അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 21 നവംബർ
2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ് തഅവ്വുദ് സൂറത്തുൽ ഫാതിഹ എന്നിവ ഓതിയ ശേഷം, ഹദ്റത്ത് മിർസ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു തആലാ ബി നസ്റിഹിൽ അസീസ്) തബൂക്ക് യുദ്ധയാത്രയെ കുറിച്ചുള്ള വിശദാംശങ്ങൾ തുടർന്നും വിവരിക്കുമെന്ന് പറയുന്നു.
ഖലീഫ തിരുമനസ്സ് പറഞ്ഞു: ഈ സന്ദർഭത്തിലും മുനാഫിഖുകൾ (കപടവിശ്വാസികൾ) തിരുനബി(സ)ക്ക് ദോഷം വരുത്താൻ ശ്രമിച്ചു. ജൂതന്മാർ, ക്രിസ്ത്യാനികൾ, കപടവിശ്വാസികള്‍ എന്നിവർ ചേർന്ന് തിരുനബി(സ)യെ വധിക്കാൻ ഒരു സംയുക്ത ശ്രമം അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.
എങ്കിലും, മുസ്‌ലിങ്ങളുടെ പരാജയം ഉറപ്പാണെന്ന് തോന്നിയപ്പോഴെല്ലാം അല്ലാഹു അത്ഭുതകരമായി മുസ്‌ലിങ്ങളെയും തിരുനബി(സ)യെയും സഹായിക്കുകയും നിർണായക വിജയം നൽകുകയും ചെയ്തു. തബൂക്ക് യുദ്ധയാത്രയുടെ കാര്യത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല:
തബൂക്കിലേക്കും തിരിച്ചുമുള്ള യാത്രകൾ കപടവിശ്വാസികളെ പൂർണ്ണമായും അമ്പരപ്പിക്കാൻ പര്യാപ്തമായിരുന്നു. റോമൻ ചക്രവർത്തി ചുമതലപ്പെടുത്തിയ സൈന്യം യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോയത്; അല്ലെങ്കിൽ ഭയം കാരണം അവർ മുസ്‌ലിങ്ങളുമായി മുഖാമുഖം വന്നില്ല എന്ന വസ്തുത; അറേബ്യയുടെ അതിർത്തികളിലുള്ള ഗോത്രങ്ങൾ സമാധാന ഉടമ്പടി തേടി തിരുനബി(സ)യുടെ അടുക്കൽ വന്നത് — ഇവയെല്ലാം മുനാഫിഖുകളുടെ കുതന്ത്രങ്ങളും ഗൂഢാലോചനകളും എങ്ങനെ പരാജയപ്പെട്ടു എന്നും, അല്ലാഹു മുസ്‌ലിങ്ങൾക്ക് എങ്ങനെ അത്ഭുതകരമായ സഹായം നൽകി എന്നതിന്‍റെയും ഉദാഹരണങ്ങളായിരുന്നു.
മുസ്‌ലിങ്ങൾക്ക് ദോഷം വരുത്താനുള്ള കപടവിശ്വാസികളുടെ അവസാന ശ്രമം
മുസ്‌ലിങ്ങൾ മദീനയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിക്കുമ്പോൾ മുനാഫിഖുകൾ (കപടവിശ്വാസികൾ) മുസ്‌ലിങ്ങളെയും തിരുനബി(സ)യെയും പരാജയപ്പെടുത്താൻ ഒരു അവസാന ശ്രമം നടത്തി.
അവർ തിരുനബി(സ)യുടെ ജീവൻ അപഹരിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇത് ചെയ്തത്. മുനാഫിഖുകളുടെ പ്രമുഖ നേതാക്കന്മാർ മുസ്‌ലിം സൈന്യത്തോടൊപ്പം യാത്ര ചെയ്തിരുന്നു, കൂടാതെ അവർ യാത്രയിലുടനീളം തെറ്റായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്രയിൽ അവർ നടത്തിയ ഈ ഗൂഢാലോചന മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്ന്‍ വേണം കരുതാൻ.
മുസ്‌ലിം സൈന്യം മദീനയിലേക്ക് തിരികെ പോകുന്നതിനിടയിൽ, യാത്രയുടെ ഒരു ഘട്ടത്തിൽ ഒരു താഴ്‌വര രണ്ട് വഴികളായി പിരിയുന്ന ഒരിടത്തെത്തി: അതിലൊന്ന് വിശാലമായ സമതലമായിരുന്നു, മറ്റേത് ഒരു ഇടുങ്ങിയ കുറുക്കുവഴിയും. മുസ്‌ലിങ്ങൾ ഈ എളുപ്പവഴി തിരഞ്ഞെടുക്കാൻ ആസൂത്രണം ചെയ്തു; എന്നാൽ, ഇത് ഇടുങ്ങിയ വഴിയായതിനാലും, മലകൾക്കിടയിലൂടെയുള്ള ഈ ഭാഗം ഉയർന്ന പ്രദേശം ആയതിനാലും, ഒരു ചെറിയ സ്ഥലത്ത് ഒരേസമയം ധാരാളം മുസ്‌ലിങ്ങൾ ഒരുമിച്ചുണ്ടാകുമെന്ന് കപടവിശ്വാസികൾ കണക്കുകൂട്ടി.
അവർ രാത്രിയുടെ മറവിൽ ഈ അവസരം മുതലെടുക്കാൻ പദ്ധതിയിട്ടു. അവർ തിരുനബി(സ)യുടെ അടുത്ത് ഒരുമിച്ചുകൂടി, തിരുനബി(സ)യുടെ ഒട്ടകത്തെ പരിഭ്രാന്തയാക്കുകയും കടിഞ്ഞാൺ മുറിക്കുകയും ചെയ്യുക. അങ്ങനെ ആ ഇടുങ്ങിയ പാതയുടെ ഉയർന്ന ഭാഗത്ത് നിന്ന് ഒട്ടകത്തെ വീഴ്ത്തി അത് ഒരു അപകടമായി തോന്നിക്കത്തക്ക വിധത്തിൽ വധിക്കാൻ അവർ ഗൂഢാലോചന നടത്തി. ഈ ദുഷ്ടമായ ഗൂഢാലോചനയെക്കുറിച്ച് അല്ലാഹു തിരുനബി(സ)യെ അറിയിച്ചു.
തല്‍ഫലമായി, താനും എളുപ്പവഴിയിലൂടെ പോകുന്ന മൂന്ന് സ്വഹാബിമാരും ഒഴികെയുള്ള സൈന്യം മുഴുവൻ വിശാലമായ പാതയിലൂടെ പോകണമെന്ന് തിരുനബി(സ) പ്രഖ്യാപിക്കുകയുണ്ടായി. കപടവിശ്വാസികള്‍ മെനഞ്ഞെടുത്ത ഗൂഢാലോചനക്ക് ഇത് അവസാനം കുറിക്കുമെന്ന് തോന്നിച്ചെങ്കിലും, അവർ പിന്മാറാതെ തങ്ങളുടെ ശ്രമം തുടർന്നു. അവർക്കിടയിലെ 12-15 പേർ തങ്ങളുടെ മുഖം മറച്ച്, തിരുനബി(സ)യുടെ അടുത്തെത്തി, അവിടുത്തെ ഒട്ടകത്തെ പരിഭ്രാന്തയാക്കാൻ തീരുമാനിച്ചു.അവർ അതുപോലെ തന്നെ ചെയ്യാൻ ശ്രമിച്ചു. അവർ ഒട്ടകത്തിന്‍റെ അടുത്തേക്ക് വന്ന് അതിനെ പരിഭ്രമിപ്പിക്കാൻ ശ്രമിച്ചു; ഇതുകണ്ടപ്പോൾ, കൂടെയുണ്ടായിരുന്ന സഹചാരികളില്‍ ഒരാളോട് അവരെ പിന്തുടർന്ന് ഓടിച്ചുവിടാൻ തിരുനബി(സ) നിർദ്ദേശിച്ചു.
തിരുനബി(സ) അവരെ തിരിച്ചറിഞ്ഞോ എന്ന് ചോദിച്ചപ്പോൾ, അവരുടെ മുഖങ്ങൾ മൂടിയിരുന്നുവെന്നും, എങ്കിലും അവരുടെ സവാരികളെ തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നും സ്വഹാബിമാർ മറുപടി പറഞ്ഞു. അവരുടെ ഗൂഢാലോചന എന്തായിരുന്നുവെന്ന് തിരുനബി(സ) സ്വഹാബിമാരോട് പറഞ്ഞു. അവരെ ശിക്ഷിക്കുമോ എന്ന് സ്വഹാബിമാർ ചോദിച്ചപ്പോൾ, തിരുനബി(സ) പറഞ്ഞു: “ഇല്ല, കാരണം ഞാൻ എന്‍റെ സ്വന്തം ആളുകളെ കൊല്ലുന്നു എന്ന് അറേബ്യയിലെ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അതിനുശേഷം, തിരുനബി(സ)ക്ക് ഒരു വെളിപാട് ലഭിച്ചു. തുടർന്ന് അവിടുന്ന് ഒരു സ്വഹാബിയെ അടുത്തേക്ക് വിളിച്ച്, താൻ പറയാൻ പോകുന്ന ഒരു കാര്യം രഹസ്യമായി സൂക്ഷിക്കണമെന്ന് പറഞ്ഞു. തന്‍റെ നേരെ ആക്രമണം നടത്താൻ ശ്രമിച്ച ഓരോ കപടവിശ്വാസിയുടെയും പേരുകൾ തിരുനബി(സ) ആ സ്വഹാബിക്ക് വെളിപ്പെടുത്തിക്കൊടുത്തു. അവർ കപടവിശ്വാസികള്‍ ആയതിനാൽ, അവരിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ മയ്യിത്ത് നമസ്കാരം നയിക്കരുതെന്ന് തനിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും തിരുനബി(സ) അറിയിച്ചു.
തിരുനബി(സ)യുടെ കപടവിശ്വാസികളോടുള്ള പെരുമാറ്റം
തിരുനബി(സ)യുടെ കപടവിശ്വാസികളോടുള്ള പെരുമാറ്റം
തിരുനബി(സ) ഈ പേരുകൾ രഹസ്യമായി വെളിപ്പെടുത്തിക്കൊടുത്ത സ്വഹാബി ഹദ്റത്ത് ഹുദൈഫ(റ) ആയിരുന്നു. തിരുനബി(സ)യുടെ നിർദ്ദേശപ്രകാരം അദ്ദേഹം ആ പേരുകൾ രഹസ്യമായി സൂക്ഷിച്ചു. ഹദ്റത്ത് ഉമർ(റ)ന്‍റെ ഖിലാഫത്ത് കാലഘട്ടത്തിൽ, ആരെങ്കിലും മരണപ്പെടുകയും അവർ കപടവിശ്വാസികളിൽ പ്രത്യേകിച്ചും തിരുനബി(സ)യെ ആക്രമിക്കാൻ ശ്രമിച്ചവരില്‍ പെട്ടവരാണോ എന്ന് അദ്ദേഹത്തിന് സംശയം തോന്നുകയും ചെയ്താൽ, അദ്ദേഹം ഹദ്റത്ത് ഹുദൈഫ(റ)നോട് മയ്യിത്ത് നമസ്കാരത്തിനായി തന്നോടൊപ്പം വരാൻ ആവശ്യപ്പെടുമായിരുന്നു. ഹദ്റത്ത് ഹുദൈഫ(റ) അദ്ദേഹത്തോടൊപ്പം വരാൻ വിസമ്മതിച്ചാൽ, തിരുനബി(സ) ഹദ്റത്ത് ഹുദൈഫ(റ)യോട് രഹസ്യമായി പറഞ്ഞ ആളുകളിൽ ഒരാളാണ് മരണപ്പെട്ടയാൾ എന്ന് അദ്ദേഹം മനസ്സിലാക്കുകയും, തൽഫലമായി, അദ്ദേഹവും അവരുടെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
അടുത്ത ദിവസം രാവിലെ, ഔസ് ഗോത്രത്തിന്‍റെ നേതാവായ ഹദ്റത്ത് ഉസൈദ്(റ) തിരുനബി(സ)യുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങളെക്കുറിച്ചും തന്‍റെ ജീവനെടുക്കാൻ നടന്ന ശ്രമത്തെക്കുറിച്ചും തിരുനബി(സ) അദ്ദേഹത്തെ അറിയിച്ചു.
ഇതറിഞ്ഞപ്പോൾ, ആ ആളുകൾക്ക് ശിക്ഷ നൽകാൻ ഉത്തരവിടണമെന്ന് ഹദ്റത്ത് ഉസൈദ്(റ) തിരുനബി(സ)യോട് അഭ്യർത്ഥിച്ചു. എന്നാൽ തിരുനബി(സ) മറുപടി പറഞ്ഞു: “അവിശ്വാസികളുമായുള്ള യുദ്ധങ്ങൾ അവസാനിപ്പിച്ച ഉടൻ ഞാൻ സ്വന്തം ആളുകളുടെ പിറകെ കൂടി ” എന്ന് ആളുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിന് മറുപടിയായി ഹദ്റത്ത് ഉസൈദ്(റ) പറഞ്ഞു, ‘അങ്ങയെ ആക്രമിച്ചവർ എങ്ങനെയാണ് അങ്ങയുടെ സ്വന്തം ആളുകളായി കണക്കാക്കപ്പെടുക?’ തിരുനബി(സ) ചോദിച്ചു: “അവർ ഇസ്‌ലാമിക കലിമ ചൊല്ലുന്നില്ലേ?” അവർ ചൊല്ലുന്നുണ്ടെങ്കിലും അത് പുറംലോകത്തെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് ഹദ്റത്ത് ഉസൈദ്(റ) പറഞ്ഞു. ‘അതെന്തായിരുന്നാലും, അവർ ഇപ്പോഴും ഇസ്‌ലാമിക കലിമ ചൊല്ലുന്നുണ്ട്. ഈയൊരു കാരണം കൊണ്ടുമാത്രം അവർക്ക് വധശിക്ഷ നൽകാൻ ഞാൻ ഉത്തരവിടില്ല എന്ന് തിരുനബി(സ) പറഞ്ഞു.
കലിമ ചൊല്ലുന്നവരെ വധിക്കാൻ ആജ്ഞാപിക്കുന്ന ഇന്നത്തെ മതപണ്ഡിതന്മാർ തിരുനബി(സ)യുടെ ഈ നിർദ്ദേശം മനസ്സിൽ സൂക്ഷിക്കേണ്ടതാണെന്ന് ഖലീഫ തിരുമനസ്സ് പ്രസ്താവിച്ചു.
കപടവിശ്വാസികൾ റോമിനോട് സഹായം തേടുന്നു: മസ്ജിദുൽ ളിറാർ പൊളിച്ചുമാറ്റുന്നു
സ്വന്തം ഗൂഢാലോചനകൾ പരാജയപ്പെടുകയും, ജൂത ഗോത്രങ്ങൾ ഉൾപ്പെടെ ചുറ്റുമുള്ള ഗോത്രങ്ങൾ, തിരുനബി(സ)യുമായി ഉടമ്പടികളിൽ ഏർപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തതോടെ, അറേബ്യക്ക് പുറത്തുനിന്ന്, പ്രത്യേകിച്ച് റോമൻ ചക്രവർത്തിയിൽ നിന്ന് സഹായം തേടാൻ സമയമായെന്ന് കപടവിശ്വാസികൾ കരുതി. മുസ്‌ലിങ്ങൾക്കെതിരെ ഗൂഢാലോചന നടത്താനും യോഗങ്ങൾ ചേരാനും ആയുധങ്ങൾ സംഭരിക്കാനും കഴിയുന്ന ഒരുതരം ഹെഡ് ക്വാര്‍ട്ടർ മുസ്‌ലിങ്ങളുടെ കണ്ണിൽപ്പെടാതെ മദീനയിൽ സ്ഥാപിക്കാനും അവർ ശ്രമം നടത്തി. മുനാഫിഖുകൾ ബനൂ ആമിർ ഗോത്രവുമായി സഖ്യത്തിലായി, ഈ ഹെഡ് ക്വാര്‍ട്ടർ ഖുബയിൽ സ്ഥാപിക്കണമെന്ന് അവർ നിർദ്ദേശിച്ചു.
നിവേദനങ്ങളനുസരിച്ച്, തിരുനബി(സ) മദീനയിലേക്ക് മടങ്ങിയെത്തിയപ്പോൾ, അബൂ ആമിർ തിരുനബി(സ)യുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തിരുനബി(സ) അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിക്കുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, അബൂ ആമിർ അത് നിഷേധിക്കുകയും പകരം തിരുനബി(സ)യെ പരിഹസിക്കുകയും ചെയ്തു. അവരിൽ ആരാണ് വ്യാജൻ എന്ന് വച്ചാൽ, അല്ലാഹു അവനെ നാട്ടിൽ നിന്ന് പുറത്താക്കുകയും കൊല്ലുകയും ചെയ്യട്ടെ എന്ന് അയാൾ പരിഹാസത്തോടെ പറഞ്ഞു. തീർച്ചയായും അങ്ങനെയായിരിക്കട്ടെ” എന്ന് തിരുനബി(സ) പറഞ്ഞു. എന്നാൽ, മുസ്‌ലിങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നപ്പോൾ, അബൂ ആമിർ കൂടുതൽ കൂടുതൽ അസ്വസ്ഥനാവുകയുണ്ടായി. അബൂ ആമിർ കപടവിശ്വാസികളുമായി സഖ്യം ചേരുകയും അവരുടെ ഹെഡ് ക്വാര്‍ട്ടറായി വർത്തിക്കുന്നതിനായി ഖുബയിൽ മസ്ജിദുല്‍ ളിറാർ എന്ന പേരിൽ ഒരു പള്ളി പണികഴിപ്പിക്കുകയും ചെയ്തു. ഇവിടെ, സമാന ചിന്താഗതിക്കാർ ഒരുമിച്ചുകൂടുകയും, തിരുനബി(സ)യെ എതിർക്കാൻ അബൂ ആമിർ അവരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. മദീനയിൽ നിന്ന് മുസ്‌ലിങ്ങളെ പുറത്താക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആത്യന്തിക ലക്ഷ്യം.
അബൂ ആമിർ പോയി റോമൻ ചക്രവർത്തിയായ ഹെരാക്ലിയസുമായി (Heraclius) കൂടിക്കാഴ്ച നടത്തുകയും, മുസ്‌ലിങ്ങൾക്കെതിരെ അദ്ദേഹത്തെ കൂടുതൽ പ്രകോപിപ്പിക്കുകയും ചെയ്തു. ഭയപ്പെടാൻ ഒന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു. താൻ അവരെ സഹായിക്കാമെന്ന് ഹെരാക്ലിയസ് അറിയിച്ചു. അബൂ ആമിർ ഈ വാർത്ത ഖുബയിൽ തങ്ങളുടെ പള്ളി പണിത കപടവിശ്വാസികളെ അറിയിച്ചു. എങ്കിലും, അവസാനം, അബൂ ആമിറിന് തന്‍റെ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചില്ല. കാരണം, അയാൾ സിറിയയിൽവെച്ച് ഒറ്റയ്ക്ക് മരണപ്പെട്ടു. മറ്റൊരു വാക്കിൽ പറഞ്ഞാൽ, തിരുനബി(സ)യോട് അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമായി പുലർന്നു, എന്നാൽ അദ്ദേഹത്തിന്‍റെ കാര്യത്തിൽ തന്നെയാണത് സംഭവിച്ചത്.
ഈ സംഭവങ്ങൾ തിരുനബി(സ) തബൂക്കിലേക്ക് പുറപ്പെടുന്നതിന് മുൻപ് നടന്നതാണ്. കപടവിശ്വാസികൾ തിരുനബി(സ)യെ സമീപിച്ച്, നല്ല ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ പള്ളി നിർമ്മിച്ചതെന്ന് കളവ് പറഞ്ഞ്, അവരുടെ പള്ളിയിൽ നമസ്കരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ഒരുപക്ഷേ താൻ ആ പള്ളിയിൽ നമസ്കരിക്കാമെന്ന് തിരുനബി(സ) അവരോട് പറഞ്ഞു. തിരുനബി(സ) തബൂക്കിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, ആ പള്ളിയെ സംബന്ധിച്ച് താഴെക്കൊടുക്കുന്ന ഖുർആൻ വാക്യം അവതരിച്ചു:
ഇസ്‌ലാമിനെ ദ്രോഹിക്കുവാനും അവിശ്വാസത്തെ സഹായിക്കുവാനും വിശ്വാസികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനും അല്ലാഹുവിനോടും അവൻറെ ദൂതനോടും ഇതിനുമുമ്പ് യുദ്ധം ചെയ്തവന് ഒരു താവളം ആക്കുവാനും വേണ്ടി ഒരു പള്ളി ഉണ്ടാക്കിയവരും ആ കപട വിശ്വാസികളുടെ കൂട്ടത്തിലുണ്ട്. ഞങ്ങൾ നന്മയല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് അവർ ദൃഢസ്വരത്തിൽ സത്യം ചെയ്തു പറയും. അവർ കള്ളം പറയുന്നവർ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു (ഖുർആൻ 9:107)
ഈ വെളിപാട് ലഭിച്ച ഉടൻ, ഈ പള്ളി നശിപ്പിക്കാൻ ഖുബയിലേക്ക് പോകാൻ തിരുനബി(സ) ചില സ്വഹാബിമാർക്ക് നിർദ്ദേശം നൽകി. പള്ളിക്ക് തീയിട്ടപ്പോൾ, അതിൽ പങ്കെടുത്തവർ ചിതറി ഓടിപ്പോയി. ഓരോ സന്ദർഭത്തിലും, കപടവിശ്വാസികൾ ചെയ്ത കുറ്റങ്ങളും വരുത്തിയ വിഷമതകളും തിരുനബി(സ) ക്ഷമിക്കുകയും അവരുടെ അതിക്രമങ്ങൾ അവഗണിക്കുകയും ചെയ്തു. അവർ രാഷ്ട്രത്തിന് ഒരു ഭീഷണി ഉയർത്തിയ അവസരത്തില്‍ മാത്രമാണ് തിരുനബി(സ) നടപടിയെടുത്തത്. അതും, അവർ ഒരുമിച്ചുചേർന്ന ഹെഡ് ക്വാര്‍ട്ടറിനെതിരെ മാത്രം.
തിരുനബി(സ) മദീനയിൽ എത്തിയപ്പോഴുള്ള സ്നേഹപ്രകടനം
തിരുനബി(സ) മദീനയിലേക്ക് തിരിച്ചുവരുന്ന സമയത്ത്, അവിടുന്ന് മദീനയോടും അവിടുത്തെ നിവാസികളോടുമുള്ള തന്‍റെ സ്നേഹം പ്രകടിപ്പിച്ചു. മദീനയോട് അടുക്കുമ്പോൾ, തിരുനബി(സ) മദീനയുടെ ഓരോ ഭാഗത്തെയും താൻ സ്നേഹിക്കുന്നു എന്ന് പ്രകടിപ്പിച്ചു. ഒരു നിവേദനമനുസരിച്ച്, തിരുനബി(സ) പറഞ്ഞു: “എനിക്ക് മദീനയിലേക്ക് വേഗത്തിൽ പോകാൻ ആഗ്രഹമുണ്ട്, വേഗത്തിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നോടൊപ്പം ചേരട്ടെ.” കൂടാതെ, അൻസാറുകളുടെ എല്ലാ വീടുകളിലും സമൃദ്ധിയുണ്ട് എന്നും തിരുനബി(സ) പറഞ്ഞു.
തബൂക്ക് യുദ്ധത്തിൽ നിന്ന് വിട്ടുനിന്നത് രണ്ട് വിഭാഗം ആളുകൾ ആയിരുന്നു: കപടവിശ്വാസികൾ : ഇവരെക്കുറിച്ച് അല്ലാഹു തന്‍റെ അതൃപ്തി പ്രകടിപ്പിച്ചു.
സത്യസന്ധരായ വിശ്വാസികൾ: ഇവർക്ക് യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഒന്നുകിൽ അത്യധികം ദാരിദ്ര്യം കാരണം ശ്രമിച്ചിട്ടും സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ രോഗം/അസുഖം കാരണം അവർക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഈ കൂട്ടരുടെ ഒഴികഴിവ് അല്ലാഹു സ്വീകരിച്ചു. തിരുനബി(സ) മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ, അവിടുന്ന് പറഞ്ഞു: “മദീനയിൽ ചിലരുണ്ട്, അവർ വാസ്തവത്തിൽ യാത്രയിലുടനീളം തങ്ങളുടെ ആത്മീയ സാന്നിധ്യം കൊണ്ട് മുസ്‌ലിം സൈന്യത്തോടൊപ്പം ഉണ്ടായിരുന്നു.” ശരിയായ കാരണം കൊണ്ട് പിന്നോട്ട് നിന്നവരെ ഉദ്ദേശിച്ചായിരുന്നു ഇത്. തിരുനബി(സ) പ്രസ്താവിച്ചു: “അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു. അതിനാൽ ഈ യാത്രയുടെ അനുഗ്രഹങ്ങളിൽ അവരും പങ്കാളികളാണ്.”
തിരുനബി(സ) മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ, സനിയ്യത്തുൽ വദാഇൽ ഒരുമിച്ചുകൂടിയ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവിടുത്തെ അഭിവാദ്യം ചെയ്തു. അവർ കവിതകൾ ആലപിച്ചുകൊണ്ട് തിരുനബി(സ)യെ നാട്ടിലേക്ക് സ്വാഗതം ചെയ്തു.
ഭാവിയിലും തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നുള്ള ഭാഗങ്ങൾ താൻ തുടർന്നും പരാമർശിക്കുമെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു



0 Comments