നിലോഫര്‍ ടി. എ. പള്ളുരുത്തി, ബുഷ്‌റ ടി. എ. ഖാദിയാന്‍
ഉത്തർ പ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ, ഇരുപത് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ മണ്ണിൽ നിന്നും കണ്ടെത്തിയത് ഈ അടുത്താണ്.[1] ആടുകളെ മേയ്ക്കുവാൻ ഇറങ്ങിയ ഒരു ഇടയൻ തികച്ചും യാദൃശ്ചികമായി ഒരു കരച്ചിൽ കേൾക്കുവാനിടയായി. മണ്ണും ചെളിയും വാരി വെച്ചിടത്ത് നിന്നായിരുന്നു ആ ശബ്ദം കെട്ടിരുന്നത്. ചെളിയുടെ ഇടയിൽ ഒരു പിഞ്ചു പൈതലിന്‍റെ കരങ്ങൾ അയാളുടെ ശ്രദ്ധയിൽ പെട്ടു. ഞൊടിയിടയിൽ അയാൾ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു, കുഞ്ഞിനെ കുഴിയിൽ നിന്നും ജീവനോടെ രക്ഷിച്ചു. ഇപ്പോഴും അടിയന്തിര ചികിത്സയിൽ കഴിഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിന് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്? പെണ്ണായി ജനിച്ചു എന്ന ഒറ്റ കാരണത്താലാണ് അവള്‍ക്ക് ഈ ഗതി വന്നത് എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.
പെൺകുട്ടികളുടെ ജീവനും സുരക്ഷയും ഇന്നും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരമൊരു സംഭവം പുതിയതല്ല. കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഓരോ വർഷവും അഞ്ച് ലക്ഷം പെൺകുട്ടികൾക്കാണ് ശിശുഹത്യയിലൂടെയും ഗർഭഛിദ്രത്തിലൂടെയും ജീവൻ നഷ്ടമാകുന്നത്.[2]
അൾട്രാ സോണിക്ക് സ്കാനിംഗിന്‍റെ കണ്ടുപിടുത്തത്തിന് ശേഷം, കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലായി, നാല് മുതൽ പന്ത്രണ്ട് മില്യൺ അബോർഷനുകളാണ് പെൺകുട്ടിയാണെന്ന് അറിയുമ്പോൾ മാത്രം നടത്തപ്പെട്ടിട്ടുള്ളത്.[3]
ലിംഗനിർണയം നടത്തിക്കൊണ്ട് ഗർഭഛിദ്രം നടത്തുന്ന നിയമവിരുദ്ധമായ രീതികൾ ആയിരം കോടി വിലയുള്ള ഒരു വ്യവസായമായിത്തന്നെ ഇന്ത്യയിൽ മാറിക്കഴിഞ്ഞിരിക്കുന്നു.
പെൺഭ്രൂണഹത്യ ജനസംഖ്യ നിരക്കിലും, ആൺ പെൺ അനുപാതത്തിലും വലിയ വ്യതിയാനങ്ങൾ ആണ് ചില സംസ്ഥാനങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ പരിണിതഫലമായി വിവാഹം കഴിക്കുവാൻ സ്ത്രീകളെ ലഭിക്കാത്ത അവസ്ഥ സംജാതമാവുകയും, ഇത് വധുവിനെ അന്യായമായി കടത്തിക്കൊണ്ടുപോകുന്ന അല്ലെങ്കിൽ ‘വിൽക്കുന്ന’ അവസ്ഥ വരെ ചെന്നെത്തിനിൽക്കുകയും ചെയ്യുന്നു.
യൂണിസെഫിന്‍റെ ഒരു റിപ്പോർട്ട് പ്രകാരം ഹരിയാനയിലുള്ള ജാട്ട് സമുദായത്തിൽപെട്ട ഒരു വരന് 3000 കിലോമീറ്ററുകൾ താണ്ടി കേരളത്തിൽ വന്ന് വധുവിനെ അന്വേഷിക്കേണ്ടി വരുന്ന ഒരവസ്ഥയും ഇതുമൂലം സംജാതമായിട്ടുണ്ട്.[4]
ഇത്തരത്തിൽ കേരളത്തിലെ നൂറുകണക്കിന് സ്ത്രീ ജീവിതങ്ങൾ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ വിവാഹ കമ്പോളങ്ങളിൽ, വിലപേശാൻ കെൽപ്പില്ലാത്ത മാതാപിതാക്കളുടെ ചോരയും, സ്ത്രീധനത്തിന്‍റെ രക്തസാക്ഷിയുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.[5] പലപ്പോഴും അന്തമില്ലാത്ത ശാരീരിക, മാനസിക, ധാർമിക പ്രതിസന്ധികളും വെല്ലുവിളികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.
പെൺകുഞ്ഞിനെ കുഴിച്ചു മൂടിയിരുന്ന അറബ് ജനത എങ്ങനെ പെൺകുട്ടിയെ ആദരിക്കുന്നവരായി മാറി?
1400 വർഷം മുമ്പ് ഇസ്‌ലാം അവതീർണമായ അറേബ്യൻ മണ്ണിലും പെൺകുട്ടിയുടെ ജനനം ഒരു അശുഭലക്ഷണമായാണ് കരുതി പോന്നിരുന്നത്. പെൺ ശിശുഹത്യ പരക്കെ വ്യാപകമല്ലെങ്കിൽ കൂടി, വളരെ ക്രൂരമായ രീതിയിലാണ് പല കുടുംബങ്ങളിലും നടമാടിയിരുന്നത്. പെൺകുഞ്ഞിന്‍റെ ജനനം അവമതിപ്പും അപമാനവുമായാണ് ഈ ജനത കരുതിയിരുന്നത്. പെൺകുഞ്ഞിന്‍റെ ജനനം എന്ന അപഖ്യാതിയിൽ നിന്നും മോചനം നേടാൻ അവരിൽ ചിലർ തങ്ങളുടെ സ്വന്തം കരങ്ങൾ കൊണ്ട് തന്നെ തങ്ങളുടെ പെൺ കുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്നു.[6]
ഇസ്‌ലാം ഇതു മാറ്റിയെടുത്തത് സാമൂഹിക സംഘർഷങ്ങളിൽ നിന്നുണ്ടാകുന്ന പുരോഗമനപരമായ സ്വാഭാവിക പരിണതി എന്ന നിലക്കല്ലായിരുന്നു. മറിച്ച്, മൂല്യങ്ങളുടെ സംരക്ഷകനായി നിലകൊണ്ട് കൊണ്ടായിരുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്ന സാധാരണ ശക്തികളുമായി ബന്ധമില്ലാത്തതും അത്യുന്നതങ്ങളിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നതുമായ ഒരു സാമൂഹിക വ്യവസ്ഥയായിരുന്നു അത്.
നബി തിരുമേനി(സ) പെൺകുട്ടികളുടെ ഉദാത്തമായ വിദ്യാഭ്യാസത്തിലേക്കും ശിക്ഷണത്തിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു: “രണ്ട് പെൺകുട്ടികൾക്ക് നല്ല നിലയിൽ ശിക്ഷണം നല്കിയവനും ഞാനും, പുനരുത്ഥാന നാളിൽ ഇങ്ങനെ ഒന്നിച്ചായിരിക്കും. ഇത് പറഞ്ഞുകൊണ്ട് പ്രവാചകന്‍ തന്‍റെ രണ്ടു വിരലുകൾ ചേർത്ത് കാണിച്ചു.”[7]
അഥവാ, ഒരു മകളുണ്ടാവുക എന്നത് ഒരു പിതാവിന് സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള യോഗ്യത നേടിക്കൊടുക്കുന്ന സവിശേഷതയാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ഇതിലൂടെ, പെൺകുട്ടിയെ ഒരു ബാധ്യതയായി കാണുന്ന സാമൂഹിക പൊതുബോധത്തെയാണ് ഇസ്‌ലാം തുടച്ചു നീക്കിയത്.
തന്‍റെ പുത്രിയായ ഫാത്തിമ(റ)യെ അങ്ങേയറ്റം സ്നേഹ വാത്സല്യങ്ങളോടെയും ആദരവോടെയുമാണ് നബി തിരുമേനി(സ) പരിപാലിച്ചത്. ഫാത്തിമ(റ) വരുമ്പോഴൊക്കെ പ്രവാചകന്‍(സ) എഴുന്നേൽക്കുകയും ഫാത്തിമയുടെ കരങ്ങൾ ചുംബിച്ചുകൊണ്ട് തന്‍റെ അടുത്തിരുത്തുകയും ചെയ്യുമായിരുന്നു.[8]
ആണ്മക്കള്‍ക്കും പെണ്മക്കള്‍ക്കുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നതിനെയും നബി തിരുമേനി(സ) ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കൽ നബി തിരുമേനി(സ)യുടെ സവിധത്തിലിരിക്കെ, ഒരു വ്യക്തിയുടെ മകൻ കയറി വന്നപ്പോൾ അദ്ദേഹം ആ മകനെ ചുംബിച്ചുകൊണ്ട് തന്‍റെ മടിയിൽ ഇരുത്തി. എന്നാൽ പിന്നീട് തന്‍റെ മകൾ വന്നപ്പോൾ അയാള്‍ അവളെ അടുത്ത് ഇരുത്തുകയുമുണ്ടായി. ഇത് കണ്ട നബി തിരുമേനി(സ) ചോദിച്ചു: “താങ്കൾ എന്തുകൊണ്ട് ഇവരെ തുല്യമായി പരിപാലിക്കുന്നില്ല?”[9]
ആണ്‍മക്കളെയും പെൺമക്കളെയും തുല്യമായി പരിഗണിക്കൽ
എന്ത് കൊണ്ടാണ് പെൺകുട്ടികള്‍ ആൺകുട്ടികളെ അപേക്ഷിച്ച് വലിയ ബാധ്യതയായി കണക്കാക്കപ്പെടുന്നത്?
സാമ്പത്തികമായി മധ്യ വർഗത്തിൽ പെട്ടവരിൽ നടത്തിയ ചർച്ചകളിൽ[10] നിന്ന് മനസ്സിലാകുന്നത്, പെൺകുട്ടിയാണ് ജനിച്ചതെന്ന് അറിയുമ്പോൾ മുതൽ അവളുടെ വിവാഹത്തിനും ഭാവിക്കും വേണ്ടി പണം സ്വരുക്കൂട്ടണമെന്നുള്ള ആധി മാതാപിതാക്കളെ ഭയവിഹ്വലരാക്കുകയും പെൺകുട്ടികളെ തന്നെ ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കെട്ടിച്ചയക്കേണ്ടതാണെന്ന ഒരു പ്രാരബ്ധം എന്ന നിലയിലാണ് ഒട്ടുമിക്ക പ്രദേശങ്ങളിലും പെൺകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ട് വരുന്നത്. ചുരുക്കത്തില്‍, പെൺകുഞ്ഞിനെ വേണ്ട എന്ന് വയ്ക്കുന്നതിന്‍റെ പല കാരണങ്ങളിൽ ഒന്ന് സ്ത്രീധനവും വിവാഹചിലവുകളുമാണ്.
വര്‍ധിച്ചു വരുന്ന വിവാഹ ചിലവുകളെ അടിസ്ഥാനമാക്കി കേരളത്തിലെ കോട്ടയം ജില്ലയിലെ തലപ്പാളം പഞ്ചായത്തില്‍ നടത്തിയ പഠനത്തില്‍ നിന്നും കണ്ടെത്തിയത്, 69.2 ശതമാനം കുടുംബങ്ങളും വിവാഹ ചടങ്ങുകള്‍ മുഖേന കടബാധ്യത വന്നവരാണ്.[11] ഇരുപത് ലക്ഷത്തിലധികം രൂപ സ്വര്‍ണത്തിന് വേണ്ടിയാണ് പലരും ചിലവാക്കുന്നത്. സാമ്പത്തികമായി മുന്‍ നിലയിലുള്ളവര്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഭക്ഷണത്തിനു വേണ്ടി ചിലവാക്കിയത്. ചുരുക്കത്തില്‍, വിവാഹം ആഡംബരമായി നടത്തണമെന്ന സാമൂഹിക സമ്മര്‍ദം കടബാധ്യതയിലേക്കും ദുരിതത്തിലേക്കുമാണ് കുടുംബങ്ങളെ എത്തിക്കുന്നത്.
ഇതേ പഠനത്തില്‍ തന്നെ, സ്ത്രീധനം കൊടുത്താണ് ബിരുദധാരികളായ 77.7 ശതമാനം പെണ്‍കുട്ടികളും വിവാഹിതരായത് എന്ന് ചൂണ്ടിക്കാണിക്കുന്നു. പൊന്നിന്‍റെ തൂക്കം നോക്കി പെണ്ണിന് വില പറയുന്ന പ്രവണത പരക്കെ വ്യാപകമാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരില്‍ നിരന്തരമായ പീഡനങ്ങളും സമ്മര്‍ദങ്ങളും ഭര്‍തൃഗൃഹത്തില്‍ അനുഭവിക്കേണ്ടി വരുന്നു. ഇത് പിന്നീട് അവരെ ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കുന്നു.
നാഷണൽ ക്രൈം ബ്യൂറോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 12 വർഷങ്ങളിലായി കേരളത്തിൽ മാത്രം, 192 സ്ത്രീകളാണ് സ്ത്രീധനത്തിന്‍റെ പേരിൽ മരണപ്പെട്ടിട്ടുള്ളത്.[12] സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നാടാണ് നമ്മുടെ നാട്. 1961-ൽ പാർലമെന്‍റ് പാസാക്കിയ ഈ നിയമമുള്ള നാട്ടിൽ, ഇരുപത്തിയെട്ട് കുടുംബകോടതികളിലായി ഒന്നര ലക്ഷം കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ടിട്ടുള്ളത്.[13]
ഇസ്‌ലാം നിരോധിക്കുന്ന സ്ത്രീധനവും വിവാഹധൂർത്തും
ഇസ്‌ലാം വിവാഹത്തോടനുബന്ധിച്ച് സ്ത്രീക്ക് വേണ്ടി പ്രത്യേകമായി സ്വത്ത് നല്കുന്നതിനുള്ള വ്യവസ്ഥ ചെയ്തിരിക്കുന്നു. ‘മഹ്ർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ അവകാശം ഇസ്‌ലാമിക വിവാഹ നിയമങ്ങളിലെ അനിഷേധ്യമായ ഒരു സമ്പ്രദായമാണ്.
വിവാഹ വേളയിൽ ഭർത്താവ് നല്കുന്ന മഹ്ർ ഭാര്യയുടെ സ്വന്തം സ്വത്താണ്. ഭർത്താവിന് അത് വിനിയോഗിക്കാൻ അവകാശമില്ല. ഇതിലൂടെ ഇസ്‌ലാം സ്ത്രീക്ക് സാമ്പത്തികമായ സുരക്ഷയും സ്വതന്ത്രമായ സ്വത്തുടമസ്ഥാവകാശവും ഉറപ്പു വരുത്തി. സ്ത്രീധനത്തെപ്പോലെ ഭാര്യയുടെ കുടുംബത്തിന്മേല്‍ സാമ്പത്തികമായി ബാധ്യത ചുമത്തുന്ന അന്യായത്തെയും ഇസ്‌ലാം പൂർണമായും നിരോധിച്ചു.
ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‍മൂദ് അഹ്‍മദ്(റ) തന്‍റെ സ്ത്രീ അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു:
“ഭാര്യക്ക് സ്വതന്ത്രമായ സ്വത്തുടമാവകാശവും തന്‍റെ സ്വത്തിൽ നിന്ന് സ്വന്തത്തിൽ ദാനധർമാദികൾ ചെയ്യാനും ബന്ധുമിത്രാദികൾക്ക് പാരിതോഷികങ്ങൾ നല്കാനും മറ്റുമുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം എന്നതാണ് ഈ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഭാര്യയുടെ സ്വതന്ത്രമായ സ്വത്തുടമസ്ഥതയുടെയും, ഭർത്താവിന് സ്വമേധയാ ഉപയോഗിക്കുവാൻ സാധ്യമല്ലാത്ത തരത്തിൽ സ്വത്ത് സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാനുള്ള അവളുടെ അവകാശത്തിന്‍റെയും പ്രായോഗികമായ ഒരു അംഗീകാരമത്രേ, ‘മഹ്ർ’.”[14]
അത് പോലെ, “ഏറ്റവും നല്ല വിവാഹങ്ങള്‍ ഏറ്റവും ലളിതമായവയാണ്”[15] എന്ന ഇസ്‌ലാമിക അധ്യാപനം അനാവശ്യമായ വിവാഹധൂർത്ത് എന്ന വിപത്തിൽനിന്നും സമൂഹത്തെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്നു.
കാലം ആവശ്യപ്പെടുന്ന പരിഷ്കരണം
ഒരുപക്ഷേ, പെൺമക്കളുടെ ദിനമായ ഇന്ന്, നിങ്ങളുടെ സഹോദരിക്കും മകൾക്കും നല്കാവുന്ന ഏറ്റവും ഉത്തമവും അനുയോജ്യവുമായ പാരിതോഷികം എന്നത് തുല്യമായ പരിചരണം, ആദരവ്, പരിഗണന എന്നിവയാണ്. പെണ്മക്കളുള്ള മാതാപിതാക്കളെ സ്വർഗാവകാശികളാക്കാൻ ഈ പാരിതോഷികം മാത്രം മതിയാവുന്നതാണ്.
ഷാജഹാൻപ്പൂരിലെ ഇരുപത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പോലെ, ജീവിക്കുവാനുള്ള അവകാശം തന്നെ പെൺമക്കൾക്ക് നിഷേധിക്കപ്പെടുമ്പോൾ, ഇസ്‌ലാം മുന്നോട്ട് കൊണ്ട് വന്ന മഹ്ർ സമ്പ്രദായം, ലളിതമായ വിവാഹ ചടങ്ങുകൾ, മക്കൾക്കിടയിലെ തുല്യമായ പരിചരണം എന്നിവ സ്വീകരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നതിലൂടെ സാമൂഹികമായ ഒരു വിപ്ലവം തന്നെ സംജാതമാവുന്നതാണ്.
ഇന്ന് നിലനില്ക്കുന്ന സാമൂഹിക ക്രമങ്ങളും നാട്ടുനടപ്പുകളും ഇസ്‌ലാമിക ആദർശങ്ങളിൽ നിന്ന് എത്ര തന്നെ വിദൂരമായാലും, ഇക്കാര്യത്തിൽ നാം കൈക്കൊള്ളുന്ന ആർജവവും ധൈര്യവും അനേകം തലമുറകളെയായിരിക്കും മാറ്റി മറിക്കുന്നത്.
നിലോഫര്‍ ഫിസിക്സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിലവില്‍ ലൈറ്റ് ഓഫ് ഇസ്‌ലാം ഇംഗ്ലീഷിന്‍റെ സബ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
ബുഷ്‌റ ഗ്രാഫിക് ഡിസൈനിങ്ങിലും ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിലും ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
കുറിപ്പുകള്‍
[1] Newborn Baby Buried Alive in India Fights for Her Life, 18 September 2025, BBC News
[2] The Unabated Female Feticide Is Leading to Bride Crisis and Bride Trade in India, Janmejaya Samal (2016), Journal of Family Medicine and Primary Care
[3] Ibid.
[4] Ibid.
[5] കേരളത്തിലെ ആണുങ്ങളോടാണ്, ഹരിയാനയിൽ നിന്നൊരു കത്തുണ്ട്…, 17 July 2022, Truecopy Think
[6] തഫ്സീര്‍ അല്‍-തബരി, വാള്യം. 14, പേജ്.255-256, വിശുദ്ധ ഖുര്‍ആന്‍ 16:57-58-ന്‍റെ വിശദീകരണത്തില്‍
[7] സുനന്‍ അല്‍-തിര്‍മിദി, കിതാബുല്‍ ബിര്‍ (നന്മയും ബന്ധുക്കളോട് സല്‍പെരുമാറ്റവും സംബന്ധിച്ച അദ്ധ്യായങ്ങള്‍)
[8] സുനന്‍ അബീ ദാവൂദ്, കിതാബുല്‍ അദബ് (മര്യാദകള്‍ സംബന്ധിച്ച അദ്ധ്യായങ്ങള്‍)
[9]നുഖബുല്‍ അഫ്കാര്‍, ഇമാം ബദ്റുദ്ദീന്‍ അല്‍-ഐനി, വാള്യം. 14, പേജ്. 362
[10] The Unabated Female Feticide Is Leading to Bride Crisis and Bride Trade in India, op. cit.
[11] Marriage Extravagance Posing Serious Socio-Economic Problem in Kerala: An Analytical Study of Thalapalam Gram Panchayat, Sherin George (2021), International Journal of Economics & Management Sciences
[12] National Crime Records Bureau (NCRB), Crime in India Report, 2022
[13] 15 Years; 260 Dowry-Related Deaths, 7 December 2023, Kerala Kaumudi
[14] സ്ത്രീ അവകാശങ്ങളും കര്‍ത്തവ്യങ്ങളും (Women’s Rights and Duties), ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‍മൂദ് അഹ്‍മദ്, പേജ്. 38
[15] സുനന്‍ അബീ ദാവൂദ് കിതാബുല്‍ നിക്കാഹ് (വിവാഹവുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങള്‍)
0 Comments