തബൂക്ക് സൈനികയാത്ര

കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു

തബൂക്ക് സൈനികയാത്ര

കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 14 നവംബർ
2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്

തശഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്)
തബൂക്ക് സൈനികനീക്കവുയുമായി ബന്ധപ്പെട്ട സംഭവങ്ങൾ തുടർന്നും വിവരിക്കുമെന്ന് പറഞ്ഞു.

ഈ സന്ദർഭത്തിൽ സ്ത്രീകളും തങ്ങളാൽ കഴിയുന്ന ത്യാഗങ്ങൾ നൽകി എന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു. അവർ തങ്ങളുടെ ആഭരണങ്ങൾ തിരുനബി ﷺ ക്ക് സമർപ്പിച്ചുകൊണ്ട് സാമ്പത്തിക ത്യാഗങ്ങൾ നൽകി. എന്നാൽ അതുമാത്രമായിരുന്നില്ല, തിരുനബി ﷺ ക്ക് ഒരു പ്രയാസവും സംഭവിക്കരുതെന്ന കാര്യത്തിൽ എല്ലാ മുസ്ലിങ്ങളെയും പോലെ സ്ത്രീകളും അതീവ ശ്രദ്ധാലുക്കളായിരുന്നു. അതിനാൽ, ഈ യുദ്ധത്തിനായി തങ്ങളുടെ പുരുഷന്മാരെ തിരുനബി ﷺ യോടൊപ്പം പോകാൻ അവർ പ്രേരിപ്പിച്ചു.

ഒരു ആവശ്യത്തിനായി പുറത്തുപോയ ഒരു സ്വഹാബി, തിരുനബി ﷺ സൈന്യവുമായി മദീനയിൽ നിന്ന് പുറപ്പെടുന്ന സമയത്താണ് വീട്ടിൽ തിരിച്ചെത്തിയത്. കുറച്ചുനാൾ വീട്ടിൽ നിന്ന് മാറി നിന്ന ശേഷം തിരിച്ചെത്തിയ ആ സ്വഹാബിക്ക് തൻ്റെ ഭാര്യയെ കാണാൻ ആകാംക്ഷയുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ മുറ്റത്ത് ഇരിക്കുന്നത് കണ്ടു. അവളെ അഭിവാദ്യം ചെയ്യാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ അദ്ദേഹത്തെ തള്ളിമാറ്റി. ദീർഘകാലത്തെ വേർപാടിന് ശേഷം കണ്ടുമുട്ടുമ്പോൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അദ്ദേഹം ആശയക്കുഴപ്പത്തോടെ ചോദിച്ചു. തിരുനബി ﷺ ഗുരുതരമായ അപകടത്തെ നേരിടുമ്പോൾ എങ്ങനെയാണ് നിങ്ങൾക്ക് സ്നേഹം പ്രകടിപ്പിക്കാൻ തോന്നുന്നത് എന്ന് അവൾ മറുപടി പറഞ്ഞു. നിങ്ങൾ ആദ്യം പോയി നിങ്ങളുടെ കർത്തവ്യം നിറവേറ്റുക, എന്നിട്ട് സ്നേഹപ്രകടനങ്ങളെക്കുറിച്ച് ചിന്തിച്ചാൽ മതി എന്നും അവർ പറഞ്ഞു. അങ്ങനെ, ആ സ്വഹാബി ഉടൻ തന്നെ തൻ്റെ വാഹനത്തിൽ കയറി മുസ്ലിം സൈന്യത്തോടൊപ്പം ചേർന്നു.

തബൂക്കിലേക്കുള്ള യാത്രാമധ്യേ സന്ദർശിച്ച സ്ഥലങ്ങൾ

ഏകദേശം 15 മുതൽ 22 വരെ സ്ഥലങ്ങളിൽ തങ്ങിയ ശേഷമാണ് തിരുനബി ﷺ തബൂക്കിൽ എത്തിയത് എന്ന് നിവേദനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, തിരുനബി ﷺ തബൂക്കിലേക്കുള്ള യാത്രാമധ്യേ തങ്ങിയ വിവിധ സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിക്കപ്പെട്ടു. ദു ഖുശൂബ്, ഫൈഫ, ദുൽ മർവ, റുഖ്ഖ, വാദി അൽഖുർറ, സഈദ്, ഹിജ്റ്, സദർ ഹൗദ, ദുൽ ജിഫാഹ്, ശിഖ് തറാഹ്, അൽ ബത്ര, അലാ, ദാത്തുൽ ഖിത്മി, അഖ്ദർ, ദാത്തൽ സിറ, സനിയതുൽ ദിറാൻ, തബൂക്ക് എന്നിവ ഈ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

ഒരു യാത്രയിൽ രാത്രി ഉറങ്ങിപ്പോയ തിരുനബി ﷺ അടുത്ത ദിവസം സൂര്യൻ ഉദിച്ചുതുടങ്ങിയപ്പോഴാണ് ഉണർന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഭാത നമസ്കാരത്തിനായി തന്നെ ഉണർത്താൻ ബിലാൽ (റ) നോട് പറഞ്ഞിരുന്നില്ലേ എന്ന് തിരുനബി ﷺ ഓർമ്മിപ്പിച്ചു. താനും ഉറങ്ങിപ്പോയി എന്ന് ബിലാൽ (റ) മറുപടി പറഞ്ഞു. അപ്പോൾ തിരുനബി ﷺ സൈന്യത്തോട് യാത്ര തുടങ്ങാൻ കൽപ്പിച്ചു, കുറച്ചുദൂരം സഞ്ചരിച്ച ശേഷം പ്രഭാത നമസ്കാരം നിർവ്വഹിച്ചു, തുടർന്ന് അടുത്ത ദിവസം തബൂക്കിൽ എത്തുന്നത് വരെ യാത്ര തുടർന്നു.

തബൂക്കിൽ എത്തിയപ്പോൾ തിരുനബി ﷺ നൽകിയ ഉപദേശം

തബൂക്കിൽ എത്തിയ ഉടൻ, തിരുനബി ﷺ മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിൻ്റെ ഗ്രന്ഥമാണ് ഏറ്റവും വലിയ സത്യം, സന്മാർഗ്ഗപരമായ വാക്കാണ് ഏറ്റവും ഉറപ്പുള്ളത്. ഏറ്റവും നല്ല മതം ഇബ്രാഹീം (അ) ൻ്റെതാണ്, ഏറ്റവും നല്ല ആചാരം മുഹമ്മദ് ﷺ ൻ്റെതാണ് , ഏറ്റവും ശ്രേഷ്ഠമായ വാക്ക് അല്ലാഹുവിൻ്റെ സ്മരണയാണ്, വിശുദ്ധ ഖുർആൻ ഏറ്റവും നല്ല ഉപദേശമാണ്, ഉറച്ച ബോധ്യത്തോടെ ചെയ്യുന്ന കാര്യങ്ങളാണ് ഏറ്റവും നല്ലത്, എന്നാൽ ഏറ്റവും മോശമായത് ബിദ്അത്തുകളാണ് (പുത്തൻ ആചാരങ്ങൾ). ഏറ്റവും നല്ല മാർഗ്ഗദർശനം പ്രവാചകന്മാരുടേതാണ്, ഏറ്റവും നല്ല മരണം രക്തസാക്ഷിത്വമാണ്. ഏറ്റവും നല്ല പ്രവൃത്തികൾ പ്രയോജനകരമായവയാണ്; ഏറ്റവും നല്ല മാർഗ്ഗദർശനം പിന്തുടരപ്പെടുന്നവയാണ്. ഏറ്റവും മോശമായ അന്ധത ഹൃദയത്തിൻ്റെ അന്ധതയാണ്.”

തുടർന്ന്, തിരുനബി ﷺ പറഞ്ഞു: “ഉയർന്ന കൈ (നൽകുന്ന കൈ) താഴ്ന്ന കൈയെക്കാൾ (സ്വീകരിക്കുന്ന കൈയെക്കാൾ) ഉത്തമമാണ്, ഒരാൾക്ക് മതിയായ കുറഞ്ഞ അളവ്, ശ്രദ്ധയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്ന വലിയ അളവിനേക്കാൾ നല്ലതാണ്, മരണത്തിന് തൊട്ടുമുമ്പ് ചെയ്യുന്ന പശ്ചാത്താപമാണ് ഏറ്റവും മോശം, ഏറ്റവും വലിയ നാണക്കേട് അന്ത്യദിനത്തിലായിരിക്കും.” ചില ആളുകൾ ജുമുഅ നമസ്കാരത്തിന് താമസിക്കുമെന്നും മറ്റുള്ളവർ അല്ലാഹുവിൻ്റെ സ്മരണയിൽ കുറവു വരുത്തുമെന്നും തിരുനബി ﷺ പറഞ്ഞു. കളവ് പറയൽ ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണെന്നും, ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും, സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും, അല്ലാഹുവിനെ ഭയപ്പെടലാണ് ഏറ്റവും വലിയ ബുദ്ധിയെന്നും, ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും അദ്ദേഹം പറഞ്ഞു; സംശയം അവിശ്വാസമാണ്, അലമുറയിടൽ അജ്ഞതയാണ്, അവിശ്വസ്തത നരകത്തിലെ തീയാണ്, മോശം കവിത പിശാചിൽ നിന്നുള്ളതാണ്, മദ്യം പാപത്തിൻ്റെ പാനീയമാണ്. മറ്റ് പല വിഷയങ്ങളിലും തിരുനബി ﷺ മുസ്ലിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.
തബൂക്കിലേക്കുള്ള യാത്രയ്ക്കിടയിലും വിവിധ സന്ദർഭങ്ങളിൽ തിരുനബി ﷺ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു. ഒരിക്കൽ തിരുനബി ﷺ പറഞ്ഞു, അല്ലാഹുവിൻ്റെ സേവനത്തിനായി തങ്ങളുടെ വാഹനങ്ങളിൽ കയറുകയോ കാൽനടയായി പുറപ്പെടുകയോ ചെയ്യുന്നവരാണ് ആളുകളിൽ ഏറ്റവും ഉത്തമർ, എന്നാൽ അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും തങ്ങളുടെ അജ്ഞത ഉപേക്ഷിക്കാതെ അതിനനുസരിച്ച് പ്രവർത്തിക്കാത്തവരുമാണ് ഏറ്റവും മോശമായവർ.

നേതാക്കൾക്കുള്ള തിരുനബി ﷺ യുടെ കത്തുകളും വിവിധ ഗോത്രങ്ങളുമായുള്ള സമാധാന ഉടമ്പടികളും

തിരുനബി ﷺ തബൂക്കിൽ എത്തിയ ഉടൻ, ഹോംസിലുണ്ടായിരുന്ന റോമൻ ചക്രവർത്തിയായ ഹെരാക്ലിയസിന് ഒരു കത്ത് അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. കത്ത് വായിച്ചപ്പോൾ, താൻ അദ്ദേഹത്തെ സ്വീകരിക്കുന്നുവെന്നും എന്നാൽ തൻ്റെ സാമ്രാജ്യം ഉപേക്ഷിക്കാൻ കഴിയില്ലെന്നും തിരുനബിയെ ﷺ അറിയിക്കാൻ അദ്ദേഹം ദൂതനോട് നിർദ്ദേശിച്ചു. അദ്ദേഹം കുറച്ച് പണവും അയച്ചു. ഈ പ്രതികരണം തിരുനബി ﷺ യെ അറിയിച്ചപ്പോൾ, ഹെരാക്ലിയസ് സത്യമല്ല പറഞ്ഞത് എന്ന് അദ്ദേഹം പ്രതികരിച്ചു.

ഖുസ്രോവിന് (പേർഷ്യൻ ചക്രവർത്തിക്ക്) രണ്ട് കത്തുകൾ അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്; ഒന്ന് തൻ്റെ ആളുകൾ ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് തടയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും, രണ്ടാമത്തേത്, ഇസ്‌ലാം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ടുമായിരുന്നു.
തിരുനബി ﷺ തബൂക്കിൽ എത്തിയപ്പോൾ, ചുറ്റുമുള്ള പ്രദേശങ്ങളിലെ നേതാക്കൾക്ക് ഭയമായി എന്നും, ഒരിക്കൽ തിരുനബി ﷺ ക്കെതിരെ ഗൂഢാലോചന നടത്തിയവർ ഇപ്പോൾ തങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് ഭയപ്പെട്ടു എന്നും ഹുദൂർ തിരുമനസ്സ് പറഞ്ഞു. അവർ തിരുനബി ﷺ യുടെ മുന്നിൽ വന്ന് സമാധാന ഉടമ്പടികൾ ആവശ്യപ്പെട്ടു. ഉദാഹരണത്തിന്, തബൂക്കിനടുത്തുള്ള ഐല എന്ന സ്ഥലത്തെ നേതാവ് തിരുനബി ﷺ യോട് സമാധാന ഉടമ്പടി ആവശ്യപ്പെട്ടു, അതനുസരിച്ച് ഐലയിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ഉടമ്പടി തയ്യാറാക്കാൻ തിരുനബി ﷺ നിർദ്ദേശിച്ചു. പ്രധാനമായും ജൂതന്മാരുണ്ടായിരുന്ന മക്നയിലെ ആളുകളുമായി ഒരു സമാധാന ഉടമ്പടി രൂപീകരിച്ചു. തുടർന്ന്, തബൂക്കിനടുത്ത് സ്ഥിതി ചെയ്തിരുന്ന ജർവാഹ്, അസ്റുഹ് എന്നിവിടങ്ങളിലെ ആളുകളുമായി അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് ഉടമ്പടികൾ ഉണ്ടാക്കി.

ഉഖൈദർ ബിൻ അബ്ദിൽ മാലിക്കിൻ്റെ അടുത്തേക്കുള്ള ഹദ്റത്ത് ഖാലിദ് ബിൻ വലീദിൻ്റെ (റ) പര്യടനം

തബൂക്ക് സൈനികയാത്രയുമായി ബന്ധപ്പെട്ട്, ഹദ്റത്ത് ഖാലിദ് ബിൻ വലീദ് (റ) ഉഖൈദർ ബിൻ അബ്ദിൽ മാലിക്കിൻ്റെ അടുത്തേക്ക് നടത്തിയ പര്യടനത്തെക്കുറിച്ചും പരാമർശമുണ്ട് . ഹിജ്റ 9-ാം വർഷം റജബ് മാസത്തിൽ 420 ആളുകളുമായി തിരുനബി ﷺ ഹദ്റത്ത് ഖാലിദ് (റ)നെ ദൗമത്തുൽ ജന്ദലിലേക്ക് അയച്ചു. ഇത് സിറിയയ്ക്കും മദീനയ്ക്കും ഇടയിലുള്ള ഒരു കോട്ടയും പട്ടണവുമാണ്. തബൂക്കിൽ നിന്ന് 400 കിലോമീറ്റർ അകലെയുമായിരുന്നു ഇത്. ഉഖൈദർ, ബനൂ കിന്ദയുടെ നേതാവും ഒരു ക്രിസ്ത്യാനിയുമായിരുന്നു.

അദ്ദേഹം രാത്രിയിൽ തൻ്റെ മൃഗങ്ങളെ മേയ്ക്കുകയായിരിക്കുമെന്നും, അപ്പോഴാണ് മുസ്ലിങ്ങൾ അദ്ദേഹത്തെ പിടികൂടി തിരുനബി ﷺ യുടെ അടുത്തേക്ക് കൊണ്ടുവരേണ്ടതെന്നും അല്ലാഹു തിരുനബി ﷺ യെ അറിയിച്ചിരുന്നു. അങ്ങനെ, ഖാലിദ് ബിൻ വലീദ് (റ) കോട്ടയുടെ അടുത്തെത്തിയപ്പോൾ, തിരുനബി ﷺ പറഞ്ഞതുപോലെ ഉഖൈദർ പുറത്തുനിൽക്കുന്നത് കണ്ടു. മുസ്ലിം സൈന്യം അടുത്ത് ചെന്ന് ഉഖൈദറിനെ പിടികൂടി, ഉഖൈദറിൻ്റെ സഹോദരൻ ചെറുത്തുനിൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു.
ദൗമത്ത് അൽ ജന്ദലിൽ മുസ്ലീങ്ങൾ വിജയം ഉറപ്പാക്കിയാൽ, ഉഖൈദറിനെ തിരുനബി ﷺ യുടെ അടുത്തേക്ക് കൊണ്ടുപോയി സമാധാനവും സംരക്ഷണവും നൽകാമെന്ന് ഹദ്റത്ത് ഖാലിദ് (റ) വാഗ്ദാനം ചെയ്തു, ഇത് ഉഖൈദർ സമ്മതിച്ചു. സമാധാന ഉടമ്പടിയുടെ ഉറപ്പിൽ, ഹദ്റത്ത് ഖാലിദിനു (റ) വേണ്ടി കോട്ടയുടെ വാതിലുകൾ തുറക്കാൻ ഉഖൈദർ സമ്മതിച്ചു. ഈ സൈനിക നീക്കത്തിൽ മുസ്ലിങ്ങൾക്ക് 2,000 ഒട്ടകങ്ങൾ, 800 അടിമകൾ, 400 പടച്ചട്ടകൾ, 400 കുന്തങ്ങൾ എന്നിവ ലഭിച്ചു.

കുരിശിൻ്റെ ചിഹ്നവും പട്ടുവസ്ത്രവും ധരിച്ചാണ് ഉഖൈദറിനെ തിരുനബി ﷺ യുടെ മുന്നിൽ ഹാജരാക്കിയത്. തിരുനബി ﷺ യെ കണ്ടപ്പോൾ അദ്ദേഹം കുമ്പിട്ടു, പക്ഷേ അങ്ങനെ ചെയ്യരുതെന്ന് തിരുനബി ﷺ അദ്ദേഹത്തോട് നിർദ്ദേശിച്ചു. ഉഖൈദറിനെ മോചിപ്പിച്ചു, തിരുനബി ﷺ അദ്ദേഹവുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിച്ചു, അതിൽ ഉഖൈദർ ഇസ്‌ലാം സ്വീകരിച്ചു എന്നും പരാമർശിച്ചിരുന്നു.

തബൂക്കിൽ വെച്ച് ഒരു സ്വഹാബി മരണപ്പെടുകയും അവിടെ അടക്കം ചെയ്യപ്പെടുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . മറ്റ് സ്വഹാബികളും ഈ സ്വഹാബിയെപ്പോലെ തബൂക്കിൽ അടക്കം ചെയ്യപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. തിരുനബി ﷺ യും, ഹദ്റത്ത് അബൂബക്കർ (റ), ഹദ്റത്ത് ഉമർ (റ) എന്നിവർ മരണപ്പെട്ട ഒരു സ്വഹാബിക്കുവേണ്ടി ഖബർ കുഴിക്കുന്നത് താൻ കണ്ടു എന്ന് ഒരു സ്വഹാബി വിവരിക്കുന്നു. തിരുനബി ﷺ ഖബറിലേക്ക് ഇറങ്ങി, ഹദ്റത്ത് അബൂബക്കറും (റ) ഹദ്റത്ത് ഉമറും (റ) മൃതദേഹം അദ്ദേഹത്തിന് കൈമാറുകയായിരുന്നു.

തബൂക്കിൽ ആയിരിക്കുമ്പോൾ, മറ്റൊരു സ്വഹാബിയായ മുആവിയ്യ മുസനി (റ) മദീനയിൽ വെച്ച് മരണപ്പെട്ടു എന്നും, അദ്ദേഹത്തിന് വേണ്ടി തിരുനബി ﷺ മയ്യിത്ത് നമസ്കാരം നിർവ്വഹിക്കണമെന്നും ജിബ്‌രീൽ (അ) തിരുനബി ﷺ യെ അറിയിച്ചു. ഒരു ദർശനത്തിൽ, മുആവിയ്യ മുസനി ഒരു കട്ടിലിൽ കിടക്കുന്നത് തിരുനബി ﷺ യ്ക്ക് കാണിക്കപ്പെട്ടു, അത് ഉയർത്തപ്പെടുകയായിരുന്നു, അദ്ദേഹം മയ്യിത്ത് നമസ്കാരം നിർവ്വഹിക്കുമ്പോൾ മലക്കുകളുടെ നിരകളെയും അദ്ദേഹം കണ്ടു. ഈ സ്വഹാബിക്ക് എങ്ങനെയാണ് ഈ പദവി ലഭിച്ചതെന്ന് തിരുനബി ﷺ ചോദിച്ചു. വിശുദ്ധ ഖുർആനിലെ 112-ാം അധ്യായമായ സൂറത്തുൽ ഇഖ്ലാസിനോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം കാരണമാണ് എന്ന് ജിബ്‌രീൽ (അ)മറുപടി പറഞ്ഞു.

തബൂക്കിൽ ആയിരിക്കുമ്പോൾ, മുന്നോട്ട് പോകുന്നത് സംബന്ധിച്ച് തിരുനബി ﷺ സ്വഹാബികളുമായി കൂടിയാലോചിച്ചു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുന്നോട്ട് പോകാൻ അല്ലാഹു തിരുനബി ﷺ യോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, തങ്ങൾ അദ്ദേഹത്തോടൊപ്പം ചേരുമെന്ന് സ്വഹാബികൾ മറുപടി പറഞ്ഞു. അല്ലാഹു നിർദ്ദേശിച്ചിരുന്നുവെങ്കിൽ താൻ നിങ്ങളുമായി ഈ വിഷയത്തിൽ കൂടിയാലോചിക്കില്ലായിരുന്നു എന്ന് തിരുനബി ﷺ പറഞ്ഞു. റോമക്കാർക്ക് വലിയ സൈന്യങ്ങളുണ്ടെന്നും തിരുനബി ﷺ യുടെ തബൂക്കിലെ സാന്നിധ്യം തന്നെ അവരെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും, ഇപ്പോൾ തിരിച്ചുപോകണമെന്നും അടുത്ത വർഷം വരണമെന്നും, അതിനിടയിൽ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാമെന്നും ഹദ്റത്ത് ഉമർ (റ) നിർദ്ദേശിച്ചു.

20 ദിവസം തബൂക്കിൽ തങ്ങിയ ശേഷം മദീനയിലേക്ക് മടങ്ങാൻ തിരുനബി ﷺ സമ്മതിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം രണ്ടുമാസം തിരുനബി ﷺ മദീനയിൽ നിന്ന് മാറിനിന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബി ﷺ മദീനയിലേക്കുള്ള മടക്കയാത്രയുടെ വിശദാംശങ്ങൾ ഭാവിയിൽ തുടരുമെന്നും ഹുദൂർ തിരുമനസ്സ് പറഞ്ഞു.

ലോകസമാധാനത്തിനു വേണ്ടിയുള്ള ദുആ

ബംഗ്ലാദേശിലെ അഹ്‌മദികൾക്ക് വേണ്ടി വീണ്ടും ദുആ ചെയ്യാൻ ഹുദൂർ തിരുമനസ്സ് ആഹ്വാനം ചെയ്തു, അവിടെ മുല്ലാ ക്കളും അഹ്മദിയ്യത്തിൻ്റെ എതിരാളികളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ മുല്ലാക്കളുടെയും എതിരാളികളുടെയും തിന്മയിൽ നിന്ന് എല്ലാ അഹ്മദികളെയും അല്ലാഹു സംരക്ഷിക്കട്ടെ എന്ന് ഹുദൂർ തിരുമനസ്സ് ദുആ ചെയ്തു.

പാകിസ്ഥാനിലെ അഹ്മദികൾക്ക് വേണ്ടിയും ഹുദൂർ തിരുമനസ്സ് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു; അല്ലാഹു അവരെ സംരക്ഷിക്കട്ടെ. പ്രാർത്ഥനയുടെ വലിയ ആവശ്യകതയുണ്ട്. അഹ്മദികൾ പ്രാർത്ഥനയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കണം. വെടിനിർത്തൽ കരാറുകൾ ഉണ്ടായിട്ടും കൊല്ലപ്പെടുന്ന പലസ്തീനികൾക്ക് വേണ്ടിയും ഹുദൂർ തിരുമനസ്സ് ദുആ ചെയ്യാൻ ആഹ്വാനം ചെയ്തു. അല്ലാഹു കരുണ കാണിക്കട്ടെ.

ആഫ്രിക്കയ്ക്ക് വേണ്ടിയും ഹുദൂർ തിരുമനസ്സ് ദുആ ചെയ്യാൻ ആഹ്വാനം ചെയ്തു, അവിടെ ചില രാജ്യങ്ങളിൽ സർക്കാരുകൾ അനീതി കാണിക്കുമ്പോൾ, മറ്റുചില രാജ്യങ്ങളിൽ ഭീകരർ ഉപദ്രവിക്കുന്നു, അത് അഹ്മദികളെയും ബാധിക്കുന്നു. ലോകമെമ്പാടും അല്ലാഹു സമാധാനവും സുരക്ഷയും സ്ഥാപിക്കട്ടെ എന്ന് ഹുദൂർ തിരുമനസ്സ് ദുആ ചെയ്തു.

താഴെ പറയുന്ന മരണപ്പെട്ട അംഗത്തിന് വേണ്ടി ജനാസ ഗാഇബ് നമസ്കാരം നിർവ്വഹിക്കുമെന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു:

മയ്യിത്ത് നമസ്കാരം

പാകിസ്ഥാനിലെ റബുവയിലെ മുഹമ്മദ് ഇസ്മായിൽ സാഹിബിൻ്റെ മകൻ മുഹമ്മദ് ഹുസൈൻ സാഹിബ്. അദ്ദേഹത്തിന് ഭാര്യയും മൂന്ന് പെൺമക്കളും നാല് ആൺമക്കളുമുണ്ട്. അദ്ദേഹത്തിൻ്റെ മക്കളിൽ ഒരാളായ മുഹമ്മദ് ഉംറാൻ നൈജറിലെ മുബല്ലിഗ് ആണ്, തൻ്റെ ഔദ്യോഗിക ജോലികൾ കാരണം പിതാവിൻ്റെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മറ്റൊരു മകൻ, മുഹമ്മദ് ലുഖ്മാൻ, ഒരു വഖ്ഫെ സിന്ദഗി കൂടിയാണ്. മുഹമ്മദ് ഹുസൈൻ സാഹിബ് നോമ്പനുഷ്ഠിക്കുന്നതിലും നമസ്കാരങ്ങൾ നിർവ്വഹിക്കുന്നതിലും സ്ഥിരതയുള്ളയാളും നിരവധി സദ്ഗുണങ്ങളുടെ ഉടമയുമായിരുന്നു. സാമ്പത്തിക ത്യാഗങ്ങൾ നൽകുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണ നൽകുകയും ചെയ്യട്ടെ, അദ്ദേഹത്തിൻ്റെ പദവി ഉയർത്തുകയും, അദ്ദേഹത്തിൻ്റെ കുടുംബത്തിന്, പ്രത്യേകിച്ചും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മകന്, ക്ഷമ നൽകുകയും ചെയ്യട്ടെ എന്ന് ഹുദൂർ തിരുമനസ്സ് ദുആ ചെയ്തു.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed