പരിശുദ്ധ സമ്പത്തിൽ നിന്നുള്ള ത്യാഗവും വഖ്ഫെ ജദീദിൻ്റെ പുതുവർഷ പ്രഖ്യാപനവും

ദൈവത്തിനാണ് പ്രഥമ പരിഗണനയെന്നും തൻറെ ആവശ്യങ്ങൾ അവൻ നിറവേറ്റുമെന്നും അദ്ദേഹം മറുപടി നല്കി

പരിശുദ്ധ സമ്പത്തിൽ നിന്നുള്ള ത്യാഗവും വഖ്ഫെ ജദീദിൻ്റെ പുതുവർഷ പ്രഖ്യാപനവും

ദൈവത്തിനാണ് പ്രഥമ പരിഗണനയെന്നും തൻറെ ആവശ്യങ്ങൾ അവൻ നിറവേറ്റുമെന്നും അദ്ദേഹം മറുപടി നല്കി

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 9 ജനുവരി 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്‌
ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു) വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ അധ്യായത്തിലെ 93-ാം വചനം പാരായണം ചെയ്തു.
‘നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾ (പരിപൂർണ്ണ) നന്മ പ്രാപിക്കുകയില്ല. നിങ്ങൾ ഏതൊന്ന് ചെലവഴിക്കുന്നുവോ അതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.’ (വിശുദ്ധ ഖുർആൻ 3:93)

നന്മ കൈവരിക്കാനുള്ള ഒരു മാർഗം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിൻറെ പ്രഥമ ഖലീഫ ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഇവിടെ ‘നിങ്ങൾ സ്നേഹിക്കുന്നത്’ എന്നതുകൊണ്ടുള്ള ഉദ്ദേശം സമ്പത്താണ്.
അതുപോലെതന്നെ അഹ്‌മദിയ്യാ ജമാഅത്തിൻറെ രണ്ടാം ഖലീഫ വിശദീകരിച്ചത് തങ്ങൾക്ക് യാതൊരു താത്പര്യവുമില്ലാത്ത വസ്തുക്കൾ ചെലവഴിക്കുന്നതിലൂടെ ഒരാൾക്ക് ഒരിക്കലും നന്മ കൈവരിക്കാൻ സാധിക്കില്ല എന്നാണ്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ ദൈവ മാർഗത്തിൽ നല്കിയാൽ മാത്രമേ ഒരുവന് യഥാർത്ഥ നന്മയിൽ എത്തിച്ചേരാനാവുകയുള്ളൂ.

നല്ല വരുമാനമുണ്ടായിട്ടും സാമ്പത്തിക ത്യാഗത്തിൻറെ അടിസ്ഥാന നിലവാരം പുലർത്താത്തവർ ഈ ദൈവിക വചനത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി ദൈവ മാർഗത്തിൽ ചെലവഴിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഉദാ:

‘അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ ചെലവഴിക്കുക, നിങ്ങളുടെ കൈകളാൽ തന്നെ നിങ്ങൾ നാശത്തിൽ പതിക്കരുത്. നിങ്ങൾ നന്മ ചെയ്യുക, നിശ്ചയമായും നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുന്നു.’ (വിശുദ്ധ ഖുർആൻ 2:196)

അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിക്കാതിരിക്കുക എന്നത് ഒരാളുടെ നാശത്തിന് കാരണമായേക്കാം. വാഗ്ദത്ത മസീഹ്(അ)നെ അംഗീകരിച്ച ശേഷം ദൈവ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നതിൽ നമ്മൾ ഒട്ടും വൈമുഖ്യം കാണിക്കരുത്. ജമാഅത്തിലെ ഭൂരിഭാഗം പേരും അത്യന്തം സന്തോഷത്തോടെ അല്ലാഹുവിൻറെ മാർഗത്തിൽ സാമ്പത്തിക ത്യാഗം ചെയ്യുന്നു എന്നത് അല്ലാഹുവിൻറെ വലിയ അനുഗ്രഹമാണ്. എങ്കിലും, ചിലർ ഇതിൽ മടി കാണിക്കുന്നുണ്ട്. ദൈവസ്നേഹം നേടുന്നതിന് അല്ലാഹുവിൻറെ മാർഗത്തിലുള്ള ത്യാഗം അത്യന്താപേക്ഷിതമാണെന്ന് അത്തരക്കാർ ഓർക്കേണ്ടതാണ്. മറ്റു സാമ്പത്തിക പദ്ധതികളിൽ പങ്കെടുക്കാറുണ്ടെങ്കിലും തങ്ങളുടെ യഥാർഥ വരുമാനത്തിനനുസരിച്ച് നല്കേണ്ട പതിവ് ചന്ദകൾ നല്കുന്നതിൽ വീഴ്ച വരുത്തുന്നവരും നമുക്കിടയിലുണ്ട്.

പിശുക്ക് ദൈവത്തിൽ നിന്ന് അകറ്റുന്നു

അല്ലാഹു വിശുദ്ധ ഖുർആനിൽ ഇപ്രകാരം അരുൾ ചെയ്യുന്നു:
‘നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളെ അവൻ ഏതൊന്നിൽ അവകാശികളാക്കിയിട്ടുണ്ടോ, അതിൽനിന്ന് (ദൈവമാർഗത്തിൽ) ചെലവ് ചെയ്യുക. അപ്പോൾ നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർക്ക് മഹത്തായ പ്രതിഫലം ഉണ്ട്.’ (വിശുദ്ധ ഖുർആൻ, 57:8)

മറ്റൊരു സ്ഥലത്ത് വിശുദ്ധ ഖുർആൻ ഇപ്രകാരം പറയുന്നു:
‘അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിക്കാതിരിക്കാൻ നിങ്ങൾക്കെന്ത് കാരണമാണുള്ളത്? ആകാശഭൂമികളുടെ മുഴുവൻ അവകാശവും അല്ലാഹുവിനുള്ളതാണെല്ലോ.’ (വിശുദ്ധ ഖുർആൻ 57:11)

ഒരാളുടെ പക്കൽ എത്ര സമ്പത്തുണ്ടെങ്കിലും മരണശേഷം അത് അയാളോടൊപ്പം ഉണ്ടാകില്ല. മറിച്ച് അതെല്ലാം അല്ലാഹുവിങ്കലേക്ക് മടങ്ങുന്നതാണ്. അതിനാൽ അവസരം ലഭിക്കുമ്പോൾ ആ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാൻ തയ്യാറാകണം.
മറ്റൊരു സന്ദർഭത്തിൽ അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
‘അതുകൊണ്ട് നിങ്ങൾ കഴിവതും അല്ലാഹുവിനെ സൂക്ഷിക്കുക. ശ്രദ്ധിച്ചു കേൾക്കുകയും അനുസരിക്കുകയും (അവൻ്റെ മാർഗത്തിൽ ധനം) ചെലവഴിക്കുകയും ചെയ്യുക. അത് നിങ്ങൾക്ക് തന്നെ ഗുണകരമായിരിക്കും. തങ്ങളുടെ മനസ്സിൻ്റെ പിശുക്കിൽ നിന്ന് രക്ഷപ്പെടുന്നവരാരോ, അവർ തന്നെയാണ് വിജയികൾ.’ (വിശുദ്ധ ഖുർആൻ 64:17)

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ത്യാഗമാണ് അവന്റെ പ്രീതിയിലേക്കും സാമീപ്യത്തിലേക്കും നയിക്കുക, പിശുക്കല്ല. മസീഹ്(അ) വിശദീകരിച്ചതുപോലെ, ഈ കാലഘട്ടത്തിൽ ഇസ്‌ലാമിന്റെ യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കുന്നതിന് സ്വാഭാവികമായും സാമ്പത്തിക സഹായം ആവശ്യമാണ്. വിശ്വാസത്തിന്റെ പേരിൽ ചെലവഴിക്കുന്നവർ തങ്ങൾക്ക് മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന് മുഴുവനുമാണ് ഗുണം ചെയ്യുന്നത്. അതുകൊണ്ട് മാനവരാശിയുടെ പൊതുവായ നന്മയ്ക്കായി മതപരമായ കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്.

അല്ലാഹു സമ്പത്ത് പൂർണ്ണമായും തിരിച്ചുനല്കുന്നു

ഒരാൾ തന്റെ സമ്പത്ത് അല്ലാഹുവിങ്കൽ സമാഹരിക്കേണ്ടതാണ്, അവിടെ അത് കത്തിപ്പോകുമെന്നോ പ്രളയത്തിൽ അകപ്പെട്ടു പോകുമെന്നോ മോഷ്ടിക്കപ്പെടുമെന്നോ ഭയപ്പെടേണ്ടതില്ലെന്ന് അല്ലാഹു നബിതിരുമേനി(സ)യോട് അരുളിയതായി ഒരു നിവേദനത്തിൽ കാണാം. അല്ലാഹുവിനായി നല്കുന്ന സമ്പത്ത് ഒരാൾക്ക് അത്യാവശ്യമായി വരുമ്പോൾ പൂർണ്ണമായും തിരിച്ചുനല്കപ്പെടുന്നതാണ്.

വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു:
‘ഏതൊരു നല്ല ധനം നിങ്ങൾ ചിലവഴിക്കുന്നുവോ അത് (അതിനുള്ള പ്രതിഫലം) നിങ്ങൾക്ക് തന്നെയാണ് (ലഭിക്കുക). നിങ്ങളോട് അനീതി ചെയ്യപ്പെടുകയുമില്ല’ (വിശുദ്ധ ഖുർആൻ 2:273)

മിക്ക അഹ്‌മദികളും ഈ തത്ത്വം മനസ്സിലാക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ഉദാരമായി ചെലവഴിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് വേണ്ടി തന്റെ ജമാഅത്തിലെ ആളുകൾ ഇപ്രകാരം ത്യാഗങ്ങൾ ചെയ്യുന്നത് കണ്ട് വാഗ്ദത്ത മസീഹ്(അ) അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. അതേ ആത്മാവ് ഇന്നും ഈ ജമാഅത്തിൽ നിലനിൽക്കുന്നു.

മിക്കപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ അല്ലെങ്കിൽ ഇടത്തരം കുടുംബങ്ങളിൽ ഉള്ളവരോ ആണ് സാമ്പത്തിക ത്യാഗത്തിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് കാണുന്നു. ദൈവം തങ്ങൾക്ക് ആ സമ്പത്ത് തിരിച്ചുനൽകുമെന്നോ അല്ലെങ്കിൽ ഇതിലൂടെ ഇഹലോകത്തും പരലോകത്തും ദൈവിക അനുഗ്രഹങ്ങൾ ലഭിക്കുമെന്നോ അവർ മനസ്സിലാക്കുന്നു.

നബിതിരുമേനി(സ) പറഞ്ഞു, ഒരാൾക്ക് തന്റെ പരിശുദ്ധമായ സമ്പത്തിൽ നിന്ന് ഒരു ഈന്തപ്പഴമാണ് അല്ലാഹുവിൻ്റെ മാർഗത്തിൽ നല്കാൻ സാധിച്ചതെങ്കിൽ കൂടി, അല്ലാഹു അത് സ്വീകരിക്കുകയും ഒരു കൊച്ചു കുഞ്ഞിനെ മുതിർന്ന ഒരാളായി വളർത്തുന്നതുപോലെ അതിനെ ഒരു മലയോളം വലുതാക്കുകയും ചെയ്യും. ഇതേ രീതിയിൽ അല്ലാഹു ഇന്നും ഒരാളുടെ സമ്പത്തിൽ വർദ്ധനവുണ്ടാക്കുന്നു. ആ സമ്പത്ത് പരിശുദ്ധമായിരിക്കണമെന്നും അധാർമ്മികമായ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതാകരുതെന്നുമുള്ള നിബന്ധനയുണ്ടെന്ന് മാത്രം.

സാമ്പത്തിക ത്യാഗം ഒരു സുരക്ഷാ കവചമാണ്

ഈ ജീവിതത്തിൽ അർപ്പിച്ച സാമ്പത്തിക ത്യാഗങ്ങൾ അന്ത്യദിനത്തിൽ ഒരാൾക്ക് തണലായി മാറുന്നു. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:

‘വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്നതായാൽ അവന് അല്ലാഹു [വിഷമങ്ങളിൽനിന്ന്] രക്ഷപ്പെടാനുള്ള മാർ ഗമുണ്ടാക്കിക്കൊടുക്കുന്നതാണ്. അവനുദ്ദേശിക്കാത്ത മാർഗങ്ങളിലൂടെ അല്ലാഹു അവന് ഉപജീവനം നല്‌കുകയും ചെയ്യും. തന്റെ കാര്യങ്ങൾ അല്ലാഹുവിൽ ഭരമേല്പിക്കുന്നവരാരോ അവന് അല്ലാഹു മതിയായവനാകുന്നു. അല്ലാഹു തന്റെ [ഉദ്ദിഷ്ട] കാര്യം പ്രാപിക്കുന്നവൻ തന്നെയാണ്. ഓരോ വസ്തുവിനും അല്ലാഹു ഓരോ അളവ് നിർണയിച്ചിട്ടുണ്ട്.’ (വിശുദ്ധ ഖുർആൻ 65:3-4)

തൻറെ മാർഗത്തിൽ ചെലവഴിക്കുന്നവരെ അല്ലാഹു പ്രയാസങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ ഉപജീവനം നല്കുമെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നവർ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും അവർക്ക് ഉപജീവന മാർഗങ്ങൾ ഒരിക്കലും തടസ്സപ്പെടില്ലെന്നും ആ മഹാത്മാവ് പറഞ്ഞു. ദൈവത്തിൽ പൂർണമായി ഭരമേല്പിക്കുന്നവരുടെ മേൽ ആകാശത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിക്കപ്പെടും.

ലോകമെമ്പാടുമുള്ള അഹ്‌മദികളുടെ അസാധാരണമായ സാമ്പത്തിക ത്യാഗത്തിൻറെ ഉദാഹരണങ്ങൾ

അല്ലാഹുവിൻറെ കൃപയാൽ അഹ്‌മദികൾ ഇത് മനസ്സിലാക്കുകയും മതപരമായ കാര്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്യുന്നു. ഓരോ വർഷവും ഇതിന് എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ വരുന്നു. വഖ്ഫെ ജദീദ് പദ്ധതിയിൽ സാമ്പത്തിക ത്യാഗം ചെയ്തവരുടെ ഉദാഹരണങ്ങളും അതിന്റെ ഫലമായി അവർക്ക് ലഭിച്ച അനുഗ്രഹങ്ങളും സമർപ്പിക്കുകയാണ്. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാൽ അവൻ തീർച്ചയായും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് അവർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു.

ഇന്തോനേഷ്യയിലെ ഒരു അധ്യാപിക പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്നതിനാൽ അവർക്ക് വലിയ വരുമാനം ഉണ്ടായിരുന്നില്ല. വഖ്ഫെ ജദീദ് വാഗ്ദാനത്തിൽ തുക ഇനിയും കുടിശ്ശികയുണ്ടെന്ന് അവരെ അറിയിക്കുകയുണ്ടായി. തന്റെ ആവശ്യങ്ങൾക്കായി മാറ്റി വെച്ചിരുന്ന കുറച്ച് പണം അവരുടെ പക്കൽ ഉണ്ടായിരുന്നു. ആ പണം അവർക്ക് അത്യാവശ്യമായിരുന്നിട്ടുകൂടി അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ട് അത് അവന്റെ മാർഗ്ഗത്തിൽ നല്കാൻ തീരുമാനിച്ചു. ദൈവം തന്നെ തീർച്ചയായും അനുഗ്രഹിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അതിന്റെ ഫലമായി, കുറച്ചു സമയത്തിന് ശേഷം തികച്ചും അപ്രതീക്ഷിതമായി താൻ ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് ബോണസ് ലഭിച്ചതായും സർക്കാർ സബ്സിഡിക്ക് അർഹയായതായും അവർക്ക് വിവരം ലഭിച്ചു. കൂടാതെ, വളരെക്കാലമായി കാത്തിരുന്ന ടീച്ചർ രജിസ്ട്രേഷൻ നമ്പറും ഈ സാമ്പത്തിക ത്യാഗത്തിന് തൊട്ടുപിന്നാലെ അവർക്ക് ലഭിച്ചു. തന്റെ സാമ്പത്തിക ത്യാഗത്തിൻറെ ഫലമായുണ്ടായ അനുഗ്രഹങ്ങളാണ് ഇവയെന്ന് അവർക്ക് ബോധ്യമായി.

കെനിയയിലെ ഒരു സ്ത്രീ, തൻറെ വരുമാനം പരിമിതമായിരുന്നിട്ടും സാമ്പത്തിക ത്യാഗങ്ങളിൽ എപ്പോഴും കൃത്യനിഷ്ഠ പുലർത്തിയിരുന്നു. വഖ്ഫെ ജദീദ് വാഗ്ദാനം പൂർത്തിയാക്കാൻ തൻറെ പക്കലുള്ള തുക മുഴുവൻ അവർ നല്കി. എങ്കിലും ദൈവം അവരെ വെറുംകൈയോടെ വിട്ടില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം തൻറെ മകളിൽ നിന്ന് വലിയൊരു തുക അവർക്ക് ലഭിക്കുകയും വാഗ്ദാനങ്ങൾ പൂർത്തിയാക്കാനും സ്വന്തം ആവശ്യങ്ങൾക്കും ആ പണം ഉപയോഗിച്ചുകൊള്ളാൻ മകൾ അവരോട് പറയുകയും ചെയ്തു. അതുപോലെതന്നെ അവരുടെ മരുമകൻ അവർക്ക് രണ്ട് പശുക്കളെയും നൽകി. ആദ്യം അവർ 400 ഷില്ലിംഗ് മാത്രമാണ് നല്കിയിരുന്നത്; എന്നാൽ അതിന് പകരമായി അവർ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ അതിനേക്കാൾ എത്രയോ മടങ്ങ് അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്ന് അവർക്ക് ലഭിച്ചു തുടങ്ങി.

ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരാൾ തൻറെ വഖ്ഫെ ജദീദ് വാഗ്ദാനം പൂർത്തിയാക്കിയ ശേഷം അത് ആറിരട്ടിയായി വർദ്ധിപ്പിച്ചു. ആയിരം ഡോളർ നല്കാനിരുന്ന അദ്ദേഹം അത് ഏഴായിരം ഡോളറാക്കി ഉയർത്തി. അടുത്ത ദിവസം തന്നെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. താനറിയാത്ത ഒരു തുക തൻറെ കുടുംബത്തിൻറെ പേരിൽ ലഭിക്കാനുണ്ടെന്നായിരുന്നു അത്. അതിലൂടെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പന്ത്രണ്ടായിരം ഡോളർ അദ്ദേഹത്തിന് ലഭിച്ചു. വെറും രണ്ട് ദിവസത്തിനുള്ളിൽ താൻ വർദ്ധിപ്പിച്ച സാമ്പത്തിക ത്യാഗത്തിന് ഇരട്ടിയായി ദൈവം തിരിച്ചു നല്കിയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് വഖ്ഫെ ജദീദ് വാഗ്ദാനത്തിൽ ഒരു തുക കുടിശ്ശികയുണ്ടായിരുന്നു. മറ്റ് പല പ്രധാനപ്പെട്ട ആവശ്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും വഖ്ഫെ ജദീദ് വാഗ്ദാനം ആദ്യം പൂർത്തിയാക്കാൻ അദ്ദേഹം തീരുമാനിച്ചു. മറ്റ് ആവശ്യങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പകുതി തുക ഇപ്പോൾ നൽകിയാൽ മതിയെന്ന് നിർദേശിച്ചപ്പോൾ, ദൈവത്തിനാണ് പ്രഥമ പരിഗണനയെന്നും തൻറെ ആവശ്യങ്ങൾ അവൻ നിറവേറ്റുമെന്നും അദ്ദേഹം മറുപടി നല്കി. പിന്നീട് വളരെക്കാലമായി തടസ്സപ്പെട്ടു കിടന്നിരുന്ന ഒരു തുക തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക ത്യാഗത്തിന് ശേഷം അത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന ആ തുക അദ്ദേഹത്തിൻറെ കൈകളിൽ എത്തിച്ചേർന്നു.

കിർഗിസ്ഥാനിൽ നിന്നുള്ള ഒരു സ്ത്രീ തൻറെ ശമ്പളം വർദ്ധിപ്പിക്കാൻ തൊഴിലുടമയോട് ആവശ്യപ്പെട്ടപ്പോൾ അത് ബോണസ് എന്ന രീതിയിൽ മാത്രമേ നല്കാനാവൂ എന്നും എന്നാൽ യാതൊരു ഉറപ്പും ഇല്ലെന്നും അദ്ദേഹം മറുപടി നല്കി. പിന്നീട് അവർക്ക് അത് ലഭിച്ചപ്പോൾ, പല ആവശ്യങ്ങളും മുന്നിലുണ്ടായിരുന്നിട്ടും ആ തുക ഉടനെ അവർ വഖ്ഫെ ജദീദിലേക്ക് നല്കി. അതേ മാസത്തിൽ തന്നെ അവരുടെ ശമ്പളം നാൽപ്പത് ശതമാനം വർദ്ധിപ്പിച്ചതായും വലിയൊരു ബോണസ് ലഭിച്ചതായും അവർക്ക് വിവരം ലഭിച്ചു. ഇത് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പര്യാപ്തമായിരുന്നു. അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിച്ചതുകൊണ്ടാണ് ഈ അപ്രതീക്ഷിത അനുഗ്രഹം ലഭിച്ചതെന്ന് അവർക്ക് ബോധ്യമായി. അതുപോലെതന്നെ, അതുവരെ വലിയ ലാഭമൊന്നുമില്ലാതിരുന്ന മറ്റൊരു ബിസിനസ്സും അവർക്ക് ഉണ്ടായിരുന്നു. എന്നാൽ താൻ ഇഷ്ടപ്പെട്ടതും അത്യാവശ്യവുമായ പണം അല്ലാഹുവിൻറെ മാർഗത്തിൽ നല്കിയതിനാൽ അവരുടെ ബിസിനസ്സിൽ നിന്നുള്ള വരുമാനം ഇരട്ടിയായി വർദ്ധിച്ചു.

(ഖലീഫ തിരുമനസ്സ് പങ്കുവച്ച നിരവധി സംഭവങ്ങളിൽ ചിലത് മാത്രമാണിത്)

കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും വഖ്ഫെ ജദീദിന്റെ 69-ാം വർഷത്തിൻറെ ആരംഭവും.

വഖ്ഫെ ജദീദിൻറെ 68-ാം വർഷം അവസാനിക്കുകയും ഇപ്പോൾ 69-ാം വർഷം ആരംഭിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻറെ അനുഗ്രഹത്താൽ, കഴിഞ്ഞ വർഷത്തെ സമാഹരണം ഏകദേശം 15 മില്യൺ പൗണ്ട് ആണ്. ഇത് മുൻവർഷത്തേക്കാൾ 1.3 മില്യൺ പൗണ്ട് അധികമാണ്. വരുമാനത്തിൽ രാജ്യങ്ങളുടെ സ്ഥാനങ്ങൾ ഇപ്രകാരമാണ്:

യുകെ
കാനഡ
ജർമ്മനി
യുഎസ്എ
ഇന്ത്യ
ഓസ്‌ട്രേലിയ
ഒരു മിഡിൽ ഈസ്റ്റ് രാജ്യം
ഇന്തോനേഷ്യ
മറ്റൊരു മിഡിൽ ഈസ്റ്റ് രാജ്യം
ബെൽജിയം

ഇഹലോകത്തെയും പരലോകത്തെയും എല്ലാ നിധികുംഭങ്ങളും അല്ലാഹുവിൻറെ പക്കലാണെന്ന് തിരിച്ചറിയുന്നവരെ അവൻ എപ്രകാരമാണ് അനുഗ്രഹിക്കുന്നത് എന്നതിന് നാം സാക്ഷികളാണ്. തുടർന്നും സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാനും വിശ്വാസത്തിൽ കൂടുതൽ അഭിവൃദ്ധിപ്പെടാനും അല്ലാഹു നമുക്ക് തൗഫീഖ് നല്കി അനുഗ്രഹിക്കട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed