തിരുനബി(സ)ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഫലസ്തീനുവേണ്ടി പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം

ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്താൽ യുഎൻ പോലും നിലനിൽക്കില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നൽകട്ടെ.

തിരുനബി(സ)ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഫലസ്തീനുവേണ്ടി പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം

ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്താൽ യുഎൻ പോലും നിലനിൽക്കില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നൽകട്ടെ.

ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്‌താല്‍ യു.എന്‍ പോലും നിലനില്ക്കുകയില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നല്കട്ടെ.

നവംബര്‍ 23, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 17 നവംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും ഓതിയ ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: നബി തിരുമേനി(സ)യുടെ ജീവചരിത്രം വിവരിക്കുമ്പോള്‍ ഫുറാത്ത് ബിൻ ഹയാൻ ഇസ്‌ലാം സ്വീകരിച്ചതിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു.

ഫുറാത്ത് ബിന്‍ ഹയാൻ ഇസ്‌ലാം സ്വീകരിക്കുന്ന സംഭവം

തിരുമനസ്സ് പറയുന്നു: ഫുറാത്ത് തടവുകാരനായി പിടിക്കപ്പെട്ടിരുന്നു. ബദ്ർ യുദ്ധ വേളയിലും ഇദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടിരുന്നു എങ്കിലും അദ്ദേഹം എങ്ങനെയോ രക്ഷപ്പെട്ടിരുന്നു. ഈ തവണ തടവുകാരനായി പിടിക്കപ്പെട്ടപ്പോൾ ഇപ്പോൾ പാഠം പഠിച്ചോ എന്ന് ഹദ്റത്ത് അബൂബക്കർ(റ) അദ്ദേഹത്തോട് ചോദിച്ചു. ഫുറാത്ത് പറഞ്ഞു: ഈ തവണ ഞാൻ രക്ഷപ്പെടുകയാണെങ്കിൽ പിന്നെ ഒരിക്കലും ഞാൻ പിടിക്കപ്പെടുകയില്ല. ഹദ്റത്ത് അബൂബക്കർ(റ) പറഞ്ഞു: രക്ഷപ്പെടാനുള്ള ഒരേ ഒരു വഴി ഇസ്‌ലാം സ്വീകരിക്കുക എന്നതാണ്. അപ്പോൾ അദ്ദേഹം തിരുനബി (സ) യുടെ സന്നിധിയിൽ ഹാജരായി താൻ ഇസ്‌ലാം സ്വീകരിക്കുന്നതായി അറിയിച്ചു. തിരുനബി (സ) അദ്ദേഹത്തിന്‍റെ കാര്യം അല്ലാഹുവിൽ ഭരമേൽപിച്ച് അദ്ദേഹത്തെ സ്വാതന്ത്രനാക്കി.

സൈദ് ബിന്‍ ഹാരിസയുടെ സൈനിക നീക്കം

ഹിജ്റ 3 ജമാദി അൽ-അഖിറയുടെ അവസാനത്തിൽ ഹദ്റത്ത് സൈദ് ബിൻ ഹരിസറ) ഖറാദയിലേക്ക് ഒരു സൈനീക നീക്കം നടത്തുകയുണ്ടായി. തിരുമനസ്സ് ഈ സംഭവത്തെ കുറിച്ച് ഹദ്റത്ത് മിർസാ ബഷീർ അഹ്‌മദ്‌ സാഹിബ്(റ) എഴുതുന്നു:

“ബനൂ സുലൈമിന്‍റെയും ബനൂ ഗതഫന്‍റെയും ആക്രമണങ്ങളിൽ നിന്ന് മുസ്‌ലിംകൾ ഒരു പരിധിവരെ മോചിതരായ ശേഷം, മറ്റൊരു ഭീഷണിയെ നേരിടാൻ സ്വന്തം നാട്ടിൽ നിന്ന് പുറപ്പെടാൻ അവർ നിർബന്ധിതരായി. ഇതുവരെ, ഖുറൈശികൾ വടക്കൻ മേഖലയിലെ തങ്ങളുടെ കച്ചവട യാത്രകൾക്ക് ഹിജാസിന്‍റെ തീരദേശ വഴിയിലൂടെയായിരുന്നു പൊതുവെ സിറിയയിലേക്ക് പോയിരുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ പ്രദേശത്തെ ഗോത്രങ്ങൾ മുസ്ലീങ്ങളുടെ സഖ്യകക്ഷികളായി മാറി.  ഈ വഴിയിൽ ഖുറൈശികൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു എങ്കിലും അവർ ഈ വഴിയുള്ള യാത്ര ഉപേക്ഷിച്ചു. പൊതുവെയുള്ള  സാഹചര്യങ്ങളെ മുൻനിർത്തി ഈ തീരദേശ പാത തങ്ങൾക്ക് ഭീഷണിയാണെന്ന് അവർ സ്വയം ഗണിക്കാൻ തുടങ്ങി. അങ്ങനെ അവർ ഈ വഴി ഉപേക്ഷിച്ച്  നജ്ദ് വഴി ഇറാഖിലൂടെ യാത്ര ചെയ്യാൻ തുടങ്ങി. ഖുറൈശികളുടെ സഖ്യകക്ഷികളും മുസ്‌ലിംകളുടെ കഠിന ശത്രുക്കളുമായിരുന്ന സുലൈം, ഗതഫാൻ ഗോത്രങ്ങൾ ഈ പ്രദേശത്തിന്‍റെ അടുത്താണ് അധിവസിച്ചിരുന്നത്.  ജമാദിയുൽ ആഖിർ മാസത്തിൽ മക്കയിലെ ഖുറൈശികളുടെ ഒരു കച്ചവടസംഘം നജ്ദ് വഴി കടന്നുപോകുമെന്ന് തിരുനബി(സ)ക്ക് രഹസ്യവിവരം ലഭിച്ചു. ഖുറൈശികളുടെ യാത്രാസംഘങ്ങൾ തീരദേശ മേഖലയിലേക്കും തിരിച്ചും പോകുന്നത് മുസ്‌ലിങ്ങൾക്ക് ഭീഷണിയാണെന്നത് പോലെ തന്നെ നജ്ദ് വഴിയുള്ള യാത്രയും  അപകടകരമാണെന്ന് തീർച്ചയാണ്. കാരണം തീരദേശ പാതയിൽ നിന്ന് വ്യത്യസ്തമായി ഈ പുതിയ പാതയിൽ ഖുറൈശികളുടെ സഖ്യകക്ഷികൾ അധിവസിച്ചിരുന്നു. അവർ ഖുറൈശികളെപ്പോലെ തന്നെ മുസ്‌ലിങ്ങളുടെ രക്തദാഹികളായിരുന്നു.  അവരോടൊപ്പം ചേർന്ന് ഖുറൈശികൾക്ക് രാത്രിയിൽ മദീനയ്ക്ക് നേരെ മിന്നലാക്രമണം നടത്തുക അല്ലെങ്കിൽ മറ്റേതെങ്കിലും പ്രയാസമുണ്ടാക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. അതിനാൽ  ഖുറൈശികളെ ദുർബലപ്പെടുത്താനും അവരെ അനുരഞ്ജനത്തിന് നിർബന്ധിതരാകാനും ഈ വഴിയിലും അവരുടെ യാത്രാസംഘങ്ങളെ തടയേണ്ടത് ആവശ്യമായിരുന്നു. അതിനാൽ, തിരുനബി(സ)ക്ക് ഈ വിവരം ലഭിച്ചയുടൻ തന്‍റെ സ്വാതന്ത്രനാക്കപ്പെട്ട അടിമ സൈദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ അദ്ദേഹം തന്‍റെ അനുചരന്മാരുടെ ഒരു സംഘത്തെ അയച്ചു. അബു സുഫിയാന്‍ ബിൻ ഹർബ്, സഫ്‌വാൻ ബിൻ ഉമയ്യ തുടങ്ങിയ പ്രമുഖരും ഖുറൈശികളുടെ ഈ കച്ചവട സംഘത്തോടൊപ്പമുണ്ടായിരുന്നു. സൈദ്(റ) തന്‍റെ കർത്തവ്യം വേഗതയോടും ബുദ്ധിയോടും കൂടി നിർവഹിക്കുകയും ഇസ്‌ലാമി ശത്രുക്കളെ നജ്ദിൽ സ്ഥിതി ചെയ്യുന്ന ഖറാദ എന്നറിയപ്പെടുന്ന സ്ഥലത്ത് വെച്ച്  കീഴടക്കുകയും ചെയ്തു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ പരിഭ്രാന്തരായ ഖുറൈശികൾ കച്ചവട സാധനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ച് ഓടിപ്പോയി. സൈദ് ബിൻ ഹാരിസ(റ)യും കൂട്ടാളികളും വിലപിടിപ്പുള്ള യുദ്ധമുതലുകളോടൊപ്പം വിജയശ്രീലാളിതരായി മദീനയിലേക്ക് മടങ്ങി. ഖുറൈശികളുടെ ഈ യാത്രാസംഘത്തിന്‍റെ വഴികാട്ടി മുസ്‌ലിംകളുടെ കൈകളിൽ  തടവിലാക്കപ്പെട്ട ഫുറത്ത് എന്ന മനുഷ്യനായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്.  മുസ്‌ലിങ്ങൾക്കെതിരിൽ ചാരപ്പണി ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു വിഗ്രഹാരാധകനായിരുന്നു അദ്ദേഹം എന്ന് മറ്റ് വിവരണങ്ങളിൽ നിന്ന് സ്ഥിരീകരിക്കപ്പെടുന്നു. പിന്നീട് മുസ്‌ലിമായതിന് ശേഷം അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു.”[1]

കഅബ് ബിൻ അഷ്റഫിന്റെ വധം

ഈ സംഭവത്തെ കുറിച്ച് ഹദ്‌റത്ത് മിര്‍സാ ബഷീർ അഹ്‌മദ് സാഹിബ്(റ) എഴുതന്നു:

‘‘ബദ്ർ യുദ്ധം കാരണം മദീനയിലെ യഹൂദരുടെ ഹൃദയങ്ങളിൽ ശത്രുത ഉടലെടുത്ത രീതി ബനൂ ഖൈനുഖയുമായുള്ള യുദ്ധത്തിന്‍റെ വിവരണത്തിൽ ഇതിനു മുന്‍പ് പരാമർശിച്ചിട്ടുണ്ട്. ബനൂ ഖൈനുഖയെ നാടുകടത്തിയിട്ടു പോലും മറ്റ് യഹൂദികൾ  അനുരഞ്ജനത്തിലേക്ക് ചാഞ്ഞില്ല എന്ന് മാത്രമല്ല  അവർ തുടർച്ചയായി കുഴപ്പങ്ങളും  അസ്വസ്ഥതകളും സൃഷ്ടിക്കാൻ തുടങ്ങി എന്നത് നിർഭാഗ്യകരമാണ്. കഅബ് ബിൻ അഷ്‌റഫിന്‍റെ വധശിക്ഷ നടപ്പാക്കിയ സംഭവവും ഈ ശൃംഖലയിലെ ഒരു കണ്ണിയാണ്. കഅബ് മതം കൊണ്ട് യഹൂദനായിരുന്നുവെങ്കിലും യഥാർത്ഥത്തിൽ അയാൾ ജൂത വംശജനായിരുന്നില്ല, മറിച്ച് അയാൾ ഒരു അറബി ആയിരുന്നു. അയാളുടെ പിതാവ് അഷ്‌റഫ്, ബനൂ നിബാനിലെ വളരെ ബുദ്ധിമാനും കൗശലക്കാരനുമായിരുന്ന ഒരു വ്യക്തി ആയിരുന്നു. അയാൾ മദീനയിലെത്തി ബനൂ നദീറുമായി ബന്ധം വളർത്തിയെടുക്കുകയും അവസാനം ശക്തിയും സ്വാധീനവും നേടിയെടുക്കുകയും ചെയ്തു. ബനൂ നദീറിന്‍റെ തലവനായ അബു റാഫി ബിൻ അബിൽ-ഹുഖൈഖ് ഇയാൾക്ക് തന്‍റെ മകളെ വിവാഹം ചെയ്തുകൊടുത്തു. ഈ മകളാണ് കഅബിനെ പ്രസവിച്ചത്. മകൻ പിതാവിനേക്കാൾ വലിയ പദവിയിലേക്ക് വളർന്നു. ആത്യന്തികമായി, അറേബ്യയിലെ എല്ലാ യഹൂദന്മാരും അയാളെ  തങ്ങളുടെ തലവനായി അംഗീകരിക്കാൻ തുടങ്ങി. കഅ്ബ് നല്ല ആരോഗ്യദൃഢഗാത്രനും  ആകർഷകത്വവുമുള്ള ഒരു വ്യക്തിയും എന്നതിലുപരി  വാക്ചാതുര്യമുള്ള ഒരു കവിയും വളരെ ധനികനുമായിരുന്നു. ധാരാളം പണം ചെലവ് ചെയ്യുന്നതിലൂടെ  തന്‍റെ നാട്ടിലെ പണ്ഡിതന്മാരെയും മറ്റ് സ്വാധീനമുള്ള വ്യക്തികളെയും അയാൾ  എപ്പോഴും തന്‍റെ നിയന്ത്രണത്തിൽ നിർത്തുമായിരുന്നു.  എന്നിരുന്നാലും, ധാർമ്മിക വീക്ഷണകോണിൽ അയാൾ അങ്ങേയറ്റം മോശം ധാർമ്മികതയുള്ള ഒരു വ്യക്തിയായിരുന്നു, കൂടാതെ രഹസ്യ പദ്ധതികളുടെയും ഗൂഢാലോചനകളുടെയും കാര്യത്തിൽ  ഒരു വിദഗ്ദ്ധനായിരുന്നു.

എല്ലാ വർഷവും കഅബ് യഹൂദ പണ്ഡിതന്മാർക്കും മത നേതാക്കൾക്കും ഒരു വലിയ തുക ദാനമായി നൽകുന്നത് വാങ്ങുന്നതിന് വേണ്ടി തിരുനബി(സ)യുടെ ഹിജ്റയ്ക്ക് ശേഷം ഈ ആളുകൾ വന്ന സമയത്ത് ചർച്ചകൾക്കിടയിൽ അയാൾ നബി(സ)യെ കുറിച്ച് പരാമർശിച്ച് തിരുനബി(സ) യെ കുറിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞു. മതഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ നബി(സ) തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട അതേ പ്രവാചകൻ തന്നെയാണെന്നാണ് പ്രത്യക്ഷത്തിൽ തോന്നിയതെന്ന് അവർ പ്രതികരിച്ചു. ഈ പ്രതികരണത്തിൽ കഅ്ബ് വളരെയധികം അതൃപ്തി പ്രകടിപ്പിക്കുകയും അവരെ വളരെ മന്ദബുദ്ധികളെന്ന് പറഞ്ഞ് ദാനം നൽകാതെ  പറഞ്ഞയക്കുകയും ചെയ്തു. അന്നം നഷ്ടപ്പെട്ട ജൂതപണ്ഡിതന്മാര്‍ കുറച്ച് സമയത്തിന് ശേഷം കഅബിന്റെ അടുത്തേക്ക് തിരികെ വന്നു. എന്നിട്ട് തങ്ങൾ അടയാളങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും പുനര്‍വിചിന്തനം ചെയ്തപ്പോള്‍ മുഹമ്മദ്(സ) തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രവാചകനല്ലെന്ന് കണ്ടെത്തിയെന്നും പറഞ്ഞു.  ഈ പ്രതികരണം കഅബിന്‍റെ ഉദ്ദേശ്യം സഫലമായി. അവരുടെ ഉത്തരത്തിൽ തൃപ്തനായ അയാൾ അവർക്ക് നൽകിയിരുന്ന വാർഷിക ദാനം പുനരാരംഭിച്ചു.

ഏതായാലും, ഇത് കേവലം മതപരമായ എതിർപ്പായിരുന്നു. അത് അരോചകമായ രീതിയിൽ പ്രകടിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അത് ആക്ഷേപാർഹമോ  ഈ കാരണത്താൽ കഅ്ബ് ശിക്ഷാർഹനോ ആകുന്നില്ല. എന്നാൽ  ഇതിനുശേഷം കഅ്ബിന്‍റെ  എതിർപ്പ് കൂടുതൽ അപകടകരമായി മാറി. ബദർ യുദ്ധത്തിനുശേഷം അങ്ങേയറ്റം കുടിലവും പ്രകോപനപരവുമായ രീതിയിൽ അയാൾ പെരുമാറാൻ തുടങ്ങി. അത് മുസ്‌ലിങ്ങൾക്ക് വളരെ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. യഥാർത്ഥത്തിൽ, ബദർ യുദ്ധത്തിന് മുമ്പ് ഈ മതപരമായ തീക്ഷ്ണത താൽക്കാലികമാണ് ക്രമേണ ഇവരെല്ലാം സ്വയം പിരിഞ്ഞ് അവരുടെ പൂർവ്വിക മതത്തിലേക്ക് മടങ്ങും കഅ്ബ് കരുതി.  ബദ്‌റിന്‍റെ അവസരത്തിൽ, മുസ്‌ലിങ്ങൾക്ക് അസാധാരണമായ വിജയം ലഭിക്കുകയും ഖുറൈശികളിലെ ഭൂരിഭാഗം പ്രമാണിമാരും കൊല്ലപ്പെടുകയും ചെയ്തപ്പോൾ ഈ പുതിയ മതം സ്വയം നശിക്കില്ലെന്ന് അയാൾ  മനസ്സിലാക്കി. അതിനാൽ, ബദറിന് ശേഷം ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാനും പൂർണ്ണമായും നശിപ്പിക്കാനും തന്‍റെ പരമാവധി പരിശ്രമിക്കാൻ അയാൾ  തീരുമാനിച്ചു. മദീനയിൽ ബദറിന്‍റെ വിജയവാർത്തയെത്തിയ അവസരത്തിൽ  അയാളുടെ ഹൃദയത്തിൽ തോന്നിയ പകയുടെയും അസൂയയുടെയും ആദ്യബഹിര്‍സ്ഫുരണമുണ്ടായി. ഈ വാർത്ത കേട്ടപ്പോൾ തുടക്കത്തിൽ തന്നെ കഅ്ബ് പറഞ്ഞു, ഈ വാർത്ത തെറ്റാണെന്ന് തോന്നുന്നു, കാരണം മുഹമ്മദ് (സ) ഖുറൈശികളുടെ ഇത്രയും വലിയ സൈന്യത്തോട് വിജയിക്കുകയും   മക്കയിലെ പ്രശസ്തരായ പ്രമാണികൾ തറപറ്റുക എന്നതും അസാധ്യമാണ്.  ഈ വാർത്ത ശരിയാണെങ്കിൽ അത്തരമൊരു ജീവിതത്തേക്കാൾ നല്ലത് മരണമാണ്.

ഈ വാർത്ത സ്ഥിരീകരിക്കപ്പെടുകയും ബദ്‌റിലെ വിജയം ഇസ്‌ലാമിന് തന്‍റെ പേടിസ്വപ്‌നങ്ങൾക്കപ്പുറമുള്ള കരുത്ത് നൽകിയെന്ന് കഅബ് ഉറപ്പിക്കുകയും ചെയ്തപ്പോൾ അയാൾ കോപത്താല്‍ വിറകൊണ്ടു. അയാൾ ഉടൻ തന്നെ യാത്രയ്ക്ക് തയ്യാറായി വിദ്വേഷാഗ്‌നി ആളിപ്പടര്‍ത്തി. മുസ്‌ലിങ്ങളുടെ രക്തത്തിനായി അവരുടെ ഹൃദയങ്ങളിൽ അടങ്ങാത്ത ദാഹം സൃഷ്ടിച്ചു.  പ്രതികാരത്തിന്‍റെയും ശത്രുതയുടെയും വികാരങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിറച്ചു. പിന്നീട്, തന്‍റെ പ്രേരണയാല്‍ അവർ പ്രകോപിതരായപ്പോൾ കഅ്ബ് അവരെ കഅ്ബയുടെ മുറ്റത്തേക്ക് കൊണ്ടുപോയി. കഅ്ബയുടെ മൂടുപടം അവരുടെ കൈകളിൽ ഏൽപ്പിച്ചു.  ഇസ്‌ലാമും ഇസ്‌ലാമിന്‍റെ സ്ഥാപകനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടുന്നത് വരെ  വിശ്രമിക്കില്ലെന്ന് അവരെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു. മക്കയിൽ ഈ ഉജ്ജ്വലമായ അന്തരീക്ഷം സൃഷ്ടിച്ച ശേഷം  ഈ ദുർഭഗൻ  അറേബ്യയിലെ മറ്റ് ഗോത്രങ്ങളിലേക്ക് തിരിയുകയും ഗോത്രങ്ങളിൽ നിന്ന് ഗോത്രങ്ങളിലേക്ക് സഞ്ചരിച്ച് മുസ്‌ലിങ്ങൾക്കെതിരെ ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്തു. തുടർന്ന് അയാൾ  മദീനയിൽ തിരികെയെത്തി.  തന്‍റെ പ്രകോപനപരമായ ഈരടികളിൽ മുസ്ലീം സ്ത്രീകളെ വളരെ വൃത്തികെട്ടതും അശ്ലീലവുമായ ഭാഷയിൽ അധിക്ഷേപിച്ചു.  തിരുനബി(സ)യുടെ വീട്ടിലെ സ്ത്രീകളെപ്പോലും അയാൾ  ഒഴിവാക്കിയില്ല. ഈ ഈരടികൾ  ആ നാട്ടിലുടനീളം വ്യാപകമായി പ്രചരിപ്പിച്ചു. അവസാനം അയാൾ  തിരുനബി(സ)യെ വധിക്കാൻ ഗൂഢാലോചന നടത്തി. ഒരു വിരുന്ന് എന്ന പേരിൽ അയാൾ  തിരുനബി(സ)യെ തന്‍റെ വസതിയിലേക്ക് ക്ഷണിക്കുകയും ഏതാനും ജൂത യുവാക്കളോടൊപ്പം തിരുനബി(സ)യെ വധിക്കാൻ പദ്ധതിയിടുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ  മുൻകൂട്ടി വിവരം ലഭിക്കുകയും അയാളുടെ ഈ പദ്ധതി പരാജയപ്പെടുകയും ചെയ്തു.

മദീനയിലെത്തുമ്പോൾ മദീന നിവാസികൾക്കിടയിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുനബി(സ) മദീനയിലെ ജനാധിപത്യ രാഷ്ട്രത്തിന്‍റെ രാഷ്ട്രത്തലവനും കമാൻഡർ-ഇൻ-ചീഫുമായിരുന്നു. അങ്ങനെ, സ്ഥിതിഗതികൾ ഇത്രയധികം വഷളാകുകയും, കരാർ ലംഘനം, കലാപം, യുദ്ധത്തിന് പ്രേരിപ്പിക്കൽ, രാജ്യദ്രോഹം, അസഭ്യമായ ഭാഷ ഉപയോഗിക്കൽ, തിരുനബി(സ)യെ വധിക്കാൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സ്ഥാപിക്കപ്പെട്ടപ്പോൾ അദ്ദേഹം വിധി പുറപ്പെടുവിച്ചു. കഅബ് ബിൻ അഷ്‌റഫിന്‍റെ പ്രവൃത്തികൾ മൂലം അയാൾ  മരണശിക്ഷക്ക് അർഹനാണ്. അതിനാൽ അയാളെ വധിക്കാൻ പ്രവാചകൻ (സ) തന്‍റെ ചില അനുചരന്മാരോട് നിർദ്ദേശിച്ചു.  കഅ്ബിന്‍റെ കുടിലപ്രവർത്തനങ്ങളെത്തുടർന്ന്, അക്കാലത്തെ മദീനയുടെ അന്തരീക്ഷത്തില്‍ അയാളെ വധിക്കുന്നതിന് മുമ്പ് ഒരു ഔപചാരിക പ്രഖ്യാപനം നടത്തിയിരുന്നെങ്കിൽ മദീനയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അതിന്‍റെ ഫലമായി എത്രത്തോളം കൂട്ടക്കൊലകളും അരുംകൊലകളും  ഉണ്ടാകുമായിരുന്നു. സമൂഹങ്ങൾ തമ്മിലുള്ള അക്രമങ്ങളും രക്തച്ചൊരിച്ചിലും തടയാൻ സാധ്യമായതും ന്യായമായതുമായ ഏത് ത്യാഗവും ചെയ്യാൻ തിരുമേനി(സ) തയ്യാറായിരുന്നു. അതിനാൽ, കഅ്ബിനെ പരസ്യമായി വധിക്കരുതെന്ന് പ്രവാചകന്‍(സ) നിർദ്ദേശിച്ചു; പകരം, കുറച്ച് ആളുകൾ നിശബ്ദമായി ഒരു അവസരം കണ്ടെത്തി അയാളെ അവസാനിപ്പിക്കണം. മുഹമ്മദ്‌ ബിൻ മസ്‌ലമ(റ) എന്ന വിശ്വസ്‌തനായ ഒരു അനുചരനെയാണ് തിരുനബി(സ) ഈ ചുമതല ഏൽപ്പിച്ചത്‌. ഏത്‌ തന്ത്രം ആവിഷ്‌കരിച്ചാലും അത്‌ ഔസ് ഗോത്രത്തിന്‍റെ തലവനായിരുന്ന സഅദ്‌ ബിൻ മുആദ്‌(റ)യുടെ ഉപദേശമനുസരിച്ച്‌ നടപ്പാക്കണമെന്ന്‌ തിരുനബി (സ) പറഞ്ഞു. മുഹമ്മദ് ബിൻ മസ്‌ലമ(റ) പറഞ്ഞു : “അല്ലാഹുവിന്‍റെ ദൂതരേ! അയാളെ നിശ്ശബ്ദമായി വധിക്കാൻ ഞങ്ങൾ എന്തെങ്കിലും പറയേണ്ടതുണ്ട്”.  അതായത് ചില ഒഴികഴിവുകൾ ആവശ്യമാണ്. അതിലൂടെ കഅ്ബിനെ അവന്‍റെ വസതിയിൽ നിന്ന് പുറത്തെത്തിക്കുകയും സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച്  വധിക്കുകയും ചെയ്യാം. നിഗൂഢമായ ഒരു പദ്ധതി പാളിപ്പോയാൽ  ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുകൊണ്ട് തിരുമേനി(സ) അത് ശരിവെച്ചു.

അങ്ങനെ, സഅദ് ബിൻ മുആദ്(റ) യുടെ ഉപദേശത്തോടെ മുഹമ്മദ് ബിൻ മസ്‌ലമ(റ) അബു നാഇല(റ)നെയും മറ്റ് രണ്ടോ മൂന്നോ കൂട്ടാളികളെയും കൂട്ടി കഅ്ബിന്‍റെ വസതിയിലെത്തി. അവർ കഅ്ബിന്‍റെ താമസസ്ഥലത്ത് എത്തി വിളിച്ച് പറഞ്ഞു: “ഞങ്ങളുടെ തലവൻ (അതായത്, മുഹമ്മദ് (സ)) ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഞങ്ങളോട് ദാനധർമ്മം ആവശ്യപ്പെടുന്നു. ഞങ്ങൾക്ക് വായ്പ തരാൻ നിങ്ങൾ ദയ കാണിക്കുമോ? ” ഇത് കേട്ടപ്പോൾ, കഅബ് സന്തോഷം കൊണ്ട് ചാടിയെഴുന്നേറ്റു പറഞ്ഞു: “ദൈവത്താണ നിങ്ങൾ ആ വ്യക്തിയെ വെറുക്കുകയും അയാളെ  ഉപേക്ഷിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ല.” മുഹമ്മദ് ബിൻ മസ്‌ലമ(റ) പ്രതികരിച്ചു, “ഏതായാലും ഞങ്ങൾ മുഹമ്മദ്(സ)യെ വിശ്വസിച്ചിരിക്കുന്നു, ഇപ്പോൾ ഈ ദൈവഹിതത്തിന്‍റെ അന്തിമഫലം കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ഇപ്പോൾ ഞങ്ങൾക്ക് നിങ്ങൾ  വായ്പ തരുമോ ഇല്ലേ  എന്ന് പറയൂ”. “തീർച്ചയായും” കഅബ് പറഞ്ഞു, “എന്നാൽ നിങ്ങൾ എന്തെങ്കിലും ഈട് നൽകേണ്ടതുണ്ട്”. മുഹമ്മദ് ബിൻ മസ്‌ലമ(റ) ചോദിച്ചു: “എന്താണ് താങ്കൾക്ക് വേണ്ടത്?” ഈ നികൃഷ്ട വ്യക്തി പ്രതികരിച്ചു, “നിങ്ങളുടെ സ്ത്രീകളെ ഈടായി വിട്ടേക്കുക.” തന്‍റെ കോപം അടക്കിവെച്ചുകൊണ്ട് മുഹമ്മദ്ബിൻ മസ്‌ലമ(റ) പറഞ്ഞു: “ഞങ്ങളുടെ സ്ത്രീകളെ നിങ്ങളെപ്പോലെയുള്ള ഒരു പുരുഷന് പണയം വെക്കാൻ ഞങ്ങൾക്ക് എങ്ങനെ സാധിക്കും.” അയാള്‍ മറുപടി പറഞ്ഞു, “ശരി, അപ്പോൾ നിങ്ങളുടെ ആണ്‍മക്കളെ ഈടുവെക്കുക.” മുഹമ്മദ് ബിൻ മസ്‌ലമ(റ) പ്രതികരിച്ചു, “ഇതും സാധ്യമല്ല, മുഴുവൻ അറേബ്യയുടെയും ആക്ഷേപം ഞങ്ങൾക്ക് താങ്ങാനാവില്ല. എന്നിരുന്നാലും, നിങ്ങൾ ഉദാരമനസ്കനാണെങ്കിൽ, ഞങ്ങളുടെ ആയുധങ്ങൾ ഈടായി നിങ്ങളുടെ പക്കൽ നൽകാൻ  ഞങ്ങൾ തയ്യാറാണ്”. കഅബ് സമ്മതിച്ചു, മുഹമ്മദ് ബിൻ മസ്‌ലമ(റ)യും കൂട്ടാളികളും രാത്രി മടങ്ങിവരാമെന്ന് വാഗ്‌ദാനം ചെയ്‌തു. രാത്രിയായപ്പോൾ ഇവർ  തങ്ങളുടെ ആയുധങ്ങളുമായി കഅബിന്‍റെ വസതിയിലെത്തി. ഈ കാരണത്താൽ അവർക്ക് അവരുടെ ആയുധങ്ങൾ പരസ്യമായി എടുക്കാൻ കഴിഞ്ഞു. അവർ കഅ്ബിനെ അവന്‍റെ വീട്ടിൽ നിന്ന് പുറത്തെത്തിച്ചു. ചർച്ചകൾക്കിടയിൽ അവർ അവനെ ഒരു വശത്തേക്ക് കൊണ്ടുവന്നു. കുറച്ച് സമയത്തിന് ശേഷം, മുഹമ്മദ് ബിന്‍ മസ്‌ലമ(റ) അയാളുടെ തലമുടിയിലെ സുഗന്ധം മണക്കാനെന്ന വ്യാജേന തലമുറുകെ പിടിച്ചു കൊണ്ട് തന്റെ കൂട്ടാളികളെ വിളിച്ചു: “ഇപ്പോൾ ആക്രമിക്കൂ”. നേരത്തെ തന്നെ  ആയുധങ്ങളുമായി സജ്ജരായി നിന്നിരുന്ന അദ്ദേഹത്തിന്‍റെ കൂട്ടാളികൾ ഒറ്റയടിക്ക് ആക്രമിച്ചു. കഅ്ബ് കൊല്ലപ്പെടുകയും നിലത്തു വീഴുകയും ചെയ്തു. മുഹമ്മദ്‌ ബിൻ മസ്‌ലമ(റ)യും കൂട്ടാളികളും അവിടെ നിന്ന്‌ പുറപ്പെട്ട്‌ ഉടനെ തന്നെ തിരുനബി (സ)യുടെ മുമ്പാകെ ഹാജരാകുകയും അയാളെ വധിച്ച വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു. 

കഅ്ബിന്‍റെ വധശിക്ഷയെക്കുറിച്ചുള്ള വാർത്ത അറിഞ്ഞപ്പോൾ ആ പ്രദേശം പ്രക്ഷുബ്ധമായി. ജൂതജനത രോഷാകുലരായി. പിറ്റേന്ന് രാവിലെ  ജൂതരുടെ ഒരു പ്രതിനിധി സംഘം നബി(സ)യുടെ മുമ്പാകെ ഹാജരാകുകയും തങ്ങളുടെ നേതാവ് കഅബ് ബിൻ അഷ്‌റഫ് കൊലചെയ്യപ്പെട്ടതായി പരാതിപ്പെടുകയും ചെയ്തു. തിരുനബി(സ) അവരുടെ അഭിപ്രായങ്ങൾ കേട്ടതിനു ശേഷം കഅ്ബ് കുറ്റക്കാരനായ എല്ലാ ദുഷിച്ച പദ്ധതികളെക്കുറിച്ചും, അതായത്, ഉടമ്പടി ലംഘനം, യുദ്ധത്തിന് പ്രേരിപ്പിക്കൽ, രാജ്യദ്രോഹം, അസഭ്യമായ ഭാഷാപ്രയോഗം, കൊലപാതക ഗൂഢാലോചന മുതലായവയെക്കുറിച്ച് അവരെ സംക്ഷിപ്തമായി ഓർമ്മിപ്പിച്ചു. വന്നവര്‍ ഭയപ്പെട്ട്  ഒന്നും മിണ്ടിയില്ല. അതിനുശേഷം, തിരുനബി(സ) പറഞ്ഞു: “ഇനിയെങ്കിലും നിങ്ങൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുക, ശത്രുതയുടെയും അക്രമത്തിന്‍റെയും ക്രമക്കേടിന്‍റെയും വിത്ത് പാകാതിരിക്കുക.” അതുപോലെ യഹൂദരുടെ സമ്മതത്തോടെ, ഒരു പുതിയ ഉടമ്പടി തയ്യാറാക്കി, മുസ്‌ലിങ്ങളുമായി സമാധാനത്തിലും ഐക്യത്തിലും ജീവിക്കുമെന്നും, അക്രമത്തിൽ നിന്നും ക്രമക്കേടുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുമെന്നും ജൂതന്മാർ ഒരിക്കൽ കൂടി വാഗ്ദാനം ചെയ്തു. ഈ ഉടമ്പടി ഹദ്റത്ത് അലി(റ)യെ ഏൽപ്പിച്ചു. കൂടാതെ, ഇതിനുശേഷം, ജൂതന്മാർ കഅബ് ബിൻ അഷ്‌റഫിന്‍റെ വധശിക്ഷയെക്കുറിച്ച് പരാമർശിക്കുകയും മുസ്‌ലിംകളെ കുറ്റപ്പെടുത്തുകയും ചെയ്തതായി ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല, കാരണം കഅ്ബിന് അർഹമായ ശിക്ഷ ലഭിച്ചുവെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.

കഅബ് ബിൻ അഷ്‌റഫിന്‍റെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചില പാശ്ചാത്യ ചരിത്രകാരന്മാർ, ഈ സംഭവം നബി(സ)യുടെ ഒരു കളങ്കമായി അവതരിപ്പിച്ചുകൊണ്ട് ആരോപണങ്ങൾ എഴുതി ക്ഷീണിച്ചിരിക്കുന്നു. പഠനവിധേയമാക്കേണ്ട കാര്യങ്ങൾ ഇവയാണ്.     ഒന്നാമതായി,  ഈ വധശിക്ഷ ന്യായമായ നടപടിയാണോ അല്ലേ.? രണ്ടാമതായി, ഈ കൃത്യം നിർവ്വഹിക്കുന്നതിന് ഉപയോഗിച്ച രീതി ന്യായമാണോ അല്ലേ.? ആദ്യത്തെ വിഷയത്തെ സംബന്ധിച്ച് കഅബ് ബിൻ അഷ്‌റഫ് നബിതിരുമേനി(സ)യുമായി സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഔദ്യാഗികകമായ കരാറിൽ ഏർപ്പെട്ടിരുന്നു എന്നത് ഓർക്കേണ്ടതാണ്. മദീനക്ക് പുറത്ത് നിന്ന് വരുന്ന എല്ലാ ശത്രുക്കള്‍ക്കെതിരെയും മുസ്ലീങ്ങളെ സഹായിക്കുമെന്നും  മുസ്ലീങ്ങളുമായി സൗഹൃദബന്ധം നിലനിര്‍ത്തുമെന്നും അയാള്‍ ഉടമ്പടി ചെയ്തിരുന്നു എന്നിരിക്കെ  മുസ്ലിംവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരു ന്യായീകരണവുമില്ല.  ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ  മദീനയിൽ സ്ഥാപിതമായ ജനാധിപത്യ രാജ്യത്തിന്‍റെ രസ്ട്രതലവനാണ് തിരുനബി(സ)യെന്നും തിരുനബി(സ)യുടെ വിധി എല്ലായിടത്തും നിയമപരമായി ബാധകമാണെന്നും അയാൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ, യഹൂദർ തങ്ങളുടെ കേസുകൾ തിരുനബി(സ)യുടെ മുമ്പാകെ അവതരിപ്പിക്കുകയും വിധി തേടുകയും ചെയ്തിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ, തന്‍റെ എല്ലാ ഉടമ്പടികളും അവഗണിച്ച്, കഅബ് മുസ്ലീങ്ങൾക്കെതിരെ എന്നല്ല യഥാർത്ഥത്തിൽ അക്കാലത്തെ സർക്കാരിനെതിരെ രാജ്യദ്രോഹം ചെയ്തു.  അയാൾ മദീനയിൽ അക്രമത്തിന്‍റെയും ക്രമക്കേടിന്‍റെയും വിത്ത് പാകി. രാജ്യത്തിനകത്ത് യുദ്ധത്തിന്‍റെ തീ ആളിപ്പർത്താൻ  ശ്രമിച്ചു,  മുസ്‌ലിങ്ങൾക്കെതിരെ അറേബ്യയിലെ ഗോത്രങ്ങളെ അപകടകരമായി പ്രേരിപ്പിച്ചു; മുസ്‌ലിം സ്ത്രീകൾക്കെതിരെ പ്രകോപനപരമായ ഈരടികൾ രചിച്ചു. തിരുനബി(സ)യെ വധിക്കാൻ ഗൂഢാലോചന നടത്തി.  മുസ്‌ലിംകൾ നാല് ദിക്കുകളിൽ നിന്നും ബുദ്ധിമുട്ടുകളാൽ വലയുകയും അറേബ്യയിലെ ഹിംസ്രജന്തുക്കൾ അവരുടെ രക്തദാഹത്തിൽ ഭ്രാന്തരാകുകയും ചെയ്ത അത്തരമൊരു സമയത്താണ് ഇതെല്ലാം ഇയാൾ ചെയ്യുന്നത്. സഹാബികൾ രാവും പകലും സമാധാനമില്ലാതെ കഴിച്ചുകൂട്ടി. ശത്രുക്കളുടെ ആക്രമണ ഭീതി കാരണം അവർക്ക് രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ, കഅ്ബിന്‍റെ കുറ്റകൃത്യം ഏതെങ്കിലും തരത്തിലുള്ള ശിക്ഷ അർഹിക്കുന്നില്ലേ?  ഇത്തരം അവസ്ഥയിൽ യഹൂദരുടെ ഈ കുടിലതക്ക്  അറുതി വരുത്താൻ കഴിയുന്ന വല്ല ശിക്ഷയും മരണത്തേക്കാൾ കുറവായിരുന്നില്ലേ.? പക്ഷപാതമില്ലാത്ത ഏതൊരു വ്യക്തിക്കും കഅ്ബിന്‍റെ വധശിക്ഷ അന്യായമായ നടപടിയായി കണക്കാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നും, ‘പരിഷ്‌കൃതർ’ എന്ന് അറിയപ്പെടുന്ന രാജ്യങ്ങളിൽ, കലാപം, ഉടമ്പടി ലംഘനം, യുദ്ധത്തിന് പ്രേരിപ്പിക്കൽ, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒരു കുറ്റവാളിക്ക് വധശിക്ഷ നൽകില്ലേ?

 രണ്ടാമത്തെ ചോദ്യം വധശിക്ഷനടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ, അക്കാലത്ത് അറേബ്യയിൽ ഔദ്യോഗികമായ ഭരണകൂടം ഉണ്ടായിരുന്നില്ല എന്ന കാര്യം ഓർക്കേണ്ടതാണ്. ഓരോ വ്യക്തിയും ഓരോ ഗോത്രവും  സ്വതന്ത്രമായിരുന്നു. ഈ അവസ്ഥയിൽ കഅബിനെതിരെ ഒരു കേസ് ഫയൽ ചെയ്യാനും അയാളുടെ വധശിക്ഷയ്ക്ക് നിയമപരമായി വിധി തേടാനും കഴിയുന്ന ഏത് കോടതിയാണ് നിലവിലിരുന്നത്? കഅബ് തന്നെ നേതാവായിരുന്ന, മുസ്‌ലിംകളോട് നേരത്തെ തന്നെ വഞ്ചന നടത്തിയിരുന്ന, എല്ലാ ദിവസവും കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ജൂതന്മാര്‍ക്ക് പരാതി നൽകണമായിരുന്നോ? മുസ്‌ലിങ്ങളുടെ ചോരക്കു വേണ്ടി ദാഹിച്ച മക്കയിലെ ഖുറൈശികൾക്ക് മുമ്പാകെ കേസ് അവതരിപ്പിക്കണമായിരുന്നോ?  കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം മൂന്നോ നാലോ തവണ രാത്രിയിൽ മദീനയിൽ പൊടുന്നനെ ആക്രമണം നടത്താൻ പദ്ധതിയിട്ട സുലൈം, ഗതഫാൻ ഗോത്രങ്ങളിൽ നിന്ന് നീതി തേടണമായിരുന്നോ.? അക്കാലത്തെ അറേബ്യയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക, പ്രകോപനം, യുദ്ധത്തിന് പ്രേരിപ്പിക്കൽ, നികൃഷ്ടമായ പെരുമാറ്റം, കൊലപാതകശ്രമം എന്നിവയിൽ ഒരാൾ കുറ്റക്കാരനായിരിക്കുമ്പോൾ, അയാൾ ജീവനോടെ അവശേഷിക്കുന്നത് അവരുടെ സ്വന്തം സുരക്ഷക്കും രാജ്യത്തിൻറെ സുരക്ഷക്കും  ഭീഷണിയാണെന്ന് ഓർക്കുക. അത്തരത്തിലുള്ള ഒരാളെ അവസരം ലഭിക്കുമ്പോൾ സ്വയം പ്രതിരോധം  എന്ന നിലയിൽ വധിക്കുക എന്നല്ലാതെ മുസ്‌ലിങ്ങൾക്ക് മറ്റെന്ത് മാര്‍ഗ്ഗമാണ് ഉണ്ടായിരുന്നത്.?

നിരവധി സമാധാന പ്രിയരായ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നതിനേക്കാളും രാജ്യത്തിന്‍റെ സമാധാനം നശിപ്പിക്കുന്നതിനേക്കാളും നല്ലത് ദുഷ്ടനും അക്രമാസക്തനുമായ ഒരു മനുഷ്യനെ വധിക്കുന്നതാണ്. പിന്നെ, മുകളിൽ സൂചിപ്പിച്ചതുപോലെ, ഹിജ്റക്ക്  ശേഷം മുസ്‌ലിങ്ങളും ജൂതന്മാരും തമ്മിൽ നടന്ന ഉടമ്പടി കാരണത്താൽ  തിരുനനബി(സ) ഒരു സാധാരണ പൗരനെ പോലെ ആയിരുന്നില്ല, മറിച്ച്  അദ്ദേഹം ഇപ്പോൾ മദീനയിൽ സ്ഥാപിതമായ ജനാധിപത്യ രാജ്യത്തിന്‍റെ രാഷ്ട്രത്തലവന്‍ ആയിരുന്നു. എല്ലാ തർക്കങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും തനിക്ക് ഉചിതമെന്ന് തോന്നുന്ന ഏത് വിധിയും പുറപ്പെടുവിക്കാനുള്ള അധികാരം നബിതിരുമേനി(സ)ക്ക് നൽകപെട്ടിരുന്നു. അതിനാൽ ആഭ്യന്തര  സമാധാനത്തിനുവേണ്ടി കഅ്ബിനെ തന്‍റെ കുടിലമായ പെരുമാറ്റം മൂലം തിരുനബി(സ) വധശിക്ഷക്കർഹനാണെന്ന് പ്രഖ്യാപിച്ചാൽ, തിരുനബി(സ)യുടെ ഈ വിധിയെ എതിർക്കാൻ ആർക്കെന്തവകാശമുണ്ട്? കഅബിന്‍റെ വധശിക്ഷ അയാൾ  ചെയ്ത കുറ്റകൃത്യങ്ങൾ കാരണം ശരിയാണ് എന്ന് യഹൂദികൾ വരെ   സമ്മതിക്കുകയും യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ നിശബ്ദദ പാലിച്ചിരുന്നു എന്നും ചരിത്ര രേഖകളിൽ കാണാവുന്നതാണ്.”[2]

ഹദ്റത്ത് ഹഫ്സ ബിൻത് ഉമർ(റ)ന്റെ വിവാഹം

ഏകദേശം ഇതേ സമയത്താണ് ഹദ്റത്ത് ഹഫ്സ ബിൻത് ഉമർ(റ)യുടെ രണ്ടാം വിവാഹം തിരുനബി(സ)യുമായി നടക്കുന്നത്. അവരുടെ ആദ്യ ഭർത്താവ് ബദ്ർ യുദ്ധത്തിൽ ശഹീദ് ആയിരുന്നു. ഇതിനെ കുറിച്ച് ഹദ്റത്ത് മിർസാ ബഷീർ അഹ്‌മദ്‌ സാഹിബ് എഴുതുന്നു:

ഹദ്റത്ത് ഉമർ(റ)ന് ഹഫ്സ എന്ന് പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. അവർ ഒരു സാത്വികനായ സഹാബി ഖാനിസ് ബിൻ ഹുദാഫയുമായി വിവാഹിതയായിരുന്നു. ഇദ്ദേഹം ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ബദ്ർ യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് തിരികെ വന്നതിനു ശേഷം ഖാനിസ് അസുഖബാധിതനായി. ഈ അസുഖത്തിൽ നിന്ന് അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തിന്‍റെ മരണത്തിന് കുറച്ച് കാലത്തിന് ശേഷം തന്‍റെ മകളുടെ രണ്ടാം വിവാഹത്തെ കുറിച്ച്  ഹദ്റത്ത് ഉമർ ചിന്താകുലനായി. അപ്പോൾ ഹദ്റത്ത് ഹഫ്സ(റ)ന് 20 വയസ്സായിരുന്നു.

പ്രകൃത്യാലുള്ള ലാളിത്യം മൂലം ഹദ്റത്ത് ഉമർ(റ) ഉസ്മാൻ ബിൻ അഫ്ഫാൻ(റ)നെ കാണുകയും തന്‍റെ മകൾ ഹഫ്സ(റ) ഇപ്പോൾ വിധവയാണെന്നും താങ്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അവളെ വിവാഹം കഴിക്കാമെന്നും പറഞ്ഞു. എന്നാൽ ഹദ്റത്ത് ഉസ്മാൻ(റ) താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിനുശേഷം ഹദ്റത്ത് ഉമർ(റ) ഇതേ കാര്യം  ഹദ്റത്ത്  അബൂബക്കർ(റ)നോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹവും പ്രതികരിക്കാതെ മൗനം പാലിച്ചു. അപ്പോൾ  ഹദ്റത്ത് ഉമർ(റ) വളരെ ദുഃഖിതനായി. ഈ ആശങ്കയിൽ  തന്നെ അദ്ദേഹം നബി(സ)യുടെ മുമ്പാകെ ഹാജരാകുകയും എല്ലാ കാര്യവും ഉണർത്തുകയും ചെയ്തു. തിരുനബി(സ) മറുപടി പറഞ്ഞു: ഉമർ, വിഷമിക്കേണ്ട, അല്ലാഹു  ഉദ്ദേശിച്ചാൽ, ഉസ്മാനേക്കാൾ മികച്ച ഒരു ഭർത്താവിനെ ഹഫ്‌സക്ക് ലഭിക്കും. ഉസ്മാന് ഹഫ്സയെക്കാൾ നല്ല ഭാര്യയെയും  ലഭിക്കും. ഹഫ്‌സ(റ)യെ വിവാഹം കഴിക്കാനും സ്വന്തം മകളായ ഉമ്മു കുൽസും(റ)യെ ഹദ്റത്ത് ഉസ്മാൻ(റ) വിന് വിവാഹം കഴിപ്പിക്കാനും നേരത്തെ തന്നെ ഉദ്ദേശിച്ചിരുന്നതിനാലാണ് തിരുനബി(സ) ഇത് പറഞ്ഞത്. ഹദ്റത്ത് ഉസ്മാൻ(റ), ഹദ്റത്ത് അബൂബക്കർ(റ) എന്നിവർക്ക് ഇത് അറിയാമായിരുന്നു. അതുകൊണ്ടാണ് ഹദ്റത്ത് ഉമർ(റ)യുടെ നിർദ്ദേശം അവർ നിരസിച്ചത്. കുറച്ച് സമയത്തിന് ശേഷം തിരുനബി (സ) തന്‍റെ മകൾ ഉമ്മു കുൽസൂമിനെ (റ)യെ ഹദ്റത്ത് ഉസ്മാൻ(റ)ന്  വിവാഹം ചെയ്തുകൊടുത്തു. ഈ വിഷയം നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് തിരുനബി(സ) ഹദ്റത്ത് ഉമർ(റ)നും  ഹഫ്‌സ(റ)ക്കും  ഒരു വിവാഹ സന്ദേശം അയച്ചു. ഹദ്റത്ത് ഉമർ(റ)ന് ഇതിൽ കൂടുതൽ എന്ത് വേണം? അദ്ദേഹം വളരെ സന്തോഷത്തോടെ ഈ നിർദ്ദേശം സ്വീകരിച്ചു. ഹിജ്റ 3-ൽ ശഅ്ബാനിൽ ഹസ്രത്ത് ഹഫ്‌സ(റ) വും  നബി(സ)യുമായുള്ള വിവാഹം നടക്കുകയും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ അംഗമാവുകയും ചെയ്തു. ഈ വിവാഹം കഴിഞ്ഞപ്പോൾ ഹദ്റത് അബൂബക്കർ(റ) ഹദ്റത് ഉമർ(റ)നോട് പറഞ്ഞു:

ഒരുപക്ഷേ ഞാൻ കാരണം  നിങ്ങളുടെ ഹൃദയം ദുഃഖിച്ചിരിക്കാം. തിരുനബി(സ)യുടെ ഉദ്ദേശ്യത്തെക്കുറിച്ച് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. പക്ഷേ അനുവാദമില്ലാതെ അദ്ദേഹത്തിന്‍റെ രഹസ്യം വെളിപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് വസ്തുത. തീർച്ചയായും തിരുനബി(സ) അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ ഞാൻ ഹഫ്സയെ ഏറ്റവും സന്തോഷത്തോടെ വിവാഹം കഴിക്കുമായിരുന്നു.”

ഹഫ്‌സ(റ)യെ വിവാഹം കഴിച്ചതിലെ ഒരു യുക്തി എന്തെന്നാൽ ഹദ്റത് ഹഫ്സ(റ) ഹദ്റത് അബൂബക്കർ(റ)ന് ശേഷം ഏറ്റവും പ്രഗത്ഭനായ സ്വഹാബിയായി കണക്കാക്കപ്പെടുന്ന ഹസ്രത്ത് ഉമർ(റ) യുടെ മകളായിരുന്നു. കൂടാതെ ഹദ്റത് ഉമർ (റ) തിരുനബി (സ) യുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ കൂടി ആയിരുന്നു.  അതിനാൽ പരസ്പര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഖാനിസ് ബിൻ ഹുദാഫ (റ) യുടെ അകാല വിയോഗം മൂലം ഹദ്റത് ഉമർ(റ) വും ഹദ്റത് ഹഫ്സ(റ) യും അനുഭവിച്ചുകൊണ്ടിരുന്ന ദുഃഖത്തിൽ അവർക്ക് ആശ്വാസമേകാനും ഹഫ്‌സ(റ)യെ താൻ  തന്നെ വിവാഹം ചെയ്യുന്നതാണ് ഉചിതം എന്ന് തിരുനബി (സ) കരുതി[3]

ഇമാം ഹസൻ(റ)വിന്റെ് ജനനം

ഹിജ്റ 3 റമദാനിൽ ആണ് ഹദ്‌റത്ത് ഇമാം ഹസൻ(റ) ജനിച്ചത്. ഹദ്റത് മിർസാ ബഷീർ അഹ്‌മദ് സാഹിബ് എഴുതുന്നു:

“ഹിജ്റ 2-ലെ സംഭവങ്ങളിൽ ഹദ്‌റത്ത് അലി(റ)യുടെയും ഹദ്‌റത്ത് ഫാത്തിമ(റ)യുടെയും വിവാഹം പരാമർശിക്കപ്പെട്ടു. ഹിജ്റ 3-ലെ റമദാനിൽ, അതായത്, അവരുടെ വിവാഹം കഴിഞ്ഞ് ഏകദേശം പത്ത് മാസങ്ങൾക്ക് ശേഷം, അവർക്ക് ഒരു കുട്ടി ജനിച്ചു. തിരുനബി(സ) അദ്ദേഹത്തിന് ഹസൻ(റ) എന്ന് പേരിട്ടു. ഇത് ഇമാം ഹസൻ എന്ന് മുസ്‌ലിംകൾക്കിടയിൽ വിശേഷണം ലഭിച്ച അതേ ഹസൻ(റ) തന്നെയാണ്. ഹസൻ(റ) തിരുമേനി(സ) യോട് രൂപഭാവത്തിൽ വളരെ സാമ്യമുള്ള വ്യക്തി ആയിരുന്നു. തിരുനബി(സ) തന്‍റെ മകൾ ഹദ്റത് ഫാത്തിമ(റ)യെ അത്യധികം സ്‌നേഹിച്ചിരുന്നത് പോലെ തന്നെ അവരുടെ കുട്ടികളോടും തിരുനബി (സ) ക്ക് പ്രത്യേക സ്‌നേഹമായിരുന്നു. പല അവസരങ്ങളിലും തിരുനബി(സ) പറയുമായിരുന്നു, “ദൈവമേ! എനിക്ക് ഈ കുട്ടികളെ ഇഷ്ടമാണ്. നീയും അവരെ സ്നേഹിക്കുകയും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുകയും ചെയ്യേണമേ. പലപ്പോഴും തിരുനബി(സ) നമസ്കാരത്തിൽ മുഴുകുകയും ഹസൻ(റ) നബി(സ)യെ ചുറ്റിപ്പിടിക്കുകയും ചെയ്യുമായിരുന്നു. തിരുനബി(സ) റുകൂഇലായിരിക്കുമ്പോൾ ഹസൻ(റ) കാലുകൾക്കിടയിലൂടെ തെന്നിമാറുമായിരുന്നു. ചില സമയങ്ങളിൽ, സ്വഹാബികൾ ഹസനെ  അങ്ങനെ ചെയ്യുന്നതിൽ നിന്ന് തടയുമ്പോൾ “അവൻ കളിക്കട്ടെ” എന്ന് പറഞ്ഞ് നബി(സ) സ്വഹാബികളെ തടയുമായിരുന്നു. കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹപ്രകടനത്തിന് തടസ്സം നില്ക്കാൻ തിരുനബി (സ) ആഗ്രഹിച്ചിരുന്നില്ല. ഒരവസരത്തിൽ, ഇമാം ഹസനെ സംബന്ധിച്ച്, തിരുനബി(സ) പറഞ്ഞു, “എന്‍റെ ഈ കുട്ടി ഒരു സയ്യിദ് (തലവൻ) ആണ്. അവനിലൂടെ ദൈവം മുസ്‌ലിംകൾക്കിടയിൽ രണ്ട് കക്ഷികളെ അനുരഞ്ജിപ്പിക്കുന്ന ഒരു സമയം വരും. അങ്ങനെ  അനുയോജ്യമായ സമയത്ത് ഈ പ്രവചനം പൂർത്തിയായി.”.[4] 

ഫലസ്തീനു വേണ്ടി പ്രാർത്ഥനക്കുള്ള ആഹ്വാനം

ഖലീഫാ തിരുമനസ്സ് പറയുന്നു: ഫലസ്തീനു വേണ്ടിയുള്ള പ്രാർത്ഥനകളിലേക്ക് ഇന്നും നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുകയാണ്. എല്ലാവരും പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കുക. ഇപ്പോൾ ക്രൂരതകൾ എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണ്. ഹമാസിനെതിരായ പോരാട്ടത്തിന്‍റെ പേരിൽ നിരപരാധികളായ കുട്ടികളും സ്ത്രീകളും പ്രായമായവരും കൊല്ലപ്പെടുന്നു. പരിഷ്കൃതമെന്ന് വിളിക്കപ്പെടുന്ന ഈ ലോകം യുദ്ധത്തിന്‍റെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയിരിക്കുന്നു. സർവ്വശക്തനായ അല്ലാഹു മുസ്‌ലിം രാജ്യങ്ങൾക്ക് ചിന്തിക്കാനുള്ള കഴിവ് നൽകട്ടെ.

മുസ്‌ലിംകൾ ഐക്യപ്പെടണമെന്ന് വർഷങ്ങൾക്ക് മുമ്പ് രണ്ടാം ഖലീഫയായ ഹദ്റത് മുസ്‌ലിഹ് മൗദ്(റ) ഉദ്‌ബോധിപ്പിച്ചിരുന്നു.  എല്ലാവരും ഒന്നൊന്നായി മരിച്ചു വീഴണോ  അതോ ഒരൊറ്റ അസ്തിത്വമെന്ന നിലയിൽ തങ്ങളുടെ അസ്തിത്വം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവർ തീരുമാനിക്കണം.

ഇപ്പോഴുള്ള അവസ്ഥ എന്തെന്നാൽ ഉംറ ചെയ്യാൻ പോകുന്നവരോട് ഒരിക്കലും  ഇസ്രായേലിനെക്കുറിച്ചോ ഫലസ്തീനെക്കുറിച്ചോ ഒന്നും സംസാരിക്കരുത് എന്നാണത്രെ പറയപ്പെടുന്നത്. വിസ അനുവദിക്കുമ്പോൾ സർക്കാർ നൽകുന്ന നിർദേശങ്ങളാണിത്. ഇത് സത്യമാണെങ്കിൽ  അത് മുസ്‌ലിം സർക്കാരിന്‍റെ വലിയ ഭീരുത്വപ്രകടനമാണ്. ഏത് സാഹചര്യത്തിലും  ഉംറയുടെ ചടങ്ങുകൾ പ്രധാനമാണ്. അത് അനുഷ്ഠിക്കേണ്ടതാണ്. അവിടെ വെച്ച് ഒന്നും പറയേണ്ടതില്ലെങ്കിലും തീർച്ചയായുംപ്രാർത്ഥിക്കണം.                                  മുസ്‌ലിം രാജ്യങ്ങൾ ശബ്ദമുയർത്തുണ്ടെങ്കിൽ പോലും അത് വളരെ ദുർബലമാണ്. ചില അമുസ്‌ലിം സർക്കാരുകളും വ്യകതികളും ശബ്ദങ്ങൾ ഉയർത്തിയിട്ടുണ്ട്. അല്ലാഹു മുസ്‌ലിംകൾക്ക് ധൈര്യവും വിവേകവും നല്കട്ടെ.

യുഎൻ സെക്രട്ടറി ജനറൽ വളരെ നല്ല ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.  എന്നാൽ അദ്ദേഹത്തിന്‍റെ ശബ്ദത്തിന് യാതൊരു പ്രാധാന്യവും നൽകപ്പെടുന്നില്ല. ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്താൽ യുഎൻ പോലും നിലനിൽക്കില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നൽകട്ടെ.

ലോകം അതിന്‍റെ നാശത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു. ഈ നാശത്തിന് ശേഷവും അവശേഷിക്കുന്നവർക്ക് അല്ലാഹു ജ്ഞാനം നൽകുകയും ദൈവത്തിലേക്ക് തിരിയാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യട്ടെ. എന്തായാലും ഇക്കാര്യത്തിൽ നാം വളരെയധികം പ്രാർത്ഥിക്കണം. അല്ലാഹു ലോകത്തോട് കരുണ കാണിക്കട്ടെ.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 296-297

[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 297-305

[3 ] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 311-315

[4] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 315-316

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed