വിശ്വശാന്തിയ്ക്ക് വീറ്റോ അധികാരമുയർത്തുന്ന ഭീഷണി: അഹ്‌മദിയ്യാ ഖലീഫ 2024 യു.കെ. പീസ്‌ സിംപോസിയത്തിൽ നടത്തിയ പ്രഭാഷണം

യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.

വിശ്വശാന്തിയ്ക്ക് വീറ്റോ അധികാരമുയർത്തുന്ന ഭീഷണി: അഹ്‌മദിയ്യാ ഖലീഫ 2024 യു.കെ. പീസ്‌ സിംപോസിയത്തിൽ നടത്തിയ പ്രഭാഷണം

യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.

അഹ്‌മദിയ്യാ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്‌ 2024 യുകെ പീസ്‌ സിംപോസിയത്തിൽ നടത്തിയ പ്രഭാഷണം.

അവലംബം: അല്‍ഹക്കം 

വിവര്‍ത്തനം: ജന്നത്ത് അഫീഫ് എ.പി.

2024 മാർച്ച് 9ന്, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പതിനെട്ടാമത് യൂ.കെ. ദേശീയ പീസ് സിംപോസിയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി.

യുദ്ധങ്ങൾ എങ്ങനെ അവസാനിപ്പിക്കാം എന്നതിനെ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാടുകൾ വർഷങ്ങളായി നിരന്തരം വ്യക്തമാക്കി കൊണ്ടിരിക്കുന്നുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

“ബാഹ്യശക്തികളുടെ സ്വാധീനവും അനാവശ്യമായ ഇടപെടലും കാരണത്താൽ ആഭ്യന്തര കലഹങ്ങൾ പലപ്പോഴും പ്രാദേശിക യുദ്ധങ്ങളിലേക്ക് നയിക്കപ്പെടുന്നതാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.”

അത്തരം ഇടപെടലുകളുടെ പരിണിതഫലങ്ങള്‍ക്ക് സമീപ ദശകങ്ങളിൽ നാം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അഹ്‌മദിയ്യ ഖലീഫ പറയുകയുണ്ടായി. അദ്ദേഹം പറയുന്നു:

“ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന പക്ഷപാതപൂർണമായ രാഷ്ട്രീയവ്യവസ്ഥകളും നിയമവിധേയമായ സാമ്പത്തിക വ്യവസ്ഥകളും, അസമത്വത്തിന്‍റെ വേലിയേറ്റത്തിന് കാരണമാകുന്നു. അത് ആഗോള അസ്ഥിരതയ്ക്കും അരക്ഷിതാവസ്ഥക്കും ആക്കം കൂട്ടുകയും ചെയ്യുന്നു.”

സമാധാന സംസ്ഥാപനത്തിനായി നാം പരിശ്രമിക്കേണ്ടതുണ്ടെന്ന ഖലീഫാ തിരുമനസ്സിന്‍റെ വാദത്തോട് ക്രമേണ രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, പൊതുജനങ്ങളും യോജിച്ചിട്ടുണ്ടെങ്കിലും, പ്രസ്തുത സംഘര്‍ഷങ്ങൾ ഒരു ആഗോള ആണവയുദ്ധത്തിന് കാരണമായേക്കാമെന്ന അദ്ദേഹത്തിന്‍റെ നിഗമനത്തെ മുമ്പ് പലരും നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്.

ഹദ്റത്ത് മീര്‍സാ മസ്‌റൂർ അഹ്മദ്(അയ്യദഹുല്ലാഹ്) പറയുന്നു, “ഇത് അനാവശ്യമായ ഉൽക്കണ്ഠയാണെന്നാണ് പലരും വിലയിരുത്തിയത്”.

തങ്ങളുടെ ആദർശവാദം കൊണ്ടോ, ലോകത്തിന്‍റെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് അബദ്ധപരമായ ശുഭാപ്തിവിശ്വാസത്തോടെ ലോകത്തെ നോക്കിക്കാണുന്ന ശീലം കൊണ്ടോ, അല്ലെങ്കിൽ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ലായ്മ കൊണ്ടോ, ഒരുപാട് കാലം ഖലീഫ തിരുമനസ്സിന്‍റെ വാദങ്ങളോട് യോജിക്കാന്‍ ചിലയാളുകൾ വിസമ്മതിച്ചു. തങ്ങള്‍ക്ക് മുന്നിൽ പ്രത്യക്ഷമായി നിൽക്കുന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ അവർ തയ്യാറല്ലായിരുന്നു.

ആഗോള സംഘര്‍ഷങ്ങളുടെ വിള്ളലുകൾ സമീപ ദശകങ്ങളിൽ കൂടുതല്‍ വ്യാപകമാകുകയാണെന്നെ യാഥാര്‍ഥ്യം, അജ്ഞത പലപ്പോഴും അനുഗ്രഹമാണെന്ന് പറയപ്പെടുന്നത് പോലെ, അവർ ബോധപൂര്‍വം അവഗണിച്ചതായി തോന്നുന്നുവെന്ന് ഖലീഫ തിരുമനസ്സ് വിലയിരുത്തി.

ഇന്ന് യൂറോപ്പിലും മിഡിൽ ഈസ്റ്റിലും അതുപോലെ മറ്റിടങ്ങളിലും യുദ്ധങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ, ലോകത്ത് സങ്കല്പാതീതമായ നിലയിൽ നാശം വിതച്ചേക്കാവുന്ന ഒരു ആണവ ലോകമഹായുദ്ധത്തിന്‍റെ സാധ്യതയെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) യു.കെ. പീസ്‌ സിംപോസിയത്തില്‍ സംസാരിക്കുന്നു

“എന്നാൽ ഈ തിരിച്ചറിവ് ഉണ്ടായിരുന്നിട്ടും, ഈ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാൻ പലരും ഇപ്പോഴും തയ്യാറല്ല.”

ഖലീഫ തിരുമനസ്സ് തുടരുന്നു:

“ഇന്നത്തെ പരിപാടിയെക്കുറിച്ച് ചിന്തിച്ചപ്പോൾ, നമ്മൾ വീണ്ടും ഇവിടെ ഒത്തുകൂടുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ എന്ന് ഞാൻ ശങ്കിച്ചു. മാറ്റം കൊണ്ടുവരാൻ അധികാരവും കഴിവുമുള്ളവർ നമ്മൾ പറയുന്നത് കേൾക്കുകയില്ലെന്ന് തീരുമാനിച്ചാൽ പിന്നെ സമാധാനത്തെയും നീതിയെയും സംബന്ധിച്ചു സംസാരിക്കുന്നതിൽ എന്ത് പ്രയോജനമാണുള്ളത്.

“ലോകത്തിന്‍റെ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങൾ പോലും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.

“ഉദാഹരണത്തിന്, യു.എൻ ദുർബലവും ഏതാണ്ട് ശക്തിയില്ലാത്തതുമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ എളുപ്പത്തിൽ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.

“ഓരോ പ്രശ്നവും അതിന്‍റെ വസ്തുതകളെയും ഗുണങ്ങളെയും അടിസ്ഥാനമാക്കി തീരുമാനിക്കുന്നതിനുപകരം, രാഷ്ട്രങ്ങൾ സഖ്യങ്ങൾ രൂപീകരിക്കുകയും അവരുടെ സ്വാർഥ താല്പര്യങ്ങൾക്കനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുന്നു.

“ആത്യന്തികമായി, നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നത്, വീറ്റോ അധികാരം കൈവശം വെച്ചിരിക്കുന്ന ഏതാനും വിശേഷാധികാരമുള്ള രാജ്യങ്ങളാണ്. സമാധാനത്തിനും നീതിക്കും വേണ്ടി വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്നതിന് പകരം, തങ്ങളുടെ സങ്കുചിത താല്പര്യങ്ങൾക്ക് ഭീഷണിയാകുമ്പോഴെല്ലാം വീറ്റോ അധികാരത്തെ അവർ  ഒരു തുറുപ്പ് ചീട്ട് പോലെ പ്രയോഗിക്കുന്നു. തങ്ങളുടെ തീരുമാനങ്ങൾ നിരപരാധികളായ നിരവധി ആളുകളെ പ്രതികൂലമായി ബാധിക്കുമോ എന്ന കാര്യം പരിഗണിക്കാതെയാണ് അവർ ഇപ്രകാരം ചെയ്യുന്നത്.

“അതിനാൽ, വീറ്റോ അധികാരം നിലനില്ക്കുന്നിടത്തോളം, നീതിയുടെ തുലാസുകൾ ഒരിക്കലും സന്തുലിതമാക്കാൻ കഴിയില്ലെന്നത് വ്യക്തമാണ്.”

എന്നിരുന്നാലും, ഈ പ്രതിബന്ധങ്ങളെല്ലാം ഉണ്ടായിരിക്കെതന്നെ, തന്‍റെ ശബ്ദമുയര്‍ത്താനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറയുകയുണ്ടായി. കാരണം, സമാധാനത്തിന് വേണ്ടിയുള്ള പരിശ്രമത്തിൽ ഒരിക്കലും തളരരുതെന്ന് ഇസ്‌ലാം മുസ്‌ലിങ്ങളെ പഠിപ്പിക്കുന്നു. “സത്യം പറയാനാണ് അത് നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ, സർവശക്തനായ അല്ലാഹുവിന്‍റെ മുമ്പാകെ കണക്കുബോധിപ്പിക്കപ്പെടുമ്പോൾ, അല്ലാഹുവിന്‍റെ സൃഷ്ടികളെ നാശത്തിൽ നിന്ന് രക്ഷിക്കാൻ താന്‍ പരമാവധി ശ്രമിച്ചുവെന്ന് ഒരു വിശ്വാസിക്ക് സത്യസന്ധമായി അവകാശപ്പെടാനാകും.”

മാത്രമല്ല, വളരെ തെറ്റിദ്ധരിക്കപ്പെട്ടതും ദുര്‍വ്യാഖ്യാനിക്കപ്പെടുന്നതുമായ ജിഹാദ് എന്ന വാക്ക്  ഉൾക്കൊള്ളുന്ന ആശയത്തിന്‍റെ ഏറ്റവും ഉദാത്തമായ രൂപം ക്രൂരത കാണിക്കുന്ന ഭരണകര്‍ത്താക്കളുടെ മുമ്പിൽ ധൈര്യത്തോടെ സത്യം പറയുക എന്നതാണെന്ന് നബിതിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു.

ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ്(അയ്യദഹുല്ലാഹ്) പറയുന്നു:

“ദുര്‍ബല രാഷ്ട്രങ്ങളോ, അല്ലെങ്കിൽ എന്നെപ്പോലെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത വ്യക്തികളോ ശബ്ദമുയര്‍ത്താൻ ശ്രമിക്കുമ്പോൾ, അത് വളരെ അപൂര്‍വമായി മാത്രമേ വിലമതിക്കപ്പെടാറുള്ളൂ. മാത്രമല്ല,  അങ്ങനെ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളും ഉപരോധങ്ങങ്ങളും നേരിടേണ്ടിയും വരുന്നു. എന്നിരുന്നാലും, സമാധാനത്തിന് വേണ്ടിയും, അതുപോലെ തന്നെ അബലരുടെയും അനീതിക്ക് ഇരയായവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇസ്‌ലാമികാധ്യാപനങ്ങൾ അനുസരിച്ച് എന്നും ആത്മാര്‍ഥമായി പരിശ്രമിച്ച് കൊണ്ടിരുന്നിട്ടുണ്ട്. ഞങ്ങളത് എപ്പോഴും തുടരുന്നതുമായിരിക്കും.”

ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനായി ആളുകളെ സ്വാധീനിക്കാന്‍ തങ്ങളാൽ കഴിയുന്നതെല്ലാം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ചെയ്യുന്നതാണെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി.

ഇസ്‌ലാമിനെതിരായ ചില രാഷ്ട്രീയക്കാരുടെ പ്രകോപനപരമായ പരാമർശങ്ങൾ കാരണം, അടുത്തിടെയായി ഇസ്‌ലാമിനെയും ഇസ്‌ലാമിലെ യുദ്ധങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഈസ(അ),  മൂസ(അ), പരിശുദ്ധ പ്രവാചകൻ മുഹമ്മദ്(സ) അല്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള മറ്റേതെങ്കിലും പ്രവാചകന്മാർ, എന്നിവരുൾപ്പെടെയുള്ള പ്രധാന മതസ്ഥാപകരാരും തന്നെ തങ്ങളുടെ അനുയായികളെ സാമൂഹിക സമാധാനം അവഗണിച്ച് അക്രമങ്ങളിൽ ഏർപ്പെടാൻ പഠിപ്പിച്ചിട്ടില്ല. അതെ, അങ്ങേയറ്റത്തെ മോശമായ സാഹചര്യങ്ങളിൽ, പരിമിതമായ തോതിൽ ബലപ്രയോഗം നടത്തൽ അനുവദനീയമായിരുന്നുവെന്നത് ശരിതന്നെ. എന്നാൽ ഇത് യുദ്ധവും അടിച്ചമർത്തലും അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്തത്.

ഇസ്‌ലാം എന്ന പദത്തിന്‍റെ അർഥം സമാധാനം എന്നാണ്. അതിന്‍റെ അദ്ധ്യാപനങ്ങളുടെ എല്ലാ വശങ്ങളും ഈ നാമത്തെ പ്രതിഫലിപ്പിക്കുന്നു. മുസ്‌ലിങ്ങള്‍ക്ക് ആത്മപ്രതിരോധമെന്ന നിലയിൽ പോരാടാനുള്ള അനുവാദം മാത്രമേയുള്ളൂ. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങൾ സഹിച്ചതിന് ശേഷം മാത്രമാണ് അവർ തിരിച്ചടിക്കുക തന്നെ ചെയ്തത്.

വിശുദ്ധ ഖുർആനിലെ 42-ആം അധ്യായത്തിൽ, ഒരു വ്യക്തിയോ രാജ്യമോ അനീതിക്ക് വിധേയരായാൽ, അവർ ഒരിക്കലും തത്തുല്ല്യമായ രീതിയിലല്ലാതെയോ പ്രതികാര ബുദ്ധിയോടെയോ പ്രവർത്തിക്കരുതെന്ന് അല്ലാഹു കൽപ്പിക്കുന്നു.

അല്ലാഹു പറയുന്നു:

“തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണ്. എന്നാൽ വല്ലവനും മാപ്പ് നല്‍കുകയും അതു മുഖേന നന്മ വരുത്തുകയും ചെയ്യുന്നതായാൽ അവനുള്ള പ്രതിഫലം അല്ലാഹുവിന്‍റെയടുക്കലാണ്. തീർച്ചയായും അവൻ അക്രമികളെ ഇഷ്ടപ്പെടുന്നില്ല.”[1]

അതിനുപുറമേ ഒരാളുടെ സംസ്കരണത്തിന് കാരണമാകും എന്നുണ്ടെങ്കിൽ അയാൾക്ക് മാപ്പു നൽകുന്നതാണ് ഉത്തമമെന്നും അല്ലാഹു പറയുന്നു.

രണ്ട് രാഷ്ട്രങ്ങൾ യുദ്ധവുമായി മുന്നോട്ടു പോകുമ്പോൾ അതിനുള്ള പരിഹാരം വിശുദ്ധ ഖുർആനിലെ 49-ആം അധ്യായത്തിൽ അല്ലാഹു നല്കുന്നു:

“രണ്ട് വിഭാഗങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കുക. അവരിൽ ഒരു വിഭാഗം മറു വിഭാഗത്തെ ആക്രമിക്കുന്നതായാൽ അക്രമിക്കുന്ന വിഭാഗത്തോട് അവർ അല്ലാഹുവിന്‍റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക. അങ്ങനെ അവരുടെയിടയിൽ ന്യായപൂർവ്വം നിങ്ങൾ രഞ്ജിപ്പുണ്ടാക്കുകയും നീതി പാലിക്കുകയും ചെയ്യുക. നീതിപാലിക്കുന്നവരെ അല്ലാഹു തീർച്ചയായും സ്നേഹിക്കുന്നു.”[2]

ഇതിനെ വിശദീകരിച്ചുകൊണ്ട് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്‌ (അയ്യദഹുല്ലാഹ്) പറയുന്നു:

“നീതിയിലധിഷ്ഠിതമായ സുസ്ഥിര സമാധാനം കെട്ടിപ്പടുക്കുക എന്നതായിരിക്കണം ലക്ഷ്യം. സ്വന്തം നേട്ടത്തിന് വേണ്ടി, മൂന്നാം കക്ഷി യുദ്ധം ചെയ്യുന്ന കക്ഷികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ അവരുടെ  അവസ്ഥയെ മുതലെടുക്കരുത്.”

യു.എന്നും മറ്റ് പ്രസക്തമായ സ്ഥാപനങ്ങളും ഇത്തരം തത്ത്വങ്ങൾ പാലിക്കുകയാണെങ്കിൽ, സംഘർഷങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി.

“രാഷ്ട്രങ്ങൾക്ക് നേരിട്ടോ അവരുടെ ശക്തരായ സഖ്യകക്ഷികൾ മുഖേനയോ വീറ്റോ അധികാരം ഉപയോഗിക്കാൻ കഴിയുന്നിടത്തോളം കാലം യഥാർഥ സമാധാനം ഉദയം കൊള്ളുന്നത് അസാധ്യമായിരിക്കുന്നതാണ്.”

“ഐക്യരാഷ്ട്രസഭയെ കാത്തിരിക്കുന്നതും അതിന്‍റെ പരാജയപ്പെട്ട മുൻഗാമിയായ ലീഗ് ഓഫ് നേഷൻസിന്‍റെ അതേ വിധിയാണെന്നാണ് സാഹചര്യങ്ങൾ വിളിച്ചോതുന്നത്. അന്താരാഷ്ട്ര നിയമസംവിധാനം—അത് ദുർബലപ്പെട്ടിരിക്കുന്നു—പൂർണമായും തകരുകയാണെങ്കിൽ, അതിന്‍റെ ഫലമായുണ്ടാകുന്ന അരാജകത്വവും നാശവും നമുക്ക് സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്.”

ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ഒരു മതപരമായ യുദ്ധമാണെന്ന് ചിലർ കരുതിയിരിക്കാം. പക്ഷേ അത് ഒരു ഭൗമ-രാഷ്ട്രീയവും പ്രാദേശികവുമായ (geopolitical and territorial ) സംഘർഷമാണ്. ഉക്രൈനിലേത് പ്രാദേശിക കാരണങ്ങളാൽ നടക്കുന്ന ഒരു ഭൗമ-രാഷ്ട്രീയ യുദ്ധമാണെന്നത് വ്യക്തമാണ്.

“ഈ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ഏകമാർഗം, നീതി ജയിക്കുന്നുവെന്ന് ഉറപ്പാക്കുകയും ഉടമ്പടികൾകളുണ്ടാക്കുമ്പോഴെല്ലാം അവ തുല്യതയെ അടിസ്ഥാനമാക്കിയും അതുപോലെ ബാഹ്യശക്തികളുടെ താല്പര്യ സംരക്ഷണത്തിനതീതമാക്കുകയും ചെയ്യുക എന്നതു മാത്രമാണ് എന്ന് ഞാനുറച്ചുവിശ്വസിക്കുന്നു. അല്ലാത്തപക്ഷം, ഐക്യരാഷ്ട്രസഭകൊണ്ടോ അന്താരാഷ്ട്ര നിയമങ്ങൾകൊണ്ടോ യാതൊരു പ്രയോജനവുമില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പ്രഖ്യാപിക്കുന്ന നിയമത്തിനു മാത്രമേ പ്രാമുഖ്യം ലഭിക്കുകയുള്ളു.

“ഉക്രൈന്‍ യുദ്ധത്തിന്‍റെ കാര്യത്തിൽ, യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യക്ക് വീറ്റോ അധികാരമുണ്ട്. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വമുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഖ്യ ഉടമ്പടിയുടെ ഫലമായി ഉക്രൈനിനും വീറ്റോ അധികാരമുണ്ടെന്ന് പറയാം. ഇരുപക്ഷത്തിനും ഫലപ്രദമായി വീറ്റോ ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെ അവർക്ക് എങ്ങനെ ഒരു ഒത്തുത്തീർപ്പ് അംഗീകരിക്കാനാകും?”

ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ വീറ്റോ അധികാരം ഇസ്രായേലിന് അനുകൂലമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഇസ്‌ലാം നീതിക്ക് അങ്ങേയറ്റം പ്രാമുഖ്യം നല്കുന്നുണ്ടെന്നും മതവിശ്വാസികളല്ലാത്ത ആളുകൾക്ക് പോലും അത്തരം അധ്യാപനങ്ങളുടെ പ്രാധാന്യം മനസ്സിലാകുമെന്നും ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

ചില രാഷ്ട്രീയക്കാരുടെ വിമർശനങ്ങൾ കാരണം ഇസ്‌ലാം ഒരു തീവ്രവാദ മതമാണെന്ന് പലപ്പോഴും ആരോപിക്കപ്പെടുന്നു. പ്രവാചകൻ മുഹമ്മദ്(സ)യും ഖലീഫമാരും നടത്തിയ യുദ്ധങ്ങൾ തികച്ചും പ്രതിരോധാത്മകമായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വർഷങ്ങളോളം കഠിനമായ പീഡനത്തിന് വിധേയരായതിന് ശേഷമാണ് ഈ അനുമതി ലഭിച്ചത്. താഴെ പറയുന്ന ഖുർആനിക വചനം ഖലീഫാ തിരുമനസ്സ് പാരായണം ചെയ്യുകയുണ്ടായി.

“യുദ്ധം ചെയ്യപ്പെടുന്നവർക്ക് (തിരിച്ചും യുദ്ധം ചെയ്യാൻ) അനുമതി നല്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അവർ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. തീർച്ചയായും അല്ലാഹു അവരെ സഹായിക്കുവാൻ കഴിവുള്ളവനാകുന്നു.”[3]

ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പ്രതിരോധ യുദ്ധങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അതിരുകൾ കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ  നിലവിലുണ്ടെന്നു വ്യക്തമാക്കുകയുമുണ്ടായി.

നബി തിരുമേനി(സ) സാധാരണപൗരന്മാരെ ലക്ഷ്യം വയ്ക്കുന്നത് കർശനമായി നിരോധിക്കുകയും യുദ്ധത്തിന്‍റെ വ്യാപ്തി കഴിയുന്നത്ര പരിമിതമാണെന്ന് ഉറപ്പുവരുത്തുകയും,  എതിരാളികളുടെ ആരാധനാലയങ്ങൾ അശുദ്ധമാക്കുന്നതും,  മുൻകാല അംഗ വിച്ഛേദന രീതികൾ നിരോധിക്കുകയും,  യുദ്ധത്തിന്‍റെ ഫലമായുള്ള മൃതദേഹങ്ങൾ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. ഓരോ ചുവടിലും നീതി പാലിക്കപ്പെടേണ്ടതായിട്ടുണ്ടായിരുന്നു. യുദ്ധസമയത്ത് മുഖം വികൃതമാക്കരുതെന്നും ദുരിതത്തിന് കാരണമായേക്കാവുന്ന സ്ഥലങ്ങളിൽ സൈനിക താവളങ്ങൾ സ്ഥാപിക്കരുതെന്നും നബിതിരുമേനി(സ) ഉപദേശിക്കുകയുണ്ടായി.

ഇസ്‌ലാമിക യുദ്ധത്തിന്‍റെ അടിസ്ഥാന നിയമങ്ങൾ ഇവയാണ്, എല്ലാവരും അവ ഉയർത്തിപ്പിടിക്കണമെന്ന് നബിതിരുമേനി(സ) ഉപദേശിച്ചു.

അതിനാൽ, ഈ തത്ത്വങ്ങൾ പാലിച്ചാൽ മാത്രമേ ലോകത്ത് ഏത് തരത്തിലുള്ള സമാധാനവും സ്ഥാപിക്കാൻ കഴിയൂ എന്ന് യുദ്ധങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ രാജ്യങ്ങളും മനസ്സിലാക്കണം. അല്ലാത്തപക്ഷം, നാം യുദ്ധത്തിന്‍റെ അഗാധഗർത്തത്തിലേക്ക് പതിക്കുന്നതാണ്.

പാശ്ചാത്യ രാജ്യങ്ങളുടെ അനീതികളെക്കുറിച്ച് സംസാരിച്ച പ്രൊഫസർ ജെഫറി സാച്ചസിനെയും ഇസ്രായേലിന്‍റെ അനീതികളെക്കുറിച്ച് സംസാരിച്ച സെനറ്റർ ബെർണി സാൻഡേഴ്സിനെയും ഹദ്‌റത്ത് മിർസാ മസ്റൂർ അഹ്‍മദ്(അയ്യദഹുല്ലാഹ്) ഉദ്ധരിക്കുകയുണ്ടായി.

ഖലീഫാ തിരുമനസ്സ് പറയുന്നു:

“അടുത്തിടെ ഒരു അഭിമുഖത്തിൽ, ജൂതനായ യു.എസ് സെനറ്റർ ബെർണി സാൻഡേഴ്സ് ഇസ്രായേൽ സർക്കാരിന്‍റെ നടപടികളെ ശക്തമായി അപലപിക്കുകയുണ്ടായി.”

നെതന്യാഹുവും അദ്ദേഹത്തിന്‍റെ സർക്കാരും ഗസ്സയിൽ ജനങ്ങളോട് ചെയ്യുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. 25-26,000 ആളുകള്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞ അവസ്ഥയാണ് നമ്മുടെ മുമ്പിലുള്ളത് (അദ്ദേഹം പ്രസ്താവന നടത്തിയപ്പോഴുള്ള കണക്കാണിത്. അതിനുശേഷം എണ്ണം വർദ്ധിക്കുകയുണ്ടായി). അവരിൽ മൂന്നിൽ രണ്ടും സ്ത്രീകളും കുട്ടികളുമാണ്. 65,000 പേർക്ക് പരിക്കേറ്റു, ഗസ്സയിലെ 70 ശതമാനം ഭവനങ്ങളും നശിപ്പിക്കപ്പെട്ടു. 1.8 ദശലക്ഷം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു, അവർ എവിടേക്കാണ് പോകുന്നതെന്ന് ദൈവത്തിനറിയാം, അദ്ദേഹം പറഞ്ഞു.

സെനറ്റർ ബെർണി സാൻഡേഴ്സ് തുടർന്നു പറയുന്നു, ഫലസ്തീനിൽ ലക്ഷക്കണക്കിന് കുട്ടികൾ പട്ടിണി കിടന്ന് മരിക്കാൻ സാധ്യതയുണ്ട്. ഇസ്രയേലിനുള്ള സാമ്പത്തിക പിന്തുണ നൽകുന്ന അമേരിക്കയും ഇതിന് ഉത്തരവാദികളാണ്. ഫലസ്തീനിലെ ജനങ്ങളുമായുള്ള ഈ യുദ്ധം തുടരാൻ നെതന്യാഹുവിന് ഇനിയൊരു നാണയത്തുട്ട് നൽകിയാൽ തന്നെ, താൻ ശപിക്കപ്പെട്ടവനാകുമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ലോകത്ത് തുടർന്ന് കൊണ്ടിരിക്കുന്ന ക്രൂരതകളെക്കുറിച്ച് പരാമർശിച്ചു കൊണ്ട് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറയുന്നു:

“വളരെ വൈകുന്നതിനുമുമ്പേ ലോകം കാര്യങ്ങൾ മനസ്സിലാക്കുകയും ലോകത്ത് നടക്കുന്ന ക്രൂരതകൾക്കും യുദ്ധങ്ങൾക്കും അറുതി വരുത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും അതിനു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.”

ലോകത്തിന്‍റെ ഭാവിയെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു:

“ആണവയുദ്ധം മൂലമുണ്ടാകുന്ന റേഡിയേഷന്‍റെ ദൂഷ്യഫലങ്ങളോടെ ജനിക്കുന്നതിൽ നിന്നും നമ്മുടെ ഭാവി തലമുറയെ രക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ നാശത്തിൽ നിന്നും നൈരാശ്യത്തിൽ നിന്നും രക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം അടിയന്തിരമായി വിവേകത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കളും നയരൂപീകരണ വിദഗ്ദരുമായി ബന്ധമുള്ളവരും മറ്റുള്ളവരുടെ മേൽ തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കുന്നതിനുമുള്ള സ്വാർത്ഥ മോഹങ്ങളാൽ അന്ധരാകുന്നതിനു പകരം, മനുഷ്യരാശിയുടെ നിലനിൽപ്പിന് അനുയോജ്യമായ ഏറ്റവും മികച്ച തീരുമാനം കൈക്കൊള്ളേണ്ടതാണ്. ദേശീയ, രാഷ്ട്രീയ, മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾ മാറ്റിവച്ച്, മാനവികതയുടെ മഹത്തായ നന്മയ്ക്കായി നാമെല്ലാവരും ഒത്തുചേരണം.”

പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു:

“അസമത്വവും വിദ്വേഷവും രക്തച്ചൊരിച്ചിലും കൊണ്ട് നിർവചിക്കപ്പെട്ട ഒരു ലോകത്തിനുപകരം, പ്രത്യാശയുടെയും സമൃദ്ധിയുടെയും ലോകത്ത് ജീവിക്കാൻ, യഥാർഥ സമാധാനം സ്ഥാപിക്കുന്നതിന് നമ്മുടെ എല്ലാ ശക്തിയും പരിശ്രമങ്ങളും വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.”

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 42:41

[2] വിശുദ്ധ ഖുര്‍ആന്‍ 49:10

[3] വിശുദ്ധ ഖുര്‍ആന്‍ 22:40

Image credit: Creative Commons

3 Comments

Yasar Arafath.R.M. · നവംബർ 27, 2024 at 3:08 pm

Valuable Information from the Supreme Head of Ahmadiyya Community.

Shamsudeen .A · നവംബർ 27, 2024 at 3:12 pm

അസ്സലാമു അലൈക്കും വറഹ്മത്തുള്ള . അഹമ്മദിയാ ഖിലാഫത്തിനല്ലാതെ ഇതുപോലൊരു ഉപദേശം ലോകത്തിന് നൽകാൻ മറ്റൊരു കക്ഷികൾക്കും കഴിയില്ല. അല്ലാഹുവിൻറെ അതിമഹത്തായ അനുഗ്രഹം അഹമ്മദിയാ ഖിലാഫത്തിലൂടെ ഒഴുകുകയാണ്
അൽഹംദുലില്ലാ സുമ്മ അൽഹംദുലില്ല .
നമ്മുടെ ഖലീഫ മിർസ മസ്രൂർ അഹ്മദ് അയ്യദുള്ളാഹു തആലാക്ക്
അല്ലാഹു ദീർഘായുസ്സും ആരോഗ്യവും സൗഖ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

C G AbdulKareem Lakshadweep · നവംബർ 28, 2024 at 3:15 am

കാലത്തിൻ്റെ ഖലീഫ തിരുമനസ്സ് അരുൾ ചെയ്ത കാര്യങ്ങൾ ലോകം അംഗീകരിച്ചിരുന്നുവെങ്കിൽ നാം ഇന്ന് ലോകത്ത് കാണുന്ന സംഘർഷങ്ങൾ ഉണ്ടാകുമായിരുന്നില്ല. അള്ളാഹു എല്ലാവരെയും രക്ഷിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed