അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 5 ഡിസംബർ
2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, തബൂക്ക് യുദ്ധത്തിൽ പങ്കെടുക്കാതെ പിന്നിൽ തങ്ങിയ ഹദ്റത്ത് കഅബ് ബിൻ മാലിക്(റ)ന്റെയും മറ്റ് സഹാബികളുടെയും സംഭവങ്ങൾ വിവരിക്കുന്നതാണെന്ന് ഖലീഫ തിരുമനസ്സ് (അ) പറഞ്ഞു.
ഉപദ്രവങ്ങളിൽ നിന്നുള്ള സംരക്ഷണ രീതി
ഈ സംഭവം കൂടുതൽ വിശദീകരിക്കുന്നതിനായി ഖലീഫ തിരുമനസ്സ്(അയ്യദഹുല്ലാഹ്), ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ്(റ) ഒരു ഹദീസിൻ്റെ വെളിച്ചത്തിൽ അവതരിപ്പിച്ച ഉദ്ധരണി മുന്നിൽ വെച്ചു.
സംഭവം വിവരിച്ച ശേഷം, ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ്(റ) അഹ്മദിയ്യാ മുസ്ലീം ജമാഅത്തിനെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു, അച്ചടക്ക നടപടിക്ക് വിധേയരായവരോട് സംസാരിക്കാൻ മദീനാവാസികൾക്കോ, മദീനാവാസികളോട് സംസാരിക്കാൻ അവർക്കോ അനുവാദമുണ്ടായിരുന്നില്ല എന്ന വസ്തുത വ്യക്തമാണ്.
ഖാദിയാനിൽ കുഴപ്പങ്ങൾ വ്യാപിക്കുന്ന സമയത്താണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അച്ചടക്ക നടപടി നേരിടുന്നവർ അഹ്‌മദികളുടെ വീടുകളിൽ പ്രവേശിച്ച് അവിടുത്തെ താമസക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുമായിരുന്നു.
അത്തരക്കാർ സർപ്പങ്ങളെപ്പോലെയാണെന്നും അവർക്ക് അഭയം നൽകുന്നവരെ അവർ ഉപദ്രവിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും, എന്നാൽ അല്ലാഹുവിനാൽ സംരക്ഷിക്കപ്പെടുന്നവർക്ക് ഒരിക്കലും ഹാനി സംഭവിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സേവനങ്ങൾ അനുഷ്ഠിക്കുക
ഹദ്റത്ത് കഅബ് ബിൻ മാലിക്(റ) നബിതിരുമേനി(സ)യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു എന്ന് ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ്(റ) പ്രസ്താവിക്കുന്നു. എന്നിരുന്നാലും, തബൂക്ക് യുദ്ധത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹത്തിന്റെ പിഴവിനുശേഷം, അദ്ദേഹത്തിന് മേൽ സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്തി. ഈ അവസ്ഥയിലായിരിക്കെയാണ് ഗസ്സാനിലെ രാജാവിൽ നിന്ന് ഹദ്റത്ത് കഅബ്(റ)ന് ഒരു കത്ത് ലഭിച്ചത്. ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിലുള്ള അദ്ദേഹത്തിന്റെ വികാരങ്ങളെ മുതലെടുത്തു കൊണ്ട് തന്നോടൊപ്പം ചേരാൻ രാജാവ് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഹദ്റത്ത് കഅബ്(റ) അത് നിരസിക്കുകയാണുണ്ടായത്. ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ്(റ) പറയുന്നു, ഇന്ന് ജമാഅത്തിൽ, ഏതെങ്കിലും കാര്യത്തെക്കുറിച്ച് ആരെയെങ്കിലും ചോദ്യം ചെയ്താൽ, തങ്ങളുടെ മുൻകാല സേവനങ്ങൾ കണക്കിലെടുക്കണമെന്ന് അവർ മറുപടി പറയുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്. സംഘടനാ സംവിധാനത്തെ ഉയർത്തിപ്പിടിക്കുന്നതും ശെരിയായ രീതിയിൽ ജോലി ചെയ്യുന്നതും തമ്മിൽ അന്തരങ്ങൾ ഉണ്ട്. ആരെങ്കിലും തെറ്റ് ചെയ്താൽ, അവർ ആരായാലും, അവരോട് അതിനെക്കുറിച്ച് ചോദിക്കണം. ആത്യന്തികമായി, ശൈത്താനെ തുരത്തുന്നതിന് വേണ്ടിയാണ് ഒരാൾ ദീനിൻ്റെ മാർഗത്തിൽ സേവനം ചെയ്യേണ്ടത്. മറിച്ച്, പ്രശംസിക്കപ്പെടാനോ അംഗീകരിക്കപ്പെടാനോ വേണ്ടിയായിരിക്കരുത്.
തബൂക്ക് യുദ്ധവും മടക്കയാത്രയും അങ്ങേയറ്റം വിജയകരമായിരുന്നു. ഇസ്ലാമിന്റെ വിജയവാർത്ത അതിവേഗം പ്രചരിക്കുകയും അറേബ്യയിലുടനീളം ഇസ്ലാമിന്റെ പതാക ഉയർത്തപ്പെടുകയും ചെയ്തു.
നജ്റാനിലെ ബനു അബ്ദൽ മദാനിലേക്കുള്ള സൈനിക നീക്കം
തബൂക്ക് യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, നജ്റാനിലെ ബനു അബ്ദൽ മദാൻ ഗോത്രത്തിലേക്ക് ഹദ്റത്ത് ഖാലിദ് ബിൻ വലീദ്(റ)ന്റെ നേതൃത്വത്തിൽ ഒരു സൈനിക നീക്കം നടന്നു. ഹിജ്റ പത്താം വർഷമാണ് ഇത് നടന്നത്. അവിടുത്തെ ജനങ്ങളെ മൂന്ന് തവണ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ നബിതിരുമേനി(സ) ഹദ്റത്ത് ഖാലിദ്(റ)നോട് നിർദ്ദേശിച്ചു. അപ്രകാരം, ഹദ്റത്ത് ഖാലിദ്(റ) അത് കൃത്യമായി നിർവ്വഹിക്കുകയും, അദ്ദേഹത്തിന്റെ പ്രബോധനത്തിന് ശേഷം അവർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അവിടെ നിന്ന്, ഹദ്റത്ത് ഖാലിദ്(റ) നബിതിരുമേനി(സ)ക്ക് ഒരു കത്തെഴുതുകയും, മൂന്ന് ദിവസത്തെ പ്രബോധനത്തിന് ശേഷം ആ ഗോത്രം ഇസ്ലാം മതം സ്വീകരിച്ച വിവരം അറിയിക്കുകയും ചെയ്തു. താൻ ജനങ്ങൾക്കിടയിൽ താമസിച്ച് അവരെ വിശ്വാസം പഠിപ്പിക്കുകയായിരുന്നുവെന്നും നബി തിരുമേനി(സ)ൽ നിന്ന് തുടർ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക്കയാണെന്നും അദ്ദേഹം അറിയിച്ചു. മറുപടിയായി, നബിതിരുമേനി(സ)യെ കാണാനായി ഗോത്രത്തിലെ ഏതാനും ആളുകളെ കൂട്ടി മദീനയിലേക്ക് വരണമെന്ന് പരിശുദ്ധ പ്രവാചകൻ കൽപ്പിച്ചു. ഈ സംഘം അല്ലാഹുവിൽ നിന്നുള്ള പ്രവാചകനെ കണ്ടപ്പോൾ അവർ ആ മഹാത്മാവിന്റെ കയ്യിൽ വിശ്വാസ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തു. ശത്രുക്കളെ തുരത്തിയോടിക്കുന്ന ആളുകൾ നിങ്ങൾ തന്നെയാണോ എന്ന് നബിതിരുമേനി(സ) അവരോട് ചോദിച്ചു. ഒരൽപം സമയം അവർ മൗനം പാലിച്ചു, ഒടുവിൽ നബിതിരുമേനി(സ) നാല് തവണ ചോദ്യം ആവർത്തിച്ചപ്പോൾ അതെ എന്ന് അവർ മറുപടി നൽകി. തുടർന്ന് തങ്ങൾക്ക് സന്മാർഗ്ഗം നൽകിയതിന് അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചു.
നബിതിരുമേനി(സ)യുടെ അവസാനത്തെ സൈനീക നീക്കം
നബിതിരുമേനി(സ)യുടെ ജീവിതകാലത്ത് അയക്കപ്പെട്ട അവസാനത്തെ സൈനിക സംഘം ഉസാമ(റ)യുടെ സൈന്യമായിരുന്നു. ഈ സൈനിക നീക്കത്തിന്റെ പശ്ചാത്തലം ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിടവാങ്ങൽ ഹജ്ജിൽനിന്ന് (ഹജ്ജത്തുൽ വിദ) നബിതിരുമേനി(സ) മടങ്ങിയെത്തിയപ്പോൾ, ക്രിസ്ത്യാനികൾ തങ്ങളുടെ ശക്തിയിൽ അഹങ്കരിച്ചിരുന്നതിനാൽ ബൈസന്റൈനുകളിൽ നിന്ന് ഇപ്പോഴും ഭീഷണി നിലനിന്നിരുന്നു. മുഅ്ത യുദ്ധത്തിൽ സംഭവിച്ച മരണങ്ങൾക്കുള്ള പ്രതികാരവും ബാക്കിയുണ്ടായിരുന്നു. അതിനാൽ, സിറിയ ആക്രമിക്കാൻ ഹദ്റത്ത് ഉസാമ(റ)യുടെ നേതൃത്വത്തിൽ നബിതിരുമേനി(സ) ഒരു സൈന്യത്തെ നിയോഗിച്ചു. നബിതിരുമേനി(സ)യുടെ വിയോഗത്തിന് രണ്ട് ദിവസം മുമ്പാണ് സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായത്. യുദ്ധം ആഗ്രഹിക്കാതെ, എന്നാൽ തങ്ങൾക്കെതിരെ ആക്രമണം നടന്നാൽ മാത്രം ആയുധമെടുക്കണമെന്നും, സംയുക്തമായ വിജയം ഉറപ്പാക്കണമെന്നുമുള്ള നിർദ്ദേശങ്ങളോടെ നബിതിരുമേനി(സ) സൈന്യത്തെ യാത്രയാക്കി. ഹദ്റത്ത് ഉസാമ(റ)യ്ക്ക് ഒരു പതാകയും നൽകി.
മുതിർന്ന സ്വഹാബികൾ എല്ലാവരും ഈ സൈന്യത്തിന്റെ ഭാഗമായിരുന്നു. പ്രമുഖരായ സ്വഹാബികൾക്ക് മുകളിൽ ഇത്രയും ചെറുപ്പക്കാരനായ ഒരാളെ എങ്ങനെ നേതാവാക്കും എന്നതിനെക്കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഈ സംസാരം നബിതിരുമേനി(സ)ക്ക് അതൃപ്തി ഉണ്ടാക്കുകയും, ഹദ്റത്ത് ഉസാമ(റ)യുടെ ഗുണവും കഴിവും കണക്കിലെടുത്ത് അദ്ദേഹത്തെ സൈന്യത്തിന്റെ നേതാവാക്കാനുള്ള തീരുമാനം വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഈ സമയത്തായിരുന്നു നബിതിരുമേനി(സ)യുടെ അസുഖം മൂർച്ഛിച്ചത്. എങ്കിലും, ഉസാമ(റ)യുടെ സൈന്യം മുന്നോട്ട് പോകണമെന്ന് നബിതിരുമേനി(സ) നിർബന്ധിച്ചു. രോഗം വർധിച്ചപ്പോൾ ഉസാമ(റ) പരിശുദ്ധ പ്രവാചകനെ കാണാൻ ചെന്നു. സൈന്യവുമായി മുന്നോട്ട് നീങ്ങണമെന്ന് നബിതിരുമേനി(സ) ഹദ്റത്ത് ഉസാമ(റ) നോട് ഊന്നിപ്പറഞ്ഞു. എന്നാൽ, അദ്ദേഹം പുറപ്പെട്ടു തുടങ്ങിയപ്പോൾ തന്നെ, നബിതിരുമേനി(സ) അന്ത്യ നിമിഷങ്ങളോട് അടുക്കുന്നു എന്ന വിവരം ലഭിക്കുകയും, അങ്ങനെ ഹദ്റത്ത് ഉസാമ(റ)യും സൈന്യവും മടങ്ങുകയും ചെയ്തു.
ഹദ്റത്ത് അബൂബക്കർ(റ) ഒന്നാം ഖലീഫയായപ്പോൾ, ഹദ്റത്ത് ഉസാമ(റ)യുടെ സൈന്യം, ദൗത്യവുമായി മുന്നോട്ട് പോകണമെന്ന് കർശനമായി നിർദ്ദേശിച്ചു. മദീനയിൽ കുഴപ്പങ്ങൾ ഉടലെടുക്കുന്നതിനാൽ സൈന്യത്തെ പുറത്തേക്ക് അയക്കരുതെന്നും, മദീനയുടെ സംരക്ഷണത്തിനായി സൈന്യത്തെ അവിടെത്തന്നെ നിർത്തണമെന്നും ചിലർ വാദിച്ചു. എന്നാൽ, നബിതിരുമേനി(സ) സ്വയം നിയോഗിച്ച സൈന്യത്തെ തടയുക എന്നത്, ഖലീഫയായിട്ടുള്ള തന്റെ ആദ്യ നിർദ്ദേശമാകാൻ പാടില്ലെന്ന് ഹദ്റത്ത് അബൂബക്കർ(റ) പറഞ്ഞു. സൈന്യത്തെ അയക്കുമ്പോൾ, നബിതിരുമേനി(സ) നൽകിയ എല്ലാ നിർദ്ദേശങ്ങളും നിറവേറ്റാൻ ഹദ്റത്ത് അബൂബക്കർ(റ) ഹദ്റത്ത് ഉസാമ(റ)യെ ഓർമ്മിപ്പിച്ചു.
ഖലീഫ തിരുമനസ്സ് പറഞ്ഞു, നബിതിരുമേനി(സ)യുടെ ജീവിതത്തിലെ യുദ്ധങ്ങളെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള ഖുതുബ പരമ്പര ഇതോടെ പൂർത്തിയാവുകയാണ്. പരിശുദ്ധ പ്രവാചകൻ്റെ ജീവിതത്തിലെ മറ്റ് ചില വശങ്ങളുമുണ്ട്, അത് ഭാവിയിൽ പറയുന്നതാണ്.
ജനാസ നമസ്കാരം
താഴെ പറയുന്ന പരേതാത്മാക്കളുടെ ജനാസ നമസ്കാരം നിർവഹിക്കുന്നതാണെന്ന് ഖലീഫ തിരുമനസ്സ് അറിയിച്ചു. ആദ്യത്തേത് അമേരിക്കയിൽ അന്തരിച്ച, മിഷനറിയായിരുന്ന അസീസു റഹ്മാൻ ഖാലിദ് സാഹിബിൻ്റെതാണ്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ മിഷനറിയായും പാകിസ്ഥാനിൽ വിവിധ തസ്തികകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമകൻ ഹംസ ഉബൈദുള്ളയും ഒരു മിഷനറിയാണ്. അസീസു റഹ്മാൻ ഖാലിദ് സാഹിബ് ഒരു മിഷനറി എന്ന നിലയിൽ താൻ ആദ്യകാലത്ത് നേരിട്ട പ്രയാസങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഭക്ഷണം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും കൊച്ചുമകന് വിവരിച്ച് കൊടുക്കുമായിരുന്നു. ഖലീഫ തിരുമനസ്സ് പറഞ്ഞു, ഘാനയിൽ താമസിച്ചിരുന്ന സമയത്ത് ഞാനും കുറച്ച് കാലം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിരുന്നു. അദ്ദേഹം വളരെ കഠിനാധ്വാനിയും ലളിതജീവിതം നയിച്ച വ്യക്തിയും നിസ്വാർത്ഥനുമായിരുന്നു. അദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമാണുള്ളത്. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകുകയും അദ്ദേഹത്തിന്റെ പദവി ഉയർത്തുകയും ചെയ്യുമാറാകട്ടെ.
അടുത്തത് ഇന്തോനേഷ്യയിൽ നിന്നുള്ള എഡി ഹമൈദി സാഹിബിൻ്റെതാണ്. ഉംറ നിർവഹിക്കുന്നതിനായി മദീനയിലായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇസ്ലാം അഹ്മദിയ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം അതീവ താല്പര്യം കാണിച്ചിരുന്നു. പള്ളിയിൽ പോകുന്നതിലും നമസ്കാരം നിർവഹിക്കുന്നതിലും അദ്ദേഹം കൃത്യനിഷ്ഠയുള്ള ആളായിരുന്നു. അദ്ദേഹം ദിവസവും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നു. തഹജ്ജുദ് ( ഐച്ഛിക നമസ്കാരം) നിർവഹിക്കുന്നതിൽ അദ്ദേഹം കൃത്യത പാലിച്ചിരുന്നു. മദീനയിലെ ജന്നത്തുൽ ബഖിയിൽ അടക്കം ചെയ്യപ്പെടാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. പാകിസ്ഥാനിലെ പണ്ഡിതന്മാർ അഹ്മദികളെ അവരുടെ സ്വന്തം ശ്മശാനങ്ങളിൽ പോലും അടക്കം ചെയ്യാൻ അനുവദിക്കുന്നില്ല, എന്നാൽ എഡി ഹമൈദി സാഹിബിനെ ജന്നത്തുൽ ബഖിയിൽ അടക്കം ചെയ്യാൻ അല്ലാഹു അവസരമൊരുക്കി. അവിടെയുള്ള ഒരു ഖബറിനെ അവഹേളിക്കാൻ അവർ ഒരിക്കലും ധൈര്യപ്പെടില്ലായിരിക്കും. ഈ പണ്ഡിതന്മാർ ഉടൻ തന്നെ അവരുടെ പര്യവസാനം കാണും. എഡി ഹമൈദി സാഹിബിന് ഖിലാഫത്തിനോട് അഗാധമായ സ്നേഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നാല് പെൺമക്കളും പത്ത് പേരക്കുട്ടികളുമാണുള്ളത്. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകുകയും അദ്ദേഹത്തിന്റെ പദവി ഉയർത്തുകയും ചെയ്യട്ടെ.



0 Comments