ജനുവരി 24, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 19 ജനുവരി 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ഉഹുദ് യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറഃഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹു) പറഞ്ഞു.
മുഹമ്മദ് നബി(സ) രക്തസാക്ഷിയായി എന്ന കിംവദന്തി
അവിശ്വാസികള്‍ നബിതിരുമേനി(സ) രക്തസാക്ഷിയായി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയുണ്ടായി. ഈ വ്യാജവാര്‍ത്ത ആദ്യമായി ആരാണ് പ്രചരിപ്പിച്ചത് എന്നതിനെ സംബന്ധിച്ച് വിവിധ നിവേദനങ്ങളുണ്ട്. ഹദ്റത്ത് സാബിത് അന്‍സാറുകളോട് പറഞ്ഞു: ഒരുവേള നബിതിരുമേനി(സ) രക്തസാക്ഷിയായിട്ടുണ്ടെങ്കില്‍ തന്നെയും അല്ലാഹു ജീവനുള്ളവനാണ് അവന് വേണ്ടി നാം പോരാടുന്നതാണ്. തുടര്‍ന്ന് മുസ്ലീംകളുടെ ഈ ചെറുസംഘം ഖാലിദ് ബിന്‍ വലീദ് ഉള്‍പ്പെടുന്ന അവിശ്വാസികളുടെ സംഘവുമായി ഏറ്റുമുട്ടി. ഖാലിദിന്റെ സൈന്യം എത്രത്തോളം ശക്തമായി തിരിച്ചടിച്ചുവെന്നാല്‍ ഈ മുസ്ലിം സംഘത്തില്‍പ്പെട്ടവരെല്ലാം രക്തസാക്ഷികളായി. ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് പറയുന്നു: ആ സമയത്ത് മുസ്‌ലീങ്ങള്‍ മൂന്ന് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. നബിതിരുമേനി(സ) രക്തസാക്ഷിയായെന്ന വാര്‍ത്ത കേട്ട് യുദ്ധക്കളത്തില്‍ നിന്ന് ഓടിപ്പോയവരായിരുന്നു അവരില്‍ ഒരു വിഭാഗം. എന്നാല്‍ ഈ സംഘം എണ്ണത്തില്‍ മറ്റുള്ളവരേക്കാളും കുറവായിരുന്നു. ഹദ്റത്ത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)വും അവരില്‍ പ്പെട്ടിരുന്നു. എന്നിരുന്നാലും, വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ചതുപോലെ, അക്കാലത്തെ പ്രത്യേക സാഹചര്യങ്ങളും ഈ ആളുകളുടെ ഹൃദയംഗമമായ വിശ്വാസവും ആത്മാര്‍ത്ഥതയും കണക്കിലെടുത്ത് അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയുണ്ടായി. ഈ ആളുകളില്‍ നിന്ന് ചിലര്‍ മദീന വരെ എത്തിയിരുന്നു. അവര്‍ മുഖേന നബിതിരുമേനി(സ)യുടെ രക്തസാക്ഷിത്വവും മുസ്ലീം സൈന്യത്തിന്റെ പരാജയവും സംബന്ധിച്ച വാര്‍ത്തകള്‍ മദീനയിലും എത്തി. മദീനയില്‍ ഒരു വിലാപാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. മുസ്ലീം പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമായവരുമായ എല്ലാവരും, അത്യധികം പരിഭ്രാന്തരായി നഗരത്തിന് പുറത്തിറങ്ങി. ഉഹുദിലേക്ക് പുറപ്പെട്ടു. ചിലര്‍ ശത്രുനിരയിലേക്ക് കുതിക്കുകയുണ്ടായി. രണ്ടാമത്തെ കൂട്ടര്‍ ഇതുവരെ ഓടിപ്പോയില്ലെങ്കിലും, നബിതിരുമേനി(സ)യുടെ രക്തസാക്ഷിത്വ വാര്‍ത്ത കേട്ടപ്പോള്‍ നിശ്ചയദാര്‍ഢ്യം നഷ്ടപ്പെടുകയോ ഇനി യുദ്ധം ചെയ്യുന്നത് പ്രയോജനകരമല്ലെന്ന് ചിന്തിക്കുകയോ ചെയ്തവരായിരുന്നു. അതിനാല്‍, അവര്‍ യുദ്ധക്കളത്തിന്റെ ഒരു വശത്തേക്ക് നീങ്ങി, തല താഴ്ത്തി ഇരുന്നു. പരാജയപ്പെടാതെ യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നവരായിരുന്നു മൂന്നാമത്തെ കൂട്ടര്‍. അവരില്‍ ചിലര്‍ നബിതിരുമേനി(സ)യുടെ ചുറ്റും കൂടിയിരുന്നവരായിരുന്നു. അവര്‍ അഭൂതപൂര്‍വമായ വീര്യം പ്രകടിപ്പിക്കുകയും, അവരില്‍ ഭൂരിഭാഗവും പരസ്പരം ചിതറിക്കിടക്കുന്ന അവസ്ഥയില്‍ യുദ്ധക്കളത്തില്‍ പോരാടുകയും ചെയ്തു.
ഇക്കൂട്ടരും നബിതിരുമേനി(സ) ജീവനോടെയുണ്ട് എന്ന് മനസ്സിലാക്കിയ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരും ഉന്മാദരെ പോലെ തിരുനബിയുടെ ചുറ്റും ഒത്തുകൂടികൊണ്ട് യുദ്ധം ചെയ്തു കൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ യുദ്ധത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നുവെന്നാല്‍ ഖുറൈശികള്‍ സമുദ്രതിരമാലകളെ പോലെ ആക്രമിച്ചു മുന്നേറി കൊണ്ടിരിക്കുകയായിരുന്നു. യുദ്ധക്കളത്തില്‍ എല്ലാ ദിക്കുകളില്‍ നിന്നും അമ്പുകളും കല്ലുകളും മഴ വര്‍ഷിക്കുന്നത് പോലെ മുസ്ലിങ്ങളുടെ മേല്‍ പതിച്ചുകൊണ്ടിരുന്നു. ഈ അപകടാവസ്ഥ കണ്ടപ്പോള്‍, പ്രസ്തുത അനുയായികള്‍ നബിതിരുമേനി(സ)യുടെ ചുറ്റും നിന്നുകൊണ്ട് നബിയെ സംരക്ഷിക്കുകയുണ്ടായി. എന്നാല്‍ ചില സമയങ്ങളില്‍ ആക്രമണം ശക്തമായപ്പോള്‍ നബിതിരുമേനി(സ) ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ടായി. അത്തരമൊരു സന്ദര്‍ഭത്തില്‍, സഅദ് ബിന്‍ അബീവഖാസ്(റ) യുടെ വിഗ്രഹാരാധകനായ സഹോദരന്‍ ഉത്ബ ബിന്‍ അബി വഖാസ് എറിഞ്ഞ കല്ല് നബിതിരുമേനി(സ)യുടെ അനുഗൃഹീതമായ മുഖത്ത് പതിച്ചു, അത് മുഖേന അദ്ദേഹത്തിന്റെ പല്ല് പൊട്ടുകയും ചുണ്ടിന് മുറിവേല്‍ക്കുകയും ചെയ്തു. അധികം താമസിയാതെ അബ്ദുല്ലാഹി ബിന്‍ ശിഹാബ് എറിഞ്ഞ മറ്റൊരു കല്ല് കാരണം നബിതിരുമേനി(സ)യുടെ നെറ്റിയില്‍ മുറിവേറ്റു. ഇബ്നു ഖുമാഅ എറിഞ്ഞ മൂന്നാമതൊരു കല്ല് നബിയുടെ അനുഗൃഹീത കവിള്‍ത്തടത്തില്‍ തട്ടി. അതിലൂടെ നബിതിരുമേനി(സ)യുടെ ‘മിഗ്ഫാര്‍’ അഥവാ ശിരോകവചത്തിലെ രണ്ട് വളയങ്ങള്‍ അദ്ദേഹത്തിന്റെ കവിളില്‍ തുളച്ചു കയറി. സഅദ് ബിന്‍ അബീ വഖാസ്(റ) തന്റെ സഹോദരന്‍ ഉത്ബയുടെ ചെയ്തിയില്‍ വളരെ രോഷാകുലനായിരുന്നു, ഉഹുദ് ദിനത്തില്‍ ഉത്ബയെ കൊല്ലാനുണ്ടായത്ര ആവേശാതിരേകം മറ്റൊരു ശത്രുവിനെയും കൊല്ലാന്‍ തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുമായിരുന്നു.
(സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2, പേജ് 335-337)
പ്രവാചകനെതിരെയുള്ള ആക്രമണങ്ങളെ അനുചരന്മാര്‍ പ്രതിരോധിക്കുന്നു
ഖലീഫാ തിരുമനസ്സ് പറയുന്നു, ഈ കിംവദന്തി പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷം നബി(സ)യെ ആദ്യമായി ഒരു നോക്ക് കണ്ടത് ഹദ്റത്ത് അബൂ ഉബൈദ(റ) ആയിരുന്നു. നബിതിരുമേനി(സ)യുടെ കവചത്തിനടിയില്‍ നിന്ന് കണ്ണുകള്‍ തിളങ്ങുന്നത് അദ്ദേഹം കണ്ടു. ഹദ്റത്ത് അബു ഉബൈദ (റ) മറ്റുള്ളവരെ അറിയിക്കാനായി ഉറക്കെ വിളിക്കാന്‍ തുടങ്ങി. എന്നാല്‍, പ്രവാചകന്‍ (സ) അദ്ദേഹത്തോട് നിശബ്ദത പാലിക്കാന്‍ നിര്‍ദേശിച്ചു. എന്നിരുന്നാലും, ആ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി, മുസ്ലീങ്ങള്‍ ഒരു നോക്ക് കാണാന്‍ നബി(സ)യുടെ അടുത്തേക്ക് ഓടാന്‍ തുടങ്ങി. തന്റെ അനുചരന്മാരാല്‍ ചുറ്റപ്പെട്ട് നബിതിരുമേനി(സ) ഉഹുദിലെ ഒരു മലഞ്ചെരുവിലേക്ക് നീങ്ങി. അവര്‍ നീങ്ങി കൊണ്ടിരുന്നപ്പോള്‍ എല്ലാ ആക്രമണങ്ങളെയും കൂടെയുള്ളവര്‍ ധീരതയോടെ പ്രതിരോധിച്ചു. ഖലീഫാ തിരുമനസ്സ് പറയുന്നു, ഉബയ്യ് ബിന്‍ ഖലഫ് എന്ന മക്കയിലെ ഒരു ഭരണാധികാരിയും പ്രവാചകനെ ആക്രമിച്ചു. ബദ്ര്‍ യുദ്ധത്തടവുകാരില്‍ അവരുടെ മോചനത്തിനായി മോചനദ്രവ്യം നല്കിയവരില്‍ അദ്ദേഹവുമുണ്ടായിരുന്നു. ഉഹുദ് യുദ്ധ വേളയില്‍, ഉബയ്യ് ബിന്‍ ഖലഫ് യുദ്ധസമയത്ത് തന്നെ പിന്നില്‍ നിന്ന് ആക്രമിക്കുമെന്ന് തനിക്ക് തോന്നിയതായി പ്രവാചകന്‍ (സ) തന്റെ അനുചരര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. ഉബയ്യ് അടുത്തെത്തിയപ്പോള്‍, അനുചരന്മാര്‍ നബിതിരുമേനി(സ)യെ വിവരമറിയിക്കുകയും അദ്ദേഹത്തെ തടയണോ എന്ന് ചോദിക്കുകയും ചെയ്തു. അവന്‍ അടുത്തേക്ക് വരട്ടെ എന്ന് പ്രവാചകന്‍ (സ) അവരോട് നിര്‍ദേശിച്ചു. അദ്ദേഹം അടുത്തെത്തിയപ്പോള്‍, നബിതിരുമേനി(സ) തന്റെ ഒരു അനുചരനില്‍ നിന്ന് ഒരു കുന്തം എടുത്ത് ഉബയ്യ് ബിന്‍ ഖലഫിന്റെ നേരെ പ്രയോഗിച്ചു. അത് അവനെ മുറിവേല്പിക്കുകയും ചെയ്തു. യുദ്ധം കഴിഞ്ഞ് മക്കയിലേക്ക് മടങ്ങുന്നതിനിടെ ഉബയ്യ് ബിന്‍ ഖല്‍ഫ് മരണപ്പെട്ടു.
ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് എഴുതുന്നു, നബിതിരുമേനി(സ) പര്‍വതനിരയില്‍ എത്തിയപ്പോള്‍ ഖാലിദ് ബിന്‍ വലീദിന്റെ നേതൃത്വത്തില്‍ ഖുറൈശികളുടെ ഒരു സംഘം മലകയറി ആക്രമണം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ നബിതിരുമേനി(സ)യുടെ കല്പനപ്രകാരം ഹദ്റത്ത് ഉമര്‍(റ) ഏതാനും മുഹാജിറുകളോടൊപ്പം അവരോട് യുദ്ധം ചെയ്യുകയും അവരെ ഓടിക്കുകയും ചെയ്തു. (സീറത്ത് ഖാതമുന്നബിയ്യീന്‍ വാള്യം 2, പേജ് 340)
നബിതിരുമേനി(സ)ക്ക് ഏല്‍ക്കേണ്ടി വന്ന മുറിവുകള്‍
നബിതിരുമേനി(സ) കവചത്തിന്റെ രണ്ട് പാളികള്‍ ധരിച്ചിരുന്നു, തുടര്‍ന്ന് അദ്ദേഹത്തിനേറ്റ പരിക്കുകള്‍ കാരണം അദ്ദേഹത്തിന് ചില ബലഹീനത അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിനാല്‍ മലമുകളിലേക്ക് കയറാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. ഇത് കണ്ട ഹദ്റത്ത് ത്വല്‍ഹ ബിന്‍ ഉബൈദുല്ലാഹ്(റ) നബിതിരുമേനി(സ)യെ മുകളിലേക്ക് കയറാന്‍ സഹായിച്ചു. യുദ്ധത്തിനിടയില്‍, നബിതിരുമേനി(സ)ക്ക് ഒരു പല്ല് നഷ്ടപ്പെടുകയും, ശിരോകവചത്തിന്റെ വളയങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് തറക്കുകയും ചെയ്തു. ഹദ്റത്ത് അബു ഉബൈദ (റ) മോതിരം പുറത്തെടുക്കാന്‍ മുന്നോട്ട് വന്നു, പക്ഷേ കൈകൊണ്ട് അത് ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അങ്ങനെ അദ്ദേഹം ആദ്യത്തെ വളയം പുറത്തെടുക്കാന്‍ പല്ലുകള്‍ ഉപയോഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ പല്ലുകളിലൊന്ന് പൊട്ടി. രണ്ടാമത്തെ വളയം എടുക്കുന്നതിനും അദ്ദേഹം അത് തന്നെ ചെയ്തു, തത്ഫലമായി, മുന്‍പല്ലുകളില്‍ രണ്ടാമതൊരു പല്ല് കൂടി പൊട്ടി. ഭാവിയില്‍ ഈ സംഭവങ്ങള്‍ വിവരിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഫലസ്തീനികള്‍ക്കും മുസ്ലീം രാഷ്ട്രങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കുള്ള അഭ്യര്‍ഥന
ഖലീഫാ തിരുമനസ്സ് വീണ്ടും ഫലസ്തീനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പറയുന്നു, ഫലസ്തീനിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഒന്നിക്കുന്നതിന് പകരം മുസ്‌ലീം രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പാക്കിസ്ഥാനും ഇറാനും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതായും ഇരുവരും പരസ്പരം ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത് അപകടകരമായ ഒരു സാഹചര്യമാണ്. മുസ്ലിം രാഷ്ട്രങ്ങള്‍ക്കും നേതാക്കള്‍ക്കും അല്ലാഹു ജ്ഞാനവും വിവേകവും നല്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാര്‍ത്ഥിച്ചു.
ജനാസ നമസ്‌കാരങ്ങള്‍
സയ്യിദ് ദാവൂദ് മുസഫ്ഫര്‍ ശായുടെ മകന്‍ സയ്യിദ് മലൂദ് അഹ്‌മദ്
ഇദ്ദേഹം രണ്ടാം ഖലീഫ ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദിന്റെയും (റ) ഹദ്റത്ത് ഉമ്മേ താഹിറിന്റെയും (റ) ചെറുമകനായിരുന്നു. ഇദ്ദേഹം ഖലീഫാ തിരുമനസ്സിന്റെ ഭാര്യയുടെ മൂത്ത സഹോദരനുമായിരുന്നു. അദ്ദേഹത്തിന്റെ നിക്കാഹ് വിളംബരം നടത്തിയത് മൂന്നാം ഖലീഫയായിരുന്നു. ആ അവസരത്തില്‍ മൂന്നാം ഖലീഫ(റ) നടത്തിയ പ്രഭാഷണം ഖലീഫാ തിരുമനസ്സ് വായിച്ചു. അതില്‍ ദാമ്പത്യ കാര്യങ്ങളില്‍ ‘നേരായ വാക്ക് പറയുന്നതിന്റെ’ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹം എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ഒരിക്കലും തന്റെ ഹൃദയത്തില്‍ ഒരു ദുരുദ്ദേശ്യവും സൂക്ഷിച്ചിരുന്നില്ല. ആരെങ്കിലും തന്നോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍പ്പോലും, അദ്ദേഹം അവരോട് എപ്പോഴും ഏറ്റവും ഉയര്‍ന്ന ധാര്‍മികതയോടെ പെരുമാറും. ഈ സദ്ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് സാക്ഷ്യപ്പെടുത്തി. ചെറുപ്പത്തില്‍ ഒരിക്കല്‍ അദ്ദേഹം രണ്ടാം ഖലീഫ(റ)യെ അനുഗമിച്ച് അദ്ദേഹത്തിന്റെ ഒരു കൃഷിയിടത്തിലേക്ക് പോയി. മാമ്പഴക്കാലമായിരുന്നു, കൃഷി സ്ഥലം പരിപാലിക്കുന്ന തൊഴിലാളികളുടെ മാമ്പഴങ്ങളുടെ ഒരു പെട്ടി അവിടെ ഉണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന സയ്യിദ് മലൂദ് അതില്‍ നിന്ന് ഒരു മാമ്പഴം എടുത്തു. എന്നാല്‍ രണ്ടാം ഖലീഫ (റ) അത് തന്റേതല്ലാത്തതിനാല്‍ തിരികെ നല്കാന്‍ ഉപദേശിച്ചു. ഈ രീതിയില്‍, ചെറുപ്പം മുതല്‍ തന്നെ രണ്ടാം ഖലീഫ(റ) അദ്ദേഹത്തെ വളരെ വിലപ്പെട്ട പാഠം പഠിപ്പിച്ചു. അല്ലാഹു അദ്ദേഹത്തിന് പാപമോചനം നല്കട്ടെ എന്നും കാരുണ്യത്തോടെ പെരുമാറട്ടെ എന്നും, അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും സംരക്ഷിക്കുകയും, അദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിച്ചു.
ബുര്‍ക്കിന ഫാസോയിലെ ഡോറിയില്‍ നിന്നുള്ള അക്മിദ് ആഗ് മുഹമ്മദ്
ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരും പത്ത് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്. ഗുരുതരമായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹം 1999 ലാണ് അഹ്‌മദിയ്യത്ത് സ്വീകരിച്ചത്. ഇസ്ലാം അഹ്‌മദിയ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി വിവിധ സ്ഥലങ്ങളില്‍ ജമാഅത്ത് സ്ഥാപിതമായി. അദ്ദേഹം മഹ്ദി ആബാദിലെ പ്രാദേശിക പ്രസിഡന്റ് എന്ന നിലയില്‍ അഞ്ചു വര്‍ഷം സേവനമനുഷ്ഠിക്കുകയുണ്ടായി. മഹ്ദി ആബാദിലെ രക്തസാക്ഷികളുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് ആവശ്യമുള്ള വിധത്തില്‍ അവരെ സേവിക്കുന്നതിനും സഹായിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അദ്ദേഹം കൃത്യമായി നമസ്‌കാരം അനുഷ്ഠിക്കുമായിരുന്നു. ജമാഅത്ത് വ്യവസ്ഥിതിയോട് അങ്ങേയറ്റം അനുസരണയുള്ള വ്യക്തിയായിരുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന് മേല്‍ കരുണ ചൊരിയട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമ നല്കട്ടെ. അദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ നിലനിര്‍ത്തി കൊണ്ടു പോകാന്‍ അവരെ പ്രാപ്തരാക്കട്ടെ.
0 Comments