അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 16 ജനുവരി 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം:സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവയ്ക്ക് ശേഷം, കഴിഞ്ഞ ഖുത്ബയിൽ താൻ പരാമർശിച്ച തിരുനബി ﷺ യുടെ ദൈവസ്നേഹത്തെക്കുറിച്ചുള്ള പരാമർശം ഹുസൂർ തിരുമനസ്സ് ഹസ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു) തുടർന്നു.
പ്രവാചകത്വ ലബ്ധിക്ക് മുമ്പുള്ള യൗവനകാലത്ത് പോലും നബിതിരുമേനി ﷺ ക്ക് ദൈവത്തോടുള്ള സ്നേഹം അഗാധമായിരുന്നു. അവിടുന്ന് ഒരു ഗുഹയിൽ പോയി ദൈവസ്നേഹത്തിൽ മുഴുകി ധ്യാനിക്കാറുണ്ടായിരുന്നു.
ഏകാന്തതയിൽ ദൈവസ്നേഹം കണ്ടെത്തുന്നു
ഹിറാ ഗുഹയിൽ ഏകാന്തതയിലിരുന്ന് പ്രാർത്ഥിക്കുന്നതിൽ നബിതിരുമേനി ﷺ അനുഭവിച്ചിരുന്ന ആശ്വാസം മറ്റൊന്നിലും ലഭിച്ചിരുന്നില്ലെന്ന് വാഗ്ദത്ത മസിഹ് (അ) എഴുതി. ഇത് എളുപ്പമുള്ള കാര്യമായിരുന്നില്ല, കയ്യിൽ അല്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും അത്തരമൊരു സ്നേഹത്തിൽ മുഴുകുമ്പോൾ നബിതിരുമേനി ﷺ മറ്റെന്തിനേക്കാളും സന്തോഷവും സംതൃപ്തിയും കണ്ടെത്തി. സാധാരണഗതിയിൽ ആളുകൾ പോകാൻ ഭയപ്പെടുന്ന ഒരിടത്ത് രാത്രി മുഴുവൻ അവിടുന്ന് ചെലവഴിച്ചു. ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം ധീരത നല്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.
പ്രവാചകന്മാർ ഏകാന്തത ഇഷ്ടപ്പെടുന്നുവെങ്കിൽ എന്തിനാണ് വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാക്കുന്നതും എന്ന് ചിലർ ചോദിക്കാറുണ്ട്. ഇതിനെ ഒരു യാചകനും സുഹൃത്തും തമ്മിലുള്ള വ്യത്യാസവുമായി ഉപമിക്കാം. ഒരു യാചകൻ വരുമ്പോൾ ഭക്ഷണം നല്കി പെട്ടെന്ന് ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ ഒരു സുഹൃത്ത് വരുമ്പോൾ ഉത്തമമായ ഭക്ഷണം നല്കി സൽക്കരിക്കും. പ്രവാചകന്മാർ ദൈവവുമായി ഏകാന്തതയിൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഈ ലോകത്ത് അവർ വളർത്തുന്ന ബന്ധങ്ങൾ ഐഹിക മോഹങ്ങൾ കൊണ്ടല്ല. മറിച്ച്, അത്തരം ബന്ധങ്ങളും ദൈവവുമായുള്ള ബന്ധത്തിൻ്റെ ഔന്നത്യത്തിലെത്താൻ വേണ്ടിയുള്ളതാണ്.
ആദ്യ വെളിപാട്
ഹസ്രത്ത് ആയിശ (റ) ആദ്യത്തെ വെളിപാടിൻ്റെ സംഭവം ഇപ്രകാരം വിവരിച്ചു:
നബിതിരുമേനി ﷺ ക്ക് ലഭിച്ച ആദ്യത്തെ ദിവ്യബോധനം സത്യസന്ധമായ സ്വപ്നങ്ങളുടെ രൂപത്തിലായിരുന്നു. തുടർന്ന് അവിടുന്ന് ഹിറാ ഗുഹയിൽ ഏകാന്തമായി ആരാധനയിൽ മുഴുകാൻ തുടങ്ങി. അവിടെ വച്ച് ജിബ്രീൽ (അ) വരികയും ‘വായിക്കുക’ എന്ന് ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് വായിക്കാനറിയില്ലെന്ന് നബിതിരുമേനി ﷺ മറുപടി നല്കി. മൂന്ന് തവണ മലക്ക് അവിടുത്തെ കെട്ടിപ്പിടിച്ച് അമർത്തിയ ശേഷം വിശുദ്ധ ഖുർആനിലെ ആദ്യ വചനങ്ങൾ ഓതിക്കേൾപ്പിച്ചു.
തുടർന്ന് വിറയലോടെ വീട്ടിലെത്തിയ നബിതിരുമേനി ﷺ ഹദ്രത്ത് ഖദീജ (റ) യോട് തന്നെ പുതപ്പിക്കാൻ ആവശ്യപ്പെട്ടു. അവിടുത്തെ അവസ്ഥ കണ്ട ഹദ്രത്ത് ഖദീജ (റ) ഇപ്രകാരം പറഞ്ഞു: “ഒരിക്കലുമില്ല! അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കില്ല. കാരണം താങ്കൾ കുടുംബബന്ധം പുലർത്തുകയും സത്യം പറയുകയും ദരിദ്രരെ സഹായിക്കുകയും അതിഥികളെ സൽക്കരിക്കുകയും വിപത്തുകളിൽ അകപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്നവനാണ്.”
തുടർന്ന് ഹദ്റത്ത് ഖദീജ (റ) അവിടുത്തെയും കൂട്ടി വറഖ ബിൻ നൗഫൽ ബിൻ അസദ് ബിൻ അബ്ദുൽ ഉസ്സ ബിൻ ഖുസയ്യുടെ അടുക്കലേക്ക് പോയി. വറഖ ഖദീജ (റ) യുടെ പിതൃസഹോദര പുത്രനായിരുന്നു. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. അദ്ദേഹം അറബി ലിപി എഴുതുകയും അല്ലാഹു ഉദ്ദേശിച്ചത്ര ഇഞ്ചീലുകൾ (സുവിശേഷങ്ങൾ) അറബിയിൽ പകർത്തി എഴുതുകയും ചെയ്തിരുന്നു. അദ്ദേഹം വൃദ്ധനായിരുന്നു, അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഖദീജ (റ) അദ്ദേഹത്തോട് പറഞ്ഞു: “എൻ്റെ സഹോദരപുത്രാ! താങ്കളുടെ സഹോദരപുത്രൻ പറയുന്നത് ഒന്ന് കേൾക്കൂ.” വറഖ ചോദിച്ചു: “എൻ്റെ സഹോദരപുത്രാ! താങ്കൾ എന്താണ് കണ്ടത്?” നബിതിരുമേനി ﷺ താൻ കണ്ട കാര്യങ്ങൾ വിവരിച്ചു.
അപ്പോൾ വറഖ പറഞ്ഞു: “ഇത് അല്ലാഹു മൂസാ (അ) യുടെ അടുക്കലേക്ക് അയച്ച അതേ മലക്ക് (നാമൂസ്) തന്നെയാണ്. താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന കാലത്ത് എനിക്ക് നല്ല യൗവനമുണ്ടാകുകയും ഞാൻ ജീവിച്ചിരിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” അല്ലാഹുവിൻ്റെ റസൂൽ ﷺ ചോദിച്ചു: “അവർ എന്നെ പുറത്താക്കുമോ?” വറഖ മറുപടി നല്കി: “അതെ, താങ്കൾ കൊണ്ടുവന്നതിന് സമാനമായ സന്ദേശവുമായി വന്ന ഒരാളും ശത്രുതയോടെ അല്ലാതെ നേരിടപ്പെട്ടിട്ടില്ല. താങ്കളെ പുറത്താക്കുന്ന ദിവസം വരെ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ താങ്കളെ ശക്തമായി പിന്തുണയ്ക്കും.” എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം വറഖ അന്തരിച്ചു.നബിതിരുമേനി ﷺ ക്ക് ലഭിച്ചിരുന്ന ദിവ്യബോധനം (വഹ്‌യ്) കുറച്ചുകാലത്തേക്ക് നിലയ്ക്കുകയും ചെയ്തു
ദൈവസ്നേഹത്തിനായി പരിശ്രമം അനിവാര്യം
ദൈവത്തെ കണ്ടെത്തുന്നതും അവനുമായി ബന്ധം സ്ഥാപിക്കുന്നതും പരിശ്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടെന്ന് വാഗ്ദത്ത മസിഹ് (അ) പറയുകയുണ്ടായി. വിശുദ്ധ ഖുർആൻ പറയുന്നു:
‘മനുഷ്യന് അവൻ അധ്വാനിച്ചതല്ലാതെ മറ്റൊന്നുമില്ല’ (53:40), ‘നമ്മുടെ മാർഗ്ഗത്തിൽ പ്രയത്നിക്കുന്നവരെ നാം നമ്മുടെ വഴികളിലേക്ക് നയിക്കുക തന്നെ ചെയ്യും’ (29:70).
നബിതിരുമേനി ﷺ യുടെ അനുചരന്മാർ ദൈവവുമായി സ്ഥാപിച്ച മഹത്തായ ബന്ധങ്ങളെക്കുറിച്ച് നാം നിരീക്ഷിക്കുമ്പോൾ, അവർ അത്തരം ബന്ധങ്ങൾ സ്ഥാപിച്ചത് വെറും സാധാരണ പ്രാർത്ഥനകളിലൂടെയല്ലെന്ന് നമുക്ക് കാണാൻ കഴിയും. മറിച്ച്, സ്വന്തം ജീവൻ പോലും നല്കാൻ തയ്യാറായുള്ള കഠിനാധ്വാനത്തിലൂടെയും ഉജ്ജ്വലമായ ത്യാഗങ്ങളിലൂടെയുമാണ് അവർ അത് സാധ്യമാക്കിയത്.
വളരെ ചെറിയ പരിശ്രമങ്ങൾ നടത്തിയാൽ അല്ലാഹുവിൻ്റെ അടുക്കൽ വലിയ പദവികൾ ലഭിക്കുമെന്ന് ചിലർ വിചാരിക്കാറുണ്ടെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. എന്നാൽ പ്രവാചകന്മാരുടെ മുദ്രയും മനുഷ്യരിൽ വച്ച് ഏറ്റവും ശ്രേഷ്ഠനുമായ നബിതിരുമേനി ﷺ യുടെ മാതൃക നാം കാണുമ്പോൾ, അവിടുന്ന് പോലും സാധാരണ പരിശ്രമങ്ങൾ കൊണ്ടല്ല ദൈവത്തിൻ്റെ അടുക്കൽ ഉന്നതമായ പദവികൾ നേടിയത്. അങ്ങനെയെങ്കിൽ നബിതിരുമേനി ﷺ ചെയ്തതുപോലെ ദൈവമാർഗ്ഗത്തിൽ വലിയ പരിശ്രമങ്ങൾ നടത്താതെ മറ്റൊരാൾക്ക് എങ്ങനെ അത്തരം ഔന്നത്യങ്ങൾ പ്രതീക്ഷിക്കാൻ കഴിയും? തീർച്ചയായും നബിതിരുമേനിﷺ ദൈവത്തോടൊപ്പം ഏകാന്തനായിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഒരു പ്രത്യേക ഘട്ടമെത്തിയപ്പോൾ അല്ലാഹു അരുളി: ‘ഓ, പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയവനേ! എഴുന്നേൽക്കുക, താക്കീത് നല്കുക.’ (വിശുദ്ധ ഖുർആൻ, 74:2-3). ദൈവത്തോടുള്ള സ്നേഹവും അതിനായുള്ള പരിശ്രമവും അതിൻ്റെ ഉച്ചകോടിയിൽ എത്തിയപ്പോൾ, ആ ഏകാന്തത വെടിഞ്ഞ് അല്ലാഹുവിൻ്റെ സന്ദേശം പ്രചരിപ്പിക്കാൻ അവിടുന്ന് കൽപ്പിക്കപ്പെട്ടു.
നബിതിരുമേനി ﷺ ക്ക് ദൈവത്തോടുള്ള ബന്ധം അതിനായി അവിടുന്ന് നടത്തിയ പരിശ്രമങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. അവിടുത്തെ പ്രാർത്ഥനകളിൽ ഇത് വളരെയധികം പ്രകടമായിരുന്നു. നബിതിരുമേനി ﷺ പ്രാർത്ഥനയിൽ അഗാധമായി മുഴുകുമായിരുന്നുവെന്നും, അവിടുത്തെ പ്രാർത്ഥനയുടെ ആവേശം ഒരു പാത്രത്തിൽ വെള്ളം തിളയ്ക്കുന്ന ശബ്ദം പോലെ അവിടുത്തെ അരികിലുള്ളവർക്ക് കേൾക്കാമായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരിക്കൽ, അവിടുത്തെ അവസാന രോഗാവസ്ഥയിൽ നബിതിരുമേനി ﷺ ക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അപ്പോൾ അവിടുത്തെ പാദങ്ങൾ നിലത്ത് ഇഴയുമ്പോഴും രണ്ട് അനുചരന്മാരുടെ തോളിൽ കൈവെച്ച് അവിടുന്ന് നമസ്കാരത്തിനായി മസ്ജിദിലേക്ക് പോയി. ഇസ്‌ലാമിക നിയമപ്രകാരം രോഗാവസ്ഥയിൽ പള്ളിയിൽ വരണമെന്ന് അവിടുത്തേക്ക് നിർബന്ധമില്ലായിരുന്നുവെങ്കിലും ദൈവത്തോടുള്ള സ്നേഹം കാരണം അവിടുത്തേക്ക് പള്ളിയിൽ പോകാതിരിക്കാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ പ്രാർത്ഥന അവിടുത്തെ ജീവിതോപാധിയായിരുന്നു, അതില്ലാതെ അവിടുത്തേക്ക് നിലനിൽക്കാൻ കഴിയില്ലായിരുന്നു. പ്രാർത്ഥനയുമായുള്ള അവിടുത്തെ ബന്ധം ഇത്തരത്തിലുള്ളതാകുമ്പോൾ ഒരു രോഗത്തിന് എങ്ങനെ അവിടുത്തെ പ്രാർത്ഥനയിൽ നിന്ന് തടയാൻ കഴിയും? ആരോഗ്യത്തിലും രോഗത്തിലും നബിതിരുമേനി ﷺ അല്ലാഹുവിൻ്റെ സ്മരണയിൽ മുഴുകിയിരുന്നു, തൻ്റെ അനുയായികളിലും ഇതേ ശീലം വളർത്താൻ അവിടുന്ന് പരിശ്രമിച്ചു.
ദൈവസ്മരണയിലൂടെയുള്ള യഥാർത്ഥ സ്നേഹം
നബിതിരുമേനിﷺ ആഗ്രഹിച്ച രീതിയിലാണോ നാം അല്ലാഹുവിനെ സ്മരിക്കുന്നത് എന്ന് നാം സ്വയം പരിശോധിക്കണമെന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു. നബിതിരുമേനിﷺ പഠിപ്പിച്ചതുപോലെ നാം കൃത്യമായി നമസ്കരിക്കുന്നുണ്ടോ, അതോ ചെറിയ കാര്യങ്ങൾക്കുപോലും നാം അതിൽ മടി കാണിക്കുന്നുണ്ടോ?
ഓരോ സന്ദർഭത്തിലും ദൈവത്തെ സ്മരിക്കാൻ നബിതിരുമേനി ﷺ നമ്മെ പഠിപ്പിച്ചു. തുമ്മുമ്പോൾ, ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ, കഴിച്ചു തീരുമ്പോൾ, ഉറങ്ങാൻ പോകുമ്പോൾ, ഉണരുമ്പോൾ, നമസ്കാരത്തിന് ശേഷം, പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ്, വുളു ചെയ്യുമ്പോൾ എന്നിങ്ങനെ. ചുരുക്കത്തിൽ,നബിതിരുമേനിﷺ ദൈവസ്മരണയെ ദൈനംദിന പ്രവൃത്തികളുമായി ബന്ധിപ്പിച്ചു, ഇത് ദൈവത്തോടുള്ള തിരുനബി ﷺ യുടെ അപാരവും നിരന്തരവുമായ സ്നേഹത്തെ എടുത്തുകാണിക്കുന്നു.
ഹദ്രത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ) എഴുതിയ ഒരു ഭാഗം ഹുസൂർ തിരുമനസ്സ് ഉദ്ധരിച്ചു: ആരാധനകളിൽ മുഴുകുന്ന ചിലർ തങ്ങൾ വലിയ പദവികൾ നേടിയെന്നും തങ്ങളോട് ആ രീതിയിൽ പെരുമാറണമെന്നും ചിന്തിക്കാൻ തുടങ്ങുന്നു. എന്നാൽ യഥാർത്ഥ വിശ്വാസികൾ തങ്ങളുടെ ആത്മീയതയിൽ അഹങ്കരിക്കാറില്ല എന്നതാണ് വാസ്തവം; പകരം അവർ കൂടുതൽ വിനയാന്വിതരാകുകയും പലപ്പോഴും തങ്ങളുടെ ആരാധനകളെ മറച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നബിതിരുമേനി ﷺ യുടെ അവസ്ഥ ഇപ്രകാരമായിരുന്നു: തൻ്റെ ആരാധനയുടെ ഫലമായി ദൈവത്തിൽ നിന്ന് കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കാൻ അവിടുന്ന് ആഗ്രഹിച്ചില്ല; മറിച്ച് ആരാധനകൾ വർദ്ധിച്ചതോടെ ദൈവത്തോടുള്ള സ്നേഹം വർദ്ധിക്കുകയും അത് ആരാധനകൾ വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്തു.
വാസ്തവത്തിൽ, നബിതിരുമേനി ﷺ തൻ്റെ ആരാധനയിൽ അഹങ്കരിക്കുന്നതിന് പകരം ദൈവത്തിന് നന്ദി പറയുകയാണ് ചെയ്തത്. ആരാധന നടത്താൻ കഴിഞ്ഞത് ദൈവം നൽകിയ കഴിവാണെന്ന് അവിടുന്ന് കരുതി. ദൈവത്തെ ആരാധിക്കാനുള്ള കഴിവിനെ ദൈവത്തിൻ്റെ ഒരു അനുഗ്രഹമായാണ് നബിതിരുമേനിﷺ കണ്ടത്. അതിനാൽ പ്രാർത്ഥനയിൽ അവിടുന്ന് ദീർഘനേരം നിൽക്കുകയും കാലുകൾ വീർക്കുകയും ചെയ്യുമായിരുന്നു. സ്വന്തം സുഖസൗകര്യങ്ങളെക്കുറിച്ച് അവിടുന്ന് ചിന്തിച്ചില്ല; പകരം ദൈവത്തെ ആരാധിക്കുന്നതിൽ മാത്രമായിരുന്നു അവിടുത്തെ ശ്രദ്ധ. മറ്റുള്ളവർ ഓടിമാറുന്ന ഇത്തരം പ്രയാസങ്ങൾ അവിടുന്ന് എന്തിനാണ് സഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, “ഞാൻ നന്ദിയുള്ള ഒരു ദാസനാകേണ്ടതില്ലേ?” എന്നാണ് നബിതിരുമേനി ﷺ മറുപടി നല്കിയത്. ദൈവം നല്കിയ വലിയ അനുഗ്രഹങ്ങൾക്കുള്ള മറുപടിയായി സ്വാഭാവികമായും തൻ്റെ ആരാധന വർദ്ധിപ്പിക്കാൻ അവിടുന്ന് ആഗ്രഹിച്ചു. ഇത്തരമൊരു ഉദാഹരണം മറ്റെവിടെയെങ്കിലും കാണാൻ കഴിയുമോ? ഒരിക്കലുമില്ല.
ഹദ്രത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ) വിവരിച്ച മറ്റൊരു അത്ഭുതകരമായ കാര്യം ഹുസൂർ തിരുമനസ്സ് ഉദ്ധരിച്ചു: അതീവ തിരക്കുള്ള ജീവിതത്തിനിടയിലും നബിതിരുമേനി ﷺ പ്രാർത്ഥനകളിൽ അത്രയധികം വ്യാപൃതനായിരുന്നു. അവിടുന്ന് അഞ്ച് നേരത്തെ നമസ്കാരങ്ങൾ കൃത്യമായി നിർവ്വഹിച്ചു; വിദേശ പ്രതിനിധികളെ സ്വീകരിച്ചു, മുസ്ലിം സൈന്യത്തെ നയിച്ചു, അനുചരന്മാരെ പഠിപ്പിച്ചു, തർക്കങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചു, ഖജനാവിൻ്റെയും ഭരണകൂടത്തിൻ്റെയും കാര്യങ്ങൾ മേൽനോട്ടം വഹിച്ചു, ഇസ്‌ലാമിക പ്രബോധനം നടത്തി, ഭാര്യമാർക്കൊപ്പം സമയം ചെലവഴിച്ചു, വീട്ടുജോലികളിൽ സഹായിച്ചു എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. പകൽ മുഴുവൻ ഇത്തരം ജോലികളിൽ ഏർപ്പെട്ട ശേഷം രാത്രിയിൽ വിശ്രമിക്കാൻ പോകുന്നതിന് പകരം, കുറച്ചുനേരം മാത്രം വിശ്രമിച്ച് രാത്രിയുടെ പകുതിയിൽ തൻ്റെ രക്ഷിതാവിനോടുള്ള സ്നേഹം കാരണം അവിടുന്ന് പ്രാർത്ഥനയിൽ നിൽക്കുമായിരുന്നു. കാലുകളിൽ മുറിവുകൾ ഏൽക്കുന്നതുവരെ അവിടുന്ന് പ്രാർത്ഥിക്കുമായിരുന്നു. ഒരിക്കൽ, നബിതിരുമേനിﷺ യെക്കാൾ പ്രായം കുറഞ്ഞ ഒരു യുവാവ് അവിടുത്തോടൊപ്പം പ്രാർത്ഥനയിൽ നിൽക്കാൻ ശ്രമിച്ചപ്പോൾ, അത്രയും സമയം നിൽക്കാൻ കഴിയാതെ അയാൾക്ക് പ്രാർത്ഥന നിർത്തേണ്ടി വന്നു. എന്നാൽ നബിതിരുമേനി ﷺ ആരാധനയിൽ അടിയുറച്ചുനിന്നു. ഇത്രയധികം ശാരീരിക പ്രയാസങ്ങൾക്കിടയിലും തിരുനബി ﷺ എങ്ങനെയാണ് ആരാധനയിൽ തുടർന്നത്? അത് അവിടുത്തേക്ക് ദൈവത്തോടുള്ള ശുദ്ധമായ സ്നേഹം കൊണ്ട് മാത്രമായിരുന്നു.
റമദാനിലെ നബിതിരുമേനിﷺ യുടെ ആരാധനാ മര്യാദകൾ
നബിതിരുമേനി ﷺ യുടെ വർഷം മുഴുവനുമുള്ള ആരാധനയുടെ അവസ്ഥ ഉദാത്തമായിരുന്നു. എന്നിരുന്നാലും, വിശുദ്ധ റമദാൻ മാസമായാൽ നബിതിരുമേനി ﷺ യുടെ ആരാധനകൾ ഇനിയും വർദ്ധിക്കുമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഒരാൾ നബിതിരുമേനി ﷺ യോട് രാത്രിയിലെ അവിടുത്തെ ഉറക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തൻ്റെ കണ്ണുകൾ ഉറങ്ങുമെങ്കിലും തൻ്റെ ഹൃദയം രാത്രി മുഴുവൻ ദൈവസ്മരണയിൽ ഉണർന്നിരിക്കുമെന്ന് നബിതിരുമേനിﷺ മറുപടി നല്കി. അവിടുത്തെ ഉന്നതമായ ആരാധനാ നിലവാരവും അവിടുന്ന് സ്ഥാപിച്ച മാതൃകയും കാരണമായി അല്ലാഹു വിശുദ്ധ ഖുർആനിൽ ഇപ്രകാരം കൽപ്പിച്ചു:
“മനുഷ്യന് അവൻ അധ്വാനിച്ചതല്ലാതെ മറ്റൊന്നുമില്ല. പറയുക: തീർച്ചയായും എൻ്റെ നമസ്കാരവും എൻ്റെ ബലിയും എൻ്റെ ജീവിതവും എൻ്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.” (വിശുദ്ധ ഖുർആൻ, 6:163-164)
നബിതിരുമേനിﷺ യുടെ വിവാഹങ്ങളെക്കുറിച്ച് ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയായി വാഗ്ദത്ത മസിഹ് (അ) പറഞ്ഞ കാര്യങ്ങൾ ഹുദൂർ തിരുമനസ്സ് ഉദ്ധരിച്ചു. നബിതിരുമേനി ﷺ ക്ക് ഒമ്പത് ഭാര്യമാരുണ്ടായിരുന്നിട്ടും, അവിടുന്ന് തൻ്റെ ശ്രദ്ധ തിരിക്കാൻ അനുവദിക്കാതെ രാത്രി മുഴുവൻ ആരാധനയിൽ ചെലവഴിക്കാറുണ്ടായിരുന്നു.ഹദ്രത്ത് ആയിശ (റ) വിവരിക്കുന്നു. ഒരിക്കൽ നബിതിരുമേനി ﷺ തൻ്റെ കൂടെയുള്ളപ്പോൾ രാത്രിയിൽ താൻ ഉണർന്നപ്പോൾ നബിതിരുമേനി ﷺ അവിടെയില്ലെന്ന് മനസ്സിലാക്കി. അവിടുന്ന് മറ്റൊരു ഭാര്യയുടെ അടുത്തേക്ക് പോയിട്ടുണ്ടാകുമെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ അവർ പോയി നോക്കിയപ്പോൾ നബിതിരുമേനി ﷺ ജന്നത്തുൽ ബഖീഇൽ അതീവ വിനയത്തോടെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതാണ് കണ്ടത്. ഇസ്‌ലാമിലെ ബഹുഭാര്യത്വം ഒരിക്കലും ഐഹികമായ മോഹങ്ങൾ തീർക്കാനല്ലെന്ന് ഇത് തെളിയിക്കുന്നു. മറിച്ച്, യഥാർത്ഥവും അനിവാര്യവുമായ ആവശ്യങ്ങൾ വരുമ്പോൾ നീതിയുടെയും ഭക്തിയുടെയും അടിസ്ഥാനത്തിൽ മാത്രമേ അത് നടപ്പിലാക്കാൻ പാടുള്ളൂ. ബഹുഭാര്യത്വത്തിനുള്ള അനുമതി ദുരുപയോഗം ചെയ്യുന്നവർ കാരണമാണ് ഇസ്‌ലാമിനെതിരെ ആരോപണങ്ങൾ ഉയരുന്നത്; എന്നാൽ ഇതിന് കഠിനമായ നിബന്ധനകളുണ്ട്.
മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി നബിതിരുമേനി ﷺ പഠിപ്പിച്ച ആരാധനാ രീതിയുടെ പ്രത്യേകതയെക്കുറിച്ച് വാഗ്ദത്ത മസിഹ് (അ) വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മതവിശ്വാസികൾ കൃത്യമായ ഇടവേളകളിലോ അല്ലെങ്കിൽ ആഴ്ചയിലൊരിക്കലോ മാത്രം പ്രാർത്ഥനയ്ക്കായി കൂടുമ്പോൾ, ഇസ്‌ലാം പഠിപ്പിക്കുന്നത് ഒരു ദിവസം പലതവണ പ്രാർത്ഥിക്കാനാണ്. ദൈവത്തോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും അവനുമായി യഥാർത്ഥ ബന്ധം സ്ഥാപിക്കാനുമുള്ള ശരിയായ മാർഗ്ഗം ഇതാണ്.
നാം നേടിയെടുക്കാൻ പരിശ്രമിക്കേണ്ട ആരാധനയുടെയും പ്രാർത്ഥനയുടെയും നിലവാരങ്ങൾ ഇവയാണെന്നും എങ്കിൽ മാത്രമേ നമ്മെ യഥാർത്ഥ മുസ്ലിംകളായി പരിഗണിക്കാൻ കഴിയൂ.
നമ്മുടെ പ്രാർത്ഥനകളിലും ആരാധനകളിലും ദൈവത്തോടുള്ള സ്നേഹത്തിലും പുരോഗതി വരുത്താൻ നാം പരിശ്രമിക്കുമ്പോൾ മാത്രമേ ഇസ്‌ലാമിൻ്റെ യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ഫലവത്താകൂ. അപ്പോൾ മാത്രമേ നമ്മുടെ പരിശ്രമങ്ങളിൽ അല്ലാഹു അനുഗ്രഹം നല്കുകയുള്ളൂ.
ബംഗ്ലാദേശ് ജൽസ സാലാനയ്ക്കായുള്ള പ്രാർത്ഥന
ബംഗ്ലാദേശിലെ അഹ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജൽസ സാലാന (വാർഷിക സമ്മേളനം) ഇന്ന് ആരംഭിക്കുകയാണ്. അവിടെ വലിയ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. അവിടുത്തെ അഹ്മദികളെ പ്രാർത്ഥനയിൽ ഓർക്കണം. അല്ലാഹു അവരെ സംരക്ഷിക്കുകയും ജൽസ വിജയകരമായി നടക്കാൻ അനുഗ്രഹിക്കുകയും ചെയ്യട്ടെ.


0 Comments