സാമ്പത്തിക ത്യാഗം മുഖേനയുള്ള ദൈവാനുഗ്രഹങ്ങള്‍ – തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷ വിളംബരം

യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം

സാമ്പത്തിക ത്യാഗം മുഖേനയുള്ള ദൈവാനുഗ്രഹങ്ങള്‍ – തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷ വിളംബരം

യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 7 നവംബർ
2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്‌
ശാഹിദ് 

തശഹ്ഹുദും, തഅവ്വുദും, സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സ മസ്‌റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 262-ാം വചനം പാരായണം ചെയ്തു. അതിന്റെ അര്‍ഥമിതാണ്:

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവാക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടെത് പോലെയാകുന്നു. അത് ഏഴ് കതിരുകളെ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറു ധാന്യമണിവീതം ഉണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഇരട്ടിപ്പിച്ചു നല്കുന്നതാണ്. അല്ലാഹു ഔദാര്യവാനും സര്‍വജ്ഞനുമാകുന്നു.

നവംബര്‍ 1 മുതല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തഹ്‌രീകെ ജദീദിന്റെ പുതുവര്‍ഷം ആരംഭിക്കുകയാണ്, മാത്രമല്ല മുന്‍ വര്‍ഷം ജമാഅത്ത് ചെയ്ത ത്യാഗങ്ങളെ വിവരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതൊടുപ്പം സാമ്പത്തിക ത്യാഗത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കപ്പെടുകയും ചെയ്യുന്നു.

തഹ്‌രീകെ ജദീദിന്റെ സ്ഥാപന പശ്ചാത്തലം

തഹ്‌രീകെ ജദീദ് എന്താണെന്നതിനെക്കുറിച്ച് ഒരു ഹ്രസ്വമായ വിവരണം നല്കാം. 1934-ല്‍ രണ്ടാം ഖലീഫ ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ് (റ) ആണ് ഇത് ആരംഭിച്ചത്. അഹ്റാര്‍ പ്രസ്ഥാനത്തില്‍ നിന്ന് ജമാഅത്ത് വലിയ എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം ആരംഭിച്ചത്. അവര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിനെ നാമാവശേഷമാക്കുമെന്നും ഖാദിയാനെ ഭൂമുഖത്തുനിന്നും വിപാടനം ചെയ്യുമെന്നും വെല്ലുവിളിച്ചിരുന്നു. വാഗ്ദത്ത മസീഹ് (അ) ന്റെ ഖബര്‍ പോലും പൊളിച്ചു നീക്കുന്നതാണെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ആ സമയത്ത് ഗവണ്‍മെന്റ് ജമാഅത്തിന് യഥാര്‍ഹം പിന്തുണ നല്കിയിരുന്നില്ല. പകരം, ജമാഅത്തിന്റെ എതിരാളികളെ പിന്തുണയ്ക്കുകയായിരുന്നു എന്നു വേണം പറയാന്‍.

ഈ സാഹചര്യത്തില്‍, ഇസ്ലാം അഹ്‌മദിയ്യത്തിന്റെ സന്ദേശം ലോകത്തിന്റെ കോണുകളോളം പ്രചരിപ്പിക്കാന്‍ കഴിയുന്ന ഒരു ഫണ്ടിന് രണ്ടാമത്തെ ഖലീഫ (റ) ആഹ്വാനം ചെയ്തു.
അഹ്‌മദിയ്യത്തിനെതിരെയുണ്ടായിരുന്ന പ്രചാരണ വേലകളെ ഖണ്ഡിക്കാനും ജമാഅത്തിനെതിരെ ഉണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാനും, അഹ്‌മദിയ്യാ ജമാഅത്തിന്റെ ഭരണസംവിധാനം ശക്തിപ്പെടുത്താനും വേണ്ടിയായിരുന്നു ഇത്. മാത്രമല്ല, അഹ്‌മദികള്‍ അവരില്‍ ഭരമേല്പിക്കപ്പെട്ട ജമാഅത്തിന്റെ തബ്‌ലീഗ് അഥവാ സന്ദേശ പ്രചരണ ബാധ്യത യഥാവിധി നിര്‍വഹിക്കാനും കൂടിയായിരുന്നു അത്. അങ്ങനെ, ഖലീഫ രണ്ടാമന്‍ (റ) തഹ്‌രീകെ ജദീദിനു തുടക്കം കുറിക്കുകയും അതിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇത് മുഖേന, ജമാഅത്തംഗങ്ങള്‍ക്ക് ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എതിര്‍പ്പ് നേരിടേണ്ടി വരുമ്പോള്‍ മറ്റൊരു ഭാഗത്ത് അത് തഴച്ചുവളരുകയും അഹ്‌മദിയ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.

ഇന്ന് നമ്മള്‍ കാണുന്നത് അഹ്‌മദിയ്യത്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നതായിട്ടാണ്. അവിടങ്ങളില്‍ നമ്മുടെ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ നമ്മുടെ മസ്ജിദുകളും, സ്‌ക്കൂളുകളും, ആശുപത്രികളും സ്ഥാപിതമാണ്. നമ്മുടെ മിഷനറിമാര്‍ സേവനമനുഷ്ഠിക്കുന്നു. നമ്മുടെ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. എം.ടി.എ സ്റ്റുഡിയോകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു, കൂടാതെ റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനങ്ങളില്‍ പലതിനും മറ്റ് ഫണ്ടുകളുടെ പിന്തുണയുണ്ടെങ്കിലും, അവയ്ക്ക് ധനസഹായം നല്കുന്നതില്‍  തഹ്‌രീകെ ജദീദും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. തഹ്‌രീകെ ജദീദ് ഫണ്ടിലൂടെയാണ് ലോകമെമ്പാടും മിഷനറിമാര്‍ക്ക പരിശീലനം നല്കുന്നതിനായി ഏഴ് തിയോളജി സര്‍വകലാ ശാലകളും പ്രവര്‍ത്തിക്കുന്നത്. അഹ്റാറുകള്‍ അഹ്‌മദിയ്യത്തിനെ ഭൂമുഖത്ത് നിന്ന് പൂര്‍ണമായി തുടച്ചുനീക്കുമെന്ന അവരുടെ വാദം ഇന്നും പാക്കിസ്ഥാനിലെ മതപണ്ഡിതന്മാരിലൂടെ വിവിധ രൂപങ്ങളില്‍ തുടരുന്നു. എങ്കിലും, അല്ലാഹു അവരുടെ വാദങ്ങള്‍ക്ക് മറുപടി നല്കിക്കൊണ്ടിരിക്കുന്നു, കൂടാതെ അഹ്‌മദിയ്യത്തിനുമേല്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും വര്‍ഷംതോറും അഹ്‌മദിയ്യത്തിലേക്ക് പുതുതായി പ്രവേശിച്ചുകൊണ്ടിരിക്കുന്നവര്‍ ഒരു മറുപടിയായി വര്‍ത്തിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 220 രാജ്യങ്ങളിലേക്ക് അഹ്‌മദിയ്യത്ത് വ്യാപിച്ചത് അവര്‍ക്കുള്ള ഒരു മറുപടിയാണ്. അവര്‍ അഹ്‌മദിയ്യത്തിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന വാദവുമായി വന്നു, എന്നാല്‍ സര്‍വശക്തനായ അല്ലാഹു വളരെയധികം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ജമാഅത്ത് ഒരു വടവൃക്ഷ സമാനം പടര്‍ന്നു പന്തലിക്കുകയും ചെയ്യുന്നു.ഇത് വാഗ്ദത്ത മസീഹ് (അ) ന്റെ വാദത്തിനുള്ള സത്യസാക്ഷ്യമായി നിലകൊള്ളുന്നു.

അഹ്‌മദിയ്യത്ത് മനുഷ്യനിര്‍മിതമല്ല. ഒരു സ്ഥാപനമോ ഗവണ്‍മെന്റോ അല്ല ഇതാരംഭിച്ചത്. ദൈവം സ്വയം ഇത് സ്ഥാപിക്കുകയും, ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയും ഈ ജമാഅത്തിനെ കൂടുതല്‍ പുരോഗതികളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

അല്ലാഹു പ്രതിഫലം പല മടങ്ങുകളായി നല്കുന്നു

തുടക്കത്തില്‍ പാരായണം ചെയ്ത വചനത്തില്‍ അല്ലാഹു പറയുന്നു, അവന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവര്‍ ഏഴ് കതിരുകള്‍ വളരുന്ന ഒരു ധാന്യമണിക്ക് തുല്യമാണ്, ഓരോ കതിരിലും നൂറു ധാന്യങ്ങള്‍ ഉണ്ട്. അവന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് പ്രതിഫലം ലഭിക്കാതെ പോകില്ലെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. പകരം, അവര്‍ക്ക് കുറഞ്ഞത് ഏഴ് മടങ്ങെങ്കിലും ലഭിക്കും. അല്ലെങ്കില്‍ അതിലും കൂടുതല്‍. അതുകൊണ്ട്, അവന്റെ മാര്‍ഗത്തില്‍ സേവനത്തിനായി അവന്റെ മതത്തിന് വേണ്ടി ചെലവഴിക്കാന്‍ അല്ലാഹു ആളുകളെ പ്രോത്സാഹിപ്പിച്ചു. അതുവഴി അവരുടെ ധനത്തില്‍ അവന്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു.

ഓരോ വര്‍ഷവും ആളുകള്‍ എങ്ങനെയാണ് തുറന്ന മനസ്സോടെ ദാരിദ്ര്യത്തെക്കുറിച്ചോ അല്ലെങ്കില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചോ യാതൊരു ഭയവുമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കുറിച്ച് വിവരിക്കാറുണ്ട്. പകരം, അല്ലാഹു അവര്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങളും ഹൃദയത്തില്‍ സംതൃപ്തിയും നല്കുന്നു. ഈ ലോകത്തിലും പരലോകത്തിലും അവര്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും പറയുന്നു. ഇമാം റാസി പോലുള്ള വിവിധ പണ്ഡിതന്മാര്‍ ഈ വചനത്തെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്. പറയുന്നു, സര്‍വശക്തനായ അല്ലാഹു തന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരോട് പറയുന്നു. അവരെ സൃഷ്ടിച്ചതും അവന്‍ തന്നെ. പ്രതിഫലം നല്കാനും ശിക്ഷിക്കാനും അവന് കഴിവും ഉണ്ട്. അങ്ങനെ, അല്പം ഉള്ളതിനെ ഒരുപാട് ആക്കി മാറ്റാന്‍ കഴിയുന്നത് അല്ലാഹുവിനാണ്. അതുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ അല്പം ചെലവഴിച്ചാല്‍ പോലും. അത് പലമടങ്ങുകളായി തിരികെ നല്കുന്നു. അതുപോലെ, ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ് (റ) അദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ പ്രസ്താവിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിന് അവന്‍ അധികമായി തിരികെ നല്കുമെന്നത് അവന്‍ ഉറപ്പ് നല്കുന്ന ഒരു വാഗ്ദാനമാണ്.

ഹദ്‌റത്ത് അബൂബക്കര്‍ (റ) വലിയ സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്തു. പിന്നീട് അല്ലാഹു അദ്ദേഹത്തെ പ്രഥമ ഖലീഫയായി നിയമിച്ചു. ഇതിലും വലിയ പ്രതിഫലം മറ്റെന്തുണ്ട്? അതുപോലെ, ഹദ്‌റത്ത് ഉമര്‍ (റ)വും വലിയ ത്യാഗങ്ങള്‍ ചെയ്തു, ഹദ്‌റത്ത് ഉസ്മാന്‍(റ)വും അങ്ങനെ തന്നെ ചെയ്തു. അവര്‍ക്ക് വലിയ പ്രതിഫലങ്ങളും ലഭിച്ചു. മഹത്തായ ത്യാഗങ്ങള്‍ ചെയ്ത എല്ലാ സ്വഹാബിമാരുടെയും കാര്യം ഇതായിരുന്നു. അവര്‍ ത്യാഗം ചെയ്തതെന്തോ, അതിനേക്കാള്‍ മികച്ചത് അവര്‍ക്ക് തിരികെ ലഭിച്ചു. അതുകൊണ്ട്, തനിക്ക് വേണ്ടി ത്യാഗം ചെയ്യുന്ന ഒരാളെയും ദൈവം ഒരിക്കലും ഉപേക്ഷിക്കുകയോ പ്രതിഫലം നല്കാതെ വിടുകയോ ചെയ്യുന്നില്ല.

ഖലീഫാ തിരുമനസ്സ് പറഞ്ഞു, നബിതിരുമേനി(സ) യുടെ ജീവിതത്തില്‍ നിന്ന് സ്വഹാബിമാരുടെ സംഭവങ്ങള്‍ ഞാന്‍ വിവരിക്കുകയും അവര്‍ ചെയ്ത വിവിധ ത്യാഗങ്ങള്‍ എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ജീവിതത്തിലെ സംഭവങ്ങളില്‍ നിന്ന്, അല്ലാഹു അവര്‍ക്ക് യഥാര്‍ഥത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നല്കി എന്ന് വ്യക്തമായി കാണാന്‍ കഴിയും. ഇന്നും, ത്യാഗം ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ത്യാഗങ്ങളുടെ ഫലമായി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ദൈവം എങ്ങനെയാണ് തങ്ങള്‍ക്ക് ത്യാഗം ചെയ്യാന്‍ അവസരം ഒരുക്കി തന്നെതെന്നും അത് മുഖേന തങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചതെങ്ങനെ എന്നതിലും, അവര്‍ ആശ്ചര്യപ്പെടുന്നു.

ബൈബിളില്‍ ഈസാ നബി(അ) പഠിപ്പിച്ചത്, ജനങ്ങള്‍ തങ്ങളുടെ ധനം സ്വര്‍ഗത്തിലാണ് ശേഖരിക്കേണ്ടതെന്നും, അവിടെ അത് പ്രാണികള്‍ നശിപ്പിക്കില്ല എന്നും തുരുമ്പ് പിടിക്കുകയോ കള്ളന്മാര്‍ക്ക് എത്തിച്ചേരാന്‍ കഴിയുകയോ ചെയ്യില്ല എന്നുമാണ്. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് ഒരാള്‍ തന്റെ ധനം ദൈവത്തിന്റെ ഖജനാവില്‍ നിക്ഷേപിച്ചാല്‍ അത് മോഷണത്തില്‍ നിന്ന് സുരക്ഷിതമാകുന്നു. എന്ന് മാത്രമല്ല, അത് കുറഞ്ഞത് ഏഴ് മടങ്ങായി തിരികെ നല്കുന്നതാണെന്നും പറയുന്നു. കൂടാതെ, അത് പരമാവധി എത്രമടങ്ങു വര്‍ദ്ധിക്കുമെന്നതിന് പരിധിയുമില്ല. അതുപോലെ, ആ ധനം നശിപ്പിക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും പ്രാണികളില്‍ നിന്ന് സംരക്ഷിക്കപ്പെടുക മാത്രമല്ല ചെയ്യുക, അത് ഏഴ് മടങ്ങായി തിരികെ ലഭിക്കുകയും ചെയ്യും. അല്ലാഹുവിന് തന്റെ ദാസന്മാരില്‍ നിന്ന് ഒരു സഹായവും ആവശ്യമില്ല. എന്നാല്‍ തന്റെ ദാസന്മാര്‍ക്ക് സേവനം ചെയ്യാന്‍ അവസരങ്ങള്‍ നല്കുന്നത് അവന്റെ ഔദാര്യമാണ്. അങ്ങനെ അവന്‍ അവരുടെ പദവി ഉയര്‍ത്തുകയും അവര്‍ക്ക് പലമടങ്ങ് പ്രതിഫലം നല്കുകയും ചെയ്യും. കൂടാതെ ഈ ലോകത്ത് ഒരാളുടെ ധനം ഏഴ് മടങ്ങായി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പരലോകത്തും ഇതേ രീതിയില്‍ പ്രതിഫലങ്ങള്‍ നല്കുന്നു. പ്രവാചകന്മാര്‍ സാമ്പത്തിക ത്യാഗങ്ങള്‍ക്കായി അഭ്യര്‍ഥിച്ചപ്പോഴെല്ലാം, അത് അവര്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം ജനങ്ങള്‍ക്കു വേണ്ടി തന്നെ അവര്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നേടുന്നതിനായിരുന്നു.

ഒന്നാം ഖലീഫ(റ) റാബിഅ ബസ്‌രിയെക്കുറിച്ചുള്ള ഒരു കഥ വിവരിക്കുന്നു: ഒരിക്കല്‍, കുറച്ച് അതിഥികള്‍ അവരുടെ വീട്ടില്‍ വന്നു, രണ്ടു റൊട്ടികള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അത് ദാനധര്‍മമായി നല്കാന്‍ അവര്‍ തന്റെ ഭൃത്യയോട് പറഞ്ഞു. ഭൃത്യ ആശയക്കുഴപ്പത്തിലായി, വീട്ടില്‍ അതിഥികള്‍ ഉള്ളപ്പോള്‍ ആകെയുള്ള ഭക്ഷണവും എന്തിനാണ് ദാനം ചെയ്യുന്നത് എന്ന് ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍, ഒരു സ്ത്രീ വാതില്‍ക്കല്‍ വന്നുകൊണ്ട് അയല്‍പക്കത്തെ ഒരു ധനിക അവര്‍ക്ക് റൊട്ടികള്‍ കൊടുത്തയച്ചതായി അറിയിച്ചു. റാബിഅ ബസ്‌രി എണ്ണി നോക്കിയപ്പോള്‍ അത് 18 എണ്ണമുണ്ടായിരുന്നു. അവര്‍ക്ക് അല്ലാഹുവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു, താന്‍ ദാനം ചെയ്തത് പത്ത് മടങ്ങായെങ്കിലും അവന്‍ തിരികെ നല്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്, ഈ റൊട്ടി തനിക്കുള്ളതല്ല എന്ന് അവര്‍ പറഞ്ഞു. ജോലിക്കാരി നിര്‍ബന്ധിച്ചിട്ടും അവര്‍ അത് സ്വീകരിച്ചില്ല. റാബിഅ ബസ്‌രിക്ക് കൊണ്ടുവന്ന പൊതി യഥാര്‍ഥത്തില്‍ അവരുടേതായിരുന്നില്ല എന്ന് പിന്നീട് മനസ്സിലായി. കാരണം ആ ധനിക അവര്‍ക്കായി മറ്റൊരു ഭക്ഷണപ്പൊതി തയ്യാറാക്കിയിരുന്നു. ആ പൊതിയില്‍ ഇരുപത് റൊട്ടികള്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ദൈവം അവരുടെ വിശ്വാസം പൂര്‍ത്തിയാക്കുകയും ചെയ്തു.

അതുകൊണ്ട്, ഒരാള്‍ ഒന്നാമതായി അല്ലാഹുവിന്റെ പ്രീതി നേടുന്നതിനായി അവന്റെ മാര്‍ഗത്തില്‍ നല്കണം. അതിന്റെ ഫലമായി ദൈവം അവരെയും അവരുടെ ധനത്തെയും അളവില്ലാത്ത വിധത്തില്‍ അനുഗ്രഹിക്കുകയും അവര്‍ ത്യാഗം ചെയ്തതിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ നബിതിരുമേനി(സ) പറഞ്ഞു, ദൈവം എല്ലാ ഉദാരമതികളിലും വച്ച് ഏറ്റവുമധികം ഉദാരനാണ്. മനുഷ്യരില്‍ ഏറ്റവും ഉദാരമതി ഞാന്‍ ആണ്. എന്നിട്ട് നബിതിരുമേനി(സ) നമസ്‌കരിക്കാനും നോമ്പ് അനുഷ്ഠിക്കാനും സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യാനും ഉപദേശിച്ചു. മറ്റൊരവസരത്തില്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന ഏത് ധനവും എഴുനൂറ് മടങ്ങായി വര്‍ദ്ധിപ്പിക്കുമെന്ന് നബിതിരുമേനി(സ) പറഞ്ഞു. അതുപോലെ, സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യുന്നതിനൊപ്പം തങ്ങളുടെ ആരാധനയും വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാനമാണെന്ന് നബിതിരുമേനി(സ) പഠിപ്പിച്ചു. ഒരിക്കല്‍ അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു, ഏറ്റവും വലിയ ദാനം എന്നത്, ഒരാള്‍ക്ക് ധനം ആവശ്യമായിരിക്കുമ്പോഴും, ധനം ആഗ്രഹിക്കുമ്പോഴും, ദാരിദ്ര്യത്തെ ഭയപ്പെടുമ്പോഴും, ക്ഷേമം ആഗ്രഹിക്കുമ്പോഴും ചെയ്യുന്നതാണ്. ആ സമയത്ത് ചെയ്യുന്ന സാമ്പത്തിക ത്യാഗങ്ങളാണ് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളത്. അത് ചെയ്താല്‍ അല്ലാഹു അതിനെ ഇഹലോകത്തും പരലോകത്തും വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുമ്പോള്‍ പിശുക്ക് കാണിക്കരുത്. അങ്ങനെയെങ്കില്‍ അവന്‍ നിങ്ങളോടു തിരിച്ചും അതുപോലെ ചെയ്യുമെന്ന് നബിതിരുമേനി(സ) കൂട്ടിച്ചേര്‍ത്തു.

വാഗ്ദത്ത മസീഹ്(അ) ന്റെ കാലത്ത് ഹദ്‌റത്ത് മൗലവി ഹക്കീം നൂറുദ്ദീന്‍(റ) അല്ലാഹുവിന്റെ മാര്‍ഗത്തിലും മതത്തിന്റെ സേവനത്തിനും വേണ്ടി ചെലവഴിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. തനിക്കുള്ള എല്ലാ സമ്പത്തും തന്റേതല്ലെന്നും അത് വാഗ്ദത്ത മസീഹ് (അ)നു വേണ്ടി സമര്‍പ്പിച്ചതാണെന്നും അദ്ദേഹം വാഗ്ദത്ത മസീഹ്(അ) നോട് പറഞ്ഞു. ഹദ്‌റത്ത് അബൂബക്കര്‍(റ) മഹത്തായ ത്യാഗങ്ങള്‍ ചെയ്തതുപോലെ ഈ കാലഘട്ടത്തിലും അത്തരം ഉദാഹരണം കാഴച്ച വച്ചു.

അഹ്‌മദികളുടെ മഹത്തായ ത്യാഗങ്ങളുടെ ഉദാഹരണങ്ങള്‍

ഈ കാലഘട്ടത്തിലെ സാമ്പത്തിക ത്യാഗങ്ങളുടെ ചില ഉദാഹരണങ്ങള്‍ അവതരിപ്പിക്കാം എന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു.

അല്‍ബേനിയയില്‍ നിന്നുള്ള ബിലാല്‍ യൂസുഫ് സാഹിബ് ഒരു സാധാരണക്കാരനും സാമ്പത്തികശേഷി കുറഞ്ഞ വ്യക്തിയുമാണ്. അവിടെ ജല്‍സ സാലാന (വാര്‍ഷിക സമ്മേളനം) നടന്നപ്പോള്‍, അദ്ദേഹം ഒരു ആഴ്ച മുഴുവന്‍ സന്നദ്ധ സേവനങ്ങള്‍ ചെയ്തു. അദ്ദേഹം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സേവനമനുഷ്ഠിക്കുകയും 4 മണിക്ക് ശേഷം തന്റെ ജോലിക്ക് പോകുകയും ചെയ്തു. ഒരു ദിവസം അദ്ദേഹം 75 യൂറോ കൊണ്ടു വന്ന് തഹ്‌രീകെ ജദീദിന് വേണ്ടി സമര്‍പ്പിച്ചു. തഹ്‌രീകെ ജദീദിനായി താന്‍ ഈ പണം സ്വരൂപിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം കവറില്‍ അല്‍ബേനിയന്‍ ഭാഷയില്‍ ഇങ്ങനെ എഴുതി, ‘ഞാന്‍ ഇത് ജമാഅത്തിന്റെ സേവനത്തിനായി പൂര്‍ണ മനസ്സോടെ സമര്‍പ്പിക്കുന്നു.’ ഈ തുക ചെറുതായി തോന്നാമെങ്കിലും, ഇത് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 15% ആയിരുന്നു, കൂടാതെ സ്വന്തം വീടിന്റെ വാടക കൊടുക്കേണ്ടതായി വന്നിട്ടും അദ്ദേഹം ഇത് അര്‍പ്പണം ചെയ്തു. നിങ്ങള്‍ 75 യൂറോ കൊണ്ട് ഇസ്ലാം പ്രചരിപ്പിക്കുന്നതിനെ സംബന്ധിച്ച് സംസാരിക്കുന്നുവെന്ന് എതിരാളികള്‍ പരിഹസിച്ചേക്കാം. അതേസമയം ഇസ്ലാമിന്റെ എതിരാളികള്‍ക്ക് ബില്യണ്‍ കണക്കിന് പണം ചെലവഴിക്കാന്‍ ഉണ്ടെന്നും പറഞ്ഞേക്കാം. എങ്കിലും ഇത്തരം ത്യാഗങ്ങള്‍ക്കാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുന്നത് . അങ്ങനെയാണ് ജമാഅത്ത് അല്‍ബേനിയയില്‍ ഒരു മിഷന്‍ സ്ഥാപിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം.

ഒരു ഇന്തോനേഷ്യന്‍ അഹ്‌മദി എഴുതുന്നു, ഒരു സ്ത്രീ അദ്ദേഹത്തിന്റെ വീട്ടില്‍ കുറച്ച് വിറകുമായി വന്നു. അത് വാങ്ങാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന് വിറക് ആവശ്യമുണ്ടായിരുന്നില്ല, കാരണം അദ്ദേഹത്തിന്റെ പക്കല്‍ മുമ്പേ ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നു. വിദൂര പ്രദേശങ്ങളില്‍, ആളുകള്‍ സാധാരണയായി ഇന്ധനമായി വിറകു സംഭരിക്കാറുണ്ട്. കാരണം അവിടെ ഗ്യാസ് സുലഭമല്ല. എങ്കിലും ആ വൃദ്ധയായ സ്ത്രീയോട് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും സഹതാപം തോന്നുകയും അവര്‍ അവരില്‍ നിന്ന് വിറകുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അവര്‍ക്ക് പണം നല്കിയപ്പോള്‍, ആ സ്ത്രീ അവരോട് പറഞ്ഞു, ആ പണം തനിക്ക് ലഭിക്കാനായിരുന്നില്ല, മറിച്ച് തഹ്‌രീകെ ജദീദിനായി സംഭാവന നല്കാന്‍ വേണ്ടിയാണ് വിറകുകള്‍ വിറ്റത്. അത് അവര്‍ അപ്പോള്‍ തന്നെ തഹ്‌രീകെ ജദീദില്‍ നല്കുകയും ചെയ്തു. അതില്‍ നിന്ന് ഒരു രൂപ പോലും സ്വന്തമായി വച്ചില്ല.

കെനിയയിലെ ഒരു അഹ്‌മദി വനിത തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരുകയും ഡോക്ടര്‍ വളരെയധികം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അവര്‍ തന്റെ ഭീതി ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് അവരോട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാനും തഹ്‌രീകെ ജദീദിനായി ഒരു തുക സമര്‍പ്പിക്കാനും പറഞ്ഞു. അല്ലാഹു അവരുടെ ആശങ്കകള്‍ നീക്കുമെന്ന് പൂര്‍ണമായി വിശ്വസിച്ചുകൊണ്ട് അവര്‍ അങ്ങനെ തന്നെ ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അവര്‍ വാഗ്ദത്ത മസീഹ് (അ) നെ സ്വപ്നത്തില്‍ കണ്ടു, അദ്ദേഹം അവളോട് വിഷമിക്കേണ്ടതില്ലെന്നും അവരുടെ കുഞ്ഞ് ഒരു സങ്കീര്‍ണ്ണതയുമില്ലാതെ ജനിക്കുമെന്നും അവരുടെ ഒരു വശത്ത് കൂടെയാണ് ജനിക്കുക എന്നും പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ സ്ത്രീയുടെ ഒരു വശത്ത് നടത്തിയ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ആരോഗ്യത്തോടെ ജനിച്ചു. ഇത് താന്‍ ചെയ്ത സാമ്പത്തിക ത്യാഗത്തിന്റെ അനുഗ്രഹങ്ങള്‍ കാരണമാണെന്ന് അവര്‍ പറയുന്നു.

മാലിയിലെ മൂസാ സാഹിബ് എന്ന ഒരു പുതിയ അഹ്‌മദി, ഒരു ദശലക്ഷം ഫ്രാങ്ക്‌സുമായി മിഷനറിയുടെ അടുത്ത് വന്നു കൊണ്ട്  തഹ്‌രീകെ ജദീദ് ഉള്‍പ്പെടെ വിവിധ ഫണ്ടുകളില്‍ സാമ്പത്തിക സംഭാവനയായി സമര്‍പ്പിച്ചു. വിവിധ ഭൗതിക പദ്ധതികള്‍ക്ക് വേണ്ടി താന്‍ സ്വരൂപിച്ചുകൊണ്ടിരുന്ന ഒരു വലിയ തുകയായിരുന്നു ഇതെന്നും തന്റെ പ്രാര്‍ഥനകളും ലൗകികതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയിരിക്കെ തലേദിവസം രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. അതില്‍ ശുഭ്രവസ്ത്ര ധാരികളായ മൂന്നു പേര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു കൊണ്ട്, ‘താങ്കള്‍ ഒരു അഹ്‌മദി ആയിരിക്കെ, എന്തുകൊണ്ടാണ് മുഴുവന്‍ ശ്രദ്ധയും ലൗകിക കാര്യങ്ങളില്‍ പതിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ചു. പരലോക ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലതെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നാല് ദശലക്ഷം ഫ്രാങ്ക്‌സ് ഉണ്ടെന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു. അതില്‍ വസിയ്യത്തിന് നല്‌കേണ്ട ബാക്കി തുകയും ഉണ്ടെന്ന് പറഞ്ഞു. അടുത്ത ദിവസം, താന്‍ ഈ ധനം ലൗകിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കൂടാതെ സ്വരൂപിച്ച മുഴുവന്‍ ധനവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചു. ഇങ്ങനെയാണ് പുതിയ അഹ്‌മദികള്‍ക്ക് പോലും വഴി കാണിക്കപ്പെടുന്നത്. വാഗ്ദത്ത മസീഹ് (അ) കള്ള വാദിയാണെന്ന് (നഊദുബില്ലാഹ്) എതിരാളികള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന ഇങ്ങനെയുള്ള ആളുകള്‍ക്ക് വാഗ്ദത്ത മസീഹ്(അ) നെ സ്വീകരിച്ച ശേഷം എങ്ങനെയാണ് ഇത്രയും ദൃഢമായ വിശ്വാസം ലഭിക്കുന്നത്? അവര്‍ നേരിട്ട് ദൈവത്താല്‍ നയിക്കപ്പെടുന്നതെങ്ങനെ?

(ഖലീഫ തിരുമനസ്സ് അവതരിപ്പിച്ച സംഭവങ്ങളില്‍ ചിലത് മാത്രമാണ് ഇവ.)

തഹ്‌രീകെ ജദീദിന്റെ കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടും 92-ാം വര്‍ഷ പ്രഖ്യാപനവും

തഹ്‌രീകെ ജദീദിന്റെ 91-ാം വര്‍ഷം അവസാനിച്ചിരിക്കുന്നു. ഇന്ന് തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷം ആരംഭിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. ഈ വര്‍ഷം, 19.55 മില്യണ്‍ പൗണ്ട് സമാഹരിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 മില്യണ്‍ പൗണ്ട് അധികമാണ്.

മൊത്തം വരുമാനത്തില്‍ ജര്‍മനി ആണ് ഒന്നാം സ്ഥാനത്ത്. അതിനുശേഷം യു.കെ.യാണ്. അവര്‍ അസാധാരണമായ പുരോഗതി നേടുകയും ജര്‍മനിക്ക് വളരെ അടുത്തായി എത്തിനില്ക്കുകയും ചെയ്യുന്നു. ഈ പുരോഗതി അവര്‍ നിലനിര്‍ത്തിയാല്‍, ഒരുപക്ഷേ അടുത്ത വര്‍ഷം അവര്‍ ജര്‍മനിയെ മറികടന്നേക്കാം. യു.എസ്.എ.യും അസാധാരണമായ പുരോഗതി നേടിയിട്ടുണ്ട്. കാനഡയും മുന്‍ വര്‍ഷത്തേക്കാള്‍ തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശേഷം ഇന്ത്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ഘാന എന്നിവയെല്ലാം അസാധാരണമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മൊറീഷ്യസിന്റെയും ഹോളണ്ടിന്റെയും ശ്രമങ്ങളും ശ്രദ്ധേയമാണ്. അതുപോലെ, സ്വീഡന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഹോളണ്ട്, കബാബീര്‍, ബംഗ്ലാദേശ്, ബുര്‍ക്കിനാ ഫാസോ, ന്യൂസിലാന്‍ഡ്, സിയറ ലിയോണ്‍, ബെനിന്‍, മാലി, നൈജര്‍, തുര്‍ക്കി, ജോര്‍ജിയ, ഓസ്‌ട്രേലിയ എന്നിവയെല്ലാം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഖലീഫാ തിരുമനസ്സ് അവതരിപ്പിച്ചു.

വാഗ്ദത്ത മസീഹ് (അ) ന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. ലോകമെമ്പാടുമുള്ള ഈ സാമ്പത്തിക ത്യാഗങ്ങളിലൂടെയാണ് ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അല്ലാഹു നമുക്ക് അവസരങ്ങള്‍ നല്കുന്നത്. അല്ലാഹു എല്ലാ ത്യാഗങ്ങളെയും സ്വീകരിക്കട്ടെ. അവരുടെ ധനത്തിലും ജീവിതത്തിലും അനുഗ്രഹങ്ങള്‍ ചൊരിയട്ടെ. കൂടാതെ നമ്മുടെ ശ്രമങ്ങള്‍ക്ക് അവന്‍ അളവില്ലാത്ത അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും മികച്ച ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യട്ടെ. ലോകത്ത് ദൈവത്തിന്റെ ഏകത്വം വേഗത്തില്‍ സ്ഥാപിക്കപ്പെടുന്നതും നബിതിരുമേനി(സ) യുടെ വെന്നിക്കൊടി പാറിപ്പറക്കുന്നതും നമുക്ക് കാണാന്‍ കഴിയട്ടെ..

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed