീവിപ്പിക്കുമെന്ന വാഗ്ദാനം ഞാൻ ഇന്ന് പൂർത്തിയാക്കുന്നതാണ്. ഈ ജോലി നിന്നെ ഏൽപ്പിക്കുന്നു. ആ ഉത്തരവാദിത്വം അവിടുന്ന് പൂർത്തിയാക്കി.
ജമാഅത്തിനെ ഉപദേശിച്ചുകൊണ്ട് വാഗ്ദത്ത മസീഹ്(അ) പറയുന്നു, വാഗ്ദത്ത മസീഹിന്‍റെ കൂടെ സഹാബാക്കളെ പോലെയുള്ള ആളുകൾ ഉണ്ടായിരിക്കും എന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. നമ്മൾ തിരുനബി(സ)യുടെയും ഇസ്‌ലാമിന്‍റെയും നാമം പ്രകാശിതമാക്കുമെന്നും ഇസ്‌ലാമിന്‍റെ പ്രചാരണം ലോകത്തിന്‍റെ കോണുകളോളം എത്തിക്കുമെന്നും ബൈഅത്ത് ചെയ്തവരാണ്. അതുകൊണ്ട് തന്നെ നമുക്ക് ആ സഹാബാക്കളുടെ വർണ്ണവും സ്വീകരിക്കേണ്ടതായി വരും. പറയുന്നു, നമ്മുടെ പ്രവാചകൻ(സ)യുടെ സഹാബാക്കൾ അല്ലാഹുവിനും റസൂലിനും വേണ്ടി എന്തെല്ലാം ജീവത്യാഗങ്ങളാണ് ചെയ്തത്. അവര്‍ നാടുകടത്തപ്പെട്ടു, ആക്രമിക്കപ്പെട്ടു, പലവിധത്തിലുള്ള പ്രയാസങ്ങളും അവര്‍ക്ക് സഹിക്കേണ്ടതായി വന്നു, ജീവൻ ത്യാഗം ചെയ്തു. അപ്പോഴും സത്യത്തോടും ആത്മാർത്ഥയോടും കൂടി അവർ മുന്നോട്ടു കുതിച്ചു. അവരെ ഈ വിധത്തിൽ ജീവത്യാഗം ചെയ്യുന്നവരായി മാറ്റിയത് എന്ത് കാര്യമായിരുന്നു? അത് സത്യസന്ധമായ ദൈവീക സ്നേഹത്തിന്‍റെ ആവേശമായിരുന്നു. അതിന്‍റെ കിരണങ്ങൾ അവരുടെ ഹൃദയത്തിൽ പതിച്ചിട്ടുണ്ടായിരുന്നു. ആയതിനാൽ അധ്യാപനത്തിന്‍റെ അടിസ്ഥാനത്തിലും ഹൃദയ പരിശുദ്ധിയുടെ അടിസ്ഥാനത്തിലും ഏതു പ്രവാചകനുമായും, നബി(സ)യെ താരതമ്യപ്പെടുത്തി നോക്കുകയാണെങ്കിലും പ്രവാചകൻ(സ)ക്ക് തുല്യരായി മറ്റാരെയും കാണാൻ സാധ്യമല്ല.
വാഗ്ദത്ത മസീഹ്(അ) പറയുന്നു, വിശുദ്ധ ഖുർആൻ കഥകളെപ്പോലെ പാരായണം ചെയ്യരുത്. ആളുകൾ മനോഹരമായ ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നു, എന്നാൽ അത് അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങുന്നില്ല. വിശുദ്ധ ഖുർആന്‍റെ മറ്റൊരു പേര് ദിക്ർ (സ്മരണ) എന്നുമുണ്ട്. ആ ഗ്രന്ഥം മനുഷ്യന്‍റെ പ്രകൃതത്തിൽ മറഞ്ഞിരിക്കുന്ന സത്യതയെ ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത്. വിശുദ്ധ ഖുർആൻ ഈ കാലഘട്ടത്തിലും ഒരു ഉപദേശമാണ്. അത് പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ‘വ ആഖരീന മിൻഹും’ എന്ന പ്രവചനത്തെ പൂർത്തിയാക്കിക്കൊണ്ട് ദൈവത്തിൽ നിന്നും ഒരു അധ്യാപകൻ വന്നിരിക്കുന്നത്. ആരാണോ നമ്മുടെ എതിരാളികൾ ആയിട്ടുള്ളത്, യഥാർത്ഥത്തിൽ അവർ അല്ലാഹുവിന്‍റെ വാഗ്ദാനത്തെ ആദരിക്കാത്തവരാണ്. അവരുടെ തൊണ്ടയിൽ നിന്നും ഖുർആൻ ഇറങ്ങുകയില്ല. ഒരു ഉപദേശകന്‍റെയും ഉപദേശം അവർ കേൾക്കുകയില്ല. അല്ലാഹു സഹനത്തോടും സദുദ്ദേശത്തോടും കൂടി പ്രവർത്തിക്കാനാണ് കൽപ്പന നൽകുന്നത്. എന്നാൽ ഇക്കൂട്ടർ എതിർക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് ഇസ്‌ലാം അല്ലാതെ ജനങ്ങൾക്ക് ജീവൻ പ്രദാനം ചെയ്യുന്ന മറ്റൊരു മതവുമില്ല. അല്ലാഹു ആ പ്രവർത്തനത്തിന്‍റെ പൂർത്തീകരണത്തിനായി മാർഗ്ഗങ്ങൾ തയ്യാറാക്കുന്നു. അത് നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും ശരി.
മുൻകാലഘട്ടത്തിൽ അല്ലാഹു പ്രവാചകനെ നിയോഗിച്ചു കൊണ്ട് പ്രകാശം ഇറക്കിയതു പോലെ, ഈ കാലഘട്ടത്തിൽ അല്ലാഹു എന്നെ നിയമിച്ചിരിക്കുന്നു. ഞാൻ അല്ലാഹുവിൽ നിന്നാകുന്നു. നിങ്ങൾക്ക് എന്നെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.
അല്ലാഹു ഉദ്ദേശിക്കുന്നത് ഈ അവസാന കാലഘട്ടത്തിൽ ഇസ്‌ലാമിന്‍റെ നവോത്ഥാനം വാഗ്ദത്ത മസീഹിന്‍റെ കൈകളിലൂടെ ഉണ്ടാകണമെന്നാണ്. അതുകൊണ്ടാണ് വാഗ്ദത്ത മസീഹിന്‍റെ പേര് (കാസിറെ സലീബ്) അഥവാ കുരിശുടയ്ക്കുന്നവൻ എന്ന് വെച്ചിരിക്കുന്നത്. അല്ലാഹു വാഗ്ദത്ത മസീഹിനെ അയക്കുന്ന സമയത്ത് ക്രൈസ്തവമതം മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ശക്തിപ്രാപിച്ചിരുന്നു. കുഴപ്പങ്ങൾ ശക്തമായ സമയത്ത് അതിനെ ഇല്ലാതാക്കാൻ അല്ലാഹു വാഗ്ദത്ത മസീഹിനെ നിയമിച്ചു.
ഖുത്വുബയുടെ അവസാനത്തിൽ ഖലീഫ തിരുമനസ്സ് പാക്കിസ്താനിലെ അഹ്‍മദികൾക്ക് വേണ്ടിയും മുസ്‌ലിം ഉമ്മത്തിന് വേണ്ടിയും ഫലസ്തീനിലെ മുസ്‌ലീങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാനുള്ള ആഹ്വാനം ചെയ്തു.
0 Comments