ഏപ്രില്‍ 18, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 12 ഏപ്രില്‍ 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം:The Review of Religions
വിവര്‍ത്തനം: ജന്നത്ത് അഫീഫ് എ.പി
തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ്(അ) ഇപ്രകാരം അരുൾ ചെയ്യുകയുണ്ടായി:
റമദാനിന് മുമ്പ്, ഞാൻ നബിതിരുമേനി(സ) നടത്തിയ വിവിധ യുദ്ധങ്ങളെ കുറിച്ചാണ് വിവരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് അത് തുടരുന്നതാണ്.
ഖലീഫാ തിരുമനസ്സ് പറയുന്നു: ഹദ്റത്ത് സഅദ് ബിൻ മുആദ്(റ)ന്‍റെ മാതാവ് നബിതിരുമേനി(സ) കുതിരപ്പുറത്തിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ അടുത്തേക്ക് പോവുകയുണ്ടായി. നബിതിരുമേനി(സ) അവർക്കുവേണ്ടി കുതിരയെ നിർത്തി, അവരുടെ മകൻ ഹദ്റത്ത് അംറ് ബിൻ മുആദ്(റ) ശഹീദായെന്ന് അവരോട് പറഞ്ഞു. നബിതിരുമേനി(സ)യെ സുരക്ഷിതനും സ്വസ്ഥമായ നിലയിലും ആണെന്ന് കണ്ടതോടെ തന്‍റെ ആശങ്കകളെല്ലാം മാറിയെന്ന് അവർ നബിതിരുമേനി(സ)യോട് മറുപടി പറഞ്ഞു. ഉഹുദിലെ എല്ലാ ശുഹദാക്കളും സ്വർഗത്തിൽ ഒന്നിച്ചാണെന്നും അവരുടെ കുടുംബങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രവാചകൻ(സ) അവർക്ക് സന്തോഷവാർത്ത അറിയിച്ചു. എല്ലാ ശുഹദാക്കളുടെയും വീടുകളിൽ ഈ സുവാർത്ത എത്തിക്കാൻ അവിടുന്ന് നിർദ്ദേശിച്ചു. തുടർന്ന് നബിതിരുമേനി(സ) എല്ലാ ശുഹദാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ദുആ ചെയ്തു.
അഹ്‌മദി സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് ഹദ്റത്ത് മുസലിഹ് മൗഊദ് (റ) പറയുന്നു: “നബിതിരുമേനി(സ)യുടെ കാലത്ത് ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുന്നതിൽ പുരുഷ സഹാബത്തിനൊപ്പം മുൻനിരയിൽ തന്നെ സ്ത്രീകളും ഉണ്ടായിരുന്നു. ഇസ്‌ലാമിക ലോകം അവർ ചെയ്‌ത ത്യാഗങ്ങളിൽ അഭിമാനം കൊള്ളുന്നു. ഹദ്റത്ത് മസീഹ് മഊദ്(അ)ൽ വിശ്വസിച്ചിരിക്കുന്നു എന്നു അവകാശം ഉന്നയിക്കുന്നവരാകയാൽ, നിങ്ങൾ നബിതിരുമേനി(സ)യുടെ സഹാബിയകളുടെ പ്രതിബിംബമാണ്. എന്നിരുന്നാലും, സഹാബിയാകളില്‍ ഉണ്ടായിരുന്നതു പോലെയുള്ള അതേ അഭിനിവേശവും തീക്ഷ്ണതയും തേജസും തങ്ങളിലുമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അവരുടെ ത്യാഗങ്ങൾ സർവ്വശക്തനായ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആയതിനാൽ മറ്റു സമൂഹങ്ങൾക്ക് നൂറ്റാണ്ടുകളായി നേടിയെടുക്കാനാകാത്തത് ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ നേടിയെടുക്കുകയുണ്ടായി.”
ഇപ്പോൾ വിവരിച്ച സംഭവങ്ങൾ മുൻപ് പലപ്പോഴും പരാമർശിച്ചിട്ടുണ്ടെങ്കിലും ചില സമയങ്ങളിൽ അവ മറ്റൊരു കോണിലൂടെ വിശദീകരിക്കുമ്പോൾ ചിലരില്‍ ഒരു പ്രത്യേക ഈമാനിക അവസ്ഥയും ആവേശവും സൃഷ്ടിക്കുന്നതാണ്. അതിനാലാണ് നബിതിരുമേനി(സ)യുടെ കാലത്തെ സഹാബിയകളുടെ സംഭവങ്ങൾ വിവരിക്കുന്നതിനിടയിൽ ഹദ്റത്ത് മുസ്‌ലിഹ് മഊദ്(റ)നെ ഉദ്ധരിച്ചത്. അവിടുന്ന് പറയുന്നു: “നബിതിരുമേനി(സ)യുടെ വിയോഗവാർത്ത കേട്ട് മദീനയിലെ സ്ത്രീകൾ ഉഹുദ് യുദ്ധഭൂമിയിലേക്ക് ഓടിയെത്തി. വഴിയിൽ വച്ച് തന്നെ അവരിൽ ഭൂരിഭാഗവും നബിതിരുമേനി(സ) ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനായിരിക്കുന്നുവെന്നും അറിയുകയുണ്ടായി. എന്നാൽ ഒരു സ്ത്രീ- അവരുടെ ഭർത്താവും സഹോദരനും പിതാവും ശഹീദാക്കപ്പെട്ടിരുന്നു-മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. അവർ അവിടെ എത്തിയ ഉടൻ നബിതിരുമേനി(സ)യെ കുറിച്ച് അന്വേഷിച്ചു. അരുടെ കുടുംബാംഗങ്ങളുടെ ശഹാദത്തിനെ കുറിച്ചു അവരെ അറിയുക്കയുണ്ടായി. എന്നാൽ അവർ നബിതിരുമേനി(സ)യെ കുറിച്ച് മാത്രമാണ് അറിയാനാഗ്രഹിച്ചത്. നബിതിരുമേനി(സ) ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞയുടൻ അവർ അവിടുത്തെ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ടു പറഞ്ഞു : ‘അങ്ങ് ജീവിച്ചിരിപ്പുണ്ടെങ്കിൽ, മറ്റൊന്നും എനിക്ക് പ്രശ്നമല്ല.’ അവർക്ക് നബിതിരുമേനി(സ)യോടുണ്ടായിരുന്ന സ്നേഹം എത്രമാത്രമായിരുന്നുവെന്ന് നോക്കുക. അവരുടെ ഭർത്താവും പിതാവും സഹോദരനും എല്ലാവരും ശഹീദാക്കപ്പെട്ടിരുന്നു. എന്നിട്ടും അവർക്ക് അറിയേണ്ടിയിരുന്നത് നബിതിരുമേനി(സ)യെ കുറിച്ച് മാത്രമായിരുന്നു.”
തിരുനബിതിരുമേനി(സ) യുടെ ശഹാദത്തിനെ സംബന്ധിച്ച കിംവദന്തി മദീനയിലെത്തുന്നു
മദീന നിവാസികൾ കാണിച്ച ധീരതയെക്കുറിച്ച് ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറയുന്നു:
“ഉഹുദില്‍ നബിതിരുമേനി(സ) ചരമമടഞ്ഞുവെന്നും മുസ്‌ലിം സൈന്യം ചിന്നിച്ചിതറി പോയെന്നുമുള്ള ഒരു അപശ്രുതി സൈന്യത്തിലെ അവശേഷിച്ച വിഭാഗം മദീനയിൽ തിരിച്ചെത്തുന്നതിന് മുമ്പായിട്ട് തന്നെ അവിടെ പരന്നു കഴിഞ്ഞിരുന്നു. ഈ വാർത്ത കേട്ട് പരിഭ്രാന്തരായി മദീനയിലെ സ്ത്രീകളും കുട്ടികളുമെല്ലാം ഉഹുദിന്‍റെ ദിശയിലേക്ക് ഓടിപ്പോകാൻ തുടങ്ങി. അവരിൽ പലരും ഉഹുദിൽ നിന്ന്‍ മടങ്ങുന്ന സൈനീകരെ വഴിയിൽ കണ്ടുമുട്ടി യാഥാർത്ഥ്യം മനസ്സിലാക്കിയതോടെ മദീനയിലേക്ക് തന്നെ തിരിച്ചു പോയി.
ബനൂ ദീനാർ ഗോത്രത്തിലെ ഒരു സ്ത്രീ ഉഹുദിലോളം കിതച്ചെത്തി. ഈ സ്ത്രീക്ക് യുദ്ധത്തിൽ അവരുടെ ഭർത്താവിനെയും പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. ചില നിവേദങ്ങളനുസരിച്ച്, അവർക്ക് ഒരു മകനെയും നഷ്ടപ്പെട്ടിരുന്നു. മടങ്ങി വരികയായിരുന്ന ഒരു സൈനികൻ അവരെ കാണുകയുണ്ടായി. അവരുടെ പിതാവ് ശഹീദായി എന്ന് അവരെ അറിയിച്ചു. അവൾ മറുപടിയായി പറഞ്ഞു, ‘എന്‍റെ പിതാവിനെ സംബന്ധിച്ച് ഞാൻ ചിന്താകുലയല്ല; നബിതിരുമേനി(സ)യെ കുറിച്ച് പറയൂ.’ നബിതിരുമേനി(സ) ജീവിച്ചിരിപ്പുണ്ടെന്ന് ആ സഹാബിക്ക് അറിയാമായിരുന്നു, അതിനാൽ അദ്ദേഹം അവരുടെ ചോദ്യത്തിന് പെട്ടെന്ന് ഉത്തരം നൽകാതെ അവരുടെ സഹോദരനെയും ഭർത്താവിനെയും കുറിച്ച് അവരോട് പറയുകയുണ്ടായി. ഓരോ തവണയും അവർ അചഞ്ചലായി ഒരേ ചോദ്യം ഉന്നയിച്ചു, “അല്ലാഹുവിന്‍റെ പ്രവാചകൻ(സ) എന്ത് ചെയ്തു.?’
ഈ പദപ്രയോഗം അസാധാരണമായ ഒന്നായി തോന്നിയേക്കാം. എന്നാലിത് ഒരു സ്ത്രീയായിരുന്നു ഉപയോഗിച്ചതെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇതിൽ ഒരസധാണത്വവും തോന്നുകയില്ല. സ്ത്രീയുടെ വികാരവായ്പ് വളരെ തീക്ഷ്ണമായിരിക്കും. മരിച്ച ഒരാളെ ജീവനോടെയുള്ള ഒരാളോടെന്നപോലെ അവൾ പലപ്പോഴും അഭിസംബോധന ചെയ്യുന്നു. ആ വ്യക്തി വളരെയധികം അടുപ്പമുള്ള ആളാണെങ്കിൽ, അവൾ അവനോട് പരാതി പറയുകയും അവൻ അവളെ ഉപേക്ഷിച്ചിതെന്തേ എന്നും തന്നെ പരിഗണിക്കാതെയും സംരക്ഷിക്കാതെയും വിട്ടു പോയതെന്തേ എന്നുമെല്ലാം ചോദിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ സ്ത്രീകൾ ഇങ്ങനെ വിലപിക്കുന്നത് പതിവാണ്. അതിനാൽ, ഈ സ്ത്രീ ഉപയോഗിച്ച പദപ്രയോഗം, പ്രവാചക(സ)യുടെ മരണത്തിൽ ദുഃഖിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ തികച്ചും സ്വാഭാവികമാണ്. ഈ സ്ത്രീ നബിതിരുമേനി(സ)യെ സ്നേഹിച്ചിരുന്നു, അവിടുന്ന് മരണപ്പെട്ടുവെന്ന് കേട്ടിട്ടും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. അതേ അവസരത്തിൽ തന്നെ ആ വാർത്തയെ കളവാക്കി തള്ളാതെ ഒരു സ്ത്രീയുടെ സ്വാഭാവികമായ വികാര വായ്പ്പോടെ അല്ലാഹുവിന്‍റെ പ്രവാചകൻ എന്തേ ചെയ്തത് എന്നിങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ട് അവർ നബിതിരുമേനി(സ) ജീവിച്ചിരിപ്പുണ്ടെന്ന് ഭാവിക്കുകയും അവിടുത്തെപ്പോലുള്ള വിശ്വസ്തനായ ഒരു നേതാവ് തങ്ങൾക്ക് വേർപാടിന്‍റെ വേദന നല്കിയതെന്തേ എന്ന് പരാതിപ്പെടുകയും ചെയ്തു. മടങ്ങി വരികയായിരുന്ന സൈനികൻ ഈ സ്ത്രീ തന്‍റെ പിതാവിന്‍റെയും സഹോദരന്‍റെയും ഭർത്താവിന്‍റെയും മരണത്തെ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോൾ, പ്രവാചകനോടുള്ള അവളുടെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കിക്കൊണ്ട്, നബിതിരുമേനി(സ) നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ആ സ്ത്രീ ആ സഹാബിയോട് നബിതിരുമേനി(സ)യെ തനിക്ക് കാണിച്ചുതരാൻ ആവശ്യപ്പെട്ടു. അദേഹം മൈതാനത്തിന്‍റെ ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു. ആ സ്ത്രീ ആ ഭാഗത്തേക്ക് ഓടിച്ചെന്ന് നബിതിരുമേനി(സ)യുടെ അടുക്കൽ എത്തി. അദ്ദേഹത്തിന്‍റെ മേലങ്കി കൈയിൽ പിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, എന്‍റെ പിതാവും മാതാവും അങ്ങേക്ക് തെണ്ടമാകട്ടെ അവിടുന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ, മറ്റാരുടെയും മരണത്തെ ഞാൻ ഗണ്യമാക്കുന്നില്ല.’ ഈ സംഭവത്തില്‍ നിന്നും ഈ യുദ്ധത്തിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെയുള്ള മുസ്‌ലിംങ്ങൾ പ്രകടിപ്പിച്ച വിശ്വസ്തതയും കൂറും എത്തരത്തിലുള്ളതായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
ക്രിസ്ത്യൻ എഴുത്തുകാർ മഗ്ദലന മറിയത്തിന്‍റെയും അവരുടെ കൂട്ടുകാരുടെയും കഥ അഭിമാനപൂർവ്വം വിവരിക്കുകയും അവരുടെ ഭക്തിയും ധീരതയും നമ്മോട് പറയുകയും ചെയ്യുന്നു. വെളുപ്പിന് മുമ്പ് ശത്രുക്കളുടെ കണ്ണുവെട്ടിച്ച് അവർ യേശുവിന്‍റെ ഖബറിന് അരികിൽ എത്തിയതായി പറയപ്പെടുന്നു. എന്നാൽ ദീനാർ ഗോത്രത്തിൽ നിന്നുള്ള ഈ മുസ്‌ലിം സ്ത്രീരത്നത്തിന്‍റെ ഭക്തിയുടെയും സ്നേഹത്തിന്‍റെയും മുന്നിൽ അതെല്ലാം എത്ര തുച്ഛം.
ഒരു സംഭവം കൂടി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ടവരെ ഖബറടക്കിയ ശേഷം നബിതിരുമേനി(സ) മദീനയിലേക്ക് മടങ്ങുമ്പോൾ മദീനയിൽ നിന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും വരുന്നത് കാണുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഒട്ടകത്തിന്‍റെ കടിഞ്ഞാൺ മദീനയിലെ ഒരു നേതാവായ സഅദ് ബിൻ മുആദിന്‍റെ കൈവശമായിരുന്നു. ഹദ്റത്ത് സഅദ്(റ) ഒട്ടകത്തെ അഭിമാന പുരസ്സരം നയിച്ചു. പ്രവാചകൻ(സ)യെ സൗഖ്യത്തോടുകൂടി മദീനയിലേക്ക് തിരികെ നയിക്കുന്നതിൽ മുസ്‌ലിങ്ങൾ വിജയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ലോകത്തോട് പ്രഖ്യാപിക്കുന്നതായി തോന്നി. അവർ മുന്നോട്ട് പോകുമ്പോൾ, മടങ്ങിവരുന്ന മുസ്‌ലിം സംഘത്തെ കാണാൻ തന്‍റെ വൃദ്ധയായ മാതാവ് മുന്നോട്ട് വരുന്നതായി സഅദ്(റ) കണ്ടു. അവരുടെ കാഴ്ച മങ്ങി തുടങ്ങിയിരുന്നു. ഹദ്റത്ത് സഅദ്(റ) അവരെ തിരിച്ചറിഞ്ഞു, നബിതിരുമേനി(സ)യോടായി പറഞ്ഞു: ‘യാ റസൂലല്ലാഹ്(സ), ഇതാ എന്‍റെ മാതാവ്. ‘അവർ മുന്നോട്ട് വരട്ടെ’, നബി (സ) മറുപടി നൽകി. അവർ മുന്നോട്ട് വന്ന് വളരെ പ്രയാസപ്പെട്ട് നബിതിരുമേനി(സ)യുടെ മുഖം കാണാൻ ശ്രമിച്ചു. അവസാനം, അവർക്ക് അതിനു സാധിക്കുകയും അവർ വളരെയധികം സന്തോഷിക്കുകയും ചെയ്തു. നബിതിരുമേനി(സ) അവരോടായി പറഞ്ഞു, “ഉമ്മാ , നിങ്ങളുടെ മകന്‍റെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നു’. എന്നാൽ, ‘അങ്ങയെ ജീവനോടെ കണ്ടതിന് ശേഷം, എന്‍റെ എല്ലാ ദുരിതങ്ങളും ഞാൻ മറന്നിരിക്കുന്നു’ എന്ന് ഭക്തയായ ആ സ്ത്രീ മറുപടി നൽകി. അവർ ഉപയോഗിച്ച അറബി പദപ്രയോഗം ‘ഞാൻ എന്‍റെ നിർഭാഗ്യം വറുത്ത് വിഴുങ്ങി.’ എന്നാണ്. ഈ പദപ്രയോഗം എത്രമാത്രം ആഴത്തിലുള്ള വികാരത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കൂ. സാധാരണഗതിയിൽ, ദുഃഖം ഒരു മനുഷ്യനെ തിന്നുതീർക്കുന്നു. എന്നാലിതാ വാർദ്ധക്യത്തിൽ തനിക്ക് താങ്ങായി നിൽക്കേണ്ട മകനെ നഷ്ടപ്പെട്ട ഒരു പ്രായമായ സ്ത്രീ, അവരുടെ ദുഃഖം അവരെ തിന്നാൻ അനുവദിക്കുന്നതിനു പകരം, തന്‍റെ സങ്കടം അവർ സ്വയം വിഴുങ്ങിക്കളഞ്ഞുവെന്ന് പ്രഖ്യാപിക്കുന്നു. തന്‍റെ മകൻ നബിതിരുമേനി(സ)ക്ക് വേണ്ടി ശഹാദത്ത് വരിച്ചു എന്ന വസ്തുത അവരുടെ ശേഷിക്കുന്ന ദിവസങ്ങളിൽ അവർക്ക് ശക്തി പകരുന്നതായിരിക്കും.”[1]
ഉഹുദ് രക്തസാക്ഷികളുടെ ഖബറടക്കം
ഉഹുദിൽ ശഹീദായവരോടുള്ള നബിതിരുമേനി(സ)യുടെ സ്നേഹം വിവരിച്ചുകൊണ്ട് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്(റ) എഴുതുന്നു:
“അന്ന് ജനാസ നമസ്കരിച്ചിരുന്നില്ല എങ്കിലും, പിന്നീട്, തന്‍റെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, തിരുനബി(സ) പ്രത്യേകമായും ഉഹുദിലെ ശുഹദാക്കൾക്കുവേണ്ടി ജനാസ നമസ്‌കരിക്കുകയും അവർക്കായി വളരെ വേദനയോടെ പ്രാർത്ഥിക്കുകയും ചെയ്തു. നബിതിരുമേനി(സ) ഉഹുദിലെ ശുഹദാക്കളെ പ്രത്യേക സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുമായിരുന്നു.
ഒരിക്കൽ ഉഹുദ് ശുഹദാക്കളുടെ ഖബറിനടുക്കലൂടെ പോകാൻ ഇട വന്നപ്പോൾ നബിതിരുമേനി(സ) പറഞ്ഞു: ‘ഇവരുടെ വിശ്വാസത്തിന് ഞാൻ സാക്ഷ്യം വഹിക്കുന്നു.’ ഹദ്റത്ത് അബൂബക്കർ(റ) ചോദിച്ചു: ‘യാ റസൂലല്ലാഹ്! ഞങ്ങൾ അവരുടെ സഹോദരന്മാരല്ലേ. ഞങ്ങളും അവരെ പോലെ വിശ്വസിക്കുകയും അവരെപ്പോലെ അല്ലാഹുവിന്‍റെ മാർഗത്തിൽ ജിഹാദ് ചെയ്യുകയും ചെയ്യുന്നവരല്ലേ.?’ നബിതിരുമേനി(സ) പറഞ്ഞു: ‘അതെ, പക്ഷേ എനിക്ക് ശേഷം നിങ്ങൾ എന്തു ചെയ്യും എന്ന് എനിക്ക് എന്തറിയാം.’ അപ്പോൾ ഹദ്റത്ത് അബൂബക്കർ(റ) ഒരുപാട് കരയുകയുണ്ടായി. എന്നിട്ട് പറഞ്ഞു. ‘യാ റസൂലല്ലാഹ്! അങ്ങയുടെ വിയോഗത്തിനു ശേഷം ഞങ്ങൾക്ക് ജീവിക്കാൻ കഴിയുമോ.?’
സഹാബാക്കളും ഉഹുദിലെ ശുഹദാക്കളെ ആദരവോടെ ഓർക്കുകയും ഉഹുദിലെ ഓർമ്മകളെ ഒരു പരിശുദ്ധ കാര്യമെന്ന നിലയിൽ ഹൃദയങ്ങളിൽ സജീവമായി നിലനിർത്തുകയും ചെയ്തിരുന്നു. ഒരിക്കൽ , നബിതിരുമേനി(സ)യുടെ വഫാത്തിന് ശേഷം ഹദ്റത്ത് അബ്‌ദുറഹ്‌മാൻ ബിൻ ഔഫ്(റ)വിന് നോമ്പ് തുറക്കാൻ സുഭിക്ഷമായ ഭക്ഷണം കൊണ്ട് വരികയുണ്ടായി. പെട്ടെന്ന്‍ അദ്ദേഹത്തിന് ഉഹുദിലെ ശുഹദാക്കളെ കുറിച്ച് ഓര്‍മ്മ വന്നു. അവരുടെ മൃദദേഹങ്ങള്‍ക്ക് മേല്‍ പുതക്കാൻ മുസ്‌ലിംകളുടെ കൈവശം ഒന്നുമില്ലാതിരുന്നതിനാൽ പുല്ലുകൊണ്ട് ആ ദേഹങ്ങള്‍ മറക്കേണ്ടി വന്ന ഉഹുദിന്‍റെ കാലം അദ്ദേഹം ഓര്‍ത്തുപോയി.. അബ്‌ദുറഹ്‌മാൻ ബിൻ ഔഫ്(റ) ഈ ഓർമ്മയിൽ വല്ലാതെ അസ്വസ്ഥനാവുകയും കരയാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹം നോമ്പെടുത്തിരുന്നുവെങ്കിലും ഭക്ഷണം കഴിക്കാനാകാതെ എഴുന്നേറ്റ് പോവുകയുണ്ടായി.”[2]
ഉഹ്‌ദിലെ ശുഹദാക്കളെ ഓർക്കുമ്പോൾ അവരുമായി വീണ്ടും ഒന്നിക്കണമെന്ന് താൻ പലപ്പോഴും ആഗ്രഹിക്കാറുണ്ടെന്ന് തിരുനബി(സ) പറഞ്ഞ ഒരു ഹദീസ് ഖലീഫാ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി.
ഈ ശുഹദാക്കൾക്കുവേണ്ടിയാണ് സർവ്വശക്തനായ അല്ലാഹു താഴെ പറയുന്ന ഖുർആനിക വാക്യം ഇറക്കിയതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
“അല്ലാഹുവിന്‍റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ മരിച്ചവരാണെന്ന് നീ ഒരിക്കലും ധരിക്കരുത്. അല്ല, അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിപ്പുള്ളവരാണ്. അവർക്ക് ആത്മീയ ആഹാരം നൽകപ്പെടുകയും ചെയ്യുന്നു.”[3]
ഈ വചനം ഉഹുദിനെ സംബന്ധിച്ചതാണെങ്കിലും അല്ലെങ്കിലും, തീർച്ചയായും അവർക്ക് സ്വർഗത്തിൽ ഒരു ഉന്നതസ്ഥാനം നൽകപ്പെടുന്നതായിരിക്കും.
നബിതിരുമേനി(സ)യോടുള്ള സഹാബത്തിന്‍റെ സ്നേഹവും അല്ലാഹുവിന് അവരോടുള്ള സ്നേഹവും എടുത്തുകാണിച്ചുകൊണ്ട്, ഹദ്റത്ത് ഖലീഫത്തുൽ മസീഹ് നാലാമൻ(റ) സർവ്വശക്തനായ അല്ലാഹു ഹദ്റത്ത് അബ്‌ദുല്ലാഹ് ബിൻ അംറ്(റ)നെ സംബന്ധിച്ചു സംസാരിച്ച സംഭവത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി. സർവ്വശക്തനായ അല്ലാഹുവുമായി നബിതിരുമേനി(സ)ക്ക് എത്രത്തോളം ശക്തമായ ബന്ധം ഉണ്ടായിരുന്നുവെന്നാൽ, യുദ്ധസമയത്ത് പോലും അദ്ദേഹത്തിന് ദൈവിക വെളിപാട് ലഭിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഹദ്റത്ത് അബ്‌ദുല്ലാഹ് ബിൻ അംറ്(റ)ന് നബിതിരുമേനി(സ)യോടുണ്ടായിരുന്ന സ്നേഹം കണ്ടുകൊണ്ട് അദ്ദേഹം ശത്രുവിനെ അതിശക്തമായി അടിച്ചമർത്തുന്നതാണെന്ന് അറിയിക്കുകയു ണ്ടായി.
ഫല്സ്ത്തീനു വേണ്ടിയുള്ള പ്രാര്‍ത്ഥന
അങ്ങേയറ്റം മോശമായികൊണ്ടിരിക്കുന്ന സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിൽ പലസ്തീനുവേണ്ടി ദുആ ചെയ്യുന്നത് തുടരണമെന്ന് ഖലീഫാ തിരുമനസ്സ് (അബ) പറയുകയുണ്ടായി. ഇറാനെതിരെയും ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇത് യുദ്ധം വ്യാപിക്കാൻ ഇടയാക്കും. യെമനിൽ തടവിലായിരുന്ന ഭൂരിഭാഗം അഹ്‌മദികളും മോചിതരായതായി എന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത ലഭിച്ചിട്ടുണ്ട്. ജയിലിൽ ശേഷിക്കുന്നവർക്ക് വേണ്ടി, പ്രത്യേകിച്ച് താൻ മുമ്പ് സൂചിപ്പിച്ച സഹോദരിക്കു വേണ്ടിയും, ദുആ ചെയ്യണമെന്ന് അദ്ദേഹം പറയുകയുണ്ടായി. അവർക്ക് അവരുടെ മോചനത്തിനുള്ള മാർഗം അല്ലാഹു തുറന്നുനൽകുമാറാകട്ടെ
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് ഒരു ആമുഖം(ഇംഗ്ലീഷ്), പേജ് 145-146
[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2(ഇംഗ്ലീഷ്), പേജ് 347-348
[3] വിശുദ്ധ ഖുര്‍ആന്‍ 3:170
0 Comments