ബുർക്കിനാ ഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു

ബുർക്കിനാ ഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു

ജനുവരി 16, 2023

വിശ്വാസം പരിത്യജിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇമാം ബൗറൈമ പറഞ്ഞു, “നിങ്ങള്‍ വേണമെങ്കില്‍ എന്‍റെ തലയെടുത്തുകൊള്ളുക. എന്ത് സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഇസ്‌ലാം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നതല്ല”

2023 ജനുവരി 11ന് ബുധനാഴ്ച ബുര്‍ക്കിനാ ഫാസോയിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ പള്ളിയില്‍ തീവ്രവാദികള്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായ രീതിയില്‍ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും.

മഹ്ദിയാബാദിലുള്ള പള്ളിയില്‍ നമസ്ക്കാരത്തിന് വേണ്ടി ഒത്തുകൂടിയതായിരുന്നു പ്രദേശത്തുള്ള അഹ്‌മദികള്‍. ഡോറി പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ അഹ്‌മദിയ്യാ ഭൂരിപക്ഷ പ്രദേശത്ത് ഏതാണ്ട് 650ഓളം അഹ്‌മദി മുസ്‌ലിങ്ങള്‍ താമസിക്കുന്നുണ്ട്. നമസ്ക്കാരത്തിനായി ബാങ്ക് വിളിക്കുന്നതിനിടെ ആയുധധാരികളായ എട്ട് ഭീകരവാദികള്‍ മോട്ടോര്‍ ബൈക്കുകളില്‍ എത്തി പള്ളിയില്‍ അതിക്രമിച്ച് കയറി അഹ്‌മദികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

ഇമാം മസ്ജിദ് ഉള്‍പ്പെടെ ഒമ്പത് പുരുഷന്മാരെ തെരഞ്ഞെടുത്ത് ഭീകരവാദികള്‍ പള്ളിയങ്കണത്തിലേക്ക് കൊണ്ട് പോയി. അവര്‍ 67കാരനായ ഇമാം അല്‍ഹാജ് ബൗറൈമ ബിഡിഗയോട് അദ്ദേഹത്തിന്റെ വിശ്വാസം പരിത്യജിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, “നിങ്ങള്‍ വേണമെങ്കില്‍ എന്റെ തലയെടുത്തുകൊള്ളുക. എന്ത് സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഇസ്‌ലാം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നതല്ല”. തുടര്‍ന്ന് അവര്‍ അദ്ദേഹത്തെ വെടി വച്ച് കൊലപ്പെടുത്തി.

അതിനുശേഷം അവര്‍ മറ്റ് എട്ട് പേരോടും ഓരോരുത്തരോടായി ഇതേ കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ അവരില്‍ ഒരാള്‍ പോലും തങ്ങളുടെ വിശ്വാസം വെടിയാന്‍ സമ്മതിച്ചില്ല. അവര്‍ അങ്ങനെ ഓരോരുത്തരായി വെടിയേറ്റ് കൊല്ലപ്പെട്ടു. ഓരോ രക്തസാക്ഷികളുടെയും കണ്ഠത്തില്‍ നിന്നും ഉതിര്‍ന്ന അവസാന വാക്കുകള്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നായിരുന്നു. പള്ളിയിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള മറ്റ് വിശ്വാസികളുടെ കണ്‍മുമ്പില്‍ വച്ചായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്.

അഹ്‌മദി മുസ്‌ലിങ്ങള്‍ അവരുടെ വിശ്വാസം ഉപേക്ഷിക്കാതിരിക്കുകയോ അല്ലെങ്കില്‍ വീണ്ടും പള്ളി തുറക്കുകയോ ചെയ്യുന്ന പക്ഷം തങ്ങള്‍ വീണ്ടും വരുമെന്നും ഗ്രാമത്തിലുള്ള എല്ലാ അഹ്‌മദികളെയും വധിക്കുമെന്നും ഭീഷണി മുഴക്കിയാണ് ഭീകരര്‍ സ്ഥലം വിട്ടത്.

ആ ഒരു ഭീകരാന്തരീക്ഷം കാരണം മൃതദേഹങ്ങള്‍ എടുത്താല്‍ തങ്ങളും കൊല്ലപ്പെടുമെന്ന് ജനങ്ങള്‍ ഭയന്നതിനാല്‍ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ രാത്രി മുഴുവന്‍ പള്ളിമുറ്റത്ത് തന്നെ കിടന്നു. അടുത്ത ദിവസമാണ് കബറടക്കം ചെയ്യപ്പെട്ടത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ഒരു ഔദ്യോഗിക വക്താവ് പറയുന്നു:

“ലോകമെമ്പാടുമുള്ള ഞങ്ങളുടെ സമുദായം ഒരു കുടുംബമാണ്. ഞങ്ങളുടെ സഹോദരങ്ങള്‍ അരുംകൊല ചെയ്യപ്പെട്ടതില്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. അവരുടെ സന്തപ്ത ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു. അല്ലാഹു രക്തസാക്ഷികളെ തന്റെ കാരുണ്യമാകുന്ന പുതപ്പില്‍ പൊതിയട്ടെ എന്ന് ഞങ്ങള്‍ ഹൃദയാത്മനാ പ്രാര്‍ഥിക്കുന്നു.

“ബുര്‍ക്കിനാ ഫാസോയില്‍ ക്രമസമാധാനവും സുരക്ഷിതാവസ്ഥയും നിലനില്ക്കുന്നതിന് വേണ്ടിയും ഞങ്ങള്‍ പ്രാര്‍ഥനാനിരതരാണ്. അഹ്‌മദി മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള അവിടെയുള്ള ജനങ്ങളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ നിറവേറ്റാനും ഈ ഹീനകൃത്യം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഞങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു.

പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും സര്‍ക്കാരിന്റെ പിന്തുണയോടെയും അല്ലാതെയും അഹ്‌മദി മുസ്‌ലിങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നു. 2010ല്‍ പാകിസ്ഥാനിലെ ലോഹോര്‍ പട്ടണത്തില്‍ വച്ച് രണ്ട് അഹ്‌മദി മസ്ജിദുകളില്‍ ഭീകരര്‍ നിര്‍ദയം നടത്തിയ നരവേട്ടയില്‍ നിരവധി അഹ്‌മദി മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

ബുര്‍ക്കിനാ ഫാസോയിലെ രക്തസാക്ഷികളുടെ പേരുകള്‍ ഇപ്രകാരമാണ്:

  1. അല്‍ഹാജ് ബൗറൈമ ബിഡിഗ – 67 വയസ്സ്
  2. ഏ ജീ മാനിയല്‍ അല്‍ഹസ്സനെ – 70 വയസ്സ്
  3. ഏ ജീ ഹമീദൗ അബ്ദുറമാനെ – 66 വയസ്സ്
  4. ഏ ജീ ഇബ്രാഹീം സോലെ – 66 വയസ്സ്
  5. ഏ ജീ മാലിയല്‍ ഒസ്സേനി – 66 വയസ്സ്
  6. ഏ ജീ സൗദേയെ ഉസ്മാനെ – 58 വയസ്സ്
  7. ഏ ജീ മാഗുഅല്‍ അഗാലി – 52 വയസ്സ്
  8. ഏ ജീ ഇദ്രാഹി മൂസ – 52 വയസ്സ്
  9. ഏ ജീ അദ്രമാനെ അഗൂമ – 43 വയസ്സ്

ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pressahmadiyya.comല്‍ നിന്ന് അവലംബിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

5 Comments

Mujeeb Rahman · ജനുവരി 16, 2023 at 5:58 am

അള്ളാഹു ഈ ശുഹദാക്കൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🌹

Shafeek s · ജനുവരി 16, 2023 at 6:17 am

അല്ലാഹു ഈ ശുഹൈദ്ധാക്കൾക് ഉന്നത പദവി നൽകുമാറാകട്ടെ. കുടുംബങ്ങങ്ങൾക്കും ജമാഅത്തിനും സഹനം നൽകുമാറാകട്ടെ.അല്ലാഹു ശത്രുക്കളെ എത്രയും വേഗം പിടിക്കുകയും ബുർക്കിനൊ ഫാസയിൽ സമാധാനം സംജാതമാകട്ടെ. ആമീൻ

Dr AHAMED (H) · ജനുവരി 16, 2023 at 8:43 am

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ അവർ ഒരിക്കലും മരിചവരല്ല എന്ന് വിശുദ്ധ ഖുർആൻ സാക്ഷിയാണ് അത് കൊണ്ട് തന്നെ അല്ലാഹു അവർക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ അവരുടെ കുടുംബങ്ങൾക്ക് അല്ലാഹു സമാധാനം നൽകുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    AbdulKareem CG Lakshadweep · ജനുവരി 18, 2023 at 9:00 am

    അള്ളാഹുത്തആല ഈ ശുഹദാക്കൾക്ക് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ . ശുഹദാക്കളുടെ കുടുംബങ്ങൾക്ക് അള്ളാഹുത്ത ആലാ ക്ഷമയും ധാരാളം ഐശ്വര്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

Jamaludeen HA · ജനുവരി 16, 2023 at 10:11 am

May Allah give maghfirat to all the martyrs. Ameen

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed