നീതി, ഉദാരത, ബന്ധുത്വം: നന്മയുടെ മൂന്ന് നിലവാരങ്ങള്‍

ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.

നീതി, ഉദാരത, ബന്ധുത്വം: നന്മയുടെ മൂന്ന് നിലവാരങ്ങള്‍

ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 5 മെയ്‌ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions

മെയ്‌ 7, 2023

തശഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) വിശുദ്ധ ഖുർആനിലെ ഈ സൂക്തം പാരായണം ചെയ്തു.

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

“തീർച്ചയായും അല്ലാഹു നീതി പുലർത്തുന്നതിനും നന്മ ചെയ്യുന്നതിനും അടുത്ത ബന്ധുക്കൾക്കെന്ന പോലെ സഹായം നൽകുന്നതിനും കല്പിക്കുന്നു . നീചപ്രവൃത്തിയേയും നിഷിദ്ധകർമ്മങ്ങളേയും നിയമലംഘനത്തേയും അവൻ വിലക്കുകയും ചെയ്യുന്നു . നിങ്ങളുടെ ഗുണത്തിനായി അവൻ നിങ്ങളെ ഉപദേശിക്കുന്നു.”[1]

തുടർന്ന് ഹുദൂർ(അയ്യദഹുല്ലാഹ്) പറഞ്ഞു, എല്ലാ വെള്ളിയാഴ്ചകളിലും ഈദിന്റെ രണ്ട് അവസരങ്ങളിലും ഈ ഖുർആനിക വചനം ഖുത്ബ സാനിയയിൽ പാരായണം ചെയ്യാറുണ്ട്. അതിൽ, സർവ്വശക്തനായ അല്ലാഹു എന്തെല്ലാം ചെയ്യണമെന്നും, എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നു. ഒരു യഥാർഥ വിശ്വാസിക്ക് തന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതിന്, സർവശക്തനായ അല്ലാഹുവിന്റെ ഈ കല്പനകൾ മുറുകെ പിടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഒരു മുസ്‌ലിമിന് യഥാർഥ വിശ്വാസിയാകാൻ കഴിയില്ല.

ഈ വചനത്തിൽ പരാമർശിച്ചിരിക്കുന്ന ധാർമിക ഗുണങ്ങളെ സംബന്ധിച്ച്, വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ച കാര്യം ഖുത്ബയിൽ പരാമർശിക്കുമെന്ന് ഖലീഫത്തുൽ മസീഹ് ഖാമിസ് ഹദ്‌റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറയുകയുണ്ടായി. മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലും, അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്നതിനും ഈ ഗുണങ്ങളുടെ പ്രാധാന്യം എന്താണെന്നതിനെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വാഗ്ദത്ത മസീഹ്(അ) പരാമർശിച്ചിട്ടുണ്ട്.

വാഗ്ദത്ത മസീഹ്(അ)ന്റെ വളരെ വിശദമായ വിശദീകരണം ദൈവവുമായി ബന്ധപ്പെടുക എന്നതിന്റെ അർഥമെന്താണെന്ന് മനസ്സിലാക്കാനും, വിശ്വാസിയെ വിശ്വാസത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും സഹായിക്കുന്നു. ഈ വചനത്തിലും, വാഗ്ദത്ത മസീഹിന്റെ വ്യാഖ്യാനത്തിലും മനുഷ്യരാശിയുടെ അവകാശങ്ങളും ദൈവത്തിന്റെ അവകാശങ്ങളും നിറവേറ്റുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു രൂപരേഖ അടങ്ങിയിരിക്കുന്നു. ഈ ദിവസങ്ങളിൽ, ലോകം മൊത്തത്തിൽ – മുസ്‌ലിം ലോകം ഉൾപ്പെടെ – മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ തുനിയുന്നത് ഖേദകരമാണ്. മുസ്‌ലിങ്ങൾ ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ ഏറ്റുപറയുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള അവരിൽ പലരും അത്തരം പ്രവർത്തികളിൽ വ്യാപൃതരായിരിക്കുകയാണ്.

മൂന്ന് തരം അനുസരണയുള്ളവർ

സർവ്വശക്തനായ അല്ലാഹുവിനെ അനുസരിക്കുന്നവർ മൂന്ന് തരത്തിലാണെന്ന് വാഗ്ദത്ത മസീഹ്(അ) തുടർന്ന് വിശദീകരിക്കുന്നു. ഒന്നാമതായി, കാഴ്ച തടസ്സപ്പെട്ടതിനാൽ, സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തവരുണ്ട്. ഒന്നുകിൽ അവരുടെ കാഴ്ച തടസ്സപ്പെട്ടതായിരിക്കും. അതല്ലെങ്കിൽ അവർ ഭൗതിക മാർഗങ്ങളെ കൂടുതൽ ആശ്രയിക്കുന്നവരായിരിക്കും. ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചാൽ അവർക്ക് ഉൾക്കാഴ്ച കൈവരിക്കാനാകും. ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഹൃദയം ദൈവസ്നേഹത്തിൽ ഉജ്ജ്വലമാകും.

ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)

പലരും ദൈവത്തെ ഒരു ഔപചാരികതയായി മാത്രമേ സ്രഷ്ടാവായി അംഗീകരിക്കുന്നുള്ളൂ. അവർ വിശ്വാസത്തിന്റെ ആഴം ശരിക്കും മനസ്സിലാക്കുന്നില്ല. ഭൗതിക മാർഗങ്ങളിലുള്ള അവരുടെ തീവ്രമായ ആശ്രയമാണ് ഇതിന് കാരണം. ഇത് ദൈവത്തിന്റെ യഥാർത്ഥ മുഖഭാവം അവ്യക്തമാക്കുകയും, വികലമായ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നു. ഇതുപോലുള്ള ഒരു വ്യക്തി മതപരമായ ബാധ്യതകൾ ഒരു ഔപചാരികതയായി മാത്രമേ ചെയ്യുകയുള്ളൂ. ഹൃദയത്തിൽ നിന്നല്ല. അത്തരം ആളുകളോട് പോലും, സർവ്വശക്തനായ അല്ലാഹു കരുണ കാണിക്കുന്നു.

രണ്ടാമതായി, ഒരാളുടെ ചായ്‌വ് ഭൗതിക മാർഗങ്ങളിൽ നിന്ന് ദൈവാനുഗ്രഹത്തിലേക്ക് നീങ്ങി കഴിഞ്ഞാൽ, ആ വ്യക്തി പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുന്നു. ഈ ഘട്ടത്തിൽ ആ വ്യക്തി ഭൗതിക മാർഗങ്ങൾക്ക് യാതൊരു പ്രാധാന്യവും കല്പിക്കുകയില്ല. പൂർണ്ണമായും ദൈവത്തിൽ ഭരമേൽപ്പിക്കുന്നു. പലരും സ്വന്തം ശക്തിക്കും കഴിവുകൾക്കും പ്രാധാന്യം നൽകുന്നു. എന്നാൽ ഈ ഘട്ടത്തിൽ എത്തുന്ന ഒരാൾ എല്ലാം ദൈവത്തിന്റെ സഹായത്താലാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതാണ്.

വാഗ്ദത്ത മസീഹ്(അ) പ്രസ്താവിക്കുന്നത്, ഈ ഘട്ടത്തിൽ, ഒരാൾ ദൈവത്തെ അദൃശ്യനായി മനസ്സിലാക്കുകയില്ല, മറിച്ച് അവന്റെ അസ്തിത്വത്തെ ദൃഢമായി മനസ്സിലാക്കുകയും ആരാധനകളിൽ അല്ലാഹുവിനെ കാണുന്നു എന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ഈ ആരാധനാ ഘട്ടത്തെ വിശുദ്ധ ഖുർആനിൽ ‘ഇഹ്‌സാൻ’ എന്ന് വിളിക്കപ്പെട്ടിരിക്കുന്നു.

വാഗ്ദത്ത മസീഹ്(അ) പറയുന്നു, ‘ഇഹ്‌സാൻ’ എന്നതിന് മുകളിൽ ‘ബന്ധുക്കൾക്ക് നൽകുന്നത് പോലെ നൽകുക’ എന്നറിയപ്പെടുന്ന ഒരു ഘട്ടമുണ്ട്. ഒരാൾ ദൈവത്തിന്റെ ശക്തിയെയും ഗുണങ്ങളെയും കുറിച്ച് സ്മരിക്കുകയും, സാക്ഷ്യം വഹിക്കുകയും, ആരാധനയിലും അവന്റെ സ്നേഹം കരസ്ഥമാക്കാനുള്ള പരിശ്രമത്തിലും സ്ഥിരത പുലർത്തുകയും ചെയ്യുമ്പോൾ, ദൈവസ്നേഹത്തിൽ പരിപൂർണമായി ലയിക്കുകയും ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധമുള്ളതായി തോന്നുകയും ചെയ്യുന്നതാണ്. ഒടുവിൽ, അത്തരമൊരു വ്യക്തി ഒരു വ്യക്തിബന്ധത്തോട് സാദൃശ്യമുള്ള ദൈവസ്നേഹത്തിൽ പൂർണ്ണമായും ലയിക്കും.  ഈ ഘട്ടത്തിൽ, ഒരാളുടെ ആരാധന ദൈവാനുഗ്രഹത്തിന് സാക്ഷ്യം വഹിക്കുന്നതിലൂടെ ഉണ്ടാകുന്ന സ്നേഹത്തെ പോലെയല്ല, മറിച്ച്, ഈ സ്നേഹം ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്.

ഈ ഘട്ടത്തിലെ ആരാധന ദൈവത്തോട് എന്തെങ്കിലും ചോദിക്കാനോ യാചിക്കാനോ അല്ല, മറിച്ച് ഒരു കുട്ടിക്ക് തന്റെ മാതാപിതാക്കളുമായി ഉള്ള ബന്ധത്തോട് സാമ്യമുള്ളതാണ്. ഇക്കാരണത്താൽ വിശുദ്ധ ഖുർആനിലെ മറ്റൊരു സ്ഥലത്ത് സർവശക്തനായ അല്ലാഹു പറയുന്നു:

فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا

“നിങ്ങളുടെ പൂർവപിതാക്കളെ നിങ്ങൾ സ്മരിച്ചിരുന്നത് പോലെ അഥവാ അതിലുപരിയായി അല്ലാഹുവിനെ നിങ്ങൾ സ്മരിക്കുക.”[2]

ഹുദൂർ(അയ്യദഹുല്ലാഹ്) പറയുന്നു: ഈ ഘട്ടത്തിൽ, ദൈവത്തോടുള്ള ഒരുവന്റെ സ്നേഹം സംശുദ്ധമാകുന്നതാണ്.

മൂന്നാമത്തെ ഘട്ടത്തിൽ, ഒരുവൻ സ്വന്തം സുഖങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിക്കുകയില്ല, പകരം ദൈവപ്രീതിക്കായി പരിശ്രമിക്കുന്നതാണ് എന്ന് വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.

കൂടാതെ, വാഗ്ദത്ത മസീഹ്(അ) പറഞ്ഞു, അത്തരം ആളുകൾ, ദൈവത്തോടുള്ള സ്നേഹത്താൽ, മനുഷ്യരാശിയെ ഏറ്റവും സ്നേഹപൂർവ്വം സേവിക്കുന്നു, തൽഫലമായി, അവർ ദൈവത്തിന്റെ പ്രീതിയും ശ്രദ്ധയും അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനാൽ, അല്ലാഹുവുമായുള്ള അത്തരമൊരു ബന്ധം ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രകടനത്തിന് മാത്രമല്ല, അവന്റെ സൃഷ്ടികളോടുള്ള സ്‌നേഹത്തിന്റെ പ്രകടനത്തിനും കാരണമാകണം.

രണ്ട് തരം ധാർമികത

ധാര്‍മികത രണ്ട് തരത്തിലാണെന്ന് വാഗ്ദത്ത മസീഹ്(അ) പ്രസ്താവിക്കുന്നു. ഒന്നാമതായി, ഈ ആധുനിക യുഗത്തിൽ വിദ്യാഭ്യാസമുള്ളവർ അവതരിപ്പിക്കുന്ന ധാര്‍മികതയുണ്ട്. അവര്‍ പ്രത്യക്ഷത്തിൽ സ്നേഹപ്രകടനം നടത്തുകയും ഹൃദയങ്ങളിൽ എതിർപ്പ് സൂക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം രീതി വിശുദ്ധ ഖുർആനിന് എതിരാണ്. രണ്ടാമതായി, യഥാർത്ഥ അനുകമ്പയും ഹൃദയത്തെ കാപട്യത്തിൽ നിന്ന് മോചിപ്പിക്കുന്നതുമായ ധാർമ്മികതയാണ്.

മറ്റുള്ളവരോട് നന്മ ചെയ്യുന്നതിനെ പരിമിതപ്പെടുത്താതെ വ്യാപിപ്പിക്കേണ്ടതാണെന്ന് വാഗ്ദത്ത മസീഹ്(അ) പറയുന്നു. നിസ്വാർഥവും മാതാവിന് തന്റെ കുട്ടിയോടുള്ള സ്‌നേഹത്തിന്റെ ഉദാഹരണവുമായ സ്ഥാനം എത്തുന്നതുവരെ നാം നന്മയുടെ നിലവാരം ഉയർത്തണം. തന്റെ കുഞ്ഞിന് ഭക്ഷണം നല്കരുതെന്ന് ഒരു മാതാവിനോട് ഒരു രാജാവ് നിർദ്ദേശിച്ചാൽ പോലും അവൾ ഭയമില്ലാതെ രാജാവിനോട് വിയോജിക്കുന്നതാണ്.

വാഗ്ദത്ത മസീഹ്(അ) തന്റെ രചനകളിലും, പങ്കെടുത്ത സദസ്സുകളിലും ഈ ഗുണങ്ങളെ കുറിച്ച് വളരെ വിശദമായി പരാമർശിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രധാന സവിശേഷതകളെ കുറിച്ച് പല സന്ദർഭങ്ങളിലും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഈ പാഠങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും മറ്റുള്ളവരോട് നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ പുരോഗതി കൈവരിക്കാനും നാം ലോകത്തിന് മാതൃകയായിത്തീരാനും സർവ്വശക്തനായ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ എന്ന് ഖുത്ബയുടെ അവസാനം ഹുദൂർ(അയ്യദഹുല്ലാഹ്) ദുആ ചെയ്യുകയുണ്ടായി. ഈ അധ്യാപനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചു കൊണ്ട് നമ്മുടെ പ്രതിജ്ഞയോട് നീതി പുലർത്തുന്നവരായി നാം മാറട്ടെ. എല്ലാ വെള്ളിയാഴ്ചകളിലും ഈ സൂക്തത്തിലെ വാക്കുകൾ കേൾക്കുന്നതിലൂടെ, വാഗ്ദത്ത മസീഹ്(അ) വളരെ വേദനയോടെ പരാമർശിച്ച നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് നമുക്ക് ഓർമ്മിക്കാം.

പാക്കിസ്ഥാനിലെ അഹ്‌മദികൾക്ക് വേണ്ടിയും അവർ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്ക് വേണ്ടിയും പ്രാർഥിക്കണമെന്നും ഖലീഫത്തുൽ മസീഹ് ഖാമിസ് നിർദ്ദേശിച്ചു. ശത്രുക്കളുടെ പൈശാചിക ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുമ്പിൽ അഹ്‌മദികൾ എന്ന നിലയിൽ നമ്മൾ സദ്ഗുണങ്ങൾ പ്രകടിപ്പിക്കുന്നത് തുടരുന്നതാണ്. അത് തുടരാനും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. ശത്രുക്കളില്‍ ആത്മസംസ്കരണം ഒരിക്കലും നടത്താത്തവരെ അല്ലാഹു ശിക്ഷിക്കുകയും ചെയ്യട്ടെ. സർവ്വശക്തനായ അല്ലാഹുവുമായി അടുത്ത ബന്ധം വളർത്തിയെടുക്കുമ്പോഴാണ് നമുക്കെതിരിൽ പ്രവർത്തിക്കുന്ന ശത്രുവിന്റെ നാശം നമുക്ക് കാണാൻ സാധിക്കുന്നത്.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 16:91

[2] വിശുദ്ധ ഖുര്‍ആന്‍ 2:201

1 Comment

Salahuddin · മെയ്‌ 9, 2023 at 2:44 am

ഇന്ന് ലോകം ഉറ്റുനോക്കുന്ന സമാധാന സംസ്ഥാ പനത്തിനുള്ള ഒരേയൊരു പോം വഴിയാണ് ്് തിരുമനസ്സ് വിവരിച്ചിട്ടുള്ളത്.
എല്ലാവരും പുറമെ നിന്നും സമാധാനം കെട്ടിയിറക്കപ്പെടുമെന്നും തങ്ങൾ അതാസ്വദിച്ചാൽ മതിയെന്നും കരുതുമ്പോൾ അതോരോ വിശ്വാസിയിൽ നിന്നും ജന്മമെടുത്ത് ലോകം മുഴുവൻ പരത്തേണ്ടതാണെന്ന യഥാർത്ഥ്യം നമ്മിൽ അർപ്പിക്കുന്ന ഉത്തരവാദിത്തം ചെറുതല്ല.

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed