അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 22 ഓഗസ്റ്റ് 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹ്ഹുദും, തഅവ്വുദും, സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അബ) പറഞ്ഞു: നബി തിരുമേനി(സ)യുടെ ജീവിതത്തിലെ യുദ്ധങ്ങളെയും സൈനികനീക്കങ്ങളെയും കുറിച്ചുള്ള വിവരണം തുടരുകയാണ്. ഇന്ന് ഹുനൈൻ യുദ്ധത്തെക്കുറിച്ചാണ് വിവരിക്കുന്നതാണ്.
ഹുനൈൻ യുദ്ധം
ഹിജ്റ എട്ടാം വർഷം ശവ്വാൽ മാസത്തിലാണ് ഈ യുദ്ധം നടന്നത്. മക്കയിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള ഹുനൈൻ എന്ന പട്ടണത്തിൽ വെച്ച് ഈ യുദ്ധം നടന്നത് കൊണ്ടാണ് ഈ യുദ്ധത്തിന് ഹുനൈൻ യുദ്ധം എന്ന് പേര് നൽകപ്പെട്ടത്. ഹവാസിൻ ഗോത്രത്തിലെ വലിയ വിഭാഗം ആളുകൾ ഈ യുദ്ധത്തിൽ പങ്കെടുത്തതിനാൽ ഇതിനെ ഹവാസിൻ യുദ്ധം എന്നും വിളിക്കാറുണ്ട്. യുദ്ധസമയത്ത് ശത്രുപക്ഷത്ത് നിന്ന് പലരും ഉത്താസ് എന്ന സ്ഥലത്തേക്ക് ഓടി പോവുകയും, മുസ്‌ലിംകൾ അവരെ പിന്തുടർന്ന് അവിടെ വെച്ച് പരാജയപ്പെടുത്തുകയും ചെയ്തതിനാൽ ഇതിന് ഉത്താസ് യുദ്ധം എന്നും പേര് നൽകപ്പെട്ടിട്ടുണ്ട്. ചില ചരിത്രകാരന്മാർ ഉത്താസിൽ നടന്ന യുദ്ധത്തെ മറ്റൊരു സൈനികനീക്കമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഹുനൈൻ യുദ്ധത്തെക്കുറിച്ച് വിശുദ്ധ ഖുർആനിൽ ഇങ്ങനെ പരാമർശമുണ്ട്.
“തീർച്ചയായും അല്ലാഹു നിങ്ങളെ പല യുദ്ധരംഗങ്ങളിലും സഹായിച്ചിട്ടുണ്ട്. (പ്രത്യേകിച്ച്) ഹുനൈൻ (യുദ്ധ) ദിവസവും (നിങ്ങളെ സഹായിച്ചു). നിങ്ങളുടെ ആധിക്യം നിങ്ങളെ അഹംഭാവികളാക്കിത്തീർത്തപ്പോൾ. എന്നിട്ട് നിങ്ങൾക്ക് അത് (ആധിക്യം) പ്രയോജനമെന്നും ചെയ്തതുമില്ല. ഭൂമി വിസ്തൃത മായിരുന്നിട്ടും നിങ്ങൾക്ക് അത് ഇടുങ്ങിയതായിത്തീർന്നു. പിന്നീട് നിങ്ങൾ തിരിഞ്ഞു പിൻവാങ്ങുകയാണുണ്ടായത്.പിന്നീട് അല്ലാഹു തൻ്റെ ദൂതനും സത്യവിശ്വാസികൾക്കും അവൻ്റെ പക്കൽ നിന്നുള്ള മനഃസമാധാനം ഇറക്കി. നിങ്ങൾ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളേയും അവൻ ഇറക്കുകയുണ്ടായി. അവിശ്വസിച്ചവരെ അവൻ ശിക്ഷിക്കുകയും ചെയ്തു. അതാണ് അവിശ്വാസികളുടെ പ്രതിഫലം.പിന്നീട് അല്ലാഹു അതിനുശേഷവും, അവൻ ഇഷ്ടപ്പെടുന്നവരുടെമേൽ കാരുണ്യത്തോടെ മടങ്ങുന്നതാണ്. അല്ലാഹു സർവഥാ പൊറുക്കുന്നവനും കരുണാമയനുമാകുന്നു” – (വിശുദ്ധ ഖുർആൻ 9:25-27)
ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം
മക്കാവിജയത്തിന് ശേഷം അറബ് ഗോത്രങ്ങളിൽ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിക്കുകയോ നബി തിരുമേനി(സ)യുടെ നേതൃത്വം അംഗീകരിക്കുകയോ ചെയ്തിരുന്നു. എന്നാൽ, യുദ്ധക്കൊതിയുള്ള ഗോത്രങ്ങളായിരുന്ന ബനൂ ഹവാസിനും ബനൂ തഖീഫും നബി തിരുമേനി(സ)യെ അനുസരിക്കാൻ വിസമ്മതിക്കുക മാത്രമല്ല, അവരുടെ തലവന്മാർ ഒത്തുകൂടി, നബി തിരുമേനി(സ) തങ്ങളെ ആക്രമിച്ചേക്കാമെന്നും അതിനാൽ ആദ്യം തങ്ങൾ ആക്രമിക്കണമെന്നും തീരുമാനിച്ചു. ബനൂ ഹവാസിനോടൊപ്പം മറ്റ് ഗോത്രങ്ങളിൽ നിന്നുള്ള സൈനികരും ചേർന്നു. യഥാർത്ഥത്തിൽ, നിവേദനങ്ങൾ സൂചിപ്പിക്കുന്നത്, തുടക്കത്തിൽ തന്നെ നബി തിരുമേനി(സ) ശക്തി പ്രാപിച്ചു കൊണ്ടു വരികയും ക്രമേണ വിഗ്രഹാരാധന തുടച്ചുനീക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ, ബനൂ ഹവാസിൻ യുദ്ധത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു എന്നാണ്.
ബനൂ ഹവാസിന്റെ ഈ തയ്യാറെടുപ്പുകളെക്കുറിച്ച് അറിയുന്നത് മക്കാവിജയത്തിന് മുമ്പ് നബിതിരുമേനി(സ) ഒരു സൈനികസംഘത്തെ മുന്നോടിയായി അയക്കുകയും അവർ ബനു ഹവാസിൻകാരനായ ഒരു ചാരനെ പിടികൂടുകയും ചെയ്തപ്പോഴാണ്. അല്ലാഹുവിന്റെ പ്രവാചകൻ അയാളോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ബനൂ ഹവാസിൻ മറ്റ് ഗോത്രങ്ങളിൽ നിന്നുള്ള സൈനികരെ ഉൾപ്പെടുത്തി ഒരു വലിയ സൈന്യത്തെ ഒരുമിച്ചു കൂട്ടിയിട്ടുണ്ടെന്നും, നബി തിരുമേനി(സ)ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതിനായി കനത്ത ആയുധങ്ങൾ ശേഖരിക്കാൻ ഒരു യാത്രാസംഘത്തെ ജോർദാനിലേക്ക് അയച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു.
ഈ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മക്കാവിജയം ഉണ്ടായത്. ഇത് ബനൂ ഹവാസിന്റെ രോഷം കൂടുതൽ വർദ്ധിപ്പിക്കുകയും നബി തിരുമേനി(സ)ക്ക് എതിരിൽ യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു. 20,000 സൈനികർ ഉൾപ്പെട്ട ഈ സൈന്യത്തെ നയിച്ചിരുന്നത് 30 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മാലിക് ബിൻ ഔഫ് ആയിരുന്നു. ഈ സൈന്യം ആദ്യം ഹുനൈനിലേക്ക് നീങ്ങി. മാലിക് ബിൻ ഔഫ് തന്റെ സൈന്യത്തിന് അഭൂതപൂർവമായ ഒരു നിർദേശം നൽകി: അതായത് അവർ തനിച്ചു പുറപ്പെടരുത്, മറിച്ച് തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും, അതുപോലെ തന്നെ സമ്പത്തും വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടണം. കാരണം, ഓടിപ്പോകാൻ ഒരു ഇടമില്ലെന്നും, ഓടിപ്പോയാൽ തങ്ങളുടെ ഭാര്യമാരും കുട്ടികളും സമ്പത്തും വളർത്തുമൃഗങ്ങളും അപകടത്തിൽ അകപ്പെടുമെന്നും മനസ്സിലാക്കി ഓരോ സൈനികനും വലിയ ആവേശത്തോടെ യുദ്ധം ചെയ്യണമെന്നതുമായിരുന്നു ഇതിന്റെ ലക്ഷ്യം.
ബനൂ ജശം ഗോത്രത്തിലെ നൂറ് വയസ്സിലേറെ പ്രായമുള്ള, കാഴ്ചയില്ലാത്ത തലവനായിരുന്ന ദുറൈദ് ബിൻ സിമ്മ ഈ യുദ്ധത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം യുദ്ധത്തിൽ നല്ല പരിചയസമ്പന്നനായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്ത്, യുദ്ധത്തിൽ വലിയ ധീരതയ്ക്ക് പേരുകേട്ടയാളുമായിരുന്നു. ഭാര്യമാരെയും കുട്ടികളെയും സമ്പത്തും വളർത്തുമൃഗങ്ങളെയും കൂടെ കൊണ്ടുവന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ, ദുറൈദ് ഈ തീരുമാനത്തെക്കുറിച്ച് മാലിക് ബിൻ ഔഫിനെ ചോദ്യം ചെയ്യുകയും ഇതൊരു നല്ല യുദ്ധതന്ത്രമല്ലെന്ന് പറയുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും ഒരു കോട്ടയിലേക്ക് അയയ്ക്കാൻ അദ്ദേഹം ഉപദേശിച്ചുവെങ്കിലും, മാലിക് അത് നിരസിച്ചു. ഇങ്ങനെയുള്ള യുദ്ധം ബുദ്ധിപരമല്ലെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, എല്ലാവരും തന്നെ അനുസരിക്കണമെന്ന് മാലിക് ബിൻ ഔഫ് തീവ്രമായി പ്രഖ്യാപിച്ചു. അനുസരിച്ചില്ലെങ്കിൽ താൻ തന്റെെ വാളുകൊണ്ട് സ്വയം വെട്ടുമെന്നും പറഞ്ഞു. ബനൂ ഹവാസിൻ മറ്റുചിലരോടും കൂടിയാലോചിക്കുകയും മാലിക് ബിൻ ഔഫിനെ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. മുസ്‌ലിം സൈന്യം മുന്നോട്ട് വന്നാൽ ഒളിഞ്ഞിരുന്ന് പെട്ടെന്ന് ആക്രമിക്കാൻ വേണ്ടി, സൈനികരെ താഴ്‌വരകളിൽ ഒളിപ്പിക്കണമെന്ന് ദുറൈദ് മാലിക്കിനോട് ഉപദേശിച്ചു. മാലിക് ഈ നിർദ്ദേശം അംഗീകരിച്ചു.
നബിതിരുമേനി(സ)യുടെ യുദ്ധത്തിനായുള്ള ഒരുക്കങ്ങൾ
ഹവാസിൻ ഗോത്രക്കാരുടെ തയ്യാറെടുപ്പുകളെക്കുറിച്ച് നബി തിരുമേനി(സ)ക്ക് വിവരം ലഭിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ അറിയാനായി ഹദ്‌റത്ത് അബ്‌ദുല്ലാഹ് ബിൻ അബൂ ഹദ്‌റദ് അസ്‌ലമി(റ)നെ അങ്ങോട്ടയച്ചു. അദ്ദേഹം ബനൂ ഹവാസിൻ ഗോത്രക്കാരുടെ അടുത്ത് പോവുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എത്രത്തോളമെന്നാൽ ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു. ഈ വിവരം അറിഞ്ഞപ്പോൾ, നബിതിരുമേനി(സ)ക്ക് യുദ്ധത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
മക്കയിൽ നിന്ന് പുറപ്പെടുമ്പോൾ, മുന്നിൽ കാണുന്ന യുദ്ധത്തിന്റെത വ്യാപ്തിക്ക് ആവശ്യമായ ആയുധങ്ങൾ മുസ്‌ലിംകളുടെ കൈവശമില്ലെന്ന് നബിതിരുമേനി(സ) വിലയിരുത്തുകയും സഫ്‌വാൻ ബിൻ ഉമയ്യയോട് ആയുധങ്ങൾ കടം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അത് തിരികെ നൽകുമെന്നും പറഞ്ഞു. അദ്ദേഹം പടച്ചട്ടകളും, ആയുധങ്ങളും, ഒട്ടകങ്ങൾ വരെയും നൽകി. യുദ്ധത്തിന് ശേഷം സഫ്‌വാന് തിരികെ നൽകാനായി ആയുധങ്ങൾ ശേഖരിച്ചപ്പോൾ, ആദ്യം അദ്ധേഹം നൽകിയ എണ്ണത്തിൽ നിന്ന് കുറവുണ്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. നഷ്ട്ടപ്പെട്ട ആയുധങ്ങളുടെ വില നൽകാമെന്ന് നബിതിരുമേനി(സ) സഫ്‌വാനോട് പറഞ്ഞു. എന്നാൽ, സഫ്‌വാൻ അപ്പോഴേക്കും പൂർണ്ണമായും മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും, നബി തിരുമേനിയിൽ(സ) നിന്ന് തുക സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. മക്കാവിജയിയായിരുന്ന, മുഴുവൻ സമ്പത്തിന്റെരയും നിയന്ത്രണം തന്റെ കൈവശമുള്ള അല്ലാഹുവിന്റെ പ്രവാചകൻ, യുദ്ധത്തിനുവേണ്ടി പലരിൽ നിന്നും കടം വാങ്ങുകയും, തുക പൂർണ്ണമായി തിരികെ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്.
ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണെന്നും താഴെ പറയുന്ന രണ്ട് പേരുടെ ജനാസ നമസ്ക്കരിപ്പിക്കുന്നതാണെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു.
അനുസ്മരണങ്ങൾ
ഒന്നാമത്തേത് പാകിസ്താനിലെ സിയാൽകോട്ടുകാരനായ ഖ്വാജ അബ്ദുർ റഹ്‌മാൻ സാഹിബിന്റെ മകൻ ഖ്വാജ മുക്താർ അഹ്‌മദ് ബട്ട് സാഹിബിന്റെ്താണ്. അദ്ദേഹം ഒരു വക്കീലായിരുന്നു. പിന്നീട് വ്യോമസേനയിൽ ചേർന്നു, എന്നാൽ അഹ്‌മദിയായതിനാൽ അദ്ദേഹത്തെ പിന്നീട് പുറത്താക്കി. സെൻസിറ്റീവ് സമയമായിരുന്ന 1974 കാലഘട്ടത്തിൽ, മൂന്നാം ഖലീഫയുടെ(റ) നിർദേശപ്രകാരം, അദ്ദേഹം ജമാഅത്തിന്റെ നിയമ(ലീഗൽ) കമ്മീഷൻ അംഗമായി പ്രവർത്തിക്കുകയും വിവിധ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. ഹദ്‌റത്ത് മിർസാ ബഷീർ അഹ്‌മദ്(റ)വുമായും, ഹദ്‌റത്ത് ചൗധരി സഫറുല്ലാഹ് ഖാൻ സാഹിബ്(റ)മായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ‘എസൻസ് ഓഫ് ഇസ്‌ലാം’ എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യം തയ്യാറാക്കുന്നതിൽ അദ്ദേഹം സഹായിച്ചിരുന്നു. റബ്‌വ ജമാഅത്തിന്റെ ഖളാ ബോർഡിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഈ ഡിപ്പാർട്ട്‌മെന്റിൽ താനും അദ്ദേഹത്തോടൊപ്പം കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ടെന്നും, അദ്ദേഹം വിവേകിയും വിനീതനുമായിരുന്നുവെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. അദ്ദേഹം ഖിലാഫത്തുമായി അഗാധമായ ബന്ധം നിലനിർത്തുകയും, ഖലീഫയോട് വളരെയധികം അടുപ്പം പുലർത്തുകയും ചെയ്തിരുന്നു. 2002ൽ അദ്ദേഹം കാനഡയിലേക്ക് താമസം മാറുകയും അവിടെ റീജിയണൽ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഖിലാഫത്തിനോട് കൂറും വിശ്വസ്തതയും വിനയവും ജീവിതത്തിൽ പ്രകടമാക്കിയ അനുസരണയുള്ള ഒരു ആത്മാർത്ഥ അഹ്മദിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഭാര്യയും, ഒരു മകളും, രണ്ട് ആൺമക്കളുമുണ്ട്. ഖിലാഫത്തുമായി എപ്പോഴും ചേർന്നുനിൽക്കാനുള്ള ആത്മമനോഭാവം അദ്ദേഹം തന്റെ മക്കളിൽ വളർത്തി. അദ്ദേഹം എപ്പോഴും ആരാധനകളിൽ മുഴുകിയിരുന്നു. മാസത്തിന്റെമ തുടക്കത്തിൽ തന്നെ സാമ്പത്തിക സംഭാവനകൾ നൽകുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും ഉൾപ്പെടെ മുഴുവൻ കുടുംബവും വലിയ സേവനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മക്കൾ അദ്ദേഹത്തിന്റെ സൽഗുണങ്ങളുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകട്ടെ. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും കാരുണ്യം വർഷിക്കുകയും ചെയ്യട്ടെ.
രണ്ടാമത്തെത് ഇന്ത്യയിലെ നസീർ അഹ്‌മദ് സാഹിബിന്റെ ഭാര്യ സയ്യിദ ബീഗം സാഹിബയുടെതാണ്. അവർക്ക് ഭർത്താവും, മൂന്ന് പെൺമക്കളും, നാല് ആൺമക്കളുമുണ്ട്. അവർ ഖാദിയാനിൽ നായിബ് നാസിർ ഇസ്‌ലാഹോ-ഇർശാദ് ആയി സേവനമനുഷ്ഠിക്കുന്ന താഹിർ അഹ്‌മദ് താരിഖ് സാഹിബിന്റെ മാതാവാണ്. മാതാവിൻറെ
വിയോഗസമയത്ത് താഹിർ അഹ്‌മദ് താരിഖ് സാഹിബ് ഔദ്യോഗിക പ്രതിനിധിയായി യു.കെ.യിൽ ആയിരുന്നതുകൊണ്ട് ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. അവരുടെ മുഴുവൻ കുടുംബവും ജമാഅത്തിന് സേവനം ചെയ്യുന്നതിൽ അർപ്പിതരാണ്. 25 വർഷം അവർ ആരോഗ്യപരമായ ബുദ്ധിമുട്ടുകളിലൂടെയാണ് കഴിഞ്ഞത്, അത് അവർ വലിയ ക്ഷമയോടെ സഹിക്കുകയും ഒരിക്കലും പരാതിപ്പെടുകയും ചെയ്തില്ല. അവർ ശുദ്ധഹൃദയയായിരുന്നു, എല്ലാ ബന്ധുക്കളോടും നന്നായി പെരുമാറുമായിരുന്നു. അവർക്ക് ഖിലാഫത്തിനോട് വലിയ സ്നേഹമുണ്ടായിരുന്നു. തന്റെ മക്കൾക്ക് ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എപ്പോഴും പ്രോത്സാഹനം നൽകിയിരുന്നു. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും അവരുടെ മേൽ കാരുണ്യം വർഷിക്കുകയും ചെയ്യട്ടെ. ആമീൻ.
0 Comments