മുഹമ്മദ് അദ്നാൻ എ. കെ, പത്തപ്പിരിയം
‘ശരീഅത്ത്’ ‘ഇസ്‌ലാമിക നിയമം’ എന്നീ പദങ്ങള്‍ സാധാരണക്കാരില്‍ (പ്രത്യേകിച്ച് ബഹുസ്വര സമൂഹങ്ങളിലെ ജനങ്ങളില്‍) ഭയവും ആശങ്കയും ഉണര്‍ത്തുന്ന പദങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഒരു ഭാഗത്ത് ഇസ്‌ലാമിനെ പൈശാചികവല്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആഗോള തലത്തില്‍ നടക്കുമ്പോളും, ഇസ്‌ലാമിന്‍റെ പേരില്‍ തന്നെ ക്രൂരതകള്‍ ചെയ്യുന്ന ചില നാമമാത്ര മുസ്‌ലീങ്ങളുടെ പ്രവൃത്തികളും ഇതിനു കാരണമാണ്. ഐസിസ് (ISIS), ബൊക്കോ ഹറാം, അല്‍-ഖായിദ തുടങ്ങിയ തീവ്രവാദ സംഘടനകളെ കൂടാതെ, ചില മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തരസംഘര്‍ഷങ്ങളും, താലിബാന്‍ പോലുള്ള ഭീകരവാദ പ്രസ്ഥാനങ്ങള്‍ ഒരു രാജ്യത്തിന്‍റെ അധികാരം പിടിച്ചടക്കിയതും, ശരീഅത്തിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ജനഹൃദയങ്ങളില്‍ രൂഢമൂലമാകാന്‍ കാരണമായിട്ടുണ്ട്. അഥവാ, അടിച്ചമര്‍ത്തലിന്‍റെയും, പീഡനത്തിന്‍റെയും, തീവ്രവാദത്തിന്‍റെയും പര്യായപദമായി ‘ശരീഅത്ത്’ മാറിക്കഴിഞ്ഞിരിക്കുന്നു.
കൂടാതെ, ഇസ്രയേല്‍-ഫലസ്തീന്‍ പോലുള്ള സമകാലിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചില കുബുദ്ധികള്‍ തങ്ങളുടെ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത്തിനും സ്ഥാപിതലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ഈ പദങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു.
ഇത് സ്വാഭാവികമായും കോടിക്കണക്കിന് വരുന്ന ഒരു വിശ്വാസി സമൂഹത്തെ പൈശാചികവല്ക്കരിക്കുകയും, കൂടാതെ സമാധാനം എന്ന തത്വത്തിൽ കെട്ടിപ്പടുത്ത ഒരു പ്രത്യയശാസ്ത്രത്തെ ലോകത്തിന് ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്നു.
എന്നാൽ ഇന്ത്യയടക്കമുള്ള ബഹുസ്വര-മതനിരപേക്ഷ രാജ്യങ്ങളിൽ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതസ്ഥർ, സിഖ്മതസ്ഥർ തുടങ്ങി മറ്റ് മതവിഭാഗങ്ങളോടൊപ്പം മുസ്‌ലീങ്ങളും വളരെ ഐക്യത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഈ സാഹചര്യത്തിൽ, ശരീഅത്തിന്‍റെ യഥാർഥ അർഥവും, ബഹുസ്വര സമൂഹങ്ങളുമായുള്ള അതിന്‍റെ പൊരുത്തവും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
യഥാര്‍ഥത്തില്‍, ശരീഅത്ത് ഒരു നിയമവ്യവസ്ഥ മാത്രമല്ല. മറിച്ച് ഒരു മുസ്‌ലിമിന്‍റെ ആത്മീയവും ധാർമികവുമായ ജീവിതത്തിന് വഴികാട്ടുന്ന ദൈവിക മാർഗമാണ്. യഥാർഥ ഇസ്‌ലാമിക ശരീഅത്ത് ഇതു തന്നെയാണ് എന്ന് നിഷ്പക്ഷ പഠനം നടത്തുന്ന ഏതൊരു സത്യാന്വേഷിക്കും കൃത്യാമായി മനസ്സിലാകുന്നതാണ്.
‘ശരീഅത്ത്’ എന്ന പദത്തിന്‍റെ അര്‍ഥം
‘ശറഅ’ എന്ന ധാതുവിൽ നിന്ന് നിഷ്പന്നമായ പദമാണ് ‘ശരീഅത്ത്’. ‘ശറഅ’ എന്നാല്‍ ‘നിയമിക്കുക’ അല്ലെങ്കിൽ ‘നിർദേശിക്കുക’ എന്നാണ് അര്‍ഥം. എഡ്വേർഡ് വില്യം ലെയ്‌ന്‍ തന്‍റെ അറബി-ഇംഗ്ലീഷ് നിഘണ്ടുഫില്‍ ശരീഅത്തിനെ ‘ജലത്തിലേക്കുള്ള പാത’ എന്ന് വിശദീകരിക്കുന്നു:
“ഇത് ജലത്തിലേക്ക് ഇറങ്ങുന്ന ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു; അല്ലെങ്കിൽ വെള്ളത്തിലേക്കുള്ള വഴി. അതിനാൽ, അൽ-ശരീഅത്തും അൽ-ശിറായും അൽ-ദീൻ (മതം) എന്നുള്ളതിനെ അർഥമാക്കുന്നു, കാരണം ഇത് ശാശ്വതമായ ജീവിതത്തിന്‍റെ മാർഗമാണ്.”[1]
മനുഷ്യന് ധാർമിക മാർഗനിർദേശം നല്കുകയും അവന്‍റെ ആത്മീയ ദാഹം ശമിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ‘ശരീഅത്തിന്‍റെ’ വിവക്ഷ. ഇത് ആത്മീയവും ധാർമികവുമായ പോഷണത്തിന്‍റെ ഉറവിടത്തെയാണ് സൂചിപ്പിക്കുന്നത്.
വിശുദ്ധ ഖുർആനിൽ ഇപ്രകാരം പറയുന്നു:
“പിന്നീട് നാം നിന്നെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രവര്‍ത്തനക്രമത്തില്‍ ആക്കിയിരിക്കുകയാണ്. അതിനാല്‍, നീ അത് പിന്തുടരുക. അറിവില്ലാത്തവരുടെ സ്വേച്ഛകളെ നീ പിന്തുടരരുത്.”[2]
ഈ വചനത്തിൽ അല്ലാഹുവിന്‍റെ ഇഷ്ടത്തിനനുസൃതമായ, അവന്‍റെ പ്രീതി കരസ്ഥമാക്കാനുതകുന്ന ചിട്ടയുള്ള ജീവിതത്തിലേക്ക് മുസ്‌ലീങ്ങളെ നയിക്കുന്ന ഒരു ദൈവീക മാർഗനിർദേശമായാണ് ശരീഅത്ത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
അഥവാ, ഇസ്‌ലാമിക ജീവിത ശൈലി പിന്തുടരുമെന്ന് സ്വമേധയാ അംഗീകരിക്കുകയും തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാർഗനിർദ്ദേശത്തിനായി ഇസ്‌ലാമിന്‍റെ ഉപദേശങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന മുസ്‌ലീങ്ങൾക്കുള്ള ഒരു ജീവിതരീതിയാണ് ശരീഅത്ത് എന്ന് ചുരുക്കം.
ബഹുസ്വര സമൂഹങ്ങളുമായി ശരീഅത്തിന്‍റെ പൊരുത്തം
ശരീഅത്തിനെക്കുറിച്ചുള്ള പ്രധാന തെറ്റിദ്ധാരണകളിലൊന്ന് അത് പ്രാവർത്തികമാക്കാൻ ഒരു പ്രത്യേകമായ നിയമനിർമാണവും പ്രത്യേക സംവിധാനവും ആവശ്യമായി വരും എന്നതാണ്.
ആയതിനാല്‍, തങ്ങള്‍ക്ക് മേല്‍ ഇസ്‌ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രക്രിയയാണ് ശരീഅത്ത് എന്നാണ് സാധാരണക്കാരായ അമുസ്‌ലിം ജനവിഭാഗങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ മുസ്‌ലീങ്ങൾക്ക് മേൽകോയ്മയും കൂടുതൽ അവകാശങ്ങളും ആനുകൂല്യങ്ങളും നല്കുകയും, തങ്ങൾക്കുമേൽ അനീതിയും അക്രമവും അടിച്ചേല്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക പ്രാകൃത ഭരണസംവിധാനമാണ് ശരീഅത്തെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു.
ഒന്നാമതായി, ശരീഅത്ത് കേവലം ഒരു ഭരണ സംവിധാമാണ് എന്ന ധാരണ വസ്തുതാവിരുദ്ധമാണ്. കാരണം, അങ്ങനെയാണെങ്കില്‍, ഇസ്‌ലാമികമല്ലാത്ത മറ്റൊരു ഭരണസംവിധാനത്തിന് കീഴിലും മുസ്‌ലീങ്ങൾക്ക് ജീവിക്കാന്‍ സാധ്യമല്ല എന്ന് പറയേണ്ടി വരും. അത് ഒരിക്കലും തന്നെ ശരിയല്ല.
സാങ്കേതികമായി, ശരീഅത്ത് ഇടപെടുന്ന മേഖലകളെ അഞ്ച് പ്രധാന ഘടകങ്ങളായി തരം തിരിക്കാവുന്നതാണ്:
- ഇബാദത്ത് (ആരാധന): അഞ്ച് നേര നമസ്കാരം, റമദാനിലെ നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി ആരാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
- മുആമലാത്ത് (ഇടപാടുകൾ): വ്യാപാരം, കരാറുകൾ, വിവാഹം, അനന്തരാവകാശം തുടങ്ങിയവ.
- ആദാബ് (പെരുമാറ്റം, ധാർമികത, മര്യാദ): സത്യസന്ധത, ദയ, ബഹുമാനം തുടങ്ങിയ ധാര്‍മിക മൂല്യങ്ങളുമായി ബന്ധപ്പെട്ടവ.
- ഇഅ്തിഖാദാത്ത് (വിശ്വാസങ്ങൾ): ഇസ്‌ലാമിന്‍റെ ആദര്‍ശങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
- ഉഖൂബാത്ത് (ശിക്ഷകൾ): ഇസ്‌ലാമിക സ്രോതസ്സുകളില്‍ വിവരിച്ചിട്ടുള്ള ശിക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
ഈ അഞ്ചു ഘടകങ്ങളെയും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്ത് ധാർമികതയിലധിഷ്ഠിതവും നീതിയുക്തവുമായ ഒരു സമൂഹം നിർമിക്കുന്നതിന് ചില മാർഗനിർദേശങ്ങൾ ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുണ്ട്.
മദീനാ കരാര്‍: ബഹുസ്വരതയുടെ ഉത്തമ മാതൃക
ഇസ്‌ലാമിന്‍റെ ആദ്യകാല രാഷ്ട്രീയ ക്രമം മതപരമായ പ്രതിബദ്ധതയെയും സമുദായങ്ങൾ തമ്മിലുള്ള കൂടിയാലോചനയെയും ബഹുസ്വരതയെയും സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. പ്രവാചകൻ മുഹമ്മദ്(സ) മദീനയിൽ വിവിധ ഗോത്രങ്ങൾക്കിടയിൽ സമാധാനം സ്ഥാപിച്ചുകൊണ്ട് മുസ്‌ലീങ്ങള്‍ക്കും അമുസ്‌ലീങ്ങൾക്കും തുല്യമായ അവകാശങ്ങൾ നല്കിക്കൊണ്ട് 622 AD-യില്‍ സ്ഥാപിച്ച ഒരു ഭരണഘടനയായിരുന്നു മദീന ചാർട്ടർ. ഇതനുസരിച്ചായിരുന്നു പ്രവാചകന്‍(സ) അവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ ഭരണം നയിച്ചിരുന്നത്.
ഇത്തരത്തില്‍ തുല്യതയുടെ മുദ്രാവാക്യം ഉയര്‍ത്തിയ ചരിത്രത്തിലെ തന്നെ ആദ്യ ഭരണഘടനയാണ് മദീനാ ചാര്‍ട്ടര്‍ എന്ന് ഗണിക്കപ്പെടുന്നു.[] ജൂതന്മാർക്കും മുസ്‌ലീങ്ങൾക്കും തുല്യ പദവിയും, അവർക്ക് അന്യോന്യം പരസ്പര ബാധ്യതകളും നല്കിക്കൊണ്ട് അവരെ ഒരൊറ്റ സമൂഹമായാണ് ഇതില്‍ ഉൾപ്പെടുത്തിയിരുന്നത്. മുഹാജിരീൻ (മക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ), അൻസാർ (മദീനയിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർ), ജൂത ഗോത്രങ്ങൾ (ബനൂ ഔഫ്, ബനൂ അൽ-നജ്ജാർ മുതലായവ) എന്നിവരെയും ഈ ഭരണഘടന മുഖേന യോജിപ്പിക്കാൻ സാധിച്ചു.
ഉടമ്പടിയുടെ പതിനാറാം വ്യവസ്ഥയിൽ ഇപ്രകാരം പറയുന്നു:
“ഇതിൽ കക്ഷികളായ ജൂതമത വിശ്വാസികൾക്ക് എല്ലാ സഹായവും സമത്വവും ലഭിക്കുന്നതാണ്. അവർ അടിച്ചമർത്തപ്പെടുകയോ അവർക്കെതിരെ മറ്റുള്ളവരെ സഹായിക്കുകയോ ചെയ്യുന്നതല്ല.”[] ഇരുപത്തിയഞ്ചാം വ്യവസ്ഥയിൽ ബനൂ ഔഫിനെ (ജൂതന്മാരെ) വിശ്വാസികളോടൊപ്പമുള്ള സമൂഹമായി വ്യക്തമായി കണക്കാക്കുകയും, ജൂതന്മാർക്ക് മുസ്‌ലീങ്ങള്‍ക്കും മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.”[] 26 മുതൽ 33 വരെയുള്ള വിവിധ വ്യവസ്ഥകളിൽ എല്ലാ ജൂത ഗോത്രങ്ങൾക്കും ഉപഗോത്രങ്ങൾക്കും ഒരേ അവകാശങ്ങൾ നൽകുന്നതായും, എല്ലാവരുടെയും മതസ്വാതന്ത്ര്യത്തെ പരാമര്‍ശിക്കുന്നതായും കാണാം.[3]
ചുരുക്കത്തിൽ, ആദ്യകാല ഇസ്‌ലാമിക സമ്പ്രദായം ഷൂറയും (കൂടിയാലോചന), ഉടമ്പടികളെ അടിസ്ഥാനമാക്കിയുള്ളതും, അതോടൊപ്പം മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമെല്ലാം സംയോജിപ്പിച്ചു കൊണ്ടുള്ള ഭരണമായിരുന്നു.
ശരീഅത്ത് എന്നാല്‍ ബഹുസ്വര മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആശയമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. അഥവാ, ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ ഒരു മുസ്‌ലിമിനെ പോലെ തന്നെ ഒരു അമുസ്‌ലിമിനും തന്‍റെ മതവും ആചാരങ്ങളും കർമങ്ങളുമനുഷ്ടിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്.
നബി തിരുമേനി(സ) പറയുന്നു:
“കരാറിലുൾപ്പെട്ട അമുസ്‌ലിമിനോട് ആരെങ്കിലും അന്യായം ചെയ്യുകയോ, അവന്‍റെ അവകാശങ്ങളെ ഹനിക്കുകയോ, അവന്‍റെ കഴിവിനപ്പുറം ജോലി ചെയ്യാൻ അവനെ നിർബന്ധിക്കുകയോ, അവന്‍റെ സമ്മതമില്ലാതെ അവനിൽ നിന്ന് എന്തെങ്കിലും എടുക്കുകയോ ചെയ്യുന്നതായാൽ, അന്ത്യദിനത്തിൽ ഞാൻ അവനുവേണ്ടി വാദിക്കുന്നതാണ്.”[4]
ശരീഅത്ത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാമോ?
ഇസ്‌ലാമിക നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. വിശുദ്ധ ഖുർആൻ പറയുന്നു:
“മതത്തിന്‍റെ കാര്യത്തിൽ ഒരു ബലപ്രയോഗവും പാടില്ല.”[5]
ഈ വാക്യം വിശദീകരിച്ചുകൊണ്ട് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫ, ഹദ്റത്ത് മിർസാ താഹിർ അഹ്‌മദ്(റഹ്) പറയുന്നു:
“വിശുദ്ധ ഖുർആന്‍റെ ഈ പ്രസ്താവന ഒരിക്കലും മാറ്റം ആവശ്യപ്പെടാത്ത ഒരു സാർവത്രിക പ്രസ്താവനയാണ്. നിയമങ്ങൾ എങ്ങനെ ശാശ്വതവും സാർവത്രികവുമാകാം എന്നതിന് ഒരു ഉദാഹരണമാണിത്. വിശ്വാസത്തിലോ വിശ്വാസത്തിന്‍റെ കാര്യത്തിലോ ബലപ്രയോഗമില്ലെന്ന് ഇത് പ്രസ്താവിക്കുന്നു. ഒരു തരത്തിലുള്ള ബലപ്രയോഗവും സാധ്യമല്ല, ഒരു ബലപ്രയോഗവും അനുവദനീയവുമല്ല.”[6]
അതിനാൽ, ഇസ്‌ലാമിക പ്രത്യയശാസ്ത്രങ്ങൾ ഇസ്‌ലാമിനെ പിന്തുടരാത്തവരുടെ മേൽ അടിച്ചേൽപ്പിക്കുക എന്നത് തികച്ചും അസാധ്യമായ കാര്യമാണ്.
ഇതിന് പുറമെ, ശരീഅത്ത് നിയമനിർമാണം നടപ്പിലാക്കുന്നതിലെ മറ്റൊരു പ്രശ്നം ചൂണ്ടിക്കാണിച്ച് കൊണ്ട് ഖലീഫാ നാലാമന്‍(റഹ്) പായുന്നു:
“മുസ്‌ലിം സമുദായത്തിൽ തന്നെയും, അവരുടെ ജീവിതചര്യയിൽ, ഇസ്‌ലാമിന്‍റെ ആദർശങ്ങൾ ആചരിക്കാത്ത നിരവധി മുസ്‌ലീങ്ങളുണ്ട്. മാത്രമല്ല, പല ഇസ്‌ലാമിക ആശയങ്ങളെ മനസ്സിലാക്കുന്നതിലും, മുസ്‌ലീങ്ങൾ പരസ്പരം വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ശരീഅത്ത് നിയമം നടപ്പാക്കുന്നതിന് ഇത് പ്രായോഗിക തടസ്സമായി മാറുന്നു. കാരണം ഇത് ഒരു വിഭാഗത്തിന്‍റെ അല്ലെങ്കിൽ മറ്റൊരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളെ ദുർബലപ്പെടുത്തും.”[7]
അതായത്, ശരീഅത്ത് ഒരു ഭരണ സംവിധാനമായി മാറുന്ന പക്ഷം അത് അമുസ്‌ലീങ്ങളുടേത് മാത്രമല്ല പല മുസ്‌ലിം വിഭാഗങ്ങളുടെ അവകാശങ്ങളെ പോലും ധ്വംസിക്കുന്ന നിയമ സംവിധാനമായി മാറുന്നതാണ്. എന്നാല്‍ ആ അവകാശങ്ങളെ അംഗീകരിക്കുകയും അവർക്കായി നിലകൊള്ളുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. ഒരു ബഹുസ്വര ആവാസ വ്യവസ്ഥയുടെ രൂപത്തിൽ ഇസ്‌ലാം ലോകത്തെ വിഭാവനം ചെയ്യുമ്പോൾ, ബഹുമത രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും മാത്രമല്ല, മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ പോലും ശരീഅത്ത് നിയമം നടപ്പാക്കുന്നതിന് ഇക്കാര്യം തടസ്സമായി മാറുന്നു.
വിശുദ്ധ ഖുർആൻ പ്രവാചകൻ(സ) തിരുമേനിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു:
“നീ ഒരു താക്കീതുകാരന് മാത്രമാകുന്നു. നീ അവരുടെ മേൽനോട്ടക്കാരനല്ല.”[8]
ഇതിനർത്ഥം, ഇസ്‌ലാമിക സമൂഹത്തെ സൃഷ്ടിക്കാൻ അല്ലാഹു നിയോഗിച്ചയച്ച പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് തന്‍റെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ അധികാരമില്ലെന്ന് അസന്ദിഗ്ദധമായും കൽപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
ഒരു മുസ്‌ലിമിന് അമുസ്‌ലിം ഭരണത്തിന് കീഴില്‍ ജീവിക്കാമോ?
ഇനിയുള്ള ചോദ്യം, ഒരു മതേതര സമൂഹത്തിൽ, ഉദാഹരണത്തിന് ഇന്ത്യ പോലുള്ള ബഹുമത ബഹുസ്വര രാജ്യത്ത്, മുസ്‌ലീങ്ങൾ അമുസ്‌ലിം ഭൂരിപക്ഷത്തോട് ഇഴകിചേർന്നുകൊണ്ട് അമുസ്‌ലിം ഭരണാധികാരികൾക്ക് കീഴിൽ മതേതര നിയമങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കുക എന്നത് സാധ്യമാണോ എന്നതാണ്.
വിശുദ്ധ ഖുർആൻ പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥരേയും അനുസരിക്കുക.”[9]
അഹമദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനും വാഗ്ദത്ത മസീഹുമായ, ഹദ്റത്ത് മിർസാ ഗുലാം അഹ്‍മദ്(അ), ഈ വാക്യത്തെ വിശദീകരിച്ച് കൊണ്ട് പറയുന്നു:
“വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നു, ‘അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുക, നിങ്ങളിൽ അധികാരമുള്ളവരെയും അനുസരിക്കുക.’ വിശ്വാസികൾ ദൈവത്തെയും അവന്‍റെ പ്രവാചകനെയും കൂടാതെ അധികാരമുള്ളവരെയും അനുസരിക്കണം. ‘അധികാരമുള്ളവർ’ എന്നതിൽ മുസ്‌ലിമല്ലാത്ത ഭരണകൂടം ഉൾപ്പെടുകയില്ല എന്ന് പറയുന്നത്, വ്യക്തമായും, ശരിയായ കാര്യമല്ല. കാരണം, ശരീഅത്തിന് അനുസൃതമായ (അതായത്, ശരീഅത്തിന് എതിരല്ലാത്ത) ഒരു സർക്കാരോ അധികാരികളോ ‘നിങ്ങളിൽ നിന്നുള്ള അധികാരികളാണ്’. നമുക്ക് എതിരല്ലാത്തവർ നമ്മുടെ ഇടയിലാണ് (مِنكُمْ). അതിനാൽ, ഗവൺമെന്‍റിന്‍റെ അധികാരത്തോടുള്ള അനുസരണം അതിന്‍റെ അനിവാര്യതകളിൽ ഒന്നാണ്, എന്ന് ഖുർആൻ ഈ വിഷയത്തിൽ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.” [10]
അതുപോലെ ഒരു ഹദീസിൽ നബി തിരുമേനി(സ) പറയുന്നതായി ഇപ്രകാരം വന്നിരിക്കുന്നു:
“എന്നെ അനുസരിക്കുന്നവൻ ദൈവത്തെ അനുസരിക്കുന്നു; എന്നെ അനുസരിക്കാത്തവൻ ദൈവത്തെ അനുസരിക്കുന്നില്ല. തന്‍റെ മേലുള്ള അധികാരികളെ അനുസരിക്കുന്നവൻ എന്നെ അനുസരിക്കുന്നു; തന്‍റെ മേലുള്ള അധികാരികളെ അനുസരിക്കാത്തവൻ എന്നെ അനുസരിക്കുന്നില്ല”[11]
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) പറയുന്നു:
“ഭൗതിക കാര്യങ്ങളില്‍ ഭൗതിക ഭരണ കർത്താക്കളെ അനുസരിക്കേണ്ടതും വളരെ ആവശ്യമാണ്. ഭരണകൂടം അതിന്‍റെ കാര്യങ്ങളുടെ നടത്തിപ്പിനായി രാഷ്ട്ര നിയമങ്ങൾ നിർമിച്ചിട്ടുണ്ടാകും. അതിനെ അനുസരിക്കേണ്ടത് നിർബന്ധമാണ്. നിങ്ങൾ ജീവിക്കുന്ന നാട്ടിലെ നിയമങ്ങൾ പാലിക്കേണ്ടത് നിങ്ങൾക്ക് നിർബന്ധമാണ്.”[12]
വിശുദ്ധ ഖുർആൻ പറയുന്നു:
“മതം കാരണത്താല്‍ നിങ്ങളുമായി യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെ ബഹിഷ്‌ക്കരിച്ചിട്ടില്ലാത്തവരുമായവരെ പറ്റി, നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും അവരുമായി നീതിപൂര്‍വം വര്‍ത്തിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. തീര്‍ച്ചയായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.”[13]
ഇന്ന് ഇന്ത്യ പോലെയുള്ള മതേതര സമൂഹങ്ങളിൽ നാം ആസ്വദിക്കുന്ന മത സ്വാതന്ത്ര്യം നിമിത്തം ഇസ്‌ലാമിക കർമങ്ങൾക്ക് ഒരുതരത്തിലും യാതൊരു വിധ തടസവും ഉണ്ടാകുന്നില്ല. ആയതിനാൽ ഒരു മുസ്‌ലിമിന് അവന്‍റെ വിശ്വാസപരമായ രീതികളിൽ ഉറച്ചിരിക്കുകയും അതേസമയം പൊതുസമൂഹത്തിന്‍റെയും ഭരണാധികാരികളുടെയും നിയമങ്ങൾക്കും നീതിശാസനങ്ങൾക്കും വിധേയരായിതന്നെ സ്വസ്ഥമായി ജീവിക്കുകയും ചെയ്യാം.
വാഗ്ദത്ത മസീഹ്(അ) തന്‍റെ തൊഹ്ഫ കൈസരിയ്യ എന്ന പുസ്തകത്തിൽ പറയുന്നു:
“മതത്തിന്‍റെ കാര്യത്തിൽ ബലം പ്രയോഗിക്കുന്നതിന് യാതൊരു അനുമതിയും ഇല്ലെന്നും, മതനിരപേക്ഷ ഭരണത്തിനു കീഴിൽ, മതസ്വാതന്ത്ര്യവും നീതിയും ഉറപ്പുള്ള രാജ്യത്ത്, ആർക്കെതിരെയും സായുധ ജിഹാദിന്‍റെ ആവശ്യമില്ലെന്നും, ആരെയും പുറത്താക്കേണ്ടന്നും, പരസ്പരമുള്ള ഉടമ്പടികൾ പാലിച്ചുകൊണ്ട് വിശ്വാസികളും അമുസ്‌ലീങ്ങളും സമാധാനത്തോടെ ജീവിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.”[14]
നേരത്തെ വിശദീകരിച്ചതുപോലെ, ഇസ്‌ലാമിനെ പിന്തുടരുന്നവർക്ക്, അഥവാ മുസ്‌ലീങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്ന തത്വങ്ങളാണ് ശരീഅത്ത്. അതില്‍ ഭൂരിഭാഗവും മനുഷ്യന്‍റെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇസ്‌ലാം സമൂഹത്തെയും മുഴുവൻ ലോകത്തെയും തന്നെ പരിഷ്കരിക്കാനാണ് ശ്രമിക്കുന്നത് എന്നത് ശരിതന്നെ. എന്നാൽ അത് ആളുകളെ വ്യക്തിപരമായി പരിഷ്കരിക്കുന്നതിലൂടെ നിറവേറ്റേണ്ട ഒരു കര്‍ത്തവ്യമാണ്. അതിനാൽ, ഇസ്‌ലാമിക ശരീഅത്തിന്‍റെ ഭൂരിഭാഗവും മറ്റ് നിയമവ്യവസ്ഥിതികളുടെ സാന്നിധ്യത്തിലും അതായത് രാജ്യങ്ങളുടെ നിയമങ്ങൾ പാലിച്ചും പിന്തുടരാൻ സാധിക്കുന്നത് തന്നെയാണ്. മറ്റ് നിയമ വ്യവസ്ഥകളെപ്പോലെ പ്രവർത്തിക്കാൻ പ്രത്യേക നിയമനിർമാണങ്ങൾ ഇതിനാവശ്യമായി വരുന്നില്ല.
ഹദ്റത്ത് മിർസാ താഹിർ അഹ്‌മദ്(റഹ്) ഇപ്രകാരം പറയുന്നു:
“ഇസ്‌ലാം, ക്രിസ്തുമതം, ഹിന്ദുമതം എന്നീ മതങ്ങളെല്ലാം രാജ്യത്തെ നിയമങ്ങളില്ലാതെ തന്നെ ആചരിക്കാൻ കഴിയുന്നവയാണ്. മതത്തെ രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കരുതെന്നും മതത്തിൽ ഇടപെടാൻ രാഷ്ട്രീയത്തെ അനുവദിക്കരുതെന്നുമാണ് ആധുനിക രാഷ്ട്രീയ ചിന്തകർ അംഗീകരിച്ചുവരുന്ന ഒരു പൊതു തത്വം.”[15]
ഇന്ത്യയിൽ ഇസ്‌ലാം മത വിശ്വാസവും അതിന്‍റെ ആചാരങ്ങളും, അനുഷ്ഠാന കർമങ്ങളും, പ്രചാരണവും ഒന്നും തന്നെ നിയമപരമായി വിലക്കപ്പെട്ടവയല്ല, എന്നു മാത്രമല്ല ഇന്ത്യൻ ഭരണഘടന ഇക്കാര്യത്തിൽ എല്ലാ മതസ്ഥർക്കും അനുവദിച്ചു നൽകിയ എല്ലാ വിധ സ്വാതന്ത്ര്യവും പരിരക്ഷയും ഇസ്‌ലാമിനും മുസ്‌ലിം മതവിശ്വാസികൾക്കും അനുവദിച്ചിട്ടുള്ളതാണ്. ഒരു മുസ്‌ലിമിന് അഞ്ചുനേരം നമസ്കരിക്കുന്നതിനോ, പള്ളികളിൽ ഒത്തുകൂടുന്നതിനോ, നോമ്പ് അനുഷ്ഠിക്കുന്നതിനോ, ഹജ്ജ് കർമ്മം ചെയ്യുന്നതിനോ, അവന്‍റെ ധനം ദൈവമാർഗത്തിൽ ചിലവഴിക്കുന്നതിനോ, ഇസ്‌ലാമിക ആചാരങ്ങൾ പ്രകാരം ജീവിതം നയിക്കുന്നതിനോ ഒന്നും നമ്മുടെ രാജ്യത്ത് ഒരു തടസ്സമില്ല. അതിലുപരി ആരെങ്കിലും അത്തരത്തിൽ തടസ്സം സൃഷ്ടിക്കുന്ന പക്ഷം നമുക്ക് നിയമപരമായ പരിരക്ഷയും, അനീതി പ്രവർത്തിച്ചവർക്ക് തക്കതായ ശിക്ഷയും നമ്മുടെ ഭരണഘടന ഉറപ്പുനൽകുകയും ചെയ്യുന്നു എന്നിരിക്കെ ഇന്ത്യക്കാരനായ ഒരു മുസ്‌ലിമിന് അവന്‍റെ മതപരമായ കടമയാണ് ഈ രാജ്യത്തോട് കൂറ് പുലർത്തുകയും, ഈ രാജ്യത്തെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നത്.
ഖലീഫത്തുൽ മസീഹ് അഞ്ചാമൻ പറയുന്നു:
“നമ്മൾ അഹ്‍മദീ മുസ്‌ലീങ്ങൾ, ഏതൊരു രാജ്യത്തെയും പൗരന്മാരെന്ന നിലയിൽ, ആ രാഷ്ട്രത്തോട് എപ്പോഴും തികഞ്ഞ സ്നേഹവും വിശ്വസ്തതയും കാണിക്കുന്നവരായിരിക്കും. ഓരോ അഹ്‍മദീ മുസ്‌ലിമിനും തന്‍റെ രാജ്യം ഏറ്റവും മികവുറ്റതായിരിക്കണം എന്നായിരിക്കും ആഗ്രഹം. എപ്പോഴും ഈ ലക്ഷ്യത്തിലേക്ക് പരിശ്രമിക്കണം. രാജ്യം അതിന്‍റെ പൗരന്മാരോട് ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടുമ്പോഴെല്ലാം അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് രാഷ്ട്രത്തിനുവേണ്ടി അത്തരം ത്യാഗങ്ങൾ വഹിക്കാൻ എപ്പോഴും തയ്യാറായിരിക്കും.”[16]
അദ്ദേഹം തുടര്‍ന്ന് പറയുന്നു:
“’രാഷ്ട്രത്തോടുള്ള സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്’ എന്നത് പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തന്നെ അധ്യാപനമാണ്. അതിനാൽ, ആത്മാർഥമായ രാജ്യസ്‌നേഹം ഇസ്‌ലാമിൽ ഒരു നിബന്ധനയാണ്. ദൈവത്തെയും ഇസ്‌ലാമിനെയും യഥാർഥമായി സ്നേഹിക്കാൻ ഒരു വ്യക്തി തന്‍റെ രാഷ്ട്രത്തെ സ്നേഹിക്കേണ്ടതുണ്ട്. അതിനാൽ, ഒരു വ്യക്തിയുടെ ദൈവത്തോടുള്ള സ്നേഹത്തിനും അവന്‍റെ രാജ്യത്തോടുള്ള സ്നേഹത്തിനും ഇടയിൽ വൈരുധ്യമുണ്ടാകില്ലെന്ന് വളരെ വ്യക്തമാണ്… അതിനാൽ, ഒരു യഥാർഥ മുസ്‌ലിമിന് ദൈവത്തോടുള്ള സ്നേഹം അവന്‍റെ രാജ്യത്തോട് യഥാർഥ സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയുന്ന ഒന്നാകുക എന്നത് അസാധ്യമാണ്.”[17]
ചുരുക്കത്തിൽ, മുസ്‌ലീങ്ങൾക്ക് അവരുടെ മതപരമായ കടമകൾ നിയന്ത്രണങ്ങളില്ലാതെ പാലിക്കാൻ സ്വാതന്ത്ര്യമുള്ള ഏത് സമൂഹത്തിലും ശരീഅത്ത് അനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവിക്കാനും സാധിക്കും. ഏതെങ്കിലും പ്രദേശങ്ങളിലോ രാജ്യത്തോ അത്തരം അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെങ്കിൽ, ഒരു മുസ്‌ലിമിന് തന്‍റെ വിശ്വാസം സ്വതന്ത്രമായി ആചരിക്കാൻ കഴിയുന്ന ഒരു സ്ഥലത്തേക്ക് കുടിയേറിപ്പോകാനാണ് (ഹിജ്റത്ത് ചെയ്യാൻ) നിർദേശമുള്ളത്.
നീതി: ഇസ്‌ലാമിക ഭരണവ്യവസ്ഥയുടെ ആധാരശില
ഇനിയുള്ള ചോദ്യം ഇസ്‌ലാം ഏത് തരം ഭരണ സംവിധാനമാണ് മുന്നോട്ട് വെക്കുന്നത് എന്നുള്ളതാണ്. വിശുദ്ധ ഖുർആനിൽ ഏതെങ്കിലും പ്രത്യേകമോ സവിശേഷമോ ആയ ഭരണവ്യവസ്ഥയെ കുറിച്ച് പരാമർശിക്കുന്നില്ല. മറിച്ച് അടിസ്ഥാനപരവും അനിവാര്യവുമായ “സമ്പൂർണ്ണ നീതി” എന്ന തത്വം ലോകത്തിലെ എല്ലാ നിയമ വ്യവസ്ഥകളുടെയും ആണിവേരാണ് എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:
“നിശ്ചയമായും അല്ലാഹു, അമാനത്തുകള്‍ (സൂക്ഷിപ്പുമുതൽ) അവയുടെ അവകാശികള്‍ക്ക് ഏല്പിക്കണമെന്ന് നിങ്ങളോട് കല്പിക്കുന്നു; ജനങ്ങള്‍ക്കിടയിൽ നിങ്ങൾ വിധി കല്പിക്കുമ്പോള്‍ നീതി പൂര്‍വം നിങ്ങൾ വിധി കല്‍പ്പിക്കുക (എന്നും നിങ്ങളോട് അല്ലാഹു കല്പിക്കുന്നു). അല്ലാഹു നിങ്ങളോട് ഉദേശിക്കുന്നതെന്തോ അത് ഏറ്റവും ഉത്തമമായതാകുന്നു. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും നല്ലപോലെ കാണുന്നവനുമാണ്.”[18]
ഒരു വശത്ത് ഈ വാക്യം ഭരണാധികാരിയായി ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിലേക്ക് മുസ്‌ലീങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ ഒരാൾക്ക് വേണ്ടി സമ്മതിദാനം ചെയ്യാൻ ആവശ്യപ്പെടുന്നതോടൊപ്പം മറുവശത്ത് ഭരണാധികാരികളോട് അവരുടെ ഭരണത്തിൽ നീതിയും ന്യായവും പുലർത്താൻ ആജ്ഞാപിക്കുകയും ചെയ്യുന്നു.
ഈ ഖുര്‍ആനിക വചനത്തിൽ അടിവരയിട്ടു പറഞ്ഞിരിക്കുന്ന കേന്ദ്ര ബിന്ദു ‘നീതി’ എന്ന തത്വമാണ്. ഒരു രാജ്യത്ത് താമസിക്കുന്ന വ്യത്യസ്ത സമൂഹങ്ങളിൽ പെട്ട ആളുകൾക്ക് അവരുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തുല്യ അവകാശങ്ങൾ നൽകുമ്പോൾ മാത്രമേ നീതി നടപ്പാക്കാൻ കഴിയൂ എന്നതാണ് വസ്തുത.
മദീനയുടെ രാഷ്ട്രത്തലവൻ എന്ന നിലയിൽ യഹൂദന്മാർക്കിടയിലെ തർക്കങ്ങൾ താൽമുദിക് നിയമം അനുസരിച്ച് പരിഹരിച്ചു കൊണ്ടായിരുന്നു[19] ശരീഅത്തിന്‍റെ ഈ യഥാർത്ഥ ആശയം പ്രവാചകൻ(സ) നമുക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇസ്‌ലാമിക നിയമം ലോകത്തിന്‍റെ മുഴുവൻ നിയമമാണെന്ന നിലയിൽ അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന തെറ്റായ വാദത്തെ നിഷേധിക്കുന്നതിന് ഇത് മതിയായ തെളിവാണ്.
ഹദ്റത്ത് ഖലീഫത്തുൽ മസീഹ് നാലാമൻ(റഹ്) പറയുന്നു:
“ഇസ്‌ലാം ഏതൊരു മതത്തെക്കാളും മറ്റേതൊരു രാഷ്ട്രീയ സംവിധാനത്തെക്കാളും മതേതരമായ ഗവൺമെന്‍റിനായാണ് വാദിക്കുന്നത്. മതം, നിറം, വംശം, വർഗം എന്നീ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ സമ്പൂർണ നീതി നടപ്പാക്കണം എന്നതാണ് മതേതരത്വത്തിന്‍റെ സത്ത. ഇതാണ് മതേതരത്വത്തിന്‍റെ യഥാർഥ നിർവചനം. ഇതാണ് രാഷ്ട്രീയ കാര്യങ്ങളിൽ ചെയ്യേണ്ടുന്ന കർത്തവ്യമായി വിശുദ്ധ ഖുർആൻ നമ്മെ ഉപദേശിക്കുന്നത്.”[20]
നീതി സ്ഥാപിക്കുന്നതിന് ഇസ്‌ലാം വളരെയധികം ഊന്നൽ നൽകുന്നു. അതിനാൽ മുസ്‌ലീങ്ങളോടും അമുസ്‌ലിങ്ങളോടും മാത്രമല്ല, ശത്രുക്കളോടും നീതിപൂർവം പ്രവർത്തിക്കാൻ ഇസ്‌ലാം മുസ്‌ലീങ്ങളോട് ആവശ്യപ്പെടുന്നു. വിശുദ്ധ ഖുർആൻ പറയുന്നു:
“ഒരു സമുദായത്തോടുള്ള വിരോധം അവരോട് നീതി പാലിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ (എപ്പോഴും) നീതിപാലിക്കുക. അത് ദൈവഭക്തിയുമായി ഏറ്റവും അടുത്തതാണ്.”[21]
അതിനാൽ, നീതിയുടെ ഉയർന്ന നിലവാരത്താൽ അടിത്തറപാകിയ ഒരു നിയമവ്യവസ്ഥ, ഒരു തരത്തിലുള്ള വിശ്വാസങ്ങളും തത്വങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് ഇട വരുത്തുന്നതല്ല. മേൽപ്പറഞ്ഞ വാക്യത്തിന്‍റെ വെളിച്ചത്തിൽ ഹദ്റത്ത് ഖലീഫത്തുൽ മസീഹ് നാലാമൻ(റഹ്) ഇപ്രകാരം നിരീക്ഷിക്കുന്നു:
“ഒരു സർക്കാർ എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ, നിങ്ങൾ ആ ഉത്തരവാദിത്തങ്ങൾ പൂർണമായ നീതി മനസ്സിൽ വച്ചുകൊണ്ട് നിറവേറ്റണം. ഇങ്ങനെ, ‘സമ്പൂർണ്ണ നീതി’ ഒരു ഗവൺമെന്‍റിന്‍റെ കേന്ദ്ര ബിന്ദുവായി സ്ഥാപിക്കപ്പെടുമ്പോൾ, ഇസ്‌ലാമിക നിയമം എങ്ങനെ അമുസ്‌ലീങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയും; അപ്രകാരം ചെയ്യുന്നത് നീതിക്ക് എതിരാണ്. ഇത്തരത്തില്‍ ധാരാളം വൈരുദ്ധ്യങ്ങൾ ഉടലെടുക്കുന്നതല്ലേ?”[22]
അതിനാൽ, വിശ്വാസം, വംശം, ജാതി, മതം എന്നിവയുടെ വ്യത്യാസമില്ലാതെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സമ്പൂർണമായ നീതി സ്ഥാപിക്കാൻ ശരീഅത്ത് മുസ്‌ലീങ്ങളെ അനുശാസിക്കുന്നു.
ഉപസംഹാരം
ഒരു മതേതര ഭരണസംവിധാനത്തിന്‍റെ നിർമാണത്തിനും അതിന്‍റെ രൂപീകരണത്തിനും ഇസ്‌ലാം സുവർണ തത്വങ്ങളും മാർഗനിർദ്ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ അതിന്‍റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് സമ്പൂർണ നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ബഹുസ്വരതയുടെയും സമാധാനത്തിന്‍റെയും അധ്യാപനങ്ങളും നൽകിയിരിക്കുന്നു.
നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കാൻ ചില മത പുരോഹിതന്മാരും തീവ്രവാദ സംഘടനകളും ‘ശരീഅത്ത്’ എന്ന പദത്തെ ഉപയോഗിക്കുന്നു എന്നതാണ് കയ്പേറിയ സത്യം. യഥാർഥ ഇസ്‌ലാമിക മൂല്യങ്ങൾ സ്വീകരിക്കുന്നതിനു പകരം, ദുർബലരായവരെ മർദിക്കാനും അടിച്ചമർത്താനും ആഗ്രഹിക്കുന്ന ശരീഅത്തിന്‍റെ വികലവും വ്യാജവുമായ പതിപ്പ് നടപ്പാക്കാൻ അവർ ശ്രമിക്കുകയാണ്.
സമ്പൂർണ നീതിയും സമത്വവും നടപ്പാക്കി സാർവത്രികമായ മനുഷ്യാവകാശങ്ങൾ ഉറപ്പ് നല്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും മനുഷ്യരാശിയോട് സഹിഷ്ണുതയും അനുകമ്പയും ഉറപ്പാക്കുകയും ചെയ്യുന്ന ഭരണ സംവിധാനത്തിന് ഹേതുവാണ് യഥാർഥ ഇസ്‌ലാമിക ശരീഅത്ത്.
ഈ ഇസ്‌ലാമിക തത്വങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്, മതം ഭരണകൂടത്തിൽ ഇടപെടലുകൾ നടത്തരുതെന്ന് അഹ്‌മദിയ്യാ മുസ്‌ലീം ജമാഅത്ത് വിശ്വസിക്കുന്നു. മതം രാഷ്ട്രീയ അധികാരത്തിൽ ഇടപെടരുത്; രാഷ്ട്രം മതകാര്യങ്ങളിലും ഇടപെടരുത്. രണ്ടും തങ്ങളുടേതായ മണ്ഡലങ്ങളിൽ മാത്രം പ്രവർത്തിച്ച് നീതിയും സത്യവും സമത്വവും സംരക്ഷിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇതാണ് യഥാർഥത്തിൽ ബഹുസ്വരവും മതനിരപേക്ഷവുമായ സമൂഹങ്ങളിൽ ഇസ്‌ലാം നടപ്പാക്കാൻ ആഗ്രഹിക്കുന്ന സമാധാനപരമായ സഹവർത്തിത്വത്തിന്‍റെ അടിസ്ഥാനം.
ലേഖകന്‍ കമ്പ്യുട്ടര്‍ സയന്‍സില്‍ ബിരുദധാരിയാണ്. നിലവില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ദേശീയ തലസ്ഥാനമായ ഖാദിയാനില്‍ സേവനമനുഷ്ഠിച്ച് വരുന്നു.
കുറിപ്പുകള്‍
[1]
Image credit:

0 Comments