അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച് 28, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: Al Fazl
വിവര്‍ത്തനം: സി. എന്‍. താഹിര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, അല്ലാഹു നമുക്ക് ഈ റമദാനിലൂടെ കടന്നുപോകാൻ തൗഫീഖ് നൽകി. ഇന്ന് ഈ റമദാന്‍റെ അവസാന ജുമുഅയാണ്. നമ്മളിൽ അധികപേർക്കും നോമ്പ് അനുഷ്ഠിക്കുവാനും ആരാധനകൾ നിർവഹിക്കാനും തൗഫീഖ് ലഭിച്ചു എന്നത് അല്ലാഹുവിന്‍റെ ഔദാര്യമാണ്.
എന്നാൽ അതോടൊപ്പം തന്നെ, വെറും റമദാനിലെ നോമ്പുകളും ആരാധനകളും കൊണ്ട് മാത്രം നമ്മുടെ ലക്ഷ്യം പൂർണ്ണമായിട്ടില്ല എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. മറിച്ച്, അല്ലാഹു ഉപദേശിക്കുന്നത് “നിങ്ങൾ എന്നെ നിരന്തരം ആരാധിക്കുന്നവരായിരിക്കണം” എന്നതാണ്. അതിനാൽ, ഈ റമദാനിൽ ആരാധനകൾ നിർവഹിക്കാൻ തൗഫീഖ് ലഭിച്ചവർ അവർ ചെയ്ത നന്മകൾ തുടരാൻ ശ്രമിക്കേണ്ടതും അതിനുവേണ്ടി ദുആ ചെയ്യേണ്ടതുമാണ്.
ഏതു പോലെ റമദാന് പ്രാധാന്യമുണ്ടോ അതുപോലെ തന്നെ എല്ലാ നമസ്കാരത്തിനും ജുമുഅകൾക്കും പ്രാധാന്യമുണ്ട്. റമദാന്‍റെ അവസാനത്തെ ജുമുഅ ആയതുകൊണ്ട് ഈ ജുമുഅ അനുഗ്രഹീതമാണ് എന്ന് ധരിക്കുന്നതും ശരിയല്ല. എല്ലാ ജുമുഅകളും അനുഗ്രഹീതവും പ്രാധാന്യമുള്ളതും ആണ്. ഈ കാലഘട്ടത്തിൽ അല്ലാഹു വാഗ്ദത്ത മസീഹ്(അ)നെ അയക്കുകയും അദ്ദേഹത്തിൽ വിശ്വസിക്കാൻ നമുക്ക് തൗഫീഖ് നൽകുകയും ചെയ്തു. എങ്ങനെയാണ് ഒരു നല്ല വിശ്വാസി ആകേണ്ടത് എന്നും നബി തിരുമേനി(സ)യുടെ യഥാർഥ അനുയായി എങ്ങനെയാണ് ആകേണ്ടത് എന്നും ആ മഹാത്മാവ് നമ്മെ പഠിപ്പിച്ചു. ആ മഹാത്മാവ് ഒരവസരത്തിൽ പറയുകയുണ്ടായി.
“ഞാൻ പലതവണ എന്‍റെ ജമാഅത്തിനോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾ വെറും ബൈഅത്തിനെ മാത്രം ആശ്രയിച്ച് ഒതുങ്ങി പോകരുത്. അതിന്‍റെ യാഥാർഥ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെങ്കിൽ മോക്ഷം ലഭിക്കുകയില്ല. (മുരീദ്) ശിഷ്യൻ സ്വയം സൽകർമങ്ങൾ ചെയ്യുന്നില്ലെങ്കിൽ, (പീറിന്‍റെ) ഗുരുവിന്‍റെ മഹത്വം അവന് യാതൊരു ഗുണവും ചെയ്യുകയില്ല.”
വാഗ്ദത്ത മസീഹ്(അ) പറയുന്നു: “ഞാൻ നൂഹിന്‍റെ പേടകം എന്ന പുസ്തകം എഴുതിയിട്ടുണ്ട്. അത് ആവർത്തിച്ചാവർത്തിച്ച് വായിക്കുക. അല്ലാഹു പറയുന്നു: ‘പരിശുദ്ധി കൈവരിച്ചവർ മാത്രമേ വിജയം നേടുകയുള്ളൂ.’ അതനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ അതിന്‍റെ ഫലം ലഭിക്കുകയുള്ളൂ. ആയിരക്കണക്കിന് മോഷ്ടാക്കൾ, വ്യഭിചാരികൾ, മദ്യപാനികൾ, ഉപദ്രവകാരികൾ, അധർമ്മികൾ, തങ്ങൾ നബി തിരുമേനി(സ)യുടെ ഉമ്മത്തിൽപ്പെട്ടവരാണെന്ന് വാദിക്കുന്നു. എന്നാൽ യഥാർഥത്തിൽ അവർ അങ്ങനെയാണോ? നബി തിരുമേനി(സ)യുടെ ശിഷ്യന്മാർ എന്ന് വിളിക്കപ്പെടാൻ അവർ അർഹരാണോ? ഒരിക്കലും അല്ല. നബി തിരുമേനി(സ)യുടെ അധ്യാപനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നവർ മാത്രമേ ആ മഹാത്മാവിന്‍റെ ഉമ്മത്തി ആവുകയുള്ളൂ.”
പറയുന്നു: “ഈ ജമാഅത്തിൽ അംഗമാണെങ്കിൽ അതിന്‍റെ അധ്യാപനങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക. ജമാഅത്തിൽ പ്രവേശിച്ചാൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും. പ്രയാസങ്ങൾ ഇല്ലെങ്കിൽ അനുഗ്രഹങ്ങൾ എങ്ങനെ ലഭ്യമാകും.
“പതിമൂന്ന്‍ വർഷക്കാലമാണ് നബി തിരുമേനി(സ) മക്കയിൽ പ്രയാസങ്ങൾ അനുഭവിച്ചത്. ആ കാലഘട്ടത്തിലെ പ്രയാസങ്ങൾ എങ്ങനെയായിരുന്നു എന്ന് നിങ്ങൾക്കറിയില്ല. ഓർമയിലിരിക്കട്ടെ, പ്രയാസങ്ങൾ ഉണ്ടാകും, എന്നാൽ നബി തിരുമേനി(സ)ക്കും സഹാബാക്കൾക്കും(റ) പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നപ്പോൾ ആ മഹാത്മാവ് ക്ഷമയുടെ അധ്യാപനങ്ങളാണ് നൽകിയത്. അതിന്‍റെ അന്തിമഫലമായി ശത്രുക്കൾ നശിച്ചുപോയി. നിങ്ങൾ അറിയുന്നതാണ്, ശത്രുക്കളെ ആ സമയത്ത് കാണാൻ പോലും സാധിക്കുകയില്ല.
“അല്ലാഹു ഈ ജമാഅത്തിനെ ലോകത്ത് പ്രചരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ന്യൂനപക്ഷമായതിനാൽ അവർ നിങ്ങളെ വേദനിപ്പിക്കുന്നു. എന്നാൽ ജമാഅത്ത് വികസിക്കുമ്പോൾ അവർ സ്വയം മൗനം പാലിക്കും. ഇത് ഈ ലോകത്തിന്‍റെ നിയമമാണ്. നബിമാരുടെ ജമാഅത്തുകളുടെ ചരിത്രങ്ങളിലും ഇതുതന്നെ നമുക്ക് കാണാൻ സാധിക്കുന്നു.”
വാഗ്ദത്ത മസീഹ്(അ) പറയുന്നു, “ക്ഷമ ഒരു ആരാധനയാണ്. നമ്മുടെ ജമാഅത്തിന് അല്ലാഹുവിന്‍റെ പിന്തുണയുണ്ട്. പ്രയാസങ്ങൾ അനുഭവിക്കുന്നത് വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ക്ഷമക്ക് തുല്യമായി മറ്റൊന്നുമില്ല.”
തഖ്‌വയെ കുറിച്ച് ഉപദേശിച്ചുകൊണ്ട് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു: “സത്യവിശ്വാസികൾക്ക് തുടക്കത്തിൽ ക്ഷമ കൈക്കൊള്ളേണ്ടി വരുന്നു എന്നത് ചരിത്രം പറയുന്നു. സഹാബാക്കളുടെ കാലത്തും ഇത്തരം പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. മനുഷ്യർ ഭയഭക്തി കൈക്കൊള്ളുമ്പോൾ അല്ലാഹു അവർക്ക് വേണ്ടി വാതിലുകൾ തുറക്കുന്നു.”
സൃഷ്ടികളോടുള്ള കടമകളെ കുറിച്ച് ആ മഹാത്മാവ് പറയുന്നു: “നിങ്ങൾ പരസ്പരം ഐക്യത്തോടെ ചേർന്നിരിക്കുക. എത്രത്തോളം നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുവോ അത്രയും അല്ലാഹു നിങ്ങളോട് സ്നേഹം കാണിക്കും.”
തുടര്‍ന്ന് പറയുന്നു: “അസ്വസ്ഥഭരിതമായ ഈ കാലഘട്ടത്തിൽ, എല്ലായിടത്തും വിപരീത ബോധവും ഉദാസീനതയും വഴികേടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ജമാഅത്ത് ധർമ്മനിഷ്ഠ പാലിക്കേണ്ടത് അനിവാര്യമാണ്.”
ഖലീഫാ തിരുമനസ്സ് പറയുന്നു, ഇന്ന് ഏതു മാർഗമാണ് തിന്മയിലേക്ക് നയിക്കാൻ ഉപയോഗിക്കപ്പെടാത്തത്? അത്തരമൊരു യുഗത്തിൽ പാപങ്ങളുടെ മാർഗത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്.
വാഗ്ദത്ത മസീഹ്(അ) പറയുന്നു: “ഹൃദയങ്ങളിൽ അല്ലാഹുവിനോടുള്ള സ്നേഹവും ഭയഭക്തിയും നിലനിർത്തുക. അതിന് നമസ്കാരത്തെക്കാൾ ഉത്തമമായ മറ്റൊരു സംഗതിയുമില്ല. അല്ലാഹുവിന്‍റെ സമക്ഷത്തിൽ തങ്ങളുടെ നന്മകൾ കാഴ്ചവെക്കുകയും അവനോടുള്ള കടമകൾ നിർവഹിക്കുകയും ചെയ്യുക എന്നതുമാണ് യഥാർഥ ഉദ്ദേശ്യം. അതിനേറ്റവും ഉത്തമമായ മാർഗ്ഗം നമസ്കാരമാണ്.”
ഖലീഫാ തിരുമനസ്സ് പറയുന്നു, നാം റമദാനിലൂടെ കടന്നുപോയി, നമസ്കാരങ്ങളുടെയും നന്മകളുടെയും സാഹചര്യങ്ങളിലൂടെ കടന്നുപോയി, ഇനി അല്ലാഹുവിന്‍റെ കാരുണ്യത്തെ ആകർഷിക്കണമെങ്കിൽ റമദാനിനു ശേഷവും ഇത് തുടർന്നു കൊണ്ടു പോകേണ്ടതാണ്.
വാഗ്ദത്ത മസീഹ്(അ) പറയുന്നു, വ്രതാനുഷ്ഠാനം വർഷത്തിലൊരിക്കലാണ് വരുന്നത് , സക്കാത്ത് സമ്പന്നരാണ് നൽകേണ്ടത് അതും ഒരു നന്മയാണ്. എന്നാൽ നമസ്കാരം എല്ലാവരും അഞ്ചുനേരം അനുഷ്ഠിക്കേണ്ട ഒരു ആരാധനയാണ്. അതിനെ നഷ്ടപ്പെടുത്തി കളയരുത്. തുടർച്ചയായി നമസ്കരിക്കുക, എല്ലാം സ്വീകരിക്കുന്ന ശക്തനായ ഒരു അസ്തിത്വത്തിന്‍റെ മുന്നിലാണ് താൻ നിൽക്കുന്നത് എന്ന ബോധ്യത്തോടുകൂടി നമസ്കരിക്കുക.
ഖലീഫാ തിരുമനസ്സ് പറയുന്നു, നമ്മുടെ ജമാഅത്തംഗങ്ങളുടെ വിശ്വാസത്തിൽ വർദ്ധനവ് ഉണ്ടാകേണ്ടതാണ്. അല്ലാഹുവിൽ ദൃഢമായ വിശ്വാസവും അവനെക്കുറിച്ചുള്ള ജ്ഞാനവും ഉണ്ടാകേണ്ടതാണ്. സൽകർമങ്ങളിൽ ഒരിക്കലും മടിയും അലസതയും ഉണ്ടാകരുത് കാരണം ഇത്തരം അലസത ഉണ്ടാകുകയാണെങ്കിൽ അംഗ ശുദ്ധി വരുത്തുന്നതു പോലും അവർക്ക് പ്രയാസകരമായി തീരുന്നതാണ്. അത്തരക്കാർക്ക് എങ്ങനെയാണ് തഹജ്ജുദ് നമസ്കാരിക്കാൻ സാധിക്കുക. സൽക്കർമങ്ങൾ അനുഷ്ഠിക്കാനുള്ള കഴിവുണ്ടാകുന്നില്ലെങ്കിൽ, നന്മകളിൽ മുന്നേറാനുള്ള ആവേശമില്ലെങ്കിൽ ഞാനുമായി ബന്ധം പുലർത്തുന്നത് വ്യർഥമാണ്. പറയുന്നു, തങ്ങളുടെ പരിശ്രമത്തിലൂടെ നമ്മുടെ അധ്യാപനങ്ങൾ പ്രാവർത്തികമാക്കുന്നവർ മാത്രമാണ് നമ്മുടെ ജമാഅത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നാമമാത്രമായി ജമാഅത്തിൽ അംഗമായിരിക്കുകയും എന്നാൽ അധ്യാപനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവരും ഓർത്തിരിക്കുക, അല്ലാഹു ഈ ജമാഅത്തിന് ഒരു പ്രത്യേക ജമാഅത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാളും വെറും പേര് എഴുതിപ്പിച്ചു എന്നുള്ളത് കൊണ്ട് ജമാഅത്തിലെ അംഗമാകുന്നില്ല അതുകൊണ്ട് സാധ്യമാകുന്നത്ര ഈ അധ്യാപനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക. പ്രവർത്തനങ്ങൾ ചിറകുകൾ പോലെയാണ്, പ്രവർത്തനങ്ങൾ ഇല്ലാതെ മനുഷ്യന് ഒരിക്കലും ആത്മീയമായ ഉന്നത പദവികളിലേക്ക് പറന്നുയരാൻ സാധ്യമല്ല.
അല്ലാഹുവുമായിട്ടുള്ള സ്നേഹബന്ധം സ്ഥാപിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശ്യം എന്താണ്? വാഗ്ദത്ത മസീഹ്(അ) പറയുന്നു, തങ്ങളുടെ മാതാപിതാക്കളോടും ഭാര്യാ മക്കളോടും തങ്ങളുടെ നഫ്സിനോടും മറ്റെല്ലാ വസ്തുക്കളോടുമുള്ള സ്നേഹത്തേക്കാൾ ഉപരിയായി അല്ലാഹുവിന്‍റെ തൃപ്തിക്ക് മുൻഗണന നൽകുക. അതുകൊണ്ടാണ് വിശുദ്ധ ഖുർആനിൽ പറയുന്നത് നിങ്ങളുടെ പിതാക്കന്മാരെ സ്മരിക്കുന്നതുപോലെ നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക, മറിച്ച് അതിനേക്കാളും ഉപരിയായി, ഏറ്റവും ഉന്നതമായ സ്നേഹബന്ധം പുലർത്തിക്കൊണ്ട് അവനെ ഓർക്കുക.
ഖലീഫാ തിരുമനസ്സ് പറയുന്നു, ഈ റമദാനിൽ സൽക്കർമങ്ങളിലേക്കും ആരാധന കർമങ്ങളിലേക്കും ശ്രദ്ധ തിരിച്ചത് വർഷം മുഴുവൻ നിലനിർത്തേണ്ടതാണ്. ഈ പരിശ്രമം റമദാൻ മാസത്തോടുകൂടി അവസാനിപ്പിക്കേണ്ടതല്ല. അത് വർഷം മുഴുവൻ തുടർന്നുകൊണ്ടുപോകേണ്ടതാണ്.
അത് വർഷം മുഴുവൻ നിലനിർത്തുമ്പോൾ മാത്രമാണ് നമ്മുടെ യഥാർഥ ജീവിത ലക്ഷ്യത്തെ കരസ്ഥമാക്കുന്നവരായി നമ്മൾ മാറുന്നത്.
വാഗ്ദത്ത മസീഹ്(അ) പറയുന്നു, “നിങ്ങൾ ഭൗതികരെ പോലെ ആയിത്തീരുകയാണെങ്കിൽ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നിങ്ങൾ എന്‍റെ കയ്യിൽ തൗബ ചെയ്തവരാണ്. എന്‍റെ കയ്യിൽ തൗബ ചെയ്യുന്നത് ഒരു മരണത്തെ ആവശ്യപ്പെടുന്നുണ്ട്. എങ്കിൽ മാത്രമേ നിങ്ങൾക്ക് പുതുജീവൻ ലഭിക്കുകയുള്ളൂ. നിങ്ങൾ ബൈഅത്ത് ചെയ്യുന്നത് ഹൃദയം കൊണ്ടല്ല എങ്കിൽ അത് യാതൊരു പ്രയോജനവും നൽകുകയില്ല. എന്‍റെ കയ്യിൽ ബൈഅത്ത് ചെയ്യുന്നതിലൂടെ അല്ലാഹു ഹൃദയത്തിന്‍റെ അംഗീകാരമാണ് ആവശ്യപ്പെടുന്നത്. സത്യഹൃദയത്തോടു കൂടി എന്നെ സ്വീകരിക്കുകയും, യഥാർഥ തൗബ ചെയ്യുകയും ചെയ്യുന്നവന്‍റെ എല്ലാ പാപങ്ങളും പാപപൊറുതി നൽകുന്നവനും കാരുണ്യവാനുമായ ആ ദൈവം പൊറുത്തു നൽകുന്നതാണ്. മാതാവിന്‍റെ ഉദരത്തിൽ നിന്നും ജന്മമെടുത്ത കുഞ്ഞിനെ പോലെ അവൻ പരിശുദ്ധനായി തീരുന്നു. അപ്പോൾ മലക്കുകൾ അവനെ സംരക്ഷിക്കുന്നു. ഒരു ഗ്രാമത്തിൽ ഒരു നല്ല വ്യക്തി ഉണ്ടെങ്കിൽ ആ വ്യക്തി കാരണം അല്ലാഹു മുഴുവൻ ഗ്രാമത്തെയും നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ നാശം വരുമ്പോൾ അത് എല്ലാവരിലും വന്നു പതിക്കുന്നു. പക്ഷേ അപ്പോഴും അള്ളാഹു തന്‍റെ ദാസരെ ഏതെങ്കിലും വിധത്തിൽ സംരക്ഷിക്കുന്നു.”
ഖുതുബയുടെ അവസാനത്തിൽ ഖലീഫ തിരുമനസ്സ് പറഞ്ഞു, ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥയിൽ, തങ്ങളെയും തങ്ങളുടെ സന്താനങ്ങളെയും സംരക്ഷിക്കുന്നതൊടൊപ്പം മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനു വേണ്ടി പരിശ്രമിക്കുക. ഈ ലോകത്തെ നബി തിരുമേനി(സ)യുടെ പതാകയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനു പരിശ്രമിക്കുക. ഇന്ന് ലോകം ദ്രുതഗതിയിൽ നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു ഇച്ഛിക്കുകയാണെങ്കിൽ ഈ ലോകത്തെ സംരക്ഷിക്കുവാനുള്ള സംവിധാനം ചെയ്യുന്നതാണ്. ഇനി ഒരു നാശം വരികയാണെങ്കിൽ, അതിൽ നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കുമാറാക്കുന്നതിനും അവന്‍റെ അനുഗ്രഹങ്ങൾ വർഷിക്കുമാറാക്കുന്നതിനും പ്രാപ്തമായ സൽകർമങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. അല്ലാഹു വിശ്വാസി സമൂഹത്തെ സംരക്ഷിക്കുമാറാകട്ടെ. ആമീൻ.
0 Comments