ഖിലാഫത്ത്: ലോകരക്ഷക്കുള്ള ഏക മാര്‍ഗ്ഗം

എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.

ഖിലാഫത്ത്: ലോകരക്ഷക്കുള്ള ഏക മാര്‍ഗ്ഗം

എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 30 മെയ് 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ ഐ ഗുലാം അഹ്‌മദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) വിശുദ്ധ ഖുർആനിലെ  സൂറ നൂറിലെ 54 മുതൽ 57 വരെയുള്ള സൂക്തങ്ങൾ പാരായണം ചെയ്തു. അവയുടെ പരിഭാഷ ഇപ്രകാരമാണ്:

“നീ അവരോട് ആജ്ഞാപിക്കുന്നതായാൽ തീർച്ചയായും തങ്ങൾ അക്കാര്യം നടപ്പിലാക്കുന്നതിനായി പുറപ്പെടുന്നതാണെന്ന് അല്ലാഹുവിനെ മുൻനിർത്തി അവർ ദൃഢപ്രതിജ്ഞ ചെയ്യുന്നു. പറയുക നിങ്ങൾ സത്യം ചെയ്യേണ്ട, സാധാരണ നിലയിൽ അറിയപ്പെട്ട അനുസരണമാണ് (ഞാൻ ആവശ്യപ്പെടുന്നത്). തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞനാകുന്നു.   

പറയുക അല്ലാഹുവിനെ അനുസരിക്കുക, അവന്‍റെ ദൂതനെയും അനുസരിക്കുക. ഇനി നിങ്ങൾ പിന്തിരിഞ്ഞു പോകുന്നതായാൽ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് മാത്രമേ അദ്ദേഹത്തിന് ബാധകമാവുകയുള്ളൂ. നിങ്ങളെ ചുമതലപ്പെടുത്തിയത് നിങ്ങൾക്കും ബാധകമാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുന്നതായാൽ നിങ്ങൾ നേർമാർഗം പ്രാപിക്കും. വ്യക്തമായ നിലയിൽ സന്ദേശം എത്തിക്കുക അല്ലാതെ ദൈവദൂതന് വേറെ ഒരു ബാധ്യതയും ഇല്ല. 

നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് അവർക്കു മുമ്പുള്ളവരെ ഖലീഫമാർ ആക്കിയത് പോലെ തീർച്ചയായും അവരെയും ഭൂമിയിൽ ഖലീഫമാരാക്കുകയും അവർക്കായി അവൻ തൃപ്തിപ്പെട്ട മതത്തെ അവർക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും അവരുടെ ഭയത്തിനു ശേഷം രക്ഷയും സമാധാനവും അവർക്ക് പകരം നൽകുകയും ചെയ്യുന്നതാണെന്ന് അള്ളാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവർ എന്നെ മാത്രം ആരാധിക്കുന്നതാണ്. എന്നോട് മറ്റൊന്നിനെയും അവർ പങ്കു ചേർക്കുകയില്ല അതിനുശേഷം ആരെങ്കിലും നിഷേധിക്കുകയാണെങ്കിൽ അവർ തന്നെയാണ് ധിക്കാരികൾ. നിങ്ങൾ നമസ്കാരം നിലനിർത്തുകയും സക്കാത്ത് കൊടുക്കുകയും ദൈവദൂതനെ അനുസരിക്കുകയും ചെയ്യുക നിങ്ങൾക്ക് കരുണ ചെയ്യപ്പെടുന്നതിന് വേണ്ടി.”

ഖിലാഫത്തിന്‍റെ പ്രവചിക്കപ്പെട്ട കാലം

അല്ലാഹുവിന്‍റെയും നബിതിരുമേനി(സ)യുടെയും വാഗ്ദാനങ്ങളനുസരിച്ച് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിൽ ഖിലാഫത്ത് 1908 ൽ സ്ഥാപിതമായിട്ട് ഇപ്പോൾ 117 വർഷമായിരിക്കുന്നു.മസീഹിന്‍റെയും മഹ്ദിയുടെയും ആഗമനത്തോടെ ഇസ്‌ലാമിന്‍റെ പുനരുജ്ജീവനം ഉണ്ടാകുമെന്നും, ഖിലാഫത്ത് പുനരാരംഭിക്കുമെന്നും അല്ലാഹുവും അവന്‍റെ ദൂതനും വ്യക്തമായി പ്രവചിച്ച ഒരു വ്യവസ്ഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഹ്‌മദികൾ സൗഭാഗ്യരാണ്. ഹദീസനുസരിച്ച്, പ്രവാചകത്വം അല്ലാഹു ഉദ്ദേശിക്കുന്നിടത്തോളം കാലം നിങ്ങളിൽ നിലനിർത്തുമെന്നും, പിന്നീട് അതിനെ എടുക്കുകയും പ്രവാചകത്വത്തിന്‍റെ മാതൃകയിൽ ഖിലാഫത്ത് സ്ഥാപിക്കുകയും ചെയ്യുമെന്ന് നബിതിരുമേനി(സ) പ്രവചിച്ചിട്ടുണ്ട്. തുടർന്ന് പറയുന്നു, അല്ലാഹു ഉദ്ദേശിക്കുമ്പോൾ ഈ അനുഗ്രഹം എടുത്തുമാറ്റുകയും സ്വേച്ഛാധിപത്യപരമായ രാജവാഴ്ച വരികയും ചെയ്യും. ഇതിനെത്തുടർന്ന്, അല്ലാഹു ഉദ്ദേശിക്കുന്നതുവരെ അതിലും മോശമായ ഏകാധിപത്യപരമായ രാജവാഴ്ച പിന്തുടരും. പിന്നീട് അല്ലാഹു അതിനെയും നീക്കം ചെയ്യും. ശേഷം, പ്രവാചകത്വത്തിന്‍റെ മാതൃകയിൽ ഖിലാഫത്ത് പുനസ്ഥാപിക്കപ്പെടുകയും ചെയ്യും, ഇത് പറഞ്ഞശേഷം നബിതിരുമേനി(സ) മൗനം അവലംബിച്ചു.      ഈ പ്രവചനമനുസരിച്ച്, വാഗ്ദത്ത മസീഹ്(അ)ന്‍റെ ആഗമനത്തോടെ ഇസ്‌ലാമിന്‍റെ പുനരുജ്ജീവനത്തിന് ഒരു പുതിയ യുഗം ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹത്തിനുശേഷം ഖിലാഫത്ത് സ്ഥാപിക്കപ്പെടുകയും ചെയ്തു. തുടക്കത്തിൽ ഓതിയ ആയത്തുകളിൽ, മുസ്‌ലിംകൾക്കിടയിൽ ഖിലാഫത്ത് സ്ഥാപിക്കപ്പെടുമെന്ന് അല്ലാഹു വ്യക്തമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.                      നബി തിരുമേനി(സ)ക്ക് ശേഷം, യഥാർത്ഥ മാർഗത്തിലുള്ള ഖിലാഫത്ത് 30 വർഷം നിലനിന്നു. എന്നാൽ ഖിലാഫത്ത് 30 വർഷത്തേക്ക് മാത്രമായിരുന്നില്ല, മറിച്ച് നബിതിരുമേനി(സ) പറഞ്ഞതുപോലെ, സ്വേച്ഛാധിപത്യപരമായ ഭരണകാലഘട്ടങ്ങൾക്ക് ശേഷം, വാഗ്ദത്ത മസീഹിന്‍റെ(അ) കാലഘട്ടത്തിൽ ഒരു സ്ഥായിയായ ഖിലാഫത്ത് സ്ഥാപിക്കപ്പെടണമായിരുന്നു. ഖിലാഫത്തിനെക്കുറിച്ചുള്ള വാഗ്ദാനത്തോടൊപ്പം നാം അതിനോട് ചേർന്നുനിൽക്കണം എന്ന വ്യവസ്ഥയും ഉണ്ട്. അതിനാൽ നാം ഖിലാഫത്തിനോട് ചേർന്നുനിൽക്കുന്നിടത്തോളം കാലം, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. മാത്രമല്ല, അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ള ചില വ്യവസ്ഥകൾ പാലിക്കേണ്ടതുമുണ്ട്. 

വാഗ്ദത്ത മസീഹ്(അ)  ഇപ്രകാരം പറയുന്നു:

ഈ രീതിയിൽ അവൻ [സർവ്വശക്തനായ അല്ലാഹു] രണ്ട് തരം ശക്തി പ്രഭാവങ്ങൾ പ്രകടമാക്കുന്നു. ഒന്നാമതായി, അവൻ തന്‍റെ പ്രവാചകന്മാരുടെ കരങ്ങളിലൂടെ തന്‍റെ ശക്തിയുടെ കരം പ്രകടമാക്കുന്നു. രണ്ടാമതായി, ഒരു പ്രവാചകന്‍റെ മരണത്തോടെ, ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകുകയും ശത്രുക്കൾ ശക്തി പ്രാപിച്ചെന്ന് തോന്നുകയും കാര്യങ്ങൾ താറുമാറായെന്ന് വിശ്വസിക്കുകയും ഈ ജമാഅത്ത് ഇപ്പോൾ ഇല്ലാതാകുമെന്ന് ഉറപ്പിക്കുകയും, ജമാഅത്തിലെ അംഗങ്ങൾ പോലും ആശയക്കുഴപ്പത്തിലാവുകയും അവരുടെ നടു ഒടിയുകയും നിർഭാഗ്യവാന്മാരിൽ ചിലർ മതഭ്രംശത്തിന്‍റെ പാത തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ, അല്ലാഹു രണ്ടാം തവണയും തന്‍റെ മഹത്തായ ശക്തി പ്രഭാവം പ്രകടമാക്കുകയും സംഭ്രാന്തമായ ജമാഅത്തിനെ താങ്ങുകയും പരിപാലിക്കുകയും ചെയ്യുന്നു. അങ്ങനെ, അവസാനം വരെ ഉറച്ചുനിൽക്കുന്നവർ ഈ ദൈവിക ദൃഷ്ടാന്തം കാണുന്നു.

ഹദ്റത്ത് അബൂബക്കർ സിദ്ദീഖിന്‍റെ (റ) കാലത്ത് സംഭവിച്ചതും ഇത് തന്നെയാണ്.  തിരുനബി (സ)യുടെ വിയോഗം അകാല മരണമായി കണക്കാക്കപ്പെടുകയും ചില അറിവില്ലാത്തവർ മതഭ്രംശികളായി മാറുകയും ചെയ്തു. നബിതിരുമേനി(സ)യുടെ സഹാബാക്കൾ(റ) ദുഖഭാരത്താൽ  പരിഭ്രാന്തരായി. ആ സമയത്ത് അല്ലാഹു അബൂബക്കർ സിദ്ദീഖ്(റ)നെ ഉയർത്തുകയും തന്‍റെ ശക്തി പ്രഭാവം രണ്ടാം തവണയും പ്രകടമാക്കുകയും, ഇസ്‌ലാമിനെ വീഴ്ചയുടെ വക്കിൽനിന്ന് രക്ഷിക്കുകയും, വിശുദ്ധ ഖുർആനിൽ വ്യക്തമാക്കിയ വാഗ്ദാനം നിറവേറ്റുകയും ചെയ്തു: അതായത്, “ഭയത്തിന് ശേഷം,നാം അവരെ പുനഃസ്ഥാപിക്കുകയും ഉറപ്പിച്ചു നിർത്തുകയും ചെയ്യും”  

മൂസ നബി(അ)ന്‍റെ കാലത്തും ഇത് സംഭവിച്ചു, അദ്ദേഹം ഈജിപ്തിൽ നിന്ന് കാനാനിലേക്ക് പോകുന്ന വഴിക്ക് വാഗ്ദാനമനുസരിച്ച് ഇസ്രായേലികളെ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഇസ്രായേലികൾ കഠിനമായ ദുഃഖത്തിലാണ്ടു. തൗറാത്തിൽ എഴുതിയിരിക്കുന്നത്, മൂസ നബി(അ)ന്‍റെ ഈ അകാല മരണത്തിലും പെട്ടെന്നുള്ള വിടവാങ്ങലിലുമുള്ള ദുഃഖത്തിൽ ഇസ്രായേലികൾ നാൽപ്പത് ദിവസം കരഞ്ഞു എന്നാണ്. ഈസ നബി(അ)ന്‍റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. കുരിശു സംഭവത്തിന്‍റെ സമയത്ത്, അദ്ദേഹത്തിന്‍റെ ശിഷ്യന്മാരെല്ലാം ചിതറിപ്പോയി, അവരിൽ ഒരാൾ മതഭ്രംശനാവുകയും ചെയ്തു.

ആയതിനാൽ, എതിരാളികളുടെ രണ്ട് വ്യാജ സന്തോഷങ്ങൾക്ക് അന്ത്യം വരുത്താൻ സർവ്വശക്തനായ അല്ലാഹു പണ്ടുമുതലേ രണ്ട് പ്രഭാവങ്ങൾ കാണിച്ചിരുന്നു. ആയതിനാൽ ഇനി അല്ലാഹു തന്‍റെ സനാതനമായ നടപടിക്രമം ഉപേക്ഷിച്ചു കളയുമെന്നത് സംഭാവ്യമല്ല. അതിനാൽ ഞാൻ പറഞ്ഞതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ ദുഃഖിതരാകരുത്, നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാവുകയും ചെയ്യരുത്. രണ്ടാം ശക്തി പ്രഭാവത്തിന്‍റെ പ്രകടനവും നിങ്ങൾ കാണേണ്ടത് അനിവാര്യമാണ്. അതിന്‍റെ ആഗമനം നിങ്ങൾക്ക് ഉത്തമമാണ്, കാരണം അത് ശാശ്വതമാണ്.  അന്ത്യനാൾ വരെ അത് നിലച്ചു പോവുകയില്ല.

എന്‍റെ വിയോഗത്തോടെയല്ലാതെ ആ രണ്ടാം ശക്തി പ്രഭാവം പ്രകടമാവുകയുമില്ല. എന്നാൽ എൻറെ വിയോഗത്തോടെ, ബറാഹീനെ അഹ്‌മദിയ്യയിൽ അല്ലാഹു വാഗ്ദാനം ചെയ്തതുപോലെ, എന്നും നിങ്ങളോടൊപ്പം നിലനിൽക്കുന്ന ആ രണ്ടാം ശക്തിപ്രഭാവം അവൻ നിങ്ങൾക്ക് നൽകും.

ഈ വാഗ്ദാനം ഞാൻ എന്ന വ്യക്തിക്കുള്ളതല്ല. മറിച്ച്, നിങ്ങൾക്കുള്ളതാണ്, കാരണം അല്ലാഹു എന്നെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: നിന്‍റെ അനുയായികളായ ഈ ജമാഅത്തിനെ ഞാൻ അന്ത്യനാൾ വരെ മറ്റുള്ളവരെക്കാൾ പ്രബലപ്പെടുത്തുന്നതാണ്. അതിനാൽ  എന്‍റെ വിയോഗത്തിന്‍റെ ദിവസം നിങ്ങൾ കാണുന്നത് അനിവാര്യമാണ്.  അങ്ങനെ ആ ദിവസത്തിനുശേഷം ശാശ്വത വാഗ്ദാനത്തിന്‍റെ ദിവസം വരും. നമ്മുടെ ദൈവം തന്‍റെ വാഗ്ദാനം പാലിക്കുന്നവനും വിശ്വസ്തനും സത്യസന്ധനുമായ ദൈവമാണ്. അവൻ വാഗ്ദാനം ചെയ്തതെല്ലാം നിങ്ങളെ കാണിക്കും.

 ഈ ദിവസം ലോകത്തിന്‍റെ അവസാന ദിനമായാലും, വലിയ ആപത്തുകൾ ഇറങ്ങേണ്ട സമയമായാലും  അല്ലാഹു പ്രവചിച്ച കാര്യങ്ങളെല്ലാം സംഭവിക്കുന്നതുവരെ ഈ ലോകം നിലനിൽക്കുക തന്നെ ചെയ്യും. ഞാൻ അല്ലാഹുവിൽ നിന്ന് ദൈവിക പ്രഭാവത്തിന്‍റെ പ്രകടനമായി വന്നവനാണ്.  ഞാൻ അവന്‍റെ ശക്തിയുടെ പ്രതിപുരുഷനാണ്. ഞാൻ പോയിക്കഴിഞ്ഞാൽ രണ്ടാം ശക്തി പ്രഭാവത്തിന്‍റെ പ്രകടനമായി വേറെ ചില വ്യക്തികൾ വരും.

അതുകൊണ്ട്, അവന്‍റെ ശക്തിയുടെ രണ്ടാം പ്രകടനത്തിനായി കാത്തിരിക്കുമ്പോൾ, നിങ്ങൾ എല്ലാവരും ഒരുമിച്ച് പ്രാർത്ഥനയിൽ മുഴുകുക. ഓരോ രാജ്യത്തിലെയും സച്ചരിതരായ ആളുകളുടെ ഒരു ജമാഅത്ത്, അതിൽ ഓരോരുത്തരും, പ്രാർത്ഥനയിൽ മുഴുകട്ടെ, അങ്ങനെ രണ്ടാം ശക്തിപ്രഭാവത്തിന്‍റെ പ്രകടനം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുകയും നിങ്ങളുടെ ദൈവം എത്ര ശക്തനാണെന്ന് നിങ്ങളെ കാണിക്കുകയും ചെയ്യട്ടെ.’ (അൽ-വസിയ്യത്ത്, പേജ് 5-8)

ഖിലാഫത്ത് മുഖേന സ്ഥാപിക്കപ്പെട്ട ഐക്യം

ലോകമെമ്പാടുമുള്ള ആളുകളോട് പ്രാർത്ഥിക്കാൻ പറഞ്ഞുകൊണ്ട്, അഹ്‌മദിയ്യത്ത് ലോകമെമ്പാടും വ്യാപിക്കുമെന്ന് വാഗ്ദത്ത മസീഹ് (അ) പ്രവചിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് നാം ഇത് യാഥാർത്ഥ്യമാകുന്നത് കാണുന്നു.  ലോകമെമ്പാടുമുള്ള അഹ്‌മദികൾ ഖിലാഫത്തിനോട് ചേർന്ന് നിൽക്കുകയും പ്രതിബദ്ധത കാണിക്കുകയും ചെയ്യുന്നു. അഞ്ചാം ഖിലാഫത്തിന്‍റെ തിരഞ്ഞെടുപ്പ് സമയത്ത് ജമാഅത്ത് എങ്ങനെ ഒന്നിച്ചുവെന്നും  അത് ഇന്നും തുടരുന്നതും നാം കാണുന്നു. അതുകൊണ്ട്  നാം ഖിലാഫത്തിനോട് ചേർന്നുനിൽക്കുകയും ഖിലാഫത്ത് പ്രസ്ഥാനം നിലനിർത്താൻ ഏതൊരു ത്യാഗവും സഹിക്കാൻ തയ്യാറായിരിക്കുകയും ചെയ്യണം.

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിനുള്ളിൽ പോലും ഖിലാഫത്ത് ഒരു ഭൗതിക നേതൃത്വമായി മാറുമെന്ന് ചിന്തിക്കുന്ന ചിലർ ഉണ്ട്. എന്നാൽ, ഖിലാഫത്ത് അന്ത്യനാൾ വരെ ഒരു ആത്മീയ പ്രസ്ഥാനമായി നിലനിൽക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുകയും നബിതിരുമേനി(സ) പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ചില ക്ഷുദ്രബുദ്ധികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ഖിലാഫത്ത് ഒരു രാജവാഴ്ചയായി മാറിയെന്ന് പറയാൻ കഴിയുന്ന ഒരു കാലം ഒരിക്കലും ഉണ്ടാവുകയില്ല.

ഈ ചിന്താഗതിയെ രണ്ടാം ഖലീഫ, ഹദ്‌റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) ശക്തമായി എതിർത്തിരുന്നു. സമൂഹം സച്ചരിതത്വവും ഭക്തിയും നിലനിർത്തുന്നിടത്തോളം കാലം ഖിലാഫത്ത് ഒരിക്കലും രാജവാഴ്ചയായി മാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സമയത്ത് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്(റ) ഖിലാഫത്ത് ഒരു രാജവാഴ്ചയായി മാറാൻ സാധ്യതയുണ്ടോ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ രണ്ടാം ഖലീഫ(റ) ഈ ആശയം തിരുത്തിയപ്പോൾ, അത്തരത്തിൽ ഒരു ചിന്താഗതി തന്നെ ഉണ്ടായിരുന്നില്ല എന്ന പോലെ ഹദ്റത്ത് മിർസ ബഷീർ അഹ്‌മദ്(റ) അദ്ദേഹത്തിന്‍റെ ഈ ചിന്താഗതി ഉപേക്ഷിച്ചു.  കാരണം ഖലീഫ കാര്യം വിശദീകരിച്ചു കഴിഞ്ഞിരുന്നു. ഇതാണ് ഖിലാഫത്തിനോടുള്ള യഥാർത്ഥ പ്രതിബദ്ധത.

ഖിലാഫത്തിന്റെ അനുഗ്രഹങ്ങൾ അനുസരണയുള്ളവരോടൊപ്പം

ഖലീഫ തന്‍റെ അനുയായികൾക്ക് വേണ്ടി രാത്രിയിൽ ഉണർന്ന് പ്രാർത്ഥിക്കുന്നു. ഏതെങ്കിലും രാജാവ് ഇത് ചെയ്യുന്നുണ്ടോ? അല്ലാഹുവിനെയും അവന്‍റെ റസൂൽ(സ)നെയും അനുസരിക്കുന്നവർക്ക് ഖിലാഫത്ത് നൽകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, നാം ഇതിനോട് ചേർന്നുനിൽക്കണം. ഇല്ലെങ്കിൽ, ആ ആളുകൾ ഖിലാഫത്തിൽ നിന്ന് അകന്നുപോകും. എന്നാൽ, അല്ലാഹുവിന്‍റെ ഈ വാഗ്ദാനത്തെ ഒരിക്കലും തടസ്സപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട്, അല്ലാഹു നിശ്ചയിച്ചത് പോലെ, യഥാർത്ഥ വിശ്വാസികളായിരിക്കാനുള്ള  മുൻവ്യവസ്ഥ വിശ്വാസവും സൽകർമ്മങ്ങളുമാണ്. ഇത് ഖിലാഫത്തിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുന്നവർക്ക് അനിവാര്യമാണ്. മുസ്‌ലിംകൾ അനുസരണയുള്ളവർ ആയിരുന്നിടത്തോളം കാലം യഥാർത്ഥ ഖിലാഫത്ത് അവരിൽ നിലനിന്നിരുന്നുവെന്ന് ചരിത്രം പറയുന്നു. അവർ അനുസരണം ഉപേക്ഷിച്ചപ്പോൾ, ഖിലാഫത്ത് നഷ്ടപ്പെട്ടു. ഇത് കാണിക്കുന്നത് ഖിലാഫത്തിന്‍റെ അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കണമെങ്കിൽ, നാം അതിനോട് ചേർന്നുനിൽക്കുകയും ഖിലാഫത്തിനോട് എപ്പോഴും അനുസരണയുള്ളവരായിരിക്കുകയും ചെയ്യണമെന്നതാണ്.

സർവ്വശക്തനായ അല്ലാഹു സ്വയം മനുഷ്യ ഹൃദയങ്ങളെ ഖിലാഫത്തിലേക്ക് ആകർഷിക്കുന്നു. ഓരോ കാലഘട്ടത്തിലും, അത് ഒന്നാം ഖലീഫ ഹദ്‌റത്ത് ഹക്കീം മൗലവി നൂറുദ്ദീൻ(റ) മുതൽ, രണ്ടാം ഖലീഫ ഹദ്‌റത്ത് മിർസ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ), മൂന്നാം ഖലീഫ ഹദ്‌റത്ത് മിർസാ നാസിർ അഹ്‌മദ്(റഹ്), നാലാം ഖലീഫ ഹദ്‌റത്ത് മിർസ താഹിർ അഹ്‌മദ്(റഹ്) വരെയും ഇപ്പോൾ അഞ്ചാം ഖിലാഫത്ത് കാലത്തും, ഖിലാഫത്തിന് അല്ലാഹു തന്‍റെ മഹത്തായ സഹായം പ്രകടിപ്പിക്കുകയും ഹൃദയങ്ങളെ ഖിലാഫത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു എന്ന് നമുക്ക് കാണാം. ഇത്തരം ഉദാഹരണങ്ങൾ സമാനതകളില്ലാത്തതാണ്. ജമാഅത്തിനോടും ഖിലാഫത്തിനോടും ചേർന്നുനിൽക്കുന്നവർക്ക് എണ്ണമറ്റ അനുഗ്രഹങ്ങൾ ലഭിക്കുന്നു എന്നതിന് അവർ സാക്ഷികൾ ആകുന്നു. എതിരാളികൾ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിനെതിരെ ക്രൂരതകൾ തുടരുന്നുണ്ടെങ്കിലും, അഹ്‌മദികൾ വിശ്വാസത്തിൽ ദൃഢചിത്തരാണ്. ഒന്നിനും അവരെ തടയാൻ കഴിയില്ല. എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും,  പ്രത്യേകിച്ച് പാകിസ്താൻ പോലുള്ള സ്ഥലങ്ങളിൽ, അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല, ജമാഅത്ത് വളർന്നുകൊണ്ടേയിരിക്കുന്നു. ഖലീഫയ്ക്ക് പാകിസ്താൻ വിട്ടുപോകേണ്ടി വന്നപ്പോഴും  ജമാഅത്തിന്‍റെ പുരോഗതി നിലച്ചിട്ടില്ല. മറിച്ച്, ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി. ജമാഅത്ത് അതിവേഗം പുരോഗമിച്ചു. ഇന്ന്, അഞ്ചാം ഖിലാഫത്തിന്‍റെ കാലഘട്ടത്തിൽ  ധാരാളം എതിർപ്പുകളും നിരവധി രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അഹ്‌മദികളുടെ  വിശ്വാസം അചഞ്ചലമാണ്, അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നിടത്തോളം കാലം ജമാഅത്ത് വ്യാപിച്ചുകൊണ്ടേയിരിക്കും.

ഇപ്പോൾ ലോകമെമ്പാടും ഏകദേശം 214 രാജ്യങ്ങളിൽ ഇത് വ്യാപിച്ചിട്ടുണ്ട്. അനുയായികൾ അഹ്‌മദിയ്യത്തിനോടും ഖിലാഫത്തിനോടും അടിയുറച്ച ഭക്തിയുള്ളവരാണ്. ഉദാഹരണത്തിന്, ബുർക്കിനാഫാസോയിലെ ഡോറിയിൽ നിന്നുള്ള രക്തസാക്ഷികളുടെ കുടുംബങ്ങളെ നോക്കുക, അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും മരണത്തെ നേരിടാൻ ധൈര്യം കാണിക്കുകയും ചെയ്തു. അവരുടെ കുടുംബങ്ങൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും, ഖിലാഫത്തിനെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ആവശ്യമെങ്കിൽ തങ്ങളുടെ ജീവൻ അർപ്പിക്കാൻ തയ്യാറാണെന്ന് കാണിക്കുകയും ചെയ്തു. അവർ ഖിലാഫത്തിനോട് പ്രകടിപ്പിക്കുന്ന സ്നേഹം അതിശയകരമാണ്. എന്‍റെ ആഫ്രിക്കൻ സന്ദർശനത്തിൽ, മുമ്പ് കണ്ടിട്ടില്ലാത്ത ആളുകൾ എന്നെ കാണുമ്പോൾ വർണ്ണിക്കാനാവാത്തത്ര ആവേശത്തോടെയും വികാരത്തോടെയും അവർ കൂടിക്കാഴ്ച നടത്തി. മുമ്പ് അറിയാത്തവരായിരുന്നിട്ടുകൂടി, ഞാനുമായി കണ്ടുമുട്ടുമ്പോൾ അവർ കരയുമായിരുന്നു. തീർച്ചയായും ഇത് ഖിലാഫത്തിനോടുള്ള സ്നേഹം കാരണം മാത്രമായിരുന്നു.

ബഹുദൈവാരാധനയുടെ എല്ലാ രൂപങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കുക

ഖിലാഫത്തിന് അനിവാര്യമായിട്ടുള്ള മറ്റൊരു നിബന്ധനയായി അല്ലാഹു പറഞ്ഞിരിക്കുന്നത് എല്ലാ തരം ബഹുദൈവാരാധനയിൽ നിന്നും ദൈവത്തിന് പങ്കുകാരെ ചേര്‍ക്കുന്നതിൽ നിന്നും വിട്ടുനില്ക്കുക എന്നതാണ്. അഹന്തയും അഹങ്കാരവും ശിര്‍ക്കിന്‍റെ ഒരു രൂപം തന്നെയാണ്. ഖിലാഫത്തിന്‍റെ യഥാര്‍ത്ഥ അനുഗ്രഹങ്ങൾ കരസ്ഥമാക്കുന്നതിന് ശിര്‍ക്കിന്‍റെ എല്ലാ രൂപങ്ങളിൽ നിന്നും വിട്ടു നില്ക്കേണ്ടത് അനിവാര്യമാണ്. ഭാരവാഹികൾ അവരുടെ അഹന്ത മാറ്റിനിര്‍ത്തുമ്പോൾ അവർ ജമാഅത്തിന് പ്രയോജനപ്രദമായ വ്യക്തികളായി മാറുന്നു. ആ അവസ്ഥയിൽ അവർ അല്ലാഹുവിന്‍റെ പ്രീതി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരായിരിക്കും.

അതുപോലെ തന്നെ മറ്റൊരു നിബന്ധന നമസ്ക്കാരം നിലനിര്‍ത്തുകയും, അല്ലാഹുവിനോടും അവന്‍റെ റസൂൽ(സ)നോടും അനുസരണയുള്ളവരാകുകയും ചെയ്യുക എന്നതാണ്. ആയതിനാൽ, ഖിലാഫത്ത് എന്നത് പരിപൂര്‍ണ അനുസരണ കാഴ്ച വയ്ക്കുന്നവര്‍ക്ക് ചെയ്യപ്പെട്ട വാഗ്ദാനമാണ്. അഥവാ, ഖിലാഫത്തുമായി ബന്ധപ്പെട്ട് നില്ക്കുന്നതിനും അതിൽ നിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനും നമസ്ക്കാരം നിലനിര്‍ത്തേണ്ടത് അത്യന്തം അനിവാര്യമാണ്.

ഖലീഫയുടെ വാക്കുകളിൽ നിന്ന് എല്ലാ ജനങ്ങളും പ്രയോജനം ഉള്ക്കൊെള്ളുന്നു

നമസ്ക്കാരം നിലനിര്‍ത്തുക എന്നതിന്‍റെ യഥാര്‍ഥ അര്‍ഥം വിശദീകരിച്ചുകൊണ്ട് രണ്ടാം ഖലീഫ ഒരിക്കൽ പറഞ്ഞു: ജുമുഅയിൽ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന ഇമാം ഖുത്ബയിലൂടെ ഉപദേശം നല്കുന്ന സന്ദര്‍ഭമാണ്. കാരണം, ആ സമയം എല്ലാ ആളുകളും ഏകോപനത്തോടെ ഖലീഫക്ക് നേരെ ശ്രദ്ധ തിരിക്കുകയും അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രവിക്കുകയും ചെയ്യുന്നു. ഇന്ന്, MTA (Muslim Television Ahmadiyya)യിലൂടെ ഖലീഫയുടെ ഖുത്ബ ലോകം മുഴുവൻ സംപ്രേഷണം ചെയ്യപ്പെടുകയും, ജനങ്ങൾ ഖലീഫയുടെ വാക്കുകൾ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അവ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്യുന്നു.

ഖലീഫയുടെ വാക്കുകൾ തങ്ങളുടെ വ്യക്തിഗതമായ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് പറയപ്പെട്ടതാണെന്ന് അനുഭവപ്പെട്ടുവെന്നും, ആ വാക്കുകൾ മുഖേന തങ്ങള്‍ക്ക് ഐക്യം ലഭിക്കുകയുണ്ടായി എന്നും, ലോകമെമ്പാടുമുള്ള ആളുകൾ പറയുന്നു. ഇത്തരം ആളുകളിൽ ആഫ്രിക്ക, തുര്‍ക്കി, റഷ്യഎന്നിങ്ങനെ വിവധ രാജ്യങ്ങളിലെ ആളുകൾ ഉള്‍പെടുന്നു. അവർ കത്തുകൾ മുഖേന തങ്ങളുടെ അനുഭവം ഖലീഫയുമായി പങ്കു വയ്ക്കുന്നു. ആയതിനാൽ, ഖലീഫ പറയുന്ന വാക്കുകൾ പാക്കിസ്താനിലും യൂറോപ്പിലും ഉള്ളവര്‍ക്ക് മാത്രമാണ് എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ലോകമെമ്പാടും നിന്നും വരുന്ന കത്തുകളില്‍നിന്നും മനസ്സിലാകുന്നത് ലോകത്തുള്ള എല്ലാ ജനങ്ങളും ഖലീഫയുടെ വാക്കുകളിൽ നിന്നും പ്രയോജനം ഉള്‍ക്കൊള്ളുന്നു എന്നാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് നടത്തുന്ന ഖുത്ബകളിൽ പല സംഭവങ്ങളും തങ്ങള്‍ക്ക് പ്രയോജനപ്രദമായെന്നും, അവ തങ്ങളുടെ ജീവിതങ്ങളിൽ പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നും ആളുകൾ പറയുന്നു. ഈ രീതിയിൽ ലോകത്തിലെ 215 രാജ്യങ്ങളിലുള്ള അഹ്‍മദികൾ ഖിലാഫത്തിന്‍റെ കീഴിൽ ഏകോപിക്കുന്നു.

സക്കാത്തും അതുപോലെ തന്നെ മറ്റു സാമ്പത്തിക ത്യാഗങ്ങളും ഖിലാഫത്തിന്‍റെ മറ്റൊരു നിബന്ധനയാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ലോകമെമ്പാടുമുള്ള അഹ്‍മദികൾ സാമ്പത്തികത്യാഗങ്ങൾ ചെയ്യുകയും, ആ ത്യാഗങ്ങൾ ഖിലാഫത്തിലൂടെയും ജമാഅത്ത് സംവിധാനത്തിലൂടെയും ലോകത്തുള്ള ജനങ്ങളെ സഹായിക്കുന്നതിനായി ചിലവഴിക്കപ്പെടുകയും ചെയ്യുന്നു. അഹ്‍മദിയ്യാ ജമാഅത്ത് യഥാര്‍ഥ ഇസ്‌ലാമല്ല എന്ന് പറഞ്ഞുകൊണ്ട് പലരും അഹ്‍മദികളെ ജമാഅത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ട്.ഇതിനു മറുപടിയായിക്കൊണ്ട്, പുതുതായി ജമാഅത്തിൽ ചേര്‍ന്നവർ പോലും, അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് മാനവികതയെ സേവിക്കുകയും, സ്കൂളുകളും ആശുപത്രികളും സ്ഥാപിക്കുകയും പാവപ്പെട്ടവരെ സഹായിക്കുകയും. ആയതിനാൽ, ആരെങ്കിലും യഥാര്‍ഥ ഇസ്‌ലാം പിന്‍പറ്റുന്നുണ്ടെങ്കിൽ അത് അഹ്‍മദികൾ ആണെന്ന് മറുപടി നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം ഖിലാഫത്തിന്‍റെ അനുഗ്രഹങ്ങളാണ്.

ഖിലാഫത്തുമായിബന്ധം സ്ഥാപിക്കുന്നത്തിലാണ് ലോകത്തിന്റെ രക്ഷ

ലോകത്തിന്‍റെ പല ഭാഗങ്ങളിലും അഹ്‍മദികൾ ക്രൂരമായ പീഡനങ്ങൾ സഹിക്കുന്നു. ഉദാഹരണത്തിന്, ബംഗ്ലാദേശ്, ചില അറബ് രാജ്യങ്ങൾ, ചില ആഫ്രിക്കൽ രാജ്യങ്ങൾ, പാക്കിസ്താൻ എന്നിവടങ്ങളിൽ അഹ്‍മദികൾ പീഡനം അനുഭവിക്കുന്നു. കൂടാതെ, ഫലസ്തീനിൽ അഹ്‍മദികൾ, എന്നല്ല, മുഴുവൻ ജനതയും ക്രൂരമായ പീഡനത്തിന് ഇരയാണ്. ഖലീഫാ തിരുമനസ്സ് ഫലസ്തീനികളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാകുന്നതിനായി പ്രാര്‍ഥിച്ചു.

എന്നിരുന്നാലും, അഹ്‍മദികളുടെ ഈമാൻ ഇത്തരം ക്രൂരതകളുടെ മുമ്പിലും യാതൊരു കോട്ടവും സംഭവിക്കുന്നില്ല. ഖിലാഫത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവർ ലോകത്തെ ഈ നാശത്തിൽ നിന്നും രക്ഷിക്കുന്നതിനും, അവരെ അല്ലാഹുവിലേക്ക് കൊണ്ടുവരുന്നതിനും വേണ്ടി പ്രയത്നിക്കേണ്ടതാണ്. എല്ലാ തരം ത്യാഗങ്ങളും വരിക്കുന്നതിനായി തയ്യാറാവുകയും, വ്യക്തിപരമായി ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്‌താൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ആരെങ്കിലും ഇത് ചെയ്യുന്ന പക്ഷം, അവർ ലോകത്തെ നാശത്തിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം സ്വന്തത്തെയും സ്വന്തം സന്താനങ്ങളെയും ലോകത്തിന്‍റെ വിപത്തുകളിൽ നിന്നും രക്ഷിക്കുന്നതായിരിക്കും. ഓര്‍ക്കുക, ലോകത്തിന്‍റെ രക്ഷ ഖിലാഫത്തുമായി ബന്ധം സ്ഥാപിക്കുന്നതിൽ മാത്രമാണ്.

വാഗ്ദത്ത മസീഹ്(അ) നമുക്ക് എന്തൊന്നിനെ സംബന്ധിച്ച സുവാര്‍ത്തയാണോ നല്കിയത്, അതിന്‍റെ അനുഗ്രഹങ്ങൾ കരസ്ഥമാക്കാൻ നാം എപ്പോഴും ശ്രമിക്കേണ്ടതാണ്. ഇതിനായി നാം ദൈവത്തിന്‍റെ ഏകത്വത്തെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ആദരിക്കുകയും, മനുഷ്യകുലത്തോട്‌ അനുകമ്പ കാണിക്കുകയും, നമ്മുടെ ഹൃദയങ്ങളിൽ നിന്ന് വെറുപ്പ് ഇല്ലാതാക്കുകയും, നന്മയുടെ പാതയിൽ സഞ്ചരിക്കുകയും, വിശ്വാസത്തെ സംരക്ഷിക്കുകയും, പരിപൂര്‍ണ അനുസരണ പ്രകടിപ്പിക്കുകയും, ഈമാനിൽ മുന്നേറുകയും ചെയ്യേണ്ടതാണ്. അല്ലാഹു നമുക്ക് അങ്ങനെ ചെയ്യാനുള്ള തൗഫീക്ക് നല്കുകയും, ഖിലാഫത്ത് എന്ന ഈ വ്യവസ്ഥിതിയെ സംരക്ഷിക്കുന്നതിനായി എല്ലാ തരം ത്യാഗങ്ങള്‍ക്കും സന്നദ്ധരാകാനുള്ള ശക്തി നല്‍കുകയും ചെയ്യട്ടെ. ദൈവത്തിന്‍റെ ഏകത്വത്തിന്‍റെ കൊടി ഉയരെ പറക്കുകയും, ജനങ്ങള്‍ മുഹമ്മദ്‌ നബി(സ)യുടെ ശിഷ്യത്വത്തിൽ വരുകയും ചെയ്യുന്ന കാലം നാം കാണുമാറാകട്ടെ. ആമീൻ.

അനുസ്മരണങ്ങൾ

ഖുത്ബയുടെ അവസാനത്തിൽ ഖലീഫാ തിരുമനസ്സ് അടുത്തിടെ മരണപ്പെട്ട ഡോ. കേണൽ പീർ മുഹമ്മദ്‌ മുനീർ സാഹിബ്, സലീമ സാഹിദ് സാഹിബ എന്നിവരെ അനുസ്മരിക്കുകയും, അവരുടെഉദാത്തമായ ആത്മീയ ധാര്‍മിക ഗുണങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ജുമുഅ നമസ്ക്കാരത്തിന് ശേഷം ഇരുവരുടെയും ജനാസ നമസ്ക്കരിക്കുന്നതാണെന്ന്അറിയിക്കുകയും ചെയ്തു.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു