മതം മനുഷ്യന് സമാധാനവും സന്തോഷവും നല്കുന്നുവെന്ന കാര്യം ദീര്‍ഘകാലത്തെ ഗവേഷണം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. സമീപകാലത്ത് നടന്നിട്ടുള്ള പഠനങ്ങളും ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും.
ഹുസാം അഹ്‌മദ് ശഫീഖ്
ജൂണ്‍ 9, 2023
പിഴവുകള്‍ മനുഷ്യസഹജമാണ്. അവ തിരുത്തപ്പെടുന്ന പക്ഷം സത്യത്തിന് വലിയ ഭീഷണിയാകുന്നില്ല. എന്നാല്‍ മനഃപൂർവം സമര്‍ഥിക്കപ്പെടുന്ന അസത്യങ്ങളുടെ കാര്യം അങ്ങനെയല്ല. വസ്തുതകള്‍ക്കും യാഥാർഥ്യങ്ങള്‍ക്കും എതിരായിട്ടുള്ള ഒരു ആസൂത്രിത യുദ്ധമാണ് അത്തരം കള്ളങ്ങള്‍ക്ക് പിന്നിലുള്ള ചേതോവികാരം. മതത്തോടും ദൈവത്തോടുമുള്ള തങ്ങളുടെ വെറുപ്പിന്‍റെ പുറത്ത്, ഈ രീതിയിലുള്ള ബോധപൂര്‍വമായ കള്ളപ്രചരണങ്ങളാണ് നാസ്തികര്‍ നടത്തുന്നത്.
ഐക്യരാഷ്ട്രസഭയുടെ പ്രസിദ്ധീകരണമായ ലോക സന്തോഷ സൂചികയുടെ (World Happiness Index) അടിസ്ഥാനത്തില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ട പ്രദേശമായി കണക്കാക്കപ്പെടുന്നത്. നൂറ്റിയമ്പതോളം രാജ്യങ്ങളെ സന്തോഷത്തിന്‍റെയും ജീവിതനിലവാരത്തിന്‍റെയും അടിസ്ഥാനത്തില്‍ തുലനം ചെയ്യുന്ന ഒരു വാര്‍ഷിക റിപ്പോര്‍ട്ടാണ് ലോക സന്തോഷ സൂചിക. 2012ല്‍ ആരംഭിച്ചത് മുതല്‍ എല്ലാ വര്‍ഷവും നോര്‍ഡിക് രാജ്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഉന്നത സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
വടക്കെ യൂറോപ്പിലെ ഈ ചെറിയ പ്രദേശം സന്തോഷത്തിന്‍റെ ആഗോള മാതൃകയായി തുടരുമ്പോള്‍ (അല്ലെങ്കില്‍ അങ്ങനെ കരുതപ്പെടുമ്പോള്‍) ഇവരുടെ സന്തോഷത്തിന്‍റെ പിന്നിലെ രഹസ്യമെന്താണെന്ന് അറിയാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സാംസ്കാരിക സവിശേഷതകള്‍, ജനിതക പ്രത്യേകതകള്‍ തുടങ്ങി ഒരുപാട് ഘടകങ്ങള്‍ ഇതിന് സഹായകമായി വര്‍ത്തിക്കുന്നുണ്ടാകാം എന്ന് കരുതപ്പെടുന്നു.
എന്നിരുന്നാലും, ശരിയായ കാരണങ്ങള്‍ എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, തങ്ങള്‍ ഇതിന്‍റെ കൃത്യമായ ഉത്തരം കണ്ടുപിടിച്ചു കഴിഞ്ഞു എന്നാണ് നാസ്തികരുടെ പ്രഖ്യാപനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
അസത്യത്തില്‍ കടഞ്ഞെടുത്ത മണ്ടത്തരം
ശൂന്യതയില്‍ നിന്ന് വാദങ്ങള്‍ മെനയാനുള്ള തങ്ങളുടെ കഴിവ് തെളിയിക്കുകയാണ് നാസ്തികര്‍.
സ്കാന്‍ഡിനേവിയയും മറ്റു മതരഹിത രാജ്യങ്ങളും ലോക സന്തോഷ സൂചികയില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ മതാധിപത്യമുള്ള അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ വളരെ പിന്നിലാണ്. സന്തുഷ്ട രാജ്യങ്ങളെ അസന്തുഷ്ട രാജ്യങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന പരമപ്രധാനമായ ഘടകം ദൈവത്തിലുള്ള അവരുടെ അവിശ്വാസവും മതനിരാസവുമാണെന്നാണ് ഇതിന്‍റെയടിസ്ഥാനത്തില്‍ നാസ്തികരുടെ കണ്ടെത്തല്‍. അഥവാ, തങ്ങളുടെ സന്തോഷത്തിനും അഭിവൃദ്ധിക്കും സ്കാന്‍ഡിനേവിയന്‍ ജനത കടപ്പെട്ടിരിക്കുന്നത് അവിടെ വളര്‍ന്നു വരുന്നു എന്ന് പറയപ്പെടുന്ന നിരീശ്വരപരമായ ആശയങ്ങളോടാണ് എന്ന് ചുരുക്കം.
അയുക്തികമായ സാമാന്യവത്കരണത്തിന്‍റെയും സ്പഷ്ടമായ ന്യായവൈകല്യങ്ങളുടെയും നല്ലൊരു ഉദാഹരണമാണ് ഈ വാദം എന്ന് പറയാതെ വയ്യ. സ്കാന്‍ഡിനേവിയയില്‍ നാസ്തികത വര്‍ധിക്കുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയല്ല. എങ്കിലും, വാദത്തിന് വേണ്ടി ഇക്കാര്യം അംഗീകരിച്ചാലും ദൈവനിഷേധം സന്തോഷത്തിന് നിദാനമാണെന്ന ഊഹസിദ്ധാന്തത്തിന് യാതൊരു പിന്‍ബലവും ലഭിക്കുന്നില്ല.
പൊള്ളത്തരം വെളിവാകുന്നു
മതം ദുഃഖത്തിന്‍റെ പര്യായമാണെന്ന് സമര്‍ഥിക്കാനുള്ള വ്യഗ്രതയില്‍ നാസ്തികര്‍ ഒരുപാട് വസ്തുതകള്‍ മറച്ചു വയ്ക്കുന്നുണ്ട്.
മുന്‍വിധിയോടെ തിരഞ്ഞെടുക്കപ്പെട്ട (cherry-picked) ചില രാജ്യങ്ങളുടെ ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടിയാണ് മതനിരാസം സന്തോഷത്തിലേക്കുള്ള പാതയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിരീശ്വരവാദികള്‍ ശ്രമിക്കുന്നത്. കുറച്ചധികം രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ഈ വാദത്തെ പരിശോധിച്ചാല്‍ അതിലെ കാപട്യം വെളിപ്പെടുന്നതാണ്.
ഉദാഹരണത്തിന്, ലോകത്ത് ഏറ്റവും കൂടുതല്‍ മതനിരാസമുള്ള രാജ്യം ചൈനയാണ്. അവിടെയുള്ള 61 ശതമാനം ആളുകളും തങ്ങള്‍ ‘അടിയുറച്ച നിരീശ്വരവാദികള്‍’ (convinced atheists) ആണെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്. ഇതിനു പുറമെ 29 ശതമാനം ആളുകള്‍ മതരഹിതരുമാണ്[1]. മേല്പ്പറഞ്ഞ നാസ്തിക സിദ്ധാന്ത പ്രകാരം ചൈന സന്തോഷത്തില്‍ മുങ്ങിനില്ക്കുകയാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. ലോക സന്തോഷ സൂചികയുടെ എല്ലാ വര്‍ഷത്തെ കണക്കുകളിലും ചൈന വളരെ പിന്നോക്കമാണ് നില്ക്കുന്നത്. ഇതുപോലെ, മതരാഹിത്യം അധികമുള്ള മറ്റു രാജ്യങ്ങളായ ജപ്പാന്‍, ഹോങ്ങ് കോങ്ങ്, വിയറ്റ്നാം, സൗത്ത് കൊറിയ, റഷ്യ, ഹംഗറി തുടങ്ങിയവയും സന്തോഷത്തിന്‍റെ പട്ടികയില്‍ വളരെ പിന്നിലാണ്.
മറുവശത്ത് യു.എസ്.എ, ബഹ്‌റൈന്‍, സൗദി അറേബ്യ, യു.എ.ഈ, ഖത്തര്‍, അയര്‍ലണ്ട്, ഇറ്റലി തുടങ്ങിയ മതവിശ്വാസികള്‍ അധികമുള്ള രാജ്യങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ താരതമ്യേന മുന്നിലുമാണ്.
ചുരുക്കത്തില്‍, ലോക സന്തോഷ സൂചികയെ ആശ്രയിച്ചുകൊണ്ട് തങ്ങളുടെ തന്നെ കടക്കല്‍ കത്തി വയ്ക്കുകയാണ് നാസ്തികര്‍ ചെയ്യുന്നത്.
‘സന്തോഷ’ത്തോടൊപ്പം വര്‍ധിക്കുന്ന വിഷാദവും ആത്മഹത്യയും
സ്കാന്‍ഡിനേവിയയുടെ സന്തോഷത്തിന്‍റെ മറവില്‍ നാസ്തികതയ്ക്ക് പ്രസക്തി നേടിക്കൊടുക്കാന്‍ ശ്രമിക്കുന്ന നിരീശ്വരവാദികള്‍ മറച്ചു വയ്ക്കുന്ന ചില വസ്തുതകള്‍ കൂടിയുണ്ട്.
നോര്‍ഡിക് രാജ്യങ്ങള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് വിഷാദരോഗം. സ്കാന്‍ഡിനേവിയയില്‍ ജനങ്ങളുടെ മാനസികാരോഗ്യം പൊതുവില്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്[2]. നോര്‍വെയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സഹായം തേടുന്ന യുവാക്കളില്‍ അഞ്ച് വര്‍ഷത്തെ കാലയളവില്‍ 40 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുള്ളത്[3]. ഡെന്മാര്‍ക്കില്‍ 18 ശതമാനം യുവാക്കളുടെ മാനസികാരോഗ്യം വളരെ മോശമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു[4].
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നല്കപ്പെടുന്ന (antidepressant) മരുന്നുകളുടെ ഉപഭോഗവും സ്കാന്‍ഡിനേവിയയില്‍ വളരെയധികമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ യുറോപ്പില്‍ ആന്‍റിഡിപ്രസെന്‍റ്‍ മരുന്നുകളുടെ ഉപഭോഗം ഏതാണ്ട് രണ്ടര മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് ഒ.ഇ.സി.ഡി രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. ലോക സന്തോഷ സൂചികയുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ മൂന്നാം സ്ഥാനത്തുള്ള ഐസ്‌ലാൻറാണ് ഇത്തരം മരുന്നുകളുടെ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഇതിനു പിന്നാലെ സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍റ്‍ എന്നീ രാജ്യങ്ങള്‍ ആദ്യത്തെ പത്തിലും, നോര്‍വെ പതിനേഴാം സ്ഥാനത്തുമായി സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.[5]
ഇവ്വിധം അവതാളത്തിലായ മാനസികസ്ഥിതി മുഖേന സമ്മര്‍ദം, ഉത്കണ്ഠ തുടങ്ങി ആത്മഹത്യയോളം വരുന്ന അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉളവാകുന്നു. വിഷാദത്തിന്‍റെ ഇത്തരം ഭവിഷ്യത്തുകള്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വളരെയധികമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട ഫിന്‍ലാന്‍റ് നേരിടുന്ന ഒരു ഗുരുതര പ്രശ്നമാണ് ആത്മഹത്യ. യൂറോപ്യന്‍ യൂണിയന്‍റെ ശരാശരി നിരക്കിനേക്കാള്‍ അധികമാണ് ഫിലാന്‍റിലെ ആത്മഹത്യാനിരക്ക്[6]. ഇവിടെയുള്ള 15 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവരുടെ മരണനിരക്കില്‍ മൂന്നിലൊന്ന് മരണങ്ങള്‍ ആത്മഹത്യ വഴിയാണ് നടക്കുന്നത്.[7]
സ്കാന്‍ഡിനേവിയക്ക് പുറത്തും, നാസ്തിക രാജ്യങ്ങളിലെ ആത്മഹത്യാനിരക്ക് മതാധിപത്യമുള്ള രാജ്യങ്ങളെക്കാള്‍ അധികമാണെന്ന് ഗ്യാലപ്പ് നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്[8]. Suicidologi എന്ന ശാസ്ത്രപത്രികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം ഇതേ കാര്യം സൂചിപ്പിക്കുന്നതോടൊപ്പം മുസ്‌ലിം രാജ്യങ്ങളില്‍ ആത്മഹത്യ ഏറ്റവും കുറവാണെന്ന കാര്യവും എടുത്തു പറയുന്നു[9]. കൂടാതെ, പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാനും മതരാജ്യങ്ങളില്‍ നാസ്തികരാജ്യങ്ങളെക്കാള്‍ ആത്മഹത്യ കുറവാണെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്[10]. സ്കാന്‍ഡിനേവിയയിലെ മതനിരാസവും സന്തോഷവും തമ്മില്‍ ബന്ധമുണ്ടെന്ന വാദം ആദ്യമായി മുന്നോട്ട് വച്ച വ്യക്തിയാണ് ഫില്‍ സുക്കര്‍മാന്‍.
ലോകത്തില്‍ ഏറ്റവും സന്തുഷ്ടരെന്ന് ഘോഷിക്കപ്പെടുന്ന രാജ്യങ്ങള്‍ വിഷാദരോഗത്തിന്‍റെ കണക്കിലും ആത്മഹത്യാനിരക്കിലും മുന്നിലാണെന്ന വസ്തുത ലോക സന്തോഷ സൂചികയുടെ സാധുത ചോദ്യം ചെയ്യുന്നതോടൊപ്പം മതനിരാസം സന്തോഷത്തിലേക്ക് നയിക്കുന്നുവെന്ന നാസ്തികരുടെ വാദത്തിന്‍റെ പൊള്ളത്തരവും തുറന്നുകാട്ടുന്നു.
മതവും സന്തോഷവും
മതം മനുഷ്യന് സമാധാനവും സന്തോഷവും നല്കുന്നുവെന്ന കാര്യം പരമ്പരാഗതമായി മനുഷ്യര്‍ അംഗീകരിച്ച ഒരു വാദം എന്നതിലുപരി ദീര്‍ഘകാലത്തെ ഗവേഷണം തെളിയിച്ചിട്ടുള്ള വസ്തുത കൂടിയാണ്. ഇക്കാര്യത്തെ ഖണ്ഡിക്കാന്‍ സമീപകാലത്ത് നാസ്തികരുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടന്നു തുടങ്ങിയിട്ടുണ്ടെങ്കിലും പുതുതായി നടന്ന പഠനങ്ങളും ഈ വാദത്തെ നിരാകരിക്കുന്നതിന് പകരം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.
മതവിശ്വാസികള്‍ പൊതുവില്‍ നിര്‍മതരെക്കാള്‍ സന്തുഷ്ടരാണെന്ന് പ്യൂ റിസര്‍ച്ച് സെന്‍റര്‍ ജനുവരി 2019ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു[11]. മതത്തില്‍ സജീവമായി നിലകൊള്ളുന്നവരാണ് ഈ സവിശേഷത അനുഭവിക്കുന്നതെന്നും പ്രസ്തുത റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
ദൈവവിശ്വാസവും സന്തോഷവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതാണ് 2021ല്‍ നടന്ന മറ്റൊരു പഠനം[12]. ദൈവത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരും തങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ തൃപ്തിയുള്ളവരുമാണെന്ന് 79 രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത പഠനം വ്യക്തമാക്കി.
മതത്തിന്‍റെ ഈ സവിശേഷതയ്ക്ക് പിന്നിലെ കാരണം അന്വേഷിച്ചു കൊണ്ട്, ഈ മേഖലയില്‍ നടന്നിട്ടുള്ള പഠനങ്ങളെ വിശകലനം ചെയ്തുകൊണ്ട് 2018ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനവും (review article) ശ്രദ്ധേയമാണ്. മതം മനുഷ്യജീവിതത്തിന് അര്‍ഥവും ലക്ഷ്യവും നല്കുന്നതോടൊപ്പം, മനുഷ്യന് ജീവിതത്തില്‍ ഏല്ക്കുന്ന ആഘാതങ്ങളെ നേരിടാന്‍ ശക്തി പകരുകയും, അവന്‍റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും, മതം പ്രദാനം ചെയ്യുന്ന സാമൂഹിക പിന്തുണ മതവിശ്വാസികളുടെ സന്തോഷത്തിന് കാരണമാകുന്നുവെന്നും പ്രസ്തുത പഠനം വിശദമാക്കുകയുണ്ടായി.[13]
അഥവാ, മതം നല്കുന്ന സാമൂഹിക കെട്ടുറപ്പിന് പുറമെ, ദൈവവിശ്വാസം ആശയാടിസ്ഥാനത്തിലും മനുഷ്യന് ശക്തമായ മാനസിക പിന്‍ബലം നല്കുന്നു എന്ന് ചുരുക്കം.
ഇത്തരത്തില്‍ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദത്തിന് ഒരു കച്ചിത്തുരുമ്പെന്നോണമാണ് നാസ്തികര്‍ സ്കാന്‍ഡിനേവിയയിലെ കണക്കുകള്‍ ഉദ്ധരിക്കാറുള്ളത്. എന്നാല്‍, ആ രാജ്യങ്ങളിലെ അവസ്ഥയും മതത്തിന്‍റെ പ്രസക്തി വിളിച്ചോതുന്നതായാണ് കാണാന്‍ സാധിക്കുക. സ്കാന്‍ഡിനേവിയയെ അടിസ്ഥാനമാക്കി നോര്‍ഡിക് കൗണ്‍സില്‍ ഓഫ് മിനിസ്റ്റര്‍സും ഹാപ്പിനെസ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കൂടി 2018ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ സ്കാന്‍ഡിനേവിയയിലെ മതവിശ്വാസികള്‍ അവിടെയുള്ള മതരഹിതരെക്കാള്‍ സന്തുഷ്ടരാണെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്[14].
ഈ യാഥാര്‍ഥ്യങ്ങളെല്ലാം മറച്ചുവച്ചു കൊണ്ടാണ് നാസ്തികര്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ തങ്ങളുടെ വാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തിനും വസ്തുതകള്‍ക്കും വേണ്ടി നിലകൊള്ളുന്നവരെന്ന് സ്വയം വാദിക്കുന്നവര്‍ തന്നെ സത്യസന്ധതയുടെ എല്ലാ മൂല്യങ്ങളും വിസ്മരിക്കുകയും ഗവേഷണത്തിന്‍റെ എല്ലാ തത്വങ്ങളും ലംഘിക്കുകയും ചെയ്യുന്നത് ഭീമമായ വിശ്വാസവഞ്ചനയാണ്.
എങ്കിലും, ഒരു രീതിയില്‍ ചിന്തിച്ചാല്‍ നിസ്സഹായത കൊണ്ടാണ് നാസ്തികര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് പറയേണ്ടി വരും. കാരണം, സത്യത്തിന്‍റെയോ യുക്തിയുടെയോ യാതൊരു പിന്‍ബലവുമില്ലാത്ത തങ്ങളുടെ ആശയത്തെ നിലനിര്‍ത്താന്‍ മറ്റെന്ത് മാര്‍ഗമാണ് അവര്‍ അവലംബിക്കുക?
കുറിപ്പുകള്‍
[1] Losing Our Religion? Two Thirds of People Still Claim to Be Religious. A survey by WIN/Gallup
[2] Epidemiological Overview of Major Depressive Disorder in Scandinavia Using Nationwide Registers, Joëlle A Pasman et al. The Lancet Regional Health – Europe, 27 March 2023
[3] Psykisk Helse i Norge (Mental Health in Norway) Anne Reneflot et al. Norwegian Institute of Public Health, January 2018
[4] Den Nationale Sundhedsprofil (The National Health Profile) The University of Southern Denmark, 2017
[5] Health at a Glance 2021: OECD Indicators പേ. 241
[6] Just Over 56000 Persons in the EU Committed Suicide, Eurostat 16 July 2018
[7] Mental Health Among Youth in Finland: Who Is Responsible? What Is Being Done? Matilda Wrede-Jantti, Nordic Centre for Welfare and Social Issues, 2016 പേ. 7
[8] In More Religious Countries, Lower Suicide Rates, Gallup 3 July 2008
[9] A Global Perspective in the Epidemiology of Suicide, José Manoel Bertolote and Alexandra Fleischmann, Suicidologi June 2015
[10] Atheism: Contemporary Numbers and Patterns by Phil Zuckerman, in The Cambridge Companion to Atheism, Cambridge University Press 2007, പേ. 58
[11] Are Religious People Happier, Healthier? Our New Global Study Explores This Question, Pew Research Center, 31 January 2019
[12] Relationships Among Belief in God, Well-Being, and Social Capital in the 2020 European and World Values Surveys: Distinguishing Interpersonal and Ideological Prosociality by John B Nezlek, Journal of Religion and Health June 2022
[13] Intersection of Religion and Subjective Well-Being by Chu Kim-Prieto and Leanne Miller, in Handbook of Well-Being DEF Publishers 2018, പേ. 413-421
[14] In the Shadow of Happiness by Ulf Andreasson, Nordic Council of Ministers 2018, പേ. 26
1 Comment
Binth Muhammed · ജൂൺ 11, 2023 at 1:50 am
Masha Allah
Jazakallah