മെയ് 22, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 17 മെയ് 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്
തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്മദ് അയ്യദഹുല്ലാഹ് പറഞ്ഞു: റജീഅ് യുദ്ധത്തെ കുറിച്ച് പരാമർശിച്ച് വരികയായിരുന്നു. ഇന്നും അത് തുടരുന്നതാണ്.
അവിശ്വാസികളുടെ ചതി
ബുഖാരിയിൽ വന്നത് അനുസരിച്ച് നബിതിരുമേനി(സ) ഹദ്റത്ത് ആസിം ബിൻ സാബിത്ത്(റ)ന്‍റെ നേതൃത്വത്തിൽ പത്ത്പേരടങ്ങുന്ന ഒരു സംഘത്തെ വിവരങ്ങൾ ശേഖരിക്കുന്നതിനായി അയച്ചു. ഹുസൈൽ ഗോത്രത്തിന്‍റെ ഒരു ശാഖയായ ബനൂ ലഹ്‌യാന്‍റെ അടുത്തെത്തിയപ്പോൾ ശത്രു ഗോത്രത്തിലെ ഇരുനൂറ് അമ്പെയ്ത്തുകാരെ കണ്ടു. മുസ്‌ലിംങ്ങൾ ഒരു കുന്നിനു മുകളിൽ അഭയം തേടി. ബനൂ ലഹ്‌യാൻ ആ കുന്നിനെ വളഞ്ഞു.
ബനൂ ലഹ്‌യാൻ മുസ്‌ലിളോട് കുന്നിൽ നിന്നും താഴെ ഇറങ്ങാനും അവരെ ഉപദ്രവിക്കില്ല എന്ന് ഉറപ്പ് നൽകിയെങ്കിലും മുസ്‌ലിംങ്ങൾ താഴെ ഇറങ്ങാൻ വിസമ്മതിച്ചു. അപ്പോൾ ബനൂ ലഹ്‌യാൻ താഴെ നിന്നും മുസ്‌ലിങ്ങൾക്ക് നേരെ അമ്പെയ്യാൻ തുടങ്ങി. ഈ ആക്രമണത്തിൽ ഹദ്റത്ത് ആസിം ബിൻ സാബിത്ത് അടക്കം ഏഴ് സഹാബാക്കൾ രക്താക്ഷികളായി. ശേഷിച്ച മൂന്ന് പേർ ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കുന്നിൽ നിന്നിറങ്ങി. ബനൂ ലഹ്‌യാൻ അവരെ പിടിച്ച് കെട്ടി. ബനൂ ലഹ്‌യാൻ തങ്ങളുടെ വാക്ക് പാലിക്കാൻ പോകുന്നില്ല എന്ന് അതിലൊരു സഹാബിക്ക് മനസ്സിലായി. അദ്ദേഹം ഇവരുടെ കൂടെ പോകുന്നതിൽ നിന്ന് വിസമ്മതിച്ചു. അങ്ങനെ ആ സഹാബിയും വധിക്കപ്പെട്ടു. ശേഷിച്ച രണ്ടുപേരെ മക്കയിലേക്ക് കൊണ്ടുപോവുകയും അവരെ അവിടെ വിൽക്കുകയും ചെയ്തു. ഈ സംഘം തങ്ങളുടെ ദൗത്യത്തിന് വേണ്ടി പുറപ്പെട്ടിരുന്നു എന്നാണ് അധികം ചരിത്രകാരൻമാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ അവർ ഈ ദൗത്യത്തിന് വേണ്ടിയല്ല പോയിരുന്നത് മറിച്ച് നബിതിരുമേനി(സ) അവരെ അദൽ, ഖാരാ എന്നീ ഗോത്രങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇസ്‌ലാം പഠിപ്പിക്കാൻ അയച്ചതായിരുന്നു. എന്നാൽ ഇത് ഒരു ഗൂഡാലോചനയായിരുന്നു. അദൽ, ഖാരാ ഗോത്രങ്ങൾ ബനൂ ലഹ്‌യാനെ മുസ്‌ലിങ്ങൾ വരുന്ന വിവരം അറിയിക്കുകയും അവർ ആക്രമണം അഴിച്ച് വിടുകയും ചെയ്തു. ഈ സഹാബികൾ സധൈര്യം ഈ ഘട്ടത്തെ നേരിട്ടു. ഹദ്റത്ത് ആസിം(റ) തന്‍റെ അവസാനത്തെ അമ്പ് വരെ പോരാടിക്കൊണ്ടിരുന്നു. അമ്പുകൾ കഴിഞ്ഞപ്പോൾ അദ്ദേഹം തന്‍റെ കുന്തം ഒടിയുന്നത് വരെ പോരാടി. അവസാനം അദ്ദേഹം തന്‍റെ വാൾ പുറത്തെടുക്കുകയും താൻ രക്തസാക്ഷിയാകാൻ പോവുകയാണെന്ന് ഉറപ്പാകുന്നത് വരെ അദ്ദേഹം പോരാടി. ശത്രുക്കൾ മൃദദേഹം വികൃതമാക്കും എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ തന്‍റെ മൃദശരീരം സംരക്ഷിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്(റ) എഴുതുന്നു:
“ഹിജ്‌രി നാലാം വർഷം നബിതിരുമേനി(സ) പത്ത് പേരടങ്ങുന്ന ഈ സംഘത്തെ ആസിം ബിൻ സാബിത്(റ)വിനെ അവരുടെ അമീറായി നിശ്ചയിച്ച് മക്കയിലേക്ക് അയക്കാൻ തീരുമാനിച്ചു. മക്കയിലേക്ക് രഹസ്യമായി നീങ്ങിക്കൊണ്ട് ഖുറൈശികളുടെ നീക്കങ്ങളെ കുറിച്ച് അറിഞ്ഞ് വിവരം നൽകാൻ നബിതിരുമേനി(സ) അവരോടു കല്പിച്ചു. ഈ സംഘം പുറപ്പെടുന്നതിന് തൊട്ട് മുൻപ് അദൽ, ഖാര ഗോത്രങ്ങളിലെ ചിലർ നബിതിരുമേനി(സ) യുടെ സവിധത്തിൽ ഹാജരായികൊണ്ട് അവരുടെ ഗോത്രങ്ങൾ ഇസ്‌ലാമിനോട് താത്പര്യം പ്രകടിപ്പിക്കുന്നെണ്ടെതിനാൽ അവർക്ക് ഇസ്‌ലാം പഠിപ്പിക്കുന്നതിനായി ചില സഹാബാക്കളെ അവരോടൊപ്പം അയക്കണം എന്ന് അഭ്യർത്ഥിക്കുകയുണ്ടായി. നബിതിരുമേനി(സ) ഈ അഭ്യർത്ഥന കേട്ട് സന്തോഷിച്ചു. മക്കയിലേക്ക് പുറപ്പെടാൻ തുടങ്ങിയിരുന്ന പ്രസ്തുത സംഘത്തെ അദ്ൽ, ഖാരാ ഗോത്രങ്ങളിലേക്ക് അയച്ചു. എന്നാൽ പിന്നീട്, ഇവർ കളവ് പറഞ്ഞതായിരുന്നു എന്നും തങ്ങളുടെ നേതാവായിരുന്ന സുഫിയാൻ ബിൻ ഖാലിദിന്‍റെ വധത്തിന് പ്രതികാരം ചെയ്യാനായി മുസ്‌ലിങ്ങളെ മദീനക്ക് പുറത്തേക്ക് കൊണ്ടുവന്ന് വധിക്കാൻ വേണ്ടിയുള്ള ബനൂ ലഹ്‌യാൻ ഗോത്രത്തിന്‍റെ ഗൂഢതന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് ഇവർ വന്നത് എന്ന് വ്യക്തമായി. ഇതിന് പകരമായി ബനൂ ലഹ്‌യാൻ അവർക്ക് കനത്ത പ്രതിഫലവും ധാരാളം ഒട്ടകങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഈ സംഘം അസ്ഫാനും മക്കക്കും ഇടയിലുള്ള ഒരു സ്ഥലത്ത് എത്തിയപ്പോൾ അദ്ൽ ഖാരാ ഗോത്രത്തിലെ ആളുകൾ മുസ്‌ലിങ്ങൾ തങ്ങളോടൊപ്പം ഉണ്ട് അതിനാൽ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ വന്ന് അവരെ ആക്രമിക്കാം എന്ന് ബനൂ ലഹ്‌യാന് രഹസ്യ സന്ദേശം കൈമാറി. ഈ സന്ദേശം ലഭിച്ചതും ഇരുനൂറ് പേരടങ്ങുന്ന ഒരു സംഘം മുസ്‌ലിങ്ങളെ നേരിടാനായി പുറപ്പെട്ടു. ഇതിൽ നൂറു പേർ അമ്പെയ്ത്തുകാർ ആയിരുന്നു. ഇവർ റജീഅ് എന്ന സ്ഥലത്ത് മുസ്‌ലിങ്ങളെ കണ്ടുമുട്ടി. പത്ത് പേർക്ക് എങ്ങനെ ഇരുനൂറ് പേരെ നേരിടാൻ കഴിയും. എന്നാൽ സഹാബാക്കൾ ഉടനെ തന്നെ തോൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അവർ പെട്ടെന്ന് അടുത്തുള്ള ഒരു കുന്നിന് മുകളിൽ കയറി തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വഞ്ചന ഒരു ശീലമാക്കിയ അവിശ്വാസികൾ മുസ്‌ലിങ്ങളോട് വിളിച്ച് പറഞ്ഞു: ‘നിങ്ങൾ കുന്നിനു മുകളിൽ നിന്ന് താഴെയിറങ്ങൂ, ഞങ്ങൾ നിങ്ങളെ വധിക്കില്ല എന്ന് ഉറപ്പ് തരുന്നു‘. ആസിം(റ) മറുപടി പാഞ്ഞു: ‘ഞങ്ങൾക്ക് നിങ്ങളുടെ ഉറപ്പിൻമേലോ ഉടമ്പടികളിലോ യാതൊരു വിശ്വാസവുമില്ല. ഞങ്ങൾ താഴെ ഇറങ്ങുന്നതുമല്ല.‘ തുടർന്ന് അദ്ദേഹം തന്‍റെ തല ആകാശത്തേക്കുയർത്തിക്കൊണ്ട് ഇപ്രകാരം ദുആ ചെയ്തു; ‘അല്ലയോ ദൈവമേ നീ നിങ്ങളുടെ അവസ്ഥ കാണുന്നുണ്ടല്ലോ. ഞങ്ങളുടെ ഈ അവസ്ഥയെ കുറിച്ച് നിന്‍റെ ദൂതന് അറിയിച്ച് കൊടുക്കേണമേ..‘ ഹദ്റത്ത് ആസിം(റ)ഉം അദ്ദേഹത്തിന്‍റെ കൂട്ടാളികളും ശത്രുക്കൾക്കെതിരിൽ പോരാടുകയും അവസാനം രക്തസാക്ഷികളാകുകയും ചെയ്തു.”[1]
സർവ്വശക്തനായ അല്ലാഹു ഹദ്റത്ത് ആസിം(റ)ന്റെ മൃതശരീരത്തെ സംരക്ഷിക്കുന്നു
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു: “റജീഅ് സംഭവുമായി ബന്ധപ്പെട്ട് മറ്റൊരു ഖുറൈശികളുടെ ഒരു പ്രധാന നേതാവിനെ വധിച്ച ആസിം ബിൻ സാബിത്ത്(റ) റജീഅ് സംഭവത്തിൽ ബനൂ ലഹ്‌യാന്‍റെ കൈകളാൽ ശഹീദാക്കപ്പെട്ടിരിക്കുന്നു എന്ന് ഖുറൈശികൾക്ക് വിവരം ലഭിച്ചു. ആസിം ബിൻ സാബിത്തിന്‍റെ രക്തസാക്ഷിത്ത്വം ഉറപ്പിക്കാനും തങ്ങളുടെ പ്രതികാര ദാഹം ശമിപ്പിക്കാനും വേണ്ടി ആസിം ബിൻ സാബിത്തിന്‍റെ തലയോ അല്ലെങ്കിൽ ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗമോ കൊണ്ട് വരാൻ നിർദേശം നൽകി ഖുറൈശികൾ കുറച്ച് ആളുകളെ റജീഅ് ലേക്ക് അയച്ചു. ആസിം ബിൻ സാബിത്ത് വധിച്ച വ്യക്തിയുടെ മാതാവ് താൻ തന്‍റെ മകന്‍റെ ഘാതകന്‍റെ തലയോട്ടിയിൽ മദ്യം സേവിക്കുന്നതായിരിക്കും എന്ന് ശപഥം ചെയ്തതായും ചില നിവേദനങ്ങളിൽ കാണാം. ദൈവത്തിന്‍റെ പ്രവൃത്തി നോക്കൂ, ഖുറൈശികളുടെ ഈ സംഘം റജീഅ്ൽ എത്തിയപ്പോൾ ആസിം ബിൻ സാബിത്ത്(റ)ന്‍റെ ശരീരത്തിന് മുകളിൽ തേനീച്ചകളുടെയും കടന്നലുകളുടെയും ഒരു കൂട്ടം വിശ്രമിക്കുന്നതായി കണ്ട് ആശ്ചര്യപ്പെട്ടു. അവർ ഈ തേനീച്ചകളെയും കടന്നൽക്കൂട്ടത്തെയും ആട്ടിയകറ്റാൻ ആവുന്നതും പരിശ്രമിച്ചു. എന്നാൽ എല്ലാ ശ്രമങ്ങളും വിഫലമായി. അവസാനം അവർക്ക് നിരാശരും പരാജിതരുമായി മടങ്ങേണ്ടി വന്നു. പെട്ടെന്ന് അവിടെ കൊടുങ്കാറ്റും പേമാരിയും വന്ന് ആസിം ബിൻ സാബിത്ത്(റ)ന്‍റെ ശരീരം മറ്റെങ്ങോട്ടോ കൊണ്ടുപോയി. ഹദ്റത്ത് ആസിം ബിൻ സാബിത്ത്(റ) ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് ബഹുദൈവാരാധനയമായി ബന്ധമുള്ള എല്ലാത്തിൽ നിന്നും താൻ അകന്നു നിൽക്കുന്നതാണ്, ഏതുവരെയെന്നാൽ താൻ ഒരു ബഹുദൈവാരാധകനെ തൊടുക പോലും ഇല്ല എന്ന് ശപഥം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ശഹാദത്തിനെ കുറിച്ചും ശേഷമുണ്ടായ സംഭവങ്ങളെ കുറിച്ചും ഹദ്റത്ത് ഉമർ(റ)നോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ‘നോക്കൂ, എത്ര മനോഹരമായിട്ടാണ് അല്ലാഹു തന്‍റെ ദാസൻമാരുടെ വികാരങ്ങളെ സംരക്ഷിക്കുന്നത്. അവൻ ആസിം(റ)ന്‍റെ ശപഥം അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷവും പൂർത്തീകരിക്കുകയും ബഹുദൈവാരാധകർ അദ്ദേഹത്തെ തൊടുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.” [2]
റജീഅ്ൽ ശേഷിച്ച മൂന്ന് സഹാബാക്കളുടെ അതി ദാരുണമായ അവസ്ഥ
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു.
“ഏഴ് സഹാബാക്കൾ വധിക്കപ്പെട്ടതിന് ശേഷം ഖുബൈബ് ബിൻ അദിയ്യ്(റ), സൈദ് ബിൻ ദസ്ന(റ), പിന്നെ മറ്റൊരു സഹാബിയും മാത്രം ബാക്കിയായി. മുസ്‌ലിങ്ങളെ ജീവനോടെ പിടിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം എന്നതിനാൽ അവിശ്വാസികൾ വീണ്ടും വിളിച്ചു പറഞ്ഞു; ‘ഇനിയും വൈകിയിട്ടില്ല, ഇപ്പോഴും നിങ്ങൾക്ക് താഴെ ഇറങ്ങാം, ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കുകയില്ല.‘ ഈ തവണ ഈ നിഷ്കളങ്കർ അവരുടെ ചതിയിൽ അകപ്പെടുകയും കുന്നിനു മുകളിൽ നിന്ന് താഴെ ഇറങ്ങുകയും ചെയ്തു. അവർ താഴെ ഇറങ്ങിയതും അവിശ്വാസികൾ അവരെ വില്ലുകളുടെ കയർ കൊണ്ട് വരിഞ്ഞ് കെട്ടി. ഖുലബൈബ്(റ)ന്‍റെയും സൈദ്(റ)ന്‍റെയും കൂടെയുണ്ടായിരുന്ന മൂന്നാമത്തെ സഹാബി ഹദ്റത്ത് അബ്‌ദുല്ലാഹ് ബിൻ താരിഖ്(റ) നിയന്ത്രണം വിട്ട് വിളിച്ച് പറഞ്ഞു; ‘നിങ്ങൾ ഇതാ തുടക്കത്തിൽ തന്നെ നിങ്ങളുടെ വാഗ്ദാനം ലംഘിച്ചിരിക്കുന്നു. ഇനി നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആർക്കറിയാം.‘ ഹദ്റത്ത് അബ്‌ദുല്ലാഹ് അവിശ്വാസികളുടെ കൂടെ പോകാൻ വിസമ്മതിച്ചപ്പോൾ അവർ അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ട് പോവുകയും മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് മൃതപ്രായനാക്കി അദ്ദേഹത്തെ മരിക്കാനായി വഴിയിൽ ഉപേക്ഷിച്ച് പോയി. ശേഷം അവർ ഖുറൈശികളെ പ്രീതിപ്പെടുത്താനും പണത്തിന്‍റെ അത്യാഗ്രഹം കാരണവും ഖുബൈബ്(റ)നെയും സൈദ്(റ)നെയും മക്കയിലേക്ക് കൊണ്ടുപോയി രണ്ടു പേരെയും ഖുറൈശികൾക്ക് വിറ്റു. ഖുബൈബ്(റ)നെ ഹാരിസ് ബിൻ ആമിർ ബിൻ നൗഫലിന്‍റെ സന്തതികൾ വാങ്ങി. എന്തെന്നാൽ ബദ്ർ യുദ്ധത്തിൽ ഹദ്റത്ത് ഖുബൈബ് ആമിർ ബിൻ നൗഫലിനെ വധിച്ചിരുന്നു. സൈദ്(റ)നെ സഫ്‌വാൻ ബിൻ ഉമയ്യ വാങ്ങി.” [2]
നബിതിരുമേനി(സ)യോടുള്ള സഹാബാക്കളുടെ അകമഴിഞ്ഞ സ്നേഹം
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
“സഫ്‌വാൻ ബിൻ ഉമയ്യ തന്‍റെ തടവുകാരനായ ഹദ്റത്ത് സൈദ് ബിൻ ദസ്ന(റ)]നെ ഹറമിന് പുറത്തേക്ക് കൊണ്ടുപോയി. മക്കാ നേതാക്കൻമാരടങ്ങുന്ന ഒരു സംഘം ആളുകൾ അവരെ പിന്തുടർന്നു. സഫ്‌വാൻ തന്‍റെ അടിമ നസ്തസിനോട് സൈദ്(റ)നെ വധിക്കാൻ കല്പിച്ചു. നസ്തസ് മുന്നോട്ട് വന്ന് തന്‍റെ വാൾ ഉയർത്തി. അപ്പോൾ അവിടെ ഈ കാഴ്ച കാണാൻ വന്നിരുന്ന മക്കയിലെ നേതാവായിരുന്ന അബൂ സുഫിയാൻ ബിൻ ഹറബ് മുന്നോട്ട് വന്ന് സൈദ്(റ)നോടായി ചോദിച്ചു.‘ സൈദ്, സത്യം പറയൂ, ഈ അവസരത്തിൽ നിന്‍റെ സ്ഥാനത്ത് മുഹമ്മദ് ആയിരിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ, ഞങ്ങൾ നിന്നെ വെറുതെ വിട്ട് മുഹമ്മദിനെ വധിക്കുകയും നിന്‍റെ ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയണമെന്നും നീ ആഗ്രഹിക്കുന്നില്ലേ.?’ ഇത് കേട്ടതും സൈദ് റ ന്‍റെ കണ്ണുകൾ കോപം കൊണ്ട് ചുവക്കുകയും ആവേശത്തോടെ ഇപ്രകാരം മറുപടി പറയുകയും ചെയ്തു; ‘അബൂ സുഫിയാൻ, എന്ത് അസംബന്ധമാണ് നീ പറയുന്നത്. ദൈവത്താണ, എന്നെ മോചിപ്പിക്കുന്നതിന് പകരമായി അല്ലാഹുവിന്‍റെ തിരുദൂതരുടെ കാലിൽ ഒരു മുള്ള് തറക്കുന്നതുപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.‘ ഇത് കേട്ടതും അബൂ സുഫിയാൻ അനിയന്ത്രിതമായി പറഞ്ഞു; ‘ദൈവത്താണ മുഹമ്മദിനെ അദ്ദേഹത്തിന്‍റെ അനുചരൻമാർ സ്നേഹിക്കുന്നത് പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല’’. [4]
തടവുകാരനായിരിക്കെ ഹദ്റത്ത് ഖുബൈബ്(റ)ന്റെന മാതൃകാപരമായ പെരുമാറ്റം
കുറിപ്പുകള്‍
[1] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 361-362
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
“ഈ രണ്ടു സഹാബാക്കളും തടവുകാരായിരുന്ന സമയത്ത് ഹദ്റത്ത് ഖുബൈബ് തന്‍റെ ഒരു ആവശ്യത്തിനായി ഹാരിസിന്‍റെ മകളോട് ഒരു കത്തി ആവശ്യപ്പെട്ടു. അവൾ ഖുബൈബിന് കത്തി നൽകി. അദ്ദേഹം കത്തി കയ്യിൽ പിടിച്ചിരിക്കുന്ന സമയത്ത് തന്നെ ഹാരിസിന്‍റെ മകളുടെ ചെറിയ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ഇടയിൽ ഖുബൈബ്(റ)ന്‍റെ അടുക്കലെത്തി. അദ്ദേഹം ആ കുട്ടിയെ തന്‍റെ മടിയിൽ ഇരുത്തി. കയ്യിൽ കത്തി പിടിച്ചിരിക്കുന്ന ഖുബൈബിന്‍റെ മടിയിൽ തന്‍റെ കുട്ടി ഇരിക്കുന്നത് കണ്ട ആ സ്ത്രീ ഭയന്ന് വിറക്കുകയും ഭയം കൊണ്ട് അവളുടെ മുഖം വിളറുകയും ചെയ്തു. അവളെ കണ്ടപ്പോൾ അവൾ ഭയന്ന് നിൽക്കുകയാണെന്ന് ഖുബൈബിന് മനസ്സിലായി. അദ്ദേഹം പറഞ്ഞു; ‘ഞാൻ ഈ കുട്ടിയെ വധിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ. ദൈവത്താണ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.‘ ഈ വാക്കുകൾ കേട്ടപ്പോൾ വിളറി വെളുത്തിരുന്ന അവളുടെ മുഖം തെളിഞ്ഞു. ഈ സ്ത്രീ ഖുബൈബിന്‍റെ ഉയർന്ന ധാർമ്മിക ഗുണങ്ങൾ കണ്ട് വളരെയധികം സ്വാധീനിക്കപ്പെട്ടു. ഞാൻ ഇത്രയും നല്ല ഒരു തടവുകാരനെ വേറെ എവിടെയും കണ്ടിട്ടില്ല എന്ന് അവർ പറയുമായിരുന്നു. അവർ പറയുന്നു: ‘ഒരു ദിവസം ഞാൻ ഖുബൈബിന്‍റെ പക്കൽ ഒരു മുന്തിരിക്കുല കണ്ടു. അദ്ദേഹം അതിൽ നിന്ന് ഓരോ മുന്തിരിയായി എടുത്ത് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് മക്കയിൽ മുന്തിരി എവിടെയും ലഭ്യമായിരുന്നില്ല എന്ന് മാത്രമല്ല ഖുബൈബിന്‍റെ കൈകൾ ശക്തമായ ഇരുമ്പ് ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്നു. ഇത് സ്വർഗ്ഗത്തിൽ നിന്ന് ഖുബൈബിന് ലഭിച്ച ഭക്ഷണമാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു.” [5]
അവസാനം ഖുറൈശികൾ ഹദ്റത്ത് ഖുബൈബ്(റ) നെ ഒരു മൈതാനത്തിലേക്ക് കൊണ്ട് പോവുകയും അദ്ദേഹത്തെ അവിടെ വെച്ച് വധിക്കുകയും ചെയ്തു. ഹദ്റത്ത് ഖുബൈബ് തന്നെ വധിക്കുന്നതിന് മുൻപ് രണ്ട് റകഅത്ത് നമസ്‌കാരിക്കാനുള്ള അനുവാദം ചോദിച്ചു. അദ്ദേഹം പറഞ്ഞു; ‘ഞാൻ ഈ നമസ്കാരം നീട്ടി നമസ്കരിക്കാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ഞാൻ കൂടുതൽ സമയം നമസ്കരിച്ചാൽ എനിക്ക് മരിക്കാൻ ഭയമുണ്ട് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കും എന്നതിനാലാണ് ഞാൻ വേഗത്തിൽ നമസ്കാരം പൂർത്തിയാക്കിയത്.’ അതിന് ശേഷം അദ്ദേഹത്തെ അവർ ശഹീദാക്കി.
ഈ വിവരണങ്ങൾ തുടരുന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
കുറിപ്പുകള്‍
[1] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 363-364
[2] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 366-367
[3] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 364
[4] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 366
[5] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 364- 365
0 Comments