“സഹനം കൈകൊള്ളുന്നത് പ്രവാചകചര്യയാണ്” അഹ്‌മദി മുസ്‌ലീങ്ങൾ തുടര്‍ന്നും പ്രാര്‍ഥനകളിലൂടെ എതിര്‍പ്പുകളെ നേരിടുമെന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ്

“സഹനം കൈകൊള്ളുന്നത് പ്രവാചകചര്യയാണ്” അഹ്‌മദി മുസ്‌ലീങ്ങൾ തുടര്‍ന്നും പ്രാര്‍ഥനകളിലൂടെ എതിര്‍പ്പുകളെ നേരിടുമെന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ്

മെയ്‌ 15, 2023

“ശത്രുക്കളുടെ ആക്രമണം വർധിക്കുന്നതിനനുസരിച്ച്, സർവ്വശക്തനായ അല്ലാഹുവിലേക്ക് നമ്മള്‍ കൂടുതൽ തിരിയണം. ഇതാണ് നമ്മുടെ വിജയത്തിനുള്ള ഒരേയൊരു മാര്‍ഗം” – ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്)

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും, ഖലീഫത്തുൽ മസീഹ് (വാഗ്ദത്ത മസീഹിന്‍റെ ഖലീഫ) അഞ്ചാമനുമായ, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) അഹ്‌മദി മുസ്‌ലിങ്ങള്‍ നേരിടുന്ന കഠിനമായ പീഡനങ്ങളെ അവര്‍ ക്ഷമയോടെ നേരിടണമെന്നും തങ്ങളുടെ സ്രഷ്ടാവിലേക്ക് കൂടുതൽ തിരിയണമെന്നും ഉപദേശിച്ചു.

2023 ഏപ്രിൽ 28ന്, ടിൽഫോർഡിലെ ഇസ്‌ലാമാബാദിലുള്ള മുബാറക്ക് മസ്ജിദിൽ നിർവഹിച്ച ജുമുഅ ഖുത്ബയിൽ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) അഹ്‌മദി മുസ്‌ലിങ്ങൾ നിരവധി രാജ്യങ്ങളിൽ നേരിടുന്ന എതിര്‍പ്പുകളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിച്ചു.

അഹ്‌മദി മുസ്‌ലിങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമികാധ്യാപനങ്ങളെ പിന്‍പറ്റുന്നതിനാല്‍ ശത്രുക്കളോട് പക വീട്ടാത്തവരും വിദ്വേഷങ്ങളെ പ്രതികാരബുദ്ധ്യാ നേരിടാത്തവരുമാണെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി.

ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“വാഗ്ദത്ത മസീഹ്(അ) തന്‍റെ അനുയായികളോട് അവർ സദാ ക്ഷമ കാണിക്കുകയും പ്രാർത്ഥനയിലേക്ക് ശ്രദ്ധ ചെലുത്തുകയും ചെയ്യണമെന്ന് എപ്പോഴും ഉണര്‍ത്തിയിരുന്നു. അതിക്രമകാരികളുടെ അക്രമങ്ങള്‍ ക്ഷമയോടെ സഹിക്കാൻ കഴിയാത്തവര്‍ക്ക് തന്നെ വിട്ടുപോകാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മള്‍ അവലംബിക്കുന്ന സഹനം മാത്രമാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ ലോകത്ത് വ്യതിരിക്തമാക്കുന്നത്.”

ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) തുടര്‍ന്ന് പറഞ്ഞു:

“ഞങ്ങള്‍ ഇത്രയധികം ക്ഷമ കാണിക്കുന്നത് എന്തിനാണന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും എന്നോട് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയാറുള്ളത്, തങ്ങളോട് അതിക്രമം പ്രവര്‍ത്തിക്കുന്നവരുടെ അതേ രാജ്യത്തുള്ളവരും ജനതയില്‍ പെട്ടവരുമാണ് അഹ്‌മദി മുസ്‌ലിങ്ങളും…. ഞങ്ങളുടെ എതിരാളികളുടെ അതേ മനോഭാവവും സ്വഭാവവുമാണ് ഞങ്ങള്‍ക്കും ഉള്ളത്. അതിനാല്‍, എതിരാളികളുടെ അതേ പ്രതികരണം ഞങ്ങള്‍ക്കും കാണിക്കാന്‍ സാധിക്കും. എന്നാല്‍, ഞങ്ങള്‍ കാലത്തിന്‍റെ ഇമാമിനെ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം തേടുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും ഞങ്ങള്‍ ക്ഷമ കൈകൊള്ളുകയും അല്ലാഹുവില്‍ ഭരമേല്പിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്.”

അഹ്‌മദി മുസ്‌ലിങ്ങൾ നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തങ്ങളുടെ അവകാശങ്ങൾ തേടേണ്ടതാണെന്ന് അഹ്‌മദിയ്യാ ഖലീഫ വ്യക്തമാക്കി.

അല്ലാഹു എപ്പോഴും അഹ്‌മദി മുസ്‌ലിങ്ങളുടെ സഹായത്തിനായി എത്തിയിട്ടുണ്ടെന്ന് ജമാഅത്തിന്‍റെ ചരിത്രത്തില്‍ നിന്ന് വ്യക്തമാണെന്ന് ഖലീഫ തിരുമനസ്സ് ഓര്‍മപ്പെടുത്തി.

ഹദ്റത്ത് മിർസാ മസ്റൂര്‍ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“സഹനം കാണിക്കുക എന്നത് പ്രവാചകന്മാരുടെ പാതയാണ്. ആയതിനാല്‍ ക്ഷമ കാണിക്കണമെന്ന് തന്നെയാണ് വാഗ്ദത്ത മസീഹ്(അ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്.”

‘ക്ഷമ’ എന്നാൽ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക എന്നല്ല അർത്ഥമാക്കുന്നത് എന്ന് അഹ്‌മദിയ്യാ ഖലീഫ പറഞ്ഞു. മറിച്ച്, നമ്മുടെ ആരാധനയിൽ വർധനവ് വരുത്തുകയും അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുക എന്നത് ക്ഷമയില്‍ പെട്ടതാണ്.

ഹദ്റത്ത് മിർസാ മസ്റൂര്‍ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“‘ഞങ്ങൾ ക്ഷമയുള്ളവരാണ്’ എന്ന് വെറുതെ പറയുകയും തുടർന്ന് വെറുതെ ഇരിക്കുകയും ചെയ്യുന്നത് ക്ഷമയുടെ യഥാർത്ഥ മനോഭാവത്തിന് എതിരാണ്. പകരം, നാം നമ്മുടെ ആന്തരികതയെ വിശകലനം ചെയ്യുകയും എപ്പോഴും അതിനെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്ന ആളുകൾക്ക്, അവര്‍ ചിന്തിക്കാത്ത മാര്‍ഗങ്ങളിലൂടെ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതാണ്. നാം ക്ഷമയുടെ പരിധികള്‍ ലംഘിച്ച് തങ്ങളെപ്പോലെ പെരുമാറണമെന്നാണ് നമ്മുടെ എതിരാളികള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ അവർ അവരുടെ ലക്ഷ്യത്തിൽ വിജയിക്കുന്നതായിരിക്കും. എന്നാല്‍, നാം നമ്മുടെ ബുദ്ധി ഉപയോഗിക്കണമെന്നും സർവ്വശക്തനായ അല്ലാഹുവിന്‍റെ കല്പനകൾക്കനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സ്വയം വിശകലനം ചെയ്യണമെന്നും, അവന്‍റെ കല്പനകൾ പാലിക്കണമെന്നുമാണ് അല്ലാഹു നമ്മോട് നിർദ്ദേശിക്കുന്നത്.”

ഉചിതമായ കാരണങ്ങള്‍ക്ക് വേണ്ടിയാണ് ക്ഷമ കാണിക്കേണ്ടത് എന്ന് പറഞ്ഞു കൊണ്ട് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“ക്ഷമ കാണിക്കുന്നത് ഏതെങ്കിലും ലൗകിക ഭയത്തിന്‍റെ ഫലമായിട്ടാവരുതെന്ന് എപ്പോഴും ഓര്‍ക്കേണ്ടതാണ്. മറിച്ച്, അത് സർവ്വശക്തനായ അല്ലാഹുവിന്‍റെ പ്രീതി തേടുന്നതിന് വേണ്ടി മാത്രമായിരിക്കണം. അപ്പോൾ മാത്രമേ നമ്മുടെ പ്രവർത്തനങ്ങളെ യഥാർത്ഥത്തിൽ ക്ഷമഎന്ന് വിളിക്കാൻ കഴിയൂ. അപ്പോൾ മാത്രമേ അവ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ നേടിത്തരികയുള്ളു. അല്ലാഹുവിന്‍റെ പ്രീതിക്കായി ആരെങ്കിലും ഭരണാധികാരിയുടെ മുന്നിലോ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിലോ നിശബ്ദത പാലിക്കുകയാണെങ്കിൽ, അതാണ് യഥാർത്ഥ ക്ഷമ. എന്നാല്‍, ആ വ്യക്തികളോടുള്ള പേടികൊണ്ടോ ഭയപരവശത കൊണ്ടോ നിശബ്ദത പാലിക്കുകയാണെങ്കിൽ, അത് ശരിയായ മാർഗമല്ല. നാം ക്ഷമാശീലത്തിന് ഊന്നൽ നൽകുന്നതെല്ലാം, അത് അല്ലാഹുവിന്‍റെ കല്പ്പനയായതിനാൽ മാത്രമാണ്.”

തങ്ങള്‍ നേരിടുന്ന അനീതികളോട്, തങ്ങളെ അടിച്ചമര്‍ത്തുന്നവരെ പാഠം പഠിപ്പിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ വേണമെങ്കില്‍ അഹ്‌മദികള്‍ക്ക് സാധിക്കുമെന്നും, എന്നാല്‍ അത് ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായത് കൊണ്ട് അവര്‍ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല എന്നും അഹ്‌മദിയ്യാ ഖലീഫ വ്യക്തമാക്കി.

ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്)പറഞ്ഞു:

“ക്ഷമ കൈകൊള്ളാന്‍ കല്പ്പിക്കുന്ന ഇസ്‌ലാമിന്‍റെ അധ്യാപനങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പ്രതികരിക്കുന്നത് അഹ്‌മദി മുസ്‌ലിങ്ങൾ എന്ന നിലയിൽ ഞങ്ങൾ വെറുക്കുന്നു. അങ്ങനെ ചെയ്യുന്നത്, മുൻ പ്രവാചകന്മാരുടെ സമുദായങ്ങൾ സ്ഥാപിച്ച പാതകള്‍ക്ക് എതിരും, മനുഷ്യരാശിയെ എല്ലാ ദ്രോഹങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന് വാഗ്ദത്ത മസീഹ്(അ)നോട് ഞങ്ങള്‍ ചെയ്ത ബൈഅത്തിന്‍റെ (സത്യപ്രതിജ്ഞ) ലംഘനവുമായിരിക്കും.”

ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“എപ്പോഴും ക്ഷമ കൈകൊള്ളുകയും പ്രാര്‍ഥനയിലേക്ക് ശ്രദ്ധ ചെലുത്തുകയും ചെയ്യുക എന്നതാണ് പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും രീതി. കാരണം ഇത് സർവശക്തനായ അല്ലാഹുവിന്‍റെയും പ്രവാചകൻ മുഹമ്മദ്(സ)യുടെയും കല്പനയാണ്. വാഗ്ദത്ത മസീഹ്(അ) നമുക്ക് നൽകിയ  അധ്യാപനവും ഇതു തന്നെയാണ്. ആയതിനാൽ, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വിശാലമായ പുരോഗതി ഉറപ്പ് വരുത്തുന്നതിനായി ചെറുതും താത്കാലികവുമായ ബുദ്ധിമുട്ടുകൾ സഹനത്തോടെ നേരിടണമെന്ന് നാം എപ്പോഴും ഓർക്കേണ്ടതാണ്.”

വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചു കൊണ്ട് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“[വാഗ്ദത്ത മസീഹ്(അ) പറഞ്ഞിരിക്കുന്നു], ‘എന്നെ എതിർക്കുന്ന ആളുകൾ, അതിവേഗം ഒഴുകുന്ന നദിയുടെ മുന്നിൽ, അതിന്‍റെ ഒഴുക്ക് തടയുമെന്ന പ്രതീക്ഷയിൽ  കൈ വയ്ക്കുകയാണ് ചെയ്യുന്നത്’. എന്നാൽ അതിന്‍റെ ഒഴുക്ക് തടയാനാവില്ല എന്ന കാര്യം വളരെ വ്യക്തമാണ്. വാഗ്ദത്ത മസീഹ്(അ) പറയുന്നു, ‘തങ്ങളുടെ നിന്ദാവചനങ്ങള്‍ കൊണ്ട് അതിന്‍റെ ഒഴുക്ക് തടയാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ അതിന് തടയിടാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് അവർ ഓർക്കത്തിരിക്കേണ്ടതാണ്.”

ഹദ്റത്ത് മിർസാ മസ്റൂര്‍ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

“വിജയം നേടാനുള്ള നമ്മുടെ ആയുധങ്ങൾ എതിരാളികൾ നമ്മെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളല്ലെന്ന് വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചിട്ടുണ്ട്. മറിച്ച്, അല്ലാഹുവിനോട് പാപമോചനം തേടുകയും, ദീനിനെക്കുറിച്ചുള്ള അറിവ് തേടുകയും, അല്ലാഹുവിന്‍റെ ശക്തിയും മഹത്വവും മനസ്സിൽ സൂക്ഷിക്കുകയും, ദിവസവും അഞ്ച് നേരം അവനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നാം വിജയികളാകൂ.”

ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) തുടർന്ന് പറഞ്ഞു:

“നമ്മുടെ എതിരാളികൾ നമ്മെ ആക്രമിക്കുന്നതില്‍ വർധിക്കുന്നതിനനുസരിച്ച്, നാം സർവശക്തനായ അല്ലാഹുവിലേക്ക് കൂടുതൽ തിരിയേണ്ടതാണ്. ഇത് മാത്രമാണ് നമ്മുടെ വിജയത്തിന്‍റെ താക്കോൽ. മറ്റൊരു തരത്തിലുള്ള പ്രതികരണവും കാണിക്കുന്നതിനുപകരം, വാഗ്ദത്ത മസീഹ്(അ) നമ്മോട് പിന്തുടരാൻ ആവർത്തിച്ച് ഉപദേശിച്ച മാർഗമാണിത്. വാഗ്ദത്ത മസീഹ്(അ)ന്‍റെ പ്രവചനമനുസരിച്ച്, ഇന്‍ശാ അല്ലാഹ്, നമ്മുടെ വിജയവും നേട്ടവും തീർച്ചയായും വിധിക്കപ്പെട്ടു കഴിഞ്ഞതാണ്. സഹനം കൈകൊള്ളുന്നതോടൊപ്പം, വിവേകപൂര്‍വം നമ്മുടെ പ്രവൃത്തികൾ തുടരാനും നാം എപ്പോഴും ശ്രമിക്കണം. വിവേകത്തോടെ പ്രവർത്തിച്ചാൽ പല ലക്ഷ്യങ്ങളും നമുക്ക് നേടാനാകും. വിവേകപൂർവം നമ്മുടെ പ്രവൃത്തികൾ തുടരുക എന്നത് വളരെ പ്രധാനമാണ്. ഓരോ അഹ്‌മദി മുസ്‌ലിമും അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കിയാൽ, നമ്മുടെ പല വെല്ലുവിളികളെയും നമുക്ക് സമാധാനപരമായ രീതികളിലൂടെയും പ്രാർഥനകളിലൂടെയും മറികടക്കാൻ സാധിക്കുന്നതായിരിക്കും.”

ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pressahmadiyya.comല്‍ നിന്ന്.

വിവര്‍ത്തനം: സക്കീന ടി. കെ, അലനല്ലൂര്‍

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

1 Comment

CG Jamaludeen · മെയ്‌ 16, 2023 at 5:18 am

ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള വളരെ നല്ല ഉപദേശം 👍🏻

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed