അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 2 മെയ്, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: Al Fazal International urdu
വിവര്‍ത്തനം: സി എന്‍ താഹിര്‍ അഹ്‌മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, മുഅ്ത്ത യുദ്ധത്തെ കുറിച്ചുള്ള വിവരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. അതിന്‍റെ തുടർന്നുള്ള വിശദീകരണം ഇപ്രകാരമാണ്: തിരുനബി(സ) അബ്ദുല്ലാഹ് ബിൻ റവാഹയെ യാത്രയയച്ചപ്പോൾ അബ്ദുല്ലാഹ്(റ) ചോദിച്ചു, അങ്ങ് എനിക്ക് ഓർത്തുവെക്കുന്നതിനു വേണ്ടി എന്തെങ്കിലും ഉപദേശം നൽകിയാലും തിരുനബി(സ) പറഞ്ഞു, നാളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നതിൽ കുറവ് കാണിക്കുന്ന ഒരു പ്രദേശത്ത് എത്തിയാൽ അവിടെ നിങ്ങൾ അധികമായി അല്ലാഹുവിനെ ആരാധിക്കുക. പറയുന്നു, ഇത് വലിയൊരു ഉപദേശമാണ്. ഇന്ന് നമ്മൾ ജീവിക്കുന്ന രാജ്യങ്ങളിൽ ജനങ്ങൾ ദൈവത്തെ വിസ്മരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ അഹ്‌മദികൾ തങ്ങളുടെ ആരാധനയിലേക്ക് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
ആ സഹാബി വീണ്ടും ചോദിച്ചപ്പോൾ തിരുനബി(സ) പറഞ്ഞു, അല്ലാഹുവിനെ സ്മരിക്കുക, ഇത് എല്ലാ കാര്യത്തിലും നിങ്ങളെ സഹായിക്കുന്നതാണ്. പിന്നീട് അബ്ദുല്ലാഹ് ബിൻ റവാഹയെ യാത്രയയച്ചപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി. ജനങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം സത്യം ചെയ്തുകൊണ്ട് പറഞ്ഞു, എനിക്ക് ഈ ഭൗതിക ലോകത്തോടും നിങ്ങളോടും ഒരനുരക്തിയും ഇല്ല. ഞാൻ തിരു നബി(സ) അഗ്നിയെ കുറിച്ചുള്ള ഒരു ആയത്ത് പാരായണം ചെയ്യുന്നത് കേട്ടു. അഗ്നിയിലേക്ക് ഇറങ്ങുമ്പോൾ എന്‍റെ അവസ്ഥ എന്തായിരിക്കും അപ്പോൾ ആളുകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും സുരക്ഷിതരായി തിരിച്ചുവരുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു.
വെള്ളിയാഴ്ച ദിവസം സൈനിക നീക്കത്തിലുള്ള എല്ലാവരും തന്നെ യാത്രയായി, എന്നാൽ അബ്ദല്ലാഹ് ബിൻ റവാഹ ജുമാഅ നമസ്കാരം നബി(സ)ക്ക് പിന്നിൽ അനുഷ്ഠിച്ചതിനു ശേഷം യാത്ര തിരിക്കാമെന്ന് കരുതി. അപ്പോൾ തിരുനബി(സ) അദ്ദേഹത്തെ കണ്ടപ്പോൾ ചോദിച്ചു നിന്‍റെ സഹയാത്രികർക്കൊപ്പം യാത്ര ചെയ്യുന്നതിൽ നിന്ന് എന്താണ് നിന്നെ തടഞ്ഞത്. അബ്ദുല്ലാഹ് ബിൻ റവാഹ പറഞ്ഞു, ഞാൻ അങ്ങേക്കൊപ്പം ജുമുഅ നമസ്കരിച്ചതിന് ശേഷം അവർക്കൊപ്പം ചേരാം എന്ന് ചിന്തിച്ചു. അപ്പോൾ തിരുനബി(സ) പറഞ്ഞു, ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ചെലവഴിക്കുകയാണെങ്കിലും ഈ യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്ര അനുഗ്രഹങ്ങൾ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുകയില്ല.
ഹദ്റത്ത് ഖാലിദ് ബിൻ വലീദ് പ്രഗൽഭനായ സൈന്യാധിപനായിരുന്നു. അദ്ദേഹവും ഈ യുദ്ധത്തിൽ സാധാരണ ഒരു സൈനികൻ എന്ന നിലയിൽ പങ്കെടുത്തിരുന്നു. ഈ യുദ്ധത്തിൽ പങ്കെടുക്കുന്ന സമയത്ത് അദ്ദേഹത്തിന് ഇസ്‌ലാം സ്വീകരിച്ച് മൂന്നുമാസം മാത്രമേ ആയിരുന്നുള്ളൂ. മുസ്‌ലിങ്ങൾ യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ തന്നെ ഈ വിവരം ശത്രുക്കൾക്ക് ലഭിക്കുകയും അവർ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ ശത്രു സൈന്യത്തിൽ ഒരു ലക്ഷത്തോളം ആളുകൾ ഉണ്ട് എന്ന വിവരം ലഭിച്ചപ്പോൾ അബ്ദുല്ലാഹ് ബിൻ റവാഹ സഹാബാക്കൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് അവരോട് പറഞ്ഞു: വിജയവും രക്തസാക്ഷിത്വവും രണ്ടും നിങ്ങളെ സംബന്ധിച്ചിടത്തോളം ഉത്തമമാണ്, ഈ ലക്ഷ്യപൂർത്തീകരണത്തിന് വേണ്ടി തന്നെയാണ് നിങ്ങൾ യുദ്ധത്തിനായി പുറപ്പെട്ടതും. ഇത് കേട്ടപ്പോൾ മുഴുവൻ സൈന്യവും അബ്ദുല്ലാഹ് ബിൻ റവാഹ പറയുന്നത് ശരിയാണ് എന്ന് അംഗീകരിച്ചു. സഹാബാക്കൾ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ മുഷാരിഫിന്‍റെ പ്രദേശത്തിന്‍റെ അടുത്തുവെച്ച് റോമക്കാരും അറേബ്യരും ഉൾക്കൊള്ളുന്ന ഹർക്കിലിന്‍റെ സൈന്യത്തെ കണ്ടുമുട്ടി. അവരെ കണ്ടപ്പോൾ മുസ്‌ലിങ്ങൾ മുഅ്ത്ത എന്ന സ്ഥലത്തേക്ക് മാറി നിൽക്കുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ഹദ്റത്ത് അബൂ ഹുറൈറയും ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം പറയുന്നു, ശത്രു സൈന്യത്തിന്‍റെ അംഗബലവും അവരുടെ തയ്യാറെടുപ്പും കുതിരകളും സ്വർണവും കണ്ടപ്പോൾ എന്‍റെ കണ്ണുകൾ അന്ധാളിച്ചു പോയി, കാരണം ഇത്തരമൊരു ദൃശ്യം മുമ്പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. അപ്പോൾ ഹദ്റത്ത് സാബിത്ത്(റ) പറഞ്ഞു, താങ്കൾ ബദർ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല, അവിടെയും ശത്രുക്കൾക്ക് അംഗബലം കൂടുതൽ ഉണ്ടായിട്ടും അവർക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് ശക്തമായ യുദ്ധം ആരംഭിച്ചു. ഹദ്റത്ത് സൈദ്(റ) നബി(സ)യുടെ പതാകയുമേന്തി ജിഹാദ് ചെയ്യുകയും സധൈര്യം രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. അതിനുശേഷം ഹദ്റത്ത് ജഅ്ഫർ(റ) ഇസ്‌ലാമിന്‍റെ പതാക ഏറ്റെടുക്കുകയും ശഹീദാകുന്നത് വരെ യുദ്ധം ചെയ്യുകയും ചെയ്തു. ഒരു നിവേദനത്തിൽ പറയുന്നു, ഹദ്റത്ത് ജഅ്ഫർ (റ) തന്‍റെ വലതു കൈയിൽ പതാക പിടിച്ചിരുന്നു. ശത്രുക്കൾ ആ കൈ വെട്ടി മാറ്റിയപ്പോൾ പതാക ഇടതു കൈകൊണ്ട് പിടിച്ചു, ആ കയ്യും മുറിക്കപ്പെട്ടപ്പോൾ , വെട്ടി മാറ്റപ്പെട്ട തന്‍റെ രണ്ട് കൈകൾ കൊണ്ടും പതാക നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. ശഹീദ് ആകുന്ന സമയത്ത് അദ്ദേഹത്തിന്‍റെ പ്രായം 33 വയസ്സ് ആയിരുന്നു. ശഹാദത്തിനു ശേഷം അദ്ദേഹത്തിന്‍റെ ശരീരത്തിൽ 60 മുറിവുകൾ കാണപ്പെട്ടു. എന്നാൽ ഒരു മുറിവ് പോലും അദ്ദേഹത്തിന്‍റെ പുറത്ത് ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്‍റെ ശഹാദത്തിനു ശേഷം ഇസ്‌ലാമിക സൈന്യത്തിന്‍റെ പതാക അബ്ദുല്ലാഹ് ബിൻ റവാഹ ഏറ്റെടുത്തു. യുദ്ധത്തിനു മുൻപ് അദ്ദേഹത്തിന്‍റെ ഭക്ഷണത്തിനായി കുറച്ചു മാംസം സമർപ്പിക്കപ്പെട്ടു. ആ മാംസം ഭക്ഷിക്കാൻ ആരംഭിക്കുമ്പോൾ തന്നെ യുദ്ധത്തിൽ വാളുകൾ ചലിക്കുന്ന ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം തന്നോട് തന്നെ പറഞ്ഞു, ഇപ്പോഴും നീ ഈ ഭൗതിക ലോകത്ത് തന്നെയാണ്, അതായത് യുദ്ധം ആരംഭിച്ചിട്ടും നീ മാംസം ഭക്ഷിക്കുകയാണ്. തുടർന്ന് അദ്ദേഹം ആ മാംസം ഉപേക്ഷിക്കുകയും പെട്ടെന്ന് തന്നെ യുദ്ധമൈതാനത്തേക്ക് ഇറങ്ങി വളരെ ധീരതയോടു കൂടി യുദ്ധം ചെയ്തു ശഹീദാവുകയും ചെയ്തു.
അബ്ദുല്ലാഹ് ബിൻ റവാഹ ശഹീദായപ്പോൾ മുസ്‌ലീങ്ങൾ പരാജയപ്പെടാൻ തുടങ്ങി, യുദ്ധമൈതാനത്ത് രണ്ടു മുസ്‌ലിങ്ങൾ പോലും ഒരുമിച്ച് യുദ്ധം ചെയ്യുന്നത് കാണാൻ സാധിച്ചില്ല. ആ സാഹചര്യത്തിൽ ഒരു അൻസാർ സഹാബി ഇസ്‌ലാമിക പതാക ഉയർത്തുകയും കുറച്ച് ആളുകളെ ആ പതാകയ്ക്ക് പിന്നിൽ ഒരുമിച്ചു കൂട്ടുകയും ചെയ്തു . അവർ ഖാലിദ് ബിൻ വലീദിന്‍റെ അടുക്കലേക്ക് പോയി. അപ്പോൾ ഖാലിദ് പറഞ്ഞു, ഞാൻ ഈ പതാക നിങ്ങളിൽ നിന്നും വാങ്ങുകയില്ല നിങ്ങളാണ് ഇതിന് കൂടുതൽ അർഹരായിട്ടുള്ളവർ. അപ്പോൾ ആ അൻസാർ സഹാബി പറഞ്ഞു, ഞാൻ ഈ പതാക എടുത്തത് തന്നെ താങ്കൾക്ക് വേണ്ടിയാണ്.
ഹദ്റത്ത് ഖാലിദ് പതാക ഏറ്റെടുത്തതിന് ശേഷം മുസ്‌ലീങ്ങളെ ഒരുമിച്ചു കൂട്ടുകയും ഇസ്‌ലാമിക സൈന്യത്തെ ഒരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. ഇബ്നു ഇസ്ഹാഖിന്‍റെ നിരീക്ഷണത്തിൽ റോമക്കാരിൽ നിന്നും ഇങ്ങനെ വിട്ടു നിൽക്കുന്നത് തന്നെ അവരിൽ നിന്നുള്ള രക്ഷപ്പെടൽ ആയിരുന്നു. കാരണം ആ സമയം മുസ്‌ലിങ്ങളുടെ 3000 സൈനികരിൽ 2000 സൈനികർ ശത്രു സൈന്യവുമായി കൂടി കലർന്നിരുന്നു. ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു. ഹുസൂർ തിരുമനസ്സ് പറയുന്നു, വിജയങ്ങളുടെ പല തലങ്ങളും ഉണ്ട്.
തിരുനബി(സ) ആളുകളുടെ അടുത്ത് ഒരു അറിയിപ്പ് വരുന്നതിനു മുൻപായി തന്നെ ഹദ്റത്ത് സൈദ്, ജഅ്ഫർ, അബ്ദുല്ലാഹ് ബിൻ റവാഹ എന്നിവരുടെ ശഹാദത്തിനെ കുറിച്ച് വിവരം നൽകി. അവിടുന്ന് പറഞ്ഞു, സൈദ് പതാക ഏറ്റെടുത്തു അദ്ദേഹം ശഹീദായി തുടർന്ന് ജഅ്ഫർ പതാക ഏറ്റെടുത്തു അദ്ദേഹവും ശഹീദായി പിന്നീട് ഇബ്നു റവാഹ പതാകയേന്തി അദ്ദേഹവും ശഹീദായി, അപ്പോൾ നബി(സ) യുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പറഞ്ഞു, അതിനുശേഷം ഇസ്‌ലാമിക പതാക, അല്ലാഹുവിന്‍റെ ഒരു വാളുകളിൽ ഒരു വാൾ ഏറ്റെടുക്കുകയും, അദ്ദേഹത്തിന്‍റെ കൈകളാൽ അല്ലാഹു മുസ്‌ലിങ്ങൾക്ക് വിജയം നൽകുകയും ചെയ്തു. അന്നുമുതൽ ഹദ്റത്ത് ഖാലിദ് ബിൻ വലീദ് ” സൈഫുല്ലാഹ് ” അഥവാ അല്ലാഹുവിന്‍റെ വാൾ എന്നറിയപ്പെടാൻ തുടങ്ങി.
ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ) പറയുന്നു, ഹദ്റത്ത് ഖാലിദ് ഇസ്‌ലാമിക സൈന്യത്തിന്‍റെ നേതൃത്വം ഏറ്റെടുത്തപ്പോൾ അദ്ദേഹം സൈന്യത്തിന്‍റെ മുന്നിലുള്ള ഭാഗത്തെ പിന്നിലേക്കും പിന്നിലുള്ളവരെ മുന്നിലേക്കും നിയമിച്ചു. അതുപോലെതന്നെ ഇടതും വലതും പരസ്പരം മാറ്റി, വലിയ ശബ്ദത്തിൽ തക്ബീർ വിളിച്ചു, ഇത് കേട്ടപ്പോൾ മുസ്‌ലിങ്ങൾക്ക് സഹായമെത്തിയെന്ന് ശത്രുക്കൾ മനസ്സിലാക്കി അവർ പിന്നോട്ട് വലിഞ്ഞു, അപ്പോൾ ഖാലിദ് മുസ്‌ലിങ്ങളെ രക്ഷപ്പെടുത്തി തിരിച്ചുകൊണ്ടുപോയി.
പതാകയോടുള്ള മര്യാദയെയും ആദരവിനെയും കുറിച്ച് ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ) പറയുന്നു, ഒരു സമൂഹത്തിലെ വ്യക്തികളുടെ ഹൃദയത്തിൽ അവരുടെ പതാകയുടെ മാഹാത്മ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, ആ പതാകയുടെ സംരക്ഷണത്തിനു വേണ്ടി അവർ തങ്ങളുടെ ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്നു. കാരണം ആ സമയം അതൊരു മരക്കഷണത്തിന്‍റെയോ തുണിയുടെയോ പ്രശ്നം ആയിരിക്കില്ല മറിച്ച് അത് പതാകയുടെ രൂപത്തിൽ അവരുടെ മുന്നിൽ നിലനിൽക്കുന്ന അവരുടെ സമൂഹത്തിന്‍റെ ആദരവിന്‍റെ പ്രശ്നമായിരിക്കും.
ഹുസൂർ തിരുമനസ്സ് പ്രാർഥനക്കായി ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞു. പ്രാർഥനകൾ തുടർന്നുകൊണ്ടിരിക്കുക, പ്രത്യേകിച്ച് പാക്കിസ്ഥാന്‍റെയും ഇന്ത്യയുടെയും സാഹചര്യങ്ങളെ മുൻനിർത്തി പ്രാർഥിക്കുക. അല്ലാഹു അക്രമങ്ങളെ അവസാനിപ്പിക്കുകയും അക്രമിക്കപെടുന്നവരെ സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ.
യുദ്ധ സാഹചര്യങ്ങളിലേക്ക് രാജ്യങ്ങളെ കൊണ്ടുപോകുന്നതിന് പകരം സമാധാനത്തോടുകൂടി പ്രശ്നപരിഹാരം കാണാൻ ഭരണകൂടങ്ങൾക്ക് ബുദ്ധി നൽകുമാറാകട്ടെ. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കുന്നവരാകട്ടെ, അന്താരാഷ്ട്ര സംഘടനകൾക്കും രണ്ടു ഭാഗത്തുനിന്നുള്ള സഖ്യ കക്ഷികൾക്കും ഈ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൗഭാഗ്യം നൽകട്ടെ.
ഹുസൂർ തിരുമനസ്സ് പറഞ്ഞു, ലോകത്തുള്ള എല്ലാ മർദ്ദിതർക്ക് വേണ്ടിയും ദുആ ചെയ്യുക. ഇന്ന് ലോകം നാശത്തിന്‍റെ വക്കിലാണ് അല്ലാഹു തന്നെ ഈ ലോകത്തെ നാശത്തിൽ നിന്നും രക്ഷിക്കുമാറാകട്ടെ, ഇത് സാധ്യമാകുന്നത് ജനങ്ങൾ അല്ലാഹുവിലേക്ക് തിരിയുമ്പോൾ മാത്രമാണ്.
ഹുസൂർ തിരുമനസ് ഖുത്വുബയുടെ അവസാനത്തിൽ ഖുസൂർ ജില്ലയിലുള്ള റഫീഖ് അഹമദ് സാഹിബിന്‍റെ മകൻ ശഹീദ് മുഹമ്മദ് ആസിഫ് സാഹിബിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ ജനാസ നമസ്കാരം അനുഷ്ഠിക്കുന്നതാണെന്ന് വിളംബരപ്പെടുത്തുകയും ചെയ്തു.
അഹമദിയ്യത്തിന്‍റെ ശത്രുക്കൾ ഏപ്രിൽ മാസം 24 ആം തീയതി ഇദ്ദേഹത്തെ ഫയറിംഗ് ചെയ്ത് ശഹീദാക്കുകയുണ്ടായി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ
ശഹീദാകുന്ന സമയത്ത് ഇദ്ദേഹത്തിന്‍റെ പ്രായം 19 വയസ്സായിരുന്നു. പരേതൻ നന്മയും അനുസരണ ശീലവും ഉള്ള വ്യക്തിയായിരുന്നു, ധൈര്യവാനും സൽസ്വഭാവിയുമായിരുന്നു, പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഖിലാഫത്തുമായി സ്നേഹബന്ധം പുലർത്തിയ യുവാവായിരുന്നു.
ഹുസൂർ തിരുമനസ്സ് പരേതന്‍റെ പാപ പൊറുതിക്ക് വേണ്ടിയും ഉന്നത സ്ഥാനലബ്ധിക്കുവേണ്ടിയും ദുആ ചെയ്തു.
ഖുത്ബയുടെ അവസാനത്തിൽ പറഞ്ഞു, പാക്കിസ്ഥാനിൽ തീവ്രവാദ പ്രവർത്തനങ്ങൾ ചെയ്യുന്നവരിലും ജമാഅത്തിനെ എതിർക്കുന്നവരിലും ധൈര്യം വർദ്ധിച്ചുവരികയാണ്. അല്ലാഹു എത്രയും പെട്ടെന്ന് അവരെ പിടികൂടുന്നതിനുള്ള സംവിധാനം ഒരുക്കട്ടെ.
0 Comments