മെയ് 8, 2024
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 03 മെയ് 2024 ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. വസീം അഹ്മദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു: ഞാൻ ഹംറാഉൽ അസദ് യുദ്ധത്തെ കുറിച്ച് പരാമർശിച്ച് വരുകയായിരുന്നു. ഇതിനെ കുറിച്ച് ഹദ്റത്ത് മിർസാ ബശീർ അഹ്മദ്(റ) എഴുതുന്നു:
“മദീനയിലെ ആ രാത്രി വളരെ ഭയാനകരമായ ഒരു രാത്രിയായിരുന്നു, എന്തെന്നാല്‍ ഉഹുദ് യുദ്ധത്തിന് ശേഷം ഖുറൈശികൾ പ്രത്യക്ഷത്തിൽ മക്കയിലേക്ക് പോയെങ്കിലും അവർ പൊടുന്നനെ തിരികെ വന്ന് മദീനയെ ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നു. അതിനാൽ മദീനയിൽ പലയിടങ്ങളിലും, പ്രത്യേകമായി നബിതിരുമേനി(സ)യുടെ വീടിന് സഹാബാക്കൾ കാവൽ ഏർപ്പെടുത്തിയിരുന്നു. അടുത്ത ദിവസം പ്രഭാത നമസ്കാരത്തിന് മുൻപ് തന്നെ ഖുറൈശികൾ തിരികെ വന്ന് മദീനയെ ആക്രമിക്കാൻ സാധ്യതയുണ്ട് എന്ന അനുമാനം അസ്ഥാനത്തായിരുന്നില്ല എന്ന് തെളിഞ്ഞു. മദീനയിൽ നിന്ന് കുറച്ചു മൈൽ അകലെ ഖുറൈശികൾ തമ്പടിച്ചിരിക്കുകയാണെന്നും ഉഹുദ് യുദ്ധത്തിലെ ഈ വിജയത്തെ മുതലെടുത്ത് കൊണ്ട് എന്ത് കൊണ്ട് മദീനയെ ആക്രമിച്ചുകൂടാ എന്ന കാര്യത്തെ കുറിച്ച് മക്കാ നേതാക്കൾക്കിടയിൽ ചൂടുപിടിച്ച ചർച്ച നടക്കുകയാണെന്നുമുള്ള വിവരം പ്രഭാത നമസ്കാരത്തിന് മുൻപ് തന്നെ നബിതിരുമേനി(സ)ക്ക് ലഭിച്ചു. മക്കാ നേതാക്കൾ പരസ്പരം പഴി ചാരുന്നുണ്ടായിരുന്നു, നിങ്ങൾക്ക് മുഹമ്മദ്(സ)നെ കൊല്ലാൻ കഴിഞ്ഞില്ല, മുസ്ലിം സ്ത്രീകളെ അടിമകളാക്കാൻ കഴിഞ്ഞില്ല, അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. അവർക്ക് മേൽ മേൽക്കോയ്മ നേടിയതിന് ശേഷവും അവരെ പൂർണമായി നശിപ്പിക്കാതെ അവരെ പോകാൻ അനുവദിച്ച് വീണ്ടും ശക്തി വീണ്ടെടുക്കാൻ അവർക്ക് അവസരം നൽകുകയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. ഇനിയും വൈകിയിട്ടില്ല, നമുക്ക് മദീനയിലേക്ക് പോയി മുസ്ലിങ്ങളെ എല്ലാവരെയും വേരോടെ പിഴുതെറിയാം എന്നെല്ലാം ചിലർ പറയുന്നുണ്ടായിരുന്നു.
ഇതിന് മറുപടിയായി ചിലർ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: ഇപ്പോൾ നമുക്ക് വിജയം ലഭിച്ചിരിക്കുന്നു. ഇത് തന്നെ ഒരു ഭാഗ്യമായി കരുതി മക്കയിലേക്ക് തിരികെ പോകാം. അല്ലാത്തപക്ഷം ഇപ്പോൾ ലഭിച്ച സൗഭാഗ്യം നഷ്ടപ്പെടുകയും നമ്മുടെ വിജയം പരാജയമായി പരിണമിക്കുകയും ചെയ്യും. ഇപ്പോൾ നിങ്ങൾ മദീനയെ ആക്രമിക്കുകയാണെങ്കിൽ മുസ്ലിങ്ങൾ തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുന്നതാണ്. ഉഹുദിൽ പങ്കെടുക്കാത്തവരും നമുക്കെതിരിൽ യുദ്ധം ചെയ്യുന്നതായിരിക്കും.
അവസാനം മദീനയെ ആക്രമിക്കാൻ ആവേശം പൂണ്ടവരുടെ അഭിപ്രായം പ്രബലപ്പെടുകയും ഖുറൈശികൾ മദീനയെ ആക്രമിക്കാൻ തയ്യാറെടുക്കുകയും ചെയ്തു. നബിതിരുമേനി(സ)ക്ക് ഈ വിവരം ലഭിച്ചതും അദ്ദേഹം മുസ്ലിങ്ങളോട് ഉടനെ തന്നെ തയ്യാറാകാൻ കൽപിച്ചു. അതോടൊപ്പം ഉഹുദിൽ പങ്കെടുക്കാത്തവർ അല്ലാതെ മറ്റാരും ഈ യുദ്ധത്തിൽ പങ്കെടുക്കേണ്ടതില്ല എന്നും നിർദേശം നൽകി. ഉഹുദിൽ പങ്കെടുത്ത ഭൂരിപക്ഷം സഹാബികൾക്കും പരിക്കേറ്റിരുന്നു. അവർ തങ്ങളുടെ മുറിവുകൾ വെച്ച് കെട്ടി തങ്ങളുടെ യജമാനന്റെ കൂടെ പോകാൻ തയ്യാറായി. മുസ്ലിങ്ങൾ ഒരു വിജയിച്ച സൈന്യം പരാജയപ്പെട്ട സൈന്യത്തെ പിന്തുടരാൻ പോകുന്നത് പോലെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് പുറപ്പെട്ടത്. എട്ടു മൈലുകൾ യാത്ര ചെയ്തതിന് ശേഷം നബിതരുമേനി(സ)യും സംഘവും ഹംറാഉൽ അസദിൽ എത്തി. അവിടെ രണ്ട് മുസ്ലിങ്ങളുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഈ രണ്ടു പേരെയും നബിതിരുമേനി(സ) ഖുറൈശികളുടെ നീക്കങ്ങൾ അറിയാൻ വേണ്ടി അയച്ചതായിരുന്നു. അവസരം ലഭിച്ചതും ഖുറൈശികൾ അവരെ വധിച്ചു കളഞ്ഞു. നബിതിരുമേനി(സ) ഒരേ ഖബറിൽ രണ്ടുപേരെയും മറവു ചെയ്യാൻ നിർദേശിച്ചു. അപ്പോൾ പ്രദോഷമായി കഴിഞ്ഞിരുന്നു. നബിതിരുമേനി(സ) അവിടെ തന്നെ തമ്പടിച്ച് ആ സ്ഥലത്ത് പല ഇടങ്ങളിലായി തീ കത്തിക്കാൻ നിർദേശിച്ചു. അങ്ങനെ ഏകദേശം 500 തീകുണ്ഡങ്ങൾ ഹംറാഉൽ അസദ് മൈതാനത്ത് കത്തിക്കൊണ്ടിരുന്നു. ദൂരെ നിന്ന് നോക്കുന്ന ആരുടെയും കണ്ണുകളിൽ ഭീതി ജനിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ആ സമയത്ത് ഖുസാഅ ഗോത്രത്തിലെ നേതാവ് മഅ്ബദ് നബിതിരുമേനി(സ)യെ സന്ദർശിക്കാൻ വന്നു. ഉഹുദിൽ ശഹീദായവരെ കുറിച്ച് അയാൾ തന്റെ അനുശോചനം അറിയിച്ചു. അതിനടുത്ത ദിവസം അയാൾ റൗഹാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഖുറൈശി സൈന്യം തമ്പടിച്ചതായി കണ്ടു. മഅ്ബദ് അബൂസുഫിയാനെ കണ്ട് ഇപ്രകാരം പറഞ്ഞു.
‘നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്.? ഹംറാഉൽ അസദിൽ വെച്ച് മുസ്ലിം സൈന്യത്തെ കണ്ടിട്ടാണ് ഞാൻ വരുന്നത്. ഇത്രയും ഭീതിജനകമായ ഒരു സൈന്യത്തെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഉഹുദിലേറ്റ പരാജയത്തിന് പകരം ചോദിക്കാൻ അവർ ആവേശഭരിതരായി നിൽക്കുകയാണ്. അവരുടെ നോട്ടം കൊണ്ട് പോലും അവർ നിങ്ങളെ ദഹിപ്പിച്ച് ചാരമാക്കി കളയുന്നതാണ്.’
അബൂസുഫിയാനും സംഘവും മഅ്ബിദിന്റെ ഈ വിവരണം കേട്ട് ഭയന്ന് വിറക്കുകയും മദീനയെ കടന്നാക്രമിക്കാനുള്ള തങ്ങളുടെ തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. അവർ മക്കയിലേക്ക് അതിവേഗം തിരിച്ചു. ഖുറൈശി സൈന്യം മക്കയിലേക്ക് തിരികെ പോയെന്ന വിവരം ലഭിച്ചപ്പോൾ അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘അവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹുവാണ് ഭയം നിറച്ചത്.’
ഇതിന് ശേഷം നബിതിരുമേനി(സ) ഹംറാഉൽ അസദിൽ രണ്ടോ മൂന്നോ ദിവസങ്ങൾ കൂടി തങ്ങി. അങ്ങനെ അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം അദ്ദേഹം മദീനയിൽ തിരിച്ചെത്തി. ഈ യാത്രയിൽ രണ്ട് പേരെ തടവുകാരായി പിടിച്ചു. ഒരാൾ മുസ്ലിങ്ങളെ വഞ്ചിച്ചവനും രണ്ടാമത്തെയാൾ ഖുറൈശി ചാരനുമായിരുന്നു. യുദ്ധനിയമങ്ങൾ പ്രകാരം അവർ വധശിക്ഷക്ക് അർഹരായിരുന്നു. നബിതിരുമേനി(സ)യുടെ കൽപന പ്രകാരം അവർ രണ്ടുപേരും വധിക്കപ്പെട്ടു. ഇതിൽ ഒരാൾ അബു ഉസ്സ എന്ന മക്കയിലെ അറിയപ്പെടുന്ന ഒരു കവിയായിരുന്നു. ഇയാളെ ബദ്ർ ദിവസം തടവുകാരാനായി പിടിച്ചിരുന്നു. അന്ന് നബിതിരുമേനി(സ) ഇയാളിൽ നിന്ന് ഒരു മോചനദ്രവ്യവും വാങ്ങാതെ , ഇയാൾ മുസ്ലീങ്ങൾക്കെതിരിൽ ഇനിയൊരിക്കലും യുദ്ധം ചെയ്യില്ല എന്ന ഉറപ്പിന് മേൽ വിട്ടയക്കുകയായിരുന്നു. എന്നാൽ ഇയാൾ മുസ്ലിങ്ങളെ വഞ്ചിച്ച് മുസ്ലിങ്ങൾക്കെതിരിൽ യുദ്ധം ചെയ്തു എന്ന് മാത്രമല്ല തന്റെ കവിതകളിലൂടെ ശത്രുക്കളെ മുസ്ലീങ്ങൾക്കെതിരിൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരുവന്റെ വഞ്ചന മുസ്ലിങ്ങൾക്ക് അപായകരമാണ് എന്നതിനാൽ അയാൾ രണ്ടാം തവണയും തടവുകാരനായി പിടിക്കപ്പെട്ടപ്പോൾ അയാളെ വധിക്കാൻ നബിതിരുമേനി(സ) ഉത്തരവിട്ടു. അബു ഉസ്സ വീണ്ടും മാപ്പപേക്ഷിച്ച് കൊണ്ട് തന്റെ മോചനത്തിന് വേണ്ടി സംസാരിച്ചു. എന്നാൽ നബിതിരുമേനി(സ) ‘ഒരു വിശ്വാസിക്ക് ഒരേ മാളത്തിൽ നിന്ന് രണ്ടു തവണ കടിയേൽക്കില്ല’ എന്ന് പറഞ്ഞ് അയാളുടെ മാപ്പപേക്ഷ തള്ളി.
രണ്ടാമത്തെ തടവുകാരൻ മുആവിയ ബിൻ മുഗീറ ആയിരുന്നു. ഇയാൾ ഹദ്റത്ത് ഉസ്മാൻ ബിൻ അഫ്ഫാൻ(റ)ന്റെ ബന്ധു ആയിരുന്നെങ്കിലും ഇസ്ലാമിന്റെ കടുത്ത ശത്രുവായിരുന്നു. ഉഹുദ് യുദ്ധത്തിന് ശേഷം ഇയാൾ മദീനയുടെ സമീപ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. സഹാബാക്കൾ ഇയാളെ പിടിച്ച് നബിതിരുമേനി(സ) യുടെ സവിധത്തിൽ ഹാജരാക്കി. ഹദ്റത്ത് ഉസ്മാൻ(റ) അയാൾക്ക് വേണ്ടി ശിപാര്‍ശ ചെയ്യുകയും മൂന്ന് ദിവസത്തിനുള്ളിൽ മദീന വിട്ടു പൊയ്ക്കൊള്ളാം എന്ന നിബന്ധനയിൻ മേൽ അയാളെ വെറുതെ വിടുകയും ചെയ്തു. എന്നാൽ ഈ കാലാവധി കഴിഞ്ഞതിന് ശേഷവും അയാൾ രഹസ്യമായി മദീനയുടെ പ്രാന്തപ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നത് കാണാനിടയായി. അങ്ങനെ അയാളും വധിക്കപ്പെട്ടു.
ഇയാളുടെ ലക്ഷ്യമെന്തായിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെട്ടിട്ടില്ല. എന്നാൽ മദീനയിൽ രഹസ്യമായി കഴിയുകയും, താക്കീത് നൽകിയതിന് ശേഷവും അനുവദിക്കപ്പെട്ട ദിവസങ്ങൾ കഴിഞ്ഞും അയാൾ മദീനയിൽ തന്നെ കഴിഞ്ഞിരുന്നു എങ്കിൽ അയാൾക്ക് അപായകരമായ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാൻ. ഉഹുദിൽ നിന്ന് നബിതിരുമേനി(സ) സുരക്ഷിതനായി തിരിച്ചെത്തിയതിനാൽ അസൂയപൂണ്ട് മദീനയിലെ ജൂതൻമാരുടെയും ബഹുദൈവാരാധകരുടെയും സഹായത്തോടെ രഹസ്യമായി നബിതിരുമേനി(സ)യെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം. എന്തായിരുന്നാലും സർവ്വശക്തനായ ദൈവം നബിതിരുമേനി(സ)യെ സംരക്ഷിച്ചു. അയാളുടെ ഉദ്ദേശം ലക്ഷ്യം കണ്ടതുമില്ല.” [1]
ഉഹുദ് യുദ്ധത്തിന്റെ പരിണിത ഫലങ്ങൾ
ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബിനെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു:
“സ്ഥിരമായ പരിണാമങ്ങളുടെ അടിസ്ഥാനത്തില്‍ ഉഹുദ് യുദ്ധത്തിന് പ്രത്യേക പ്രാധാന്യമൊന്നും ഇല്ല. എന്നാൽ താത്കാലികമായി മുസ്ലിങ്ങൾക്ക് ചില ഘടകങ്ങളിൽ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ഏറ്റവുമാദ്യത്തെ കാര്യം എഴുപത് ആളുകൾ ശഹീദായി. അതിൽ കുറച്ചുപേർ പ്രമുഖ സഹാബികൾ ആയിരുന്നു. പരിക്കേറ്റവരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. രണ്ടാമത്തെ കാര്യം എന്തെന്നാൽ, ബദ്ർ യുദ്ധത്തിന് ശേഷം മുസ്ലിംങ്ങളോട് ഭയബഹുമാനത്തോടെ കഴിഞ്ഞിരുന്ന മദീനയിലെ ജൂതരും മുനാഫിഖുകളും ഉഹുദിന് ശേഷം മെല്ലെ തലയുയർത്താൻ തുടങ്ങി.
ഏറ്റവുമാദ്യത്തെ കാര്യം എഴുപത് ആളുകൾ ശഹീദായി. അതിൽ പലരും പ്രമുഖ സഹാബികൾ ആയിരുന്നു. പരിക്കേറ്റവരുടെ എണ്ണവും വളരെ കൂടുതലായിരുന്നു.
രണ്ടാമത്തെ കാര്യം എന്തെന്നാൽ, ബദ്ർ യുദ്ധത്തിന് ശേഷം മുസ്ലിങ്ങളോട് ഭയബഹുമാനത്തോടെ കഴിഞ്ഞിരുന്ന മദീനയിലെ ജൂതരും മുനാഫിഖുകളും ഉഹുദിന് ശേഷം മെല്ലെ തലയുയർത്താൻ തുടങ്ങി. അബ്ദുല്ലാഹ് ബിൻ ഉബയ്യും കൂട്ടാളികളും പ്രത്യക്ഷത്തിൽ തന്നെ പരിഹാസ ശരങ്ങൾ വര്‍ഷിക്കാൻ തുടങ്ങി.
മൂന്നാമത്തെ കാര്യം എന്തെന്നാൽ ഖുറൈശികൾ കൂടുതൽ ധൈര്യവാൻമാരായി. ഇപ്പോൾ തങ്ങൾ ബദ്റിന് മാത്രമാണ് പ്രതികാരം ചെയ്തിരിക്കുന്നത്. ഇനി ഭാവിയിൽ ശക്തി സംഭരിച്ച് വീണ്ടും യുദ്ധം ചെയ്താൽ മുസ്ലിങ്ങളെ എളുപ്പത്തിൽ കീഴടക്കാം എന്ന് അവർ കരുതാൻ തുടങ്ങി.
നാലാമത്തെ കാര്യം എന്തെന്നാൽ മക്കയിലെ മറ്റു ഗോത്രങ്ങൾ വീണ്ടും ധൈര്യത്തോടെ തലയുയർത്താൻ തുടങ്ങി.
ഉഹുദിൽ അവർക്ക് വിജയം ലഭിച്ചെങ്കിലും അത് ഒരിക്കലും ബദ്റിറിൽ ഏറ്റ പരാജയത്തിന്റെയും നഷ്ടത്തിന്റെയും കുറവ് നികത്തുന്നതല്ലായിരുന്നു. എന്തെന്നാൽ ഖുറൈശികളുടെ സാമൂഹിക ജീവിതത്തിന്റെ നട്ടെല്ലായിരുന്ന നേതാക്കൻമാരെല്ലാം ബദ്റിൽ നശിപ്പിക്കപ്പെട്ടു. വിശുദ്ധ ഖുർആൻ പറയുന്നത്, ആ നാട് തന്നെ അടിമേൽ മറിഞ്ഞു എന്നാണ്. ഇതെല്ലാം ഖുറൈശികളുടെ കാഴ്ചപ്പാടിൽ തീർത്തും പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തിന്റെ കൈകളാൽ ആണ് സംഭവിച്ചത്. ഉഹുദിൽ മുസ്ലിങ്ങൾക്ക് നഷ്ടം സഹിക്കേണ്ടി വന്നെങ്കിലും ബദ്ർ മൈതാനത്ത് ഖുറൈശികൾക്ക് സഹിക്കേണ്ടി വന്ന നഷ്ടത്തെ അപേക്ഷിച്ച് തീർത്തും നിസ്സാരവും താത്കാലികവുമായിരുന്നു. മാത്രമല്ല, ഇസ്ലാമിക സമൂഹത്തിന്റെ കേന്ദ്രബിന്ദുവും ഖുറൈശികളുടെ ശത്രുതയുടെ പ്രധാന ലക്ഷ്യവുമായിരുന്ന നബിതിരുമേനി(സ) ദൈവാനുഗ്രഹത്താൽ വധിക്കപെട്ടിട്ടില്ലായിരുന്നു. കൂടാതെ ഒന്നോ രണ്ടോ പ്രധാന സഹാബാക്കളൊഴികെ മറ്റെല്ലാവരും സുരക്ഷിതരായിരുന്നു. മുസ്ലിങ്ങൾക്കേറ്റ തോൽവി അവരെക്കാൾ എണ്ണത്തിലും ശക്തിയിലും ആയുധങ്ങളിലും പലമടങ്ങ് ശക്തിയുള്ള ഒരു സൈന്യത്തോടായിരുന്നു. അതിനാൽ ബദ്റിൽ നേടിയ ഉജ്ജ്വല വിജയത്തിന് മുന്നിൽ ഉഹുദിലെ പരാജയം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു. മറ്റൊരു കാഴ്ചപ്പാടിൽ ഈ പരാജയവും ഒരു വിജയം തന്നെയായിരുന്നു. തിരുനബി(സ)യുടെ ആഗ്രഹത്തിനും നിർദേശത്തിനും എതിരെ നീങ്ങുകയാണെങ്കിൽ അതൊരിക്കലും തന്നെ പ്രയോജനകരവും മംഗളകരവുമായിരിക്കില്ല എന്ന് സഹാബാക്കൾക്ക് പകൽ വെളിച്ചം പോലെ വ്യക്തമാവുകയുണ്ടായി. മദീനയിൽ നിന്ന് തന്നെ യുദ്ധം ചെയ്യാം എന്ന് നബിതിരുമേനി(സ) അഭിപ്രായപ്പെടുകയും തന്റെ അഭിപ്രായത്തെ പിന്താങ്ങുന്നതിന് വേണ്ടി അദ്ദേഹം തന്റെ ഒരു സ്വപ്നം ഈ അഭിപ്രായവുമായി ബന്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സഹാബാക്കൾ മദീനക്ക് പുറത്ത് പോയി യുദ്ധം ചെയ്യാം എന്ന് നിർബന്ധിച്ചു. നബിതിരുമേനി(സ) അവരിൽ ചിലരെ ഒരു മലയുടെ മുകളിൽ നിര്‍ത്തി. എന്ത് തന്നെ സംഭവിച്ചാലും അവിടെ നിന്നും മാറരുത് എന്ന് കൽപ്പിച്ചു. എന്നാൽ അവർ യുദ്ധമുതൽ ശേഖരിക്കാനായി മലയിൽ നിന്നും താഴെയിറങ്ങി. ഈ തെറ്റുകൾ ചെയ്തത് ഒരു ചെറിയ സംഘം ആളുകൾ ആണെങ്കിലും, മനുഷ്യ സമൂഹം ഒരു മാല പോലെ ഒന്നോടു മറ്റൊന്ന് ചേർന്നു നിൽക്കുന്നതായതിനാൽ, ഏതുപോലെ പ്രയോജനം എല്ലാവരും ഒരുമിച്ച് അനുഭവിക്കുന്നുവോ അതുപോലെ ഇതിന്റെ പരിണിതഫലവും എല്ലാവർക്കും അനുഭവിക്കേണ്ടി വന്നു. ഒരു തരത്തിൽ ഉഹുദിൽ മുസ്ലിങ്ങൾക്ക് പരാജയം രുചിക്കേണ്ടി വന്നെങ്കിലും മറ്റൊരു തരത്തിൽ ഇത് മുസ്ലിങ്ങൾക്ക് ഗുണകരമായ പാഠം ഉൾകൊള്ളുന്നതിനും സഹായകരമായി.”[2]
ഹംറാഉൽ അസദ് യുദ്ധത്തിന്റെ വിവരണം ഇവിടെ പൂർണമാകുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാര്‍ഥനകള്‍ക്ക് വേണ്ടിയുള്ള ആഹ്വാനം
തുടർന്ന് ഖലീഫാ തിരുമനസ്സ് ലോകത്തിന്റെ സാഹചര്യങ്ങളെ കണക്കിലെടുത്ത് ദുആ ചെയ്യാൻ ആഹ്വാനം ചെയ്തു. അദ്ദേഹം പറയുന്നു: ലോകത്തിന്റെ മോശമായ സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രാർത്ഥിക്കുക. അതുപോലെ പലസ്തീനിലെ മുസ്ലിങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക. ഇപ്പോൾ കുറച്ച് സമയത്തിന് വേണ്ടി വെടിനിർത്തൽ നടപ്പിലാക്കാൻ സാധ്യതയുണ്ട് എങ്കിലും ഫലസ്തീനികൾക്ക് മേലുള്ള അക്രമം ഇല്ലാതാകുകയില്ല. അല്ലാഹു ഫലസ്തീനികൾക്ക് ശക്തി നൽകുമാറാകട്ടെ. അവർ അല്ലാഹുവിലേക്ക് തിരിയുന്നവരാകട്ടെ.
ഈ സാഹചര്യങ്ങൾ ധിക്കാരികളുടെ അഹങ്കാരത്തെ തകർത്തിരിക്കുന്നു. അല്ലാഹു അവരുടെ അഹങ്കാരത്തെ അവസാനിപ്പിക്കാനുള്ള പ്രക്രിയ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. ഈ പ്രക്രിയ എപ്പോൾ അവസാനിക്കും എന്ന് അറിയില്ല. അല്ലാഹുവാണ് എല്ലാം അറിയുന്നവൻ. എന്തായാലും അവരുടെ അഹങ്കാരം തകർക്കപ്പെടും. അവർക്കുള്ളിൽ നിന്ന് തന്നെ അവക്കെതിരിലുള്ള ശബ്ദം ഉയരുന്നു. ഉദാഹരണത്തിന് യുഎസ്എ യിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ പ്രതിഷേധത്തെ അവർ താത്കാലികമായി അടിച്ചമർത്തിയെങ്കിലും വീണ്ടും ഈ പ്രതിഷേധം ഉയരുന്നതാണ.
ഖലീഫാ തിരുമനസ്സിന് വേണ്ടിയുള്ള പ്രാർത്ഥന
ഖലീഫാ തിരുമനസ്സ് അദ്ദേഹത്തിന് വേണ്ടിയും പ്രാർത്ഥനക്ക് വേണ്ടി അഭ്യർത്ഥിക്കുകയുണ്ടായി. കുറച്ച് കാലമായി അദ്ദേഹത്തിന് ഹൃദയവാൽവിന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ഡോക്ടർമാർ ചികിത്സ വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ തിരുമനസ്സ് അത് വൈകിപ്പിക്കുകയായിരുന്നു. ഇനി വൈകിപ്പിക്കാൻ നിർവാഹമില്ല എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അങ്ങനെ കുറച്ച് ദിവസം മുൻപ് വാൽവ് മാറ്റിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇത് വിജയകരമാവുകയും ചെയ്തു. ഡോക്ടർമാരുടെ ഉപദേശ പ്രകാരം ഖലീഫാ തിരുമനസ്സിന് കുറച്ച് ദിവസം പള്ളിയിൽ വരാനും കഴിഞ്ഞിരുന്നില്ല. വൈദ്യശാസ്ത്രപരമായ നടപടികൾ വിജയകരമായി പൂർത്തിയായിരിക്കുന്നു എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദൈവം എത്ര ആയുസ്സ് നൽകിയാലും അത്രയും കാലം ആരോഗ്യത്തോടെ സജീവമായി പ്രവർത്തിക്കാനുള്ള തൗഫീഖ് ലഭിക്കാനായി ദുആ ചെയ്യണമെന്ന് ഖലീഫാ തിരുമനസ്സ് അഭ്യർത്ഥിക്കുകയുണ്ടായി.
കുറിപ്പുകള്‍
[1]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 350-353
[2]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 353 -355
0 Comments