ദൈനംദിന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍: ഭാഗം 1

ആര്‍ത്തവം, ഈദ് ഖുത്ബ, ഇഅ്‌തികാഫ്, പര്‍ദ്ദ, നോമ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് അഹ്‌മദിയ്യാ ഖലീഫ നല്കിയ മറുപടികള്‍.

ദൈനംദിന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍: ഭാഗം 1

ആര്‍ത്തവം, ഈദ് ഖുത്ബ, ഇഅ്‌തികാഫ്, പര്‍ദ്ദ, നോമ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് അഹ്‌മദിയ്യാ ഖലീഫ നല്കിയ മറുപടികള്‍.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള ഖലീഫ, ഹദ്‌റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹു) തന്‍റെ കത്തിടപാടുകളിലൂടെയും എം.ടി.എ ഇന്‍റെര്‍നാഷണൽ ചാനലിലെ പ്രോഗ്രാമുകളിലുടെയും, കൂടാതെ മറ്റനവധി സന്ദര്‍ഭങ്ങളിലും ഇസ്‌ലാമിക അധ്യാപനങ്ങളെയും പ്രശ്‌നപരിഹാരങ്ങളെയും കുറിച്ച് നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വായനാക്കാരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

സമ്പാദകൻ: സഹീർ അഹ്‌മദ് ഖാൻ, റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ്, പ്രൈവറ്റ് സെക്രട്ടേറിയറ്റ്, ലണ്ടൻ.

അവലംബം: അല്‍ ഹക്കം

വിവര്‍ത്തനം: മുഹമ്മദ്‌ അദ്‌നാൻ എ.കെ, ഖാദിയാൻ

ആര്‍ത്തവ കാലത്തെ വിശുദ്ധ ഖുര്‍ആൻ പാരായണം

വിശുദ്ധ ഖുര്‍ആന്‍റെ ലിഖിതങ്ങൾ അടങ്ങിയ പകര്‍പ്പ് കയ്യിൽ എടുത്ത് പാരായണം ചെയ്യുന്നതിനോ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ, അതുപോലുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നോ ആര്‍ത്തവ സമയത്ത് ഖുര്‍ആൻ പാരായണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫുഖഹാക്കളുടെയും(കര്‍മശാസ്ത്ര വിദഗ്ദർ) മറ്റ് പണ്ഡിതരുടെയും ഉദ്ധരണികൾ ഉള്‍ക്കൊള്ളുന്ന ഒരു ഗവേഷണം ഒരാൾ ഖലീഫത്തുൽ മസീഹിനു സമര്‍പ്പിച്ചു കൊണ്ട് ഈ വിഷയത്തിൽ മാര്‍ഗനിര്‍ദേശം തേടുകയുണ്ടായി. അതിനുള്ള മറുപടി കത്തിൽ (2018 ഒക്ടോബർ 5)  ഖലീഫാ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞു:

ഫുഖഹാക്കള്‍ക്കും മറ്റ് പണ്ഡിതര്‍ക്കുമിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പൂര്‍വസൂരികൾ തങ്ങളുടെ ഖുര്‍ആൻ പരിജ്ഞാനത്തിന്‍റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആൻ, പരിശുദ്ധ പ്രവാചകൻ(സ)യുടെ ഹദീസുകൾ, വാഗ്ദത്ത മസീഹ്(അ)ന്‍റെ വചനങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ ഈ വിഷയത്തിൽ എന്‍റെ നിലപാട് ഇപ്രകാരമാണ്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് മനഃപാഠമാക്കിയിട്ടുള്ള വിശുദ്ധ ഖുര്‍ആനിലെ ഭാഗങ്ങൾ ഖുര്‍ആൻ കയ്യിൽ എടുക്കാതെ പാരായണം ചെയ്യാവുന്നതാണ്.

കൂടാതെ അവശ്യഘട്ടത്തിൽ, അതായത് ആര്‍ക്കെങ്കിലും വല്ല റഫറന്‍സും നല്കാനോ, കുട്ടികളെ വിശുദ്ധ ഖുര്‍ആൻ പഠിപ്പിക്കാനോ ആണെങ്കിൽ വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആൻ പിടിച്ച് അതിൽ നിന്നും അല്പം പാരായണം ചെയ്യുകയുമാകാം. എന്തായാലും, പതിവു രീതിക്കനുസരിച്ച് പാരായണം ചെയ്യാൻ പാടുള്ളതല്ല.

അതുപോലെ തന്നെ, ആര്‍ത്തവ സമയത്ത് കമ്പ്യൂട്ടറുകളും മറ്റും ഉപയോഗിച്ചും-വിശുദ്ധ ഖുര്‍ആൻ നേരിട്ട് സ്പര്‍ശിക്കുന്നില്ലെങ്കിൽ തന്നെയും-പതിവായി വിശുദ്ധ ഖുര്‍ആൻ പാരായണം ചെയ്യാൻ അനുവാദമില്ല. എന്നിരുന്നാലും, ഒരു റഫറന്‍സ് തിരയുന്നതിനോ അല്ലെങ്കിൽ ആര്‍ക്കെങ്കിലും ഒരു റഫറന്‍സ് നല്കുന്നതിനോ കമ്പ്യൂട്ടറുകളിലും മറ്റും വിശുദ്ധ ഖുര്‍ആൻ പരിശോധിക്കുന്നതിൽ തെറ്റൊന്നുമില്ല.

ആര്‍ത്തവ സമയത്തെ പള്ളി പ്രവേശനം

ആര്‍ത്തവ സമയത്ത് സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട് ഒരു സ്ത്രീ ഖലീഫാ തിരുമനസ്സിന്(അയ്യദഹുല്ലാഹ്) ഒരു കത്തയക്കുകയുണ്ടായി. അതിൽ ആധുനിക കാലത്തെ സ്ത്രീ ശുചിത്വ ഉല്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് പരാമര്‍ശിക്കുകയും പള്ളികളിൽ നടക്കുന്ന ജമാഅത്ത് മീറ്റിംഗുകളിൽ ആര്‍ത്തവമുള്ള സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ചും, ആര്‍ത്തവമുള്ള അമുസ്‌ലിം വനിതാ അതിഥികള്‍ക്ക് പള്ളി സന്ദര്‍ശിക്കാൻ അവസരം നല്കുന്നതിനെക്കുറിച്ചും മാര്‍ഗനിര്‍ദേശം തേടുകയുമുണ്ടായി. അതിനുള്ള മറുപടി കത്തിൽ (2020 മെയ് 14) ഖലീഫാ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞു:

ആര്‍ത്തവകാലത്ത് സ്ത്രീകൾ പള്ളിയിലേക്ക് എന്തെങ്കിലും കൊണ്ടുവരുന്നതും,  പള്ളിയിൽ നിന്ന് എന്തെങ്കിലും കൊണ്ടുപോകുന്നതും,  പള്ളിയിൽ ഇരിക്കുന്നതും സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങൾ പരിശുദ്ധ പ്രവാചകൻ(സ) വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങളുടെ കത്തിൽ സൂചിപ്പിച്ചതുപോലെ,  പുണ്യപ്രവാചകൻ(സ) പള്ളിയിൽ പായകൾ നിരത്താനും മറ്റും രജസ്വലകളായ തന്‍റെ ഭാര്യമാരെ അനുവദിച്ചിരുന്നു എന്നത് ശരിയാണ്. എന്നിരുന്നാലും,  ആര്‍ത്തവ സമയത്ത് പള്ളിയിൽ ഇരിക്കുന്നതിനെ പ്രവാചകൻ(സ) വിലക്കിയതായി ഹദീസുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

എന്നാല്‍ അവിവാഹിതരായ പെണ്‍കുട്ടികൾ, പര്‍ദ ധരിക്കുന്ന യുവതികൾ, ആര്‍ത്തവമുള്ള സ്ത്രീകൾ എന്നിവർ എല്ലാവരും രണ്ട് ഈദിനും നിര്‍ബന്ധമായും പങ്കെടുക്കാൻ വിശുദ്ധ പ്രവാചകൻ(സ) നിര്‍ദേശിച്ചിരുന്നു. തട്ടം കൈവശമില്ലാത്ത സ്ത്രീകളോട് ഈദിൽ പങ്കെടുക്കാൻ മറ്റു സഹോദരിമാരിൽ നിന്ന് താല്‍ക്കാലികമായി വാങ്ങാനും നിര്‍ദേശിക്കുകയുണ്ടായി. എന്നിരുന്നാലും, ആര്‍ത്തവമുള്ള സ്ത്രീകൾ പ്രാര്‍ഥനാ മുറിയിൽ നിന്ന് മാറി ഈദ് നമസ്‌കാരത്തോട് അനുബന്ധിച്ചുള്ള ദുആയിൽ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചു.

അതുപോലെ, ഹജ്ജത്തുൽ വിദായുടെ (വിടവാങ്ങൽ ഹജ്ജിന്‍റെ) അവസരത്തിൽ, എല്ലാ മുസ്‌ലിങ്ങളും ഉംറയ്ക്ക് മുമ്പ് ഹജ്ജ് നിര്‍വഹിക്കുമ്പോൾ ഹദ്‌റത്ത് ആയിശാ(റ) രജസ്വലയായിരുന്നു. കഅ്ബയ്ക്ക് ചുറ്റും തവാഫ് ചെയ്യാൻ പള്ളിയിൽ ഒരുപാട് സമയം ചിലവഴിക്കേണ്ടി വരുന്നതു കാരണം ഉംറ നിര്‍വഹിക്കാൻ തിരുദൂതർ(സ) അവരെ അനുവദിക്കുകയുണ്ടായില്ല. എന്നാൽ ഹജ്ജിനു ശേഷം അവരുടെ ആര്‍ത്തവസമയം കഴിഞ്ഞപ്പോൾ അവരെ ഉംറ നിര്‍വഹിക്കാൻ തിരുദൂതർ(സ) പ്രത്യേകം പറഞ്ഞയക്കുകയും ചെയ്തു.

അതിനാൽ തന്നെ, ഹദീസുകളിൽ ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളിരിക്കെ നമ്മുടെ സ്വന്തം താല്പര്യങ്ങള്‍ക്കായി പുതിയ ന്യായങ്ങൾ കണ്ടെത്താൻ ശ്രമിക്കരുത്.

ഇനി സ്ത്രീകള്‍ക്ക് അക്കാലത്ത് ഇന്ന് ലഭ്യമായിട്ടുള്ള ആധുനിക ശുചിത്വ മാര്‍ഗങ്ങൾ ഉണ്ടായിരുന്നില്ല എന്ന വാദത്തെ കുറിച്ച് പരിശോധിക്കാം. അക്കാര്യം ശരി തന്നെ. എന്നാൽ അവര്‍ക്ക് ഒട്ടും ശുചിത്വം പാലിക്കാൻ കഴിഞ്ഞിരുന്നില്ലെന്നോ അവിടെയുമിവിടെയും അവരുടെ ആര്‍ത്തവരക്തം വീഴാറുണ്ടായിരുന്നെന്നോ അതര്‍ഥമാക്കുന്നില്ല. ഓരോ കാലത്തും മനുഷ്യർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മെച്ചപ്പെട്ട സംവിധാനങ്ങൾ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. അതിനാൽ, സ്ത്രീകൾ മുന്‍കാലങ്ങളിലും അവരുടെ ശുചിത്വം ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കാറുണ്ടായിരുന്നു.

മാത്രമല്ല, ആധുനിക ശുചിത്വ ഉല്പന്നങ്ങളിൽ പോലും തീര്‍ച്ചയായും ചില പോരായ്മകളുണ്ട്. അമിത രക്തസ്രാവം ഉണ്ടാകുന്ന ചില സ്ത്രീകളിൽ, അവരുടെ പാഡുകൾ ചോരുന്നതിനാൽ  അവരുടെ വസ്ത്രങ്ങൾ ചിലപ്പോൾ വൃത്തികേടാകാറുണ്ട്.

ഇസ്‌ലാമികാധ്യാപനങ്ങൾ ശാശ്വതവും പരിശുദ്ധ പ്രവാചകൻ(സ)യുടെ കാലത്തെന്ന പോലെ എല്ലാ കാലത്തിനും സമാനമായി ബാധകവുമാണ്.

പ്രാര്‍ഥനാമുറിയല്ലാതെ മറ്റൊരു സ്ഥലവും (പള്ളിയിൽ) ഇല്ലെങ്കിൽ നിര്‍ബന്ധസാഹചര്യത്തിൽ, അതേ മുറിയുടെ ഒരറ്റത്ത്, സാധാരണയായി പ്രാര്‍ഥിക്കാത്ത വാതിലിനടുത്തായുള്ള ഒരു സ്ഥലം നിശ്ചയിക്കുക. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അവിടെ ഇരിക്കാം അല്ലെങ്കിൽ, പള്ളിയുടെ ഒരറ്റത്ത് അത്തരം സ്ത്രീകള്‍ക്കായി കസേരകൾ ക്രമീകരിക്കാം. അങ്ങനെ പ്രാര്‍ഥനാസ്ഥലം മലിനമാകാനുള്ള നേരിയ സാധ്യത പോലും ഒഴിവാക്കാവുന്നതാണ്.

പള്ളി സന്ദര്‍ശിക്കുന്ന അമുസ്‌ലിം സ്ത്രീ സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം, ഒന്നാമതായി, അവർ സാധാരണയായി പള്ളിയിൽ ഇരിക്കാറില്ല. മറിച്ച്, അവര്‍ക്ക് പള്ളി സന്ദര്‍ശിക്കാനും അവിടം ചുറ്റി കാണാനുമാണ് നമ്മൾ അവസരമൊരുക്കാറുള്ളത്. അതിന് പള്ളിയിൽ നിന്ന് പായ എടുക്കുന്നതിനോ അവിടെ പായ വിരിക്കുന്നതിനോ ഉള്ള സമയദൈര്‍ഘ്യം മതിയാകും. (മുകളിലെ ഹദീസിൽ സൂചിപ്പിച്ചതുപോലെ). എന്നിരുന്നാലും, അവരെ പള്ളിയിൽ ഇരുത്തേണ്ടി വരികയാണെങ്കിൽ തന്നെ, പായകളിൽ ഇരുത്തുന്നതിനുപകരം പള്ളിയുടെ അഗ്രഭാഗത്തുള്ള കസേരകളിൽ ഇരുത്തേണ്ടതാണ്.

ഈദ് ഖുത്ബയിൽ പങ്കെടുക്കുന്നതിൽ ഇളവ്

മേല്പറഞ്ഞ മറുപടിയിൽ, ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ഈദ് വേളയിൽ ദുആയിൽ പങ്കെടുക്കുന്നത് പരിശുദ്ധ പ്രവാചകൻ(സ) നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ഈദ് ഖുത്ബ കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി വിശുദ്ധ പ്രവാചകന്‍റെ ഒരു ഹദീസിന്‍റെ വെളിച്ചത്തിൽ ഖലീഫാ തിരുമനസ്സിന് (അയ്യദഹുല്ലാഹു) നല്കിയ മറുപടി വായനക്കാര്‍ക്കായി ചുവടെ ചേര്‍ക്കുകയാണ്.

സുനൻ അൽ ദാറഖുത്‌നിയിലെ പുണ്യപ്രവാചകൻ(സ) ഈദ് നമസ്‌ക്കാരത്തിനു ശേഷം ഇനി ഈദ് ഖുത്ബ നടക്കുന്നതാണെന്നും അതിൽ ആര്‍ക്കും ഇഷ്ടം പോലെ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാമെന്നും പറഞ്ഞ ഹദീസ് ശരിയാണോ എന്ന് ഒരു വ്യക്തി ചോദിക്കുകയുണ്ടായി. അതിനുള്ള മറുപടി കത്തിൽ (2020 ഒക്ടോബർ 20) ഖലീഫാ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഇപ്രകാരം പറയുന്നു:

ഈദ് ഖുത്ബ ഒഴിവാക്കുന്നതിനെ സംബന്ധിച്ച് നിങ്ങളുടെ കത്തിൽ പരാമര്‍ശിച്ച ദാറഖുത്‌നിയിൽ നിന്നുമുള്ള ഹദീഥ് സുനൻ അബീ ദാഊദിലും വിവരിച്ചിട്ടുണ്ട്.

പരിശുദ്ധ പ്രവാചകൻ(സ) ജുമുഅ ഖുത്ബയിൽ പങ്കെടുക്കുകയും പൂര്‍ണ നിശബ്ദതയോടെ അത് കേള്‍ക്കുകയും ചെയ്യണമെന്ന് ഊന്നിപ്പറഞ്ഞതുപോലെ ഈദ് ഖുത്ബ കേള്‍ക്കുന്നതിന് ഊന്നൽ നല്കിയിട്ടില്ല എന്നതും ശരിയാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ, ഫുഖഹാക്കളും മറ്റ് പണ്ഡിതന്മാരും ഈദ് ഖുത്ബയെ ഒരു സുന്നത്തും മുസ്തഹബ്ബും (അതായത് പ്രവാചകൻ(സ) അനുഷ്ഠിച്ച ഒരു അഭികാമ്യമായ കര്‍മ്മം) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈദ് നമസ്‌കാരത്തിൽ പങ്കെടുക്കുന്നതും മുസ്‌ലിങ്ങളുടെ കൂടെ ദുആയിൽ പങ്കുചേരുന്നതും പുണ്യപ്രവൃത്തിയാണെന്ന് പ്രവാചകൻ(സ) പ്രസ്താവിച്ചിട്ടുണ്ടെന്നും ഓര്‍ക്കേണ്ടതാണ്. സ്വന്തമായി ശിരോവസ്ത്രം ഇല്ലാത്ത ഒരു സ്ത്രീ ഈദ് നമസ്‌കാരത്തിൽ പങ്കെടുക്കാൻ തന്‍റെ സഹോദരിമാരിൽ നിന്നും അത് കടം വാങ്ങണമെന്നും നബി തിരുമേനി(സ) നിര്‍ദേശിച്ചിട്ടുണ്ട്. മാത്രവുമല്ല, ആര്‍ത്തവമുള്ള സ്ത്രീകള്‍കൾ ഈദിന്‍റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഊന്നൽ നല്കിക്കൊണ്ട്, പ്രാര്‍ഥനാ സ്ഥലത്ത് നിന്ന് മാറിനിന്നുകൊണ്ട് അവർ നിര്‍ബന്ധമായും ദുആയിൽ പങ്കുചേരണമെന്ന് പ്രവാചകന്‍(സ) നിര്‍ദേശിച്ചു.

വീടുകളിൽ ഇഅ്തികാഫ് ഇരിക്കുന്നതിനെ സംബന്ധിച്ച്

റമദാൻ മാസത്തിലെ ഇഅ്തികാഫ് (ഏകാന്ത തപം) വീട്ടിൽ നിര്‍വഹിക്കാൻ അനുവാദമുണ്ടോ എന്നും, അങ്ങനെയെങ്കിൽ അതിന്‍റെ ദൈര്‍ഘ്യം മൂന്ന് ദിവസം ആകാമോ എന്നും ഒരിക്കൽ ഒരു സ്ത്രീ ചോദിച്ചു. അതിനുള്ള മറുപടി കത്തിൽ (2015 ഓഗസ്റ്റ് 9) ഖലീഫാ തിരുമനസ്സ് (അയ്യദഹുല്ലാഹു) ഇപ്രകാരം മറുപടി പറഞ്ഞു:

റമദാനിൽ നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് (പ്രവാചകചര്യ) ഉള്ള ഇഅ്ത്തിക്കാഫിനെ സംബന്ധിച്ചിടത്തോളം, വിശുദ്ധ ഖുര്‍ആനിൽ നിന്നും ഹദീസിൽ നിന്നും ഇത് മൂന്ന് ദിവസത്തേക്ക് വീട്ടിൽ നിര്‍വഹിക്കാൻ കഴിയില്ലെന്ന് തെളിയുന്നുണ്ട്.

റമദാനിൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും പ്രവാചകൻ(സ) പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നുവെന്ന് പ്രവാചകചര്യകളിൽ നിന്നും വ്യക്തമാണ്. ഒരു ഹദീസിൽ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു:

عَنْ عَائِشَةَ رَضِيَ اللّٰهُ عَنْهَا زَوْجِ النَّبِيِّ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ أَنَّ النَّبِيَّ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ  الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللّٰهُ

“റമദാനിലെ അവസാന പത്ത് നാളുകളിൽ പ്രവാചകൻ(സ) ഇഅ്തികാഫ് നിര്‍വ്വഹിക്കാറുണ്ടായിരുന്നു.”[1]

അതുപോലെതന്നെ, വിശുദ്ധ ഖുര്‍ആനിൽ റമദാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് അള്ളാഹു പറയുന്നു:

وَلَا تُبَاشِرُوْهُنَّ وَأَنْتُمْ عَاكِفُوْنَ فِي الْمَسَاجِدِ

അതായത്, ഒന്നാമതായി, റമദാനിലെ ഇഅ്തികാഫ് സമയത്ത് ഭാര്യാ ഭര്‍ത്താക്കന്മാർ തമ്മിൽ ഒരുതരത്തിലുമുള്ള ശാരീരികബന്ധവും അനുവദനീയമല്ല, രണ്ടാമതായി, ഇഅ്തികാഫിനായി നിയുക്തമായ സ്ഥലം പള്ളിയാണ്.[2]

റമദാനിലെ ഇഅ്തികാഫ് പള്ളിയിൽ മാത്രമേ നിര്‍വഹിക്കാൻ പാടുള്ളൂ എന്ന് ഒരു ഹദീസിൽ ഈ വിഷയത്തിൽ വിശദീകരണമായി നമുക്ക് കാണാൻ സാധിക്കും. ഹദ്‌റത്ത് ആയിശ(റ) വിവരിക്കുന്നു:

السُّنَّةُ عَلَى الْمُعْتَكِفِ أَنْ لَا يَعُوْدَ مَرِيضًا وَلَا يَشْهَدَ جَنَازَةً وَلَا يَمَسَّ امْرَأَةً وَلَا يُبَاشِرَهَا وَلَا يَخْرُجَ لِحَاجَةٍ إِلَّا لِمَا لَا بُدَّ مِنْهُ وَلَا اعْتِكَافَ إِلَّا بِصَوْمٍ وَلَا اعْتِكَافَ إِلَّا فِي مَسْجِدٍ جَامِعٍ

“ഇത്തികാഫ് ആചരിക്കുന്ന ഒരാളുടെ സുന്നത്തുകൾ ഇപ്രകാരമാണ്: അയാൾ രോഗിസന്ദര്‍ശനം നടത്തരുത്, ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കരുത്, ഭാര്യയെ സ്പര്‍ശിക്കരുത് അല്ലെങ്കിൽ അവളുമായി ബന്ധം പുലര്‍ത്തരുത്, ഒഴിവാക്കാൻ കഴിയാത്ത ഏറ്റവും അത്യാവശ്യമായ കാരണങ്ങള്‍ക്കൊഴികെ മറ്റൊന്നിനും പള്ളിയിൽ നിന്ന് പുറത്തുപോകരുത്. നോമ്പെടുക്കാതെ ഇഅ്തികാഫില്ല, പള്ളിയിലല്ലാതെ ഇഅ്ത്തികാഫ് ഇല്ല.”[3]

അതിനാൽ, വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍റെ ഹദീസും അനുസരിച്ച്, പരിശുദ്ധ പ്രവാചകൻ(സ) അനുഷ്ഠിച്ചുവന്ന റമദാനിലെ സുന്നത്ത് ഇഅ്ത്തിക്കാഫ് ഒരു പള്ളിയിൽ തന്നെ കുറഞ്ഞത് പത്ത് ദിവസമെങ്കിലും ഇരിക്കുക എന്നതാകുന്നു.

എന്നിരുന്നാലും, ആരെങ്കിലും റമദാനിലല്ലാതെ കുറച്ച് ദിവസത്തേക്ക് വീട്ടിൽ ഭക്തിയോടെ കഴിയാനും ആത്മീയ പ്രതിഫലം തേടാനും ആഗ്രഹിക്കുന്നുവെങ്കിൽ, അവര്‍ക്ക് അങ്ങനെ ചെയ്യാൻ അനുവാദമുണ്ട്. അതിൽ എവിടെയും ഒരു വിലക്കും നാം കാണുന്നില്ല. മാത്രമല്ല, ചില ഫുഖാഹകൾ സ്ത്രീകൾ വീട്ടിൽ ഇഅതികാഫ് ആചരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്‍റെ പ്രസിദ്ധ ഗ്രന്ഥമായ അല്‍ഹിദായയിൽ ഇത്തരം ഒരു പ്രസ്താവന നമുക്ക് കാണം:

اما المرأۃ تعتکف فی مسجد بیتھا

“സ്ത്രീകള്‍ക്ക് അവരുടെ വീട്ടിൽ അവർ സാധാരണയായി നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലത്ത് ഇഅ്തികാഫ് ഇരിക്കാവുന്നതാണ്.”[4]

ഹദ്‌റത്ത് മുസ്‌ലിഹ്‌ മഊദ്(റ) ഈ വിഷയത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു:

“പള്ളിയല്ലാതെ മറ്റിടങ്ങളിലും ഒരാള്‍ക്ക് ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. പക്ഷേ പള്ളിയിൽ ഇരിക്കുന്നതിനു ലഭിക്കുന്ന നന്മ സമ്പാദിക്കാൻ അവര്‍ക്ക് കഴിയില്ല.”[5]

തലമറയ്ക്കുന്ന സ്‌കാര്‍ഫ് ധരിച്ചുതുടങ്ങേണ്ട പ്രായം

2013 ഒക്ടോബർ 12 ന് ഓസ്‌ട്രേലിയയിൽ വെച്ച് നടന്ന ഗുല്‍ശനെ-വഖ്‌ഫെ-നൗ പരിപാടിയിൽ ഒരു പെണ്‍കുട്ടി ഖലീഫ തിരുമനസ്സ്(അയ്യദഹുല്ലാഹ്)നോട് പെണ്‍കുട്ടികൾ സ്‌കാര്‍ഫ് ധരിക്കാൻ തുടങ്ങേണ്ടുന്ന പ്രായത്തെക്കുറിച്ച് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായി ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) പറഞ്ഞു:

നിങ്ങള്‍ക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ലെഗ്ഗിംഗ്‌സ് കൂടാതെ നിങ്ങൾ ഫ്രോക്ക് ധരിക്കരുത്. നിങ്ങളുടെ വസ്ത്രധാരണം മാന്യമായിരിക്കണം എന്ന തോന്നൽ ക്രമേണ വളര്‍ത്തിയെടുക്കുന്നതിന് നിങ്ങളുടെ കാലുകൾ മൂടിവെക്കേണ്ടതാണ്. നിങ്ങൾ സ്ലീവ്‌ലെസ്സായ ഫ്രോക്ക് ധരിക്കരുത്.

അങ്ങനെ, നിങ്ങള്‍ക്ക് ആറോ ഏഴോ വയസ്സാകുമ്പോൾ, നിങ്ങളുടെ ലെഗ്ഗിംഗ്‌സിന്‍റെ കാര്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. നിങ്ങള്‍ക്ക് 10 വയസ്സ് തികയുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള സ്‌കാര്‍ഫ് ധരിക്കുന്ന ശീലം വളര്‍ത്തിയെടുക്കാൻ നിങ്ങൾ ശ്രമിക്കണം.

നിങ്ങള്‍ക്ക് 11 വയസ്സ് തികയുമ്പോൾ, നിങ്ങൾ സ്‌കാര്‍ഫ് ശരിയായി ധരിക്കണം. സ്‌കാര്‍ഫ് ധരിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ല. ഇവിടുത്തെ തദ്ദേശവാസികൾ പോലും ശൈത്യകാലത്ത് സ്‌കാര്‍ഫ് ധരിക്കുന്നു. തണുപ്പ് കാരണം അവർ ചെവി മൂടുന്നില്ലേ?  അതുമൊരു സ്‌കാര്‍ഫാണ്,  ഇങ്ങനെ നിങ്ങൾ ശിരോവസ്ത്രം ധരിക്കുക.

ചില പെണ്‍കുട്ടികൾ 10 വയസ്സ് തികയുമ്പോൾ തന്നെ വളര്‍ച്ചയെത്തിയത് പോലെ കാണപ്പെടുന്നു. അവര്‍ക്ക് 10 വയസ്സായിരിക്കാം പക്ഷേ മറ്റുള്ളവര്‍ക്ക് അവർ 12 വയസ്സുള്ള പെണ്‍കുട്ടികളാണെന്ന് തോന്നും. ചിലപ്പോൾ ഉയരം കാരണം അവര്‍ക്ക് പ്രായമായതായി തോന്നിയേക്കാം. അതിനാൽ, ഓരോ പെണ്‍കുട്ടിയും അവള്‍ക്ക് പ്രായത്തിൽ കവിഞ്ഞ ശരീര വളര്‍ച്ചയുണ്ടെങ്കിൽ, അവൾ ഒരു സ്‌കാര്‍ഫ് ധരിക്കേണ്ടതാണ്.

ചെറുപ്രായത്തിൽ തന്നെ സ്‌കാര്‍ഫ് ധരിക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയാണെങ്കിൽ, നിങ്ങള്‍ക്ക് അതിൽ പിന്നീട് നാണക്കേട് തോന്നില്ല. അല്ലാത്തപക്ഷം,  ജീവിതകാലം മുഴുവൻ നിങ്ങള്‍ക്ക് നാണക്കേട് തോന്നുന്നതാണ്. നിങ്ങൾ 12, 13, അല്ലെങ്കിൽ 14 വയസ്സ് തികയുമ്പോൾ സ്‌കാര്‍ഫ് ധരിക്കുമെന്ന് ഇപ്പോൾ പറയുകയാണെങ്കിൽ,  ഞാൻ സ്‌കാര്‍ഫ് ധരിച്ചാൽ മറ്റ് പെണ്‍കുട്ടികൾ എന്നെ പരിഹസിക്കുമല്ലോ, അവർ എന്നെ നോക്കി ചിരിക്കുമല്ലോ. എന്നായിരിക്കും അപ്പോൾ നിങ്ങൾ പറയുക. ഈ മാനസികാവസ്ഥ നിലനില്‍ക്കുകയും നാണക്കേട് കാരണം നിങ്ങൾ  പൂര്‍ണമായും സ്‌കാര്‍ഫ് ധരിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

അതിനാൽ, ഇടയ്ക്കിടെ സ്‌കാര്‍ഫ് ധരിച്ചുകൊണ്ട് അത് ശീലിക്കാൻ ശ്രമിക്കുക. നിങ്ങള്‍ക്ക് ഏഴോ എട്ടോ ഒമ്പതോ വയസ്സാകുമ്പോൾ സ്‌കാര്‍ഫ് ധരിക്കാൻ ആരംഭിക്കുക. മറ്റ് പെണ്‍കുട്ടികളുടെ മുന്നിലും അത് ധരിക്കുക. എങ്കിൽ പിന്നെ നിങ്ങള്‍ക്ക് ഇക്കാര്യത്തിൽ ലജ്ജ തോന്നില്ല. നിങ്ങള്‍ക്ക് പ്രായമാകാൻ തുടങ്ങുമ്പോൾ, സ്‌കാര്‍ഫ് മുഴുവനായി ശരിയായി ധരിക്കുക. അപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ? മനസ്സിലായോ?

ഇപ്പോൾ നിങ്ങള്‍ക്ക് ഇത്രയും മതി. ഇനി മുതിര്‍ന്ന പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, പര്‍ദയുടെ സത്തയും പ്രധാന ഉദ്ദേശ്യവും ലജ്ജയാണെന്ന് അവർ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. പാശ്ചാത്യ,  യൂറോപ്യൻ സ്വാധീനത്തിന് കീഴിൽ വരുന്നവർ ഒരു കാര്യം അറിഞ്ഞിരിക്കണം. പഴയ കാലത്ത് ഇവര്‍പോലും ഇത്രയും നീളമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു (അപ്പോൾ ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) തന്‍റെ കൈകൊണ്ട് വസ്ത്രങ്ങളുടെ നീളം കാണിക്കുകയുണ്ടായി). നീളമുള്ള മാക്‌സി ഫ്രോക്കുകളാണ് അവർ ധരിച്ചിരുന്നത്. എന്നാൽ ഇപ്പോഴാണെങ്കിൽ അവർ ശരീരഭാഗങ്ങൾ മറയ്ക്കാതെ തന്നെ നടക്കുന്നു,  ശരിയല്ലേ?

പാന്‍റ്സും കോട്ടും ടൈയും ഒക്കെ ധരിക്കുമ്പോൾ പുരുഷന്മാർ അന്തസ്സുള്ളവരും well dressed  (മാന്യവസ്ത്ര ധാരികളും) ആയി കണക്കാക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, മിനി സ്‌കേര്‍ട്ടുകൾ ധരിച്ചാൽ മാത്രം അവർ മാന്യവസ്ത്ര ധാരികളായി കണക്കാക്കപ്പെടുന്നു. ഇതാണ് പ്രശ്‌നം. ഇതിന്‍റെ ലോജിക്ക് എനിക്ക് മനസ്സിലാകുന്നില്ല.

അതിനാൽ, പുരുഷന്മാർ എന്ത് പറയുന്നു എന്നു ശ്രദ്ധിക്കേണ്ടതില്ല. സ്വയം നഗ്‌നരാകുന്ന ആ സ്ത്രീകൾ തങ്ങളെത്തന്നെ അപമാനിതരാക്കുകയാണ്. അതിനാൽ, ഓരോ അഹ്‌മദി പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അന്തസ്സ് എന്നത് അവളുടെ മാന്യത ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് എന്ന് മനസ്സിലാക്കുക. കാരണം യഥാര്‍ഥ സത്ത മാന്യതയാണ്. ഈ മാന്യതയാണ് മറ്റുള്ളവർ നിങ്ങളെ ദുരുദ്ദേശ്യത്തോടെ നോക്കുന്നതിൽ നിന്ന് തടയുന്നത്.

നിര്‍ബന്ധ നോമ്പുകൾ അനുഷ്ഠിക്കേണ്ട പ്രായം

2013 ഒക്ടോബർ 12 ന് ഓസ്‌ട്രേലിയയിൽ വെച്ചു നടന്ന അതേ ഗുല്‍ശനെ-വഖ്‌ഫെ-നൗ പ്രോഗ്രാമിനിടെ, മറ്റൊരു പെണ്‍കുട്ടി റമദാനിൽ നോമ്പെടുത്തു തുടങ്ങേണ്ട പ്രായത്തെക്കുറിച്ച് ഖലീഫാ തിരുമനസ്സ്(അയ്യദഹുല്ലാഹ്)നോട് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായി ഖലീഫാ തിരുമനസ്സ്(അയ്യദഹുല്ലാഹു) പറഞ്ഞു:

നിങ്ങൾ പൂര്‍ണമായി പക്വത പ്രാപിക്കുമ്പോൾ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാകും. നിങ്ങൾ ഇപ്പോൾ ഒരു വിദ്യാര്‍ഥിയാണെങ്കിൽ, നിങ്ങള്‍ക്ക് 13, 14 അല്ലെങ്കിൽ 15 വയസ്സാണ് പ്രായമെങ്കിൽ, അതുപോലെ നിങ്ങൾ പരീക്ഷ എഴുതുന്ന സമയമാണെങ്കിൽ നിങ്ങൾ നോമ്പെടുക്കരുത്. നിങ്ങള്‍ക്ക് ഇനി നോമ്പെടുക്കാൻ ശാരീരികമായി കഴിയുമെങ്കിൽ, 15 അല്ലെങ്കിൽ 16 വയസ്സിൽ നോമ്പ് അനുഷ്ഠിക്കുന്നതും നല്ലതാണ്.

സാധാരണയായി 17 അല്ലെങ്കിൽ 18 വയസ്സിലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. ഈ പ്രായം കഴിഞ്ഞ് തീര്‍ച്ചയായും നോമ്പെടുക്കാൻ തുടങ്ങണം. ഇനി നിങ്ങള്‍ക്ക് നോമ്പ് എടുക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ എട്ടോ പത്തോ വയസ്സിൽ ഒന്നോ, രണ്ടോ, മൂന്നോ അല്ലെങ്കിൽ നാലോ നോമ്പ് ഒരു പരീക്ഷണം എന്ന നിലയിൽ എടുക്കാവുന്നതാണ്. എന്നിരുന്നാലും, അത് നിര്‍ബന്ധമല്ല.

നിങ്ങള്‍ക്ക് ഒരു പ്രായം തികയുകയും വിശപ്പ് സഹിക്കാൻ കഴിയുകയും ചെയ്യുമ്പോഴാണ് നോമ്പ് നിര്‍ബന്ധിതമാകുന്നത്. ഇവിടെ (ഓസ്‌ട്രേലിയയിൽ) വ്യത്യസ്തങ്ങളായ സീസണുകളിലെ സമയ വ്യത്യാസം എത്രയാണ്? നിങ്ങള്‍ക്ക് എത്ര മണിക്കൂർ പകൽ വെളിച്ചം ലഭിക്കും? ഇടയത്താഴത്തിനും ഇഫ്താരിക്കും ഇടയിലുള്ള ദൈര്‍ഘ്യം എത്രയാണ്? 12 മണിക്കൂറാണോ? ഇനി വേനല്‍ക്കാലത്ത് എത്ര സമയമെടുക്കും? നിങ്ങൾ 19 മണിക്കൂർ നോമ്പെടുക്കാറുണ്ടോ? അതെയല്ലേ. അപ്പോൾ നിങ്ങള്‍ക്ക് 19 മണിക്കൂർ മുഴുവൻ വിശന്നിരിക്കാൻ സാധിക്കില്ല.

കഴിഞ്ഞ വേനല്‍ക്കാലത്ത് യു.കെ യിലെ നോമ്പ് ദൈര്‍ഘ്യമേറിയതും നിങ്ങളുടെ ഉപവാസം കുറവുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് പതിനെട്ടര മണിക്കൂറായിരുന്നു ഉണ്ടായിരുന്നത്. സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ, അവര്‍ക്ക് 22 മണിക്കൂർ നോമ്പുണ്ട്. എന്തായാലും, നമുക്ക് സമയക്രമം പുനഃക്രമീകരിക്കേണ്ടതുണ്ട്, കാരണം ഒരാള്‍ക്ക് അത്രയും സമയം നോമ്പനുഷ്ഠിക്കാൻ കഴിയില്ല. പക്ഷേ, നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാൽ അതിനുള്ള ശേഷിയുണ്ടാകും.

കുറഞ്ഞത് 17 അല്ലെങ്കിൽ 18 വയസ്സ് പ്രായമാകുമ്പോൾ, നിങ്ങൾ നോമ്പ് എടുത്തുകൊള്ളുക, കുഴപ്പമില്ല. അതുകഴിഞ്ഞ് തീര്‍ച്ചായായും നിങ്ങൾ നോമ്പ് അനുഷ്ഠിക്കണം. മനസ്സിലായോ?

കുട്ടിയുടെ മാതാപിതാക്കൾ എന്താണ് പറയുന്നത്?  പത്തുവയസ്സിൽ നോമ്പ് നിര്‍ബന്ധമാണ് എന്നാണോ അവർ പറയുന്നത്? എന്തായാലും, നിങ്ങൾ ഈ ശീലം വളര്‍ത്തിയെടുക്കണം. ചെറിയ കുട്ടികൾ ഓരോ റമദാനിലും രണ്ടോ മൂന്നോ നോമ്പുകൾ അനുഷ്ഠിക്കണം, അങ്ങനെ അവര്‍ക്ക് റമദാന്‍റെ ഒരനുഭവം നുകകരാൻ കഴിയും. ഇനി നിങ്ങൾ നോമ്പെടുക്കേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ പോലും, രാവിലെ എഴുന്നേറ്റ് മാതാപിതാക്കളോടൊപ്പം അത്താഴം കഴിക്കുക, നഫൽ (ഐഛികമായ) നമസ്‌കാരങ്ങൾ നിര്‍വഹിക്കുക, ഫര്‍ളായ (നിര്‍ബന്ധമായത്) നമസ്‌കാരങ്ങളും കൃത്യമായി നിര്‍വഹിക്കുക.

നിങ്ങളെപ്പോലുള്ള വിദ്യാര്‍ഥികളും പെണ്‍കുട്ടികളും തീര്‍ച്ചയായും റമദാനിൽ നേരത്തേ ഉണരുകയും ഇടയത്താഴം കഴിക്കുകയും അതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തുകയും അതിനുമുമ്പ് രണ്ടോ നാലോ നവാഫിൽ നമസ്‌കാരങ്ങൾ നിര്‍വഹിക്കുകയും, പതിവായി ഫര്‍ളായ നമസ്‌കാരങ്ങൾ നിര്‍വഹിക്കുകയും, വിശുദ്ധ ഖുര്‍ആൻ പതിവായി പാരായണം ചെയ്യുകയും വേണം.

കുറിപ്പുകള്‍

[1] സഹീഹുല്‍ ബുഖാരി, കിതാബുൽ ഇഅ്തികാഫ്, ബാബ് അൽ-ഇഅ്തികാഫി ഫിൽ-അശ്‌രിൽ-അവാഖിരി വൽ ഇഅ്തികാഫിൽ മസാജിദി കുല്ലിഹാ

[2] വിശുദ്ധ ഖുര്‍ആന്‍ 2:188

[3] സുനൻ അബി ദാഊദ്, കിതാബ് അൽ-സിയാം, ബാബ് അൽ-മുഅ്തകിഫി യഊദ്-ഉൽ-മരീദ

[4] അൽ ഹിദായ ഫീ ശര്‍ഹി ബിദായത്തിൽ-മുബ്തദി, ബാബ് അൽ- ഇഅ്തികാഫ്

[5] അൽ ഫസൽ, 6 മാര്‍ച്ച് 1996

3 Comments

Muhammad saleem · ഒക്ടോബർ 1, 2024 at 11:51 am

വളരെ വളരെ ഉഷാറായിട്ടുണ്ട്
ഇനിയും വിവർത്തനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

Rasheeda gafoor · ഒക്ടോബർ 1, 2024 at 1:41 pm

Jazakallah

Safarulla · നവംബർ 24, 2024 at 9:38 am

jazakkallah

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed