അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) .11 July 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം വസീം അഹ്‌മദ്
തശഹ്ഹുദ്, തഅവ്വൂസ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസ മസ്‌റൂർ അഹ്‌മദ് മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പരാമർശിക്കുന്നത് തുടർന്നു.
കഅബയുടെ താക്കോലുകളുടെ സംഭവം
മക്കാ വിജയ സമയത്ത് കഅബയുടെ താക്കോലുകൾ ഉസ്മാൻ ബിൻ തൽഹയുടെ കൈവശമായിരുന്നു. കഅബയുടെ താക്കോലുകൾ തനിക്ക് നൽകണമെന്ന് ഹദ്റത്ത് അലി(റ) ആവശ്യപ്പെട്ടു. പക്ഷെ കഅബയിൽ നിന്ന് പുറത്തുവന്നപ്പോൾ പ്രവാചകൻ(സ) കഅബയുടെ താക്കോലുകൾ ഉസ്മാൻ ബിൻ തൽഹ(റ) ന് തിരികെ നൽകി, അദ്ദേഹം അപ്പോഴേക്കും ഇസ്‌ലാം സ്വീകരിച്ചിരുന്നു.
ഒരിക്കല്‍ ഹിജ്‌റത്തിന് മുമ്പ്, നബിതിരുമേനി(സ) ഉസ്മാൻ ബിൻ തൽഹയോട് കഅ്ബയുടെ താക്കോലുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് മറുപടിയായി ഉസ്മാൻ തിരുമേനി(സ)യെ അസഭ്യം പറഞ്ഞു. ആ സന്ദർഭത്തിൽ, നബിതിരുമേനി(സ) പറഞ്ഞു: ഉസ്മാൻ, ഒരു ദിവസം കഅ്ബയുടെ താക്കോലുകൾ തീര്‍ച്ചയായും എന്‍റെ കൈവശമാകുന്നതാണ്. അപ്പോള്‍ താക്കോലുകൾ എനിക്ക് ഇഷ്ടമുള്ളവർക്ക് നൽകുന്നതാണ്. അപ്പോള്‍ ഉസ്മാൻ ബിൻ തല്‍ഹ പറഞ്ഞു: അങ്ങനെയൊരു സമയം വന്നാൽ, അത് ഖുറൈശികൾക്ക് അപമാനകരമായ ദിവസമായിരിക്കും. എന്നാല്‍ അത് ആദരണീയമായ ദിവസമായിരിക്കുമെന്ന് നബിതിരുമേനി(സ) പറഞ്ഞു.
മക്കാ വിജയ സമയത്ത് ഈ കാര്യങ്ങളും തന്നോട് പെരുമാറിയ രീതികളും തിരുമേനി(സ) ഓര്‍മ്മിചിരിക്കണം. എന്നിരുന്നാലും, പ്രതികാരമായി തിരുമേനി(സ) കരുണയും ദയയും കാണിച്ചു. മക്കാ വിജയദിനത്തിൽ ഉസ്മാൻ ബിൻ തല്‍ഹയും സംഭവവും ഓർമ്മിച്ചിട്ടുണ്ടാകണം. എന്നാൽ താക്കോലുകൾ ഉസ്മാൻ ബിൻ തല്‍ഹ തന്നെ ഏറ്റെടുക്കണമെന്നും അവ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ കൈവശം തന്നെ തുടരുമെന്നും തിരുമേനി(സ) പറഞ്ഞു. ഇന്നുവരെ, കഅ്ബയുടെ താക്കോലുകൾ ഉസ്മാൻ ബിൻ തൽഹ(റ)ന്‍റെ വംശജരുടെ കൈവശമാണ്.
മക്കയുടെ പവിത്രത
മക്കാ വിജയത്തിന്‍റെ രണ്ടാം ദിവസം ബനൂ ഖസാഅ ഗോത്രത്തിലെ ഒരു വ്യക്തിയെ ബനൂ ഹുദൈലിൽ ഗോത്രത്തിലെ ഒരു വ്യക്തി വധിച്ചിരിന്നു. നബിതിരുമേനി[സ] പറഞ്ഞു: ആകാശങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും സഫയും മർവയും പർവ്വതങ്ങളും സൃഷ്ടിച്ച ദൈവം മക്കയെ പവിത്രമാക്കിയിരിക്കുന്നു. അത് ജനങ്ങളാൽ പവിത്രമാക്കപ്പെട്ടതല്ല. മറിച്ച്, ദൈവം തന്നെയാണ് അതിനെ പവിത്രമാക്കിയത്. ഖിയാമത്ത് ദിവസം വരെ അത് അങ്ങനെ തന്നെ തുടരുന്നതാണ്. അതിനാൽ ആർക്കും അതിൽ രക്തം ചിന്താനോ അതിലെ മരങ്ങൾ മുറിക്കാനോ അനുവാദമില്ല. നബിതിരുമേനി(സ)ക്ക് മുമ്പോ ശേഷമോ ആർക്കും ഇവ അനുവദനീയമല്ല. നബിതിരുമെനി(സ)ക്ക് ഒരു നിശ്ചിത ദിവസത്തിന്‍റെ ഒരു പ്രത്യേക ഭാഗത്തേക്ക് മാത്രമേ ഇത് അനുവദനീയമാക്കിയിട്ടുള്ളൂ. തുടർന്ന് നബിതിരുമേനി(സ) ബനൂ ഖുസാഅ ഗോത്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: നിങ്ങള്‍ ആരെയും വധിക്കരുത്. നിങ്ങള്‍ വധിച്ച മനുഷ്യനുവേണ്ടി നഷ്ടപരിഹാരമായി നൂറ് ഒട്ടകങ്ങളെ ഞാൻ തന്നെ നൽകുമെന്ന് നബിതിരുമേനി(സ) പറഞ്ഞു. അതിനുശേഷം, ആരെങ്കിലും ഒരാളെ വധിച്ചാൽ, വധിക്കപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമോ തുല്യമായ പ്രതികാരമോ ആവശ്യപ്പെടാമെന്ന് നബിതിരുമേനി(സ) പറഞ്ഞു.
ആ ദിവസങ്ങളിലാണ് തിരുനബി(സ)യെ വധിക്കാനുള്ള ഫുദാല ബിൻ ഉമൈറിന്‍റെ ഗൂഢാലോചന പുറത്ത് വന്നത്. തിരുനബി(സ) കഅബയെ വലം വയ്ക്കുമ്പോൾ ഈ വ്യക്തി ജനക്കൂട്ടത്തിനിടയിലായിരുന്നു. തന്‍റെ കഠാര ഉപയോഗിച്ച് തിരുനബി(സ)യെ ആക്രമിക്കാൻ അയാൾ പദ്ധതിയിട്ടിരുന്നു. ഫുദാല അടുത്തെത്തിയപ്പോൾ തിരുനബി(സ) ഫുദാലയെ കണ്ടു. എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചു. ഞാൻ ദൈവത്തെ ഓർക്കുകയാണെന്ന് ഫുദാല കള്ളം പറഞ്ഞു,. തിരുനബി(സ) പുഞ്ചിരിച്ചുകൊണ്ട് അല്ലാഹുവിനോട് പാപമോചനം തേടാൻ പറഞ്ഞു, കാരണം ഫുദാല കള്ളം പറയുകയാണെന്ന് നബിതിരുമേനി(സ)ക്ക് അറിയാമായിരുന്നു. തുടർന്ന് നബിതിരുമേനി(സ) ഫുദാലയുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ നെഞ്ചിൽ കൈ വച്ചു. ഫുദാല പറയുന്നു: തിരുനബി(സ) തന്‍റെ കൈ എന്‍റെ നെഞ്ചിൽ നിന്ന് മാറ്റിയപ്പോഴേക്കും തിരുനബി(സ)യേക്കാൾ പ്രിയപ്പെട്ട മറ്റാരും ലോകത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ എന്‍റെ പദ്ധതി ഉപേക്ഷിച്ചു.
ഹദ്റത്ത് അബൂബക്കറിന്‍റെ പിതാവ് ഇസ്‌ലാം സ്വീകരിക്കുന്നു
അക്കാലത്ത് തന്നെയാണ് ഹദ്റത്ത് അബൂബക്കറിന്‍റെ പിതാവ് ഇസ്‌ലാം സ്വീകരിച്ചത്. നബിതിരുമേനി(സ) മസ്ജിദ് ഹറമില്‍ പ്രവേശിച്ചപ്പോൾ ഹദ്റത്ത് അബൂബക്കർ(റ) തന്‍റെ പിതാവിനെ നബിതിരുമേനി(സ)യുടെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എന്തിനാണ് ഇത്രയും വൃദ്ധനായ ഒരാളെ അവിടെ കൊണ്ടുവന്നത്, ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് പോയി കാണുമായിരുന്നല്ലോ. നബിതിരുമേനി(സ) ഹദ്റത്ത് അബൂബക്കർ(റ)നോട് ചോദിച്ചു. നബിതിരുമേനി(സ) യുടെ അടുക്കലേക്ക് കൊണ്ടുവരുന്നതാണ് കൂടുതൽ ഉചിതമെന്ന് തനിക്ക് തോന്നിയതായി ഹദ്റത്ത് അബൂബക്കർ(റ) പറഞ്ഞു. തുടർന്ന്, നബിതിരുമേനി(സ) ഹദ്റത്ത് അബൂബക്കറിന്‍റെ പിതാവിന്‍റെ നെഞ്ചിൽ കൈ വച്ചു, അദ്ദേഹത്തെ ഇസ്‌ലാം മതത്തിലേക്ക് ക്ഷണിച്ചു, അദ്ദേഹം അത് സ്വീകരിച്ചു.
മക്കാ ജേതാവിന്‍റെ ലാളിത്യം
മക്കാ വിജയ ദിവസം നബിതിരുമേനി(സ) ഹദ്റത്ത് ഉമ്മുഹാനി(റ) യോട് വീട്ടിൽ എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന് ചോദിച്ചു. തന്‍റെ കൈവശം ഉണങ്ങിയ റൊട്ടി മാത്രമേയുള്ളൂ എന്ന് അവർ പറഞ്ഞു. പക്ഷേ അത് നബിതിരുമേനി(സ)ക്ക് സമർപ്പിക്കാൻ അവർ ലജ്ജിച്ചു. എന്നിരുന്നാലും, നബിതിരുമേനി(സ) അത് മതിയെന്ന് പറഞ്ഞു, അത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉണങ്ങിയ റൊട്ടി കൊണ്ടുവന്നപ്പോൾ, നബിതിരുമേനി(സ) എന്തെങ്കിലും കറി ഉണ്ടോ എന്ന് ചോദിച്ചു. ഹദ്റത്ത് ഉമ്മുഹാനി(റ) എന്‍റെ പക്കൽ വിനാഗിരി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. നബിതിരുമേനി(സ) വിനാഗിരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു, അത് റൊട്ടിക്ക് മുകളിൽ ഒഴിച്ചു. അദ്ദേഹം അത് കഴിച്ച് ദൈവത്തിന് നന്ദി പറഞ്ഞു. വിനാഗിരി ഏറ്റവും മികച്ച കറിയാണ് എന്നദ്ദേഹം പറഞ്ഞു. മക്ക ജേതാവിന്‍റെ പെരുമാറ്റം ഇതായിരുന്നു, അദ്ദേഹത്തിന് ആവശ്യമുള്ളതെന്തും കഴിക്കാമായിരുന്നു, എന്നിട്ടും അദ്ദേഹം ഉണക്ക റൊട്ടിയും വിനാഗിരിയും അടങ്ങിയ ലളിതമായ ഭക്ഷണം തിരഞ്ഞെടുത്തു.
മക്കയോടുള്ള നബിതിരുമേനി(സ)യുടെ സ്നേഹപ്രകടനം
മക്കാ വിജയ വേളയിൽ സ്നേഹത്തിന്‍റെയും ഭക്തിയുടെയും നിരവധി സന്ദർഭങ്ങളും പ്രകടനങ്ങളും നടന്നിരുന്നു. ഉദാഹരണത്തിന്, നബിതിരുമേനി(സ) ഹജ്റേ അസ്‌വതിൽ ചുംബിക്കുകയും കഅബയെ വലംവെക്കുകയും പിന്നീട് സഫാ പർവതത്തിന് മുകളിൽ പോയി ദൈവത്തെ സ്മരിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. നബിതിരുമേനി(സ) മലയിലായിരുന്നപ്പോൾ മദീനയിലെ അൻസാർ സഹാബികൾ താഴെ നില്‍ക്കുന്നുണ്ടായിരുന്നു. അല്ലാഹുവിനെ സ്മരിക്കുന്നതിൽ അവർ നബിതിരുമേനി(സ)യുടെ മാതൃക പിന്തുടർന്നു. നബിതിരുമേനി(സ) മക്കക്കാരോട് കാണിച്ച അളവറ്റ കാരുണ്യവും ദയയും കണ്ടപ്പോൾ അൻസാർ സഹാബികൾ നബിതിരുമേനി(സ) ഇനി കുടുംബത്തിലും ബന്ധുക്കളുടെ ഇടയിലും താമസമാക്കുമോ എന്ന് ആകുലപ്പെട്ടു. നബിതിരുമേനി(സ)യിൽ നിന്നുള്ള വേർപിരിയേണ്ടി വരുമോ എന്ന് ചിന്തിച്ച അൻസാർ സഹാബികൾ വളരെ ദുഃഖിതരായി. അപ്പോള്‍ നബിതിരുമേനി(സ)ക്ക് ഒരു വെളിപാട് ലഭിച്ചു, അതിനുശേഷം മക്കയോടുള്ള എന്‍റെ സ്നേഹം എന്നെ കീഴടക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ അന്‍സാർ സഹാബികളോട് ചോദിച്ചു. ഈ ഒരു ആകുലത തന്നെയാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്നത് എന്നവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു. അപ്പോൾ നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്‍റെ ജീവിതവും മരണവും ഇനി നിങ്ങളോടൊപ്പം തന്നെയായിരിക്കും. അൻസാർ സഹാബികൾ കരയാൻ തുടങ്ങി. തിരുമേനിയോടുള്ള അവരുടെ അളവറ്റ സ്നേഹവും ഭക്തിയും കൊണ്ടാണ് തങ്ങൾ ഇപ്രകാരം ചിന്തിച്ചതെന്ന് അവർ പറഞ്ഞു. അല്ലാഹുവും നബിതിരുമേനി(സ)യും ഇത് സാക്ഷ്യപ്പെടുത്തി.
നബിതിരുമേനി(സ) നടന്നു പോകുകയും സഹാബികൾ അദേഹത്തെ പിന്തുടരുകയും ചെയ്യുന്നത് കണ്ടപ്പോൾ, അബൂസുഫിയാൻ ഒരു സൈന്യത്തെ ശേഖരിച്ച് മുസ്‌ലിങ്ങളുമായ് വീണ്ടും യുദ്ധം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുരുന്നു. അദ്ദേഹം നിശബ്ദമായി ഇത് ചിന്തിച്ചുകൊണ്ടിരുന്നു. ഉച്ചത്തിൽ ഒന്നും പറഞ്ഞില്ല; എന്നിരുന്നാലും, നബിതിരുമേനി(സ) അദ്ദേഹത്തെ സമീപിച്ച്, അദ്ദേഹത്തിന്‍റെ നെഞ്ചിൽ കൈവെച്ച്, വീണ്ടും അങ്ങനെ ചെയ്താൽ അല്ലാഹു നിന്നെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞു. പിന്നീട്, ഈ ചിന്ത ഉണ്ടായതിൽ അബൂസുഫിയാൻ ഖേദിച്ചു.
നമസ്കാര സമയമായപ്പോൾ, കഅ്ബയുടെ മുകളിൽ കയറി നമസ്കാരത്തിനുള്ള ബാങ്ക് നൽകാൻ നബിതിരുമേനി(സ) ഹദ്റത്ത് ബിലാലി(റ)നോട് നിർദ്ദേശിച്ചു. ആ ദിവസം, ദിവസത്തിൽ ഒരിക്കൽ മാത്രം വുദു ചെയ്ത ശേഷം നബി(സ) തന്‍റെ എല്ലാ നമസ്കാരങ്ങളും നിർവഹിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദും ഖുറൈശികളിലെ മറ്റുള്ളവരും ഇസ്‌ലാം സ്വീകരിക്കുന്നു
മക്കാ വിജയ വേളയില്‍ നബിതിരുമേനി(സ) ബൈഅത്ത് പ്രതിജ്ഞ പുതുക്കിയിരുന്നു. എല്ലാവരും നബിതിരുമേനി(സ)യുടെ അടുക്കൽ വന്ന് അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്(സ) അവന്‍റെ ദൂതനാണെന്നും അവർ എപ്പോഴും അല്ലാഹുവിനോടും അവന്‍റെ ദൂതനോടും(സ) അനുസരണം കാണിക്കുമെന്നും പ്രതിജ്ഞയെടുത്തു. ആദ്യം, നബിതിരുമേനി(സ) പുരുഷന്മാരിൽ നിന്ന് ബൈഅത്ത് പ്രതിജ്ഞയെടുത്തു. തുടർന്ന് സ്ത്രീകളിൽ നിന്ന് ബൈഅത്ത് പ്രതിജ്ഞയെടുത്തു. നബിതിരുമേനി(സ) സ്ത്രീകളിൽ നിന്ന് ബൈഅത്ത് വാങ്ങി അവർ മോഷ്ടിക്കരുതെന്ന് പ്രതിജ്ഞയെടുക്കുമ്പോൾ അബു സുഫ്‌യാന്‍റെ ഭാര്യ ഹിന്ദ് സംസാരിച്ചു. അബു സുഫ്‌യാന്‍റെ സമ്പത്തിൽ നിന്ന് ചിലപ്പോൾ താൻ പണം എടുക്കാറുണ്ടെന്ന് അവർ പറഞ്ഞു. അബു സുഫ്‌യാൻ സമീപത്തുണ്ടായിരുന്നു, അവർ ഇതുവരെ എടുത്തതെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നും അനുവദിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നബിതിരുമേനി(സ) ഇത് ഹിന്ദ് ആണോ എന്ന് അന്വേഷിച്ചു, കാരണം ആ സമയത്ത് അവർ മുഖം മറച്ചിരുന്നു. തീർച്ചയായും ഞാൻ ഹിന്ദ് തന്നെയാണ് എന്നവർ മറുപടി നൽകി. അതിനുമുമ്പ് താൻ ചെയ്തതെല്ലാം ക്ഷമിക്കണമെന്ന് നബിതിരുമേനി(സ)യോട് അപേക്ഷിച്ചു. ഹിന്ദും മറ്റു സ്ത്രീകളും ഒരു ദുഷ്പ്രവൃത്തിയും ചെയ്യില്ലെന്നും ഞങ്ങളുടെ സന്തതികളെ വധിക്കില്ലെന്നും പ്രതിജ്ഞയെടുക്കണമെന്ന് നബിതിരുമേനി(സ) പറഞ്ഞു. ഇത് കേട്ടപ്പോൾ ഹിന്ദ് പറഞ്ഞു: എന്‍റെ സന്തതിയെ വളർത്തിയെടുത്തത് ഞാന്‍ തന്നെയാണ്, എന്നാൽ ബദർ യുദ്ധത്തിൽ നിങ്ങളാണ് അവരെ വധിച്ചത്. ഇതുകേട്ട് നബിതിരുമേനി(സ)യും ഹദ്റത്ത് ഉമർ (റ)യും ചിരിച്ചു. തുടർന്ന് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും നബിതിരുമേനി(സ)യുടെ കൽപ്പനകൾ അനുസരിക്കുമെന്നും നബിതിരുമേനി(സ)യോട് പ്രതിജ്ഞയെടുക്കണമെന്ന് നബിതിരുമേനി(സ) പറഞ്ഞു. ബൈഅത്ത് ചെയ്തതിനു ശേഷം വാക്ചാതുര്യമുള്ള ഹിന്ദ്, താൻ ഇപ്പോൾ ഒരു മുസ്‌ലിമായി മാറിയതിനാൽ നബിതിരുമേനി(സ)ക്ക് എന്നെ വധിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. നബിതിരുമേനി(സ) ചിരിച്ചുകൊണ്ട് അത് സത്യമാണെന്ന് പറഞ്ഞു. അന്ന്, ജനങ്ങളിൽ അത്തരമൊരു മാറ്റം ഉണ്ടായി, ഹിന്ദിനെപ്പോലുള്ള ഒരാൾ പോലും ഒരു ദൈവം എകാനാണെന്ന് സാക്ഷ്യപ്പെടുത്തി.
നബിതിരുമേനി(സ) യുടെ അടുക്കൽ ബൈഅത്ത് ചെയ്യാൻ വന്ന ഒരാൾ നബിതിരുമേനി(സ)യെ കണ്ട് ഭയന്ന് വിറച്ചു. നബി (സ) അദ്ദേഹത്തോട് പറഞ്ഞു: ഭയപ്പെടേണ്ടെ. ഞാന്‍ ഒരു രാജാവല്ല, മറിച്ച്, മക്കയിൽ ഉണക്ക മാംസം കഴിച്ചിരുന്ന ഒരു സ്ത്രീയുടെ മകനാണ്.
വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള ആരോപണത്തിന്‍റെ ഖണ്ഡനം
മക്കാ വിജയസമയത്ത് നബിതിരുമേനി(സ) വധശിക്ഷയ്ക്ക് വിധിച്ച ചില ആളുകളെ വധിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചില ഹദീസുകൾ ഉണ്ട്. എന്നിരുന്നാലും, അത്തരം ഹദീസുകളെ വിശകലനം ചെയ്യുമ്പോഴും നബിതിരുമേനി(സ)യുടെ പെരുമാറ്റവും സ്വഭാവവും കണക്കിലെടുക്കുമ്പോഴും നബിതിരുമേനി(സ) അത്തരമൊരു നടപടി സ്വീകരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
രണ്ടാം ഖലീഫ(റ) പറയുന്നു: യുദ്ധക്കുറ്റങ്ങൾ കാരണം വധശിക്ഷ അർഹിക്കുന്ന 11 പേരുണ്ടായിരുന്നു. എന്നാല്‍ ഈ ആളുകളിൽ ഭൂരിഭാഗം പേര്‍ക്കും മറ്റ് മുസ്ലീങ്ങളുടെ ശുപാർശ പ്രകാരം നബിതിരുമേനി(സ) മാപ്പുനൽകി. ഇത് വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസ ഗുലാം അഹ്‌മദ്(അ)ന്‍റെ വീക്ഷണത്തെയും പ്രതിധ്വനിപ്പിക്കുന്നു.
ചില ചരിത്രകാരന്മാർ ഈ കാര്യത്തിൽ അവതരിപ്പിക്കുന്ന വീക്ഷണങ്ങളിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കുന്നു. കാരണം അവരിൽ ചിലർ പറയുന്നത് നബിതിരുമേനി(സ) തനിക്കെതിരെ കവിത എഴുതിയ ആളുകളെ പോലും വധിക്കാൻ ഉത്തരവിട്ടിരുന്നു എന്നാണ്. പക്ഷെ നബിതിരുമേനി(സ) ഒരിക്കലും വ്യക്തിപരമായ പ്രതികാരം ചെയ്തിട്ടില്ലാത്തതിനാൽ ഇത് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ല. മാത്രമല്ല, മക്കാ വിജയവേളയിൽ വളരെ മോശമായ കാര്യങ്ങൾ ചെയ്ത ആളുകളോട് പോലും നബിതിരുമേനി(സ) ക്ഷമിച്ചിരുന്നു. നബിതിരുമേനി(സ)ക്ക് വിഷം കലർത്തിയ മാംസം നൽകിയ ജൂത സ്ത്രീക്ക് പോലും നബിതിരുമേനി(സ) മാപ്പുനൽകി. അതിനാൽ, നബിതിരുമേനി(സ)ക്കെതിരെ സംസാരിച്ചവരെ വധിക്കാൻ നബിതിരുമേനി(സ) ഉത്തരവിടുമെന്ന് പറയുന്നതിൽ അർത്ഥമില്ല. വാഗ്ദത്ത മസീഹ് (സ) വിശദീകരിച്ചതുപോലെ, വധശിക്ഷ നടപ്പാക്കിയത് രണ്ട് പേർക്ക് മാത്രമാണ്, അതും അവർ ചെയ്ത കൊലപാതകങ്ങൾക്കുള്ള ശിക്ഷ എന്ന നിലയിൽ ദൈവം തന്നെ നിഷ്കര്‍ഷിച്ചിട്ടുള്ള നിയമാനുസൃതമായ ശിക്ഷ എന്ന നിലയിലായിരുന്നു.
ഭാവിയിൽ ഈ സംഭവങ്ങൾ പരാമർശിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാർത്ഥനകൾക്കുള്ള അഭ്യർത്ഥന
ലോകത്തിന്‍റെ അവസ്ഥകൾ മെച്ചപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ ഖലീഫാ തിരുമനസ്സ് അഭ്യർത്ഥന നടത്തി. എല്ലാവരും ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരണം. മുമ്പ് പലതവണ ഓർമ്മിപ്പിച്ചതുപോലെ, കുറഞ്ഞത് കുറച്ച് മാസങ്ങള്‍ക്കുള്ള റേഷൻ ശേഖരിച്ചു വെക്കേണ്ടതാണ്. വാസ്തവത്തിൽ ചില സർക്കാരുകൾ പോലും തങ്ങളുടെ പൗരന്മാരോട് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു വെക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹു ലോകത്തോട് കരുണ കാണിക്കുകയും യുദ്ധത്തിന്‍റെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യട്ടെ.
അനുസ്മരണങ്ങൾ
ഖലീഫാ തിരുമനസ്സ് ഖുതുബയുടെ അവസാനത്തിൽ ജമാഅത്തിലെ ചില വ്യക്തികൾ മരണപ്പെട്ട വിവരം അറിയിക്കുകയും അവരുടെ ദീനീ സേവനങ്ങളെ കുറിച്ച് പരാമർശിക്കുകയും അവരുടെ പാപപൊറുതിക്കും ഉയർന്ന പദവികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും ചെയ്തു. ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്[റ]ന്‍റെ പേരമകളായ അമത്തുൽ നസീർ നിഗത്ത് സാഹിബ, അഹ്‌മദിയ്യ സീനിയർ ഹൈസ്കൂളിന്‍റെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന അൽ ഹാജ് യഅഖൂബ് അഹ്‌മദ് ബിൻ അബു ബക്കർ സാഹിബ് എന്നിവരെയാണ് ഖലീഫാ തിരുമനസ്സ് അനുസ്മരിച്ചത്.
0 Comments