അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 10 ഒക്ടോബർ
2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) മക്കാ വിജയം കഴിഞ്ഞ് നബിതിരുമേനി(സ) മദീനയിലേക്ക് മടങ്ങിയതിന് ശേഷം നടന്ന സൈനികനീക്കങ്ങളെക്കുറിച്ച് പ്രസ്താവിച്ചു.
ഹദ്റത്ത് ഖൈസ് ബിൻ സഅദ് ബിൻ ഉബാദയുടെ സൈനികനീക്കം
ഹിജ്റ 8-ാം വർഷത്തിൽ, സുദായിലേക്ക് ഹദ്റത്ത് ഖൈസ് ബിൻ സഅദ് ബിൻ ഉബാദയുടെ നേതൃത്വത്തിൽ ഒരു സൈനികനീക്കം നടക്കുകയുണ്ടായി. നബിതിരുമേനി(സ) ജിഅ്റാനയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഇസ്‌ലാമിൻറെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൻആയും ഹദ്റ മൗത്തും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് സൈന്യങ്ങളെ അയച്ചു. അതുപോലൊരു സൈന്യത്തെ ഹദ്റത്ത് ഖൈസ് ബിൻ സഅദ്(റ)ൻ്റെ നേതൃത്വത്തിൽ സജ്ജമാക്കി. അദ്ദേഹത്തിന് 400 പേരെ നല്കുകയും ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യമനിലെ സുദായിലേക്ക് അയക്കുകയും ചെയ്തു. നിവേദനങ്ങളനുസരിച്ച്, നബിതിരുമേനി(സ) അവരോട് യുദ്ധത്തിന് തയ്യാറെടുക്കാനും ആവശ്യപ്പെട്ടിരുന്നു. അതിനർത്ഥം സുദായിൽ നിന്ന് മുസ്‌ലീങ്ങൾക്ക് ആസന്നമായ ഒരു അപായ സൂചന ഉണ്ടായിരുന്നു എന്നാണ്.
ഹദ്റത്ത് ഖൈസ്(റ) യാത്രാമധ്യേ ആയിരുന്നപ്പോൾ, മുൻപേ തന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്ന സുദാ ഗോത്രത്തിൽപ്പെട്ട ഒരാൾ ആ സൈന്യത്തിൻറെ സമീപത്തുകൂടെ കടന്നുപോയി. ഈ സൈന്യം തൻറെ ഗോത്രവുമായി യുദ്ധം ചെയ്യാൻ പോകുകയാണെന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം നബിതിരുമേനി(സ)യുടെ അടുക്കൽ ചെന്ന് സൈന്യത്തെ തിരിച്ചുവിളിക്കാൻ അപേക്ഷിച്ചു, പകരമായി തൻറെ ആളുകൾ മുസ്‌ലീങ്ങളെ ആക്രമിക്കില്ല, എന്നതിന് താൻ ജാമ്യക്കാരനാകാമെന്നും, തന്റെ ആളുകൾ ഇസ്‌ലാം സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്കി. നബിതിരുമേനി(സ) ഇത് അംഗീകരിക്കുകയും സൈന്യത്തെ തിരിച്ചുവിളിക്കുകയും ചെയ്തു. രാജ്യം കീഴടക്കുവാനോ, ജനങ്ങളെ നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുവാനോ നബിതിരുമേനി(സ)ക്ക് താൽപര്യമുണ്ടായിരുന്നില്ല എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു; മറിച്ച്, മുസ്‌ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണ് അവിടുന്ന് സൈന്യത്തെ അയച്ചത്. എന്നാൽ ഗോത്രക്കാരിൽ ഒരാളുടെ ഉറപ്പിൽ അവിടുന്ന് ആ സൈന്യവിഭാഗത്തെ തിരിച്ചുവിളിക്കുകയും സുദായുമായി ഒരു സമാധാന ഉടമ്പടി തയ്യാറാക്കുകയും ചെയ്തു.
ഹദ്റത്ത് ഉയൈന ബിൻ ഹിസ്ൻ ഫസാരിയുടെ സൈനികനീക്കം
ഹിജ്റ 9-ാം വർഷം മുഹർറം മാസത്തിൽ, ബനൂ തമീമിലേക്കുള്ള ഹദ്റത്ത് ഉയൈന ബിൻ ഹിസ്ൻ ഫസാരിയുടെ സൈനികനീക്കം നടന്നു. നബിതിരുമേനി(സ) ഖുസാഅയുടെ ഒരു ശാഖയായ ബനൂ കഅ്ബിലേക്ക് ഹദ്റത്ത് ബിശ്റിനെ(റ) സക്കാത്ത് ശേഖരിക്കുന്നതിനായി അയച്ചിരുന്നു. ഈ സ്ഥലം സുഖ്‌യയുടെയും ബനൂ തമീമിൻറെയും ഇടയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ബനൂ ഖുസാഅ അവരുടെ സകാത്ത് നല്കി. എന്നാൽ മുസ്‌ലീങ്ങളല്ലാത്ത ബനൂ തമീമിൽനിന്നും ഒന്നും ലഭിച്ചില്ല. അവർ എതിർക്കുകയും വാളുകൾ എടുക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഹദ്റത്ത് ബിശ്ർ(റ) അവിടെനിന്ന് പോയി. ബനൂ ഖുസാഅക്കാർ ഇതിൽ അതൃപ്തരാവുകയും, ബനൂ തമീമുകാർക്ക് തങ്ങളുമായി ബന്ധമില്ലായിരുന്നുവെങ്കിൽ അവരുടെ പട്ടണങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അവരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു.
ഈ വിഷയത്തിൽ നബിതിരുമേനി(സ)ക്ക് അതൃപ്തി ഉണ്ടാകുമോ എന്ന് ബനൂ ഖുസാഅക്കാർ ഭയപ്പെട്ടിരുന്നു. ഈ വിവരം നബിതിരുമേനി(സ)യെ അറിയിച്ചപ്പോൾ, ആരാണ് അവരെ പാഠം പഠിപ്പിക്കുക എന്ന് ചോദിച്ചു. ഹദ്റത്ത് ഉയൈന ബിൻ ഹിസ്ൻ(റ) സ്വയം സന്നദ്ധനായി, അങ്ങനെ നബിതിരുമേനി(സ) അദ്ദേഹത്തിന് 50 കുതിരപ്പടയാളികളെ നല്കിക്കൊണ്ട് അയച്ചു. ഈ സൈന്യവിഭാഗം ബനൂ തമീമിൻറെ അടുത്തെത്തിയപ്പോൾ, അവർ എല്ലാം ഉപേക്ഷിച്ച് ഓടിപ്പോയി. 11 പുരുഷന്മാരെയും, 11 സ്ത്രീകളെയും, 30 കുട്ടികളെയും നബിതിരുമേനി(സ)ക്ക് മുന്നിൽ ഹാജരാക്കി. പിന്നീട് 90 പേരുള്ള ഒരു സംഘം നബിതിരുമേനി(സ)യുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോട് സംസാരിക്കാൻ അനുവാദം ചോദിച്ചു. നബിതിരുമേനി(സ) വീട്ടിൽ നിന്ന് പുറത്തുവന്ന് ളുഹ്ർ നമസ്കാരം നിർവഹിച്ചു. തുടർന്ന് ബനൂ തമീമുമായി ചർച്ച നടത്തി. ബനൂ തമീം ഒരു കവിതാ മത്സരം നടത്താമെന്നും ആരുടെ കവികളാണ് മികച്ചത് എന്ന് നിർണയിക്കാമെന്നും നിർദേശിച്ചു. എന്നാൽ ഇതൊന്നുമല്ല തൻറെ ആഗമനോദ്ദേശ്യം എന്ന് നബിതിരുമേനി(സ) അറിയിച്ചു. എങ്കിലും തങ്ങളുടെ പ്രഭാഷകരെയും കവികളെയും പ്രദർശിപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ, അവർക്ക് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട് എന്നും ആ മഹാത്മാവ് കൂട്ടിച്ചേർത്തു. കൂടാതെ അതിന് മറുപടി നല്കാൻ നബിതിരുമേനി(സ) സ്വഹാബികളിൽ ഒരാളോട് നിർദ്ദേശിച്ചു. അ ദ്ദേഹം അത് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുച്ചു. കൂടാതെ നബിതിരുമേനി(സ) ഹദ്റത്ത് ഹസ്സാൻ ബിൻ സാബിത്ത്(റ) നേയും ബനൂ തമീമിന് മറുപടിയായി കവിത അവതരിപ്പിക്കാൻ വിളിപ്പിച്ചു. അങ്ങനെ അവർ മുസ്‌ലീങ്ങളുടെ ഔന്നത്യം തിരിച്ചറിയുകയും ഒടുവിൽ എല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാം സ്വീകരണത്തിന് ശേഷം അവരുടെ തടവുകാരെ തിരികെ നല്കുകയും, നബിതിരുമേനി(സ) അവർക്ക് പാരിതോഷികങ്ങൾ നല്കുകയും ചെയ്തു. ബനൂ തമീമിലെ ഈ സംഘത്തിൽ പെട്ട ഉസാരിദ് ബിൻ ഹാജിബ്, പേർഷ്യൻ ചക്രവർത്തി ഖുസ്റോവിൻ്റെ ഒരു മേലങ്കി നബിതിരുമേനി(സ)ക്ക് സമ്മാനിച്ചു.
ഇതിനെക്കുറിച്ച് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്(റ) എഴുതുന്നു:
“ഒരിക്കൽ നബിതിരുമേനി(സ)ക്ക് എവിടെനിന്നോ സമ്മാനമായി കുറച്ച് പട്ടു തുണികൾ ലഭിച്ചു. ചില സ്വഹാബികൾ അവയുടെ മൃദുലമായ ഘടനയെക്കുറിച്ച് അതിശയത്തോടെ സംസാരിക്കുകയും, അവ അസാധാരണമാണെന്ന് കരുതുകയും ചെയ്തു. നബിതിരുമേനി(സ) പറഞ്ഞു, “ഈ തുണികളുടെ മൃദുത്വത്തിൽ നിങ്ങൾ അത്ഭുതം കൂറുകയാണോ? അല്ലാഹുവാണ! സ്വർഗ്ഗത്തിൽ സഅ്ദിനുള്ള മേലങ്കികൾ ഇതിനേക്കാൾ എത്രയോ മൃദലവും വിലപ്പെട്ടതുമായിരിക്കും.” നബിതിരുമേനി(സ)യുടെ ഈ പ്രസ്താവന ആലങ്കാരികമായിരുന്നു, ഹദ്റത്ത് സഅദ്(റ)ന് സ്വർഗത്തിൽ ലഭിക്കാൻ പോകുന്ന സമാധാനഗേഹത്തിനുള്ള സൂചനയായിരുന്നു അത്. വിശുദ്ധ ഖുർആനിൽ നിന്നും നബിവചനങ്ങളിൽ നിന്നും മനസ്സിലാകുന്നതുപോലെ അടിസ്ഥാനപരമായി സ്വർഗത്തിലെ അനുഗ്രഹങ്ങളെ ഭൗതിക ലോകവുമായി താരതമ്യം ചെയ്യാൻ പാടില്ല. മാത്രമല്ല വാക്കുകളിൽ അധിഷ്ഠിതമായ ഭൗതിക അർഥത്തിൽ വിലയിരുത്താനും സാധിക്കുകയില്ല. വാസ്തവത്തിൽ, ഖുർആനിലും ഹദീസിലും പരാമർശിച്ചിട്ടുള്ള വാക്കുകൾ സ്വർഗീയ അനുഗ്രഹങ്ങളുടെ അതുല്യമായ മേന്മകളെ സൂചിപ്പിക്കുന്നതിനുള്ള സദൃശ്യ വാചകങ്ങളാണ്. (The Life & Character of the Seal of Prophets (sa) – Vol. II, pp. 509-510)
ഹദ്റത്ത് ഖുത്ബ ബിൻ ആമിറിന്റെ സൈനികനീക്കം
മറ്റൊരു സൈനികനീക്കം ഹിജ്റ 9-ാം വർഷം സഫർ മാസത്തിൽ നടന്ന ഹദ്റത്ത് ഖുത്ബ ബിൻ ആമിറിൻറേതായിരുന്നു. അദ്ദേഹം 20 ആളുകളോടൊപ്പം ഖസം ഗോത്രത്തിലേക്ക് അയക്കപ്പെട്ടു. മറ്റൊരു നിവേദനമനുസരിച്ച് മക്കയിൽ നിന്ന് എട്ടു ദിവസത്തെ യാത്രാദൂരമുള്ള യമനിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന തബാലയുടെ സമീപപ്രദേശങ്ങളിലേക്കാണ് അദ്ദേഹത്തെ അയച്ചത്. അപ്രതീക്ഷിത ആക്രമണം നടത്താൻ അദ്ദേഹത്തിന് നിർദേശം നല്കിയിരുന്നു. കാരണം ഈ ഗോത്രം തീർച്ചയായും കുഴപ്പങ്ങൾ മെനഞ്ഞിട്ടുണ്ടാകാം. അവരിൽ പെട്ട ഒരാൾ ഗോത്രത്തിന് മുന്നറിയിപ്പ് നല്കാൻ ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ അയാളെ പിടികൂടി. ആ സമയത്ത് ഗോത്രം ജാഗ്രതയിലായിരുന്നു, അതിനാൽ മുസ്‌ലീങ്ങൾ രാത്രിയാകുന്നത് വരെ ആക്രമണം നടത്താൻ കാത്തിരുന്നു. ഈ യുദ്ധം മുസ്‌ലീങ്ങ ൾക്ക് ആത്യന്തികമായി വിജയം നല്കിയ ഒരു ഉഗ്രമായ പോരാട്ടമായി മാറി. അവർ യുദ്ധമുതലുകൾ മദീനയിലേക്ക് കൊണ്ടുവന്നു.* അത് പിന്നീട് വിതരണം ചെയ്തു.
ബനൂ കിലാബിലേക്കുള്ള സൈനികനീക്കം
ഹിജ്റ 9-ാം വർഷം റബീഉൽ അവ്വൽ മാസത്തിൽ ബനൂ കിലാബിലേക്കുള്ള ഹദ്റത്ത് ദഹ്ഹാക് ബിൻ സുഫ്‌യാൻ ഖിലാബിയുടെ സൈനികനീക്കം നടന്നു. നബിതിരുമേനി(സ) മക്കയിൽ നിന്ന് ഏഴു ദിവസത്തെ യാത്രാദൂരത്തിൽ സ്ഥിതിചെയ്യുന്ന ഖിർത്വയിലേക്ക് ഹദ്റത്ത് ദഹ്ഹാക് ബിൻ സുഫ്‌യാൻ ഖിലാബി(റ)നെ അയച്ചു. ഇത് ബനൂ ബക്റിന്റെ ഒരു ശാഖയും, അദ്ദേഹത്തിൻറെ സ്വന്തം ഗോത്രവുമായിരുന്നു. അദ്ദേഹം അവിടെ ചെന്ന് ഇസ്‌ലാമിൻറെ സന്ദേശം എത്തിച്ചു. എന്നാൽ ഗോത്രക്കാർ അതിനെ നിരാകരിച്ചു, ഒരു യുദ്ധമുണ്ടായി. അതിൽ മുസ്‌ലീങ്ങൾ വിജയിച്ചു.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഈ സൈനികനീക്കത്തിനിടെ വിശ്വാസവർദ്ധനവിന് കാരണമായ ഒരു സംഭവം ഉണ്ടായി. സലാമ ബിൻ ഖുർത്ത് അവിശ്വാസികളുടെ നേതാക്കന്മാരിൽ ഒരാളായിരുന്നു. എന്നാൽ, അദ്ദേഹത്തിൻറെ മകൻ അസ്ജദ് ബിൻ സലാമ ഒരു മുസ്‌ലിമായിരുന്നു എന്ന് മാത്രമല്ല, ഈ സൈനികനീക്കത്തിലെ മുസ്‌ലിം സൈന്യത്തിൻറെ ഭാഗവുമായിരുന്നു.
മുസ്‌ലിം സൈന്യത്തെ എതിർത്തു നിൽക്കാൻ കഴിയാത്തതിനാൽ ശത്രുക്കൾ ഓടിപ്പോയി. അവരിൽ ഹദ്റത്ത് അസ്ജദിൻറെ(റ) പിതാവും ഉണ്ടായിരുന്നു. മകൻ പിന്നാലെ ഓടിയപ്പോൾ സലാമ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ട് വെള്ളത്തിലേക്ക് ചാടി. ഹദ്റത്ത് അസ്ജദ്(റ) പിതാവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ ശ്രമിച്ചു. എങ്കിലും, പിതാവ് അദ്ദേഹത്തെ ശപിക്കുകയാണ് ചെയ്തത്. ഇതുകണ്ട് ഹദ്റത്ത് അസ്ജദ്(റ) പിതാവിൻറെ കുതിരയുടെ പിൻതുട ഞരമ്പ് മുറിച്ചു, മറ്റൊരാൾ സലാമയെ വധിക്കുകയും ചെയ്തു. മറ്റൊരു നിവേദനമനുസരിച്ച് ഹദ്റത്ത് അസ്ജദ്(റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ, അദ്ദേഹത്തിൻറെ പിതാവ് അദ്ദേഹത്തിന് ഒരു കത്തെഴുതി. അതിന് ഹദ്റത്ത് അസ്ജദ്(റ) മറുപടി നല്കിയതിൻറെ ഫലമായി പിതാവ് ഇസ്‌ലാം സ്വീകരിച്ചു, എന്നും പറയുന്നു.
ഹദ്റത്ത് അൽഖമ ബിൻ മുജസ്സിസിൻറെ ജിദ്ദയിലേക്കുള്ള സൈനികനീക്കം
ഹിജ്റ 9-ാം വർഷം സഫർ മാസത്തിൽ ജിദ്ദയിലേക്കുള്ള ഹദ്റത്ത് അൽഖമ ബിൻ മുജസ്സിസിൻറെ സൈനികനീക്കം നടന്നു. ചില അബ്സീനിയൻ സൈനികർ മക്കയെ ആക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ ജിദ്ദയിൽ എത്തിയിട്ടുണ്ടെന്ന് നബിതിരുമേനി(സ) അറിഞ്ഞു. നബിതിരുമേനി(സ) 300 ആളുകളോടൊപ്പം ഹദ്റത്ത് അൽഖമയെ ജിദ്ദയിലേക്ക് അയച്ചു. ഈ വിവരം അറിഞ്ഞപ്പോൾ, അബ്സീനിയക്കാർ തങ്ങളുടെ ബോട്ടുകളിൽ കയറി കടലിലേക്ക് കുതിച്ചു.
ഈ സൈന്യത്തിലെ ഒരു സംഘം അവരുടെ ദൗത്യം പൂർത്തിയാക്കിയ ശേഷം ഉടൻ മടങ്ങാൻ അനുവാദം ചോദിച്ചു. അവർക്ക് അനുമതി നല്കുകയും, ഹദ്റത്ത് അബ്ദുല്ലാഹ് സഹ്‌മിയെ(റ) ആ സംഘത്തിൻറെ നേതാവായി നിയമിക്കുകയും ചെയ്തു. അദ്ദേഹം ഒരു നർമ്മപ്രകൃതനായിരുന്നു. യാത്രാമധ്യേ, അവർ തീകായുവാനായി നിൽക്കുകയും തീ കൂട്ടുകയും ചെയ്തപ്പോൾ അദ്ദേഹം ചോദിച്ചു, നിങ്ങളുടെ നേതാവായി എന്നെ നിയമിച്ചതിനാൽ ഞാൻ പറയുന്നതെന്തും അനുസരിക്കുമോ? അവർ അനുസരിക്കുമെന്ന് മറുപടി പറഞ്ഞു. തുടർന്ന് ഹദ്റത്ത് അബ്ദുല്ലാഹ്(റ) അവരോട് തീയിലേക്ക് ചാടാൻ പറഞ്ഞു. ചിലർ എഴുന്നേറ്റ് അത് ചെയ്യാൻ തയ്യാറായപ്പോൾ, ഞാൻ വെറുതെ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് അദ്ദേഹം അവരെ തടഞ്ഞു. ഈ വാർത്ത നബിതിരുമേനി(സ)യുടെ അടുത്തെത്തിയപ്പോൾ, അല്ലാഹുവിനോടുള്ള അനുസരണക്കേടിന് കൽപ്പിക്കുന്ന ഒരു നേതാവിനെയും അനുസരിക്കരുതെന്ന് അവിടുന്ന് പറഞ്ഞു. നന്മയായ കാര്യങ്ങളിലാണ് ഒരു നേതാവിനെ അനുസരിക്കേണ്ടത്.
ബനൂ ത്വയ്യ് ഗോത്രത്തിലേക്കുള്ള ഹദ്റത്ത് അലി(റ)ൻ്റെ സൈനികനീക്കം
ഹിജ്റ 9-ാം വർഷം റബീഉസ്സാനി മാസത്തിൽ ആണ് ബനൂ ത്വയ്യ് ഗോത്രത്തിലേക്കുള്ള ഹദ്റത്ത് അലി(റ)യുടെ സൈനികനീക്കം നടന്നത്. ബനൂ ത്വയ്യ് ‘ഫുൽസ്’ എന്ന് പേരുള്ള ഒരു വിഗ്രഹത്തെ ആരാധിച്ചിരുന്നു. ഫുൽസ് വിഗ്രഹം നശിപ്പിക്കുന്നതിനായി നബിതിരുമേനി(സ) ഹദ്റത്ത് അലി(റ)നെ 150 ആളുകളോടൊപ്പം അയച്ചു. ഹദ്റത്ത് അലി(റ) ഒഴികെ ഈ സൈന്യം മുഴുവൻ അൻസാറുകൾ (മദീന നിവാസികൾ) മാത്രമായിരുന്നു. വിഗ്രഹം നശിപ്പിക്കുകയും യുദ്ധമുതലുകൾ ശേഖരിക്കുകയും തടവുകാരെ ഒരുമിച്ചു കൂട്ടുകയും ചെയ്തു. പ്രസിദ്ധനായ നേതാവ് ഹാതിം ത്വായിയുടെ മകളെ മാറ്റി നിർത്തി, യുദ്ധമുതലുകൾ വിതരണം ചെയ്യുകയും അവരെ മദീനയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. അവിടെയെത്തിയപ്പോൾ അവൾ നബിതിരുമേനി(സ)യോട് ദയക്കായി അപേക്ഷിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ, നബിതിരുമേനി(സ) അത് സ്വീകരിക്കുകയും, സിറിയയിലേക്ക് ഓടിപ്പോയ അവളുടെ സഹോദരൻറെ അടുത്തേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. അവരെ മോചിപ്പിച്ചപ്പോൾ അവർ ഇസ്‌ലാം സ്വീകരിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അവർ സിറിയയിൽ എത്തിയപ്പോൾ, തന്നെ ഉപേക്ഷിച്ച് ഓടിപ്പോയതിന് സഹോദരനെ ശകാരിച്ചു. അദ്ദേഹം ക്ഷമ ചോദിക്കുകയും നബിതിരുമേനി(സ)യെക്കുറിച്ചുള്ള അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് നബിതിരുമേനി(സ)യെ സന്ദർശിക്കണമെന്ന് അവർ സഹോദരനെ ഉപദേശിച്ചു, കാരണം അദ്ദേഹം ഒരു പ്രവാചകനോ രാജാവോ ആവട്ടെ, അദ്ദേഹത്തെ സന്ദർശിക്കുന്നതിൽ ദോഷമില്ല എന്നും പറഞ്ഞു. അവരുടെ സഹോദരൻ അദി നബിതിരുമേനി(സ)യെ കാണാൻ മദീനയിലേക്ക് പോയി. അദി സ്വയം പരിചയപ്പെടുത്തി, നബിതിരുമേനി(സ) അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിയിൽ ഒരു വൃദ്ധ നബിതിരുമേനി(സ)യോട് ഒരു ചോദ്യം ചോദിക്കാൻ വേണ്ടി നിർത്തി, നബിതിരുമേനി(സ) കുറച്ചു നേരം അവരുമായി സംസാരിച്ചു.
ഇത്രയും നേരം ഒരു വൃദ്ധയുമായി സംസാരിക്കാൻ നിൽക്കുന്നയാൾ ഒരു രാജാവാകാൻ വഴിയില്ല എന്ന് അദി സ്വയം ചിന്തിച്ചു. വീട്ടിലെത്തിയപ്പോൾ നബിതിരുമേനി(സ) അദിക്ക് ഈന്തപ്പനയുടെ നാരുകൾ നിറച്ച ഒരു തുകൽ ഇരിപ്പിടം ഇരിക്കാനായി നല്കി. നബിതിരുമേനി(സ) അതിൽ ഇരിക്കണമെന്ന് അദി നിർബന്ധിച്ചു, എങ്കിലും അല്ലാഹുവിൻ്റെ പ്രവാചകൻ നിലത്തിരുന്നു. അദ്ദേഹം ഒരിക്കലും ഒരു രാജാവല്ല എന്ന് അദി വീണ്ടും ചിന്തിച്ചു. തുടർന്ന് അവർ സംസാരിച്ചു, ആ സംഭാഷണത്തിനിടയിൽ നബിതിരുമേനി(സ) അദിക്ക് മാത്രം അറിയാവുന്ന ചില കാര്യങ്ങൾ പരാമർശിച്ചു. ഇദ്ദേഹം തീർച്ചയായും ഒരു പ്രവാചകനാണെന്ന് അദിക്ക് ബോധ്യപ്പെട്ടു. സംഭാഷണത്തിന് ശേഷവും നബിതിരുമേനി(സ)യുടെ ഉന്നതമായ ധാർമിക ഗുണങ്ങൾ കണ്ടുകൊണ്ട്, അദി ഇസ്‌ലാം സ്വീകരിച്ചു.
ഇസ്‌ലാം സ്വീകരിച്ച ശേഷം, ഹദ്റത്ത് അദി(റ) ഇസ്‌ലാമിക അധ്യാപനങ്ങളിൽ അർപ്പിതനായി. ഹദ്റത്ത് അദി(റ)ൽനിന്നുള്ള ഒരു നിവേദനം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു, ഹീറയിൽ നിന്നുള്ള ഒരു സ്ത്രീയെ ഒറ്റയ്ക്ക് കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ യാത്ര ചെയ്തു വന്നത് ഞാൻ കണ്ടിട്ടുണ്ട്. ഖലീഫ തിരുമനസ്സ് പറയുന്നു, ഒരു സ്ത്രീ ഹജ്ജ് കർമ്മം നിർവ്വഹിക്കുമ്പോൾ അവരോടൊപ്പം ഒരു പുരുഷൻ ഉണ്ടാക്കേണ്ടത് നിർബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടിക്ക് ഈ നിവേദനം പിന്തുണയ്ക്കുന്നു.
ഹദ്റത്ത് ഉക്കാശ ബിൻ മിഹ്സാൻ്റെ ജിനാബിലേക്കുള്ള സൈനികനീക്കം
ഹിജ്റ 9-ാം വർഷം റബീഉസ്സാനി മാസത്തിൽ ജിനാബിലേക്കുള്ള ഹദ്റത്ത് ഉക്കാശ ബിൻ മിഹ്സാൻറെ സൈനികനീക്കം നടന്നു. ജിനാബിനടുത്ത് താമസിച്ചിരുന്ന ഉദ്റ, ബല്ലി ഗോത്രങ്ങൾക്കെതിരെയായിരുന്നു ഈ നിക്കം. ഈ സൈനികനീക്കത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ല.
തബൂക് യുദ്ധത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ
ഈ യുദ്ധം ഹിജ്റ 9-ാം വർഷം റജബ് മാസത്തിലാണ് നടന്നത്. നബിതിരുമേനി(സ)യുടെ ജീവിതകാലത്തെ അവസാനത്തെ യുദ്ധമായിരുന്നു ഇത്. മദീനയിൽ നിന്ന് 600 കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്യുന്ന തബൂക്ക് എന്ന നീരുറവയ്ക്ക് സമീപം നബിതിരുമേനി(സ) തമ്പടിച്ചതിനാലാണ് ഇതിന് തബൂക്ക് യുദ്ധം എന്ന് പേര് നല്കപ്പെട്ടത്. ഈ യുദ്ധത്തെ വിശുദ്ധ ഖുർആൻ ‘വിഷമസന്ധി’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (വിശുദ്ധ ഖുർആൻ, 9:11)
അതുകൊണ്ട്, ഇത് ‘വിഷമം പിടിച്ച യുദ്ധം’ എന്നും അറിയപ്പെടുന്നു, കാരണം കഠിനമായ ചൂട്, ദീർഘദൂര യാത്ര, യാത്രാ മൃഗങ്ങളുടെ കുറവ്, വഴിയിൽ വെള്ളം തീർന്നുപോവുക, സൈന്യത്തെ ഒരുക്കുന്നതിനുള്ള ധനസഹായത്തിൻറെ അഭാവം, മറ്റ് പ്രയാസങ്ങൾ എന്നിങ്ങനെ നിരവധി ദുഷ്‌കരമായ സാഹചര്യങ്ങൾ മുസ്‌ലീങ്ങൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
ഈ യുദ്ധത്തിൻറെ പശ്ചാത്തലം, കിഴക്കൻ റോമൻ സാമ്രാജ്യത്തിൻ്റെ (Byzantines) സഖ്യകക്ഷികളായിരുന്ന ബനൂ ഗസ്സാനിൽ നിന്നുള്ള ആക്രമണ ഭീഷണി മദീനയിൽ നിരന്തരമായി നിലനിന്നിരുന്നു എന്നതായിരുന്നു. കിഴക്കൻ റോമൻ സാമ്രാജ്യക്കാർ സിറിയയിൽ ഒരു വലിയ സൈന്യത്തെ ഒരുക്കിയിട്ടുണ്ടെന്നും വിവിധ ക്രിസ്ത്യൻ ഗോത്രങ്ങൾ അവരോടൊപ്പം ചേർന്നിട്ടുണ്ടെന്നും സിറിയയിൽ നിന്നുള്ള ഒരു വ്യാപാരിസംഘം മുസ്‌ലീങ്ങളോട് പറഞ്ഞു. മറ്റൊരു ഘടകം, അറബ് ക്രിസ്ത്യാനികൾ, ഹെരാക്ലിയസിന് നബിതിരുമേനി(സ)യുടെ പരാജയത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത അറിയിച്ചുകൊണ്ട് കത്തെഴുതുകയും, ക്രിസ്തുമതത്തിൻറെ ആധിപത്യം സ്ഥാപിക്കാനുള്ള സമയമാണിതെന്ന് പറയുകയും ചെയ്തു. ഈ സൈന്യത്തെക്കുറിച്ച് നബിതിരുമേനി(സ) അറിഞ്ഞപ്പോൾ, മുസ്‌ലിം സൈന്യവും തയ്യാറെടുപ്പുകൾ നടത്തണമെന്ന് അവിടുന്ന് നിർദ്ദേശിച്ചു.
ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു.
റബ്‌വയിലെ മഹ്ദി മസ്ജിദിന് നേരെയുണ്ടായ ആക്രമണം
ഇന്ന് റബ്‌വയിലെ മഹ്ദി മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിൽ നാലോ അഞ്ചോ അഹ്‌മദികൾക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയക്കായി കൊണ്ടുപോകുകയും ചെയ്തു.
അവരുടെ നില മെച്ചപ്പെടാനും, പരിക്കേറ്റ എല്ലാവർക്കും സൗഖ്യം ലഭിക്കാനും ഖലീഫ തിരുമനസ്സ് ദുആ ചെയ്തു. ഗുരുതരമായി പരിക്കേറ്റവരുടെ വയറ്റിൽ ആണ് വെടിയേറ്റത്. തീവ്രവാദികളിൽ ഒരാളെ സുരക്ഷാ ജീവനക്കാരൻ വെടിവെച്ച് കൊന്നു, മറ്റൊരാൾ ഓടിപ്പോയി. ഇതുവരെയുള്ള റിപ്പോർട്ട് ഇതാണ്. ഈ തീവ്രവാദികളെയും, നിയമം ലംഘിച്ചവരെയും, അഹ്‌മദിയ്യത്തിൻറെ എതിരാളികളെയും അല്ലാഹു വേഗത്തിൽ പാഠം പഠിപ്പിക്കുമാറാകട്ടെ. (പാകിസ്താനിലുള്ള)പഞ്ചാബ് പ്രവിശ്യയിലെ കുറ്റകൃത്യങ്ങൾ നൂറു ശതമാനം നിയന്ത്രണത്തിലാണെന്നും അവിടെ കുറ്റവാളികൾ ഇല്ലെന്നും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. എങ്കിലും അഹ്‌മദികൾ നിരന്തരം രക്തസാക്ഷികളാക്കപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. ഒരുപക്ഷേ അവർ ഇതിനെ കുറ്റകൃത്യമായി കണക്കാക്കുന്നില്ലായിരിക്കാം. ഈ സർക്കാരുകൾക്ക് അല്ലാഹു വിവേകം നല്കുമാറാകട്ടെ, അല്ലാഹു വേഗത്തിൽ ഈ ജമാഅത്തിന് അനുകൂലമായി അടയാളങ്ങൾ കാണിക്കുമാറാകട്ടെ.
0 Comments