റമദാന്‍ : പ്രാര്‍ത്ഥനാ സ്വീകാര്യതയുടെ വസന്ത കാലം

ഒരു വ്യക്തിയും അല്ലാഹുവും തമ്മിലുള്ള ബന്ധം രണ്ട് യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം പോലെയായിരിക്കണം എന്നതാണ് ദുആ സ്വീകാര്യതക്കുള്ള മൗലികവും അടിസ്ഥാനപരവുമായ വ്യവസ്ഥ.

റമദാന്‍ : പ്രാര്‍ത്ഥനാ സ്വീകാര്യതയുടെ വസന്ത കാലം

ഒരു വ്യക്തിയും അല്ലാഹുവും തമ്മിലുള്ള ബന്ധം രണ്ട് യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം പോലെയായിരിക്കണം എന്നതാണ് ദുആ സ്വീകാര്യതക്കുള്ള മൗലികവും അടിസ്ഥാനപരവുമായ വ്യവസ്ഥ.

ഏപ്രില്‍ 4, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 29 മാര്‍ച്ച് 2024 ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: ജന്നത്ത് അഫീഫ് എ.പി

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അ) സൂറ ബഖറയിലെ 187ആം വചനം പാരായണം ചെയ്യുകയുണ്ടായി. അതിന്‍റെ പരിഭാഷ ഇപ്രകാരമാണ്:

“എന്നെ സംബന്ധിച്ച് എന്‍റെ ദാസന്മാർ നിന്നോട് ചോദിക്കുന്ന പക്ഷം, പറയുക നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു.  പ്രാർത്ഥിക്കുന്നവന്‍റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകും; അവൻ എന്നെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ. അതുകൊണ്ട് അവർ എന്‍റെ  വിളിക്ക് ഉത്തരം നൽകുകയും  എന്നിൽ  വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗം പ്രാപിക്കുന്നതിന് വേണ്ടി.”

റമദാനും ദുആ സ്വീകാര്യതയും തമ്മിലുള്ള ബന്ധം

റമദാനിലെ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട വചനങ്ങൾക്ക്  അനുബന്ധമായാണ് ഈ വചനവും വരുന്നത്. ദുആ അഥവാ പ്രാര്‍ത്ഥനക്ക് റമദാനുമായും വ്രതാനുഷ്ടാനവുമായും വളരെ സവിശേഷമായ ബന്ധമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.  അതുകൊണ്ടു തന്നെയാണ് ഈ പരിശുദ്ധ മാസത്തിൽ നഫൽ നമസ്കാരം ഉൾപ്പെടെയുള്ള മറ്റെല്ലാ നമസ്കാരങ്ങളിലേക്കും പ്രത്യേകിച്ചു ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. ഈ മാസത്തിൽ അല്ലാഹു തന്‍റെ ദാസരുടെമേൽ സാധാരണ  ദിനങ്ങളെ അപേക്ഷിച്ചു കൂടുതൽ  സ്നേഹം പ്രകടിപ്പിക്കുന്നു എന്ന് ഓരോ മുസ്‌ലിമിനും അറിയാവുന്നതാണ്.

ഒരിക്കൽ തിരുനബി(സ) ഇപ്രകാരം അരുൾ ചെയ്യുകയുണ്ടായി:

‘അല്ലാഹു തന്‍റെ ദാസന്മാരോട്  അവന്‍റെ ചിന്താഗതിക്കനുസരിച്ചാണ് വർത്തിക്കുന്നത്. ദാസൻ അല്ലാഹുവിനെ സ്മരിക്കുന്ന സമയത്ത് അല്ലാഹു അവന്‍റെ കൂടെയുണ്ടായിരിക്കും. അവൻ അല്ലാഹുവിനെ അവന്‍റെ  മനസ്സിൽ സ്മരിക്കുമ്പോൾ അവനെ അല്ലാഹു തന്‍റെ മനസ്സിൽ സ്മരിക്കുന്നു. അവൻ അല്ലാഹുവിനെ ഏതെങ്കിലും  സദസ്സിൽ സ്മരിക്കുമ്പോൾ അല്ലാഹു അവനെയും മറ്റൊരു സദസ്സിൽ സ്മരിക്കുന്നു. അവൻ അല്ലാഹുവിലേക്ക് ഒരു ചാൺ അടുക്കുമ്പോൾ അല്ലാഹു അവനിലേക്ക് ഒരു മുഴം അടുക്കുന്നു. അവൻ അല്ലാഹുലേക്ക് ഒരു മുഴം അടുക്കുമ്പോൾ അല്ലാഹു അവനിലേക്ക് രണ്ടു മുഴം അടുക്കുന്നു. അവൻ അല്ലാഹുലേക്ക് നടന്നു വരുമ്പോൾ അല്ലാഹു അവനിലേക്ക് ഓടിയടുക്കുന്നു.’

സാധാരണ സമയങ്ങളിൽ അല്ലാഹു തന്‍റെ ദാസന്മാരോട് പെരുമാറുന്ന രീതിയാണിത്. റമദാൻ മാസത്തിൽ ദൈവസ്മരണയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അന്തരീക്ഷം ഉടലെടുക്കുന്നു. അപ്പോൾ അല്ലാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങൾ എത്രമാത്രമായിരിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. അതിനെ സംബന്ധിച്ച് നമുക്ക് ഊഹിക്കാൻ പോലും സാധ്യമല്ല.

ദുആയിൽ ഉറച്ചുനിൽക്കുന്നതിന്റെ‍ പ്രാധാന്യം

ഇവ സത്യവിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ആത്മാർത്ഥമായ ഹൃദയത്തോടെ ചെയ്യുന്ന കർമങ്ങളെ ആശ്രയിച്ചിരിക്കുന്നു. അപ്പോഴാണ് അല്ലാഹു തന്‍റെ ദാസരുടെ നേരെ കാരുണ്യത്തോടെ തിരിയുന്നത്. തന്‍റെ നേരെ കൈ നീട്ടുന്നവരെ നിരാശരാക്കാന്‍  അല്ലാഹു ഇഷ്ട്ടപെടുന്നില്ല എന്ന് തിരു നബി (സ) അരുൾ ചെയ്യുകയുണ്ടായി.

സത്യഹൃദയത്തോടെ അല്ലാഹുവിലേക്ക് അണയുന്നവരുടെ അവസ്ഥ  ഇതാണ്.  സത്യസന്തമായ ഹൃദയത്തിന് ദൃഡനിശ്ചയത്തോടെയുള്ള  പശ്ചാത്താപം അനിവാര്യമാണ്.

ഞങ്ങൾ ദുആ ചെയ്യുകയുണ്ടായി, എന്നാൽ അവ സ്വീകരിക്കപ്പെട്ടില്ല എന്ന് ചിലർ തിടുക്കംകൂട്ടുന്നു. എന്നാൽ തങ്ങൾ എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് ദുആ ചെയ്തതെന്നോ അല്ലാഹുവുമായുള്ള തങ്ങളുടെ ബന്ധം വർധിപ്പിക്കുന്നതിന് ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ടോ എന്നോ തങ്ങളുടെ പാപങ്ങളിൽ നിന്നും ആത്മാർഥമായി പശ്ചാത്തപിച്ചു മടങ്ങിയിട്ടുണ്ടോ എന്നോ പരിശോധിക്കാനോ അവന്‍റെ കൽപ്പനകൾ നിറവേറ്റിക്കൊണ്ട് ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താനോ അവർ ശ്രമിക്കുന്നില്ല. അതിനാല്‍ അവന്‍റെ പ്രത്യേക അനുഗ്രഹങ്ങൾ സ്വായത്തമാക്കാൻ നാം അവന്‍റെ കൽപ്പനകൾ നിറവേറ്റേണ്ടതുണ്ട്.

നമുക്ക് ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ  അവ പരിഹരിക്കാനും പാപമോചനം തേടാനും കൂടുതൽ യോഗ്യനായ വ്യക്തി ആയി മാറുന്നതിനായി ശാശ്വതമായ മാറ്റം വരുത്താനും എല്ലാ വർഷവും റമദാനിലൂടെ ഒരു അവസരം ഒരുക്കിത്തരുന്ന അല്ലാഹു വളരെ കരുണയുള്ളവനാണ്. അല്ലാഹുവിന്‍റെ യഥാർത്ഥ ദാസന്മാരാകാനുള്ള അവസരമാണിത്. അതിന് ആവശ്യമായതെല്ലാം ചെയ്യാനുള്ള സാഹചര്യം അവൻ നമുക്ക് നൽകിയിരിക്കുന്നു. ഒടുവിൽ ഈ അവസ്ഥയിൽ നാം എത്തുമ്പോൾ അവൻ നമ്മുടെ ദുആ കേൾക്കുക മാത്രമല്ല, അവക്ക് ഉത്തരം നൽകുകയും ചെയ്യുന്നുവെന്ന് അല്ലാഹു നമുക്ക് സന്തോഷവാർത്ത നൽകുന്നു. എന്നാൽ നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തരുത്, പകരം അവ ദൈവവുമായി കൂടുതൽ ശക്തവും അടുത്തതുമായ ബന്ധം സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ളതായിരിക്കണം.

പ്രാർത്ഥനയിൽ കേവല അധരസേവനം പര്യാപ്തമല്ല

ഒരുവനെ യഥാർത്ഥ ദൈവദാസൻ എന്ന നിലയിലേക്ക് നയിക്കാൻ വാക്കാലുള്ള സ്നേഹപ്രകടനങ്ങൾ മാത്രം മതിയാകില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് അല്ലാഹുവിന്‍റെ കൽപ്പനകൾ പാലിക്കുന്നതിലൂടെ മാത്രമേ ഇത് നേടാനാകൂ.

ഒരു വ്യക്തി ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത തരത്തിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുമ്പോൾ അത് സംഭവ്യമാകും. അതുകൊണ്ട് പല ദുആകൾ ചെയ്തിട്ടും ഫലമുണ്ടായില്ല എന്ന് പറയുന്നവർ പോലും തങ്ങൾ ആത്മാർത്ഥമായി ദുആ ചെയ്തിട്ടുണ്ടോ എന്നും അല്ലാഹുവുമായുള്ള ബന്ധം വർധിപ്പിക്കാൻ ശ്രമിച്ചതിൽ നീതി പുലർത്തിയിട്ടുണ്ടോ എന്നും ആത്മപരിശോധന നടത്തേണ്ടതുണ്ട്.

പ്രാർത്ഥനയുടെ ഫലപ്രാപ്തിയെ നിർണ്ണയിക്കുന്ന ഘടകമായി ചിലർ കണക്കാക്കുന്നത് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നുണ്ടോ എന്നതാണ്. അവരുടെ കൃത്യമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ, അവർ ദുആയെ മാത്രമല്ല അല്ലാഹുവിനെ തന്നെയും ചോദ്യം ചെയ്യാനാരംഭിക്കുന്നു. എന്നാൽ ഇവ യഥാർത്ഥ ദൈവദാസന്മാരുടെ ലക്ഷണങ്ങളല്ല. അതിനാൽ, പ്രാർത്ഥനയെ ചോദ്യം ചെയ്യുന്നതിനുമുമ്പ് നാം ദൈവത്തിന്‍റെ കൽപ്പനകളും നമ്മുടെ വിശ്വാസത്തിന്‍റെ നിലവാരവും നിറവേറ്റുന്നുണ്ടോ എന്ന് സ്വയം ചോദ്യം ചെയ്യണം.

യഥാർത്ഥ ദുആ എങ്ങനെ സ്വായത്തമാക്കാം?

ദുആയുടെ തത്വം, ആരാണ് അല്ലാഹുവിന്‍റെ യഥാർത്ഥ ദാസർ,    ദുആ സ്വീകാര്യത,   യഥാർത്ഥ ദുആ  എങ്ങനെ സ്വായത്തമാക്കാം എന്നതിനെ സംബന്ധിച്ചെല്ലാം ഹദ്റത്ത് വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചു തന്നിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപെട്ട് വാഗ്ദത്ത മസീഹ്(അ)ന്‍റെ ചില ഉദ്ധരണികൾ സമർപ്പിക്കുന്നതാണെന്ന്  ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

വാഗ്ദത്ത മസീഹ്(അ) പറയുന്നു:  അല്ലാഹു പ്രാർത്ഥന കേൾക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ  അതിനുള്ള  നിബന്ധന ഒരാൾ യഥാർത്ഥ സത്യവിശ്വാസി  ആയിത്തീരുകയും അല്ലാവുവിന്‍റെ അസ്തിത്വത്തെ അസന്നിഗ്ധമായി അംഗീകരിക്കുകയും അതുവഴി അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ടെന്ന വസ്തുതയിലുള്ള അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

വിശ്വാസത്തിന്‍റെ ഫലമായ ദൃഢജ്ഞാനം  സംജാതമാകുമ്പോൾ ഒരു വ്യക്തിക്ക് തന്‍റെ ദുആയുടെ ഫലം ദർശിക്കാനാകുന്നു. ഒരു വ്യക്തിയുടെ വിശ്വാസം ഒരു ചെറിയ പ്രതികൂല സാഹചര്യത്തിൽ  പോലും പതറിപ്പോകാൻ ഇടവരുന്നതാകരുത്. ഒരു വ്യക്തിയും അല്ലാഹുവും തമ്മിലുള്ള ബന്ധം രണ്ട് യഥാർത്ഥ സുഹൃത്തുക്കൾ  തമ്മിലുള്ള ബന്ധം പോലെയായിരിക്കണം. ദുആ  സ്വീകാര്യതക്കുള്ള മൗലികവും അടിസ്ഥാനപരവുമായ വ്യവസ്ഥകൾ ഇവയാണ്.

വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്  പറയുന്നു : അല്ലഹിവിന് നമ്മോട് സംസാരിക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് നാം സ്വയം വികസിക്കേണ്ടതുണ്ട്. തഖ്‌വയും ദൈവഭയവും വളർത്തിയെടുക്കുന്നതിലൂടെയും  അല്ലാഹുവിന്‍റെ അസ്തിത്വത്തിലും അദൃശ്യകാര്യങ്ങളിലും അടിയുറച്ചു  വിശ്വസിക്കുന്നതിലൂടെയും അല്ലാഹുവിന്‍റെ സർവ്വാധികാരത്തെ അംഗീകരിക്കുന്നതിലൂടെയും  ഇത് നേടാനാകുന്നതാണ്.

ദൈവീക അസ്തിത്വത്തെ സംബന്ധിച്ച ദൃഢജ്ഞാനം എങ്ങനെ സ്വായത്തമാക്കാനാകും?

വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്  പറയുന്നു: അല്ലാഹു പറയുന്നു എന്‍റെ ദാസന്മാർ എന്‍റെ അസ്തിത്വത്തെ സംബന്ധിച്ച് തെളിവ് ആവശ്യപ്പെടുകയും ദൈവത്തെ എങ്ങനെ മനസ്സിലാക്കാം എന്നും ചോദിക്കുന്ന പക്ഷം അതിനുള്ള മറുപടി ഇതാകുന്നു. അല്ലാഹു പറയുന്നു, ഞാന്‍ വളരെ സമീപസ്ഥനാണ്. നാം അവനെ വിളിക്കുന്ന  പക്ഷം  നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരങ്ങളിലൂടെ നമുക്ക് അവനെ കണ്ടെത്താൻ കഴിയുന്നു. മറ്റു മതസ്ഥരുടെ  ദൈവം സമീപസ്ഥനല്ല. അതിനാൽ, ഒരാൾ ആത്മാർത്ഥമായ ഹൃദയത്തോടെ അല്ലാഹുവിനെ വിളിക്കുമ്പോൾ അവർക്ക് അവനെ കണ്ടെത്താനും അവനോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും സാധിക്കുന്നു. അല്ലാഹു നമ്മുടെ ദുആകൾക്ക് ഉത്തരം നൽകുന്നു എന്നത് ദൈവീക അസ്തിത്വത്തിനുള്ള തെളിവാണ്.

വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്  തുടർന്ന് പറയുന്നു: അല്ലാഹുവിന്‍റെ അടയാളങ്ങൾ കാണുന്നത് അവനെ തിരിച്ചറിയാനുള്ള മാർഗമാണ്. എന്നിരുന്നാലും, ഒരു വ്യക്തിക്കും അല്ലാഹുവിനുമിടയിൽ ഒരു തടസ്സം നിലനിൽക്കുന്നുണ്ടെങ്കിൽ, അവർക്ക് അവനെ കേൾക്കാനോ അവന്‍റെ അടയാളങ്ങൾ കാണാനോ കഴിയില്ല. അതിനാൽ, ദൈവത്തോടുള്ള സ്നേഹം വർധിപ്പിക്കുകയും അവനുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുക  എന്നതാണ് അതിനുള്ള പ്രതിവിധി. അങ്ങനെ ഒരു തടസ്സവുമില്ലാതെ ഒരാൾക്ക് ദൈവത്തെ കേൾക്കാനും അവന്‍റെ അടയാളങ്ങൾ കാണാനും സാധിക്കുന്നതാണ്.

വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്  തുടരുന്നു വിശ്വാസത്തിൽ വർദ്ധനവ് ഉണ്ടാകുന്നതിന് വേണ്ടി ഒരാൾ തുടര്‍ച്ചയായി ദുആയിൽ  മുഴുകേണ്ടതാണ്. ദുആ  മുഖേന ഒരു വ്യക്തിയുടെ ഉള്ളിൽ മാറ്റം സംജാതമാകുകയും അത്  ആത്യന്തികമായി അവരുടെ ശുഭപര്യവസാനത്തിലേക്ക് നയിക്കുകയും  ചെയ്യുന്നു.

ഇവ കേവലം പഴയ കഥകളല്ല. മറിച്ചു  ഈ കാലഘട്ടത്തിനും അവ  നമുക്ക് ഇത്തരം സംഭവങ്ങള്‍ കാണാം. ഇന്നും ദുആ  സ്വീകാര്യതക്കുള്ള നിരവധി ഉദാഹരണങ്ങൾ ലഭ്യമാണ്. നിരവധി ആളുകൾ തനിക്ക് എഴുതി അറിയിച്ച ദുആ സ്വീകാര്യതയുമായി ബന്ധപ്പെട്ട സംഭവങ്ങൾ മുൻപ് പലതവണ അവതരിപ്പിച്ചിട്ടിട്ടുണ്ടെന്ന്  ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി.

റിവ്യൂ ഓഫ് റിലീജിയൻസ് ദൈവാസ്ത്തിത്വത്തെ കുറിച്ച് ഒരു പ്രോഗ്രാം [the God Summit] നടത്തുകയുണ്ടായി. അതിൽ നിരവധി ആളുകൾ ദുആ സ്വീകാര്യതയുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വാസ്‌തവത്തിൽ, വിശ്വാസ ധൗർബല്യമുള്ളവർക്കും ചിലസമയത്ത് ദുആ സ്വീകാര്യതയിലൂടെ അല്ലാഹു തന്‍റെ മഹത്തായ ശക്തി പ്രകടിപ്പിക്കുന്നു. ഇത് അല്ലാഹുവിനെ തിരിച്ചറിയാനും അവനുമായുള്ള ബന്ധം വർദ്ധിപ്പിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു.

വാഗ്ദത്ത മസീഹ് (അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്  തുടർന്ന് പറയുന്നു: സാധാരണ പ്രാർത്ഥനയും ദൈവീക  ജ്ഞാനം കരഗതമായതിനുശേഷമുള്ള പ്രാർത്ഥനയും തമ്മിൽ വളെരെയതികം  വ്യത്യാസമുണ്ട്‌. വേഗത്തിൽ നിർവഹിക്കുന്ന കേവലമായ പ്രാർത്ഥനകൾ യഥാർത്ഥ പ്രാർത്ഥനയായി മാറില്ല. മറിച്ച്, യഥാർത്ഥ  ദൈവീക ജ്ഞാനം കരഗതമാകുമ്പോൾ മാത്രമാണ് പ്രാർത്ഥനയുടെ ശക്തി ശരിക്കും അനുഭവിക്കാൻ സാധിക്കൂ. ഒരു വ്യക്തിയോട് അവരുടെ ആത്മാവ് അടുത്തിരിക്കുന്നതുപോലെ ദൈവം അവനോട് അടുക്കുന്നത് പ്രാർത്ഥനയിലൂടെയാണ്.

ദുആയുടെ നിബന്ധനകൾ

യഥാർത്ഥ ദുആ  ഒരുവനെ വ്യർത്ഥമായ കാര്യങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അകറ്റുന്നുവെന്ന് ഹദ്റത് വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചിട്ടുണ്ട്. ആത്മാർത്ഥതയോടെ അർപ്പിക്കുന്ന യഥാർത്ഥ ദുആകളുടെ  മറ്റൊരു അടയാളം, ഒരാൾ തനിക്കും തന്‍റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും വേണ്ടിമാത്രമല്ല ദുആ ചെയ്യുക മറിച്ച്, ദൈവവുമായുള്ള ബന്ധം വർദ്ധിപ്പിക്കാനുള്ള കഴിവ്  നേടുന്നതിനുവേണ്ടിയും അവർ പ്രാർത്ഥിക്കുന്നു. ഒരു വ്യക്തിയിൽ തീക്ഷണത നിറയുകയും അവൻ പ്രാര്‍ത്ഥനയിൽ  കരഞ്ഞു വിലപിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ പ്രാര്‍ത്ഥന ഉടലെടുക്കുന്നത്. എന്നാൽ ഈ അവസ്ഥയും അല്ലാഹുവിന്‍റെ കൃപയാൽ മാത്രമേ സംജാതമാകൂ. അതിനാൽ, ദുആ അതിന്‍റെ യഥാർത്ഥ അർത്ഥത്തിൽ നിർവഹിക്കുന്നതിനുള്ള കഴിവ് നേടുന്നതിന് വേണ്ടിയും ദുആ ചെയ്യേണ്ടത്‌ അത്യന്താപേക്ഷിതമാണ്.

നാവ് ഉച്ചരിക്കുന്നതിനെ ഹൃദയം പ്രതിഫലിപ്പിക്കുമ്പോഴാണ് പ്രാർത്ഥനയുടെ യഥാർത്ഥ വ്യവസ്ഥകൾ നിറവേറ്റപ്പെടുന്നതെന്ന് വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്   പറയുകയുണ്ടായി. രാത്രിയിൽ ഉണർന്ന് ഹൃദയം അവന്‍റെ നിയന്ത്രണത്തിലാണെന്ന് ദൈവത്തിന് മുമ്പാകെ പ്രഖ്യാപിക്കുകയും ഹൃദയത്തിന്‍റെ ശുദ്ധീകരണത്തിനായി അപേക്ഷിക്കുകയും ചെയ്താൽ, ഒരു വ്യക്തിയുടെ ഹൃദയം തുറക്കാൻ കഴിയും, അത് തീക്ഷ്ണമായ പ്രാർത്ഥനകൾ നടത്താനുള്ള കഴിവിന് കാരണമാകും. തീക്ഷ്ണതയുടെ ആ അവസ്ഥ സൃഷ്ടിക്കപ്പെടുമ്പോൾ, കണ്ണുനീർ ഒഴുകാൻ തുടങ്ങുമ്പോൾ, അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുമെന്ന് ഒരാൾക്ക് സ്വയം മനസ്സിലാക്കാൻ കഴിയും. തങ്ങളുടെ പ്രാർത്ഥനകൾ അവർ ആവശ്യപ്പെടുന്നതുപോലെ അക്ഷരംപ്രതി സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ദൈവം തന്‍റെ അനന്തമായ അറിവിൽ, ഏറ്റവും മികച്ചത് എന്താണോ അതിനുള്ള മാർഗം നൽകുകയോ സൃഷ്ടിക്കുകയോ ചെയ്യും.

വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ്  തുടർന്ന് പറയുന്നു: യഥാർത്ഥ പ്രാർത്ഥനകളും ദൈവവുമായുള്ള യഥാർത്ഥ ബന്ധവും കൈവരിക്കുന്നതിന് നിരന്തരമായ പരിശ്രമവും അധ്വാനവും ആവശ്യമാണ്. തങ്ങളുടെ ലൗകിക കാര്യങ്ങളിൽ നിരന്തരമായി പ്രയത്നിക്കുന്നതിലും അദ്ധ്വാനിക്കുന്നതിലും ആളുകൾ തളരുന്നില്ല; അങ്ങനെയെങ്കിൽ യഥാർത്ഥമായ പ്രാർത്ഥന നിര്‍വഹിക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനുമുള്ള ശ്രമത്തിൽ അവർ എന്തിന് തളരണം?

പാപത്തിൽ നിന്ന് ശുദ്ധീകരിക്കപ്പെടാനുള്ള ദുആയാണ് ഏറ്റവും പ്രധാനപ്പെട്ട ദുആയെന്ന് വാഗ്ദത്ത മസീഹ്(അ) പറയുകയുണ്ടായി. കാരണം ആത്യന്തികമായി ഈ പ്രാര്‍ത്ഥനയാണ് എല്ലാ പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനം. ഈ ദുആ സ്വീകരിക്കപ്പെടുകയും ഈ ലോകത്തിന്‍റെ തിന്മയിൽ നിന്ന് ഒരാൾ മോചിതനാകുകയും ചെയ്യുമ്പോൾ അവർ ദൈവസന്നിധിയിൽ പരിശുദ്ധരാകും. അതിനാൽ, ദൈവത്തിന്‍റെ ദൃഷ്ടിയിൽ തങ്ങൾ പരിശുദ്ധരാണെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ ഈ ദുആ ചെയ്തുകൊണ്ടിരിക്കാൻ ഏതൊരാളും പരിശ്രമിക്കേണ്ടതാണ്. ഈ അവസ്ഥ സംജാതമാകുമ്പോൾ, ഒരു വ്യക്തിയുടെ മറ്റ് ആവശ്യങ്ങൾ അവർ ആവശ്യപ്പെടാതെ തന്നെ അല്ലാഹു നിറവേറ്റുന്നു.

എല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിൽ പിന്നെ എന്തിന് ദുആ ചെയ്യണം ?

അല്ലാഹുവിന്‍റെ സാമീപ്യം ആഗ്രഹിക്കുന്ന ഏതൊരാളും ദുആ ചെയ്യേണ്ടതാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അല്ലാഹുവിന് അറിയാമെന്നിരിക്കെ പിന്നെ ദുആ  ചെയ്യേണ്ടതിന്‍റെ  ആവശ്യമെന്താണ്? ഇതിനെ വിശദീകരിച്ചു കൊണ്ട്  വാഗ്ദത്ത മസീഹ്(അ) പറയുന്നു: എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അല്ലാഹുവിന് അറിയാമെന്നത് അത് മാറ്റാനുള്ള ശക്തി അവന് ഇല്ല എന്ന് അർത്ഥമാക്കുന്നില്ല. ഒരു ഘട്ടത്തിൽ തലവേദന സ്വയം മാറുമെന്ന് അറിയുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ തലവേദനയുടെ സമയത്ത് പ്രതിവിധി തേടുന്നത്? ആളുകളുടെ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടാകുമെന്നതാണ് യാഥാർത്ഥ്യം. ഒരാൾ പ്രയത്നിക്കുകയും ദുആ ചെയ്യൂകയും ചെയ്യുമ്പോൾ, അല്ലാഹുവും അതിന്‍റെ ഫലം വെളിപ്പെടുത്തുന്നു. അതിനാൽ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അല്ലാഹുവിന് അറിയാമെന്നതിനാൽ, ദുആയിലൂടെ ആത്യന്തികമായ ഫലം മാറ്റാൻ കഴിയില്ലെന്ന് അർത്ഥമാക്കുന്നില്ല. ദുആ ഖണ്ഡിതമായ രീതിയിൽ സ്വീകരിച്ചില്ലെങ്കിൽ പോലും, അല്ലാഹു ആ  ദുആ കേട്ടുവെന്ന് പറയാനാകും. അത് പാപമോചനം നൽകുന്ന രൂപത്തിൽ പൂർത്തീകരിക്കപ്പെടാം, അല്ലെങ്കിൽ അതിന്‍റെ ഫലങ്ങൾ ഈ ലോകത്തിലോ പരലോകത്തിലോ കാണാൻ കഴിയും. എന്നാൽ , ഒരാൾ ദുആചെയ്യുന്നതിൽ പരാജയപ്പെടുന്നത് അയാളുടെ ഹൃദയം തുരുമ്പെടുക്കുന്നതിന് കാരണമാകുന്നു. അയാൾ അല്ലാഹുവിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നു തുടങ്ങുന്നു, ഒടുവിൽ അവന്‍റെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുന്നു.  ദുഅയിലൂടെ ഒരാൾക്ക് പരിശുദ്ധി, അല്ലാഹുവുമായുള്ള ബന്ധം, തിന്മയിൽ നിന്ന് വിട്ടുനിൽക്കുന്നതിനും അനശ്വരമായ നൻമ സ്വായത്തമാക്കുന്നതിനുള്ള കഴിവും കൈവരിക്കാനാകുന്നു.

യമനിലെ അഹ്‌മദി മുസ്ലിംകൾക്ക് വേണ്ടിയും പലസ്തീൻ ജനതക്ക് വേണ്ടിയും ദുആ ചെയ്യാനുള്ള അഭ്യർത്ഥന

യമനിലെ അഹ്‌മദി തടവുകാർക്ക്, പ്രത്യേകിച്ച് വളരെ ക്രൂരമായ സാഹചര്യങ്ങളിൽ തടവിലാക്കപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടി ദുആ ചെയ്യണമെന്ന്‍ ഖലീഫ തിരുമനസ്സ് ആഹ്വാനം ചെയ്തു. അവര്‍  വളരെ ക്ഷമയും ധൈര്യവും പ്രകടിപ്പിക്കുന്നു. അല്ലാഹു അവരുടെ മോചനത്തിനുള്ള മാർഗങ്ങൾ ഉണ്ടാക്കട്ടെ, എതിരാളികളുടെ മനസ്സിൽ ഉടലെടുത്ത സംശയങ്ങൾ അല്ലാഹു ഇല്ലാതാക്കട്ടെ.

പലസ്തീനികൾക്കു വേണ്ടി ദുആ ചെയ്യണമെന്നും ഖലീഫ തിരുമനസ്സ് ആഹ്വാനം ചെയ്യുകയുണ്ടായി. പ്രത്യക്ഷത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നതായി പറയപ്പെടുന്നുവെങ്കിലും സാഹചര്യങ്ങൾ വഷളായിക്കൊണ്ടേയിരിക്കുന്നു. യുഎൻ പ്രമേയം പാസാക്കിയെങ്കിലും ക്രൂരതകൾ തുടരുകയാണ്. പാശ്ചാത്യ ശക്തികളുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നത്. തങ്ങളുടെ അനുകൂല രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും എതിരെ ഇതേ ക്രൂരതകൾ ചെയ്യുകയാണെങ്കിൽ, അവർ ഉടൻ തന്നെ കുറ്റവാളി രാജ്യത്തിനെതിരെ ഉപരോധം കൊണ്ടുവരും. എന്നാൽ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. വാസ്തവത്തിൽ, അടുത്തിടെ യുഎസ് നിരുപാധികമായി ഇസ്രായേലിന് നിരവധി ബില്യൺ ഡോളർ സഹായത്തിന് അംഗീകാരം നൽകുകയുണ്ടായി. എന്നിട്ടും പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ നിയമനടപടി സ്വീകരിക്കുകയോ ഇസ്രായേലിനെതിരെ സംസാരിക്കാൻ കഴിയുന്ന ഒരു വേദിയിലും പോകുകയോ ചെയ്തില്ല  എന്നു മാത്രമല്ല  ഫലസ്തീന് ഏതാനും ദശലക്ഷക്കണക്കിന് ഡോളർ സഹായം മാത്രമേ അംഗീകരിക്കുകയുണ്ടായുള്ളു. അങ്ങനെയുള്ളവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? നമുക്ക് ചെയ്യാൻ കഴിയുന്നത് ദുആ ചെയ്യുക എന്നതു മാത്രമാണ്. അടിച്ചമർത്തപ്പെട്ടവരെ അവരുടെ മർദ്ദകരിൽ നിന്ന് രക്ഷിക്കാൻ  കഴിവുള്ളവൻ സർവ്വശക്തനായ അല്ലാഹുമാത്രമാണ്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാനുള്ള കഴിവ് അല്ലാഹു നമുക്ക് നൽകട്ടെ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed