അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 6 ഫെബ്രുവരി 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) അരുൾ ചെയ്തു, അല്ലാഹു നബിതിരുമേനി(സ)യെ എല്ലാ കാര്യങ്ങളിലും ഉത്തമ മാതൃകയാക്കിയിരിക്കുന്നുവെന്ന് അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ഖുതുബകളിൽ നബിതിരുമേനി(സ)ക്ക് അല്ലാഹുവിനോടുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചുള്ള സംഭവങ്ങളാണ് വിവരിച്ചുകൊണ്ടിരുന്നത്. നബിതിരുമേനി(സ)യുടെ ആരാധനകളോടുള്ള അർപ്പണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
‘ദൈവ സ്നേഹം’ എന്ന വിഷയത്തിന് ശേഷം, നബിതിരുമേനി(സ)യുടെ ആരാധനാ ക്രമങ്ങളെക്കുറിച്ച് ഖുതുബ നൽകാമെന്ന് കരുതി. എന്നാൽ, ‘ദൈവ സ്നേഹം’ എന്ന വിഷയത്തിൽതന്നെ നബിതിരുമേനി(സ)യുടെ ആരാധനാ വൈശിഷ്ട്യങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കാനാവില്ല. ഞാൻ ആഗ്രഹിച്ചിരുന്നിട്ടും ദൈവ സ്നേഹം എന്ന വിഷയവും ആരാധനയോടുള്ള അർപ്പണബോധം എന്ന വിഷയവും തമ്മിൽ വേർതിരിക്കാൻ സാധിച്ചില്ല. കാരണം ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല.
നബിതിരുമേനി(സ)യുടെ ആരാധനാ രീതി
നബിതിരുമേനി(സ)ക്ക് ദൈവത്തോടുണ്ടായിരുന്ന അത്യഗാധമായ സ്നേഹത്തെ വെളിപ്പെടുത്തുന്ന ആരാധനാ രീതികൾ ഇന്നും പരാമർശിക്കുന്നതാണ്. പ്രവാചകൻ(സ)യുടെ ആരാധനാ നിലവാരം വിശുദ്ധ ഖുർആനിൽ ഇപ്രകാരം വിവരിക്കുന്നു:
‘പറയുക, എന്റെ നമസ്കാരവും എന്റെ ത്യാഗവും എന്റെ ജീവിതവും എന്റെ മരണവും സർവ്വലോക പരിപാലകനായ അല്ലാഹുവിനുള്ളതാകുന്നു.’ (വിശുദ്ധ ഖുർആൻ, 6:163)
‘നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിൻപറ്റുക, എന്നാൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്’ എന്ന് പറയാൻ അല്ലാഹു നബിതിരുമേനി(സ)യോട് നിർദ്ദേശിക്കുകയും അങ്ങനെ ആ മഹാത്മാവിന്റെ മാതൃക പിന്തുടരാൻ നമ്മോട് ആവശ്യപ്പെടുകയും ചെയ്തു.
നബിതിരുമേനി(സ)യിലൂടെ ആരാധനകളിലെ അനേകം മാർഗനിർദ്ദേശങ്ങൾ വിശുദ്ധ ഖുർആനിൽ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘എന്നെ ആരാധിക്കാൻ വേണ്ടി അല്ലാതെ ജിന്നിനെയും ഇൻസിനെയും(മനുഷ്യരേയും) ഞാൻ സൃഷ്ടിച്ചിട്ടില്ല.’ (വിശുദ്ധ ഖുർആൻ, 51:57)
ദൈവാരാധനയിലൂടെ ജീവിതലക്ഷം പൂർത്തീകരിക്കുന്നതിൽ ആ മഹാത്മാവ് കാണിച്ചുതന്ന മാതൃക പിന്തുടരേണ്ടതുണ്ട്. ആരാധനയുടെ അവകാശങ്ങൾ നിറവേറ്റുന്നത് തങ്ങളുടെ പരമമായ ലക്ഷ്യമായി കാണുകയും ചെയ്യണമെന്ന് നബിതിരുമേനി(സ) പഠിപ്പിച്ചു. എങ്കിൽ മാത്രമേ ഒരാൾക്ക് ദൈവസ്നേഹം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.
വിശുദ്ധ ഖുർആനിൽ ഒരു സന്ദർഭത്തിൽ അല്ലാഹു പറയുന്നു: ‘അല്ലയോ ജനങ്ങളെ! നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ, നിങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി ‘ (വിശുദ്ധ ഖുർആൻ, 2:22)
അല്ലാഹു വീണ്ടും പറയുന്നു: “’വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിൻ്റെ മുമ്പിൽ കുനിയുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുക. നിങ്ങളുടെ നാഥനെ ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക, നിങ്ങൾ വിജയികളാകുന്നതിന് വേണ്ടി.’ (വിശുദ്ധ ഖുർആൻ, 22:78)
നമസ്കാരത്തിലെ സൂക്ഷ്മതയും ഏകാഗ്രതയും
ഖലീഫ തിരുമനസ്സ് പറഞ്ഞു, നബിതിരുമേനി(സ) ഈ പ്രബോധനങ്ങൾ കൊണ്ടുവരിക മാത്രമല്ല ചെയ്തത്, അത് പരിപൂർണ്ണരൂപത്തിൽ പ്രായോഗികമായി കാണിച്ചുതരികയും ചെയ്തു. ആ മഹാത്മാവിന്റെ ആരാധനാ മാതൃകകൾ പ്രായോഗികമായി അനുകരിക്കാൻ നാം പരിശ്രമിച്ചാൽ മാത്രമേ തന്റെ ജനതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ നമുക്ക് അനുകൂലമായി ഭവിക്കുകയുള്ളൂ.
ദൈവത്തെ ആരാധിക്കാനുള്ള ഒരു അവസരവും നബിതിരുമേനി(സ) പാഴാക്കിയില്ല. വാസ്തവത്തിൽ ഉറക്കത്തിലും താൻ ആരാധനയിലാണ് കഴിയുന്നതെന്ന് ആ പുണ്യ പ്രവാചകൻ(സ) അരുൾ ചെയ്തു. തന്റെ കണ്ണുകൾ ഉറങ്ങുമ്പോഴും ഹൃദയം അല്ലാഹുവിന്റെ സ്മരണയിൽ ഉണർന്നിരിക്കുന്നുവെന്നും പറയുകയുണ്ടായി.
പ്രാർത്ഥനയുടെ കാര്യത്തിൽ നബിതിരുമേനി(സ) അതീവ ജാഗ്രത കാണിച്ചിരുന്നു. ഒരിക്കൽ ചിത്രങ്ങളുള്ള ഒരു വസ്ത്രം ധരിച്ചു കൊണ്ട് നബിതിരുമേനി(സ) നമസ്കരിച്ചു. നമസ്കാരം പൂർത്തിയാക്കിയ ശേഷം അത് മാറ്റി പകരം ചിത്രങ്ങളില്ലാത്ത സാധാരണ വസ്ത്രം നൽകാൻ അവിടുന്ന് ആവശ്യപ്പെട്ടു. കാരണം നമസ്കാരത്തിനിടയിൽ കുറഞ്ഞ നിമിഷമെങ്കിലും ആ ചിത്രത്തിൽ ദൃഷ്ടി പതിഞ്ഞുവെന്നും ആരാധനയിൽ ശ്രദ്ധ തെറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവിടുന്ന് പറഞ്ഞു.
നമസ്കാരത്തിൽ വസ്ത്രങ്ങൾ ഒരു തടസ്സമാകാതിരിക്കാൻ ലാളിത്യമാണ് ഏറ്റവും നല്ല മാർഗമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ നമസ്കാരത്തിൽ പോലും ചിലർ തങ്ങളുടെ വസ്ത്രങ്ങളിൽ വ്യാപൃതരാകുന്നു. വസ്ത്രങ്ങൾ കാരണം ശ്രദ്ധ മാറുകയോ അല്ലെങ്കിൽ അത് ശരിയാക്കുന്നതിനെക്കുറിച്ച് നിരന്തരം വേവലാതിപ്പെടുകയോ ചെയ്യുന്നു. എന്നാൽ നബിതിരുമേനി(സ) കാണിച്ചുതന്ന മാതൃകയനുസരിച്ച് നമസ്കാരത്തിൽ പൂർണ്ണമായ ശ്രദ്ധ നിലനിർത്തുന്നതിന് തടസമാകുന്ന കാര്യങ്ങൾ ഒഴിവാക്കാൻ നാം പരമാവധി പരിശ്രമിക്കണം. നമസ്കാരത്തിലെ പൂർണ്ണമായ ശ്രദ്ധയാണ് യഥാർത്ഥ പ്രാർത്ഥനയെ നിർവചിക്കുന്നത്. അതിനാൽ നമസ്കാരവേളയിൽ ശ്രദ്ധ തിരിക്കുന്ന ഡിസൈനുകളോ ചിത്രങ്ങളോ ഒഴിവാക്കണം.
നബിതിരുമേനി(സ)യുടെ കിടക്ക ഈന്തപ്പനയോലകൾ നിറച്ച തോൽ കൊണ്ടുള്ളതായിരുന്നു എന്ന് ഒരിക്കൽ ഹദ്റത്ത് ആയിഷ(റ) വിവരിക്കുകയുണ്ടായി. ഹദ്റത്ത് ഹഫ്സ(റ) വിവരിക്കുന്നു: തന്റെ വീട്ടിലെ നബിതിരുമേനി(സ)യുടെ കിടക്ക മൃദുവും സുഖകരവുമായിരുന്നു. ഒരു രാത്രിയിൽ കിടക്ക കുറച്ചുകൂടി സുഖകരമാക്കാം എന്ന് അവർ ചിന്തിച്ചു. രാവിലെ നബിതിരുമേനി(സ) കിടക്കയിൽ എന്ത് മാറ്റമാണ് വരുത്തിയതെന്ന് ചോദിച്ചപ്പോൾ, അത് കൂടുതൽ സുഖകരമാക്കിയതാണെന്ന് അവർ മറുപടി നൽകി. അമിതമായ സുഖം രാത്രിയിൽ ആരാധനക്കായി ഉണരാൻ പ്രയാസമുണ്ടാക്കുന്നു എന്ന കാരണത്താൽ കിടക്ക പഴയ രൂപത്തിലേക്ക് തന്നെ മാറ്റാൻ നബിതിരുമേനി(സ) നിർദ്ദേശിച്ചു. പ്രാർത്ഥനയ്ക്കായി ഉണരുന്നതിൽ നിന്ന് നബിതിരുമേനി(സ)യെ തടയാൻ ഒന്നിനും സാധിക്കുമായിരുന്നില്ലെങ്കിലും ഒരു കിടക്കയുടെ അമിത സുഖം പോലും തന്റെ പ്രാർത്ഥനയ്ക്ക് തടസ്സമാകാൻ അദ്ദേഹം ആഗ്രഹിച്ചില്ല.
നബിതിരുമേനി(സ)യുടെ പ്രാർത്ഥന
നമസ്കാരത്തിൽ നബിതിരുമേനി(സ)ക്കുള്ള അർപ്പണബോധം പല രീതിയിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നബിതിരുമേനി(സ) പ്രാർത്ഥനയിൽ എത്രത്തോളം വികാരാധീനനായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്നുള്ള ശബ്ദം ഒരു അരപ്പുകല്ലിൽ നിന്നുള്ള ശബ്ദം പോലെയായിരുന്നുവെന്ന് ചിലർ വിവരിക്കുന്നു. മറ്റുചിലർ ആ ശബ്ദത്തെ തിളച്ചുമറിയുന്ന പാത്രത്തിന്റെ ശബ്ദത്തോടാണ് ഉപമിച്ചിരിക്കുന്നത്.
ഒരിക്കൽ നബിതിരുമേനി(സ) ഒരു സഹാബിയെ ഇപ്രകാരം ഉപദേശിച്ചു. അല്ലാഹുവിന് തന്റെ ദാസന്മാരുടെ മേലുള്ള അവകാശം അവർ അവനെ മാത്രം ആരാധിക്കുകയും അവനിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. പിന്നീട് നബിതിരുമേനി(സ) അരുൾ ചെയ്തു, അല്ലാഹുവിന്റെ മേൽ മനുഷ്യനുള്ള അവകാശം അവൻ തന്റെ ദാസന്മാരെ ശിക്ഷിക്കില്ല എന്നതാണ്. അതിനാൽ ദൈവത്തെ ആരാധിക്കുക എന്നത് ദൈവത്തിന്റെ ശിക്ഷയിൽ നിന്നുള്ള സംരക്ഷണത്തിനുള്ള മാർഗമാകുന്നു.
നമസ്കാരം അനുഷ്ഠിക്കാൻ അല്ലാഹുവിൽനിന്ന് കൽപ്പന ലഭിച്ചപ്പോൾ, നബിതിരുമേനി(സ) പ്രാർത്ഥനയുടെ എല്ലാ വശങ്ങളും രൂപങ്ങളും പ്രായോഗികമായി സ്ഥാപിച്ചു കാണിച്ചു. അങ്ങനെ തന്റെ സ്വന്തം മാതൃകയിലൂടെ വരുംതലമുറകൾക്ക് ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് കാണിച്ചുകൊടുത്തു എന്ന് വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസ ഗുലാം അഹ്‌മദ്(അ) എഴുതി. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ കൈമാറുക എന്ന ദൗത്യം മാത്രമല്ല അവിടുന്ന് ചെയ്തത്, അത് പൂർണ്ണതയോടെ പ്രാവർത്തികമാക്കാനും അനുചരന്മാരെ തന്റെ മാതൃക പിന്തുടരാൻ പഠിപ്പിക്കാനുമാണ് നബിതിരുമേനി(സ) ശ്രമിച്ചത്.
തഹജ്ജുദ് നമസ്കാരത്തിന് നൽകിയ പ്രാധാന്യം
തഹജ്ജുദ് നമസ്കാരത്തിന് നബി തിരുമേനി(സ) വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഈ നമസ്കാരം ഐച്ഛികമാണെങ്കിലും ഏതൊക്കെ അനുചരന്മാരാണ് തഹജ്ജുദ് നമസ്കരിക്കുന്നത് എന്ന് നബിതിരുമേനി(സ) നിരീക്ഷിക്കാറുണ്ടായിരുന്നു. ഇന്ന് പള്ളിയിൽ വന്ന് നമസ്കരിക്കാൻ ഉപദേശിക്കുകയോ ഓർമ്മപ്പെടുത്തുകയോ ചെയ്താൽ അത് വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് ചിലർ നീരസപ്പെടാറുണ്ട്. എന്നാൽ തഹജ്ജുദ് നമസ്കാരത്തിന്റെ കാര്യത്തിൽ പോലും നബിതിരുമേനി(സ) ആരെല്ലാം നമസ്കരിക്കുന്നു എന്ന് ശ്രദ്ധിച്ചിരുന്നുവെന്ന് കാണാം.
ഒരിക്കൽ ഒരാളെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നത് നബിതിരുമേനി(സ) കേട്ടപ്പോൾ തീർച്ചയായും അദ്ദേഹം നല്ലൊരു മനുഷ്യൻ തന്നെയാണ് എന്ന് ആ മഹാത്മാവ് സമ്മതിച്ചു. എന്നാൽ തഹജ്ജുദ് കൂടി നമസ്കരിച്ചിരുന്നുവെങ്കിൽ എന്ന നിബന്ധന കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. തഹജ്ജുദ് നമസ്കാരത്തിൽ ഇടയ്ക്കിടെ അലസത കാണിച്ചിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. യുക്തിപൂർവ്വമായ രീതിയിലൂടെ നബിതിരുമേനി(സ) അദ്ദേഹത്തെ തഹജ്ജുദ് നമസ്കാരത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു.
ഭർത്താവ് തഹജ്ജുദ് നമസ്കാരത്തിനായി ഉണരുമ്പോൾ ഭാര്യയെ വിളിച്ചുണർത്തുകയും, അവൾ എഴുന്നേറ്റില്ലെങ്കിൽ അവളുടെ മേൽ വെള്ളം തളിക്കുകയും ചെയ്യുന്ന ദമ്പതികളുടെ മേൽ അല്ലാഹു അനുഗ്രഹം ചൊരിയുമെന്ന് നബിതിരുമേനി(സ) അരുൾ ചെയ്തിട്ടുണ്ട്. അതുപോലെ ഭാര്യ ഉണർന്ന് ഭർത്താവിനെ വിളിക്കുകയും അയാൾ എഴുന്നേറ്റില്ലെങ്കിൽ അയാളുടെ മേൽ വെള്ളം തളിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹു അവരെയും അനുഗ്രഹിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ആദരവിന് ഇസ്ലാം പ്രാധാന്യം നൽകുമ്പോൾ തന്നെ, തഹജ്ജുദിനായി വിളിച്ചുണർത്താൻ വെള്ളം തളിക്കുന്നത് ഉചിതമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. തഹജ്ജുദ് നമസ്കാരത്തിന് നബിതിരുമേനി(സ) എത്രത്തോളം പ്രാധാന്യം നൽകിയിരുന്നു എന്ന് നോക്കുക.
തഹജ്ജുദ് നമസ്കാരം ഒട്ടും അനുഷ്ഠിക്കാതിരിക്കുന്നതിനേക്കാൾ, ചുരുങ്ങിയത് രണ്ട് റക്അത്തെങ്കിലും നിർവഹിക്കുന്നതാണ് ഉത്തമമെന്ന് ഉപദേശിച്ചുകൊണ്ട് നബിതിരുമേനി(സ) ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുപോലെ രാത്രിയുടെ അവസാന യാമങ്ങളിൽ അല്ലാഹു ഏറ്റവും അടുത്ത് വരുന്നു എന്നും അതിനാൽ അത് പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്ന സമയമാണെന്നും നബിതിരുമേനി(സ) പറഞ്ഞു.
പ്രാർത്ഥനകൾ കൊണ്ട് മാത്രം മോക്ഷം ലഭിക്കുമോ?
ഒരാളുടെ സ്വന്തം പരിശ്രമം കൊണ്ട് മാത്രം മോക്ഷം പ്രാപിക്കാൻ കഴിയില്ലെന്നും ദൈവത്തിന്റെ കൃപയും കാരുണ്യവും അനിവാര്യമാണെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. നബിതിരുമേനി(സ) പോലും സ്വന്തം പരിശ്രമത്തിൽ മാത്രം ഭരമേൽപ്പിച്ചിരുന്നില്ല. ഇത്രയേറെ സൽപ്രവൃത്തികൾ ചെയ്തിട്ടും എന്തുകൊണ്ടാണ് ഇത്രയധികം ആരാധിക്കുന്നതെന്ന് ചോദിച്ചപ്പോൾ, തന്റെ കർമ്മങ്ങൾ കൊണ്ടല്ല മറിച്ച് അല്ലാഹുവിന്റെ കൃപ കൊണ്ട് മാത്രമാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കുക എന്ന് നബിതിരുമേനി(സ) മറുപടി നൽകി. ഓരോ നിമിഷവും ഓരോ പ്രവൃത്തിയും ആരാധനയ്ക്കായി സമർപ്പിച്ച നബിതിരുമേനി(സ)യുടെ മനസ്സ് ഇതായിരുന്നുവെങ്കിൽ, സ്വന്തം പ്രവർത്തികൾ കൊണ്ട് സ്വർഗത്തിൽ എത്തും എന്ന് മറ്റാർക്കാണ് ചിന്തിക്കാൻ കഴിയുക?
നബിതിരുമേനി(സ)യുടെ ഓരോ പ്രവൃത്തിയും ആരാധനയാകുന്നത് എങ്ങനെയാണെന്ന് ഒരാൾ അത്ഭുതപ്പെട്ടേക്കാം. നബിതിരുമേനി(സ)യുടെ ഓരോ പ്രവൃത്തിയും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അങ്ങനെ തന്റെ എല്ലാ പ്രവൃത്തികളിലൂടെയും അല്ലാഹുവിന്റെ പ്രീതി തേടാൻ പരിശ്രമിച്ചത് കാരണം നബിതിരുമേനി(സ)യുടെ ഓരോ നീക്കവും ആരാധനയായി മാറി. നബിതിരുമേനി(സ) അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് അത് എങ്ങനെ പാലിക്കണമെന്ന് തന്റെ പ്രവർത്തികളിലൂടെ കാണിച്ചുതരികയും ചെയ്തു. യഥാർത്ഥത്തിൽ നബിതിരുമേനി(സ)യുടെ ഓരോ പ്രവൃത്തിയും ആരാധനാകർമ്മമായിരുന്നു. അതിനാൽ അല്ലാഹുവിന്റെ കൃപ അനിവാര്യമാണ്. ആ കൃപ വെറും അവകാശവാദങ്ങൾ കൊണ്ട് നേടാനാവില്ല മറിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി പരിശ്രമിക്കുന്ന കർമ്മങ്ങളിലൂടെയാണ് അവന്റെ കൃപ ലഭിക്കുക.
അഹ്‌മദിയ്യ മുസ്ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫ ഹദ്റത്ത് മിർസ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ്(റ) പറയുന്നു: ചിലർ നമസ്കരിക്കുമ്പോഴും അവരുടെ ശ്രദ്ധയും ചിന്തകളും മറ്റെവിടെയെങ്കിലുമായിരിക്കും. അവരുടെ ഇന്ദ്രിയങ്ങൾ പ്രാർത്ഥനയിൽ ലയിക്കാത്തതിനാൽ അവരുടെ കണ്ണുകൾ ഈർപ്പരഹിതവും ഹൃദയം പ്രാർത്ഥനയിൽ ഉരുകാത്തതുമായിരിക്കും. എന്നാൽ നബിതിരുമേനി(സ) കാണിച്ചുതന്ന മാതൃക അദ്ദേഹം പ്രാർത്ഥനയിൽ അത്യഗാധമായി ലയിച്ചിരിക്കുമായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ കരച്ചിൽ അടുപ്പത്ത് തിളയ്ക്കുന്ന പാത്രത്തിന്റെ ശബ്ദം പോലെയായിരുന്നുവെന്നും അദ്ദേഹത്തിന്റെ താടി കണ്ണുനീരുകൊണ്ട് നനയുമായിരുന്നുവെന്നും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ യഥാർത്ഥ പ്രാർത്ഥനയിൽ കണ്ണുകൾ കരയുകയും ഹൃദയം ഉരുകുകയും ചിന്തകൾ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യണം.
പ്രാർത്ഥനയിൽ കരയുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. തുടക്കത്തിൽ ചിലർക്ക് ഇത് പ്രയാസമായിരിക്കുമെന്നും എന്നാൽ കരയുന്ന ഭാവം മുഖത്ത് വരുത്തുന്നത് മുഖേന ഹൃദയം അലിയുകയും അതുവഴി കണ്ണുനീർ വരികയും പ്രാർത്ഥനകൾ കൂടുതൽ ഹൃദയസ്പർശിയായി മാറുകയും ചെയ്യുമെന്ന് വാഗ്ദത്ത മസീഹ്(അ) നിർദ്ദേശിച്ചിട്ടുണ്ട്.
പാപമോചനത്തിനും ദൈവസാമീപ്യത്തിനുമുള്ള പ്രാർത്ഥനകൾ
ഉറങ്ങുന്നതിന് മുമ്പ് നബിതിരുമേനി(സ) ആയത്തുൽ കുർസിയും വിശുദ്ധ ഖുർആനിലെ അവസാന മൂന്ന് സൂറത്തുകളും മൂന്ന് തവണ വീതം പാരായണം ചെയ്യാറുണ്ടായിരുന്നു. ശേഷം അദ്ദേഹം കൈകളിൽ ഊതി തല മുതൽ താഴോട്ട് കഴിയുന്നത്ര ശരീരഭാഗങ്ങളിലെല്ലാം തടവുകയും ചെയ്യുമായിരുന്നു. ഇത് നബിതിരുമേനി(സ)യുടെ സ്ഥിരമായിട്ടുള്ള ശീലമായിരുന്നു.
പാപമോചനത്തിനും ദൈവസാമീപ്യത്തിനും തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയും ഒരു ചെറിയ പ്രാർത്ഥന പറഞ്ഞുതരാമോ എന്ന് ചോദിച്ചുകൊണ്ട് പലരും എനിക്ക് കത്തുകൾ എഴുതാറുണ്ട്. നിർബന്ധ നമസ്കാരങ്ങൾ കൃത്യമായും ശരിയായ രീതിയിലും നിർവഹിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം അനുബന്ധമായി നബിതിരുമേനി(സ) പഠിപ്പിച്ചുതന്ന പ്രാർത്ഥനകളും ഉറങ്ങുന്നതിന് മുൻപുള്ള രീതികളും പിന്തുടരേണ്ടതാണ്.
നമസ്കാരത്തിൽ നബിതിരുമേനി(സ)ൻ്റെ ലാളിത്യം
ചില മതനേതാക്കൾ തങ്ങൾ നേതാക്കളായതുകൊണ്ട് തങ്ങളുടെ ആരാധന അനുയായികളുടെ ആരാധനകളെക്കാൾ വലുതായിരിക്കണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ അപ്രകാരം ചെയ്യുമ്പോൾ അവരുടെ ആരാധന കേവലം പ്രകടനപരമായി മാറുന്നു. എന്നാൽ ആരാധനയുടെയും നീതിയുടെയും ഉന്നതിയിലെത്തിയ നബിതിരുമേനി(സ) ഇത്തരം പ്രകടനങ്ങളിൽ നിന്നെല്ലാം മുക്തനായിരുന്നു. ഉദാഹരണത്തിന് ചില സന്ദർഭങ്ങളിൽ ദീർഘനേരം നമസ്കരിക്കണമെന്ന് കരുതി പ്രാർത്ഥന തുടങ്ങുമെങ്കിലും ഒരു കുഞ്ഞ് കരയുന്നത് കേൾക്കുമ്പോൾ ആ ഉമ്മയുടെ പ്രയാസം ഓർത്ത് അത് ലഘൂകരിക്കാനായി നമസ്കാരം ചുരുക്കാറുണ്ടെന്നും നബിതിരുമേനി(സ) അരുൾ ചെയ്തിട്ടുണ്ട്. ഇത്രത്തോളമായിരുന്നു നബിതിരുമേനി(സ)യുടെ ലാളിത്യം. ഇന്ന് പല മതപണ്ഡിതന്മാരും ഇത്തരം പ്രവർത്തികൾ തങ്ങളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്ന് കരുതി നമസ്കാരം ദീർഘിപ്പിക്കാൻ നിർബന്ധം പിടിക്കുന്നു. എന്നാൽ ഉന്നതമായ ആരാധനാ നിലവാരമുണ്ടായിരുന്ന നബിതിരുമേനി(സ) മഹത്തായ ലാളിത്യത്തിന്റെ മാതൃകയാണ് കാണിച്ചുതന്നത്.
അതുപോലെ നബിതിരുമേനി(സ) അനാവശ്യമായ സങ്കീർണ്ണതകളിൽ പെടാതെ ദൈവത്തെ ആരാധിക്കുന്നതിന് മാത്രം മുൻഗണന നൽകിയിരുന്നു. ഉദാഹരണത്തിന് സന്ദർഭാനുസരണം നബിതിരുമേനി(സ) ചെരിപ്പ് ധരിച്ചും നമസ്കരിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ആരെങ്കിലും ചെരിപ്പ് ധരിച്ച് നമസ്കരിക്കുന്നത് കണ്ടാൽ അത് വലിയ ബഹളത്തിന് കാരണമാകും. എന്നാൽ അനാവശ്യ സങ്കീർണ്ണതകളിൽ പെടാതെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് നബിതിരുമേനി(സ) പഠിപ്പിച്ചത്. വൃത്തിയാണ് പ്രധാനം. അതിനാൽ ചെരിപ്പുകൾ വൃത്തിയുള്ളതും മോശം സ്ഥലങ്ങളിൽ ധരിക്കാത്തതുമാണെങ്കിൽ അവ ധരിച്ച് നമസ്കരിക്കുന്നതിൽ തെറ്റില്ലെന്നും അതിൽ തർക്കിക്കേണ്ട കാര്യമില്ലെന്നും ഖലീഫ തിരുമനസ്സ് വ്യക്തമാക്കി.
ജമാഅത്തായി നമസ്കരിക്കുന്നതിന്റെ പ്രാധാന്യം
പ്രാർത്ഥന എന്നത് ദൈവവുമായുള്ള കൂടിക്കാഴ്ചയാണ്. പ്രാർത്ഥനയിലൂടെയും നബിതിരുമേനി(സ)ൻ്റെ അധ്യാപനത്തിലൂടെയും ഒരു ദാസൻ ദൈവം ആഗ്രഹിക്കുന്ന ഗുണങ്ങൾ ആർജ്ജിക്കുന്നു. നബിതിരുമേനി(സ) ജമാഅത്തായി നമസ്കരിക്കുന്നതിന് വലിയ പ്രാധാന്യം നൽകിയിരുന്നു.
ഒരിക്കൽ ഒരാൾ തന്റെ വീട് പള്ളിയിൽ നിന്നും ദൂരെയാണെന്നും മഴയുള്ളപ്പോൾ വീട്ടിൽ വെച്ച് നമസ്കരിക്കാൻ അനുവാദം നൽകണമെന്നും നബിതിരുമേനി(സ)യോട് അപേക്ഷിച്ചു. ആദ്യം നബിതിരുമേനി(സ) അദ്ദേഹത്തിന് അനുവാദം നൽകി. എന്നാൽ പിന്നീട് അദ്ദേഹത്തെ തിരിച്ചുവിളിച്ചു കൊണ്ട് ബാങ്ക് വിളി വീട്ടിലിരുന്ന് കേൾക്കാൻ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അദ്ദേഹം മറുപടി നൽകിയപ്പോൾ എങ്കിൽ വഴിയിൽ പ്രയാസങ്ങളുണ്ടെങ്കിലും പള്ളിയിൽ വന്ന് ജമാഅത്തായി നമസ്കരിക്കണമെന്ന് നബിതിരുമേനി(സ) ഉപദേശിച്ചു.
നബിതിരുമേനി(സ) നമുക്കായി വലിയ സന്തോഷവാർത്തകൾ നൽകിയിട്ടുണ്ട്. ആ മഹാത്മാവിന്റെ ആരാധനാ മാതൃക പിന്തുടർന്നാൽ മാത്രമേ നമുക്ക് അവ ലഭ്യമാവുകയുള്ളൂ. ഇതിനായി വലിയ പരിശ്രമവും ത്യാഗവും അനിവാര്യമാണെന്ന് നാം ഓർക്കണം. ചിലരോട് ചോദിക്കുമ്പോൾ അഞ്ച്നേര നമസ്കാരം നിർവഹിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഈ മനോഭാവം വെറും മനസ്സിന്റെ വഞ്ചനയാണ്. യഥാർത്ഥ പരിശ്രമം ദൈവഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. അതിനാൽ നമ്മുടെ പരിശ്രമങ്ങൾ യഥാർത്ഥമാണോ എന്ന് നാം പരിശോധിക്കണം.
യഥാർത്ഥ പ്രാർത്ഥന ലോകത്തിലെ സകല ഭയങ്ങളെയും ഇല്ലാതാക്കുമെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞിട്ടുണ്ട്. ഉള്ളിൽ ഭയം ഉള്ള ഒരു ഉമ്മയാണെങ്കിൽ പോലും തന്റെ കുഞ്ഞിന് സുഖമില്ലാതിരിക്കുമ്പോൾ അതിന് ആവശ്യമുള്ളത് വാങ്ങാൻ ഇരുട്ടുള്ള രാത്രിയിലും അപകടകരമായ സ്ഥലങ്ങളിലും പോകാൻ അവൾ തയ്യാറാകുന്നത് പോലെയാണ് ഇത്. ഇതേ രീതിയിൽ ഒരാളെ കീഴ്പ്പെടുത്തിയിരിക്കുന്ന എല്ലാ ഭയങ്ങളെയും യഥാർത്ഥ പ്രാർത്ഥന ദൂരീകരിക്കുന്നു.
അല്ലാഹുവിനെ യഥാർത്ഥ രീതിയിൽ ആരാധിക്കാനും നബിതിരുമേനി(സ)യുടെ മാതൃക പിന്തുടരാനും അല്ലാഹു നമ്മെ എല്ലാവരെയും പ്രാപ്തരാക്കട്ടെ.


0 Comments