ടി. എ. നിലോഫര്‍, പള്ളുരുത്തി
വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ തിരക്കേറിയ വഴികളിലൂടെ നടന്ന് നീങ്ങവേ, ഞാനും എന്‍റെ സുഹൃത്തും, പത്രമാധ്യമങ്ങളിലെ വര്‍ധിച്ചു വരുന്ന പീഡനങ്ങളെയും സ്ത്രീ സുരക്ഷയെയും പറ്റി സംസാരിക്കുകയായിരുന്നു. എന്നാല്‍, എപ്പോഴോ, ചര്‍ച വഴി മാറി ഹിജാബിലും പര്‍ദയിലുമെത്തി. ഞാന്‍ ധരിച്ചിരുന്ന ഹിജാബിനെ പറ്റി അവള്‍ക്കുണ്ടായിരുന്ന അഭിപ്രായങ്ങളും ചിന്തകളും എന്‍റേതില്‍ നിന്ന് ഒരുപാട് വ്യത്യസ്തവും വികലവുമായിരുന്നു.
“എന്തിനാണ് പെണ്ണുങ്ങള്‍ മാത്രം എപ്പോഴും പുതച്ച് മൂടി നടക്കുന്നത്? ആണുങ്ങള്‍ സ്വയം നിയന്ത്രിച്ചാല്‍ പോരേ? സ്ത്രീകള്‍ ഇങ്ങനെ സ്വയം മൂടി നടന്നത് കൊണ്ട് ആണുങ്ങളെല്ലാം മാറുമെന്നാണോ കരുതുന്നേ? തട്ടമിട്ടില്ല എന്നതിന്‍റെ പേരില്‍ ലൈംഗികമായി മോശം അനുഭവം നേരിടേണ്ടി വന്ന ആരെയും ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ല.”
പുരുഷമേധാവിത്വത്തിന്‍റെ ഒരു ചിഹ്നമെന്നോണം, സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒന്നായി ഹിജാബിനെ കണ്ട് വരുന്ന ഈ ലോകത്തില്‍ അവളുടെ ചോദ്യങ്ങളും ചിന്തകളും തികച്ചും സ്വാഭാവികം മാത്രം. പര്‍ദ അല്ലെങ്കില്‍ ഹിജാബ് എന്നത് സ്ത്രീകളെ സാമൂഹികമായ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ ഉപയോഗിക്കുന്ന ഒരു മതാചാരമായാണ് നിലവില്‍ ഭൂരിഭാഗം ആളുകളും ധരിച്ചു വരുന്നത്. ഇസ്‌ലാമിനെ കുറിച്ചുള്ള ഈ തെറ്റായ ധാരണകള്‍ എത്ര മാത്രം വേരുറച്ചിരിക്കുന്നുവെന്നാല്‍, ലോകത്തിന്‍റെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ വസിക്കുന്നവരുടെ മനസ്സുകളില്‍ പോലും, ഹിജാബ് അതല്ലെങ്കില്‍ ബുര്‍ഖാധാരിയായ ഒരു സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാണ് എന്ന ധാരണ രൂഡമൂലമാണ്.
ഇത്തരം തെറ്റിധാരണകളെ ശരിവെക്കുന്ന തരത്തിലുള്ള സംഭവങ്ങളും പ്രവര്‍ത്തികളുമാണ് ഇറാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും പുറത്തേയ്ക്ക് വരുന്നതും. മാധ്യമങ്ങളിലാകട്ടെ, ഇസ്‌ലാമികെമെന്ന് പറഞ്ഞു കൊണ്ട് ക്രൂരവും മനുഷ്യത്വരഹിതവുമായ ചില നാട്ടു നടപ്പുകളും ആചാരങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ന്യൂയോര്‍ക്ക് ടൈംസിന്‍റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെയും മുപ്പത്തിയഞ്ച് വര്‍ഷത്തെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനമനുസരിച്ച്[1], മുസ്‌ലിം-മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ പത്രമാധ്യമങ്ങളില്‍ ഇടം നേടുന്നത്, അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. എന്നാല്‍, ഇതര ഭാഗങ്ങളിലുള്ള സ്ത്രീകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്, അവരുടെ അവകാശങ്ങളെ ബഹുമാനിക്കപ്പെടുമ്പോഴുമാണ്.
എന്നിരുന്നാലും, ഇസ്‌ലാം എന്താണ് യഥാര്‍ഥത്തില്‍ ഹിജാബിനെ കുറിച്ച് പറയുന്നത് എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍, ഹിജാബ് അഥവാ പര്‍ദയുടെ ആചരണം കേവലം സ്ത്രീകളില്‍ മാത്രം പരിമിതമായതല്ല. മറിച്ച്, ഖുര്‍ആനില്‍, ഈ അധ്യാപനം ആദ്യമായി അഭിസംബോധന ചെയ്യുന്നത് പുരുഷന്മാരെയാണ്.
“സത്യവിശ്വാസികളായ പുരുഷന്മാരോട് പറയുക; അവര്‍ തങ്ങളുടെ കണ്ണുകള്‍ ദൃഷ്ടികള്‍ താഴ്ത്തുകയും നിയന്ത്രിക്കുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുകയും ചെയ്തു കൊള്ളട്ടെ. അത് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായ മാര്‍ഗമാണ്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു.”[2]
ഇവിടെ, പ്രഥമമായി പുരുഷന്മാരോട് സ്വയം നിയന്ത്രിച്ചു നിര്‍ത്തുവാനും സ്ത്രീകളെ അവരുടെ വസ്ത്രധാരണം എന്ത് തന്നെയായാലും, ബഹുമാനിക്കുവാനും കല്‍പിക്കപ്പെട്ടിരിക്കുന്നു. ഈ വചനത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം, തങ്ങളുടെ ലൈംഗികമായ ചോദനകളെ നിയന്ത്രിക്കുന്നതിനു മുന്‍പായി പുരുഷന്‍മാരോട് തങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കുവാന്‍ ഖുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു എന്നതാണ്.
മനുഷ്യരുടെ ലൈംഗികസ്വഭാവത്തെ കുറിച്ചുള്ള ഒരു റിവ്യൂ ആര്‍ട്ടിക്കിള്‍[3] പ്രകാരം, സ്ത്രീകളെ അപേക്ഷിച്ച്, പുരുഷന്മാരില്‍, ലൈംഗികമായ ഉത്തേജനങ്ങള്‍ അധികമായി വരുന്നത് നയനേന്ദ്രിയങ്ങളിലൂടെയാണ് (visual stimuli). അതിനാല്‍, ചെറുപ്രായം മുതല്‍ തങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കുവാനും അനിയന്ത്രിതമായി എല്ലാവരെയും, പ്രത്യേകിച്ച് സ്ത്രീകളെ, നോക്കുന്നതില്‍ നിന്നും തടയിടുവാനും ഖുര്‍ആന്‍ പുരുഷന്മാരോട് കല്‍പ്പിക്കുന്നു. തങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കുവാന്‍ പഠിപ്പിക്കുന്നതിലൂടെ ഇസ്‌ലാം പുരുഷന്മാരെ തങ്ങളുടെ ലൈംഗിക ചോദനകളെ നിയന്ത്രിക്കുവാനും പ്രാപ്തരാക്കുന്നു.
ഈ ഒരു ഇസ്‌ലാമിക അധ്യാപനത്തെ മുഹമ്മദ് നബി(സ) തന്‍റെ ജീവിതത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കി കാണിക്കുകയുണ്ടായി. ഒരിക്കല്‍, അതീവ സുന്ദരിയായ ഒരു സ്ത്രീ ചില മതപരമായ കാര്യങ്ങളെ കുറിച്ച് അറിയുന്നതിനായി നബി തിരുമേനി(സ)യുടെ അടുക്കല്‍ വരുകയുണ്ടായി. ആ അവസരത്തില്‍, അനുചരന്മാരില്‍ ഒരാളായ അല്‍ ഫദ്ല്‍ അവരുടെ സൗന്ദര്യം കാരണത്താല്‍, അവരെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, നബി തിരുമേനി(സ) അല്‍ ഫദ്‌ലിന്‍റെ താടിയില്‍ പിടിച്ചു കൊണ്ട്, മെല്ലെ അദ്ദേഹത്തിന്‍റെ മുഖത്തെ മറ്റൊരു ദിശയിലേക്ക് തിരിക്കുകയുണ്ടായി.[4]
എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍റെ ഈ പ്രാഥമിക അധ്യാപനം ഇന്ന് എത്രത്തോളം തിരസ്കരിക്കപ്പെട്ടിരിക്കുന്നുവെന്നാല്‍, സ്ത്രീകളെ കാമദൃഷ്ടിയോടെ വീക്ഷിക്കുന്നതും പോണോഗ്രഫി കാണുന്നതുമെല്ലാം ലോകത്തിന്‍റെ പല ഭാങ്ങങ്ങളിലും, സാധാരണവും സാംസ്കാരികമായി അംഗീകരിക്കപ്പെട്ടതും ആരോഗ്യപരമായും കണ്ടു വരുന്നു. കണക്കുകള്‍ പ്രകാരം, ഓരോ സെക്കന്‍ഡിലും 28,258 ഉപയോക്താക്കളാണ് അശ്ലീല ചിത്രങ്ങള്‍ (pornography) കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം അശ്ലീല ചിത്രങ്ങളിലാകട്ടെ, 88 ശതമാനം രംഗങ്ങളിലും ശാരീരികമായ കൈയേറ്റമാണ് ദൃശ്യമാകുന്നത് എന്നും സ്ഥിതി വിവര കണക്കുകള്‍ വെളിപ്പെടുത്തുന്നു.[5] മലയാള ചലച്ചിത്രങ്ങളില്‍ തന്നെയും ‘വായ്നോക്കുന്നതും’, അതുപോലെ പൂവാലന്മാരെയുമെല്ലാം വലിയ മതിപ്പോടെയാണ് അവതരിപ്പിക്കപ്പെട്ടു പോരുന്നത്.
അങ്ങനെ, ഒരു വലിയ വിഭാഗം ആണ്‍കുട്ടികളും പുരുഷന്മാരും ചെറുപ്പം മുതല്‍ക്ക് തന്നെ, സ്ത്രീകളെ അനിയന്ത്രിതമായി നോക്കുവാന്‍ തുടങ്ങുകയും, തങ്ങളുടെ ലൈംഗിക ചോദനകള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവും വയ്ക്കാതെ, കാലക്രമേണേ സ്ത്രീകളെ ലൈംഗിക വസ്തുക്കളായി കാണുവാന്‍ പ്രേരിതരാകുകയും ചെയ്യുന്നു. ലോകമെമ്പാടും സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും വേര് ഇവിടെയാണ്.
എന്നാല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയിടുന്നതില്‍ പുരുഷന്മാരുടെ ദൃഷ്ടിയുടെ നിയന്ത്രണം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ നാം പൂര്‍ണമായും അജ്ഞതയുള്ളവരോ കണ്ണടച്ച് ഇരുട്ടാക്കുന്നവരോ ആയിക്കഴിഞ്ഞിരിക്കുന്നു. ഈ രീതിയില്‍, ഒരു ഭാഗത്ത് ലൈംഗിക അതിക്രമങ്ങളെ നാം അപലപിക്കുകയും, അതേ സമയം മറുഭാഗത്ത് ലൈംഗിക മൃഗങ്ങളെ സൃഷ്ടിക്കുന്ന വ്യവസ്ത്ഥിതികളെ അഭിമുഖീകരിക്കുന്നതില്‍ തോല്‍വി സമ്മതിക്കുകയും ചെയ്തിരിക്കുന്നു.
ഇതൊക്കെയാണെങ്കിലും, തുടക്കത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യം ബാക്കിയാകുന്നു: എന്തിനാണ് സ്ത്രീകളോട് സ്വയം മൂടി പുതയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നത്? സ്ത്രീകളുടെ വസ്ത്രധാരണത്തിന് എന്ത് പങ്കാണ് സമൂഹത്തില്‍ വഹിക്കുവാനുള്ളത്?
പ്രിന്‍സ്റ്റണ്‍ സൈക്കോളജിസ്റ്റായ സൂസന്‍ ഫിസ്കെ നടത്തിയ പഠനമനുസരിച്ച് പൂര്‍ണമായും വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളെ അപേക്ഷിച്ച് ബിക്കിനി ധാരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍, സാധനങ്ങള്‍ അല്ലെങ്കില്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഒരു ഭാഗമാണ് പുരുഷന്മാരില്‍ ഉത്തേജിക്കപ്പെടുന്നതെന്ന് നിരീഷിക്കപ്പെടുകയുണ്ടായി. അതായത്, ലൈംഗികവത്കരിക്കപ്പെട്ട സ്ത്രീശരീരങ്ങള്‍ കാണുമ്പോള്‍, പുരുഷന്മാര്‍ അവരെ ഒരു വസ്തുവായി കാണുവാനുള്ള സാധ്യത അധികമാണെണ് പഠനം വ്യക്തമാക്കുന്നു.[6]
മാധ്യമങ്ങളിലും ഫാഷന്‍ വ്യവസായത്തിലും സ്ത്രീകളെ ലൈംഗികവത്കരിച്ച് അവതരിപ്പിക്കുന്ന വ്യാപകമായ സംസ്കാരത്തിന്‍റെ അനന്തരഫലങ്ങളെയാണ് ഈ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നിട്ടും പരസ്യങ്ങളിലും ഓണ്‍ലൈന്‍ മീഡിയകളിലുമെല്ലാം, സ്ത്രീകളെ ഉത്പന്നവല്‍ക്കരിക്കുക (objectify) എന്നത് സര്‍വസാധാരണമായിരിക്കുകയാണ്. വെസ്ലെയ്ന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ശരാശരി 58 വ്യത്യസ്ത മാസികകളിലും 51.8 ശതമാനം പരസ്യങ്ങളിലും സ്ത്രീകളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാല്‍, പുരുഷന്മാരുടെ മാസികകളിലെ പരസ്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, 76 ശതമാനവും അവര്‍ ലൈംഗികവത്കരിക്കപ്പെട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.[7]
സങ്കടകരമായ യാതാര്‍ഥ്യമെന്തെന്നാല്‍, ഇതൊക്കെയും തന്നെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു എന്നതാണ്. പെര്‍സെപ്ഷന്‍ ന്യൂറോസയന്‍സിനെ (perception neuroscience) അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനത്തില്‍ നിന്നും കണ്ടെത്തിയത്, ഉത്പന്നവത്കരിക്കപ്പെട്ടതും ലൈംഗികവത്കരിക്കപ്പെട്ടതുമായ ബോഡി ഇമേജുകള്‍ കാണുന്നതിലൂടെ സ്ത്രീശരീരത്തോട് മനുഷ്യത്വരഹിതമായ ഒരു സമീപനം അക്രമികളുടെ ഉള്ളില്‍ ഉടലെടുക്കുന്നുവെന്നും, ഇതിന്‍റെ തിക്തഫലമായാണ് ലൈംഗിക അതിക്രമങ്ങള്‍ സംഭവിക്കുന്നത് എന്നുമാണ്.[8]
ഈ കണ്ടെത്തലിനെ സാധൂകരിച്ചു കൊണ്ട് യൂനിസെഫ് യു.എസ്.എ (UNICEF USA) പറയുന്നത്, മാധ്യമങ്ങളിലെ പെണ്‍കുട്ടികടെയും സ്ത്രീകളുടെയും ഉല്‍പന്നവത്കരണവും ലൈംഗികവത്കരണവും സ്ത്രീകള്‍ക്കെതിരെ ലോകത്തുടനീളം നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.[9]
ഇതൊക്കെയും വ്യക്തമാക്കി തരുന്നത്, ഇസ്‌ലാം സ്ത്രീകള്‍ക്കായി മുന്നോട്ട് വയ്ക്കുന്ന മാന്യമായ വസ്ത്രധാരണരീതി, ഒരു പരിധി വരെ സ്ത്രീകള്‍ക്ക് സംരക്ഷണമായി വര്‍ത്തിക്കുന്നുവെന്നും, അവരെ വെറും ഉപകരണങ്ങളായി മാത്രം കാണുന്നതില്‍ നിന്നും തടയിടുന്നു എന്നുമാണ്. വിരോധാഭാസമെന്തെന്നാല്‍, ഹിജാബും ബുര്‍ഖയും പോലുള്ള വസ്ത്രധാരണരീതികള്‍ വ്യക്തമായും അമാനവികവും പഴഞ്ചനുമായി ലേബല്‍ ചെയ്യപ്പെടുമ്പോള്‍, ഫാഷന്‍റെയും വസ്ത്രസ്വാതന്ത്ര്യത്തിന്‍റെയും മറയില്‍ സ്ത്രീകളെ ഉത്പന്നവത്കരിക്കുന്നത് ‘സ്ത്രീവിമോചനമായി’ പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ്.
വെളുപ്പിന്‍റെയും സൗന്ദര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രം സ്ത്രീകളെ വിലയിരുത്തുന്ന ഇത്തരം അമാനവികമായ വ്യവസ്ഥിതികളെയാണ് ഇസ്‌ലാം എതിര്‍ക്കുന്നത്. ഇസ്‌ലാം വിഭാവനം ചെയ്യുന്നത്, സ്ത്രീകള്‍ അവരുടെ കഴിവുകളുടെയും ബുദ്ധിയുടെയും സഹജമായ ഗുണങ്ങളുടെയും പേരില്‍ വിലയിരുത്തപ്പെടണമെന്നാണ്. ഇത്തരത്തില്‍ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.
യഥാര്‍ഥത്തില്‍, ഇസ്‌ലാം സ്ത്രീകളോട് ആവശ്യപ്പെടുന്നത്, തങ്ങളെ ബാഹ്യസൗന്ദര്യത്തിന്‍റെ പേരില്‍ സ്വയം നിര്‍വചിക്കുന്നത് അവസാനിപ്പിക്കുവാനും, പുരുഷന്മാരുടെ സല്‍സ്വഭാവത്തില്‍ ആശ്രയിക്കുന്നതിനു പകരം, തങ്ങളുടെ സുരക്ഷിതത്വം സ്വകരങ്ങളില്‍ ഏറ്റെടുക്കുവാനുമാണ്. പൊതു-സ്വകാര്യ ഇടങ്ങളില്‍ എതിര്‍ലിംഗത്തിലുള്ളവരുമായി ഇടപെടുമ്പോള്‍, ശാരീരികവും ആത്മീയവുമായ അതിരുകള്‍ സ്ഥാപിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.
ചുരുക്കത്തില്‍, സമൂഹത്തിന്‍റെ ധാര്‍മികത നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ ചുമലില്‍ മാത്രം നിക്ഷേപിക്കുവാന്‍ ഇസ്‌ലാം താല്പര്യപ്പെടുന്നില്ല. മറിച്ച്, സ്ത്രീക്കും പുരുഷനും ഒരു പോലെ ഇതില്‍ പങ്കുണ്ട് എന്ന ലിംഗസമത്വാടിസ്ഥാനത്തിലുള്ള അധ്യാപനമാണ് അത് മുന്നോട്ട് വയ്ക്കുന്നത്.
ഇസ്‌ലാമിക പര്‍ദയുടെ ശരിയായ വശത്തെ പറ്റി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകര്‍ പറയുന്നു:
“ദൈവത്തിന്‍റെ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ ഈ മറയെ സംബന്ധിച്ചു ചെയ്തുകാണുന്ന വ്യവസ്ഥയുടെ താല്പര്യം സ്ത്രീകളെ തടവുപുള്ളികളെപ്പോലെ വീടുകളില്‍ അടച്ചിടണമെന്നതല്ല. അത് ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ച് അറിവില്ലാത്ത അജ്ഞന്മാരുടെ അഭിപ്രായമത്രെ. എന്നാല്‍, ഇസ്‌ലാം നിര്‍ദേശിക്കുന്ന ‘പര്‍ദ’ സമ്പ്രദായത്തിന്‍റെ ഉദ്ദേശ്യം സ്ത്രീപുരുഷന്മാരുടെ സ്വച്ഛന്ദമായ പരസ്പര വീക്ഷണവും സൗന്ദര്യപ്രദര്‍ശനവും തടയുക എന്നുള്ളതാണ്.”[10]
എന്നാല്‍, ഇത്തരത്തിലുള്ള യഥാര്‍ഥ ഇസ്‌ലാമിക അധ്യാപനങ്ങള്‍ അവഗണിക്കപ്പെടുകയും, സ്ത്രീവിരുദ്ധരായ ഉലമാക്കളുടെ കമന്‍റുകളും ഫത്‌വകളും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്?
മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ, ലിംഗതുല്യതയുടെ വക്താക്കളായ സമൂഹങ്ങള്‍ രോഷാകുലരാകുകയും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും, ഫാഷന്‍ മാസികകളിലും, പരസ്യങ്ങളിലും അശ്ലീല സൈറ്റുകളിലും കാണപ്പെടുന്ന സ്ത്രീകളുടെ വ്യാപകമായ ലൈംഗികവത്കരണത്തിനും ഉത്പന്നവത്കരണത്തിനും നേരെ കണ്ണടയ്ക്കുന്നത് എന്തു കൊണ്ടാണ്?
സ്ത്രീ സ്വാതന്ത്രവാദികള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സ്ത്രീയെ ഉത്പന്നവല്‍ക്കരിക്കുക എന്നതായിരിക്കെ, തങ്ങളുടെ വിശ്വാസത്തിന് മുന്‍ഗണന നല്‍കി കൊണ്ട്, ബാഹ്യസൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങളെ തള്ളിക്കളയുന്ന മുസ്‌ലിം സ്ത്രീകളെ അപരിഷ്കൃതരെന്നും അടിച്ചമര്‍ത്തപ്പെട്ടവരെന്നും ഇവര്‍ ചിത്രീകരിക്കുന്നതില്‍ അതിശയിക്കാനില്ല.
ആയതിനാല്‍, മുസ്‌ലിം സ്ത്രീകളെ ‘വിമോചിപ്പിക്കുക’ എന്ന ഓറിയന്‍റലിസ്റ്റ് പാരമ്പര്യം നിലനിര്‍ത്തുവാന്‍ നെട്ടോട്ടമോടുന്ന നവലിബറല്‍ വാദികളും വൈറ്റ് ഫെമിനിസ്റ്റ് (white feminism) വക്താക്കളുമെല്ലാം കണ്ണു തുറക്കുകയും, സ്ത്രീസ്വാതന്ത്രവും ശാക്തീകരണവുമെല്ലാം മാര്‍ക്കറ്റിംഗ് ചെയ്യുന്ന രാക്ഷസ കമ്പോളക്കാരെ തിരിച്ചറിയുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ!
ടി. എ. നിലോഫര്‍ ഫിസിക്സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിലവില്‍ ലൈറ്റ് ഓഫ് ഇസ്‌ലാം ഇംഗ്ലീഷിന്‍റെ സബ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കുറിപ്പുകള്‍
[1] Islamophobia and Media Portrayals of Muslim Women: A Computational Text Analysis of US News Coverage, Rochelle Terman (2017), International Studies Quarterly
[2] വിശുദ്ധ ഖുര്‍ആന്‍ 24:31
[3] Sex Differences in Response to Visual Sexual Stimuli: A Review, Heather A Rupp & Kim Wallen (2008), Archives of Sexual Behavior
[4] സഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇസ്തിഅ്സാന്‍ (അനുവാദം ചോദിക്കുന്നതുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍)
[5] Pornography Statistics (n.d.), Covenant Eyes
[6] From Agents to Objects: Sexist Attitudes and Neural Responses to Sexualized Targets, Mina Cikara et al. (2010), Journal of Cognitive Neuroscience
[7] Women as Sex Objects and Victims in Print Advertisements, Julie M Stankiewicz & Francine Rosselli (2008), Sex Roles
[8] From Attire to Assault: Clothing, Objectification and Dehumanization – A possible prelude to sexual violence? Bhuvanesh Awasthi (2017), Frontiers in Psychology
[9] Not an Object: On Sexualization and Exploitation of Women and Girls, Jaimee Swift & Hannah Gould, UNICEF USA, 11 January 2021
[10] ഇസ്‌ലാംമത തത്ത്വജ്ഞാനം, പേ. 59-60
7 Comments
AbdulKareem CG · നവംബർ 14, 2024 at 9:09 am
Very good Article on Hijab.
Adil · നവംബർ 14, 2024 at 5:44 pm
ചിന്തിപ്പിക്കുന്ന ഒരു ആർട്ടിക്കിൾ ആണിത്. Mashallah
Fathima · നവംബർ 15, 2024 at 10:23 am
കാലോപിതമായ ആർട്ടിക്കിൾ
JazakAllah
FARHANA · നവംബർ 15, 2024 at 7:45 am
ഇസ്ലാമിക പർദ്ദ യുടെ യഥാർത്ഥ വസ്തുത ഏതു സാധാരക്കാരാനും മനസ്സിലാകും വിധം വളരെ നന്നായി അവതരിപ്പിച്ചു.. വളരെ നന്നായിട്ടുണ്ട്. 👍👍👍👍👍
Bushra TA · നവംബർ 16, 2024 at 2:34 pm
ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായ ആർട്ടിക്കിൾ ആണ്. എല്ലാക്കാലത്തും പർദ്ദ
Bushra TA · നവംബർ 16, 2024 at 2:36 pm
ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായ ആർട്ടിക്കിൾ ആണ്. എല്ലാക്കാലത്തും പർദ്ദ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നതിന് വ്യാപകമായി അനുകൂല താരംഗങ്ങൾ മുൻപത്തെക്കാൾ കൂടുതൽ ഉണ്ടായിട്ടുണ്ട്.
Abul Wafa · നവംബർ 26, 2024 at 6:48 pm
Jazakallah a well thought out article