ബനൂ മുസ്തലിഖിലേക്കുള്ള സൈനിക നീക്കവും,  മുഹറത്തിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങളും

ബനൂ മുസ്തലിഖിന്‍റെ തലവൻ ഹാരിസ് ബിൻ അബീ ദർറാർ തന്‍റെ ജനങ്ങളെയും മറ്റ് അറബികളെയും നബി(സ)ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ അതിന് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു.

ബനൂ മുസ്തലിഖിലേക്കുള്ള സൈനിക നീക്കവും,  മുഹറത്തിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങളും

ബനൂ മുസ്തലിഖിന്‍റെ തലവൻ ഹാരിസ് ബിൻ അബീ ദർറാർ തന്‍റെ ജനങ്ങളെയും മറ്റ് അറബികളെയും നബി(സ)ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ അതിന് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു.

ജൂലൈ 19, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 12 ജൂലൈ 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ് ശാഹിദ്

മുറൈസി സൈനിക നീക്കം എന്നറിയപ്പെടുന്ന ബനൂ മുസ്തലിഖിലേക്കുള്ള സൈനിക നീക്കത്തെ കുറിച്ച്‌ ഇന്ന് പരാമർശിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു:

ഖലീഫാ തിരുമനസ്സ് പറയുന്നു, ഈ സൈനിക നീക്കം എപ്പോഴാണ് നടന്നതെന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഹിജ്റ 6ൽ ശഅ്ബാനിൽ നടന്നതായി ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റുചിലർ ഹിജ്റ 5ൽ നടന്നതായി പറയുന്നു. സഹീഹുൽ ബുഖാരിയിൽ ഹിജ്റ 4ലാണ്  നടന്നതെന്ന് പരാമർശിക്കുന്ന ഒരു വിവരണം ഉണ്ട്. ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇത് തെറ്റായി എഴുതിയതാണെന്നും ഹിജ്റ 5 എന്നാണ് പറയാൻ ഉദ്ദേശിച്ചതെന്നും പറയപ്പെടുന്നു. ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ്(റ)ന്‍റെ ഗവേഷണ പ്രകാരം ഹിജ്റ 5ലാണ് ഈ സൈനികനീക്കം നടന്നത്.

ഖുസഅ ഗോത്രത്തിലെ മുസ്തലിഖ് ശാഖയുമായി ബന്ധപ്പെട്ട് നടന്ന സംഭവമായത് കൊണ്ടാണ്  ഈ നീക്കം ബനൂ മുസ്തലിഖിന്‍റെ സൈനികനീക്കം എന്ന് അറിയപ്പെടുന്നത്. ഈ ഗോത്രം താമസിച്ചിരുന്നത് മുറൈസി എന്നൊരു കിണറ്റിനരികിലാണ്. അതുകൊണ്ടാണ് ഇത് മുറൈസി സൈനിക നീക്കം എന്നും അറിയപ്പെടുന്നത്. മദീനയിൽ നിന്ന് 116 മൈൽ അകലെയായിരുന്നു ഇവരുടെ വാസസ്ഥലം.

ബനൂ മുസ്തലിഖ് ഗോത്രത്തിന്‍റെ ധിക്കാരം

ബനൂ മുസ്തലിഖ് ഖുറൈശികളുടെ സഖ്യകക്ഷികളായിരുന്നു. ഖുറൈശികളുമായി ഐക്യപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നതാണെന്ന് അവർ പ്രതിജ്ഞയെടുത്തിരുന്നു. അങ്ങനെയാണ് ഉഹ്ദ് യുദ്ധത്തിൽ ബനൂ മുസ്തലിഖ് ഗോത്രം  ഖുറൈശികളോടൊപ്പം യുദ്ധം ചെയ്തത്. ബനൂ മുസ്തലിഖ് ഇസ്‌ലാമിനെ അതിരു കടന്ന നിലയിൽ എതിർക്കാൻ തുടങ്ങിയിരുന്നു എന്നതാണ് ഈ സൈനിക നീക്കത്തിന്‍റെ ഒരു കാരണം. കൂടാതെ, മക്കയിൽ നിന്നുള്ള പ്രധാന പാതയിൽ ബനൂ മുസ്തലിഖിന് നിയന്ത്രണമുണ്ടായിരുന്നു, അതിനാൽ അവർ മുസ്‌ലിങ്ങൾക്ക് ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നതിനും കാരണമായി. മൂന്നാമതായി, ബനൂ മുസ്തലിഖിന്‍റെ തലവൻ ഹാരിസ് ബിൻ അബീ ദർറാർ തന്‍റെ ജനങ്ങളെയും മറ്റ് അറബികളെയും നബി(സ)ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ അതിന് വേണ്ടി ഒരുക്കുകയും ചെയ്തു. ഒരു സൈന്യത്തെ സംഘടിപ്പിക്കാനും തുടങ്ങി.

ഹദ്‌റത്ത് ബുറൈദ ബിൻ ഹസീബ്(റ) വിവരങ്ങൾ ശേഖരിക്കുന്നു

ബനൂ മുസ്തലിഖ് എന്താണ് ചെയ്യുന്നതെന്ന് കൂടുതൽ അറിയാൻ തിരുനബി(സ) ബുറൈദ എന്ന തന്‍റെ ഒരു അനുചരനെ അയച്ചു. അവിടെയെത്തിയ ബുറൈദ(റ) വഞ്ചകരായ ഒരു ജനതയെ കണ്ടെത്തി. അവർ അവരുടെ ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവരെയും കൂട്ടിയിട്ടുണ്ടായിരുന്നു. ഹദ്‌റത്ത് ബുറൈദ(റ) മടങ്ങിയെത്തി താൻ കണ്ട കാര്യം തിരുനബി(സ)യെ അറിയിച്ചു. ബനൂ മുസ്തലിഖിന്‍റെ നീക്കങ്ങളെ കുറിച്ച് അറിയിച്ചതിന് ശേഷം നബി(സ) മുസ്‌ലിം സൈന്യത്തെ ഒരുമിച്ചുകൂട്ടി. 700 പേരടങ്ങുന്ന മുസ്‌ലിം സൈന്യമാണ് ബനൂ മുസ്തലിഖിലേക്ക് പുറപ്പെട്ടത്. പ്രവാചകന്‍റെ രണ്ട് കുതിരകളടക്കം മുസ്‌ലിങ്ങൾക്ക് ആകെ 30 കുതിരകളുണ്ടായിരുന്നു. പ്രവാചകനോടൊപ്പം നിരവധി കപടവിശ്വാസികളും പുറപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവർ അങ്ങനെ ചെയ്തത് ജിഹാദിൽ പങ്കെടുക്കാനുള്ള അവരുടെ ആഗ്രഹം കൊണ്ടല്ല, മറിച്ച് യുദ്ധമുതലുകൾ കിട്ടുമെന്ന വിശ്വാസത്തിലാണ്.

ഈ സംഭവത്തെ കുറിച്ച് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌ സാഹിബ്(റ) എഴുതുന്നു:

“തിരുനബി(സ) അബൂദർ ഗഫാരി(റ)യെ മദീനയിലെ നേതാവായി നിയമിച്ചു കൊണ്ട് അഥവാ വിവിധ വിവരണങ്ങളുടെ വെളിച്ചത്തിൽ മദീനയിലെ അമീറായി സൈദ് ബിൻ ഹാരിസയെ(റ) നിയമിച്ചു കൊണ്ട് ഹിജ്റ 5-ന് ശഅബാനിൽ, മദീനയിൽ നിന്ന് അല്ലാഹുവിന്‍റെ നാമത്തിൽ പുറപ്പെട്ടു.

“സൈന്യത്തിൽ മുപ്പത് കുതിരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, ഒട്ടകങ്ങൾ കുറച്ചുകൂടി കൂടുതലായിരുന്നു. മുസ്‌ലിങ്ങൾ ഈ കുതിരകളിലും ഒട്ടകങ്ങളിലും ഊഴമനുസരിച്ച്‌ യാത്ര ചെയ്തു. ഈ യാത്രയ്ക്കിടയിൽ, മുസ്‌ലിങ്ങൾ അവിശ്വാസികളുടെ ഒരു ചാരനെ കണ്ടെത്തി. അവനെ അവര്‍ തടവിലാക്കി തിരുനബി(സ)യുടെ മുന്നിൽ ഹാജരാക്കി. ചോദ്യം ചെയ്യലില്‍ അയാള്‍ യഥാർഥത്തിൽ ഒരു ചാരനാണെന്ന് ഉറപ്പായപ്പോൾ, പ്രവാചകന്‍(സ) അവനില്‍ നിന്ന് അവിശ്വാസികളെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ശ്രമിച്ചു. പക്ഷേ അയാൾ പറയാൻ തയ്യാറായില്ല. കൂടാതെ, അയാളുടെ സ്ഥിതി സംശയാസ്പദമായതിനാൽ, യുദ്ധത്തിന്‍റെ പതിവ് നിയമമനുസരിച്ച് ഹദ്‌റത്ത് ഉമർ(റ) അയാളെ വധിക്കുകയുണ്ടായി.

“ഇതിനുശേഷം മുസ്‌ലിം സൈന്യം മുന്നേറ്റം തുടർന്നു. മുസ്‌ലിങ്ങളുടെ  ആഗമനത്തെക്കുറിച്ച് അറിയുകയും അവരുടെ ചാരൻ കൊല്ലപ്പെട്ടുവെന്ന വാർത്ത കേൾക്കുകയും ചെയ്തപ്പോൾ, ബനൂ മുസ്തലിഖ് വളരെയധികം ഭയപ്പെട്ടു. മദീനയെ എങ്ങനെയെങ്കിലും അപ്രതീക്ഷിതമായി ആക്രമിക്കുക എന്നതായിരുന്നു അവരുടെ യഥാർത്ഥ ഉദ്ദേശം. എന്നാൽ എല്ലാം തകിടം മറിഞ്ഞു. അവർ അത്യധികം വിസ്മയഭരിതരായി, അവരെ പിന്തുണയ്‌ക്കാൻ വന്ന മറ്റ് ഗോത്രങ്ങൾ ദൈവത്തിന്‍റെ ശക്തി കണ്ട് വളരെ ഭയപ്പെട്ടു.  അവർ ഉടൻ തന്നെ അവരെ ഉപേക്ഷിച്ച് തങ്ങളുടെ വീടുകളിലേക്ക് മടങ്ങി.

“എന്നാൽ ബനൂ മുസ്തലിഖുകാരെ ഖുറൈശികൾ മുസ്‌ലിം ശത്രുതയുടെ ലഹരിയിൽ മത്തു പിടിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ അവർ അപ്പോഴും യുദ്ധത്തിൽ നിന്ന് പിന്മാറിയില്ല. മുസ്‌ലിം സൈന്യത്തോട് പൂർണ ശക്തിയോടെ പോരാടുന്നതിൽ അവര്‍ ഉറച്ചുനിന്നു.”[1]

തിരുനബി(സ) മുറൈസീയിൽ എത്തിയതിന് ശേഷം അവിടെ താവളമടിക്കാൻ കല്പന നല്കി. അതിന് ശേഷം അദ്ദേഹം അണികളെ ക്രമീകരിക്കുകയും പതാക വിതരണം ചെയ്യുകയും ചെയ്തു. പിന്നീട്, പ്രവാചകന്‍(സ) ഹദ്‌റത്ത് ഉമർ(റ)യോട് എതിർ സൈന്യത്തിന് മുന്നിൽ ആരാധനക്കർഹൻ അല്ലാഹു അല്ലാതെ  മറ്റാരുമില്ലെന്നും, അവനിലൂടെ സ്വന്തം ജീവനും സമ്പത്തും സംരക്ഷിച്ചു കൊള്ളുക എന്നും വിളംബരപ്പെടുത്താൻ ഉത്തരവിട്ടു.

തിരുനബി(സ) ഹദ്‌റത്ത് ഉമറിന് ബനൂ മുസ്തലിഖുകാരുടെ മുമ്പാകെ ഇസ്‌ലാം വിരോധത്തിൽ നിന്ന് പിന്മാറുകയും നബി(സ)യുടെ ഭരണത്തെ അംഗീകരിക്കുകയും ചെയ്യുകയാണെങ്കിൽ സംരക്ഷണം നല്കപ്പെടുന്നതാണെന്ന് വിളമ്പരപ്പെടുത്താൻ കല്പന നല്കി. പക്ഷെ അവർ അതിനെ ശക്തമായി എതിർക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്തു. അങ്ങനെ ആദ്യത്തെ അമ്പ് തൊടുത്തുവിട്ടത് ബനൂ മുസ്തലിഖിൽ പെട്ട ഒരാളാണെന്ന് രേഖപ്പെട്ടിരിക്കുന്നു. ഈ അവസ്‌ഥ കണ്ടപ്പോൾ നബി(സ) തന്റെ അനുചരൻമാരോടും യുദ്ധം ചെയ്യാൻ കല്പന നല്കി.

മുഹറമിലെ വേദനാജനകമായ സംഭവത്തിൽ നിന്ന് മുസ്‌ലിം ലോകത്തിന് എങ്ങനെ പാഠമുൾക്കൊള്ളാം

മുഹറം മാസത്തിലൂടെ കടന്നുപോകുന്ന ഈ സന്ദർഭത്തിൽ പ്രാർഥനകളിലേക്ക് പ്രത്യേക ശ്രദ്ധ ക്ഷണിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ക്രൂരതയും അനീതിയും അതിന്‍റെ അതിരുകളിലെത്തിയ വേദനാജനകമായ ഒരു സംഭവത്തെയാണ് മുഹറം മാസം നമ്മെ ഓർമ്മിപ്പിക്കുന്നത്. തിരുനബി(സ)യുടെ പേരക്കുട്ടികളും കുടുംബത്തിലെ മറ്റ് അംഗങ്ങളും രക്തസാക്ഷികളായി. എന്നാൽ ഇതിൽ നിന്നും പാഠം ഉൾക്കൊള്ളുന്നതിന് പകരം മുസ്‌ലിങ്ങൾ അനീതികൾ തുടർന്നു കൊണ്ടിരിക്കുകയാണ്. ജീവഹാനിയിൽ കലാശിക്കുന്ന ഭീകരാക്രമണങ്ങളുടെ സംഭവങ്ങൾ വർദ്ധിക്കുന്നു. കൂടാതെ, വിഭാഗീയതയും വ്യക്തിപരമായ നേട്ടങ്ങൾക്കായുള്ള ആഗ്രഹവും മുസ്‌ലിം ലോകത്ത് വലിയ കലഹങ്ങൾക്ക് കാരണമാവുകയും പരസ്പര ക്രൂരതയുടെ സംഭവങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. മുസ്‌ലിംകൾ പഠിക്കുകയോ ദൈവത്തെ ഭയപ്പെടുകയോ ചെയ്യുന്നില്ല. കൂടാതെ, ഈ ക്രമക്കേട് അവസാനിപ്പിക്കാൻ ദൈവം അയച്ച മാർഗങ്ങളെ അവർ ശ്രദ്ധിക്കുന്നില്ല. മുസ്‌ലിം ലോകത്തെ ഏകീകരിക്കാനുള്ള ഏക മാര്‍ഗമായും, മുസ്‌ലിങ്ങൾക്കിടയിൽ സ്ഥാപിതമായ ക്രമക്കേട് അവസാനിപ്പിക്കാനും വേണ്ടി വന്ന വാഗ്ദത്ത മസീഹിനെ സ്വീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്തായാലും, ഈ ദിവസങ്ങളിൽ, അഹ്‌മദികൾ തിരുനബി(സ)ക്ക് മേൽ സലാം (അനുഗ്രഹാശിസ്സുകൾക്ക് വേണ്ടിയുള്ള പ്രാര്‍ഥന) ചെയ്യുവാനും, മുസ്‌ലിം ലോകത്തിന്റെ ഐക്യത്തിനായി പ്രാർഥിക്കുവാനും കൂടുതൽ ശ്രദ്ധ ചെലുത്തണം. നമ്മുടെ സ്വന്തം അവസ്ഥകൾ മെച്ചപ്പെടുത്താനും ദൈവവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാനും നാം ശ്രമിക്കണം. അല്ലാഹു എല്ലാവരെയും അതിന് പ്രാപ്തരാക്കട്ടെ.

അനുസ്മരണം

ഖുത്ബയുടെ അവസാനത്തിൽ ഖലീഫാ തിരുമനസ്സ് ബോന്‍ജാ മഹ്‌മൂദ്‌, റാഷിദ് അഹ്‌മദ്‌, ചൗധരി മതീഉർ റഹ്‌മാൻ, മൻസൂർ ബീഗം, മാസ്റ്റർ സാദത്ത് അഹ്‌മദ് അഷ്റഫ് എന്നിവരെ അനുസ്മരിക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും, അവരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്കുകയും ചെയ്തു.

കുറിപ്പുകള്‍

[1] സീറത്ത്‌ ഖാതമുന്നബിയ്യീൻ വാള്യം. 2, പേജ്. 426-427

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed