അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 29 ഓഗസ്റ്റ് 2025ന്
മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ് തഅവ്വുദ് സൂറഃ ഫാത്തിഹ എന്നിവ പാരയണം ചെയ്ത ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹു) ഹുനൈന്‍ യുദ്ധനീക്കത്തെ കുറിച്ചുള്ള വിവരണം തുടരുന്നതാണെന്ന് പ്രസ്താവിക്കുകയുണ്ടായി.
ഒരു സ്വപ്‌ന സാക്ഷാത്കാരം
മക്കയില്‍ നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍, നബി തിരുമേനി ﷺ തന്റെ പ്രതിനിധിയായി ഹദ്‌റത്ത് ഉതാബ് ബിന്‍ ആസിബിനെ (റ) മക്കയുടെ അമീറായി നിയമിച്ചു. മക്കയുടെ ആദ്യത്തെഅമീറായി നബി തിരുമേനി ﷺ നിയമിച്ചത് അദ്ദേഹത്തെയായിരുന്നു. ഹദ്‌റത്ത് ഉതാബ് (റ) ഇസ്ലാമിന്റെ കടുത്ത വിരോധിയായിരുന്നു. മക്കാ വിജയ ദിനത്തില്‍ ഹദ്‌റത്ത് ബിലാല്‍ (റ) ബാങ്ക് വിളിച്ചപ്പോള്‍ തന്റെ പിതാവ് ഈ ബാങ്ക് വിളി കേള്‍ക്കേണ്ടി വരുന്നതിന് മുമ്പ് മരിച്ചു പോയതില്‍ താന്‍ സന്തോഷിക്കുന്നു എന്ന് ഉതാബ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മക്കാ വിജയ വേളയില്‍ ഉതാബ് ഇസ്ലാം സ്വീകരിച്ചു. ഹദ്‌റത്ത് ഉതാബിന്റെ പിതാവ് ഇസ്ലാം സ്വീകരിച്ച് മക്കയുടെ ഗവര്‍ണറായതായി നബി തിരുമേനി ﷺ ഒരു സ്വപ്നം കണ്ടിരുന്നു. അദ്ദേഹത്തിന്റെ മകനായ ഉതാബ് (റ) ഇസ്ലാം സ്വീകരിച്ചതിലൂടെ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. മറ്റൊരു വിവരണത്തില്‍, ഹദ്‌റത്ത് ഉതാബ് (റ) സ്വര്‍ഗകവാടങ്ങളില്‍ മുട്ടുന്നതായി നബി തിരുമേനി ﷺ കണ്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മക്കയുടെ ഭരണാധികാരിയായി നിയമിച്ചപ്പോള്‍, മക്കയിലെ ജനങ്ങളോട് ദയാപൂര്‍വം പെരുമാറണമെന്ന് നബി തിരുമേനി ﷺ ഹദ്‌റത്ത് ഉതാബിനെ ഉപദേശിക്കുകയുണ്ടായി. നബി തിരുമേനി ﷺ യുടെ വിയോഗം വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. ഹദ്‌റത്ത് അബൂബക്കറിന്റെ(റ) ഖിലാഫത്ത് കാലത്തും അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നിരുന്നുവെന്ന് ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്.
ഹുനൈന്‍ യുദ്ധത്തിനുള്ള പുറപ്പാട്
ഹിജ്‌റ വര്‍ഷം 6 ശവ്വാല്‍ മാസം 6-ന് ശനിയാഴ്ച ഹുനൈനിലേക്ക് നബി തിരുമേനി ﷺ യാത്ര പുറപ്പെടുകയും ശവ്വാല്‍ 10-ന് ഹുനൈനിലെത്തുകയും ചെയ്തു. ഹദ്‌റത്ത് ഉമ്മു സലമയും (റ) ഹദ്‌റത്ത് സൈനബും (റ) ഈ യാത്രയില്‍ നബി തിരുമേനി ﷺ യെ അനുഗമിച്ചിരുന്നു. അതുവരെ നടന്ന യുദ്ധങ്ങളില്‍ വച്ച് ഏറ്റവും വലിയതും മികച്ച രീതിയില്‍ സജ്ജീകരിക്കപ്പെട്ടതുമായ മുസ്ലീം സൈന്യമായിരുന്നു ഇതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നബി തിരുമേനി (സ) 12000 മുസ്ലീങ്ങളോടൊപ്പമാണ് പുറപ്പെട്ടത്. മദീനയില്‍ നിന്നുള്ള 10,000 സ്വഹാബികളും മക്കയില്‍ നിന്ന് പുതുതായി ഇസ്ലാം സ്വീകരിച്ച 2,000 പേരും അതിലുണ്ടായിരുന്നു.
ഹുനൈനിലേക്കുള്ള വഴിമധ്യേ ദാത്ത് അന്‍വാത് എന്ന വലിയ ഇലന്ത വൃക്ഷമുണ്ടായിരുന്നു, അതിനെ വിഗ്രഹാരാധകര്‍ വളരെയധികം ആദരച്ചിരുന്നു. യാത്രാസംഘം ആ മരത്തിനരികിലൂടെ കടന്നുപോയപ്പോള്‍ മക്കയിലെ ചിലര്‍ നവമുസ്‌ലീങ്ങള്‍ തങ്ങള്‍ക്കും അതുപോലൊരു മരം നിശ്ചയിച്ച് തരണമെന്ന് നബി തിരുമേനി ﷺ യോട് ആവശ്യപ്പെട്ടു. ഇത് കേട്ടപ്പോള്‍ നബി തിരുമേനി ﷺ ഇങ്ങനെ പ്രതികരിച്ചു: മൂസാ നബിയുടെ (അ) ആളുകള്‍ അദ്ദേഹത്തോട് പറഞ്ഞതു തന്നെയാണ് നിങ്ങളും പറഞ്ഞിരിക്കുന്നത്:
അവര്‍ പറഞ്ഞു: മൂസാ, ഇവരുടെ ആരാധ്യനെപ്പോലെത്തന്നെയുള്ള ആരാധ്യനെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തന്നാലും. അദ്ദേഹം മറുപടി പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരംകെട്ട ഒരു ജനതയാകുന്നു. (7:139)
അവര്‍ ഇതേ ചിന്താഗതി നിലനിര്‍ത്തുകയാണെങ്കില്‍ അവര്‍ക്ക് ആ ജനതയുടെ അതേ വിധി തന്നെയായിരിക്കും ഉണ്ടാകുക എന്ന് നബി തിരുമേനി ﷺ പറഞ്ഞു.
മുസ്ലീങ്ങളല്ലാത്ത ചില മക്കക്കാരും സൈന്യത്തെ അനുഗമിച്ചിരുന്നുവെന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു. വാസ്തവത്തില്‍, ചില സ്ത്രീകള്‍ പോലും യുദ്ധത്തിന്റെ ഫലം കാണാനുള്ള ആകാംഷയോടെ സൈന്യത്തോടൊപ്പം പോയിരുന്നു, മുസ്ലീങ്ങള്‍ വിജയിച്ചാല്‍ യുദ്ധമുതല്‍ ലഭിക്കുമെന്ന് അവര്‍ കരുതി. 80 വിഗ്രഹാരാധകര്‍ മുസ്ലീം സൈന്യത്തെ അനുഗമിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നബി തിരുമേനി ﷺ ഇവരുടെ സഹായം തേടിയില്ല. കാരണം മുസ്ലീം സൈന്യത്തില്‍ വിഗ്രഹാരാധകരെ ഉള്‍പ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നില്ല, മുമ്പുണ്ടായ യുദ്ധങ്ങളില്‍ മുസ്ലീങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നപ്പോള്‍ പോലും. ഈ സംഭവത്തില്‍, അവര്‍ യുദ്ധമുതല്‍ നേടാനുള്ള ആഗ്രഹത്താല്‍, കാണികളായി മാത്രം മുസ്ലീം സൈന്യത്തെ പിന്തുടരുകയായിരുന്നു.
യാത്രാമധ്യേ ആരുടെയെങ്കിലും പരിചയോ മറ്റോ നിലത്തുവീഴുമ്പോള്‍ ഹദ്‌റത്ത് സുഫ്‌യാന്‍ ബിന്‍ ഹര്‍ബ് (റ) എടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഒട്ടകം മറ്റുള്ളവരുടെ ആയുധങ്ങങ്ങള്‍ നിറച്ച് ഭാരമുള്ളതായി. മുന്നോട്ട് പോയ സൈന്യത്തിലെ ഒരാള്‍ തിരികെ വന്ന് നബിതിരുമേനി ﷺ യോട് താന്‍ കയറിയ ഒരു മലയില്‍ നിന്ന് ഹവാസിന്‍ സൈന്യത്തെ കണ്ടുവെന്നും അവരുടെ സൈന്യം തങ്ങളുടെ സ്ത്രീകളെയും വളര്‍ത്തുമൃഗങ്ങളെയും കൂടെ കൂട്ടിയിട്ടുണ്ടെന്നും പറഞ്ഞു. ഈ വാര്‍ത്ത കേട്ട് നബി തിരുമേനി ﷺ പുഞ്ചിരിച്ച് പറഞ്ഞു, ഇതെല്ലാം നാളെ യുദ്ധമുതലിന്റെ ഭാഗമാകും.
അടുത്ത ദിവസം രാവിലെ പ്രഭാത നമസ്‌കാരത്തിനുശേഷം നബി തിരുമേനി ﷺ മുസ്ലീങ്ങളോട് പറഞ്ഞു. സന്തോഷിച്ചുകൊള്ളുക, രാത്രി മുഴുവന്‍ കാവല്‍ നില്‍ക്കാന്‍ നിയമിക്കപ്പെട്ട വ്യക്തി തിരികെ വരുന്നുണ്ട്. രാത്രിയില്‍ അദ്ദേഹം തന്റെ സ്ഥാനം വിട്ടുപോയോ എന്ന് നബി തിരുമേനി ﷺ ചോദിച്ചു. നമസ്‌കാരത്തിനായോ മലമൂത്രവിസര്‍ജനത്തിനായോ അല്ലാതെ താന്‍ അവിടെ നിന്ന് മാറിയിട്ടില്ല എന്ന് അദ്ദേഹം മറുപടി നല്കി. അതുകേട്ട് നബി തിരുമേനി ﷺ അദ്ദേഹത്തിന് സ്വര്‍ഗത്തിന്റെ സുവാര്‍ത്ത നല്കി.
ഹുനൈനിലേക്കുള്ള ആഗമനം
ശവ്വാല്‍ 10-ന് നബി തിരുമേനി ﷺ ഹുനൈനില്‍ എത്തി എന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു. ഹവാസിന്‍ സൈന്യം മുസ്ലീം സൈന്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ചാരന്മാരെ അയച്ചു. ചാരന്മാര്‍ തങ്ങളുടെ സൈന്യത്തിലേക്ക് ഞെട്ടലോടെ ആയിരുന്നു തിരികെ പോയത്. വെളുത്ത നിറമുള്ള ആളുകള്‍ തങ്ങളുടെ കുതിരകളില്‍ സഞ്ചരിക്കുന്നത് കണ്ടു എന്ന് അവര്‍ പറഞ്ഞു. ഒരു യുദ്ധം ഉണ്ടായാല്‍ തങ്ങള്‍ക്ക് അവരോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഭൂമിയിലുള്ളവരോട് പോരാടാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ആകാശത്തുള്ളവരോട് എങ്ങനെ പോരാടും എന്നും അവര്‍ പറഞ്ഞു. അവര്‍ ഏതുതരത്തിലുള്ള യുദ്ധവും ഒഴിവാക്കാന്‍ ഉപദേശിച്ചു. എന്നിരുന്നാലും സൈന്യത്തിന്റെ നേതാക്കള്‍ ബാക്കിയുള്ള സൈന്യത്തെ ഭയപ്പെടുത്താതിരിക്കാന്‍ ഈ വാര്‍ത്ത അടിച്ചമര്‍ത്തി. ഹവാസിന്‍ സൈന്യം അവരുടെ ഏറ്റവും ധീരനായ ഒരാളെ മുസ്ലീം സൈന്യത്തെക്കുറിച്ച് അറിയാനായി അയച്ചു. അയാള്‍ തിരികെ വന്ന് തനിക്ക് നോക്കാന്‍ പോലും കഴിയാത്ത വെളുത്ത നിറമുള്ള ആളുകള്‍ കുതിരകളില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്ന് പറഞ്ഞു. ഈ സൈന്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു, എന്നിരുന്നാലും മാലിക് ബിന്‍ ഔഫ് അത് കാര്യമാക്കിയില്ല. അവര്‍ കണ്ടത് മലക്കുകളെയാണെന്നും അല്ലെങ്കില്‍ മുസ്ലീം സൈന്യത്തിന്റെ ഭയം അവരുടെ ഹൃദയങ്ങളില്‍ ദൈവം ഉണ്ടാക്കിയതാകാമെന്നും വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ശത്രുസൈന്യത്തില്‍ 30,000 പേരുണ്ടായിരുന്നു എന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു. ചില വിവരണങ്ങള്‍ 20,000 എന്നും ചിലത് 4,000 എന്നും രേഖപ്പെടുത്തുന്നു. ഇതിനുള്ള വിശദീകരണം, സൈന്യത്തിലെ യഥാര്‍ഥ സൈനികരുടെ എണ്ണം 20,000 ആയിരുന്നു എന്നും, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമ്പോള്‍ അത് 30,000 ആകുന്നു എന്നുമാണ്. മുസ്ലീങ്ങള്‍ക്കെതിരെ മിന്നലാക്രമണം നടത്താന്‍ വേണ്ടി മാലിക് ബിന്‍ ഔഫ് താഴ്വരകളില്‍ ഒളിപ്പിച്ച അമ്പെയ്ത്തുകാരുടെ ഒരു സംഘവും ഉണ്ടായിരുന്നു.ആ സംഘത്തില്‍ 4,000 പേരുണ്ടായിരുന്നു. കുതിരപ്പടയാളികള്‍ ആദ്യ നിരയിലും, പിന്നില്‍ കാലാള്‍പ്പടയും, അതിനുപിന്നില്‍ ഒട്ടകപ്പുറത്തുള്ള സ്ത്രീകളും കുട്ടികളും, അവര്‍ക്ക് പിന്നില്‍ അവരുടെ സ്വത്തും കന്നുകാലികളും എന്നിങ്ങനെയായിരുന്നു എതിര്‍സൈന്യത്തിന്റെ ക്രമീകരണം.
നബി തിരുമേനി ﷺ ഖാലിദ് ബിന്‍ വലീദിനെ (റ) സൈന്യത്തിന് മുന്നില്‍ പോകുന്ന ഒരു സംഘത്തിന്റെ കമാന്‍ഡറായി നിയമിച്ചു. തുടര്‍ന്ന്, നബി തിരുമേനി ﷺ സൈന്യത്തെ വലത് ഭാഗം, ഇടത് ഭാഗം, മധ്യഭാഗം എന്നിങ്ങനെ ക്രമീകരിച്ചു. നബി തിരുമേനി ﷺ മധ്യത്തിലായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പതാകകളും 20-ല്‍ അധികം ചെറിയ പതാകകളും വിതരണം ചെയ്തു.
ഹുനൈന്‍ യുദ്ധ ദിവസം ഒരു മുസ്ലീം തങ്ങളുടെ അംഗബലം കാരണം തങ്ങള്‍ പരാജയപ്പെടില്ല എന്ന് പറഞ്ഞു. നബി തിരുമേനി ﷺ യക്ക് ഈ പ്രസ്താവന രസിച്ചില്ല. വിശുദ്ധ ഖുര്‍ആനും ഈ പ്രസ്താവനയോടുള്ള അനിഷ്ടം രേഖപ്പെടുത്തുന്നു:
നിങ്ങളുടെ ആധിക്യം നിങ്ങളെ അഹങ്കാരത്തിലാക്കിയപ്പോള്‍ (9:25)
ഹുനൈന്‍ യുദ്ധത്തിന്റെ ഘട്ടങ്ങള്‍
ആദ്യം മുസ്ലീങ്ങള്‍ യുദ്ധത്തില്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ശത്രു ശക്തമായ ആക്രമണം നടത്തുകയും അത് ആശയക്കുഴപ്പത്തിനും താല്‍ക്കാലിക പരാജയത്തിനും കാരണമാവകുകയും ചെയ്തു, എന്നിരുന്നാലും അവസാനം മുസ്ലീങ്ങള്‍ വിജയികളായി എന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു. ഒളിച്ചിരുന്ന് അമ്പെയ്യുന്നവരാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇത് മുസ്ലീം സൈന്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. നബി തിരുമേനി ﷺ യും ഏതാനും ചില അനുയായികളും മാത്രമാണ് യുദ്ധക്കളത്തില്‍ ഒറ്റപ്പെട്ടു നിന്നത്. എന്നിരുന്നാലും നബി തിരുമേനി ﷺ അവരെ തിരികെ വിളിച്ചു, അത് മുസ്ലീങ്ങളുടെ ശക്തമായ ഒരു ആക്രമണത്തിന് കാരണമായി, ഒടുവില്‍ അത് വിജയത്തില്‍ കലാശിച്ചു. ബുഖാരിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, ബറാ ബിന്‍ ആസിബ് (റ) പറയുന്നു: ഞങ്ങള്‍ ബനൂ ഹവാസിനെ ആക്രമിച്ചു. അവര്‍ ഓടിപ്പോയി. മുസ്ലീങ്ങള്‍ യുദ്ധമുതല്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിശ്വാസികള്‍ ഞങ്ങളെ അമ്പുകള്‍കൊണ്ട് നേരിട്ടു. അത് നിസ്സഹായരായ സൈനികരെ ജീവരക്ഷാര്‍ത്ഥം ഓടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഓടിപ്പോയില്ല. തീര്‍ച്ചയായും, ഞാന്‍ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വെളുത്ത കോവര്‍കഴുതയില്‍ കണ്ടു. അബൂസുഫ്യാന്‍ അതിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നു. നബി തിരുമേനി ﷺ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു, ”ഞാന്‍ സത്യമായും പ്രവാചകനാണ്, ഞാന്‍ അബ്ദുല്‍ മുത്തലിബിന്റെ മകനാണ്.”’
ഈ വിവരണത്തെ അടിസ്ഥാനമാക്കി യുദ്ധത്തിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു എന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു:
ഒന്നാമത്തെ ഭാഗം: മുസ്ലീങ്ങള്‍ നടത്തിയ ആദ്യ ആക്രമണം ശത്രുസൈന്യത്തിന് പരാജയമുണ്ടാക്കി. ഇത് കണ്ടപ്പോള്‍ ചില മുസ്ലീങ്ങള്‍ യുദ്ധമുതല്‍ ശേഖരിക്കാന്‍ തുടങ്ങി.
രണ്ടാമത്തെ ഭാഗം: ഒളിച്ചിരുന്ന് അമ്പെയ്യുന്നവരുടെ സംഘം മുസ്ലീങ്ങള്‍ക്കെതിരെ ഒരു അപ്രതീക്ഷിത ആക്രമണം നടത്തി. ആത്മരക്ഷാര്‍ഥം നവമുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്ലീങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി. ഇത് മുസ്ലീം സൈന്യം ചിതറാന്‍ കാരണമായി.
മൂന്നാമത്തെ ഭാഗം: മുസ്ലീം സൈന്യം വീണ്ടും സംഘടിച്ച്, ബനൂ ഹവാസിനെതിരെ ഒരു നിര്‍ണായകമായ ആക്രമണം നടത്തി. ഇത് അവര്‍ക്ക് അന്തിമ പ്രഹരമായി.
മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അഖബയില്‍ പ്രതിജ്ഞയെടുത്ത മുസ്ലീങ്ങള്‍ തിരികെ വരാന്‍ ഹദ്‌റത്ത് അബ്ബാസ് (റ) വിളിച്ചുപറയണമെന്ന് നബി തിരുമേനി ﷺ ആവശ്യപ്പെട്ടു. ഈ വിളി കേട്ടപ്പോള്‍ അവര്‍ തിരികെ ഓടിയെത്തുകയും ശത്രുസൈന്യത്തിനെതിരെ ശക്തമായി പോരാടാന്‍ തുടങ്ങുകയും ചെയ്തു. മുസ്ലീം സൈന്യം ചിതറിയ സമയത്ത് നബി തിരുമേനി ﷺ യുടെ ചുറ്റും 4 മുതല്‍ 300 വരെ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ചില വിവരണങ്ങള്‍ രേഖപ്പെടുത്തുന്നു. എല്ലാ മുസ്ലീം സൈനികരും ഓടിപ്പോയില്ല. മറിച്ച് മക്കയില്‍ നിന്ന് അടുത്തിടെ ഇസ്ലാം സ്വീകരിച്ചവരെപ്പോലെ വിശ്വാസത്തില്‍ ഇനിയും ശക്തരാകാത്തവരായിരുന്നു ഓടിപ്പോയത് എന്നും വിവരണങ്ങളുണ്ട്.
ഇതിന്റെ വിശദാംശങ്ങള്‍ തുടരുന്നതായിരിക്കുമെന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു.
ജല്‍സ സാലാന ജര്‍മനിയുടെ ആരംഭം
ജര്‍മനിയിലെ ജല്‍സ സാലാന (വാര്‍ഷിക സമ്മേളനം) ഇന്ന് ആരംഭിക്കുകയാണെന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു. സമ്മേളനത്തിന്റെ ലക്ഷ്യം നേടാന്‍ അല്ലാഹു അവരെ പ്രാപ്തരാക്കട്ടെ എന്ന് എല്ലാ പങ്കെടുത്തവരും ദുആ ചെയ്യണം. അവിടെ സമ്മേളിക്കുന്നത് വെറുമൊരു ഒത്തുചേരലാണെന്ന് കരുതിയായിരിക്കരുത്. മറിച്ച് ഈ ദിവസങ്ങളില്‍ തങ്ങളുടെ ബൗദ്ധികവും, കര്‍മപരവും, ആത്മീയവുമായ അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ അവര്‍ പ്രതിജ്ഞയെടുക്കണം. പങ്കെടുത്തവര്‍ തങ്ങളുടെ സമയം അല്ലാഹുവിന്റെ സ്മരണയിലും പ്രാര്‍ഥനയിലും ചെലവഴിക്കണം, സമൂഹത്തിന്റെ പുരോഗതിക്കും കുഴപ്പക്കാരുടെ തിന്മകളില്‍ നിന്ന് രക്ഷിക്കാനും ദുആ ചെയ്യണം.
പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം
പൊതുവായ നിലയില്‍ ലോകത്ത് ക്രമസമാധാനം നിലലില്‍ക്കാന്‍ ദുആ ചെയ്യണം എന്ന് ഹുസൂര്‍ തിരുമനസ്സ് ആവശ്യപ്പെടുകയുണ്ടായി. ജനങ്ങള്‍ അവരുടെതന്നെ പ്രവൃത്തികള്‍ കാരണമായി നാശത്തിലേക്ക് നീങ്ങുകയാണ്.
ഫലസ്തീനുകാര്‍ക്കുവേണ്ടിയും ദുആ ചെയ്യണം എന്ന് ഹുസൂര്‍ തിരുമനസ്സ് പറഞ്ഞു. ഇസ്രായേല്‍ സര്‍ക്കാര്‍ ക്രൂരതകളും അനീതികളും ചെയ്യുന്നതില്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. അവര്‍ ഫലസ്തീനുകാരെ ഭൂമുഖത്തു നിന്ന് പൂര്‍ണമായി തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലായിങ്ങളിലും കൂട്ടക്കൊലയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ ചില രാഷ്ട്രീയക്കാരും സര്‍ക്കാരുകളും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാനും തയ്യാറല്ല. സമ്പത്തിന്റെയും ശക്തിയുടെയും ലഹരി ഇസ്രായേലിനെയും അമേരിക്കയെയും അവരുടെ സഖ്യകക്ഷികളെയും അഹങ്കാരത്തിന്റെയും ക്രൂരതയുടെയും പാരമ്യതയിലെത്തിച്ചിരിക്കുന്നു. മുസ്ലീം രാജ്യങ്ങളും നിഷ്‌ക്രിയമായിരിക്കുന്നു. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കുറഞ്ഞത് സ്വന്തം അവസ്ഥകളില്‍ മാറ്റം വരുത്തി ദൈവസമക്ഷം കുമ്പിടാനവര്‍ക്കു സാധിക്കുന്നതാണ്. മുസ്ലീങ്ങള്‍ തന്നെയും മുസ്ലീങ്ങള്‍ക്കെതിരെ അനീതികള്‍ ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് അല്ലാഹു അവരെ രക്ഷിക്കട്ടെ.
അനീതികള്‍ക്കെതിരെ സാധ്യമായിടങ്ങളിലൊക്കെ ശബ്ദമുയര്‍ത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത് ഇന്ന് അഹ്‌മദികളുടെ കടമയാണ് എന്ന് ഹുസൂര്‍ തിരുമനസ്സ് പറയുകയുണ്ടായി. അല്ലാഹു അതിന് നമ്മെ പ്രാപ്തരാക്കട്ടെ.
0 Comments