പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തെ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ശക്തമായി അപലപിക്കുകയും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർഥിക്കുകയും ചെയ്യുന്നു.
നിരപരാധിയായ ഒരു വ്യക്തിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ആയതിനാല്‍, ഇത്തരം അതിക്രമങ്ങൾക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 27 മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ഈ നീചകൃത്യത്തെ ശക്തമായി അപലപിക്കുന്നു.
ഈ ആക്രമണം മനുഷ്യാവകാശങ്ങളുടെ ലംഘനമാകുന്നതോടൊപ്പം തന്നെ മതതത്വങ്ങള്‍ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും വിരുദ്ധവുമാണ്. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഈ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അനീതിക്ക് ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും, അവര്‍ക്ക് ക്ഷമയും ആത്മധൈര്യവും ലഭിക്കുന്നതിനായും, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
എല്ലാതരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും എതിരെ എന്നും ശക്തമായ നിലപാടെടുക്കുന്ന ഒരു സമുദായമാണ് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത്. ഞങ്ങള്‍ സമാധാനം, സഹിഷ്ണുത, മാനവികത എന്നിവയുടെ സംരക്ഷണത്തിനായി എപ്പോഴും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു. ഭീകരവാദത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ദൃഢമായി വിശ്വസിക്കുന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:
“ആരെങ്കിലും മറ്റൊരാളെ വധിക്കുകയോ നാട്ടിൽ കുഴപ്പമുണ്ടാക്കുകയോ ചെയ്യാത്ത നിലയിൽ [നിരപരാധിയായ] ഒരാളെ വധിച്ചാൽ അയാൾ മനുഷ്യരെ മുഴുവൻ വധിച്ചത് പോലെയാകുന്നു.”
[വിശുദ്ധ ഖുര്‍ആന്‍ 5:33]
ഈ ഖുര്‍ആനിക സൂക്തം ഇസ്‌ലാമിന്‍റെ സമാധാനപരമായ സന്ദേശം കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ഒരു നിരപരാധിയുടെ ജീവന്‍ എടുക്കുന്നത് മുഴുവന്‍ മനുഷ്യകുലത്തേയും വധിക്കുന്നതിന് തുല്യമായ തിന്മയാണെന്നാണ് ഈ വാക്യം പ്രഖ്യാപിക്കുന്നത്.
ഇന്ത്യ ഒരു മനോഹരമായ പൂങ്കാവനമാണ്. ഇവിടെ വിവിധ മതങ്ങളിലും ജാതികളിലും പെട്ട ആളുകള്‍ സ്നേഹത്തോടും ഐക്യത്തോടും കൂടി ജീവിക്കുന്നു. എന്നാല്‍ ചില ദുഷ്ടശക്തികള്‍ ഇടയ്ക്കിടെ ഈ ഐക്യം ഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നു.
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് പഹല്‍ഗാമില്‍ നടന്ന ഈ ക്രൂരകൃത്യത്തെ ഒരിക്കല്‍ കൂടി കടുത്ത ഭാഷയില്‍ അപലപിക്കുകയും, ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
സർവശക്തനായ ദൈവം നമ്മുടെ രാജ്യത്തെയും അതിലെ ജനങ്ങളെയും എല്ലാ സംഘർഷങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ. ആമീൻ.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്സ് റിലീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131
Image credit:
0 Comments