ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക

ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.

ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക

ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 18 ഓഗസ്റ്റ്‌ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ഓഗസ്റ്റ്‌ 22, 2023

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് വിശുദ്ധ ഖുർആനിലെ നാലാം അധ്യായമായ അന്നിസാഇലെ ചുവടെ കൊടുത്ത വചനം പാരായണം ചെയ്യുകയുണ്ടായി.

“നിശ്ചയമായും അല്ലാഹു അമാനത്തുകൾ അവയുടെ അവകാശികൾക്ക് ഏല്പിക്കണമെന്ന് നിങ്ങളോട് കല്പിക്കുന്നു.”[1]

തുടര്‍ന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു, ജനങ്ങളുടെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെടുന്നതും അമാനത്താകുന്നു എന്ന് പ്രവാചകന്‍ മുഹമ്മദ്(സ) പറഞ്ഞതായി ഒരു നിവേദനത്തിൽ വന്നിരിക്കുന്നു. ആയതിനാൽ ജമാഅത്തിന്‍റെ വ്യവസ്ഥിതിയിൽ ഏതെങ്കിലും സ്ഥാനത്ത് നിയമിക്കപ്പെടുന്നത് അമാനത്താകുന്നു. പ്രാദേശിക തലത്തിലും, കേന്ദ്ര തലത്തിലും, ശാഖാ സംഘടനകളിലും ഭാരവാഹികള്‍ നിയമിക്കപ്പെടുന്നു. തിരഞ്ഞെടുപ്പിലൂടെയാണ് സാധാരണ ഇവര്‍ നിയമിതരാകുന്നത്. അതുകൊണ്ട് ഈ സ്ഥാനത്തേക്ക് യോഗ്യരായവരെ നിയമിക്കുവാനാണ് കല്പന നല്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും അനുയോജ്യരായ വ്യക്തികളെ തിരഞ്ഞെടുക്കുക

ഭാരവാഹികൾക്ക് വേണ്ടി പേര് നിർദേശിക്കുമ്പോഴോ, തിരഞ്ഞെടുക്കുമ്പോഴോ മുൻകാല സൗഹൃദങ്ങളോ ബന്ധങ്ങളോ പരിഗണിക്കരുതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ജമാഅത്തംഗങ്ങളും, കാലത്തിന്‍റെ ഖലീഫയുമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഓരോ സ്ഥാനത്തേക്കും ഏറ്റവും അനുയോജ്യനായ വ്യക്തി ആരാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ചിലപ്പോൾ, ഒരാളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ അനുമാനം കൃത്യമായില്ലെന്നും വരാം. അല്ലെങ്കിൽ ഒരു സ്ഥാനം ലഭിച്ചതിന് ശേഷം, അവരുടെ സ്വഭാവം മാറുന്നു. വിനയം പരിശ്രമം നീതി എന്നീ ഗുണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കേണ്ട ഭാരവാഹി ആ ഗുണങ്ങൾ പ്രകടിപ്പിക്കാതിരിക്കുന്നതായി കാണാം. അത്തരം സന്ദർഭങ്ങളിൽ, ഉത്തരവാദിത്വം ആ ഭാരവാഹിക്കായിരിക്കും. അവരെ തിരഞ്ഞെടുത്ത ആളുടെ മേലായിരിക്കുകയില്ല.

നമ്മിൽ ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കാൻ നാം എപ്പോഴും പരിശ്രമിക്കണമെന്നും ദുആയിലൂടെ അത് ചെയ്യണമെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. സ്ഥാനമോഹികളായവരെ തിരഞ്ഞെടുക്കാതിരിക്കാൻ എപ്പോഴും ശ്രമിക്കുക എന്നതാണ് ഉദ്ദേശ്യം. കാലത്തിന്‍റെ ഖലീഫയോ ഭാരവാഹികളോ ഒരു വ്യക്തിയിലെ ഈ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞാൽ അവരെ നിയമിക്കുന്നതല്ല. ഇത് തന്നെയാണ് നബി തിരുമേനി(സ)യുടെ അധ്യാപനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്.

സ്ഥാനമോ പദവിയോ ആവശ്യപ്പെടാൻ പാടില്ല

ഒരിക്കൽ രണ്ട് പേർ നബി തിരുമേനി(സ)യുടെ അടുത്ത് ചെന്ന് അവർക്ക് നിർവഹിക്കാൻ സാധിക്കുന്ന ഒരു നിശ്ചിത സ്ഥാനം നല്കണമെന്ന് പറഞ്ഞു. താൻ നിയോഗിക്കുന്നവരെ അല്ലാഹു സഹായിക്കുന്നതാണെന്നും എന്നാൽ, സ്ഥാനമോ പദവിയോ ആഗ്രഹിക്കുന്നവരും, ആവശ്യപ്പെടുന്നവരും അനുഗ്രഹിക്കപ്പെടുകയോ സഹായിക്കപ്പെടുകയോ ചെയ്യുകയില്ലെന്നും നബി തിരുമേനി(സ) പറഞ്ഞു.

തീർച്ചയായും, എല്ലാവരിലും ദീനീ സേവനത്തിനുള്ള ആഗ്രഹവും ആവേശവും ഉണ്ടായിരിക്കണം. എന്നാൽ, ഈ സേവനം അവരോട് ആവശ്യപ്പെടുന്ന രീതിയിൽ ആയിരിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. പുണ്യപ്രവാചകന്‍(സ) പഠിപ്പിച്ചതുപോലെ, ഒരു പ്രത്യേക സ്ഥാനത്തേക്ക് ഏറ്റവും മികച്ച വ്യക്തിയെ തിരഞ്ഞെടുക്കേണ്ടത് ദുആയുടെ സഹായത്തോടെയാണെന്ന് എല്ലായ്പ്പോഴും മനസ്സിലാക്കണം. കൂടാതെ, ഒരു സ്ഥാനം പരസ്യമായി ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, തീരുമാനമെടുക്കുന്ന വ്യക്തി തന്‍റെ തിരഞ്ഞെടുക്കാനുള്ള അവകാശം നീതിയുക്തമായി ഉപയോഗിക്കേണ്ടതാണ്.

പൊതുവേ, തിരഞ്ഞെടുപ്പ് ഫലങ്ങൾ കാലത്തിന്‍റെ ഖലീഫയുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയ വ്യക്തിയുടെ പേര് അംഗീകരിക്കുന്നതിനോ, കുറവ് വോട്ടുള്ള മറ്റാരെയെങ്കിലും തിരഞ്ഞെടുക്കുന്നതിനോ അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ചില സമയങ്ങളിൽ, കാലത്തിന്‍റെ ഖലീഫയ്ക്ക് മറ്റുള്ളവരുടെ അറിവിൽ ഇല്ലാത്ത വിവിധ കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കുന്നതാണ്.

ദേശീയ കേന്ദ്ര ആസ്ഥാനത്തിന് അംഗീകാരം നല്കാവുന്ന ചില തിരഞ്ഞെടുപ്പുകളും ഉണ്ട്. എന്തെങ്കിലും മാറ്റം ആവശ്യമെങ്കിൽ, അവർ ഖലീഫയോട് അനുവാദം തേടുന്നു.

എല്ലായ്‌പ്പോഴും മികച്ച ആളുകളെ തിരഞ്ഞെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നിരുന്നാലും ചില സമയങ്ങളിൽ, നിശ്ചിത ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കേണ്ടതായി വരുന്നു. തിരഞ്ഞെടുക്കുന്നവർ എപ്പോഴും മനസ്സിലാക്കെണ്ടാത്, തങ്ങളിൽ അർപ്പിക്കപ്പെടുന്ന വിശ്വസ്തതയോട് നീതി പുലർത്തുന്നവരെ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. അല്ലാതെ ഏതെങ്കിലും സൗഹൃദം കൊണ്ടോ ബന്ധങ്ങൾ കൊണ്ടോ, അല്ലെങ്കിൽ ഭൂരിഭാഗം പേരും കൈ പൊക്കിയത് കണ്ടതിന്‍റെ അടിസ്ഥാനത്തിലോ ഒരാളെ തിരഞ്ഞെടുക്കരുത്.

ഈ വർഷം ചില സ്ഥലങ്ങളിൽ ശാഖാ സംഘടനകളുടെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് സമിതി നീതിയോട് കൂടി അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടതാണെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. നാം നമ്മുടെ കടമകൾ നീതിയോട് കൂടി നിറവേറ്റുകയാണെങ്കിൽ ജമാഅത്തിന്‍റെ അഭിവൃദ്ധിയിൽ ഭാഗമാകാൻ സാധിക്കുന്നതാണ്.

നിലവിൽ ഭാരവാഹികൾ ആയിട്ടുള്ളവർ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കേണ്ടതാണ്. അവർക്ക് ദൈവം സേവനത്തിനുള്ള സൗഭാഗ്യം തന്നിരിക്കുകയാണെന്ന് മനസ്സിലാക്കുകയും, അതുകൊണ്ട് സ്വാർഥ താല്പര്യങ്ങൾ എല്ലാം മാറ്റിവെച്ചു കൊണ്ട് ദൈവത്തിന്‍റെ തൃപ്തി മാത്രം ലക്ഷ്യം വയ്ക്കുകയും ചെയ്യേണ്ടതാണ്.

ചില ഭാരവാഹികളെ കുറിച്ച് അവർ വിനയാന്വിതരാവാതെ അഹങ്കാരത്തോടെ പെരുമാറുന്നു എന്ന പരാതികൾ ലഭിക്കാറുണ്ട്. ഭാരവാഹികളുടെ ഭാഗത്ത് നിന്ന് അത്തരം പെരുമാറ്റം അംഗീകരിക്കാൻ സാധിക്കുകയില്ല. അവർ അവരുടെ സംസ്കരണം നടത്തേണ്ടതാണ്.

ചില ഭാരവാഹികൾ അവരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കുന്നില്ല എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ചില സമയങ്ങളിൽ അദ്ദേഹം ഏതെങ്കിലും കാര്യത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ ഓർമപ്പെടുത്തലുകൾ നടത്താത്തത് വരെ ഫയലുകൾ മേശ വലിപ്പിൽ തന്നെ കിടക്കുന്നു. ഖലീഫയിൽ നിന്നും, കേന്ദ്രത്തിൽ നിന്നും വരുന്ന കത്തുകളോട് ഈ രീതിയിലാണ് സമീപനം എങ്കിൽ, എല്ലാ ദിവസവും ജനങ്ങളോടുള്ള സമീപനം എങ്ങനെ ആയിരിക്കും.

അത്തരം ഭാരവാഹികൾ സ്വന്തം സംസ്കരണം നടത്തേണ്ടതാണ്. ഇല്ലെങ്കിൽ അവർ അവരുടെ ആ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതാണ്.

ഭാരവാഹികളുടെ ഉത്തരവാദിത്വങ്ങൾ

ഭാരവാഹികളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് താന്‍ ചില കാര്യങ്ങള്‍ പറയാൻ ആഗ്രഹിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വിനയാന്വിതരാവുക എന്നതാണ് പ്രഥമപ്രധാനമായ സംഗതി. അല്ലാഹു എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നവനാനെന്നും, അത്തരക്കാരെ (ചുമതല ലഭിച്ചവരെ) അവന്‍ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും മനസ്സിലാക്കണം. കാലത്തിന്‍റെ ഖലീഫയുടെ അംഗീകാരം ലഭിച്ചാൽ തങ്ങൾ തങ്ങളുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കണം എന്ന മാനസികാവസ്ഥ ഉണ്ടാകണം. ഈ മാനസികാവസ്ഥ ഉണ്ടാകുമ്പോൾ, യഥാർഥ പ്രവർത്തന മനോഭാവം ഉണ്ടാകുന്നതാണ്. ഒപ്പം ജമാഅത്തിലെ അംഗങ്ങൾ സഹകരിക്കുകയും ചെയ്യുന്നതാണ്. ജമാഅത്തിലെ അംഗങ്ങൾ സഹകരിക്കാത്തതിനെ കുറിച്ച് ചിലപ്പോൾ പരാതികൾ ലഭിക്കാറുണ്ട്. തീർച്ചയായും, ജമാഅത്തംഗങ്ങൾ സഹകരിക്കേണ്ടതാണ്. എന്നിരുന്നാലും, മറ്റുള്ളവർക്ക് മുമ്പാകെ മാതൃകകൾ സ്ഥാപിക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമാണ്.

ഒരു ഭാരവാഹിയെ കുറിച്ച് അയാള്‍ വരുമാനത്തിന് അനുസരിച്ച് സാമ്പത്തിക ത്യാഗം അനുഷ്ഠിക്കുന്നില്ല എന്ന പരാതി ലഭിച്ചു. ഭാരവാഹിയുടെ അവസ്ഥ ഇതാണെങ്കിൽ അവർക്ക് മറ്റുള്ളവരോട് സാമ്പത്തിക ത്യാഗത്തെ കുറിച്ച് എങ്ങനെ പറയാൻ സാധിക്കും. തർബിയ്യത്ത് സെക്രട്ടറി (സംസ്കരണ വിഭാഗം) അഞ്ച് നേര നമസ്കാരം നിർവഹിക്കുന്നില്ലെങ്കിൽ മറ്റുള്ളവരോട് നമസ്ക്കരിക്കാൻ അയാള്‍ക്ക് എങ്ങനെ പറയാൻ സാധിക്കും. ഒരു വക്ക്ഫെ സിന്ദഗിയോ (ജീവിതം ഇസ്‌ലാമിക സേവനത്തിന് അർപ്പിച്ച വ്യക്തി) മിഷനറിയോ ഐച്ഛികമായ നമസ്കാരങ്ങൾ നിർവഹിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരോട് ഇക്കാര്യം എങ്ങനെ ഉപദേശിക്കും. വാഗ്ദത്ത മസീഹും(അ) ഇത് തന്നെയാണ് പറഞ്ഞത്. അനഹ്‌മദി പണ്ഡിതന്മാർ ഒരുപാട് ഉപദേശങ്ങൾ നല്കുന്നു. പക്ഷെ അവരുടെ കർമങ്ങൾ അതിന് എതിരാകുന്നു. എന്ത് സ്വാധീനമാണ് അവരുടെ വാക്കുകൾക്ക് മറ്റുള്ളവരില്‍ ചെലുത്താൻ സാധിക്കുക. അതുകൊണ്ട് വളരെയധികം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കാര്യമാണിത്. നമ്മുടെ വിജയത്തിന് ഇത് അനിവാര്യമാണ്.

തർബിയ്യത്ത് സെക്രട്ടറിമാർ സ്നേഹത്തോടെ ജമാഅത്തിലെ അംഗങ്ങളുടെ ധാർമിക നിലവാരം ഉയർത്താൻ ശ്രമിക്കുകയാണെങ്കിൽ ഒരു വിപ്ലവം സംജാതമാക്കാൻ അവർക്ക് സാധിക്കുന്നതാണ്. ഓരോ ഭാരവാഹിയും തങ്ങളുടെ വകുപ്പിന്‍റെ പുരോഗതിക്കും, ദൈവാനുഗ്രഹം വർഷിക്കുന്നതിനുമായി എല്ലാ ദിവസവും കുറഞ്ഞത് രണ്ട് റക്അത്ത് എങ്കിലും ഐച്ഛികമായ നമസ്കാരം നിർവഹിക്കേണ്ടതാണ്. തർബിയ്യത്ത് വകുപ്പ് സജീവമാകുകയാണെങ്കിൽ, മറ്റ് വകുപ്പുകളുടെ പ്രവർത്തനം സ്വയമേവ 70 ശതമാനമെങ്കിലും മെച്ചപ്പെടുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനാൽ, ഭാരവാഹികൾ അവരുടെ മാതൃകകൾ സ്ഥാപിക്കണമെന്ന കാര്യം എപ്പോഴും ഓർമിക്കേണ്ടതാണ്. പ്രത്യേകിച്ച് അമീറുമാരും പ്രസിഡന്‍റുമാരും തർബിയ്യത്ത് സെക്രട്ടറിമാരും, അതുപോലെ തന്നെ, മറ്റെല്ലാ വകുപ്പുകളിലെ ഭാരവാഹികളും. ഭാരവാഹികൾ സ്വന്തം മാതൃകകൾ കാണിക്കുന്നില്ലെങ്കിൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

ശാഖാ സംഘടനകളിലും – പ്രസിഡന്‍റ് തലത്തിലായാലും അവരുടെ കീഴിലുള്ള ഭരണസമിതിയിലായാലും – എല്ലാവരും സജീവമാകേണ്ടതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ചിലപ്പോൾ ലജ്‌നയുടെ (വനിതാ സംഘടന) പ്രസിഡന്‍റുമാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ലഭിക്കുന്നു. പ്രത്യേകിച്ച് പുതിയതായി ജമാഅത്തിൽ പ്രവേശിച്ചവരുടെ കാര്യത്തിൽ. അവരെ ജമാഅത്തിനോട് കൂടുതൽ അടുപ്പിക്കുന്നതിനു പകരം, അവർ കൂടുതൽ അകന്നുപോകാൻ ഇവർ ഇടയാകുന്നു. തങ്ങൾ തന്നെ അവരെ പരിഷ്കരിക്കുമെന്ന് അവർ പറയുന്നു. എന്നാല്‍, യഥാർഥത്തിൽ അത്തരം പ്രസിഡന്റുമാരാണ് ആത്മസംസ്കരണം നടത്തേണ്ടതെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ചില ആളുകൾ ദീർഘകാലത്തേക്ക് ഒരേ സ്ഥാനത്ത് തുടരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഒരു സ്ഥാനം വഹിക്കാൻ അർഹതയുള്ളവരും കഴിവുള്ളവരും ആരാണെന്ന് ലജ്‌ന നിർണയിക്കുന്നില്ല. പിന്നെ, കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ പരാതികൾ ലഭിക്കുകയും ആളുകളുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ സ്ഥാനത്തിന് കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കാനുള്ള ചുമതല ലജ്‌ന നിറവേറ്റുന്നില്ലെങ്കിൽ, അവർക്ക് പരാതിപ്പെടാൻ അവകാശമില്ല.

മറ്റുള്ളവരെ സേവിക്കുന്നവരാണ് നേതാക്കൾ

വേദികളിൽ വെറുതെ ഇരിക്കാനല്ല, സാധാരണ പ്രവർത്തകരെ പോലെ സേവിക്കാനാണ് ഭാരവാഹികൾ ഉള്ളതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അടുത്തിടെ നടന്ന ജൽസയിൽ പങ്കെടുത്ത ഒരു നവ അഹ്‌മദി, വനിതാ സംഘടനയുടെ പ്രസിഡന്‍റ് മറ്റു സ്ത്രീകൾക്കൊപ്പം സേവനം നിർവഹിക്കുന്നത് കണ്ട് അതിശയം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇത് അവരുടെ കടമയായിരുന്നു. അസാധാരണമായി അതിൽ ഒന്നും തന്നെയില്ല. അവർ ഈ രീതിയിൽ സേവിച്ചില്ലെങ്കിൽ, അവർ അവരുടെ വിശ്വാസത്തോട് നീതി കാണിക്കുന്നില്ല എന്നാണര്‍ഥം. അത്തരം മനസ്സോടെ പ്രവർത്തിക്കുന്ന ആളുകൾ മറ്റുള്ളവരുടെ സംസ്കരണത്തിനുള്ള മാർഗമായി മാറുന്നു.

നബി തിരുമേനി(സ) പറഞ്ഞത് പോലെ, ഒരു ജനതയുടെ നേതാവ് അവരുടെ സേവകനാണെന്ന് ഓരോ ഭാരവാഹിയും മനസ്സിലാക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതുപോലെ, പരസ്പര സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജമാഅത്തിലെ അംഗങ്ങളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക എന്നത് ഭാരവാഹികളുടെ ഉത്തരവാദിത്വമാണ്. സത്യത്തിൽ, ജമാഅത്തിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് അവരെ ഭാരവാഹികളാക്കിയതിന്‍റെ ഉദ്ദേശ്യം. ജമാഅത്തിന്‍റെ വ്യവസ്ഥിതിയെ മനോഹരമാക്കാനും സർവശക്തനായ ദൈവത്തോട് നമ്മെ അടുപ്പിക്കാനും ഈ രീതിയില്‍ പ്രവർത്തിച്ചാൽ സാധ്യമാകുന്നതാണ്. മറ്റുള്ളവരുടെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട വ്യക്തി തന്‍റെ ഉത്തരവാദിത്വങ്ങളിൽ അശ്രദ്ധ കാണിച്ചാൽ, ദൈവം അവരെ സ്വർഗത്തിൽ നിന്ന് വിലക്കുമെന്ന് പുണ്യപ്രവാചകന്‍(സ) പറയുകയുണ്ടായി. ഇതൊരു വലിയ മുന്നറിയിപ്പും വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യവുമാണ്.

ഓരോരുത്തർക്കും ഏതെങ്കിലും കാര്യത്തിൽ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് തിരുനബി(സ) പറഞ്ഞതായി രേഖപ്പെട്ടിട്ടുണ്ടെന്നും, അന്ത്യദിനത്തിൽ അവര്‍ അതിനെക്കുറിച്ച് ചോദിക്കപ്പെടുമെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇതിൽ അമീറുമാരും ഉൾപ്പെടുന്നു. മറ്റുള്ളവരുടെ മേൽനോട്ടം വഹിക്കുന്നത് അവരെ സഹായിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. അല്ലാതെ, അവരെ ഭരിക്കുക എന്ന അര്‍ഥത്തിലല്ല. ഒരു ഭർത്താവ് വീടിന്‍റെ മേൽനോട്ടം വഹിക്കുന്നതുപോലെ, ഭാര്യ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നതുപോലെ, അത് അവരുടെ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ അവരുടെമേൽ നിയന്ത്രണം ചെലുത്തുന്നതിനല്ല. ഈ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ, നബി തിരുമേനി(സ)യുടെ അഭിപ്രായത്തിൽ, സ്വർഗം നമുക്ക് നിഷിദ്ധമാകുന്നതാണ്. ഭാരവാഹികൾ തങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കാതിരിക്കുകയും, കാലത്തിന്‍റെ ഖലീഫയുടെ പ്രതിനിധികൾ എന്ന് സ്വയം വിളിക്കുകയും ചെയ്യുകയാണെങ്കിൽ, അവർ കാലത്തിന്‍റെ ഖലീഫയെ തെറ്റായി ചിത്രീകരിക്കുകയും ഖലീഫയെ കൂടി കുറ്റക്കാരനാക്കുകയുമാണ് ചെയ്യുന്നത്. അത്തരക്കാർ സ്വയം സംസ്കരിക്കുന്നില്ലെങ്കിൽ, അവരുടെ തെറ്റുകളിൽ താനും ഉൾപ്പെടാതിരിക്കാൻ അവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയല്ലാതെ തനിക്ക് മറ്റൊരു മാർഗവുമില്ലെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

പാപപൊറുതി തേടലും ഖിലാഫത്തിന്‍റെ യഥാർഥ സഹായികളായി വര്‍ത്തിക്കലും

താന്‍ ഇസ്തിഗ്ഫാർ (ദൈവത്തിൽ നിന്ന് പാപമോചനം തേടല്‍) ചെയ്യാറുണ്ടെന്നും, ഇക്കൂട്ടരും ഇസ്തിഗ്ഫാര്‍ ചെയ്യുകയും സ്വയം പരിഷ്കരിക്കുകയും ചെയ്യണമെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. പേരിന് മാത്രം ഒരു സ്ഥാനം കൈകാര്യം ചെയ്യുന്നതിനു പകരം തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുകയും അവരുടെ ജോലികൾ ചെയ്യുകയും ചെയ്യുന്ന അത്തരം യഥാർഥ സഹായികളെ അഹ്‌മദിയ്യാ ഖിലാഫത്തിന് എപ്പോഴും ലഭിക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് ദുആ ചെയ്യുകയുണ്ടായി. ഇതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം മറ്റുള്ളവരുടെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട ഒരാൾ, മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ അല്ലാഹു ആ വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റുകയില്ലെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. ഇത് കാലത്തിന്‍റെ ഖലീഫയുടെ ഉത്തരവാദിത്വം മാത്രമല്ല, മറിച്ച് ഓരോരോ പ്രദേശങ്ങളിലെ ഖലീഫയുടെ പ്രതിനിധികളായ ഭാരവാഹികളുടെ ഉത്തരവാദിത്വം കൂടിയാണ്. വെറും യോഗങ്ങളിൽ സന്നിഹിതരായാൽ തങ്ങളുടെ കർത്തവ്യം പൂർത്തിയായെന്ന് കരുതരുത്. മറ്റുള്ളവരുടെ ഉന്നമനത്തിനായി ആസൂത്രണം ചെയ്യുക മാത്രമല്ല, അത് പ്രായോഗികമായി നടപ്പിലാക്കുകയും വേണം. ലൗകിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഉമൂറെ ആമ്മ (പൊതുകാര്യങ്ങൾ), സന്‍അത്തൊ തിജാറത്ത് (വ്യാപാരം, വ്യവസായം) എന്നീ വകുപ്പുകൾ ഉണ്ട്. ശാഖാസംഘടനകളും ഇതിനായി യഥാവിധി പ്രവർത്തിക്കണം.

ലോകമെമ്പാടും വെല്ലുവിളികൾ നേരിടുന്ന ഒരു വകുപ്പാണ് രിശ്ത നാത്ത (വൈവാഹികകാര്യങ്ങൾ) എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനായി വളരെയധികം ആസൂത്രണം ആവശ്യമാണെന്നും, കേന്ദ്ര ജമാഅത്തുകളും ശാഖാസംഘടനകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. തർബിയ്യത്ത് വകുപ്പും ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കേണ്ടതാണ്. നമ്മുടെ യുവാക്കൾ ശരിയായ രീതിയിൽ പരിശീലിപ്പിക്കപ്പെട്ടാൽ, നബി തിരുമേനി(സ)യുടെ കല്പന അനുസരിച്ച് സമ്പത്ത്, കുടുംബ മഹിമ അല്ലെങ്കിൽ സൗന്ദര്യം എന്നിവയ്ക്ക് മുൻഗണന നല്കാതെ, അവര്‍ ദീനിന് മുൻഗണന നല്കുന്നതാണ്. ദീന്‍ മുൻഗണനയായി മാറുന്ന പക്ഷം, ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ വിശ്വാസത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുന്നതിലും ദൈവവുമായുള്ള ബന്ധം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. ഈ രീതിയിൽ, നമുക്ക് നമ്മുടെ ഭാവി തലമുറകളെ സംരക്ഷിക്കാൻ സാധിക്കും. അല്ലാതെ, ദുർബലമായ ശ്രമങ്ങൾ കൊണ്ട് മാത്രം നമുക്ക് ദജ്ജാലിൽ നിന്ന് സംരക്ഷണം ലഭിക്കുകയില്ല. അതിനാൽ, ഓരോ ഭാരവാഹിയും സ്വന്തം വീടുകൾ പരിഷ്കരിക്കുകയും തുടർന്ന് മറ്റു ജമാഅത്തംഗങ്ങളെ സംസ്കരിക്കാൻ ശ്രമിക്കുകയും വേണം. ലൗകിക കാര്യങ്ങളുടെ മേല്‍ നമ്മുടെ വിശ്വാസത്തിന് മുൻതൂക്കം നല്കുമെന്ന നമ്മുടെ പ്രതിജ്ഞ നാം നിറവേറ്റണം. കാരണം അപ്പോഴാണ് നമുക്ക് ദജ്ജാലിനെ നേരിടാൻ കഴിയുക. നമ്മുടെ ഭാവി തലമുറകളെ സംരക്ഷിക്കുക, നമ്മുടെ പ്രതിജ്ഞകൾ നിറവേറ്റുക, അമാനത്തുകളോട് നീതി പുലർത്തുക. എല്ലാ തലങ്ങളിലുമുള്ള ഭാരവാഹികൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം.

ഉമൂറെ ആമ്മയുടെ വകുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നാൽ, ഈ വകുപ്പിന്‍റെ പ്രാഥമിക കർത്തവ്യം അച്ചടക്കനടപടി സ്വീകരിക്കുകയോ കർശനമായ മുന്നറിയിപ്പുകൾ നല്കുകയോ ആണെന്ന ധാരണ ഉയർന്നിട്ടുണ്ട്. ഇത് അവരുടെ പ്രാഥമിക കടമയല്ല. അവർ കർശനമായ മുന്നറിയിപ്പുകൾ നല്കേണ്ടതില്ല. അച്ചടക്ക നടപടി അവസാന ആശ്രയമെന്ന നിലയിൽ മാത്രമാണ് അവലംബിക്കേണ്ടത്. തർബിയ്യത്ത് വകുപ്പ് സജീവമായാൽ ഇക്കാര്യത്തിൽ ഉമൂറെ ആമ്മയുടെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതിനാൽ ഉമൂറെ ആമ്മ, തർബിയ്യത്ത് വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

ജോലി കണ്ടെത്തുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി അംഗങ്ങൾക്ക് മാർഗനിർദേശം നല്കുക, മറ്റുള്ളവരെ സേവിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടപ്പിലാക്കുക, ആളുകൾക്കിടയിലുള്ള ചെറിയ തർക്കങ്ങൾ ഇല്ലാതാക്കുക എന്നതെല്ലാം ഉമൂറെ ആമ്മയുടെ മേലുള്ള ഉത്തരവാദിത്വങ്ങളാണ്. ഉമൂറെ ആമ്മ തർക്കങ്ങളിൽ തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. മറിച്ച്, അവർ ഖളാ (നീതി,ന്യായ വകുപ്പ്) എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നത്.

ചിലപ്പോൾ ചില ഭാരവാഹികളുടെ പ്രവർത്തനങ്ങൾ ജമാഅത്തിന്‍റെ സംവിധാനത്തെക്കുറിച്ച് സംശയം ജനിപ്പിക്കാറുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ചില സമയങ്ങളിൽ, ഒരു വ്യക്തി ഒരു കാര്യത്തെ കുറിച്ച് കാലത്തിന്‍റെ ഖലീഫയോട് ഒരു അഭ്യർത്ഥന സമർപ്പിക്കുന്നു. ബന്ധപ്പെട്ട വകുപ്പ് അതിനെ സംബധിച്ച് റിപ്പോർട്ട് നല്കുന്നതിന് പകരം ചിലപ്പോൾ തങ്ങളെ നേരിട്ട് സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന പ്രശ്നം ഉന്നയിക്കുന്നു. ഇത് പിന്നീട് അഭ്യര്‍ഥണ നല്കിയ വ്യക്തിയിൽ സംശയം ജനിപ്പിക്കുന്നു. ചില സമയങ്ങളിൽ, ഖലീഫയ്ക്ക് എഴുതുന്ന കത്തുകള്‍ ഖലീഫയ്ക്ക് എത്തുന്നില്ലെന്ന് വരെ ആളുകളില്‍ സംശയങ്ങള്‍ ഉണ്ടാകുന്നു. പ്രസ്തുത വകുപ്പുകള്‍ തങ്ങളെ എന്തുകൊണ്ട് ആദ്യം സമീപിച്ചില്ല എന്ന് ചിന്തിക്കുകയും, പ്രസ്തുത വിഷയത്തില്‍ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്നു. ഇത് ആളുകളുടെ മനസ്സിൽ ഖലീഫയെക്കുറിച്ച് പോലും സംശയം ജനിപ്പിക്കുന്നു. എന്തുകൊണ്ട് അവരുടെ കാര്യം ഖലീഫയെ അറിയിക്കുന്നില്ല എന്ന് അവർ ചിന്തിക്കുന്നു. എന്തായാലും ഈ സംശയം ഒരു യാഥാർഥ്യമല്ല. കാരണം ഖലീഫയ്ക്ക് അയക്കുന്ന ഓരോ കത്തും തുറന്ന് വായിക്കുകയും എല്ലാ അഭ്യർഥനകളും ബന്ധപ്പെട്ട രാജ്യത്തേക്ക് റിപ്പോർട്ട് ചെയ്യാൻ അയക്കുകയും ചെയ്യുന്നുണ്ട്.

തനിക്ക് അയക്കുന്ന ഓരോ കത്തും തുറന്ന് വായിക്കുകയും അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യാറുണ്ടന്ന് ഖലീഫാ തിരുമനസ്സ് ജമാഅത്ത് അംഗങ്ങൾക്ക് ഉറപ്പ് നല്കി. എന്തെങ്കിലും കാലതാമസമോ പൊരുത്തക്കേടുകളോ ഉണ്ടെങ്കിൽ അത് ജമാഅത്തിലെ പ്രാദേശിക ഘടകങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്നതാണ്. അവരുടെ പ്രവൃത്തികൾ കാരണം സംശയം ജനിക്കുന്നു. ഇത് കാരണം അവർ സ്വയം പാപികളാകുന്നു. ജമാഅത്ത് അംഗങ്ങളുടെ അവകാശങ്ങൾ നിറവേറ്റുന്നതിൽ അവർ അലംഭാവം കാണിക്കുകയാണെങ്കിൽ, അവരെ ഭരമേല്പിച്ച കടമകൾ നിറവേറ്റുന്നതിൽ അവർ പരാജയപ്പെടുക മാത്രമല്ല, അല്ലാഹുവിന്‍റെ അതൃപ്തിക്ക് കാരണമാവുകയും ചെയ്യുന്നതാണ്.

നേതാക്കൾ മറ്റുള്ളവർക്ക് വേണ്ടി വാതിലുകൾ അടക്കുകയാണെങ്കിൽ അവരുടെ നേരെ ദൈവിക കവാടങ്ങൾ അടക്കപ്പെടുന്നതാണെന്ന് നബി തിരുമേനി(സ) പ്രസ്താവിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനാൽ, ഭാരവാഹികൾ ദൈവത്തെ ഭയപ്പെടുകയും ജനങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുകയും, അല്ലെങ്കിൽ റിപ്പോർട്ട് നല്കുന്നതിൽ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. ഏതായാലും, മറുപടി നല്കാതെ എവിടെയെങ്കിലും ഒരു കോണിൽ അപേക്ഷകൾ ഉപേക്ഷിക്കുന്നത് വലിയ കുറ്റമാണ്. അല്ലാഹുവിന്‍റെ പ്രീതി തേടാനും പുണ്യകർമങ്ങൾക്ക് വേണ്ടിയും നാം പരിശ്രമിക്കേണ്ടതാണ്.

ഈ അമാനത്തുകൾ നിറവേറ്റുന്നതിലൂടെ വാഗ്ദത്ത മസീഹ്(അ)ന്റെ ആഗമന ലക്ഷ്യമായ മനോഹരമായ ഇസ്‌ലാമിക സമൂഹം സ്ഥാപിക്കാൻ സാധിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തങ്ങളെ ജമാഅത്ത് അംഗങ്ങൾ തിരഞ്ഞെടുത്തത് ഈ അമാനത്ത് നിറവേറ്റുന്നതിനുവേണ്ടിയാണെന്ന് ഭാരവാഹികൾ എപ്പോഴും ഓർമിക്കേണ്ടതാണ്. അതിനാൽ ദൈവഭയം ഹൃദയത്തിൽ പേറിക്കൊണ്ട്, അവന്‍റെ പ്രീതി നേടുന്നതിനും കാലത്തിന്‍റെ ഖലീഫയുടെ യഥാർഥ സഹായികൾ ആകുന്നതിനും അവർ ആ കർത്തവ്യം നിർവഹിക്കണം. മാനസികാവസ്ഥ ഇതായിരിക്കുമ്പോൾ, അല്ലാഹു നമ്മുടെ മേല്‍ അവന്‍റെ അനുഗ്രഹങ്ങൾ വർഷിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യുന്നതാണ്. ഇതല്ലെങ്കിൽ, നാം നന്മയിൽ നിന്ന് വ്യതിചലിക്കുന്നതാണ്. കൂടാതെ, നാം അല്ലാഹുവിനോട് സത്യസന്ധതയില്ലാത്തവരായിരിക്കുകയും, ജനങ്ങൾ നമ്മില്‍ അർപ്പിക്കുന്ന വിശ്വാസം തകർക്കുകയും, അതുവഴി മറ്റുള്ളവരുടെ വിശ്വാസത്തിന്‍റെ പരീക്ഷണത്തിനുള്ള മാർഗമായി മാറുകയും ചെയ്യുന്നതാണ്.

എല്ലാ അഹ്‌മദികളും ഭയഭക്തിയുടെ മാർഗത്തിൽ ചലിക്കുന്നതാണെന്ന പ്രതിഞ്ജ ചെയ്തവരാണ്. എന്നിരുന്നാലും ഇത് ഭാരവാഹികൾക്ക് കൂടുതൽ ബാധകമാണ്. അവർ തങ്ങളുടെ വാഗ്ദാനങ്ങളും അമാനത്തുകളും, അവരെ ഭരമേല്പിച്ച കടമകളും ആത്മാർഥമായി അവരുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് നിറവേറ്റണം. അതിന് അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർഥിച്ചു.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 4:59

3 Comments

സി സി മൻസൂർ അഹമ്മദ്, മാത്തോട്ടം. · ഓഗസ്റ്റ്‌ 22, 2023 at 11:51 am

കാലത്തിന്റെ ഖലീഫയുടെ വാക്കുകൾ എല്ലാവർക്കും നടപ്പിൽ വരുത്തുവാൻ സാധിക്കുമാറാകട്ടെ. ആമീൻ
ജമാഅത് ഭാരവാഹികൾ കുറച്ചു കൂടി ജാഗ്രത കാണിക്കുക.

MusadiqueAhammed · ഓഗസ്റ്റ്‌ 23, 2023 at 12:44 am

Good, Mashallah,

Munavar Ahmed K. S · ഓഗസ്റ്റ്‌ 28, 2023 at 5:31 pm

Jazakallah khair

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed